Saturday, September 29, 2018

പൂജ്യം




ഉള്ളൂര്‍ സ്മാരക നോവല്‍ അവാര്‍ഡ് നേടിയ രവിവര്‍മ തമ്പുരാന്റെ പൂജ്യം എന്ന നോവലിനെപ്പറ്റി മിനി വിനീത് എഴുതിയ ഞായറാഴ്ച മംഗളത്തില്‍ വന്ന നിരൂപണം പങ്കു വെയ്ക്കുന്നു.

===============================================

ഹ്യദയമാപിനി



'Tear down this wall' 1987 ജൂണ്‍ 12ന് ബര്‍ലിനിലെ ബ്രാന്‍ഡ് ബര്‍ഗ് ഗേറ്റിനു സമീപത്തെ ബാല്‍ക്കണിയില്‍ നിന്നും ഇടിമുഴക്കം പോലെയുള്ള ഈ വാക്കുകള്‍ ലോകം ശ്രവിക്കുമ്പോള്‍ റൊണാള്‍ഡ് റീഗന്റെ ചൂണ്ടുവിരല്‍ ജര്‍മനിയുടെ ഹൃദയത്തിന് കുറുകെ നിര്‍മിച്ചിരുന്ന കന്മതിലിന് നേരെ ഉയര്‍ന്നിരുന്നു 1961 ശീതയുദ്ധകാലത്ത് ജര്‍മ്മനിക്കും ബെര്‍ലി നും ഇടയില്‍ ഉയര്‍ന്ന ആ വന്‍മതില്‍ തകര്‍ന്നു വീഴുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത് മതിലുകള്‍ (The walls). മനുഷ്യ ചരിത്രത്തോളം പഴക്കമുള്ള നിര്‍മ്മിതി എന്ന് പറയാനാവില്ലെങ്കിലും ഏറെ പുരാതനത അവകാശപ്പെടാവുന്ന മനുഷ്യ സൃഷ്ടിയാണ് മതിലുകള്‍. മെസപ്പെട്ടോമിയന്‍ കാലഘട്ടത്തില്‍ മതിലുകള്‍ നിലനിന്നിരുന്നതായി ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു ചൈനീസ് ഗ്രീക്കു ചരിത്രകാരന്മാരുടെ ഗ്രന്ഥങ്ങളിലും ഹോമറിന്റെരചനകളിലും മനുഷ്യനിര്‍മിത മതിലുകളെ കുറിച്ച് പരാമര്‍ശമുണ്ട് .തെക്കുകിഴക്കന്‍ ടര്‍ക്കിയിലെ 11500 വര്‍ഷം പഴക്കമുള്ളമതില്‍, ആകാശത്തു നിന്നുപോലും ഗോചരമായ ചൈനയിലെ വന്മതില്‍, ബര്‍ലിന്‍ മതില്‍ എന്നിവയാണ് പ്രസിദ്ധങ്ങളായ മതിലുകള്‍. തടി, സിമന്റ്, കല്ല്, മണ്ണ്, ഇരുമ്പ് കാലഘട്ടത്തില്‍നിന്നു മതില്‍ നിര്‍മിതി റഡാര്‍ സംവിധാനത്തില്‍ എത്തി നില്‍ക്കുന്നു.



