Sunday, November 25, 2018

ആന്റിക്ലോക്ക്




ആന്റിക്ലോക്ക് - വി ജെ ജെയിംസ്

അനര്‍ഹമായ ധനം, പരിധികളില്ലാത്ത അധികാരം, അതിരുകളില്ലാത്ത കാമം എന്നിവ വ്യക്തികളെ മാത്രമല്ല, സമൂഹത്തെയും, മതത്തെയും നശിപ്പിക്കും. പന പോലെ വളരുന്ന ദുഷ്ടതയില്‍ കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് തങ്ങള്‍ക്ക് വേണ്ടി ശവപ്പെട്ടിയൊരുക്കി കാത്തിരിക്കുന്ന കാലത്തിന്റെ നീതിയെ കാണാനാവില്ല. സമയത്തിന്റെ ഓരോ മിടിപ്പിനുമിടയിലുമുള്ള നിശ്ചലതയില്‍ നീതിയുടെ സൂചികള്‍ സത്യത്തിന്റെ ദിശയിലേക്ക് സഞ്ചരിക്കുന്നു. നിരീശ്വരന്‍, പുറപ്പാടിന്റെ പുസ്തകം, ചോരശാസ്ത്രം, ദത്താപഹാരം തുടങ്ങിയ നോവലുകളിലൂടെ മലയാള നോവല്‍ സാഹിത്യത്തില്‍ തന്റേതായ ഇടമുറപ്പിച്ച വി ജെ ജയിംസിന്റെ (Vj James) ഏറ്റവും പുതിയ നോവലാണ് ആന്റിക്ലോക്ക്.

നിസ്സഹായനായ ഹെന്‍ട്രി എന്ന ശവപ്പെട്ടിക്കടക്കാരന്റെ ഹൃദയവ്യഥകളോടെയാണ് നോവലിന്റെ ആദ്യ അധ്യായങ്ങള്‍ പുരോഗമിക്കുന്നത്. തന്റെ ഭാര്യയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും വീടിന്റെ അടിത്തറയിളക്കുകയും ചെയ്ത സാത്താന്‍ ലോപ്പോയുടെ സമ്പത്തും സ്വാധീനവും വര്‍ധിച്ചു വരുന്നത് ഹെന്‍ട്രിയെ അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. 'കണ്ണിനു കാഴ്ചയില്ലാത്ത എന്റെ റൊസാരിയോസ്, പക്ഷിക്കുഞ്ഞിനെപ്പോലെ ശാന്തയായ എന്റെ റോസലിന്‍, പുസ്തകപ്രിയനായ എന്റെ അല്‍ഫോന്‍സ്, വിശുദ്ധമാലാഖയെപ്പോലെ സുന്ദരിയായ എന്റെ ബിയാട്രിസ്...ഓ ദൈവമേ, നീ എന്തുകൊണ്ടെന്നെ ഉപേക്ഷിച്ചു....കണ്ണും കാതും ഹൃദയവുമില്ലാത്ത അവസ്ഥക്കാണോ ദൈവമെന്ന് പേരുവിളിക്കുന്നതെന്ന് ഞാന്‍ സന്ദേഹിച്ചുപോകുന്നുവെങ്കില്‍ നിനക്കെന്നെ കുറ്റപ്പെടുത്താന്‍ എന്തവകാശം?' എന്ന് ഹെന്റി പറഞ്ഞു പോയെങ്കില്‍ നമുക്കയാളെ കുറ്റപ്പെടുത്താനാവില്ല. സമയത്തിന്റെ പ്രതിചലനത്തിലൂടെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനാവുമെന്ന പ്രതീക്ഷയില്‍ പണ്ഡിറ്റ് എന്ന വയോവൃദ്ധന്‍ നിര്‍മിക്കുന്ന ആന്റിക്ലോക്ക് ഹെന്‍ട്രിയുടെ സമയത്തെ മാറ്റുകയായിരുന്നു. ഒരു പക്ഷെ സമയത്തെ ഹെന്‍ഡ്രിയിലൂടെയും മാറ്റുകയായിരുന്നു.

വ്യത്യസ്തമായ കഥാ പശ്ചാത്തലമാണ് ആന്റിക്ലോക്കില്‍ നമ്മെ ആദ്യം ആകര്‍ഷിക്കുക. ഒരു ശവപ്പെട്ടി പണിയുന്നയാളുടെ ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. അയാളുടെ കാഴ്ചപ്പാടിലൂടെ ലോകത്തെ നോക്കിക്കാണുന്നതിന് പ്രത്യേകതകളുണ്ട്. അയാള്‍ക്ക് മാത്രം കാണാവുന്ന ചില കാഴ്ചകള്‍ ഈ നോവല്‍ നമുക്ക് നല്‍കുന്നു. 'ശവപ്പെട്ടി പണിയുന്നവന് ഒരുവനെ കാണുന്ന മാത്രയില്‍ തന്നെ അവന്റെ ഉടലളവ് ഗണിക്കാനും ഒത്ത പെട്ടിയൊന്ന് മനസ്സില്‍ രൂപപ്പെടുത്താനുമാവും. ജീവിതത്തെ മൂടിയടച്ച് യാത്രയയയ്ക്കാനുള്ള അന്തിമ കൂടാരമാണത്. മരിച്ചവര്‍ കേവലം മരിച്ചവര്‍ മാത്രമല്ലെന്ന് മരണമനുഭവിച്ചവര്‍ക്കും പിന്നെ ശവപെട്ടി നിര്‍മ്മിക്കുന്നവനുമേ അറിയൂ.' 'സ്വന്തപ്പെട്ടവരുടെ മരണത്താല്‍ ഏതെങ്കിലും വീടുകള്‍ക്ക് ഈസ്റ്ററും ക്രിസ്തുമസും നഷ്ടപ്പെട്ടാല്‍ മാത്രമേ ശവപ്പെട്ടിക്കാരന് അവ ആഘോഷിക്കാന്‍ പറ്റിയെന്നു വരൂ. ആരെങ്കിലും മരിച്ചാല്‍ പോരാ, അതൊരു ക്രിസ്ത്യാനികൂടി ആവണം എന്നൊരു മതപരമായ വിവേചനം കൂടിയുണ്ടതില്‍.' 'ഒന്നോര്‍ത്താല്‍ എന്റെയീ കട തന്നെ മരിച്ച ഒരുവന്‍ പാര്‍ക്കുന്ന വലിയ ശവപ്പെട്ടിയല്ലേ.' എന്ന് ചിന്തിച്ചു തുടങ്ങുന്ന ഹെന്‍ട്രിയുടെ ചിന്ത പിന്നെയും പോകുമ്പോള്‍, 'ദേഹം പൊതിഞ്ഞു പിടിക്കുന്ന ചര്‍മ്മം തന്നെയല്ലേ ശരിക്കുമുള്ള ശവപ്പെട്ടി. പെട്ടിക്കുള്ളില്‍ നിന്ന് ലോകത്തെ നിരീക്ഷിക്കുമ്പോള്‍ ഞാന്‍ അകത്തും ലോകം പുറത്തുമാണ്. പെട്ടിക്ക് പുറത്തിറങ്ങുമ്പോള്‍ ഞാന്‍ എന്റെ ലോകത്തില്‍ പ്രവേശിക്കുന്നു.' പുരുഷന്മാരുടേത് മാത്രമായ ലോകമാണ് ശവപ്പെട്ടിക്കാരുടേത്. അവിടേക്ക് കടന്നു വരുന്ന ഗ്രേസി എന്ന ശവപ്പെട്ടിപ്പണിക്കാരി ആധുനിക കാലത്തിലെ മാറ്റത്തിന്റെ ദിശാ സൂചിക കൂടിയാണ്. ചുരുക്കത്തില്‍ ഒരു ശവപ്പെട്ടിക്കടയെ മുഴുവന്‍ ലോകത്തിലേക്കും കാലത്തേക്കും വിപുലീകരിച്ചിരിക്കുകയാണ് നോവലിസ്റ്റ്.

