Wednesday, April 24, 2019

മഴയുറുമ്പുകളുടെ രാജ്യം



അശ്വതി ശ്രീകാന്തിന്റെ Aswathy Sreekanth മഴയുറുമ്പുകളുടെ രാജ്യം എന്ന കവിതാ സമാഹാരത്തെപ്പറ്റിയുള്ള പോള്‍ സെബാസ്‌ററ്യന്റെ Paul Sebastian നിരൂപണം പങ്കു വെയ്ക്കുന്നു.
============================================


അശ്വതിയുടെ കവിതകളിലെല്ലാം ഭംഗിയായി ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു കഥയുണ്ട്. കവിതയുടെ അലക്കിട്ട ഭംഗിയുള്ള ഉടുപ്പിനുള്ളില്‍ ഒളിപ്പിച്ച നോവിന്റെയും നെടുവീര്‍പ്പിന്റെയും കഥകള്‍. ബുദ്ധിയുള്ള, മിടുക്കുള്ള വായനക്കാര്‍ക്ക് മാത്രമേ ഈ കഥകള്‍ വായിച്ചെടുക്കാനാവൂ. അല്ലാത്തവര്‍ കവിത വായിച്ചു നല്ല കവിത എന്നഭിപ്രായവും പറഞ്ഞു സന്തോഷിച്ചു മടങ്ങേണ്ടി വരും.

അശ്വതിയുടെ കവിതകളിലെല്ലാം അശ്വതിയുണ്ട്. അശ്വതിയുടെ മോഹങ്ങളും മോഹഭംഗങ്ങളും പ്രതീക്ഷകളും നിരാശകളും എല്ലാമുണ്ട്. ചിന്തകളും ഉന്മാദങ്ങളുമുണ്ട്. ഇന്നലെകളും നാളെകളുമുണ്ട്. അത്ര പെട്ടെന്നൊന്നും ആരും കടന്നു വരില്ലെന്നുറപ്പുള്ള മുറിയില്‍ ഒരാള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യ ബോധത്തോടെ ചിന്തകള്‍ വിളിച്ചു പറയുന്ന ഒരാള്‍. നിരീക്ഷണബുദ്ധിയോടെയും അന്വേഷണാത്മക മനസ്സോടെയും എത്തുന്നവര്‍ക്ക് മാത്രം അത് പിടിച്ചെടുക്കാം. അല്ലാത്തവര്‍ക്ക് നല്ല ഭാവന എന്ന് അഭിനന്ദനം പറഞ്ഞു മടങ്ങിപ്പോകാം.

ഈ കവിതാസമാഹാരം തുടങ്ങുന്നത് തന്നെ പനി എന്ന ഒരു സുന്ദര കവിതയിലൂടെയാണ്.

'പനിക്കിടക്കയിലെത്തിയ ചുക്കുകാപ്പി 
ഊതിയിറക്കിയപ്പോഴാണ് 
പത്താണ്ടു കഴിഞ്ഞിന്നലെ നീ 
തൊണ്ടയില്‍ വന്നു കുരുങ്ങിയത്
പുകഞ്ഞു നീറിയത്...'

എന്ന അഞ്ചു വരിയില്‍ പറഞ്ഞു തുടങ്ങുന്ന കവിത

'പത്താണ്ടു കഴിഞ്ഞിന്നലെയാവണം 
തൂക്കുപാത്രമെടുത്ത് വരമ്പു മുറിച്ചത് 
ചെരുപ്പ് വള്ളിയിടാന്‍ കുനിഞ്ഞിരുന്നത് 
നിന്റെ കുടയ്ക്കകത്തും പുറത്തും മഴ വന്നത് 
തോര്‍ത്തും മുന്നേ പനി വന്നത് 
ഇല്ലിക്കൂട്ടത്തിലൊരു കുളക്കോഴി പമ്മിയത്...' എന്നും 
'നിന്റെ ഉമ്മകള്‍ക്കിപ്പോഴും പനിയുണ്ടെന്ന്
പിച്ച് പറഞ്ഞത്, പനി കടുത്തത്' എന്നും ഒരൊറ്റ പേജില്‍ പറഞ്ഞു തീരുമ്പോഴേക്കും ഒരു കഥ പറഞ്ഞു വെക്കുന്നു. ചുരുങ്ങിയ വാക്കുകളില്‍ കവിത നിറച്ച, ആഴത്തിലുള്ള ചിന്ത നിറച്ച നല്ലൊരു കഥ. ഈ ശൈലി സമാഹാരത്തിലുടനീളം അശ്വതി നില നിര്‍ത്തിയിട്ടുണ്ട്. ഇതിലെ കഥ കണ്ടെടുക്കുക അത്ര ശ്രമകരമല്ലെങ്കിലും ആസ്വദിച്ചു വായിച്ചത് കണ്ടെടുക്കുക എന്നത് ആനന്ദകരമാണ്; കഥ അത്ര ശുഭപര്യവസായിയല്ലെങ്കിലും.

