Thursday, July 26, 2018

സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ




"ക്രൂര പീഡാനുഭവങ്ങൾ മറികടക്കാൻ സ്വയം ക്രിസ്തുവായി സങ്കല്പിച്ചാൽ മതി. പകുതി പണി തീരാത്ത കെട്ടിടത്തിലെ കോടതി മുറിയിൽ നിൽക്കുമ്പോൾ നെഞ്ചിൽ തൂങ്ങുന്ന ഭാരം മരക്കുരിശിന്റെതാണെന്നു കരുതുക. ഉയരം കുറഞ്ഞു തടിച്ച എതിർവക്കീൽ ചോദ്യം ചോദിച്ചു തുടങ്ങുമ്പോൾ കുരിശുമായി ഗോൽഗോഥാ കയറുകയാണ് എന്ന് സങ്കല്പിക്കുക. ചോദ്യങ്ങളിലെ പ്രത്യക്ഷമായും പരോക്ഷമായുമുള്ള അധിക്ഷേപങ്ങൾ ചാട്ടവാറടിയായി കണക്കാക്കുക. ഓരോ തവണ ആത്മാവ് കൊല്ലപ്പെടുമ്പോഴും മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുമെന്നും പിന്നെ വേദനയില്ലെന്നും തിരിച്ചറിയുക."

ചരിത്രം
=======
രണ്ടു വർഷത്തിലേറെ വിവാഹബന്ധത്തിലായിരുന്നിട്ടും കന്യകയായിരുന്ന ജെസബേൽ എന്ന സ്ത്രീയുടെ വിവാഹമോചന കേസിനിടയിലാണ് 'സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ' ആരംഭിക്കുന്നത്. കേസിന്റെ വിധിപ്പകർപ്പ് കിട്ടുന്നിടത്തു വെച്ച് നോവൽ അവസാനിക്കുകയും ചെയ്യുന്നു. ബൈബിളിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രം എന്ന് എഴുത്തുകാരി കരുതുന്ന ജേസബേലിന്റെ ജീവിതത്തോട് തെക്കൻ കേരളത്തിൽ നടക്കുന്ന ഒരു കഥയായി രൂപമാറ്റം വരുത്തി പുനരാഖ്യാനം ചെയ്യാനാണ് പുനർനിർവചിക്കാനാണ് കെ ആർ മീര ഈ നോവലിൽ ശ്രമിക്കുന്നത്. സ്ത്രീ പക്ഷവാദത്തിന്റെ പ്രധാന തൂണിലാണ് നോവൽ എന്ന കെട്ടിടം പ്രധാനമായും ഉറപ്പിച്ചിരിക്കുന്നത് എന്ന് നമുക്ക് ഭൂരിഭാഗം സമയത്തും തോന്നാമെങ്കിലും ഭിന്ന ലൈംഗീകതയുടെതാണ് പ്രധാന തൂണെന്നും അതിന് ബലം കൊടുക്കാൻ മാത്രമാണ് സ്ത്രീപക്ഷവാദമെന്ന തൂണിനെ ഉപയോഗിച്ചിരിക്കുന്നതെന്നും നോവൽ വായന അവസാനിക്കുന്നിടത്ത് വ്യക്തമാകും.

സുവിശേഷം
==========
നല്ല വായനാസുഖമുള്ള, ആകാംക്ഷ നിറച്ച നല്ല ഒരു നോവൽ എന്ന് ഒരു വാചകത്തിൽ പറയാം. ജനപ്രിയ സ്ത്രീ വാരികയായ വനിതയ്ക്ക് വേണ്ടി എഴുതിയതിനാലാവും ഒരു ജനപ്രിയ നോവലിന്റെ ചുറ്റുവട്ടത്തോടെയാണ് നോവൽ ആരംഭിക്കുന്നത്. ആദ്യത്തെ ഏതാനും അധ്യായങ്ങളിൽ നല്ല ഒരു എഴുത്തുകാരിയുടെ കരവിരുതിനൊപ്പം മറ്റേതൊരു ജനപ്രിയ നോവലുകളുടെയും ചടുലതയും ലാളിത്യവും നന്നായി ഇഴ ചേർത്തിട്ടുണ്ട്. നോവലിന്റെ അവസാനവും കുറെയൊക്കെ ജനപ്രിയമാണെന്ന് പറയാതെ വയ്യ. ഏതൊരു ഡിറ്റക്റ്റീവ് നോവലും തോൽക്കുന്ന വിധം അതിനാടകീയതയോടെ വിവിധ ഇഴകളെ ചേർത്തിണക്കുന്നതിൽ എഴുത്തുകാരി വിജയിക്കുന്നുണ്ട്. പക്ഷെ, ആദ്യത്തെ കുറച്ചു അധ്യായങ്ങൾക്കും അവസാനത്തെ കുറച്ചു പേജുകൾക്കും ഇടയിലുള്ള നോവൽ തികച്ചും ആസ്വാദ്യകരമായിരുന്നു. ഈ എഴുത്താണ് നോവലിനെ വ്യത്യസ്തമാക്കുന്നതും. അടുത്തതെന്ത് എന്ന് കഥാഗതിയറിയാനുള്ള ജിജ്ഞാസയും, ജെസബേൽ എന്ന പ്രധാന കഥാപാത്രത്തോടു തോന്നുന്ന അടുപ്പവും കഥാപാത്രങ്ങൾ നേരിടുന്ന ദുരന്താത്മകമായ സാഹചര്യങ്ങളും വായനക്കാരെ വൈകാരികമായി സ്വാധീനിക്കും. വേഗം കൂടിയ നെഞ്ചിടിപ്പും ഹൃദയമുരുകുന്ന പ്രാർത്ഥനയും വായനക്കൊപ്പം കൂട്ടു കൂടുമെന്നുറപ്പ്.

കഥാപാത്രങ്ങൾ
=============
പരുപരുത്ത കഥാപാത്രങ്ങളാണ് നോവലിലുടനീളമുള്ളത്. പ്രധാന കഥാപാത്രമായ ജെസബേലിന്റെ കാഴ്ചപ്പാടുകളോട് പോലും നമുക്ക് എതിരഭിപ്രായങ്ങൾ ഉണ്ടാവും വിധമാണ് കഥാപാത്ര സൃഷ്ടി. "എനിക്ക് എതിരെ കേസ് എടുക്കാൻ കോടതി പറഞ്ഞു പോലും. കേസ് എടുക്കട്ടെ. അതിലും വലിയ കോടതിയിൽ ഞാൻ അപ്പീൽ കൊടുക്കും. കേസു നടക്കട്ടെ. ഞാൻ ഈ നഗരത്തിൽത്തന്നെ അങ്ങു കൂടും. ഓരോ ദിവസവും ഓരോരുത്തരുടെ കൂടെ. നിങ്ങൾക്ക് എന്തു ചെയ്യാൻ പറ്റും?" എന്ന് ചോദിക്കുന്ന ജെസബേൽ. ജോർജ് ജെറോം മരക്കാരൻ എന്ന വില്ലൻ കഥാപാത്രമാണ് ഈ നോവലിന്റെ കരുത്ത്. അപകടം പറ്റി പൂർണ്ണമായി നിസ്സഹായനായിരിക്കുമ്പോഴും തെറി വിളിക്കാൻ മടിക്കാത്ത ജോർജ് ജെറോം മരക്കാരൻ അത്ര പെട്ടെന്നൊന്നും വായനക്കാരുടെ മനസ്സിൽ നിന്ന് മായുകയില്ല. ആ കഥാപാത്രത്തോടും കാരുണ്യം കാണിക്കാൻ ശ്രമിക്കുന്നിടത്താണ് ജെസബേൽ അവളുടെ കരുത്ത് തിരിച്ചു പിടിക്കുന്നത്. ലില്ലി ജോർജ് മരക്കാരൻ എന്ന അമ്മായിയമ്മ കഥാപാത്രവും വളരെ നന്നായി. കബീർ മുഹമ്മദ് എന്ന കരുത്തുറ്റ കഥാപാത്രത്തെ നിർണ്ണായക സമയത്തെ ചില അധിക സംഭാഷണങ്ങളെക്കൊണ്ട് നിർവീര്യമാക്കി എന്നും തോന്നി. എയ്ബൽ, സാറ, പീറ്റർ തോമസ്, നന്ദഗോപൻ തുടങ്ങിയ കഥാപാത്രങ്ങളുടെ പ്രസക്തി നോവലിസ്റ്റിന് പൂർണ്ണമായി ഉപയോഗിക്കാനായില്ല. വെല്യമ്മച്ചി എന്ന കഥാപാത്രം ഏറെ കരുത്തോടെ മുന്നിട്ടു നിൽക്കുന്നുണ്ട്. "നിങ്ങളിനി ഈ വീട്ടിൽ കയറരുത്. എന്റെ കൊച്ചുങ്ങളെ വഴി തെറ്റിക്കാൻ ഞാൻ സമ്മതിക്കേല" എന്ന് പറയുമ്പോൾ, "നിന്റെ കൊച്ചുങ്ങളെ നീ തന്നെ വഴി തെറ്റിച്ചോടീ, ഞാനൊന്നും മത്സരത്തിനില്ല" എന്ന് പറയുന്ന, വഴി തെറ്റിപ്പോയ അമ്മയ്ക്ക് വേണ്ടി മകൾ സന്ധ്യാപ്രാർത്ഥനയിൽ കർത്താവിനോട് ക്ഷമ യാചിക്കുമ്പോൾ "എന്നെ ഇനിയും വഴി തെറ്റിക്കണെ കർത്താവെ" എന്ന് പ്രാർത്ഥിക്കുന്ന വല്യമ്മച്ചി - നന്നായി.