ശക്തരായ കഥാപാത്രങ്ങളാണ് നോവലിന്റ ഒരു പ്രധാന ശക്തി. പ്രതികാരം ഉള്ളിലുള്ളപ്പോഴും അത് പുറത്തു പ്രകടിപ്പിക്കാനാവാതെ അവസരത്തിനായി കാത്തിരിക്കുന്ന ഹെന്‍ട്രി എന്ന പ്രധാന കഥാപാത്രവും മാന്യതയുടെ മൂടുപടത്തിനുള്ളിലും ദുഷ്ടത കൊട്ടാരം പണിയുന്ന സാത്താന്‍ ലോപ്പൊ എന്ന പ്രതിനായകനും ഉഗ്രനായി. പറയാതെ മറച്ചു വെച്ചിരുന്ന പ്രണയത്തിനുമപ്പുറം തന്റെ കടമയെ പിന്തുടര്‍ന്ന ഗ്രേസി, നാട്ടിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ നേതാവായ കരുണന്‍, കരുണന്റെ മകള്‍ ശാരി, ഹെന്‍ട്രിയുടെ സുഹൃത്ത് ആന്റപ്പന്റെ മകനും ശാരിയുടെ കാമുകനുമായ ഡേവിഡ്, ലോപ്പോയുടെ ജര്‍മ്മനിയില്‍ നിന്നുള്ള മരുമകള്‍ മദാമ്മ, നൂറ്റിപ്പന്ത്രണ്ട് വയസ്സുള്ള പണ്ഡിറ്റ് എന്നിങ്ങനെ ചുരുക്കം കഥാപാത്രങ്ങളെ പ്രകടമായി ഈ നോവലില്‍ ഉള്ളൂവെങ്കിലും ഇവരെയെല്ലാം പലതിന്റെയും പ്രതിനിധികളാക്കി നോവലിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ജെയിംസിന് സാധിക്കുന്നുണ്ട്. മാനവികതയുടെ പ്രതീകമായി ഹെന്‍ട്രിയെ നില നിര്‍ത്തിയ നോവലിസ്റ്റ് സ്ത്രീ പീഡനവും പരിസ്ഥിതി നശീകരണവും സമ്പത്തിന്റെ ദുര്‍വിനിയോഗവും എന്ന് വേണ്ട, വ്യക്തിയിലും സമൂഹത്തിലും മതത്തിലുമുള്ള എല്ലാ ദുഷ്‌ചെയ്തികളുടെയും പ്രതീകമായാണ് സാത്താന്‍ ലോപ്പോയെ അവതരിപ്പിക്കുന്നത്. അധിനിവേശത്തിന്റെ പ്രലോഭനങ്ങളെപ്പറ്റിയും സ്വാധീനത്തെപ്പറ്റിയും മദാമ്മയിലൂടെ സൂചിപ്പിക്കുമ്പോള്‍ അതിലൂടെ കടന്നു വരുന്ന ഫാസിസത്തെപറ്റി സൂചിപ്പിക്കാനായി മദാമ്മയെ ജര്‍മ്മന്‍കാരി തന്നെയാക്കുന്നുണ്ട്. ബിയാട്രീസും ഗ്രേസിയും ശാരിയും മൂന്നു കാലഘട്ടത്തിലെ സ്ത്രീകളാണ്. ഡേവിഡിലൂടെയും ശാരിയിലൂടെയുമാണ് നോവലിസ്റ്റ് താന്‍ വിഭാവനം ചെയ്യുന്ന നല്ല നാളേക്കുള്ള വഴി വെട്ടുന്നത്. സാങ്കേതികതയുടെ പുരോഗതിയോട് ചേര്‍ന്നു വേണം നമ്മുടെ പടയൊരുക്കം എന്നത്തില്‍ എഴുത്തുകാരന് സംശയമില്ല.

നോവലിന്റെ കഥാ തന്തു തീര്‍ത്തും ലളിതവും നേര്‍ത്തതുമാണ്. അത്തരമൊരു കഥാതന്തുവിനെ വിപുലീകരിച്ചു 336 പേജ് ഉള്ള ഒരു നോവലാക്കി തീര്‍ത്തതിലും അതിലേക്ക് വിവിധ കാഴ്ചപ്പാടുകളെ സമര്‍ത്ഥമായി ഇഴ ചേര്‍ത്തത്തിലും നോവലിസ്റ്റ് കാണിച്ച മിടുക്ക് എടുത്തു പറയേണ്ടതാണ്.
വായനക്കാരുടെ ഹൃദയത്തെ നൊമ്പരപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍ ആന്റിക്ലോക്കില്‍ കുറവാണ് എന്നാണ് എനിക്ക് തോന്നിയത്. അവസരങ്ങളുണ്ടായിട്ടും അതിനെ ഹൃദയത്തിന്റെ ഭാഷയില്‍ അവതരിപ്പിക്കാന്‍ നോവലിസ്റ്റിന് പൂര്‍ണ്ണമായി കഴിഞ്ഞില്ല എന്ന് തോന്നി. ഇവിടെ ഒരു പക്ഷെ, നിരീശ്വരനുമായുള്ള താരതമ്യം സ്വാധീനിച്ചിരിക്കാനുള്ള സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല. എന്നിരിക്കിലും നോവലിന്റെ തുടക്കത്തിലും അവസാനത്തിലും വായനക്കാരുടെ ഹൃദയമിടിപ്പുകള്‍ കൂട്ടും വിധം ഉദ്വേഗജനകമായി കഥയെ അവതരിപ്പിച്ചിട്ടുണ്ട് എഴുത്തുകാരന്‍. അതിലുപരിയായി കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ സത്യസന്ധമായും നന്നായും അവതരിപ്പിച്ചിട്ടുണ്ട് എന്നതാണ് നോവലിന്റെ വിജയം.

അധികാരത്തോടുള്ള വിധേയത്വം അഴിമതിയെ വളര്‍ത്തുന്നു. 'യജമാനപ്രീതിക്കായി വാല്‍ താഴ്ത്തിയിട്ട് ഇടയ്ക്കിടെ കുരച്ചുകൊണ്ടിരുന്നാല്‍ മതി. അതു തന്നെയല്ലേ അധികാരത്തിന്റെ പിന്‍വാതില്ക്കല്‍ കാത്തുകെട്ടിക്കിടക്കുന്ന ചില മനുഷ്യരില്‍ കാണുന്നതും. സാത്താന്‍ ലോപ്പോയെ കാണുമ്പോള്‍, ഇല്ലാത്ത വാലിന്റെ തുടക്കദേശത്ത്, നട്ടെല്ലിന്റെ തെക്കേ മുനമ്പില്‍ ഒരനക്കം അനുഭവപ്പെടുന്ന വിധേയര്‍ പലരുണ്ടയാള്‍ക്ക്.' നിസ്സഹായരായ ജനതയ്ക്ക് പിറുപിറുക്കനേ കഴിയൂ. തിന്മക്കെതിരെ പ്രതികരിക്കാത്തവര്‍ ഷണ്ഡന്മാരാണ്. ഒരു ജനതയെ തന്നെ ഷണ്ഡീകരിച്ചിരിക്കുന്ന അവസ്ഥയാണുള്ളതെങ്കിലോ? 'ഉപയോഗിക്കാതെ തുരുമ്പെടുത്തുപോയ താക്കോലായിത്തീര്‍ന്നിരിക്കുന്നു എന്നിലെ പുരുഷയിടം.' എന്ന ഹെന്‍ട്രിയുടെ ചിന്ത സമകാലീന ഭാരതത്തിന് നന്നായി ചേരും.

ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു ജനാധിപത്യ ഗവണ്മെന്റ് ഉണ്ടാവേണ്ടതിന്റെ ആവശ്യകത പറയുമ്പോഴും ഇപ്പോള്‍ നില നില്‍ക്കുന്ന രീതിയെ വേദനയോടെയാണ് നോവലിസ്റ്റ് നോക്കിക്കാണുന്നത്. 'ഏത് പെട്ടിയിലിട്ട് ആണിയടിച്ചാലും മരിച്ചടക്കപ്പെട്ട സര്‍ക്കാരുകള്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ മാറി മാറി ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് കണ്ടു കണ്ട് അതൊരു പുതുമയില്ലാത്ത കാഴ്ചയായിക്കഴിഞ്ഞു ജനത്തിനെന്ന് ഇരു കൂട്ടരും സൗകര്യപൂര്‍വ്വം മറക്കുന്നു.' വികസനം ജനങ്ങള്‍ക്ക് പൊതുവായും അതില്‍ ബന്ധപ്പെടുന്നവര്‍ക്ക് നേരിട്ടും നന്മയ്ക്കായിരിക്കണം. 'എല്ലാ വികസനവും ചിലര്‍ക്ക് ആര്‍ഭാടം നല്‍കുമ്പോള്‍ ചിലരുടെ ജീവിതം തന്നെ തകര്‍ക്കുന്നത് എന്തൊരു ക്രൂരതയാണെന്നെനിക്ക് പ്രതിഷേധം തോന്നി. അവരെ മാന്യമായി മാറ്റിപ്പാര്‍പ്പിച്ച് ഉപജീവനത്തിന് വക കണ്ടെത്താന്‍ വഴിയൊരുക്കുന്ന ഏതെങ്കിലും നേരമുള്ള നേതാവ് ഭരണത്തിലുണ്ടായെങ്കിലെന്ന് ഞാന്‍ ആശിച്ചു.' എന്നിടത്ത് പൊതുജനത്തിന്റെ നിസ്സഹായത വ്യക്തമാണ്. ജനധിപത്യമെന്നത് ഭൂരിപക്ഷത്തിന് മാത്രമല്ല എല്ലാ ജനങ്ങള്‍ക്കും വേണ്ടിയുള്ളതായിരിക്കണം.
സമൂഹത്തില്‍ നടമാടുന്ന ഏകാധിപത്യം എന്ന രോഗത്തെ നോവലിസ്റ്റ് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. 'എതിര്‍പ്പിന്റെ സ്വരങ്ങളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ചതിച്ചു കൊല്ലുന്നു. അന്ധതേം സുഖലോലുപതേം അധികാരത്തിന്റെ ലക്ഷണമായി മാറുമ്പം അവന്‍ വെറുമൊരു വ്യക്തിയല്ല. ദുഷിച്ചുപോയ വ്യവസ്ഥിതി തന്നെ. അങ്ങനൊരുവനെ തകര്‍ക്കാനുള്ള കരുത്തുമായി ചരിത്രത്തില്‍ പുതിയൊരു ആന്റിക്ലോക്ക് ഉണ്ടാവാതെ വയ്യ. അപ്പോള്‍ കൂടെ നിന്നവര്‍ തന്നെ അവനെതിരെ തിരിയും.' നമ്മുടെ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും സ്വയം ശുചീകരിക്കേണ്ടിയിരിക്കുന്നു. 'ഏതൊരു മഹാപ്രസ്ഥാനത്തിന്റെയും അപചയം സംഭവിക്കുന്നത് സ്വയം ശുദ്ധനാകാത്ത ഒരാള്‍ അതിന്റെ അമരത്ത് പിടിമുറുക്കുമ്പോഴാണെന്ന് ചരിത്രം പഠിക്കുമ്പോഴൊക്കെ എനിക്കും തോന്നിയിട്ടുണ്ട്. മിക്കവാറും അയാള്‍ക്കുള്ളില്‍ ഒരു ഏകാധിപതിയുടെ രോഗബീജങ്ങള്‍ വളര്ന്നുണ്ടാവും.' ഈ ഏകാധിപത്യ പ്രവണത മുതലാക്കിയാണ് അധിനിവേശ ശക്തികള്‍ നമ്മളില്‍ പിടി മുറുക്കുക.