രാജ്യങ്ങള്‍ക്കും പ്രവിശ്യകള്‍ക്കും ഗ്രാമങ്ങള്‍ക്കും വീടുകള്‍ക്കും ഇടയില്‍ മതിലുകള്‍ അപൂര്‍വ്വ കാഴ്ചയല്ല. മനുഷ്യനേത്രങ്ങള്‍ക്ക് അപ്രാപ്യമായ ചില മതിലുകള്‍ മനുഷ്യന്‍ തന്നെ നിര്‍മിച്ചെടുക്കുന്നുണ്ട്പ്രണയിക്കുന്നവര്‍, ഭാര്യാഭര്‍ത്താ.ക്കന്മാര്‍, അയല്‍ക്കാര്‍,സുഹൃത്തുക്കള്‍ സഹപാഠികള്‍ അങ്ങനെ എല്ലാവരുടേയും ഇടയില്‍അദൃശ്യങ്ങളായ മതിലുകള്‍നിലനില്‍ക്കുന്നു എന്നത് പരമമായ സത്യമാണ് മനുഷ്യരെ തമ്മില്‍ വേര്‍തിരിക്കുന്ന ഏറ്റവും ശക്തമായ മതിലാണ് മതം. നമ്മുടെ മനസുകള്‍ക്കിടയില്‍ നാം തന്നെ നിര്‍മിച്ചെടുക്കുന്ന മതിലുകള്‍ നാമറിയാതെ നമ്മെ തടവിലിടുകയും അഗാധമായ ഹൃദയനൊമ്പരങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്ന കാഴ്ച രവിവര്‍മ്മ തമ്പുരാന്റ്റെ 'പൂജ്യം' എന്ന നോവലില്‍ വളരെ ഹൃദയാഭേദകമായി ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു.ഏറെ പരിചിതമായ ഒരു പ്രമേയത്തെ അസാമാന്യ മെയ് വഴക്കത്തോടെ അങ്ങേയറ്റം ഹൃദ്യവും അസാധാരണവുമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്ന കൃതിയാണ് 'പൂജ്യം'.



ഹൃദയ നഗരി എന്ന സ്വപ്നം:



അക്രൂരന്‍, കൊരിന്ത്യന്‍, മുഹമ്മദ്, പിംഗളന്‍,സനാതനന്‍ എന്നീ അഞ്ചു സുഹൃത്തുക്കളാണ് പൂജ്യത്തിലെ മുഖ്യകഥാപാത്രങ്ങള്‍ കുടുംബവും കുട്ടികളുമൊക്കെയായി സൈ്വര്യജീവിതം നയിക്കുന്ന ഈ ആത്മസുഹൃത്തുക്കള്‍ ഇടയ്ക്കുള്ള ഒത്തുകൂടലിലൂടെയും യാത്രകളിലൂടെയും അവരുടെ ബന്ധങ്ങളെ ദൃഢമാക്കി കഴിഞ്ഞിരുന്നു. ഈ ഇഴയടുപ്പം കുടുംബങ്ങളിലേക്കും പകര്‍ന്നതോടെ തങ്ങള്‍ക്കു താമസിക്കാന്‍ അടുത്തടുത്ത വീടുകള്‍ എന്ന ആഗ്രഹം അവരില്‍ ഉടലെടുക്കുകയും പഞ്ചഭൂത പ്രണയികള്‍ ആയ വീടുകള്‍ നിര്‍മിക്കാന്‍ അവര്‍ തീരുമാനിക്കുകയും ചെയ്യുന്നു. പ്രകൃതിയോട് ഇണങ്ങിനില്‍ക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവില്‍ തേയില കാടുകളുടെ നടുവില്‍ ഹൃദയാകൃതിയിലുള്ള സ്ഥലം കണ്ടെത്തുകയും ചെയ്യുന്നു