ഭാഷാ ശൈലി
===========
ആരാച്ചാർ വായിച്ചു തുടങ്ങിയപ്പോൾ വായന അല്പം കഠിനമായിരുന്നു. കുറച്ചു മുന്നോട്ടു പോയതിന് ശേഷമാണ് വായനക്ക് ഒഴുക്ക് കിട്ടിയത്. എന്നാൽ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ തെളിവുള്ള നല്ല ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത് എന്നതിനാൽ ആരാച്ചാരെക്കാൾ വായനാസുഖം ഇതിനുണ്ട്. ആരാച്ചാരുടെ അത്ര ആഴം എഴുത്തിൽ ഉണ്ടോ എന്ന് സംശയിക്കുമ്പോഴും ചിന്തയിൽ ഒട്ടും പിറകിലല്ല ഈ നോവൽ എന്ന് പറയാനാകും. ബൈബിൾ അധിഷ്ഠിതമായി എന്നും വേണമെങ്കിൽ പറയാവുന്ന ഒരു വിഷയത്തിൽ എഴുതപ്പെട്ട നോവലിൽ ബൈബിൾ പഴയ നിയമത്തിന്റെ ചെറിയ സ്വാധീനം നമുക്ക് ആരോപിക്കാം. പക്ഷെ അതത്ര പ്രകടമല്ല എന്നും സമ്മതിക്കേണ്ടി വരും.

സംഭാഷണങ്ങൾക്കൊപ്പം അത് പറയുന്ന വികാരത്തെ കൂടി ബന്ധിപ്പിക്കുന്ന രീതിയിലുള്ള എഴുത്ത് നോവലിൽ പല ഭാഗത്തുമുണ്ട്. ഇത് സവിശേഷവും ഫലപ്രദവുമാണ്. ഉദാഹരണത്തിന്, ഒരു ഭാഗം ശ്രദ്ധിക്കുക.

"ജെസബേലിന്റെ കണ്ണുകൾ നനഞ്ഞു. "എന്തെങ്കിലും പ്രശ്നമുണ്ടോ ജെസബേൽ" എന്ന് അദ്വൈത് അധീരനായി. "പഠിക്കാൻ പറ്റുന്നില്ല" എന്നു ജെസബേൽ നെടുവീർപ്പിട്ടു. "അതൊക്കെ തോന്നൽ മാത്രമാണ് എന്ന് അദ്വൈത് ആശ്വസിപ്പിച്ചു. "ഏകാഗ്രത കിട്ടേണ്ടേ" എന്ന് ജെസബേൽ പരിഭവിച്ചു. "എന്തു പ്രശ്നമായാലും എന്നോട് പറയൂ. എന്നെക്കൊണ്ടു കഴിയുന്നതു ഞാൻ ചെയ്യാം" എന്ന് അദ്വൈത് സർവ്വസന്നദ്ധനായി. "വിവാഹമോചന കേസിന്റെ വിധിയുടെ കാര്യത്തിൽ അദ്വൈതിന് എന്തു ചെയ്യാൻ കഴിയും എന്ന് ജെസബേൽ പരാതിപ്പെട്ടു. അദ്വൈത് അവളെ കാരുണ്യത്തോടെ നോക്കി."

ഇത്തരം സംഭാഷണങ്ങളുടെ അലങ്കരിച്ച എഴുത്ത് നോവലിൽ പലയിടത്തും കാണാം. അവ ഹൃദ്യവുമാണ്.

കുറ്റപത്രം
=========
സ്വവർഗ്ഗരതി എന്ന വിഷയത്തെ ലാഘവത്വത്തോടെയാണ് കൈകാര്യം ചെയ്തത് എന്ന് തോന്നി. കംബൈൻഡ് സ്റ്റഡി സമയത്ത് മകൻ കൂട്ടുകാരനോടൊത്ത് ലൈംഗീക ബന്ധത്തിലേർപ്പെടുന്നത് കണ്ട ഒരമ്മയും അതറിഞ്ഞ കർശനക്കാരനായ അപ്പനും വിവേകശാലിയായ അമ്മാച്ചനും കുറ്റകരമായ അനാസ്ഥയോടെ അത് കല്യാണത്തോടെ നേരെയാവും എന്ന് വിചാരിച്ചു കൈയും കെട്ടി ഇരുന്നു എന്നത് തീർത്തും യുക്തി രഹിതവും ആ പ്രശ്നത്തിൽ ഉൾപ്പെട്ട യഥാർത്ഥ ആളുകളോടുമുള്ള പരിഹാസവുമായി തോന്നി. ചെറിയ കുട്ടിയോട് അയാൾ കാണിക്കുന്ന ലൈംഗീക അതിക്രമവും ഭാര്യയോട് തീർത്തും ഒരു നിസ്സഹകരണമല്ല കാണിക്കുന്നത് എന്നതും ചെറുപ്പത്തിലേ നല്ല ഒരു കൗൺസിലിംഗ് കൊടുത്താൽ നേരെയാക്കാവുന്നതേ ഉണ്ടായിരുന്നുള്ളു എന്ന പ്രതീതിയാണ് നൽകിയത്. അതേ സമയം അദ്വൈതിന്റെ പ്രശ്നം യാഥാർത്ഥവും ഗൗരവതരവുമാണ്.

പതിനഞ്ചു വയസ്സുള്ള കുട്ടിയെ ഉപദ്രവിച്ചയാൾക്ക് നിയമപ്രകാരം വധ ശിക്ഷ കൂടെ കിട്ടാവുന്ന ഒരു കേസ് (ഇന്ന്) നില നിൽക്കാമെന്നിരിക്കെ മുപ്പതുകാരി പതിനഞ്ചു വയസ്സുള്ള ആൺകുട്ടിയുമായി ഇണ ചേർന്നതും പിന്നീട് അവർക്കൊരു കുട്ടിയുണ്ടായതുമെല്ലാം മഹത്വവൽക്കരിച്ചത് ഫെമിനിസം എന്ന രാഷ്ട്രീയക്കണ്ണിലൂടെ മാത്രമേ നെറ്റി ചുളിക്കാതെ വായിക്കാനാവൂ. ആണു ചെയ്താലും പെണ്ണു ചെയ്താലും കുട്ടികൾക്കെതിരെയുള്ള അതിക്രമം കുട്ടികൾക്കെതിരെയുള്ള അതിക്രമം തന്നെയാണ്. അവിടെ സമ്മതം ഒരു ന്യായീകരണമല്ല.

വിവാഹവും കുടുംബ ബന്ധങ്ങളും ആഗോളവൽക്കരണത്തിൽ ഇറക്കുമതി ചെയ്ത പ്രശ്നങ്ങളിൽ പെട്ട് ശ്വാസം മുട്ടിക്കൊണ്ടിരിക്കുന്ന സമയത്ത് വിവാഹമോചനത്തെ നോവൽ മഹത്വവൽക്കരിച്ചുവോ എന്നു ഞാൻ സംശയിക്കുന്നു. വിവാഹത്തിന് പുറത്തു യഥേഷ്ടം ഇട പഴകിയ ശേഷം (ഇണ ചേരലുൾപ്പെടെ) മാത്രം ഒരു പങ്കാളിയിലേക്ക് എത്തിയാൽ മതി എന്നാണോ എഴുത്തുകാരി പറയാൻ ശ്രമിച്ചത് എന്ന ഒരു സന്ദേഹം വായനക്കാർക്കുണ്ടായാൽ അവരെ കുറ്റം പറയാൻ പറ്റില്ല.

പീഡാനുഭവം.
============
ആരാച്ചാർ എഴുതാൻ കെ ആർ മീര എത്ര മാത്രം അന്വേഷണങ്ങൾ നടത്തിയിട്ടുണ്ടാവണം എന്ന് ഞാൻ അത്ഭുതപ്പെട്ടിരുന്നു. എന്നാൽ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എഴുതാൻ അതിലും എത്ര മാത്രം വായനയും അന്വേഷണവും പഠനവും നടത്തിയിരിക്കും എന്ന് ഞാൻ അതിശയിക്കുന്നു. ബൈബിളിനെ അധികരിച്ചാണ് ഈ നോവലിന്റെ ചട്ടക്കൂട് ഒരുക്കിയിരിക്കുന്നത്. അത് ഏതെങ്കിലും ഒരു കഥയെയോ പുതിയ നിയമത്തെയോ മാത്രം ആസ്പദമാക്കിയുമല്ല. ബൈബിളിൽ പല സന്ദർഭങ്ങളിലായി പറഞ്ഞിരിക്കുന്ന കാര്യങ്ങളെ സ്ത്രീ പക്ഷത്തു നിന്നു കൊണ്ട് അവതരിപ്പിക്കുകയാണ് മീര ചെയ്തിരിക്കുന്നത്. ആഴമുള്ള വായനയും ഗവേഷണവും കൂടാതെ അത് സാധ്യമല്ല. ഈ അന്വേഷണം വിശ്വാസമില്ലായ്മയിലേക്കാണല്ലോ പ്രധാന കഥാപാത്രത്തെ നയിച്ചത് എന്ന് ആകുലപ്പെടുമ്പോഴും അതിനായി നടത്തിയ കഷ്ടപ്പാട് ഒരു പീഡാനുഭവത്തോളം തന്നെ വേദനാജനകമെന്നതിൽ തർക്കമില്ല.

പ്രധാന കഥാപാത്രങ്ങളെല്ലാം ഡോക്ടർമാർ പ്രധാന കഥാ സന്ദർഭങ്ങളെല്ലാം രോഗാവസ്ഥയും ആശുപത്രിയുമായി ബന്ധപ്പെട്ട്. വൈദ്യശാസ്ത്രത്തിൽ നല്ല അറിവും നിരീക്ഷണവും നടത്താതെ ഇതെഴുതാൻ സാധ്യമല്ല. ഇതിനായി എഴുത്തുകാരി എത്ര അന്വേഷണം നടത്തിയിരിക്കാം എന്നതും എന്നെ അതിശയിപ്പിക്കുന്നു. ഒരു നോവലിനായി ഇങ്ങനെയൊക്കെ ആളുകൾ അന്വേഷണം നടത്തുമോ? നോവലെഴുത്തിന്റെ പീഡാനുഭവ ദിനങ്ങൾ യാഥാർഥ്യമാവുമ്പോൾ ഉയിർപ്പിന്റെ മഹത്വം നിഷേധിക്കുക വയ്യല്ലോ.