'ദൂരെയിരുന്ന് വികാരം കൊള്ളുന്നവര്‍ക്ക് എന്തും പറയാം. അവര്‍ യുദ്ധത്തെയോ ജീവിതത്തെയോ നെഞ്ചു വിരിച്ച് നേരിട്ടിട്ടില്ലാത്തോരാണ്. ഒന്നെനിക്കറിയാം. ഒരു യുദ്ധവും ഒന്നും നേടിത്തരില്ലെന്ന്. കിട്ടിയെന്ന് കരുതണ സ്വാതന്ത്ര്യവും ശാശ്വതമല്ല തന്നെ. അടിമത്തത്തിന്ന് മറ്റൊരു അടിമത്തത്തിലേക്കുള്ള യാത്രയാണ് ചരിത്രമെന്ന് സൂക്ഷിച്ചു നോക്കിയാല്‍ മനസ്സിലാവും.' ഈ അടിമത്തത്തിലേക്ക് നാം പോകണമോ എന്നതാണ് ആന്റിക്ലോക്ക് നമ്മോട് ചോദിക്കുന്നത്. നമ്മെ മോഹിപ്പിച്ച് അവരുടെ കാര്യം നടത്താന്‍ ശ്രമിക്കുന്ന അധിനിവേശത്തിന്റെ പ്രലോഭനങ്ങളെ എത്ര നിശിതമായാണ് ആക്ഷേപഹാസ്യത്തിലൂടെ എഴുത്തുകാരന്‍ അവതരിപ്പിക്കുന്നതെന്ന് നോക്കുക. 'മുട്ടിനു മുകളില്‍ അവസാനിക്കുന്നതും ട്രൗസറിനെ ഓര്‍മിപ്പിക്കുന്നതുമായ ഒരു വസ്ത്രമായിരുന്നു മദാമ്മയുടെ അരക്കെട്ട് മറച്ചത്..... കോളറും കൈയുമില്ലാത്ത ഒരു കറുത്ത ബനിയനായിരുന്നു മദാമ്മയുടെ ബാക്കി വസ്ത്രം. അതിലൂടെ അവരുടെ ഇളകിത്തുള്ളുന്ന മാറിടങ്ങളുടെ സമൃദ്ധി ഇപ്പോള്‍ താഴെ വീഴുമെന്ന മട്ടില്‍ തങ്ങിനില്‍ക്കുന്നത് കാണാം. വീണുകിട്ടാന്‍ ഇടയുള്ള പ്രലോഭനങ്ങളില്‍പ്പെട്ടതിനാലാവണം വഴിവക്കിലുള്ളവര്‍ ഒളിഞ്ഞും പാത്തുമുള്ള നോട്ടങ്ങളില്‍ ഏര്‍പ്പെടുന്നത്.' 'വെളുവെളുത്ത നിറമുള്ള ഈ പെണ്ണിന് സാത്താന്‍ ലോപ്പോയെപ്പോലെ കറുപ്പുനിറമുള്ള തിമോത്തിയോസിനോട് അടുപ്പം തോന്നിയതെങ്ങനെയെന്ന് എന്റെ മനസ്സ് അന്നേരം സംശയം ചോദിച്ചു. കറുത്തവര്‍ വെളുപ്പില്‍ സൗന്ദര്യം കണ്ടെത്തുന്നതുപോലെ ഒരുപക്ഷെ തിരിച്ചും സംഭവിക്കുന്നുണ്ടായിരിക്കുമോ? ആര്‍ക്കറിയാം, ജര്‍മ്മിനിയിലൊക്കെ ഇപ്പോള്‍ ഇതാണോ ട്രെന്‍ഡെന്ന്..' എന്ന് പറയുമ്പോഴും മദാമ്മയുടെ നോട്ടം ആന്റിക്ലോക്കിലേക്കെത്തുന്നു എന്നിടത്ത് നോവലിസ്റ്റ് ഉദ്ദേശിച്ചത് വ്യക്തം.

ശവപ്പെട്ടിക്കാരനെക്കുറിച്ചുള്ള നോവലില്‍ മരണം ഒരു പ്രധാന വിഷയമാവാതിരിക്കാന്‍ വഴിയില്ലല്ലോ. മരണവിചാരങ്ങള്‍ ഈ നോവലില്‍ ഒരു നിഴല്‍ പോലെയുണ്ട്. ഇതിലെ ഒരു മുഴുവന്‍ അദ്ധ്യായം മരണ പ്രസംഗമാണ്. ഒരു പക്ഷെ ആത്മാക്കളുടെ ദിവസത്തില്‍ ഒരു പുരോഹിതന് നേരിട്ട് പറയാവുന്നത്ര മികവോടെ അതെഴുതിയിട്ടുമുണ്ട്. 'ഏതൊരു മരച്ചോട്ടില്‍ ചെന്ന് നോക്കിയാലും കാണാം ഭേദപ്പെട്ടൊരു കാറ്റില്‍ പോലും വീണു കിടക്കുന്ന അനവധി പച്ചിലകള്‍. അങ്ങനെയെങ്കില്‍, അവിചാരിതമായി ആഞ്ഞു വീശുന്നൊരു കൊടുങ്കാറ്റില്‍ എത്രയെത്ര പച്ചിലകള്‍ ഞെടുമ്പറ്റ് പൊഴിഞ്ഞു വീഴാതിരിക്കില്ല.' 'ഒളിച്ചിരുന്ന് ലോകത്തെ നിരീക്ഷിക്കുമ്പോഴാണ് അതിന്റെ പൊള്ളത്തരം നമുക്ക് മനസ്സിലാവുന്നത്......താന്താങ്ങളുടെ പെട്ടിക്കു നേരെ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും ആവാത്ത വിധം ജീവിതവുമായി അത്രയ്ക്കങ്ങ് ഒട്ടിപ്പോയിരിക്കുന്നു അവര്‍. ഭാവം കണ്ടാല്‍ ഒരിക്കലുമവര്‍ മരിക്കില്ലെന്ന് തോന്നും. എന്നാലോ ശവപ്പെട്ടിയുടെ ബോര്‍ഡ് പോലെത്തന്നെ തുരുമ്പെടുത്ത് നശിക്കാറായ സ്ഥിതിയിലാണ് പല ജന്മങ്ങളും. ഇതാ ഇവരിലൊരുവന്റെയുള്ളില്‍ അര്‍ബുദം വളരുന്നുണ്ട്. ഇനിയുമൊരുവന്റെ ഹൃദയം പൊട്ടാന്‍ നിമിഷങ്ങള്‍ മതി. ആ പോവുന്ന മൂന്നാമന്‍ അടുത്ത വളവു തിരിയുമ്പോള്‍ ഒരു ഭ്രാന്തന്‍ വാഹനത്തിന്റെ അടിയില്‍ പെടും. എന്നിട്ടുമീ മനുഷ്യര്‍...' ഇനി കുറെ പേര്‍ പാറമേല്‍ വീണ വിത്ത് പോലെയാണ്. 'സെമിത്തേരി കാണുമ്പോള്‍ മാത്രം ജീവിതത്തിന്റെ അസ്ഥിരതയെക്കുറിച്ച് വിചാരപ്പെടുന്ന ആ അവസ്ഥയ്ക്ക് ചുടലജ്ഞാനം എന്നാണ് പേരെന്ന് അപ്പനാണെനിക്ക് പറഞ്ഞു തന്നിട്ടുള്ളത്. ഒന്നും ശാശ്വതമല്ലെന്ന് ഓര്‍ത്തു നിന്ന അതെ മനുഷ്യര്‍ പക്ഷെ, സെമിത്തേരിക്ക് പുറത്തിറങ്ങുന്നതോടെ എല്ലാം നിസ്സാരമായി വിസ്മരിക്കുകയും വിദ്വേഷത്തിന്റെയും മത്സരത്തിന്റെയും ലോകത്തില്‍ അവനവനെ വീണ്ടും സ്ഥാപിക്കുകയും ചെയ്യും.'