നില്‍ക്കുന്ന മണ്ണിനോടും അവിടത്തെ പ്രകൃതിയോടും മറ്റു ജീവജാലങ്ങളോടും നീതി പുലര്‍ത്തുന്ന വീട് എന്ന സുഹൃത്തുക്കളുടെ സങ്കല്‍പം സാക്ഷാത്കാരത്തിനായുള്ള അന്വേഷണം അവരെ പുരന്ദരന്‍ എന്ന ആര്‍ക്കിടെക്റ്റില്‍ കൊണ്ടെത്തിക്കുന്നു. ലോകത്തു മതിലുകള്‍ എന്തിന് എന്ന വിഷയത്തെക്കുറിച്ച് ഗവേഷണം നടത്തി ഒരു പഠനഗ്രന്ഥമോ നോവലോ പ്രസിദ്ധീകരിക്കണം എന്ന ആഗ്രഹവുമായി നടക്കുന്ന സ്ഥിതപ്രജ്ഞനായ ഒരു യോഗിവര്യനു സമനാണ് പുരന്ദരന്‍. മതിലുകളില്ലാത്ത ഭവനങ്ങള്‍ എന്ന പദ്ധതി സംബന്ധമായി യുനെസ്‌കോയ്ക്ക് അന്തിമറിപ്പോര്‍ട്ട് നല്‍കാന്‍ കാത്തിരിക്കുന്ന പുരന്ദരന് ആദിപിതാക്കളുടെ ക്ഷണം ഒരു അനുഗ്രഹമായി തോന്നി. അഞ്ചുപേരും ഒരുമിച്ച് പുരന്ദരന്‍ നിശ്ചിത സ്ഥലത്ത് എത്തുകയും അവിടെവച്ച് എസ്റ്റേറ്റ് മാനേജരായ യശയ്യാവിനെ കണ്ടുമുട്ടുകയും ചെയ്യുന്നു. തങ്ങളുടെ ആശയത്തിനു പിന്‍ബലമേകാന്‍ തദ്ദേശ പ്രമാണിയായ യശയ്യാവിനെ അവര്‍ കൂടെ കൂട്ടുന്നു കൂടുതല്‍ പേരെ തങ്ങളുടെ ആശയങ്ങളിലേക്ക് ആകര്‍ഷിക്കണമെന്ന ഉദ്ദേശത്തോടെ ബബ്ബര്‍, രാംചന്ദ്, ടോജി എന്നീ സുഹൃത്തുക്കളെയും ചേര്‍ത്ത് മതിലുകളില്ലാത്ത വീടുകളുടെ നിര്‍മാണം ആരംഭിക്കുന്നു.

അപ്രതീക്ഷിതമായി ഹൃദയനഗരിക്ക് മേല്‍ അസ്വാരസ്യങ്ങളുടെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടുന്നു. ഹൃദയനഗരിയിലെ ആളുകളുടെ മനസില്‍ വലിയ മതില്‍ കെട്ടുകള്‍ ഉയരുന്നു. ഹൃദയനഗരിയിലെ ചിലര്‍ വീടുകള്‍ക്ക് ചുറ്റുമതിലുകള്‍ നിര്‍മിക്കുകയും മറ്റുള്ളവരെ അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു പൊതു കൂടിച്ചേരലുകള്‍ ക്കുവേണ്ടി ഒഴിച്ചിട്ടിരുന്ന ഹാള്‍ മൂന്നു മതക്കാരുടെയും പ്രാര്‍ഥനാലയം ആയതോടെ അതുവരെ പതിയിരുന്ന മതം എന്ന വിഷസര്‍പ്പം അതിന്റെ എല്ലാ ഭീകരതയോടും കൂടി തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുമ്പോള്‍ പുരന്ദരന്‍ അപ്രസക്തനും നിസഹായനും ആയി മാറുന്നു. തങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവന്ന അവിശ്വാസത്തിന്റെ മതിലുകള്‍ തകര്‍ക്കപ്പെടണം എന്ന ആഗ്രഹത്തോടെ പുരന്ദരന്‍ എല്ലാവരെയും വിളിച്ചുകൂട്ടി സംസാരിക്കുന്നു. മനസുകള്‍ തമ്മിലുള്ള അകലം കുറയ്ക്കാന്‍വേണ്ടി ഇടയ്ക്കൊക്കെ ഒത്തുചേരാന്‍ തീരുമാനിക്കുകയും ചെയ്യുന്നു എല്ലാത്തില്‍നിന്നും വിട്ടുനിന്ന ബബ്ബറിന്റ്റെ വീട്ടില്‍ അപ്രതീക്ഷിതമായി ഒരു അപകടം ഉണ്ടാകുന്നു. അപകടത്തില്‍ സ്വന്തം അമ്മയെ നഷ്ടപ്പെട്ടെങ്കിലും ബബ്ബറിന്റെ മനസിനുള്ളില്‍ ഉയര്‍ന്നുനിന്നിരുന്ന അസഹിഷ്ണുതയുടെ മതിലുകള്‍ ഇല്ലാതാകുന്നു. വീടുകള്‍ക്കു ചുറ്റും കെട്ടിയിരുന്ന മതിലുകള്‍ തകര്‍ക്കപ്പെടുകയും ചെയ്യുന്നതോടെ 'പൂജ്യം' പൂര്‍ണമാകുന്നു.