പുനരുത്ഥാനം
============
അജ്ഞതയിലും അടിമത്തത്തിലും കുരുങ്ങിക്കിടക്കാതെ അറിവ് ശക്തിയാണെന്നറിഞ്ഞു അറിവ് നേടാനും അതിലൂടെ സമൂഹത്തിന് നന്മ ചെയ്ത് അതിൽ നിന്ന് ലഭിക്കുന്ന സന്തോഷം ധാരാളമായി അനുഭവിക്കാനും സ്ത്രീകളോട് അധ്വാനം ചെയ്യുന്ന ഒരു നോവലാണ് സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ. സമൂഹത്തോട് പോയി പണി നോക്കാൻ പറയ്, നീ ധൈര്യത്തോടെ നിനക്ക് ശരിയെന്ന് തോന്നുന്ന വിധം നല്ല കാര്യങ്ങൾ ചെയ്ത് ശക്തിയാർജ്ജിക്കൂ എന്ന് ധൈര്യം കൊടുക്കുന്ന വെല്യമ്മച്ചിയും ലക്ഷണക്കണക്കിന് കുട്ടികളുടെ രോഗങ്ങൾക്ക് പ്രതിവിധി കൊടുക്കാൻ ശക്തയായ നീ വിഷാദിച്ചു സമയം കളയാതെ മുന്നോട്ടിറങ്ങി കർമ്മനിരതയാവൂ എന്നു പറയുന്ന കുര്യൻ സാറുമെല്ലാം ഈ ആശയത്തെ ശക്തമായി പിന്താങ്ങുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ ബേധമില്ലാതെ എല്ലാ മനുഷ്യരിലുമുള്ള നന്മയെ കാണാനും എല്ലാവർക്കും കാരുണ്യം ആവശ്യമാണ് എന്ന സന്ദേശം നൽകാനും ഈ നോവലിന് കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ നൽകുന്ന കാരുണ്യം കരുത്തിൽ നിന്നെ നൽകാനാവൂ എന്നും അത് വിജയമാണെന്നും കെ ആർ മീര എന്ന നോവലിസ്റ്റ് മറയില്ലാതെ വ്യക്തമാക്കുന്നുണ്ട്.

അന്ത്യവിധി
==========
ആസ്വദിച്ച് നോവൽ വായിക്കാൻ താൽപര്യപ്പെടുന്ന വായനക്കാരേ, നിങ്ങളെ ഈ നോവൽ വായിക്കാനും അതിലെ കഥാപാത്രങ്ങളോടു കൂടെ സഞ്ചരിക്കാനും അവരുടെ ചിരിയിലും വിഷാദത്തിലും ആകുലതയിലുമെല്ലാം പങ്കു ചേരാനും അങ്ങനെ വായനയിൽ നിന്ന് ലഭിക്കുന്ന ആഹ്ലാദം അനുഭവിക്കാനും നിങ്ങൾക്ക് യോഗമുണ്ടാവട്ടെ എന്ന് വിധിച്ചു കൊള്ളുന്നു.

പോൾ സെബാസ്റ്റ്യൻ
Sooryane Aninja Oru Sthri

Sunday, July 15, 2018

മലബാർ എക്സ്പ്രസ്സ്




തിന്മയുടെ അധിനിവേശത്തിനെതിരെ ജാഗരൂകരായിരിക്കാൻ ആഹ്വാനം നൽകുന്ന കഥകളാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ മലബാർ എക്സ്പ്രസ്സ് എന്ന കഥാസമാഹാരത്തിൽ നമുക്ക് കാണാനാവുക. തിരിഞ്ഞുനോട്ടത്തിന് പ്രേരിപ്പിക്കുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ യാഥാർഥ്യങ്ങളുടെ തിരിച്ചറിവിലേക്കെത്തുന്നവരുടെ ഭീതിയുടെയും മരണത്തിന്റെയും നിസ്സഹായതയുടെയും കഥകളാണ് ഇവ. പൊയ്മുഖങ്ങളണിഞ്ഞെത്തുന്ന അധിനിവേശ ശക്തികളുടെ ആക്രമണത്തിൽ നിസ്സഹായമായ പ്രകൃതിയും സമ്പദ് വ്യവസ്ഥയും മനുഷ്യരുമാണ് ഇതിലുള്ളത്. കുടുംബ ജീവിതത്തിന്റെ ഉള്ളറകളിലേക്കും സ്നേഹവസ്ത്രത്തിന്റെ നൂലിഴകളിലേക്കും തിരിഞ്ഞു നോക്കുന്ന കഥകളും ഇതിലുണ്ട്. ആകെ പന്ത്രണ്ടു കഥകൾ.

മലയാളത്തിലെ ചെറുകഥാ ശാഖ ഏറെ സജീവമാണ്. ഒട്ടേറെ നല്ല കഥാകൃത്തുക്കൾ നമുക്കുണ്ട് എന്ന് മാത്രമല്ല, ഇവരെല്ലാം തുടർച്ചയായി എഴുതിക്കൊണ്ടുമിരിക്കുന്നുണ്ട്. ശൈലിയിൽപുതുമയും കഥകളിൽ വ്യത്യസ്തതയും കൊണ്ടു വരുന്ന കഥാകൃത്തുക്കളെ വായനക്കാർ ഏറ്റെടുക്കുന്നുമുണ്ട്. ഇതിനിടയിൽ പലപ്പോഴും വസ്ത്രത്തിന്റെ ഭംഗി വ്യക്തിയുടെ മഹത്വമായി കൊട്ടിഘോഷിക്കപ്പെടാറുമുണ്ട് എങ്കിലും ആഴമുള്ള വിഷയങ്ങളെ അതർഹിക്കുന്ന ഗൗരവത്തോടെ കഥാരചയുടെ സാദ്ധ്യതകൾ മനോഹരമായി ഉപയോഗിച്ച് വായന അനുഭവമാക്കുന്ന എഴുത്തുകാർ നമുക്ക് കുറവാണ്. ഇങ്ങനെ ചിന്തിക്കുമ്പോൾ മലയാള ചെറുകഥാകൃത്തുക്കളുടെ മുൻനിരയിലാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ സ്ഥാനം എന്ന് മലബാർ എക്സ്പ്രസിലെ കഥകൾ സാക്ഷ്യപ്പെടുത്തുന്നു. അതിനാൽ തന്നെ ചെറുകഥയെ ഇഷ്ടപ്പെടുന്ന മലയാളി വായനക്കാർക്ക് തീർച്ചയായും ഒഴിവാക്കാനാവാത്ത ഒരു പുസ്തകമാണ് ഇത്.

ഒന്നാംതരം എന്ന് മാത്രം പറയാവുന്ന ആറ് കഥകൾ ഈ സമാഹാരത്തിലുണ്ട്. ആദ്യത്തെ മൂന്നു കഥകളും അവസാനത്തെ മൂന്നു കഥകളും. ഓരോ കഥകളും വായനക്കാരെ ചിന്തിപ്പിക്കുകയും അനുഭവിപ്പിക്കുകയും ആസ്വദിപ്പിക്കുകയും ചിലപ്പോഴൊക്കെ ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ബാക്കിയുള്ള കഥകളും സാമാന്യനിലവാരത്തിലും ഏറെ ഉയർന്നു നിൽക്കുന്നവയാണ്.

വിശ്വാസവും അന്ധവിശ്വാസവും തിരിച്ചറിയാൻ പറ്റാത്ത വിധം ഇഴ ചേർന്നിരിക്കുന്ന സമൂഹത്തിൽ പുരോഗതിയെ തളച്ചിടാൻ മതങ്ങളെ ഉപയോഗിക്കുന്ന അധിനിവേശത്തിന്റെ കറുത്ത ഫലിതമായാണ് ആകാശപേടകം എന്ന കഥയെ കഥാകൃത്ത് രൂപപ്പെടുത്തിയിരിക്കുന്നത്. വായുവിന്റെ ഘർഷണത്തിൽ ഉരുകിപ്പോകാത്ത ഒരു റോക്കറ്റ് ഉണ്ടാക്കുക എന്ന ബാഹിസിന്റെ സ്വപ്നത്തിന്റെ പിറകെ വായനക്കാരെ കൊണ്ട് പോവുകയാണ് ഈ കഥയിൽ. തീവ്രവാദത്തെ വർഗീയവൽക്കരിക്കുന്നതിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ എന്ന് ഏറെ ആനുകാലിക പ്രസക്തിയുള്ള ഈ കഥ സമർത്ഥിക്കുന്നു. "ഈ ഭൂമി ജീവിക്കാൻ കൊള്ളാത്തതാണ് പ്രഭാകരാ. എന്റെ യഥാർത്ഥ ബന്ധുക്കൾ വേറെ ഗ്രഹത്തിലാണ്. അവിടെ എന്നെ മനസ്സിലാക്കുന്ന ധാരാളം പേരുണ്ടാകും" എന്ന പ്രതീക്ഷയാണ് ബാഹിസിനെക്കൊണ്ട് ഈ സാഹസത്തിന് പ്രേരിപ്പിക്കുന്നത് എന്നിടത്ത് കഥാകാരൻ ഇന്നത്തെ ലോകത്തിന്റെ ശോചനീയമായ അവസ്ഥയെയാണ് ഉന്നം വെക്കുന്നത്.