ക്രിസ്ത്യന്‍ വിശ്വാസത്തെയും അതിന്റെ ആധ്യാത്മികതയെയും നല്ല വണ്ണം മനസ്സിലാക്കിയിട്ടുള്ളയാളാണ് വി ജെ ജെയിംസ്. ആ വിശ്വാസത്തിന്റെ നവീകരണത്തിനും എഴുത്തുകാരന്‍ തന്റെ നോവല്‍ ഒരവസരമാക്കുന്നുണ്ട്. 'എല്ലാ സമ്പന്നതേടേം ഒടേതമ്പുരാന്‍ പെറന്നത് ഇല്ലായ്മകളുടെ കാലിത്തൊഴുത്തിലാടാ. കൊട്ടാരം പോലത്തെ പള്ളിപണിഞ്ഞ് അതിനുള്ളിലൊര് കീറത്തുണി കൊണ്ട് നഗ്‌നത മറച്ച് തൂങ്ങിക്കെടക്കാന്‍ വിടുന്നു നമ്മളവനെ. അവന്‍ പക്ഷെ പിറക്കാന്‍ തിരഞ്ഞെടുക്കണത് പുല്‍കൂടിന്റെ എളിമയുള്ള മനസ്സുകളാ. ബലിയല്ല, കരുണയാണവന്‍ ആവശ്യപ്പെട്ടത്. ആത്മാവിലും സത്യത്തിലുമുള്ള ആരാധനയാണ് ഏറ്റോം വെല്യ ആരാധനയെന്ന വചനം വിളിച്ചുപറേണത് ആരും കേക്കാണ്ട് പോണതെന്തിരാണ്?' എന്നും 'കല്ലറയില്‍ വെച്ച ധനികരായ ആത്മാക്കളെയാണോ പാഴ്മണ്ണില്‍ ലയിച്ച പാവപ്പെട്ടവരെയാണോ അന്ത്യവിധിനാളില്‍ കര്‍ത്താവ് വലതുഭാഗത്തു നിര്‍ത്തുകയെന്ന് എനിക്കെപ്പോഴും സന്ദേഹം തോന്നാറുണ്ട്.' എന്നും ആകുലപ്പെടുന്ന നോവലിസ്റ്റ്
'സ്വര്‍ഗ്ഗരാജ്യം അവനവനില്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞോന് സ്തുതിക്കാനല്ലാണ്ട് പ്രാര്‍ത്ഥിക്കാന്‍ ഒരു കാരണം പോലും കാണില്ലടാ...' എന്ന് തന്റെ കഥാപാത്രങ്ങളെക്കൊണ്ട് പറയിക്കുന്നുണ്ട്. വിശുദ്ധവചനങ്ങളെ അക്ഷരാര്‍ത്ഥത്തിലല്ല വ്യാഖ്യാനിക്കേണ്ടത് എന്നും ശരിയായ അര്‍ത്ഥത്തില്‍ അവ എത്ര മഹത്തരമാണെന്നും നമ്മെ ഓര്മിപ്പിക്കുന്നുണ്ട് ആന്റിക്ലോക്ക്. ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്മാര്‍ എന്ന മലയിലെ പ്രസംഗത്തിലെ വചനത്തെ നോവലിസ്റ്റ് തെളിച്ചു പറയുന്നത് നോക്കുക. 'പലരും തെറ്റിദ്ധരിച്ചിരിക്കുന്നത് പോലെ, ഭൂമിയില്‍ ദാരിദ്ര്യമനുഭവിക്കുന്നവര്‍ക്കെല്ലാം ദൈവരാജ്യത്തില്‍ തീനും കുടിയുമനുഭവിക്കാം എന്നല്ല അതിനര്‍ത്ഥം. ആത്മാവില്‍ ഉണ്ടാവേണ്ടത് ആഗ്രഹങ്ങളുടെ ദാരിദ്ര്യമാണ്. ആശയൊഴിഞ്ഞ് ശൂന്യമാകുന്ന മുറയ്ക്ക് ആത്മാവ് അതിനെ സ്വയം പ്രകാശനശേഷി പ്രദര്‍ശിപ്പിച്ച് നിങ്ങളില്‍ തന്നെയുള്ള ദൈവരാജ്യത്തിന്റെ അനുഭവം നല്‍കുമെന്ന വാഗ്ദാനമാണത്.' ഇതിനെ കൂടുതല്‍ ലഘൂകരിച്ചു മറ്റൊരിടത്ത് പറയുന്നു. 'ആരുടേയും ആഗ്രഹത്തിന് ലോകം പരിധി വെച്ചിട്ടില്ല. എന്നാല്‍ അവനവന്‍ തന്നെ അവനവന് പരിധി വച്ചില്ലെങ്കില്‍ അതപകടവുമാണ്.'

'ഏത് രാജ്യത്തിന്റെ നിര്‍മ്മിതി എന്നതല്ല, കൃത്യസമയം കാണിക്കുന്നുവോ എന്നാണ് നിയന്താവ് നോക്കുക. സമയം തെറ്റിക്കുന്നത് ക്ലോക്കിന്റേതല്ലാതെ സമയത്തിന്റെ പ്രശ്‌നമല്ലല്ലോ. സ്വന്തം ക്ലോക്കാണ് ശരിയെന്ന് ശഠിച്ച് മത്സരിക്കുന്നവര്‍ ഒരു കഷണം നിശ്ചലതയെ അനുഭവിച്ച ശേഷം സമയത്തേക്ക് തിരിഞ്ഞ് അതിനെ അറിയാന്‍ ശ്രമിക്കട്ടെ.' എന്ന് ആന്റിക്ലോക്കിന്റെ സന്ദേശത്തെ ചുരുക്കാം. വിശ്വമാനവീകതയെ സ്വപ്നം കാണുന്നവയാണ് വിശ്വപ്രശസ്തമായ നോവലുകള്‍. അത്തരമൊരു വിശാലകാഴ്ചപ്പാട് ആന്റിക്ലോക്കിനുണ്ട്. അടരുകളില്‍ ചിന്തകളൊളിപ്പിച്ച ഈ നോവലിന്റെ പെയിന്റിംഗ് വേണമെങ്കില്‍ അല്പം കൂടെ നന്നാക്കാമായിരുന്നു എന്നൊരഭിപ്രായമുണ്ടെങ്കിലും കെട്ടിടം നല്ല പാറമേല്‍ ഉറപ്പുള്ള കല്ലു കൊണ്ട് നല്ല സിമെന്റില്‍ പണിതതാണ് എന്നുറപ്പിച്ചു പറയാം. അത് കൊണ്ട് തന്നെ സുരക്ഷിതമായ താമസത്തിന് ഉത്തമം. ആനുകാലികമായ വിഷയങ്ങളെ ശക്തമായി കൈകാര്യം ചെയ്തിരിക്കുന്ന ആന്റിക്ലോക്ക് എഴുത്തിന്റെ കലയില്‍ ജയിംസിന്റെ (James Vj) മികച്ച കരവിരുതിന്റെ തെളിവാണ്.

പോള്‍ സെബാസ്റ്റ്യന്‍

പ്രസാധനം - ഡി സി ബുക്‌സ്
പേജ് - 336
രണ്ടാം പതിപ്പ് വില (ഇന്ത്യയില്‍) - 325 രൂപ
Anticlock

Friday, November 16, 2018

നിര്‍വചനങ്ങളില്ലാത്ത പ്രണയം




പ്രണയം! പലരും പല തരത്തില്‍ നിര്‍വ്വചിച്ചു നിര്‍വ്വചിച്ചു അര്‍ത്ഥ വ്യക്തത നഷ്ടപ്പെട്ട വാക്ക്. എന്താണ് പ്രണയം എന്നതിന് കാര്‍ത്തിക എന്ന നോവലിസ്റ്റ് നല്‍കുന്ന ഉത്തരമാണ് 'നിര്‍വചനങ്ങളില്ലാത്ത പ്രണയം' എന്ന നോവല്‍.

ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഒരു പ്രവാസി പെണ്‍കുട്ടിയുടെ നാട്ടിലേക്കുള്ള ഒരു ചെറിയ ഇടവേളയിലാണ് പ്രണയത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടുന്ന നോവല്‍ സംഭവിക്കുന്നത്. കാര്‍ത്തിക എന്ന നോവലിസ്റ്റിന്റെ പേര് തന്നെയാണ് പ്രധാന കഥാപാത്രത്തിനും നല്‍കിയിരിക്കുന്നത്. ഇത് ആത്മകഥാപരമാണോ എന്ന് സംശയിക്കാന്‍ അവസരമൊരുക്കുമ്പോഴും അതങ്ങനെയല്ല എന്ന വ്യക്തമായ സൂചന നോവലില്‍ നല്‍കുന്നുണ്ട് നോവലിസ്റ്റ്. അവള്‍ അനാഥയാണെന്നത് അവള്‍ക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു വഴി മാത്രമായിരുന്നു. പക്ഷെ, പ്രണയത്തെയും അവള്‍ ഒരു വേലിക്കെട്ടിനുള്ളില്‍ നിര്‍ത്താന്‍ താല്പര്യപ്പെട്ടില്ല. പകരം, ഒരു വേലിക്കെട്ടിനുള്ളില്‍ നിര്‍ത്തേണ്ടതാണോ പ്രണയം എന്ന ചോദ്യത്തെ ജീവിക്കുകയായിരുന്നു. 'ഈ ലോകത്തിലുള്ള അനശ്വര പ്രണയങ്ങള്‍ എന്ന് ഈ ലോകം വാഴ്ത്തിപ്പാടുന്ന പ്രണയങ്ങള്‍ ഒന്നും അവരുടെ ജീവിതത്തില്‍ പൂര്‍ണ്ണമായതുകൊണ്ടല്ല അവയെല്ലാം അനശ്വരമെന്ന് പറയുന്നത്, മറിച്ച് ആ പ്രണയങ്ങള്‍ പൂര്‍ണ്ണമാക്കപ്പെട്ടത് അവരുടെ ഹൃദയങ്ങളിലായിരുന്നു. അവരുടെ ആത്മാവിലായിരുന്നു.' കാര്‍ത്തികയും കോളേജ് അധ്യാപകന്‍ കൂടിയായ നോവലിസ്റ്റ് അജയ് കൃഷ്ണയും തമ്മിലുള്ള സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പൂര്‍ണ്ണതയിലേക്കുള്ള യാത്രയുടെ കഥയാണ് 'നിര്‍വചനങ്ങളില്ലാത്ത പ്രണയം'.

നോവലിസ്റ്റ് ആമുഖത്തില്‍ പറയുന്നു: 'പ്രണയമാണ് ഈ നോവലിന്റെ ഇതിവൃത്തമെങ്കിലും പ്രണയത്തെ കാമുകീകാമുക സങ്കല്‍പ്പത്തില്‍ നിന്നും അടര്‍ത്തി മാറ്റി സ്വതന്ത്രമായ ചിന്താഗതിയുള്ള രണ്ടു വ്യക്തികള്‍ തമ്മിലുള്ള സൗഹൃദവുമായി അതിനെ കോര്‍ത്തിണക്കുന്നു. ആ യാത്രയില്‍ പ്രകൃതിയും അതിന്റെ സൗന്ദര്യവും ആ പ്രണയത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നുള്ളതും എന്റെ ഭാവനയ്ക്കനുസരിച്ച് വര്‍ണ്ണിച്ചിരിക്കുന്നു.'

വല്ലപ്പോഴുമൊക്കെ പ്രണയനോവലുകള്‍ വായിക്കാറുണ്ടെങ്കിലും ഒരു നോവല്‍ മുഴുവന്‍ പ്രണയത്തെ ചര്‍ച്ച ചെയ്യുന്നത് വായിക്കുന്നത് ആദ്യമാണ്. ആഴത്തില്‍ തന്നെ ആ ചര്‍ച്ച പുരോഗമിക്കുന്നുണ്ട്. ഈ ചര്‍ച്ചയെ മുന്നോട്ട് കൊണ്ടുപോകാനായി മാത്രമാണ് നോവലില്‍ കഥയെ ഉപയോഗിച്ചിരിക്കുന്നത് എന്നതിനാല്‍ നാടകീയമായ അധികം കഥാ സന്ദര്‍ഭങ്ങള്‍ ഇതില്‍ കാണാന്‍ സാധിക്കുകയില്ല. കാമുകീ കാമുകര്‍ക്കെതിരെ പടവാളുമായി വരുന്ന ഭീകരരായ ബന്ധുക്കളെയോ വില്ലന്മാരെയോ ഇതില്‍ കാണാന്‍ സാധിക്കുകയില്ല. എങ്കില്‍ പോലും ശക്തമായ ഒരു മതില്‍ അവരുടെ പ്രണയത്തിന് വിഘാതമായി ഉണ്ട് താനും. തീര്‍ത്തും ലളിതമായ ഒരു കഥയെ ആകാംക്ഷ നിറച്ചു കൊണ്ട് അവതരിപ്പിക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്.

അഹങ്കാരവും വാശിയും മനുഷ്യസ്വഭാവത്തിന്റെ ഒഴിവാക്കാനാവാത്ത രണ്ടു ഭാവങ്ങളാണ്. അഹങ്കാരത്തിന്റെ വേലിക്കെട്ട് പൊളിക്കാതെ അവര്‍ക്ക് വിനയത്തിന്റെ വഴിയേ യാത്ര തുടങ്ങാനാവുകയില്ല. വിനയത്തിന്റെ വഴിയിലൂടെയല്ലാതെ സത്യവും സ്വാതന്ത്ര്യവും സഞ്ചരിക്കുകയുമില്ല. നോവലിലെ കാര്‍ത്തികയിലെ അഹങ്കാരം നേരത്തെ തകര്‍ക്കപ്പെടുന്നുണ്ട്. ഇത് അവള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം അവളെ കരുത്തയാക്കുന്നുണ്ട്. അതെ സമയം അജയ് ബന്ധനത്തിലാണ്. അഹങ്കാരത്തിന്റെ മാത്രമല്ല, വാശിയുടെയും. 'അയാളുടെ വാശി എനിക്കറിയാം. ഒരു കാര്യം വേണമെന്നാഗ്രഹിച്ചാല്‍ അത് കിട്ടുന്നിടം വരെ ആ വാശി കാണിക്കും.' വാശിയുടെ കാര്യത്തില്‍ കാര്‍ത്തികയും പിറകിലല്ല. പക്ഷെ, അജയന്റെ ചില പിടിവാശികള്‍ക്ക് മുന്‍പില്‍ ചിലപ്പോഴൊക്കെ വിട്ടു വീഴ്ച വേണമെന്ന് അവള്‍ക്കറിയാം. 'പ്രണയാര്‍ദ്രമീ യാത്ര' എന്ന നോവല്‍ എഴുതിയ അജയ് കൃഷ്ണ പക്ഷെ ആ എഴുത്തില്‍ നിന്ന് വ്യത്യസ്തമായ ഒന്നും പഠിക്കുന്നില്ല. അവന് സ്വയം സ്വതന്ത്രനാവാനും സാധിക്കുന്നില്ല. പക്ഷെ, നോവലിനുള്ളില്‍ 'നിര്‍വചനങ്ങളില്ലാത്ത പ്രണയം' എന്ന നോവല്‍ എഴുതുന്ന കാര്‍ത്തിക പ്രണയത്തെ തിരിച്ചറിയുകയും സ്വയമായി അതിനെ നിര്‍വചിക്കുകയും പ്രണയത്തെയും പ്രണയിയെയും സ്വന്തമാക്കുകയും സ്വതന്ത്രമാക്കുകയും ചെയ്യുന്നുണ്ട്.

പ്രണയം ഊര്‍ജ്ജമാണ്. അത് പലപ്പോഴും മൗനത്തിന്റെ കൂടാരത്തിലൊളിക്കും. ചിലപ്പോള്‍ ഈ മൗനം കാമത്തിന്റെ ചിറകു വിരിക്കും. ചിന്തയിലേക്കും ശരീരത്തിലേക്കും മാത്രമല്ല, ആത്മാവിലേക്കും പടര്‍ന്നു കയറും. പ്രണയിക്കുന്ന ആത്മാക്കളുടെ ചേര്‍ച്ചയില്‍ മാത്രമാണ് പ്രണയ സായൂജ്യം അനുഭവിക്കാനാവുക. നോവലിലെ വിവിധ ഭാഗങ്ങളില്‍ പ്രണയത്തിന്റെ വിവിധങ്ങളായ രൂപങ്ങളെയും ഭാവങ്ങളെയും വിശകലനം ചെയ്ത് എഴുതുന്നുണ്ട് കാര്‍ത്തിക. നോവലിലെ ചിന്തകള്‍ പങ്കു വെയ്ക്കുന്നത് നോവലില്‍ നിന്ന് എന്ത് പ്രതീക്ഷിക്കാം എന്ന ഏകദേശ രൂപം വായനക്കാര്‍ക്ക് കിട്ടുന്നതിന് സഹായിക്കുമെന്ന് കരുതുന്നു.