'കടല്‍ വഴി' എന്ന കവിതയും 'നമ്മക്കിവിടെ ജീവിക്കേണ്ടേ' എന്ന അവസാനത്തെ കവിതയുമാണ് പിന്നെ എനിക്ക് ഈ സമാഹാരത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്.

ഇതില്‍ 'കടല്‍ വഴി' എന്ന ചെറിയ കവിത തീക്ഷ്ണത കൊണ്ടും ഉപയോഗിച്ചിരിക്കുന്ന പ്രതീകങ്ങളുടെ സമ്പുഷ്ടത കൊണ്ടും വേറിട്ട് നില്‍ക്കുന്നു.

'ചക്രവാളങ്ങളെയും സൂര്യനെയും 
വിഴുങ്ങിയൊരു കടല്‍ 
ഭൂപടത്തിന്റെ പെന്‍സില്‍ അതിര്‍ത്തിയില്‍ 
ചരുണ്ടു കിടപ്പുണ്ട് 
ദിക്കു മറന്നൊരു വടക്കുനോക്കി, 
ദിശ തെറ്റിയൊരു കാറ്റ് 
മുകള്‍ത്തട്ടിലൊരു 
കനം പോയ നങ്കൂരം!'

ഓരോ വാക്കിനും ഓരോ വരിക്കും ഒരു കടലാഴമുണ്ട്. ഒരു കൊടുങ്കാറ്റിന്റെ കഥ പറയാനുണ്ട്.

'ഉള്ളിലൊരു ചൂണ്ടക്കൊളുത്തിന്റെ 
ആഴത്തില്‍ മുറിവുണ്ട്.
ഉപ്പ് തൊട്ടാല്‍ നീറാത്തത് 
ഇരുട്ടില്‍ മാത്രം കാണാവുന്നത്'

ജീവിതത്തിന്റെ ഉള്ളറകളിലേക്ക്, രഹസ്യങ്ങളിലേക്ക്, പ്രശ്‌നങ്ങളുടെ വേരുകളിലേക്ക് നമ്മെ കൊണ്ടെത്തിച്ചു കവയിത്രി നമ്മെ വിസ്മയിപ്പിക്കുന്നു.

'ഭൂമി കടലിനോട് ചെയ്ത ഉടമ്പടിയില്‍,
വേലിയേറ്റത്തിന്റെ പുതിയ നിയമത്തില്‍,
ദൈവത്തിന്റെ കുറിപ്പടിയില്‍ 
ഒക്കെയും ചെകുത്താന്റെ കള്ളയൊപ്പ്...!'

'നമ്മക്കിവിടെ ജീവിക്കേണ്ടേ?' എന്ന കവിത തീര്‍ത്തും പ്രസക്തമായ ആനുകാലിക വിഷയങ്ങളെ ഏറ്റവും ലളിതമായി അതേ സമയം അതിന്റെ ഭീകരത മുഴുവനും കാണിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുകയാണ്. മുന്‍പൊക്കെ, ഒരു കൊക്കിനെ കാണാതായാല്‍ പാടം ചോദിക്കാന്‍ വരുമായിരുന്നു. വര്‍ക്കിച്ചേട്ടന്റെ വിരല്‍ തോക്കിന്റെ കാഞ്ചിയില്‍ അമരുമ്പോള്‍ 
'ന്റെ ചിറകേ, ന്റെ വെളുപ്പേ'ന്ന് പാടം നിന്ന് മോങ്ങി.'
'കല്ലേല്‍മുട്ടിയെ കാണുന്നില്ലെന്ന് പറഞ്ഞു പുഴ മുറ്റത്ത് വന്ന് നില്‍പ്പാണ്.' 
'പിള്ളേരെ ഏല്പിച്ചു പോയ അണ്ണാനെ നോക്കി മരമെല്ലാം മുറ്റത്തു നില്‍പ്പാണ്.' ഇങ്ങനെയൊക്കെയായിരുന്നു പണ്ട്.

'അന്ന് ചോദിക്കാന്‍ വന്ന പാടോം പുഴേം മരോം 
ഇപ്പൊ എവിടാന്നറിയാവോ നിങ്ങക്ക്?'

'നമ്മള് മനുഷ്യന്മാര്‍ക്കിവിടെ ജീവിക്കണ്ടേ?'

എന്ന് പറഞ്ഞു കവിത നിര്‍ത്തുമ്പോള്‍ നാം അക്ഷരാര്‍ത്ഥത്തില്‍ നിശ്ശബ്ദരാകും. കാരണം ആ ശബ്ദം നമ്മുടേതായിരുന്നു.

പ്രതീകങ്ങളുടെ തിരഞ്ഞെടുപ്പിലെ കൃത്യതയും സൂക്ഷ്മതയും സംവേദനക്ഷമതയും കവിതയെ ആസ്വാദ്യകരമാക്കുന്നതില്‍ ഏറെ നിര്‍ണ്ണായകമാണ്. ഈ കല നന്നായി അറിയുന്നവളാണ് അശ്വതി ശ്രീകാന്ത്. അപൂര്‍വ്വം ഇടങ്ങളില്‍ ഈ ബിംബങ്ങളെ നേരിട്ട് കാണിച്ചു തന്ന് വിസ്മയിപ്പിക്കുമ്പോഴും ഭൂരിഭാഗം സമയവും അവയില്‍ ഒരു രഹസ്യ സ്വഭാവം നില നിര്‍ത്തി അത് കണ്ടു പിടിക്കുന്ന വായനക്കാര്‍ക്കുള്ള സമ്മാനമാക്കുന്നുണ്ട്.