ഏറെ സരസമായാണ് കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ എന്ന കഥ ശിഹാബുദ്ദീൻ എഴുതിയിരിക്കുന്നത്. കോഴികളെ വളർത്തുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഉമ്മയാണ് പ്രധാന കഥാപാത്രം. ഉമ്മ വളർത്തുന്ന കോഴികളെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ കൊല്ലപ്പെടും. അത് മെഷീൻ കോഴികളായതിനാലാണ് അതങ്ങനെ, നാടൻ കോഴികളായാൽ അങ്ങനെയുണ്ടാവില്ല എന്ന് കരുതി നാടൻ കോഴികളെ വാങ്ങി കൊണ്ടുവരാൻ സാഹിത്യകാരനായ മകനോടൊത്തുള്ള യാത്രയൊക്കെ നമ്മെ ചിരിപ്പിക്കുക തന്നെ ചെയ്യും. ഇങ്ങനെ ചിരിപ്പിക്കുമ്പോഴും, പ്രകൃതിയിലേക്ക് നാം നടത്തുന്ന അധിനിവേശത്തെയാണ് കഥാകൃത്ത് ഉന്നം വെക്കുന്നത്. തലമുറകളിലൂടെ നമുക്ക് പകർന്ന് കൊടുക്കേണ്ട അറിവുകൾ കൊടുക്കാതെ വെറും ഉപദേശികളായ ഒരു സമൂഹമായി നാം മാറിയോ എന്ന പരിചിന്തനവും ഈ മികച്ച കഥയുടെ സവിശേഷതയാണ്. മറ്റുള്ളവരിലേക്ക് വിരൽ ചൂണ്ടുമ്പോൾ സ്വയം ഒരു ആത്മപരിശോധനയും നല്ലതാണ് എന്ന് എഴുത്തുകാരൻ ഇടയ്ക്കിടെ ചിന്തിക്കുന്നുണ്ട്. ചൂണ്ടുവിരൽ, അറസ്റ്റ് എന്ന കഥകളിൽ ഇത് കൂടുതൽ വ്യക്തമാക്കുന്നുണ്ട്.

ഒറിജിനലുകളെ തോല്പിക്കുന്ന ഡ്യൂപ്ലിക്കേറ്ററുകളുടെ കാലത്ത് ജീവിക്കുന്ന ഓരോരുത്തരും ജാഗരൂകരായിരിക്കേണ്ടതിന്റെ ആവശ്യകതയാണ് ബസ്‌തുകര എന്ന മികവുറ്റ കഥയിലൂടെ എഴുത്തുകാരൻ ചൂണ്ടിക്കാണിക്കുന്നത്. വിശപ്പു താങ്ങാൻ വയ്യാതെ നാടു വിട്ട അവ്വക്കർ ഹാജി മുളകു കച്ചവടക്കാരനായി തിരിച്ചു വരുന്നതും, അയാളുടെ നന്മയെയും ബാബുരാജിന്റെ പാട്ടുകളോടുള്ള അയാളുടെ ദൗർബല്യവും ചൂഷണം ചെയ്യുന്നതുമാണ് ഈ കഥയുടെ .പ്രമേയം. ദൗര്ബല്യങ്ങളിൽ പദസഞ്ചയമിടുന്ന അധിനിവേശത്തിന്റെ കപട അവതാരങ്ങളെപ്പറ്റി മാത്രമല്ല, മുളകും പുളിയും ഗോഡൗട്ടുകളിൽ വിളയുന്ന കെട്ട കാലത്തെപ്പറ്റിയും ഈ കഥ മുന്നറിയിപ്പ് തരുന്നുണ്ട്.

ലാഭത്തിനും സൗകര്യത്തിനും വേണ്ടിയും നിവൃത്തികേടുകൊണ്ടും മൂല്യങ്ങളിലും വിശ്വാസങ്ങളിലും മാറ്റം വരുത്തി വരുത്തി ഒടുവിൽ വരാനിരിക്കുന്ന മഹാ വിപത്തിനെപ്പറ്റിയാണ് സിമെന്റഡ് എന്ന കഥ ആകുലപ്പെടുന്നത്. "പാവപ്പെട്ടവൻ വീട് പണിയുന്നതിന് വീടു പണി എന്നല്ല, വിടുപണി എന്നാണ് വിളിക്കേണ്ടത്" എന്ന് ചിന്തിക്കുന്ന കഥാപാത്രം (ഞാൻ), "സുഹൃത്തേ, ദയവായി വഴി തെറ്റാതെ, പാർട്ടി, പ്രസ്ഥാനം എന്നൊക്കെ പറഞ്ഞു ചർച്ച ചെയ്ത് സമയം കളയാതെ കൂടുതൽ കോൺക്രീറ്റായ നിലപാടിലേക്ക് വരൂ." എന്ന് പ്രലോഭിപ്പിക്കുന്ന ലോകത്തിന്റെ സ്പന്ദനം തന്നെ കോൺക്രീറ്റിലാണ് എന്ന് ചിന്തിക്കുന്ന ഡൊമിനിക്ക് ഇവരിലൂടെയാണ് കഥാകൃത്ത് കഥ അവതരിപ്പിക്കുന്നത്.

ദാരിദ്ര്യവും ദാമ്പത്യവും അവയ്ക്കിടയിലെ കലഹങ്ങളും അനുരഞ്ജനങ്ങളും പ്രതീക്ഷകളുമാണ് താജ്മഹലിലെ തടവുകാർ എന്ന കഥയിൽ പറയുന്നത്. വിവാഹം ഒരു തടവറയാണ് എന്ന പേരിലെ സൂചന അറസ്റ്റ് എന്ന കഥയിൽ കൂടുതൽ വ്യക്തമായി പറയുന്നുണ്ട്. "പരസ്പരമുള്ള അറസ്റ്റല്ലാതെ മറ്റെതെന്താണ് ദാമ്പത്യം" എന്ന് സാമാന്യം മികച്ച അറസ്റ്റ്' എന്ന കഥയിൽകഥാകാരൻ ചോദിക്കുന്നു. മരണവും ഭയവും വില്ലന്മാരായ ഷിഹാബുദ്ദീന്റെ കഥകളിൽ തിളങ്ങുന്നുണ്ട്. അറസ്റ്റ്‌, പെരുമാൾ, തൊട്ടു പിറകിൽ എന്നീ കഥകൾ ഇതിന് സാക്ഷ്യം പറയും.

വെള്ളത്തിലിട്ട ഒതളങ്ങ പോലെ ഒഴുക്കിനൊത്തു നീന്തുന്ന ഹുമയൂൺ എന്ന കഥാപാത്രമാണ് ജീവിതം അതൊന്നു മാത്രം എന്ന കഥയുടെ ജീവൻ.

ഷിഹാബുദ്ദീന്റെ ഏറ്റവും മികച്ച കഥകളിലൊന്നാണ് മരമില്ലിലെ കുറുക്കൻ. വിശപ്പിന്റെ വിളിക്കു മുന്നിൽ കീഴടങ്ങി മരമില്ലിൽ വാച്ചുമേനായി ജോലി നോക്കുന്ന ഒരാളും, കാട് നഷ്ടപ്പെട്ട് അല്പം മീൻമണമുള്ള ചോറിനായി സംശയത്തോടെ അവിടെക്കെത്തപ്പെടുന്ന ഒരു കുറുക്കനുമാണ് ഇതിലെ കഥാപാത്രങ്ങൾ. "ഈ നാടിന്റെ പേര് പരപ്പൻകാട്. പരന്ന കാട് എന്നർത്ഥം. കാടെല്ലാം വെട്ടിക്കളഞ്ഞ സാമൂഹ്യ സാഹചര്യത്തിൽ ഒരു കുറുക്കന്റെ ജീവിതം എവ്വിധമായിരിക്കുമെന്ന് നിങ്ങളെക്കാൾ നന്നായി എനിക്കൂഹിക്കാൻ കഴിയും. കാരണം, വേറെ നിലയ്ക്ക്, രാത്രി വാച്ച്മാൻ അനുഭവിക്കുന്ന സാമൂഹ്യ തിരസ്കാരം അതാണ്." ഇവ്വിധം കുറുക്കനെന്ന രൂപകത്തെ സ്ഥാപിച്ചെടുക്കുന്ന കഥാകൃത്ത് പിന്നീട്, കുറുക്കന്റെ അവസ്ഥയിലൂടെ അയാൾ കടന്നു വന്ന വഴികളെപ്പറ്റി പറയുകയാണ്. "നീ അറിയുമോ, നിന്നെപ്പോലെ നിന്റെ കൗശലങ്ങളും അനാഥമാണ്. അനാസൂത്രിതമാണ്. ഇടയ്ക്കു പിടിയിലായിപ്പോയ അവശയായ ഒരു പക്ഷിയെ കൈക്കുള്ളിലൊതുക്കുമ്പോൾ നീ ലോകം പിടിച്ചടക്കിയ പോലെ രോമം കുടഞ്ഞെണീക്കുന്നു. ഒരു ചെറു ഞണ്ടു പോലുമില്ലാത്ത വിശപ്പിന്റെ ദിനങ്ങളിലാവട്ടെ, എല്ലാ ആത്മവിശ്വാസവും നഷ്ടപ്പെടുകയും ചെയ്യുന്നു." സമൂഹനന്മക്കായി വിപ്ലവത്തിലെക്ക് എടുത്തു ചാടിയവർക്ക് സമൂഹത്തിൽ നിന്ന് പകരം ലഭിച്ച ഒറ്റപ്പെടുത്തലിന്റെ വേദന ഈ കഥ നന്നായി വരച്ചു കാണിക്കുന്നു. "എന്നെ നോക്ക്, എന്റെ രണ്ടു തുടകൾക്കു മീതെ അടിയന്തരാവസ്ഥ ഉരുണ്ടു പോയതിന്റെ അടയാളം." എന്ന് പറയുന്ന അയാളുടെ ചിന്തകൾ, "നിരന്തരം പരാജയപ്പെടാനല്ലാതെ മറ്റൊന്നിനുമല്ല നമ്മളെപോലുള്ളവരുടെ ജീവിതം" എന്നാണ്. പ്രലോഭനങ്ങൾക്ക് മുൻപിലും വിട്ടു കൊടുക്കാതെ, "കാഴ്ചകളിലേക്ക് ചുരമാന്തുന്ന ആ കൃഷ്ണമണികളിൽ വീണ്ടും വീണ്ടും നിറയുന്നത് ആലോചനകളല്ലാതെ മറ്റെന്താണ്?' രചനാ വൈഭവം കൊണ്ട് മികച്ചതാണ് വെറും നാലര പേജിൽ പറഞ്ഞ ഈ കഥ.