'പ്രണയം എന്ന വൈകാരികാവസ്ഥയില്‍ ഒരു വ്യക്തിയില്‍ പ്രകടമാവുന്നത് അവരുടെ ഉപബോധമനസ്സില്‍ ഉറങ്ങിക്കിടക്കുന്ന അനിര്‍വചനീയമായ ഊര്‍ജ്ജത്തിന്റെ ഒരു വിസ്‌ഫോടനമാണ്. അവിടെ വ്യാപരിക്കുന്ന പരമമായ ചൈതന്യമാണ്. പ്രണയമുള്ള ഒരു വ്യക്തിയില്‍ പ്രതിഫലിക്കപ്പെടുന്ന അനന്തമായ ആനന്ദത്തിന് അതിന്റെ സമ്പൂര്‍ണ്ണതയ്ക്ക് കാരണമാകുന്നത്. ആ ഊര്‍ജ്ജത്തിന് മനുഷ്യമനസ്സുകളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള അപാരമായ ശക്തിയുണ്ട്.' 'ഈ പ്രപഞ്ചത്തിലുള്ള എല്ലാത്തിലും പ്രണയത്തെ കണ്ടെത്തുവാന്‍ കഴിഞ്ഞാല്‍ നമ്മുടെ ജീവിതം തന്നെ പ്രണയാര്‍ദ്രമായി മാറുന്നു.' മനുഷ്യനിലെ പ്രണയവും പ്രകൃതിയുടെ പ്രണയവും തമ്മില്‍ ഐക്യപ്പെടുന്നുണ്ട് ഈ നോവലില്‍. 'പറയാതെ പറഞ്ഞ, അറിയാതെ അറിഞ്ഞ ഞങ്ങളുടെ പ്രണയത്തെ പ്രകൃതിയും ഏറ്റെടുത്ത് പുറത്ത് ഒരു ശക്തമായ മഴയായി പെയ്തിറങ്ങുവാന്‍ തുടങ്ങി.' മഴയുടെ ഈ പ്രണയപ്പെയ്ത്ത് നോവലില്‍ പലയിടത്തും സംഭവിക്കുന്നുണ്ട്.

കാമം പ്രണയത്തിന്റെ പൂര്‍ണ്ണതയ്ക്ക് അനിവാര്യമാണോ? 'എനിക്ക് വേണ്ടത് കാമത്തില്‍ അധിഷ്ഠിതമായ ഒരു പ്രണയമല്ല. പക്ഷെ നമ്മുടെ മനസ്സും ശരീരവും ആ കാമത്തെ പുല്‍കുവാന്‍ ആഗ്രഹിക്കുന്നു ഇടയ്ക്ക്. അതുകൊണ്ടാണ് പ്രണയത്താല്‍ നീ എന്നെയിന്ന് സ്പര്ശിച്ചപ്പോഴും ഞാന്‍ നിന്നെ എതിര്‍ക്കാതിരുന്നത്. പ്രണയത്തെ അന്തരാത്മാവിലൂടെയോ അല്ലെങ്കില്‍ ബഹികമായ ശാരീരിക ഒത്തുചേരലിലൂടെയോ അറിയുകയെന്നത് തെറ്റാണോ?' സൗഹൃദത്തിലധിഷ്ഠിതമായ പ്രണയമാണ് ഈ നോവലില്‍ സംഭവിക്കുന്നത്. അജയുടെ ഭാര്യ ചിന്തിക്കുന്നത്, 'എനിക്കും ഇത് പോലെ ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നെങ്കില്‍ രണ്ട് ദിവസം എനിക്കും ഇവിടെ നിന്നൊന്ന് മാറിനില്‍ക്കാമായിരുന്നു' എന്നാണ്. ഇവിടെ ഒരു പരിഭവത്തിന്റെ രൂപത്തിലായാലും സ്വാര്‍ത്ഥതയെ വെടിയണമെന്ന ഒരു സന്ദേശം കൈമാറുന്നുണ്ട്. 'ഒരു സാധാരണ സ്ത്രീ പുരുഷ ബന്ധത്തിന്റെ പ്രതിച്ഛായയില്‍ നമ്മള്‍ രണ്ടുപേരും ഇതിനെ കാണാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെയായിരുന്നെങ്കില്‍ ഇത്രയും തീവ്രമായ ഈ ബന്ധം എപ്പോഴേ ലൈംഗികമായ ആസക്തികളെ തേടി പോകുമായിരുന്നു. ഇവിടെ ലൈംഗീകതയെക്കാള്‍ നീ എപ്പോഴും മുന്‍തൂക്കം കൊടുക്കുന്നത് പ്രണയത്തില്‍ അധിഷ്ഠിതമായ ഒരു സൗഹൃദത്തിനാണ്. ഒരു പക്ഷെ, അതുകൊണ്ടായിരിക്കാം ഒമ്പത് വര്‍ഷമായിട്ടും നമ്മുടെ ഈ ബന്ധം അതിന്റെ പുതുമയോട് കൂടിത്തന്നെ ഇപ്പോഴും നിലനില്‍ക്കുന്നത്.' എന്ന് പറയുമ്പോഴും ശക്തമായ ലൈംഗികതയുടെ അടിയൊഴുക്ക് നായികാ നായക പ്രണയത്തിലുണ്ട്. പ്രണയം അതിന്റെ അടിസ്ഥാന ആശയത്തില്‍ ഒന്നു ചേരലും സ്വന്തമാക്കലുമാണെങ്കിലും സ്വന്തമാക്കുന്നതിനെ അടച്ചിടുന്നതിലല്ല സ്വതന്ത്രമാക്കുന്നതിലാണ് മഹത്വമിരിക്കുന്നതെന്ന് നിര്‍വചനങ്ങളില്ലാത്ത പ്രണയത്തില്‍ നോവലിസ്റ്റ് അഭിപ്രായപ്പെടുന്നു. 'പ്രണയം എന്ന് പറയുന്നത് രണ്ട് ആത്മാക്കളെ വിവാഹം എന്ന ആചാരത്തിലൂടെ ബന്ധിപ്പിക്കുന്ന ഒരു ബന്ധനമായിട്ടാണ്. ഈ ലോകം മുഴുവന്‍ ആ ബന്ധനത്തെ പ്രണയത്തിന്റെ പൂര്‍ണ്ണതയായിട്ട് കാണുന്നു. എന്റെ ചോദ്യം, പ്രണയമെങ്ങനെയാണ് ഒരു ബന്ധനമായി മാറുന്നതെന്നാണ്. അത് ഈ ലോകത്തില്‍ നിസ്സീമമായി വിരാജിക്കേണ്ട ഒന്നല്ലേ?' 'ബന്ധനങ്ങളില്‍ ഒരിക്കലും പ്രണയം ഉണ്ടാകുന്നില്ല.'

പ്രണയം വിതറിയതാണ് ഈ നോവലിലെ വഴിത്താരകള്‍. 'ഒരു വാഴയിലയില്‍ കുറച്ച് മുല്ലപ്പൂക്കള്‍. പ്രകൃതിയില്‍ അയാള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന സുഗന്ധം. എന്നിലെപ്പോഴും പ്രണയം നിറയ്ക്കുന്ന, എനിക്ക് പ്രിയപ്പെട്ട പ്രകൃതിയുടെ സുഗന്ധം. അത് എന്റെ നാസാരന്ധ്രങ്ങളിലൂടെ എന്റെ ശരീരത്തിലാകമാനം പടര്‍ത്തി. ഞാനറിഞ്ഞു, എന്റെ ശരീരത്തിലെ ഓരോ അണുവിലും നിറഞ്ഞു നില്‍ക്കുന്ന പ്രണയത്തെ അത് തൊട്ടുണര്‍ത്തുന്നത്. ഞാനാ മുല്ലപ്പൂക്കള്‍ അയാളുടെ മേശപ്പുറത്ത് വെച്ചു.' പ്രണയം പെയ്തിറങ്ങുന്നത് കണ്ണുകളിലൂടെയാണ്. നോട്ടത്തിലൂടെയാണ്. 'അയാളുടെ ആ നോട്ടം എന്നിലെപ്പോഴും ഒരു അസ്വസ്ഥത ഉണ്ടാക്കുമായിരുന്നു. കാരണം ആ നോട്ടത്തില്‍ അയാളുടെ കണ്ണുകളിലെ പ്രണയത്തിന്റെ തീവ്രത അറിയുവാന്‍ പറ്റുമായിരുന്നു.' ആ നായിക തന്നെ അടുത്ത പേജില്‍ പറയുന്നു. 'അതെ...എനിക്കിഷ്ടമാണ് നീ കുളിക്കുന്നത് കാണാന്‍. നീ കുളത്തില്‍ മുങ്ങിനിവരുമ്പോള്‍ നിന്റെ തലമുടിയില്‍ നിന്നും ഇറ്റിറ്റ് വീഴുന്ന വെള്ളത്തുള്ളികളോടും നിന്റെ ശരീരത്തില്‍ തട്ടിത്തടഞ്ഞ് തെന്നിപ്പായുന്ന ജാലകണങ്ങളോടും ചിലപ്പോള്‍ അസൂയ തോന്നാറുണ്ട്.'