മഴയെയും മരണത്തെയും ഒന്നൊന്നിന് പകരം വെക്കുന്ന മഴ എന്നൊരു കവിതയില്‍ ആത്മഹത്യയുടെ ഓരോ സാധ്യതയും മഴയോട് ചേര്‍ത്ത് പറയുന്നത് ഏറെ നന്നായി അവതരിപ്പിക്കുന്നുണ്ട്.
'ചൂളം കുത്തുന്ന തീവണ്ടി കയറി 
ചിന്നി ചിതറുന്നതാണ് ചില മഴകള്‍.'
'പുഴയുടെ പൊക്കിള്‍ച്ചുഴിയില്‍ ഉന്മാദം നിറയ്ക്കുന്ന മഴയുണ്ട് 
ആരുമറിയാത്ത ഒളിമഴ.' 
'കൈത്തണ്ടയില്‍ തൊട്ട് ഭ്രമിപ്പിച്ചു വിളിക്കും 
മൗനമായി ചില മഴകള്‍.'

കാറ്റായും കടലായും നിഴലായും മഴയായും നിലാവായും നക്ഷത്രക്കുഞ്ഞുങ്ങളായും പച്ചക്കുതിരയായും പല്ലിയായും അവ നമ്മെ മോഹിപ്പിക്കും.

തീവണ്ടിയായും സൂര്യനായും വെയിലായും പെന്‍സിലറ്റമായും തൊപ്പി പോയ അടക്കയായും കനം പോയ നങ്കൂരമായും മെഴുകുതിരിവെട്ടത്തിന്റെ നിഴലായും ഒക്കെ നമ്മെ ഭയപ്പെടുത്തും.

പ്രതീകങ്ങളുടെ ഭംഗി അത് ചേര്‍ത്തുണ്ടാക്കുന്ന വരികളുടെ അര്‍ത്ഥത്തിലും അതടുക്കുന്ന രീതിയിലുമാണ് തിരിച്ചറിയുക. അതിനാല്‍ ചില വരികളെ കൂടെ ചേര്‍ക്കുന്നു.

'നിന്നെ കാണാതായ വൈകുന്നേരമാണ് 
ഒറ്റമുണ്ടെടുത്തൊരു കാറ്റ് മല കയറിയത്.'

'മഷിച്ചാല് വരണ്ടൊരു സ്വര്‍ണ്ണപ്പേന
തിരിഞ്ഞും മറിഞ്ഞും കിടന്ന് മുഷിഞ്ഞുപോയൊരു വിവാഹക്കുറി 
ഒറ്റക്കണ്ണ് തുരക്കാനെത്തുന്ന താക്കോല്‍ക്കൂട്ടമല്ലാതെ മറ്റാരും കണ്ടിരിക്കാനിടയില്ലാത്ത ഇരുട്ടിലെ രഹസ്യങ്ങള്‍'

'പിന്നാലെ കുറുകിപ്പറന്ന ആണ്‍ ചിറകുകളൊന്നും 
നിന്നോളമില്ലെന്ന് അവളുടെ നാണം.'

'എന്റെ നിഴലിനെ നീ പൂട്ടിവെച്ച 
പഴയ തടിയലമാര'

'വഴികാട്ടാന്‍ വരുന്ന പെന്‍സിലറ്റത്തെ 
ഭയന്നോടുന്ന മുയല്‍ക്കുഞ്ഞുങ്ങളുണ്ട്.'

'കട്ടച്ചെമ്പരത്തിയിലെ പൂവുകളിലൊന്നിന് 
കാറ്റിന്റെ മുഖമാണെന്ന് അവന്‍ 
അല്ല, അമ്മപ്പകര്‍പ്പെന്നവള്‍.'

'അറകള്‍ നാലിലും പുഴവെള്ളമാണ്. അതിലെന്നോ വീണുപോയ നക്ഷത്രങ്ങളുടെ നിഴലുകളുണ്ട്. ഒഴുക്ക് മുറിഞ്ഞിടം തുന്നിച്ചേര്‍ത്ത സൂചിപ്പാടുകളുണ്ട്.'

'ഒറ്റയാനുള്ള കാട്ടിലൂടെ നമ്മുടെ രാത്രിസഞ്ചാരങ്ങള്‍!...നിന്റെ ഒറ്റചൂട്ടു വെളിച്ചത്തില്‍...'