കാലം കടന്നുപോയപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾക്ക് സംഭവിച്ച ആശയ അപചയത്തിന്റെയും അത് തിരിച്ചറിയുന്ന ജനങ്ങളുടെയും കഥയാണ് മലബാർ എക്സ്പ്രസ്സ്. അനുയായികളാൽ ചുറ്റപ്പെട്ട്, ഇപ്പോഴും എ സി കംപാർട്മെന്റിൽ മാത്രം യാത്ര ചെയ്യാറുള്ള ഒരു ആയിരം കളത്തിൽ ഗോവിന്ദൻ(ജൂനിയർ എ കെ ജി) ഒരു സാധാരണ കംപാർട്മെന്റിൽ രണ്ടു സ്റേഷനിടയിൽ പെട്ടുപോകുന്ന കഥയാണ് ഇത്. "ആരും കയറുകയോ ഇറങ്ങുകയോ ചെയ്യാത്ത ഈ കമ്പാർട്ട്മെന്റ് നിശ്ചലമായ ഒരു അതീന്ദ്രീയ കാലത്തിൽ അടക്കി വെച്ച വലിയൊരു ശവപ്പെട്ടിയല്ലാതെ മറ്റെന്താണ്?" എന്ന് എഴുത്തുകാരൻ ചോദിക്കുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ പൂർണ്ണമായും അവഗണിക്കുന്ന അവസ്ഥ. "ഇനിയും സമാഗമമാകാത്ത ഏതോ കോണിൽനിന്നും അനാഥമായ ഒരു കുട്ടിയെപ്പോലെ കൈകാലിട്ടടിച്ചു." "എടാ, ഒന്ന് മാറി നിൽക്കൂ, ഞാനൊന്നു വെളിച്ചം കാണട്ടെ. സ ഗോവിന്ദൻ വീണ്ടും അലറി......ഇവിടെ എവിടെയും വെളിച്ചമില്ല അയാൾ വികാരശൂന്യനായി പിറുപിറുത്തു." ഈ അവസ്ഥയിൽ "സഘാക്കളാരെങ്കിലുമുണ്ടെങ്കിൽ ശ്രദ്ധിക്കുക ഞാൻ സഖാവ് ആയിരം കളത്തിൽ ഗോൺവിന്ദൻ. ഇരിക്കാൻ ഒരിത്തിരി സ്ഥലം തരുമോ? അടുത്ത സ്റേഷനിലിറങ്ങും" എന്ന് ചോദിക്കുന്നതിനുള്ള പ്രതികരണത്തിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു സ്വയം വിമര്ശനത്തിനുള്ള അവസരമാണ് കൊടുക്കുന്നത്. തീർത്തും മികച്ചതാണ് ആക്ഷേപഹാസ്യപ്രധാനമായ ഈ കഥ.

നാലു കാര്യങ്ങളാണ് ഷിഹാബുദ്ദീന്റെ കഥകളിൽ ഞാൻ പ്രത്യേകമായി ശ്രദ്ധിച്ചത്.

ഒന്ന്: ദാരിദ്ര്യം മനുഷ്യനെ എങ്ങനെ നിസ്സഹായനാക്കുന്നു എന്ന് ഷിഹാബുദ്ദീന്റെ കഥകളുടനീളം നാം കാണും. ആകാശപേടകത്തിലെ ബഹിസ്, ബസ്‌തുക്കരയിലെ അവുക്കർഹാജി, സിമെന്റ്റഡിലെ ഞാൻ, താജ്മഹലിലെ തടവുകാരിൽ ഷാജഹാൻ, മരമില്ലിലെ കുറുക്കനിലെ വാച്ച്മാൻ, ജീവിതം അതൊന്നുമാത്രമിലെ ഹുമയൂൺഇങ്ങനെ അത് തുടരുന്നു. ഇങ്ങനെ പ്രധാന കഥാപാത്രങ്ങളെ ദരിദ്രരാക്കാത്ത അവസരത്തിലും ദാരിദ്ര്യം അവിടെ സാന്നിധ്യം അറിയിക്കുന്നുണ്ട്. മലബാർ എക്സ്പ്രസിലെ കംപാർട്മെന്റ് മുഴുവൻ ദരിദ്രരുടേതാണ്. കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ എന്ന കഥയിലെ സാഹിത്യകാരന്റെ അവസ്ഥയിലും ദാരിദ്ര്യം നമുക്ക് കാണാം. പലപ്പോഴും ദാരിദ്ര്യത്തെയാണ് ചൂഷണം ചെയ്യുന്നത്. അതെ സമയം, അധിനിവേശം പൊയ്മുഖമണിയുന്നതും ദരിദ്രനെന്ന പേരിലാണ് എന്നതും ചിന്തനീയം. അക്രമം, അഴിമതി, ദാമ്പത്യപ്രശ്നങ്ങൾ ഇങ്ങനെ ഇന്നത്തെ സാമൂഹ്യ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ദാരിദ്ര്യമാണ് എന്ന് ഷിഹാബുദ്ദീന്റെ കഥകൾ പറയാതെ പറയുന്നു.

രണ്ട്: രചനയുടെ വൈദഗ്ദ്യം. തീർത്തും അനായാസമായി വായിക്കാവുന്ന വിധം ലളിതമാണ് ഷിഹാബുദീന്റെ ഭാഷ. അതെ സമയം ദർശനങ്ങൾ ആഴത്തിലുള്ളതും. പലപ്പോഴും പറയാനുദ്ദേശിക്കുന്നത് ഒരു സമ്മാനപ്പൊതി പോലെ കലാപരമായി പൊതിഞ്ഞു പറയുമ്പോഴും ഒട്ടേറെ കാര്യങ്ങൾ നേരിട്ടും പറയുന്നുണ്ട് ഷിഹാബുദ്ദിൻ. പണ്ഡിതനും പാമരനും എടുക്കാവുന്ന കവിതയും ദർശനവും നൽകുന്നതിലെ മികവ് എടുത്തു പറയണം. "ജീവിതത്തെ ഒരു യാത്രയാകുന്നത് ഒരിക്കലും ഒന്നു ചേരാത്ത ആ പാളങ്ങൾ തന്നെ" എന്ന് ശിഹാബുദ്ദീൻ പറയുന്നത് അനായാസേനയാണ്. രൂപകങ്ങളാൽ സമൃദ്ധമാണ് ശിഹാബുദ്ദീന്റെ കഥകൾ. കുറുക്കനും കോഴിയും മുളകും റോക്കറ്റും എല്ലാം ഷിഹാബുദീന്റെ രചനയിൽ പ്രതിനിധികളാണ്. ഞാൻ ആണ് പലപ്പോഴും കഥ പറയുന്നത്. പക്ഷെ എന്റെ കഥയല്ല എല്ലായ്പ്പോഴും പറയുന്നത് എന്നതിനാൽ തന്നെ അത് വായനക്കാർക്ക് ഇഷ്ടപ്പെടുന്നുണ്ട്.

മൂന്ന്: സ്വതസിദ്ധമായ കുറിക്കു കൊള്ളുന്ന നർമ്മമാണ് ശിഹാബുദ്ദീന്റെ കഥകളുടെ പ്രത്യേകത. ആക്ഷേപഹാസ്യം അതിന്റെ മികവുറ്റ അവസ്ഥയിലാണ് പല കഥകളിലും കാണാനാവുക. കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ, മലബാർ എക്സ്പ്രസ്സ് എന്നീ കഥകൾ ആക്ഷേപ ഹാസ്യപ്രധാനമാണ്. മറ്റു കഥകളിലും ഇത് ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു. ചിന്തിച്ചു ചിരിക്കാനുതകുന്നവയാണ് ഇവയെല്ലാം. അതെ സമയം പൂർണ്ണ ഗൗരവമുള്ള വിഷയത്തെക്കുറിച്ചുമാണവ.
"അപ്പം നീ മങ്ങലം കഴിച്ചില്ല?" "ലൗ മാര്യേജാ. ഓള് ക്രിസ്ത്യാനി, ഞാൻ ഹിന്ദു. ഒരു മോള്" "അപ്പം മോളെ നീ മുസ്ലീമാക്കി വളർത്തിയത് മതി'" "അതെന്തിനാ ഉമ്മാ?" "നാട്ടില് നെറച്ചും ജഹളയല്ലേ, കൊയപ്പംണ്ടാക്കാൻ പൊറത്ത്ന്ന് പ്രത്യേകിച്ച് ആളെ ഏറെക്കണ്ടല്ലാ.." എന്ന് ഒരിടത്തു നമുക്ക് വായിക്കാം. "ഒരു നോവൽ ചെയ്യുകയാണ്." "വെരി ഗുഡ്. നോവലിനാണെങ്കിൽ ഇപ്പോൾ വലിയ ക്ഷാമവുമാണല്ലോ. അതാവുമ്പം ഒരു ദിവസം പത്തുമുപ്പതു പേജ് വെച്ച് എഴുതാമല്ലോ. നല്ല ആരോഗ്യം വേണം അല്ലേ?" എന്ന് മറ്റൊരിടത്തും നാം വായിക്കും.
"നീ ഈ ഹിന്ദി എം. എ യൊക്കെ ഫസ്റ്റ് ക്ലാസ്സിൽ പാസായിട്ട് ഹിന്ദിക്ക് പത്താം ക്ലാസ്സിൽ 12 മാർക്ക് വാങ്ങിയ ഞാൻ തന്നെ വേണ്ടി വന്നു."
അവൾക്കത് പൊള്ളി.
"ഹിന്ദിയെന്നു പറഞ്ഞാൽ പല ഹിന്ദിയുമുണ്ട്. അവൾ ദേഷ്യം കടിച്ചു പിടിച്ചു പറഞ്ഞു."
"പക്ഷെ പ്രയോജനമില്ലാത്ത ഹിന്ദിയുമുണ്ടെന്ന് ഞാനാദ്യം മനസ്സിലാക്കുകയാ."
ശിഹാബുദ്ധീൻ നിങ്ങളെ ചിരിപ്പിക്കും, ചിലപ്പോൾ ചിരിക്കിടയിലൂടെ കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും.