'നിന്റെ മൗനമാണ് എന്റെ പ്രണയം.
ആ മൗനത്തില്‍ വാചാലതയായി 
എന്നന്തരാത്മാവില്‍ നിറയുമാ പ്രണയം 
പിറക്കുന്നു ഈ ഭൂവില്‍ എന്നക്ഷരങ്ങളായി.' എന്ന് നോവലിസ്റ്റ് എഴുതുന്നു. ഇവിടെ പ്രണയം നായികയായ എഴുത്തുകാരിയെ തന്റെ എഴുത്തിനുള്ള പ്രേരകശക്തിയായി പ്രതിഷ്ഠിക്കുകയാണ്. ആദിയില്‍ വചനമുണ്ടായിരുന്നു, ആ വചനം ദൈവത്തോട് കൂടെയായിരുന്നു, ആ വചനം തന്നെയായിരുന്നു ദൈവം എന്ന ബൈബിള്‍ വാക്യത്തോട് ചേര്‍ത്തു വായിച്ചാല്‍. അക്ഷരങ്ങളിലൂടെ വിരിയുന്ന സൃഷ്ടി എന്നതാണ് എഴുത്തുകാരി പ്രണയത്തിന് നല്‍കുന്ന മാനം. ഇത് ഒരു ഉയര്‍ന്ന അര്‍ത്ഥതലമാണ്. ഇവിടെ എഴുത്തുകാരി പ്രണയത്തെ ലോകത്തിന്റെ മുഴുവന്‍ സൃഷ്ടിയുടെ ശക്തിയും കാരണവും ചൈതന്യവുമായി പ്രതിഷ്ഠിക്കുകയാണ്. 'നമ്മള്‍ പരസ്പരം ആദ്യം അറിഞ്ഞത് നമ്മുടെ കണ്ണുകളിലൂടെയാണ്. പക്ഷെ, ഇന്ന് ഞാന്‍ നിന്നെ അറിഞ്ഞിരിക്കുന്നു, നിന്റെ അക്ഷരങ്ങളിലൂടെ' എന്ന് എഴുതുന്നിടത്ത് ഈ അക്ഷരപ്രണയം ഒന്നിനൊന്നു ചേര്‍ന്ന് നില്‍ക്കുന്നു.

പ്രവാസത്തില്‍ നിന്ന് അവധിക്ക് വന്നതാണ് കഥാനായികയെങ്കിലും പ്രവാസത്തിന് ചുരുങ്ങിയ ഇടമേ നോവലില്‍ ലഭിക്കുന്നുള്ളു. ഒരു സമ്പൂര്‍ണ്ണ പ്രണയനോവലില്‍ പ്രണയത്തിന്റെ ഭൂമിക പ്രവാസമല്ലെന്നിരിക്കെ ഇത് മനസ്സിലാക്കാവുന്നതേയുള്ളൂ. എങ്കിലും ചുരുങ്ങിയ വാക്കുകളിലൂടെ പ്രവാസത്തെ അടയാളപ്പെടുത്തുന്നുണ്ട് ഈ നോവല്‍. 'ഹേയ്! ഞാനാലോചിക്കുകയായിരുന്നു നമ്മുടെ നാട്ടിലെ നാലുമണിക്കാറ്റിനെക്കുറിച്ച്. ഈ ഗള്‍ഫുകാര്‍ക്ക് നാലുമണിക്കാറ്റ് എന്നത് ഒരു ദിവാസ്വപ്നമാണ്. കാരണം മരുഭൂമിയിലെ കാറ്റിന് ചൂടിന്റെ മേലാപ്പാണ്.' 'ഞാന്‍ നാട്ടില്‍ നിന്ന് പോയതുകൊണ്ടാ ഇവിടെയുള്ള എല്ലാത്തിനും ഇത്രയും സൗന്ദര്യമുള്ളതായി തോന്നുന്നത്. താനതെന്നോട് പറയുമ്പോഴാണ് ഞാനതിനെക്കുറിച്ചൊക്കെ ചിന്തിക്കുന്നത് തന്നെ. ശരിക്കും നമ്മുടെ നാടിന്റെ നന്മയും സൗന്ദര്യവുമൊക്കെ മനസ്സുകൊണ്ട് അറിയണമെങ്കില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും ഒരു പ്രവാസിയായി ജീവിക്കണം.' എന്നിങ്ങനെ പ്രവാസം സാന്നിധ്യം അറിയിക്കുന്നു.

ആദ്യ എഴുത്തില്‍ പലര്‍ക്കും സംഭവിക്കുന്നത് പോലെ ആദ്യ അധ്യായങ്ങളില്‍ കാഴ്ചപ്പാടുകളുടെ വ്യക്തത അവിടവിടെ പാളിപ്പോകുന്നുണ്ട്. അവസാന അധ്യായങ്ങളാവുമ്പോഴേക്ക് അത് തിരുത്തപ്പെടുന്നുമുണ്ട്. അതുപോലെ, ഒഴിവാക്കാമായിരുന്ന കുറച്ചു ചെറിയ തെറ്റുകള്‍ ഈ പുസ്തകത്തില്‍ കടന്നുകൂടിയിട്ടുണ്ട്. ഒരു എഡിറ്റിംഗിന്റെ അനിവാര്യത ഈ പുസ്തകത്തിനുണ്ട്. പ്രണയനോവലുകള്‍ വിരളമായ ഇക്കാലത്ത്, നന്നായി ഒന്ന് മിനുക്കിയെടുത്താല്‍ മികച്ച ഒരു നോവലായി ഇതിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞേക്കും എന്ന് തോന്നുന്നു. അതിന് കഴിയട്ടെ എന്നാശംസിക്കുന്നു. ഇത് പറയുമ്പോള്‍ തന്നെ, ഇത്തരം ചെറിയ തെറ്റുകളോട് കൂടെ തന്നെ നോവല്‍ നല്ല ഒരു വായനാനുഭവം തന്നു എന്ന് സാക്ഷ്യപ്പെടുത്തേണ്ടതും കൂടിയുണ്ട്.

'നിന്റെ പ്രണയം നെഞ്ചിലേറ്റി ഞാനെന്റെ ഹൃദയത്തില്‍ ഗര്‍ഭം ധരിച്ച് എന്റെ തൂലികയിലൂടെ ജന്മം നല്‍കിയ എന്റെ കുഞ്ഞുങ്ങളാണ് ആ ഡയറിയിലെ ഓരോ അക്ഷരങ്ങളും. നിന്നോടുള്ള പ്രണയത്തില്‍ അലിഞ്ഞു ചേര്‍ന്ന് ഞാന്‍ എഴുതിയ എന്റെ പ്രണയകാവ്യം' എന്ന് നോവലിസ്റ്റ് എഴുതുന്നുണ്ട്. അതെ, പ്രണയന്വേഷണങ്ങളുടെ പുസ്തകമാണ് ഇത്. ഇത് വായിച്ചു കഴിയുമ്പോള്‍ പ്രണയത്തിന്റെ നിര്‍വചനം നിങ്ങള്‍ക്ക് കിട്ടുമോ എന്ന് എനിക്ക് ഉറപ്പു പറയാനാവില്ല. പക്ഷെ, പ്രണയത്തിന്റെ നിര്‍വചനങ്ങളെ തേടി നിങ്ങളുടെ മനസ്സലയും വിധം പ്രണയാര്‍ദ്രമായ ഒരു യാത്ര ഈ പുസ്തകം പ്രധാനം ചെയ്യുമെന്നുറപ്പ്.

പോള്‍ സെബാസ്റ്റ്യന്‍

പ്രസാധനം - ഗ്രീന്‍ ബുക്‌സ്, (ജി-മോട്ടിവേഷന്‍) 
പേജ് - 128 
ആദ്യ പതിപ്പിന്റെ വില - 140 രൂപ

Nirvachanangalillatha Pranayam

Wednesday, November 7, 2018

ഓര്‍മകളുടെ ഭ്രമണപഥം


നമ്പി നാരായണന്റെ ആത്മകഥ, ഓര്‍മകളുടെ ഭ്രമണപഥത്തെപ്പറ്റിയുള്ള പോള്‍ സെബാസ്ററ്യന്റെ ആസ്വാദനം പങ്കു വെയ്ക്കുന്നു.

===========================================================



'കാലം ഉണക്കാത്ത മുറിവുകളില്ല. കാലം തെളിയിക്കാത്ത തെറ്റുകളും.' ഈ വാചകങ്ങളോടെയാണ് ജി പ്രജേഷ് സെന്‍ എഴുതിയ നമ്പി നാരായണന്റെ ആത്മകഥ, ഓര്‍മകളുടെ ഭ്രമണപഥം അവസാനിക്കുന്നത്. ഒരുപക്ഷെ, ഈ പുസ്തകത്തിന്റെ വായന തുടങ്ങേണ്ടത് തന്നെ ആ വരികളിലൂടെയാണെന്ന് തോന്നുന്നു.