'നിലാവിനെ ഒളിച്ചു കടത്തുന്ന ഇലവഴികള്‍ 
വേരുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന നക്ഷത്രപ്പൂവുകള്‍'

അശ്വതിയുടെ ചില കവിതകളെങ്കിലും നമ്മെ ഓര്‍മകളുടെ ആകാശത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നതാണ്. ഇന്നലെകളുടെ ഓര്‍മകളെ കവിതയുടെ കുപ്പായമിടുവിച്ചു നമ്മിലേക്ക് കണ്ണെഴുതുമ്പോള്‍ ചിമ്മാത്ത കൃഷ്ണമണികളോടെ വായനക്കാര്‍ അവയെ നെഞ്ചേറ്റുമെന്നുറപ്പ്.

'പുഴക്കിലുക്കത്തെ തോല്‍പ്പിക്കാന്‍ 
പറയാതിറങ്ങിപ്പോയൊരു വെള്ളിക്കൊലുസുണ്ട്.'

'കണക്ക് തെറ്റാത്ത തലക്കുറിയിലെ ഇരുട്ട് കയറി മങ്ങിയ രാജയോഗം'

'നീയെന്റെ ഒളിസങ്കേതവും വെള്ളിയാഴ്ചയും ആയിരുന്നു.
...............................
ചുവന്ന പൊട്ടുകള്‍ ഒട്ടിച്ച കണ്ണാടിയുമായിരുന്നു.
മുഷിഞ്ഞിട്ടും മാറാത്ത മടി പിടിച്ചൊരു ഉടുപ്പായിരുന്നു.'

'ഓടിന്റെ വിള്ളലിലൂടെ മഴ അടുക്കള കാണാനെത്തും.
മാറാലച്ചൂലുകൊണ്ട് അമ്മയാ വഴികളെ കുത്തിനോവിക്കും.
അമ്മ തോല്‍ക്കുമ്പോള്‍ 
വക്കടര്‍ന്ന കഞ്ഞിക്കലം അടുക്കളമഴയെ ഗര്‍ഭം കൊള്ളും'

'അലക്കുകല്ലുകളെ വിഴുങ്ങിയ തോട് പറമ്പുകയറി മലര്‍ന്നു കിടക്കും...'

'ഇരുമ്പു ചട്ടിയില്‍ നൂറ്റാണ്ടുകളായി 
കടല വറുക്കുന്ന വൃദ്ധനെ കാണുമ്പോഴല്ലാതെ...'
'ഉടലുരുമ്മാനൊരു വിളക്കുകാല്‍ തേടുന്ന 
വയറു വീര്‍ത്ത പൂച്ചകളെ കാണുമ്പോഴല്ലാതെ' 
'കഴിഞ്ഞ ജന്മത്തിലെങ്ങോ 
ഞാനും നീയും മാത്രം ജീവിച്ചിരുന്ന
ഈ നഗരത്തില്‍ നില്‍ക്കുമ്പോള്‍ 
ഞാനെന്തിന് നിന്നെയോര്‍ക്കണം?'

അശ്വതിയുടെ കവിതയുടെ പരിസരങ്ങള്‍ നമ്മെ നമ്മുടെ ജീവിതപരിസരങ്ങളിലേക്ക് അടുപ്പിക്കുന്നുണ്ട്. നമുക്ക് ചുറ്റുമുള്ള വ്യക്തിജീവിതങ്ങളും കുടുംബ ജീവിതവും സ്ത്രീ അവസ്ഥയും ഒക്കെ തന്നെയാണ് അശ്വതിയുടെ കവിതകളുടെ പ്രധാന വിഷയങ്ങള്‍. മുറിവേറ്റ ബാല്യം പേറുന്ന പെണ്‍കുട്ടികളെപ്പറ്റി, അവരെ വേട്ടയാടാന്‍ കാത്തു നില്‍ക്കുന്ന പൂച്ച നഖങ്ങളെപ്പറ്റി, പ്രലോഭനങ്ങളില്‍ വീണുപോകുന്ന പെണ്ണുങ്ങളെപ്പറ്റി, നിരാശയില്‍ പെട്ട് വീട്ടകങ്ങളില്‍ കഴിയുന്ന ഒരു പാട് സ്ത്രീകളെപ്പറ്റി, പെണ്മക്കളെപ്പറ്റി ആകുലപ്പെടുന്ന അമ്മമനസ്സുകളെപ്പറ്റി...അശ്വതിക്ക് പറയാനുള്ളത് കൂടുതലും അവര്‍ക്ക് വേണ്ടിയും അവരെപ്പറ്റിയുമാണ്.

പല്ലി എന്ന കവിത ഈ ആകുലതയുടെ ഒന്നാന്തരം ദൃഷ്ടാന്തമാണ്. 
':അവനൊരു നുണ പറയുന്നു. 
അവളത് കേട്ട് നില്‍ക്കുന്നു.
വിളറിയൊരു പല്ലിയപ്പോള്‍ 
വീര്‍ത്ത വയറുമായി 
മരത്തൂണിന്റെ പിന്നിലൊളിക്കുന്നു.'

'അവന്റെ കണ്ണുകള്‍ ഒന്ന് പാളി 
മരത്തൂണു ചുറ്റുകയും 
പല്ലിവയറിലെത്തുകയും ചെയ്യുന്നു. 
ഉള്ളാന്തിപ്പോയ പല്ലി 
ഉത്തരത്തിലേക്ക് തിരിഞ്ഞോടുന്നു.'