വീടു നിര്‍മാണത്തിനായി സുഹൃത്തുക്കള്‍ തെരഞ്ഞെടുക്കുന്ന ഭൂമിയെ നോവലിലെ ഏറ്റവും ചൈതന്യവത്തായ ബിംബംആക്കി മാറ്റുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു .മനസുകളെ വേര്‍തിരിക്കുന്ന മതിലുകളില്‍ ഒന്നാംസ്ഥാനത്തു നില്‍ക്കുന്ന മതത്തിന് ലോകമൊട്ടാകെ ഭ്രാന്ത് പിടിച്ചോടി മനുഷ്യനെ കടിച്ചുകീറുന്ന 'ഭ്രാന്തന്‍ നായ' എന്ന അനുപമമായ ഉപമയാണ് നോവലിസ്റ്റ് നല്‍കിയിരിക്കുന്നത് ഹൃദയനഗരിക്ക് സമീപമുള്ള അര്‍ണോജന്‍,കാദംബരി, യശയ്യാവിന്റെ മകള്‍ എന്നു പരോക്ഷമായി സൂചിപ്പിക്കപ്പെടുന്ന വേലക്കാരി രാജാത്തി മുക്രി. എന്നിവര്‍ നിഴല്‍രൂപങ്ങള്‍ എങ്കിലും നന്മയുടെ പ്രതീകങ്ങളായി വായനക്കാരിലേക്ക് എത്തുന്നു.യെശയ്യാവും പുരന്ദരനും തമ്മിലുള്ള രൂപസാദൃശ്യം ചര്‍ച്ചാവിഷയമാക്കിക്കൊണ്ട് അവര്‍ സഹോദരന്മാര്‍ ആയിരിക്കാനുള്ള സാധ്യതയും നോവലിസ്റ്റ് പങ്കുവയ്ക്കുന്നുണ്ട്. നോവലിലെ ഏറ്റവും ദൃശ്യചാരുതയുള്ള രംഗം പുരന്ദരന്റെ സ്വപ്നാടനമാണ്. അതിനിടയില്‍ അദ്ദേഹത്തിന്റെ മനസിലേക്ക് കടന്നുവരുന്ന സ്ത്രീരൂപം തന്റെ പഴയ പ്രണയിനിയും ബബ്ബറിന്റെ ഭാര്യയുമായ റംലത്ത് ആണെന്ന് പുരന്ദരന്‍ തിരിച്ചറിയുന്ന ഭാഗം നോവലിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു.



എടുത്തുപറയേണ്ട ഏറ്റവും വലിയ പ്രത്യേകതയാണ് 'പൂജ്യം' എന്ന പേര് എല്ലാം പൂജ്യമാണ്. പൂജ്യം ശൂന്യമല്ല പൂര്‍ണമാണ്. അനേകം മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്ന ഒരു ഗോളമാണ് പൂജ്യം. ഒരുപറ്റം മനുഷ്യരുടെ അതിരുകളില്ലാത്ത സങ്കല്‍പങ്ങളെ, അതിരുകളും മൂലകളും, തുടക്കവും ഒടുക്കവും ഇല്ലാത്ത പൂജ്യം എന്നല്ലാതെ എന്തു പേരിട്ടാണ് വിളിക്കുക. ഭൂമിയിലെ എല്ലാ അതിരുകളും മാഞ്ഞുപോവുകയും മനുഷ്യര്‍ക്ക് ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളേയും പോലെ അതിരുകള്‍ ഇല്ലായ്മയുടെ സ്വാതന്ത്ര്യം മതി തീരും വരെ അനുഭവിച്ചു ജീവിക്കാന്‍ കഴിയുകയും ചെയ്യുമ്പോഴാണ് ഏറ്റവും ശക്തമായ വിപ്ലവം സാധ്യമാവുക.



മിനി വിനീത്
Poojyam