നാല്: നന്മയാണ് ഈ കഥാകാരനറെയും കഥകളുടെയും മറ്റൊരു പ്രത്യേകത. ആഴത്തിൽ ചിന്തിക്കുകയും പ്രശ്നങ്ങളെ തിരിച്ചറിഞ്ഞു വിചിന്തനത്തിനായി അവതരിപ്പിക്കുകയുമാണ് ശിഹാബുദ്ദീന്റെ ശൈലി. മറ്റു കഥാകാരന്മാരിൽനിന്ന് വിഭിന്നമായി പ്രശ്നങ്ങളുടെ വേര് തേടിയുള്ള യാത്ര ഈ കഥാകാരന്റെ പ്രത്യേകതയാണ്. ചിന്തയുടെ ഈ അഗ്നിയെ രചനാവൈദഗ്ധ്യത്തിന്റെ ആലയിൽ പഴുപ്പിച്ചെടുത്ത നല്ല കഥകളാണ് ഈ സമാഹാരത്തിലുള്ളവ.

ഏറ്റവും മികച്ച ആറു കഥകളുടെ കൂടെ കൂടിയതിനാൽ മറ്റ് ആറ് കഥകൾക്ക് മോടി അല്പം കുറഞ്ഞു തോന്നിയോ എന്ന ഒരു പരാതിയൊഴികെ, അല്ലെങ്കിൽ ആ അർത്ഥത്തിൽ രണ്ടു മൂന്നു അത്തരം കഥകൾ ഒഴിവാക്കാമായിരുന്നു എന്ന ഒരു സാധ്യതയൊഴികെ ഏറെ മികച്ചതാണ് മലബാർ എക്സ്പ്രസ്സ് എന്ന കഥാസമാഹാരത്തിലെ കഥകൾ. ഷിഹാബുദ്ദീന്റെ തന്നെ മഞ്ഞുകാലം, തല എന്നീ സമാഹാരങ്ങളെക്കാൾ ഏറെ മുന്നിൽ നിൽക്കുന്നു ഇത്. നല്ല വായനക്കുള്ള ഒരു വസന്തം മുഴുവൻഒളിപ്പിച്ചു വെച്ചീട്ടുള്ള കഥകളാണ് മലബാർ എക്സ്പ്രസ്സിലുള്ളത്.
Malabar Express

Thursday, July 5, 2018

ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു





ലക്ഷ്യബോധം നഷ്ടപ്പെടുന്ന യുവത്വത്തിന്റെ ആത്മാന്വേഷണത്തിലേക്കുള്ള തിരിച്ചുപോക്കിന്റെ കഥയാണ് എം മുകുന്ദൻ എഴുതിയ നോവൽ, 'ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു'. നാശത്തിലേക്ക് കുതിക്കുന്ന ഒരു രാജ്യത്തിൻറെ സത്താന്വേഷണം കൂടിയാണ് ഈ നോവൽ.

ഡൽഹിയിലെ കോൺക്രീറ്റ് വനത്തിന്റെ ഏകാന്തതയിൽ ജോലിയുടെ ഇരുട്ടിൽ ഒളിച്ചിരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന രമേശൻ. അവന് എല്ലാറ്റിനോടും വിരക്തിയാണ്. "നാട്ടിൽ കോൺക്രീറ്റില്ല. പകരം എങ്ങും തെങ്ങുകളാണ്. നോക്കുന്നിടത്തെല്ലാം തെങ്ങുകൾ. തെങ്ങുകൾ അവനെ അസ്വസ്ഥനാക്കി. അസ്വസ്ഥത അവന്റെ കൂടെ എന്നുമുണ്ട്. നാട്ടിലായിരുന്നപ്പോൾ തെങ്ങുകൾ അവനെ അസ്വസ്ഥനാക്കി. നഗരത്തിൽ കോൺക്രീറ്റും." ഞാനീ ലോകത്തിൽ സ്ഥിരമായി ഇഷ്ടപ്പെടുന്ന എന്തെങ്കിലുമുണ്ടോ? എന്നവൻ ചിന്തിക്കുന്നുമുണ്ട്.

ഡൽഹിയിൽ ഇംഗ്ലീഷ് അറിയാത്ത സായിപ്പിന്റെ കമ്പനിയിൽ പരിഭാഷിയാണ് അവൻ. "തർജ്ജിമക്കാരനില്ലെങ്കിൽ സായിപ്പിന് ആപ്പീസിൽ അസ്തിത്വമില്ല. രമേശൻ സായിപ്പിന്റെ ജിഹ്വയാണ്‌. അദ്ദേഹത്തിന്റെ നാക്ക് നായയുടേത് പോലെ ചുവന്നിട്ടാണ്. ആ നാക്കാണോ രമേശൻ? അവന്റെ ശരീരം ഉമിനീരിൽ കുതിർന്നതാണ്. സെൻഞ്ഞ്യോർ ഹിറോസിയുടെ പുകയിലക്കറ പിടിച്ച പല്ലുകളുടെയും ചെറുനാക്കിന്റെയും ഇടയിൽ, അദ്ദേഹത്തിന്റെ വായിൽ, രമേശൻ ബന്ധനസ്ഥനായി കിടക്കുകയാണ്." "സായിപ്പ് രമേശന് വിസ്ക്കിയും സിഗരറ്റും മാത്രമല്ല കൊടുക്കുന്നത്. മറ്റു പലതും കൊടുക്കുന്നുണ്ട്. പല തവണ ഒരേ പെണ്ണിന്റെ അപ്പുറത്തും ഇപ്പുറത്തും കിടന്ന് അവർ ഉറങ്ങിയിട്ടുണ്ട്." പക്ഷെ, "അയാളെ ഭംഗ് കഴിച്ചു പഠിപ്പിച്ചത് മറ്റാരുമല്ല, രമേശൻ തന്നെയാണ്."

"വെള്ളിയാഴ്ച സ്വാതന്ത്ര്യദിനമായതു കൊണ്ട് ഒഴിവാണ്. ശനിയാഴ്ചയും ഞായറാഴ്ചയും പതിവു പോലെ ആപ്പീസില്ല. മൂന്ന് ഒഴിവു ദിവസങ്ങൾ...സന്തോഷമല്ല, പേടിയാണ് രമേശന് തോന്നുന്നത്." മുടക്കു ദിവസങ്ങളിൽ ആപ്പീസിൽ പോയിരുന്നാണ് രമേശൻ ബോറടി മാറ്റുക പതിവ്. ഇതിപ്പോൾ മൂന്നു ദിവസം. ഭൂമിക്കു മുകളിൽ മൂന്നു ദിവസം ചിലവിടാൻ ഒരു സ്ഥലം തേടുകയാണവൻ. ധനികനും സുഖലോലുപനുമായ രമേശൻ. ഹരിദ്വാരാണ് അവൻ തിരഞ്ഞെടുക്കുന്നത്.

പഞ്ചപാണ്ഡവന്മാർ സ്വർഗ്ഗത്തിലേക്കു യാത്ര ചെയ്ത വഴി ഹരിദ്വാരിലൂടെയാണ്. സപ്തർഷികൾ ഗംഗയെ തടവിലാക്കിയപ്പോൾ ഏഴു കൈവഴികളായി പിരിഞ്ഞ ഗംഗ ശാപമോക്ഷം കിട്ടി വീണ്ടും ഒന്നായി കൂടിച്ചേരുന്ന സ്ഥലം. സ്വർഗ്ഗത്തിന്റെ കവാടം. പുണ്യഗംഗയിൽ മുങ്ങി നിവർന്ന് പാപങ്ങളുടെ ദുർഭൂതങ്ങളെ ഉപേക്ഷിച്ചു വിശുദ്ധിയുടെ വെള്ളപ്പശുവിനെ തേടുന്ന തീർത്ഥാടകരുടെ അഭയകേന്ദ്രം.

യാത്രകളിൽ അവനോടൊപ്പം എന്നും സുജയുണ്ടാവും. അത്ര ധനികയല്ലാത്ത, എന്നാൽ വീട്ടുകാരെ എതിർത്തും രമേശനോടൊപ്പം യാത്ര പോകാൻ മടിക്കാത്ത, അത്രമേൽ രമേശനെ ഇഷ്ടപ്പെടുന്ന സുജ. രമേശന്റെ ചുവടുകളിൽ സുജയുടെ കരുതലുണ്ട്. "മേരിയേജ് എന്ന ഇൻസ്റിറ്റ്യൂഷന് എതിരാണു ഞാൻ." രമേശൻ പറയാറുണ്ട്. വിവാഹം എന്ന മൂന്നക്ഷരങ്ങളുടെ ഇടയിലെ ബന്ധനം അവൻ ഇഷ്ടപ്പെടുന്നില്ല. "ഫ്രീ സെക്സ് അനുവദിക്കുന്ന ഒരു സൊസൈറ്റിയാണ്" രമേശന്റെ കണ്ണിലെ സ്വർഗ്ഗം." "ചുംബനം മലയാളം പോലെയോ ഇംഗ്ലീഷ് പോലെയോ ഉള്ള ഭാഷയാണ്." എന്നാണ് രമേശന്റെ അഭിപ്രായം. "സുജേ, ഇൻ ദി ലാസ്റ്റ് കൗണ്ട് അച്ഛനും അമ്മയുമില്ല. ആണും പെണ്ണുമെയുള്ളൂ. അതായത് നീയും ഞാനും." എങ്കിലും എന്നെങ്കിലും അവൻ തന്നെ ജീവിതസഖിയാക്കി വിളിക്കും എന്ന ശുഭപ്രതീക്ഷ അവൾക്കുണ്ട്.