എല്ലാ അവസ്ഥകളിലും മരണത്തിലേക്ക്, ആത്മഹത്യയിലേക്ക് നീങ്ങുന്ന ഇരകളെയാണ് അശ്വതിക്ക് കാണാനാവുന്നത്. അല്ലെങ്കില്‍ അതാണ് അശ്വതിയുടെ പേടി.

'കറുത്ത കലണ്ടറക്കങ്ങള്‍ കടന്ന് 
നമ്മളൊരു ചുവപ്പിലെത്തുമ്പോള്‍ 
പറയാതെ ഞാന്‍ ഇറങ്ങിയേക്കും.
അപ്പോള്‍ ഇരുമ്പു പാളങ്ങളുടെ 
കര്‍ക്കശ്യത്തെ കൂവിത്തോല്‍പ്പിച്ച് 
അടുത്ത ജന്മത്തിലേക്കൊരു തീവണ്ടി പായും'

'അവനെന്നെ കാണാതെ കരയുമെന്നോര്‍ത്താണ് 
ചിറകുകള്‍ ഉണ്ടായിരുന്നിട്ടും പറക്കാതിരുന്നത്'

മാറ്റൊലി എന്ന കവിതയില്‍ മകളെ അന്വേഷിച്ചു പോയി നിരാശയായ ഒരമ്മയുടെ ചിത്രം കാണാം.
'ഗതി കിട്ടാത്തൊരു കാറ്റിപ്പോള്‍ മലയിറങ്ങുകയാണ്.
മകളേയെന്നൊരു മാറ്റൊലി മലയില്‍ ബാക്കിയാവുകയാണ്.'

'വില' എന്ന കവിതയിലും സ്ത്രീ സത്വത്തിന് വേണ്ടിയുള്ള ഈ പൊരുതല്‍ കാണാം. 
''വൈ'യെക്കാള്‍ വില കിട്ടിയ എക്‌സ്.
അടുത്ത ബെല്ലുവരെ കറുപ്പില്‍ വെളുത്ത് കിടന്നു.
പിന്നെയത് ചെമ്പരത്തിപ്പൂവിന്റെ ഛേദത്തിനു വഴി മാറി 
അപ്പോഴേയ്ക്കും പിന്‍ ബെഞ്ചിലെ അമ്മ 
കുഞ്ഞു പെണ്ണെന്നുറപ്പിച്ചിരുന്നു.'

'വൈ'യെക്കാള്‍ വില എക്സിനാണെന്നു പറഞ്ഞ 
ക്ളാസ് മുറിയിലേക്ക് പാലുവറ്റാത്തൊരമ്മ നീട്ടി തുപ്പി!

കുഞ്ഞു കുട്ടികളെപ്പോലും വെറുതെ വിടാത്ത പീഡകരെപ്പറ്റി ആകുലപ്പെടുന്ന കവയിത്രി കുട്ടിക്കളി എന്ന കവിതയില്‍ പറയുന്നു.
'കഥാപുസ്തകവും കൊണ്ടയാള്‍ രാവും പകലുമിരുന്നിട്ടും 
മുയല്‍ക്കുഞ്ഞുങ്ങളൊന്നും ഇന്നേ വരെ വീടെത്തിയിട്ടില്ല.
വാഗ്ദാനം ചെയ്യപ്പെട്ട ക്യാരറ്റുകള്‍ അവര്‍ക്കൊട്ട് കിട്ടിയതുമില്ല.'

ബന്ധങ്ങളുടെ കെട്ടുറപ്പില്‍ വിശ്വസിക്കുമ്പോഴും ഒറ്റപ്പെടലിന്റെ നൊമ്പരം പേറുന്ന ഹൃദയങ്ങളെയും മഴയുറുമ്പുകളുടെ രാജ്യത്ത് അശ്വതി പൊട്ടു കുത്തിക്കുന്നുണ്ട്.

വരവ് എന്ന കവിതയില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട്. 
'എന്റെ പുസ്തകത്തില്‍ ഇന്നും നീയിട്ട അടിവരകള്‍ മാത്രമാണ് ചുവന്നു കിടക്കുന്നത്.
എന്റെ ആകാശം ഇപ്പോഴും നീ ചൂണ്ടിയ വിരലറ്റത്താണ്.' എന്ന് പറയുന്ന കവിതയുടെ അവസാനം, 
'ഞാനീ ജപിച്ച ചരടുകള്‍ അഴിക്കുകയാണ് 
ജനാലപ്പാളികള്‍ തുറക്കുകയാണ്.
പകലുറക്കങ്ങള്‍ തികയാത്ത പെണ്ണെ 
എന്റെ സ്വപ്നങ്ങളിലേക്കെത്താന്‍ 
നിനക്ക് എത്ര പ്രകാശ വര്‍ഷങ്ങള്‍ താണ്ടണം' എന്ന് പറഞ്ഞു കൊണ്ടാണ്. 
അകക്കൂട്ട് എന്ന കവിതയില്‍ പറയുന്നത്തിനോട് ചേര്‍ത്ത് വായിച്ചാലേ ഈ അവസ്ഥ പൂര്‍ണ്ണമായി മനസ്സിലാവൂ. 
'കൂട്ടുകാരില്ലാത്തൊരുടെ വഴിയിലന്നേരം 
ഒറ്റയ്‌ക്കൊരു സൂര്യന്‍ താണിറങ്ങി നോക്കി നില്‍ക്കും.'
ഇരുട്ടും മുന്‍പൊരു കവിതയുമെടുത്ത് 
ധൃതിയില്‍ ഞാന്‍ തിരികെ നടക്കും 
പരിചയം നടിക്കുന്ന 
വിളക്കുകാലുകളെ കണ്ടില്ലെന്ന് നടിക്കും.
അപ്പോള്‍ ഞാന്‍ തികച്ചും തനിച്ചായിരിക്കും.'

അധികം കവിതകളൊന്നും വായിക്കുന്ന ആളല്ല ഞാന്‍. പക്ഷെ, ഞാന്‍ ആസ്വദിച്ചു വായിച്ച ഒരു കവിതാ സമാഹാരമാണ് മഴയുറുമ്പുകളുടെ രാജ്യം. വരികളുടെ സൗന്ദര്യം കൊണ്ടും അര്‍ത്ഥവ്യാപ്തി കൊണ്ടും അതിലുപരി അവ നല്‍കുന്ന സന്ദേശങ്ങളെക്കൊണ്ടും വീണ്ടും വീണ്ടും വായിക്കാന്‍ ഇഷ്ടപ്പെട്ട ഒരു കൃതി. ഒട്ടുമിക്ക കവിതാ സമാഹാരങ്ങളിലും നല്ല നിലവാരം പുലര്‍ത്തുന്നവയുടെ എണ്ണം പകുതിയോളമേ ഉണ്ടാവൂ. ഭൂരിഭാഗം പുതുകവിതാ സമാഹാരങ്ങളെടുത്താലും അവയില്‍ മികച്ചവ കൈ വിരലിലെണ്ണാവുന്നത്ര പോലും ഉണ്ടാവണമെന്നില്ല. അതേ സമയം, മഴയുറുമ്പുകളുടെ രാജ്യം എന്ന കവിതാ സമാഹാരത്തില്‍ എണ്‍പത് ശതമാനത്തിന് മുകളില്‍ മികച്ച കവിതകളാണ് എന്നത് അശ്വതി ശ്രീകാന്തിന്റെ Aswathy Sreekanth കവിതാസമാഹാരത്തെ വേറിട്ട് നിര്‍ത്തുന്നു. നിഷ്പക്ഷമായ വായനക്കാര്‍ക്കും അംഗീകാരങ്ങള്‍ക്കും ഈ പുസ്തകത്തെ തഴയാന്‍ സാധിക്കുകയില്ലെന്നുറപ്പ്.

ഉന്മാദങ്ങളെ ഹൃദയത്തിലെഴുതുന്നവളുടെ ഉള്ളുരുക്കങ്ങളുടെ നെടുവീര്‍പ്പുകള്‍ അക്ഷരങ്ങളായി നനഞ്ഞ ചുവരുകളില്‍ പടര്‍ന്നു കയറുമ്പോള്‍ വരയ്ക്കപ്പെടുന്ന ഭൂപടത്തില്‍ പലതും വായിച്ചെടുക്കാന്‍ നാം നമ്മുടെ ഭാവനയുടെ പേനകളില്‍ മഷി നിറച്ചേ പറ്റൂ. ചിറകറ്റ പക്ഷിയുടെ നൊമ്പരം ഏറ്റു വാങ്ങുന്ന പ്രകൃതിയെയും ബാല്യത്തിന്റെ മുറിവുകള്‍ പേറുന്ന കുഞ്ഞുടുപ്പുകളെയും അകത്തളങ്ങളില്‍ നെടുവീര്‍പ്പിട്ട് നിരാശ പേറുന്നവരുടെ സ്വാതന്ത്ര്യമോഹത്തെയും പ്രണയത്തിന്റെ ഉന്മാദം ഉള്‍ച്ചേര്‍ന്ന യാത്രകളെയും അങ്ങനെയങ്ങനെ മഴയുറുമ്പുകളുടെ രാജ്യത്തെ ആകാശം നമുക്കിഷ്ടപ്പെടാന്‍ ഒട്ടേറെ വഴിയോരക്കാഴ്ചകള്‍ ഒരുക്കിവെച്ചിട്ടുണ്ട്. ചിത്രശലഭങ്ങള്‍ പറക്കുന്ന ചിത്രങ്ങള്‍ വരയ്ക്കാനുള്ള ചുവരുകള്‍ തയ്യാറുള്ളതിനാല്‍ കളര്‍ പെന്‍സിലുകളും കരുതുക. അല്ലെങ്കില്‍ വേണ്ട, ചിത്രശലഭങ്ങളെ നിങ്ങളുടെ കൂടെ പോരാന്‍ അനുവദിക്കുക. നിങ്ങള്‍ക്ക് ഈ യാത്ര ഇഷ്ടപ്പെടുക തന്നെ ചെയ്യും.