ആദ്യ കാഴ്ചയിൽ ഹരിദ്വാർ രമേശനെ നിരാശപ്പെടുത്തുന്നുണ്ട്. "ഇതാണോ ഹരിദ്വാർ? രമേശൻ സ്വയം ചോദിച്ചു. പ്രേതങ്ങളെപ്പോലെ പിന്തുടരുന്ന ഈ ദല്ലാളന്മാർ, നാലു വശത്തു നിന്നും മോങ്ങുന്ന ഈ റിക്ഷാവലകൾ, ഈ ഇടുങ്ങിയ പീടികകൾ, ഈ വ്രണങ്ങൾ നിറഞ്ഞ നിരത്ത്...ഇതാണോ ഹരിദ്വാർ?" അവൻ ചോദിക്കുന്നു. ദൈവങ്ങളുടെ ചിത്രങ്ങളേക്കാൾ സിനിമാ താരങ്ങളുടെ ചിത്രങ്ങൾ നിറഞ്ഞ നിരത്ത് അവനെ അതിശയിപ്പിക്കുന്നു. "ദൈവങ്ങളെക്കാൾ നമുക്കിന്നാവശ്യം സിനിമാതാരങ്ങളെയാണ് രമേശ്. അവർ നമ്മെ രസിപ്പിക്കുന്നു. ദൈവങ്ങൾ നമ്മെ പേടിപ്പിക്കുകയല്ലേ ചെയ്യുന്നത്?" എന്ന് സുജ അവന്റെ ചിന്തയെ പരിഹസിക്കുന്നുണ്ട്. എങ്കിൽ പോലും കഞ്ചാവിന്റെ ലഹരിയിൽ അവൻ ഒരു തിരിച്ചു പോക്ക് നടത്തുകയാണ്. തന്റെ വീടും വീട്ടുകാരുമായും സുജയുമായും ഉള്ള അവന്റെ ബന്ധവും ആപ്പീസിലെ കാര്യങ്ങളും മാത്രമല്ല മനുഷ്യന്റെ അസ്തിത്വവും, ആത്മീയതയും മാനവികതയും എല്ലാം അവൻ ചിന്തക്ക് വിധേയമാക്കുന്നുണ്ട്.

നല്ല എഴുത്തിന്റെ മികച്ച ഉദാഹരണമാണ് എം മുകുന്ദൻ എഴുതിയ ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു. പത്തു നാൽപത്തിയഞ്ചു വർഷങ്ങൾക്ക് മുൻപ് എഴുതിയിട്ടു പോലും ഇന്നും ഇതിലെ ഒരു വരി പോലും അപ്രസക്തമാകുന്നില്ല എന്നത് തന്നെയാണ് ഈ നോവലിന്റെ ഏറ്റവും വലിയ മികവ്. ആത്മാന്വേഷണത്തിന്റെ വഴികൾ എന്നും ഒന്ന് തന്നെയായിരുന്നു. ആ വഴിയിൽ എന്നും പച്ചപ്പുണ്ടാവും എന്ന് പ്രതിഭാശാലിയായ മുകുന്ദന് അന്നേ അറിയാമായിരുന്നു. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി മലയാളത്തിൽ പുറത്തു വന്നു കൊണ്ടിരിക്കുന്ന ഏത് ഉത്തരാധുനിക നോവലുകളെക്കാളും പ്രമേയത്തിലും അവതരണത്തിലും അത്യന്താധുനികമാണ് ഈ നോവൽ.

ഹരിദ്വാരിന്റെ ദൃശ്യപരിസരം നൽകി വായനക്കാരന്റെ ഭാവനയിൽ പുതുമ നില നിർത്തുന്ന എഴുത്തുകാരൻ ചിന്തയുടെ ആഴക്കടലിലേക്കും വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. കൃത്യം നൂറു പേജിൽ ഒതുങ്ങുന്ന ഒരു ചെറുനോവലിൽ എത്ര വിശാലമായ ലോകത്തെയാണ് എഴുത്തുകാരൻ വായനക്കാർക്ക് പരിചയപ്പെടുത്തുന്നത് എന്ന് നാം വിസ്മയിക്കും. ഒരു വരി പോലും അനാവശ്യമായില്ലാത്ത...ഒരു വാക്കു പോലും അസ്ഥാനത്തില്ലാത്ത കാച്ചിക്കുറുക്കിയ മികച്ച എഴുത്ത്. ഒപ്പം നല്ല ഭാഷയും. സുഖവും അനുഭൂതിയും പകർന്നു തരുന്ന നല്ല വായന. മലയാളത്തിലെ ക്ലാസ്സിക്കുകളിൽ ഒന്ന്. എം മുകുന്ദന്റെ മികച്ച രചനകളിലൊന്ന്.

രമേശൻ സ്വതന്ത്രമായ യുവത്വത്തിന്റെ പ്രതീകമാണ്. ഒരു പരിധി വരെ സുഖ ലോലുപതയിൽ മുങ്ങി വഴി തെറ്റിക്കൊണ്ടിരിക്കുന്ന യുവത്വത്തിന്റെ നേർപ്പകർപ്പ്. സിഗരറ്റ് കൊളുത്തി അമ്മയുടെ മുഖത്തേക്ക് പുകയൂതി വിടുന്ന, സ്വന്തം കാമുകിയെ സായിപ്പ് ബലാൽസംഗം ചെയ്യുന്നതായി ഭാവന കണ്ടു രസിക്കുന്ന രമേശന്റെ നന്മയിലേക്കുള്ള തിരിച്ചു പോക്ക് ഒരത്യാവശ്യം എന്ന നിലയിലേക്ക് വായനക്കാർക്ക് അനുഭവപ്പെടും. സ്വതന്ത്ര ഇന്ത്യയുടെ പ്രതീകം കൂടിയാണ് രമേശൻ. ഒരു സ്വാതന്ത്ര്യദിനത്തിലാണ് രമേശന്റെ തിരിച്ചുപോക്ക് എന്നത് ശ്രദ്ധിക്കപ്പെടാതെ പോകേണ്ട ഒന്നല്ല. "ആകാശത്തെ എത്തിപ്പിടിച്ചു നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങളുടെ ഇടയിലൂടെ രമേശൻ നടന്നു. ഗർഭപാത്രത്തിൽ നിന്ന് തുടങ്ങി ചിതയിലേക്കുള്ള നടത്തം. ഈ ഭൂമിയുടെ മുകളിൽ എവിടെയോ തനിക്കു വേണ്ടി ഒരു ചിത ഒരുങ്ങുന്നില്ലേ? ഒരു കെട്ടു വിറകും ഒരു തീപ്പെട്ടിക്കോലും തനിക്കു വേണ്ടി കാത്തിരിക്കുന്നില്ലേ?" ഇവിടെ രമേശൻ എന്ന വ്യക്തിയുടെ യാത്ര മാത്രമല്ല, ഇന്ത്യ എന്ന രാജ്യത്തിൻറെ യാത്ര കൂടി വിഷയമാവുന്നുണ്ട്. അമ്മ ഭാരതാംബ തന്നെയാണ്. ആ 'അമ്മക്ക് ലഭിച്ച സ്വാതന്ത്ര്യം എന്ന ശിശുവാണ് രമേശൻ. "ചരസ്സിന്റെ വിളറിയ പുകയ്ക്കിടയിൽ ഇരിക്കവേ രമേശൻ ഭൂതകാലത്തിലേക്കു യാത്ര ചെയ്തു. ഇരുപത്തിയാറു വർഷങ്ങൾക്കപ്പുറം എത്തിയപ്പോൾ അമ്മയുടെ ഗർഭപാത്രം മുമ്പിൽ കണ്ടു. ഈർപ്പമുള്ള ഞരമ്പുകൾ പടർന്നു കിടക്കുന്ന ചുവന്ന ചുമരുകൾ, നനവാർന്ന ചുവന്ന ഇരുട്ട് അവനെ വലയം ചെയ്തു. ആ ഇരുട്ടിൽ തല കീഴായി അവൻ ചുരുണ്ടു കിടന്നു." ഇവിടെ, ഇരുപത്തിയാറ് വർഷം എന്നത് സ്വാതന്ത്ര്യത്തിൽ നിന്ന് നോവലിന്റെ പിറവിയിലേക്കുള്ള സമയം കൂടിയാണ്. ഇരുട്ടിൽ തല കീഴായി കിടക്കുന്ന രമേശൻ അടിമത്വത്തിൽ അകപ്പെട്ട ഭാരതീയർ തന്നെയാണ്.