പ്രസാധനം - സൈകതം ബുക്‌സ് (Sangeetha Justin)
പേജ് - 64 
വില - 60 രൂപ


Saturday, April 13, 2019

അബീശഗിന്‍





ബെന്യാമിന്റെ അബീശഗിന്‍ എന്ന നോവലിനെപ്പറ്റി ജ്യോതി കെ ജി Jyothy KG എഴുതിയ ആസ്വാദനം പങ്കു വെയ്ക്കുന്നു.
=========================================

''ഒരു സ്ത്രീയോടൊപ്പം ശയിക്കേണ്ടത് ശരീരം കൊണ്ടല്ല മനസ്സുകൊണ്ടാണ് ''.

'അബീശഗിന്‍' എന്ന പ്രണയകഥയുടെ ആഴങ്ങളില്‍നിന്നും അനേകം പ്രതിധ്വനികളോടെ പുറപ്പെടുന്ന ഒരു വചനമാണിത്. സത്യവേദപുസ്തകത്തിലെ ഉത്തമഗീതത്തെ ഭക്തിയുടെ വഴിയില്‍നിന്നു മാറി ശരീരത്തിനതീതമായ അതിതീവ്ര പ്രണയത്തിന്റെ അഗാധതലങ്ങളെ അനുഭവിപ്പിക്കുകയാണ് 'അബീശഗിന്‍ ' എന്ന നോവല്‍ .... ഉത്തമഗീതത്തിലെ നിഴല്‍പോലെ പ്രത്യക്ഷപ്പെട്ട ഒരാശയത്തെ ബെന്യാമിന്‍ തന്റെ സര്‍ഗ്ഗജീവിതത്തിലെ സുന്ദരശില്പമാക്കി മാറ്റിയിരിക്കുന്നു...

നിരവധി ഭാര്യമാരും വെപ്പാട്ടിമാരും കൂടെയുണ്ടായിരുന്നിട്ടും വാര്‍ദ്ധക്യത്തിന്റെ നിസ്സഹായതയില്‍ വീണുപോയ യിസ്രായേല്‍ രാജാവ് ശാലോമോന്റെ മുപ്പത് സംവത്സരങ്ങള്‍ക്കപ്പുറത്തെ ഓര്‍മ്മകളില്‍ നിന്നാണ് കഥയുടെ തുടക്കം . തന്നെ ഹ്യദയം പോലെ സൂക്ഷിക്കുവാന്‍ ഒരുവള്‍ മാത്രമേ ലോകത്തുള്ളൂ...അബീശഗിന്‍ എന്ന് യിസ്രായേല്‍ രാജാവ് തിരിച്ചറിയുന്നു....

''മടങ്ങിവരുക......എന്റെ ശൂനേംകാരത്തി, മടങ്ങിവരുക............
ഞങ്ങള്‍ നിന്നെ ഒന്നു കണ്ടുകൊള്ളട്ടെ......മടങ്ങി വരിക....മടങ്ങി വരിക......''

ശാലോമോന്റെ കൗമാരത്തില്‍ തങ്ങളുടെ മുന്തിരിതോട്ടങ്ങളില്‍വെച്ചു കണ്ടുമുട്ടുന്ന ശാരോനിലെ പനിനീര്‍പുഷ്പം പോലെ മനോഹരിയായ പെണ്‍കുട്ടിയാണ് അബീശഗിന്‍ . സത്യവേദപുസ്തകത്തില്‍ വായിക്കപ്പെടാതെ പോകുന്ന മൗനത്തിന്റെ ആഴങ്ങളില്‍ നിന്നും അബീശഗിന്റെയും ശാലോമോന്റെയും പ്രണയകഥയെ എഴുത്തുകാരന്‍ വികസിപ്പിച്ചെടുക്കുന്നതിങ്ങനെയാണ്. ആക്രോത്തിലെ മുന്തിരിത്തോട്ടങ്ങളില്‍ രാവുകളത്രയും ഉറക്കമൊഴിച്ച് പ്രണയഗീതങ്ങളാലപിക്കുന്ന ശാലോമോനിലൂടെ കഥ തുടരുന്നു. പ്രണയത്തിന്റെ നേര്‍ത്ത മിടിപ്പു മുതല്‍ ഉള്ളുപൊള്ളുന്ന നോവ് വരെ അബീശഗിനായി ശാലോമോന്‍ ഒഴുകുന്നുണ്ട്.....

''എന്റെ ശൂനേംകാരത്തീ, നീ സര്‍വ്വാംഗസുന്ദരി.
നീ യിസ്രായേലിലെ ഊനമില്ലാത്ത കുഞ്ഞാട്. നിന്നില്‍ ഞാന്‍ ബദ്ധനായിരിക്കുന്നു.......'' അബീശഗിനോടുള്ള തീവ്രപ്രണയത്തില്‍ നിന്നാണ് ഉത്തമഗീതങ്ങള്‍ രചിക്കപ്പെട്ടതെന്നു കരുതുന്നു.

അതിതീവ്ര പ്രണയത്തിന്റെ അഗാധതയില്‍ അലിഞ്ഞുചേരുമ്പോഴും അതിക്രൂരമായ ചതിയുടെ ഇരയാകേണ്ടി വരുന്ന ഭാഗം വായനക്കാരിലും മുറിവേല്പിക്കുന്നു. കിടപ്പിലായ അപ്പന്റെ വെപ്പാട്ടിയായി തന്റെ പ്രിയപ്പെട്ടവളെ കാണേണ്ടിവരുന്നതും, തനിക്ക് ആവശ്യമില്ലാതിരുന്ന രാജ്യഭരണം അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ ശാലോമോന് സംഭവിക്കുന്ന ചതിയുടെ മുറിവുകള്‍ വായനയുടെ പ്രസക്തഭാഗമാണ്....

രാജനൈതികമായ സമവാക്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്തപ്പോള്‍ അബീശഗിനിലൂടെ സങ്കല്പിച്ചതെല്ലാം ശാലോമോന് നഷ്ടമാകുന്നു. ഒടുവില്‍ അബീശഗിനായി ഒരുക്കിവെച്ച പന്തലില്‍ അയല്‍രാജാവായ ഫറവോയുടെ പുത്രിയെ പത്‌നിയാക്കേണ്ടി വരുന്നു...പെണ്ണിന്റെ ശരീരത്തോട് ശാലോമോന്‍ കാണിക്കുന്ന അവജ്ഞ പലപ്പോഴും ഭാര്യയായ അവളെ കോപാകുലയാക്കുന്നതും , ഭര്‍ത്താവിന്റെ മനസ്സും ശരീരവും മറ്റൊരു തെരുവുപെണ്ണിന്റെ കൂടെയാണെന്നറിയുന്ന അവള്‍ക്കും ജീവിതം നഷ്ടമാകുന്നു....

ശാലോമോന്റെ പേരും പ്രശസ്തിയും കേട്ടറിഞ്ഞ് യെരുശലേമിലെത്തുന്ന ശേബാരാജ്ഞിയ്ക്കു മുന്നില്‍ തന്റെ പുരുഷത്വത്തെ അടിയറവു വയ്‌ക്കേണ്ടി വരുന്നു. 
''ലോകത്തിലെ ജ്ഞാനം മുഴുവന്‍ തികഞ്ഞ ശാലോമോന്റെ കിടക്കയിലെ ജ്ഞാനം ഞാനൊന്ന് പരീക്ഷിക്കട്ടെ. എങ്ങനെ നീ നിന്റെ കിടക്കകളെ സന്തോഷിപ്പിക്കുന്നു എന്ന് എനിക്കു കാട്ടിത്തരിക ''......എന്ന ശേബാരാജ്ഞിയുടെ ആവശ്യത്തിനു മുന്നില്‍ ശാലോമോന്‍ പരാജയപ്പെടുന്നു. ആണത്വത്തിന്റെ എല്ലാ വീര്യവും ശേബാരാജ്ഞിയുടെ മുന്നില്‍ തോറ്റുനില്‍ക്കുമ്പോള്‍ അവരുടെ ഉപദേശം അയാളുടെ കണ്ണു തുറപ്പിച്ചു......

''ഒരു സ്ത്രീയോടൊപ്പം ശയിക്കേണ്ടത് ശരീരം കൊണ്ടല്ല മനസ്സുകൊണ്ടാണ് ''....

തന്റെ മുന്നിലെത്തുന്ന ഒരോ സ്ത്രീയിലും ശാലോമോന്‍ തിരഞ്ഞത് അബീശഗിനെ ആയിരുന്നെങ്കില്ലും അബീശഗിനല്ലെന്നു തിരിച്ചറിയുന്നതോടെ ഓരോ കിടക്കയിലും ശരീരത്തിന്റെ ആഘോഷം മാത്രമായി അതുമാറി. അബീശഗിന് പകരംവെക്കാന്‍ മറ്റൊന്നില്ലെന്ന് ശാലോമോന്‍ തിരിച്ചറിയുന്നു. ശരീരവും മനസ്സും ഒന്നായിതീരുന്ന പ്രണയത്തിന്റെ പൂര്‍ണ്ണത അനുഭവിക്കാന്‍ കഴിയാതെ ശാലോമോന്‍ യാത്രയാകുന്നു.....
''എന്റെ ശൂനേംകാരത്തി മടങ്ങിവരിക '' എന്ന മര്‍മ്മരം രാജനീതി മലിനമാക്കിയ ശരീരത്യഷ്ണകള്‍ക്കപ്പുറത്തെ വിശുദ്ധപ്രണയത്തിന്റെ മുഴക്കമാവുന്നു.........

പുസ്തകം : അബീശഗിന്‍ 
ഗ്രന്ഥകാരന്‍ : ബെന്യാമിന്‍ 
പ്രസാധകര്‍ : DC Books 
വില : 65 രൂപ