രമേശൻ പുരുഷനാണെങ്കിൽ അവന്റെ സ്ത്രീയാണ് സുജ. രമേശൻ ജീവിതമാണെങ്കിൽ മരണമാണ് സുജ. "സുജേ, മരണത്തിന്റെ കാലൊച്ചകൾ കേൾക്കുന്നു ഞാൻ." എന്ന് രമേശൻ പറയുമ്പോൾ അവൾ പറയുന്നു. "അത് എന്റെ കാലൊച്ചയാണ്." ജീവിക്കാനാഗ്രഹിക്കുന്ന രമേശനിലെ മരണവാഞ്ഛയാണ് അവൾ. രമേശൻ നൈര്മല്യമുള്ള വിശ്വാസിയാണെങ്കിൽ വിശ്വാസിന്റെ കച്ചവടക്കാരിയാവാൻ സുജക്ക് മടിയില്ല. "അമൃത്‌സറിലെ ഗോൾഡൻ ടെമ്പിളിൽ അയ്യായിരത്തിയൊന്നു രൂപ നേർച്ച നേർന്നിട്ടാണ് അവൾ പിറന്നത്. പണം കൊടുത്തിട്ടാണ് അവളെ വാങ്ങിയത്." രമേശൻ യാഥാസ്ഥികതയാണെങ്കിൽ മാറ്റമാണ് സുജ. വിപ്ലവമാണ് സുജ. "അവൾ ഹിപ്പികൾ ജനിക്കുന്നതിന് മുമ്പു ഹിപ്പിയായി, ചെഗുവാരയെ മരിക്കുന്നതിന് മുമ്പു തന്നെ ഹീറോയാക്കി. ഇപ്പോൾ അവളുടെ ചെ ഭ്രമം അവസാനിച്ചിരിക്കുകയാണ്. ഒരു സൂപ്പർ ചേയുടെ അവതാരവും കാത്തിരിക്കുകയാണവൾ, ഇപ്പോൾ." വളർച്ചയുടെ പടവിൽ രമേശൻ ദുശ്ശീലങ്ങൾക്ക് അടിമപ്പെട്ടെങ്കിൽ സുജ അതിന് നേരെ തിരിച്ചാണ്. അവളുടെ ബാല്യം തന്നെ നശീകരണ ത്വരയുള്ളതായിരുന്നു. "സിംഹത്തിന്റെ മുഖരൂപത്തിലുള്ള വായോടു കൂടിയ ഒരു സുരായി സുജ തിരഞ്ഞെടുത്തു. "പൈസ കൊടുക്കൂ രമേശ്." അവൻ പണം കൊടുത്തു. അവൾ ഒരു നിമിഷം സുരായിയുടെ ഭംഗി ആസ്വദിച്ചു നിന്നു. പിന്നീടു തിരക്ക് കുറഞ്ഞ ഒരു ഭാഗത്തു ചെന്ന്, മൺകുടം നിലതെറിഞ്ഞ് ഉടച്ചു. ചിതറിക്കിടക്കുന്ന സുരായിയുടെ നിരവധി തുണ്ടുകളിൽ നോക്കിക്കൊണ്ട് അവൾ പറഞ്ഞു. "ഞാനെന്റെ ശൈശവത്തിലേക്ക് തിരിച്ചുപോവുകയാണ്."" രമേശൻ അക്ഷമനും ആശയറ്റവനുമാണെങ്കിൽ ക്ഷമയോടെയുള്ള കാത്തിരിപ്പും പ്രതീക്ഷയുമാണ് സുജ. രമേശനും സുജയും രണ്ടല്ല. ഒന്നാണ്. പരസ്പര പൂരകം. നാനാത്വത്തിൽ ഏകത്വം. രണ്ടു പേർക്കും മാറി നിന്ന് ഒരു അസ്തിത്വമില്ല.

ഹരിദ്വാരിൽ രമേശനും സുജയും കണ്ടു മുട്ടുന്ന ഹനുമാൻ എന്ന റിക്ഷാക്കാരൻ ഇന്ത്യയുടെ നിഷ്കളങ്കമായ ആത്മാവാണ്. വലിയ കൊട്ടാരവും അതിൽ രാജ്ഞിയെപ്പോലെ ഒരു ഭാര്യയുമുണ്ടായിട്ടും അത്യാർത്തിയുടെ പിറകെ പോകുന്ന അവിനാശ് സ്വാർത്ഥതയാൽ വ്യഭിചരിക്കപ്പെട്ട ആണും പെണ്ണും കേട്ട രാഷ്ട്രീയത്തിന്റെ പ്രതിനിധിയാണ്.

ആത്മാവിനെയും രാജ്യത്തെയും നശിപ്പിക്കുന്ന തിന്മകളെ ഇല്ലായ്മ ചെയ്ത് നന്മയുടെയും വിശുദ്ധിയുടെയും വഴിയിലേക്ക് വ്യക്തികളോടും രാജ്യത്തിനോടും എഴുത്തുകാരൻ നടത്തുന്ന ശക്തമായ ആഹ്വനമാണ് ഈ നോവലിന്റെ കാതൽ.

"എന്നിലെ എല്ലാ പാപങ്ങളും കത്തിയെരിയുകയാണ് സുജേ. ഈ അഗ്നിയുടെ ചൂട് എനിക്കു താങ്ങാൻ വയ്യ." എന്ന് രമേശൻ പറയുമ്പോൾ വായനക്കാർ രമേശൻ ചെയ്ത തെറ്റുകളെന്ത് എന്ന് ഒരു കണക്കെടുപ്പിനായി ചിന്തിക്കും. "അവന് കുളിക്കാൻ വയ്യ. അവന് വസ്ത്രം മാറാൻ വയ്യ." "വിഷജ്വരം ബാധിച്ച ഒരു രോഗിയെപ്പോലെയായിരിക്കുന്നു അവൻ _ കാഴ്ചയിൽ." ഇതൊക്കെ സ്വതന്ത്രാനന്തര ഇന്ത്യയുടെ അലസതയുടെ ചിത്രങ്ങളാണ്. ഹരിദ്വാറിൽ രമേശൻ കണ്ടെത്തുന്ന ചുടേൾ മനുഷ്യന്റെയും രാജ്യത്തിന്റെയും പുരോഗതിയെ കാർന്നു തിന്നു നശിപ്പിക്കുന്ന അജ്ഞതയും ദാരിദ്ര്യവുമാണ്. തിന്മകളാണ്. "പാപത്തിന്റെ എംബോഡിമെന്റാണ് ഈ സത്വം. ഹരിദ്വാരിൽ മനുഷ്യർ നിത്യേന വന്നു കഴുകിക്കളയുന്ന പാപം മനുഷ്യരൂപം കൊണ്ടതാണ് ഈ ചുടേൾ." എന്ന് പറയുമ്പോഴും ഒരു രൂപ കിട്ടുന്ന ചുടേൾ നന്ദിയോടെ തിരിച്ചു പോകുന്നുണ്ട്. "ദേവന്മാരുടെ നാടായ ഈ ഹരിദ്വാരിൽ, സ്വർഗ്ഗത്തിന്റെ കവാടനാടായ ഈ ഹരിദ്വാരിൽ, ദൈവങ്ങളോടൊപ്പം ഒരു ഭൂതവും സഞ്ചരിക്കുന്നു. ദൈവങ്ങൾ തണുത്തുറഞ്ഞ വിഗ്രഹങ്ങളാണ്. ഭൂതമാകട്ടെ, രക്തത്തിലും മാംസത്തിലും ജീവിക്കുകയും ഭക്ഷണത്തിനു വേണ്ടി ഇരക്കുകയും ചെയ്യുന്നു. തണുത്തുറഞ്ഞ പ്രതിമകളേക്കാൾ ഇവൻ ജീവനുള്ള ഭൂതത്തെ ഇഷ്ടപ്പെടുന്നു..." എന്ന എഴുത്തു വിശ്വാസത്താൽ അന്ധരാകാതെ നമ്മുടെ രാജ്യം നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ആഹ്വാനമാണ്. പ്രാർത്ഥിക്കാൻ കണ്ണടയ്ക്കുന്ന രമേശൻ അവനിലെ പ്രശ്നങ്ങളോ രാജ്യത്തെ പ്രശ്നങ്ങളോ കാണുന്നില്ല. മറിച്ച്, "ദേവീ, വിയറ്റ്നാമിലെയും ബയാഫ്രായിലെയും രക്തച്ചൊരിച്ചലുകൾ അവസാനിപ്പിച്ചാലും!" എന്ന് പ്രാർത്ഥിക്കുമ്പോൾ എഴുതിയ കാലത്തെ ഓർമപ്പെടുത്തുന്ന ഒരു കുറിപ്പിനപ്പുറം, ആർക്കെങ്കിലും 'ലോകം' ഞങ്ങളെന്നവകാശപ്പെടുന്ന പടിഞ്ഞാറിന്റെയും യു എന്നിന്റെയും ഇന്നത്തെ ചിത്രങ്ങൾ ഓർമ്മ വന്നാൽ തെറ്റു പറയാൻ പറ്റില്ല.

"ഹരിദ്വാരിന്റെ ആത്മാവായ വെള്ളപ്പശു കഴുത്തിൽ അണിഞ്ഞ പൂജാമണികൾ കിലുക്കിക്കൊണ്ടു രാത്രിയിലൂടെ സഞ്ചരിക്കുകയാണ്." "അത് പശുവല്ല. നന്മയുടെ എംബോഡിമെന്റാണ്." "സന്ന്യാസികളുടെയും തീർത്ഥാടകരുടെയും ഇടയിലൂടെ മണികിലുക്കിക്കൊണ്ട് വെള്ളപ്പശു മേഞ്ഞു നടക്കുകയാണ്....പാപമോക്ഷം ലഭിച്ച ആത്മാവു പോലെ." വ്യക്തി ജീവിതത്തിലും രാജ്യത്തിലും കാത്തു സൂക്ഷിക്കേണ്ട വിശുദ്ധിയും പ്രതീക്ഷയും മുന്നറിയിപ്പും...അതാണ് ഹരിദ്വാരിന്റെ സന്ദേശം.

"ഈ ദീപശിഖകളിൽ നിന്നും ഈ മണിനാദത്തിൽ നിന്നും രമേശനു മോചനമില്ല. ഒരിക്കലും." എന്നെഴുതി എം മുകുന്ദൻ നോവൽ അവസാനിക്കുമ്പോൾ ഒന്നുറപ്പ് ഈ വായനാനുഭവത്തിൽ നിന്ന് വായനക്കാർക്കും മോചനമില്ല. കാരണം രമേശനെയും സുജയെയും ഹരിദ്വാറിനെയും എല്ലാം അവർ വായിച്ചല്ല, അനുഭവിച്ചറിയുകയായിരുന്നു. ചിന്തയുടെ ഹോമകുണ്ഡങ്ങളിൽ അവർ സ്വയം ഉരുകുകയായിരുന്നു. 'ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു' എന്ന നോവൽ നൽകുന്ന നവീകരണത്തിന്റെയും പ്രതീക്ഷയുടെയും മുന്നറിയിപ്പിന്റെയും മണിനാദങ്ങൾ കാലം എത്ര മുന്നോട്ടു പോയാലും മലയാള ഭാഷ ഉള്ളിടത്തോളം മുഴങ്ങിക്കൊണ്ടിരിക്കും എന്നുറപ്പ്.

പോൾ സെബാസ്റ്റ്യൻ
Haridwaril Mani Muzhangunnu