ആമുഖത്തില്‍ നമ്പിനാരായണന്‍ പറയുന്നു. 'എന്റെ ജീവിതത്തെയും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളെയും ചാരക്കേസിന് മുമ്പും ശേഷവും എന്ന് രണ്ടായി വേര്‍തിരിച്ച സംഭവമാണ് ഐ എസ് ആര്‍ ഒ ചാരക്കേസ്.....എങ്ങനെയാണ് മാലി യുവതിയോട് ഒരു പോലീസ് ഓഫീസര്‍ക്ക് തോന്നിയ ആസക്തി പ്രമാദമായ ഒരു ചാരക്കേസായി മാറിയതെന്നും കോണ്‍ഗ്രസിലെ ഒരു വിഭാഗം സര്‍ക്കാരിനെ വീഴ്ത്താനുള്ള തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിനായി അതിനെ ഉപയോഗിച്ചതെന്നും എങ്ങനെയാണ് നമ്മുടെ ഇന്റലിജന്‍സ് ബ്യുറോ ആഗോളതലത്തിലെ പല ശക്തികളുമായി കൈകോര്‍ത്ത് ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പിന് തടയിടാന്‍ ഈ സംഭവത്തെ ഉപയോഗിച്ചതെന്നും ഈ പുസ്തകം വ്യക്തമാക്കുന്നു.'



പക്ഷെ, ഈ പുസ്തകം ചാരക്കേസിനെപ്പറ്റി അറിയാനുള്ള ഒരു പുസ്തകം എന്നതിലുപരി നമ്മുടെ ബഹിരാകാശ ദൗത്യങ്ങളുടെ ഇന്നലെകളെപ്പറ്റി അറിയാനും നമ്മള്‍ നേരിടുന്ന വെല്ലുവിളികള്‍ ബോധ്യപ്പെടാനുമുള്ള അവസരം കൂടെ ഒരുക്കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ പുരോഗതി തടയാന്‍ കാത്തിരിക്കുന്ന വന്‍ശക്തികളുടെ ഗൂഢവഴികളെപ്പറ്റി ചിന്തിപ്പിക്കാനും ഈ പുസ്തകത്തിനാവും.



ചാരക്കേസ്

==========

ഐ എസ് ആര്‍ ഓ ചാരക്കേസ് ഈ പുസ്തകത്തിന്റെ പ്രധാന ഉള്ളടക്കമാണ്. അതിന്റെ തുടക്കം മുതലുള്ള നാള്‍ വഴികള്‍ മാത്രമല്ല, സി ബി ഐ യുടെ കേസ് അന്വേഷണ റിപ്പോര്‍ട്ടും പുസ്തകത്തിന്റെ ഭാഗമാണ്. രാഷ്ട്രീയവും പോലീസും നീതിന്യായ വ്യവസ്ഥിതികളും എല്ലാം എങ്ങനെ നിരപരാധികളെ ക്രൂശിക്കാന്‍ കൂട്ടു നില്‍ക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ച ഈ പുസ്തകം നല്‍കും. കുറ്റ വിചാരണയ്ക്കും വിധിപ്രസ്താവത്തിനും മുന്‍പ് വിധിയെഴുതി ശിക്ഷ നടപ്പാക്കുന്ന മാധ്യമങ്ങളും വ്യക്തികളും എത്ര വലിയ ക്രൂരതയാണ് ചെയ്യുന്നതെന്ന് ഈ പുസ്തകത്തിലെ വരികള്‍ നമ്മെ ചിന്തിപ്പിക്കും.



'1994 ഒക്ടോബര്‍ 15 നായിരുന്നു പി എസ് എല്‍ വി യുടെ ആദ്യത്തെ വിജയകരമായ വിക്ഷേപണം.' അതുകഴിഞ്ഞ് 5 ദിവസങ്ങള്‍ക്കു ശേഷം '1994 ഒക്ടോബര്‍ 20ന് തനിനിറമെന്ന സായാഹ്നപത്രം മറിയം റഷീദയെന്ന മാലിയില്‍ നിന്നുള്ള ഒരു യുവതി ചാരപ്രവര്‍ത്തനത്തിന് അറസ്റ്റ് ചെയ്യപ്പെട്ടതായ ഒരു വാര്‍ത്ത പുറത്തു വിടുകയുണ്ടായി. സി പി എം മുഖപത്രം ദേശാഭിമാനി പിറ്റേന്നു തന്നെ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളുമായി രംഗത്ത് വന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ കേരള കൗമുദി വലിയൊരു ബോംബു പൊട്ടിച്ചു. മുഖ്യമന്ത്രി കരുണാകരന്റെ അടുപ്പക്കാരനായിരുന്ന ഐ ജി രാമന്‍ ശ്രീവാസ്തവയ്ക്ക് ചാരക്കേസുമായി ബന്ധമുണ്ടെന്നായിരുന്നു അത്. ശാസ്ത്രജ്ഞരില്‍ നിന്ന് ഹണി ട്രാപ്പിലൂടെ മറിയം റഷീദ ഐ എസ് ആര്‍ ഒ യിലെ ക്രയോജനിക് എന്‍ജിന്റെ ചിത്രങ്ങളും രേഖകളും പാകിസ്താനിലേക്ക് കടത്തിയെന്നായിരുന്നു ആരോപണം.'



നവംബര്‍ 30 ന് പോലീസ് നമ്പി നാരായണന്റെ വീട്ടിലെത്തുന്നു.

'ഡി ഐ ജി സിബി മാത്യൂസ് സാറിന് താങ്കളെ കണ്ട് എന്തോ ചോദിക്കാനുണ്ട്. അത്രേ ഉള്ളൂ.'

ഞാന്‍ വേഗം അവരുടെ അനുവാദം വാങ്ങി, അകത്തേക്കു പോയി ഒരു ഷര്‍ട്ടും പാന്റ്‌സും ധരിച്ചു വന്നു. ഞാന്‍ അവര്‍ക്ക് പിന്നാലെ പുറത്തേക്കു നടന്നു. പിന്നില്‍ തളര്‍ന്ന കണ്ണുകളുമായി നിന്ന മീന ഒരു നിമിഷം നിലത്തൂര്‍ന്നു വീണു. ഞാന്‍ തിരിഞ്ഞു നോക്കിയില്ല.'

പിറ്റേ ദിവസത്തെ മനോരമ പത്രത്തിലൂടെ താന്‍ അറസ്റ്റിലായെന്ന് അദ്ദേഹത്തിന് മനസ്സിലാവുന്നു.

'പക്ഷെ, ഞാന്‍ തിരിച്ചറിഞ്ഞു. അറസ്റ്റിലാവാന്‍ കുറ്റം ചെയ്യണമെന്നില്ല എന്ന്. കുറ്റക്കാരനാക്കണമെന്ന് ചിലര്‍ക്ക് തോന്നിയാല്‍ മതിയെന്ന്! അങ്ങനെ ആര്‍ക്കൊക്കെയോ തോന്നിയതിന്റെ ഭാഗമാണ് ഞാനിപ്പോള്‍ ഈ ബെഞ്ചിലിരിക്കുന്നത്.' അദ്ദേഹം ചിന്തിച്ചു.



കോടതിയിലേക്ക് കൊണ്ട് പോകുന്നു.

'ആ കോടതിമുറിയിലാണ് നീതിയുടെ കണ്ണുകള്‍ മുറിവേറ്റ് വീഴുന്നത് ഞാന്‍ ആദ്യമായി കണ്ടു നിന്നത്. പിന്നെ പലയിടത്തും എന്നെ ആ കാഴ്ച കാത്തിരുന്നു. അന്ന് എന്നെ റിമാന്‍ഡ് കാണിക്കാന്‍ കാണിച്ച തിടുക്കം ആ കേസ് പഠിക്കാന്‍ കാണിച്ചിരുന്നെങ്കില്‍ ഐ എസ് ആര്‍ ഒ ചാരക്കേസ് അവിടെ അവസാനിക്കുമായിരുന്നു.' റിമാന്‍ഡിങ് കോടതികള്‍ പോലീസ് റിപ്പോര്‍ട്ടുകള്‍ക്ക് താഴെയുള്ള റബ്ബര്‍ സ്റ്റാമ്പുകളാവരുത് എന്ന അടിസ്ഥാനപാഠം.



'കേന്ദ്ര ഏജന്‍സിക്ക് മാത്രം അന്വേഷിക്കാന്‍ അധികാരമുള്ള കേസ് കേരള പോലീസ് അന്വേഷിച്ചിരുന്നു.'

പിന്നെ പോലീസ് കസ്റ്റഡിയിലേക്ക്. കിടപ്പുമുറിയിലെ ട്യൂണ മല്‍സ്യത്തെപ്പറ്റിയൊക്കെ അപ്പോഴേക്കും മാധ്യമങ്ങള്‍ കഥകള്‍ മെനഞ്ഞു തുടങ്ങിയിരുന്നു.

'കൂട്ടിലടച്ച വാഹനത്തില്‍ നഗരത്തിലൂടെ മൃഗശാലയിലെ ജീവികളെ കൊണ്ടുപോകുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഏതാണ്ടതുപോലെ ഞാനാ വാഹനത്തില്‍ കമ്പിയഴികള്‍ക്ക് പിന്നില്‍ നിന്ന്, നഗരം നടന്നും ഓടിയും പോകുന്നതു കണ്ടു.'

സത്യം എന്തെന്നറിയാന്‍ താല്പര്യമില്ലാത്ത മുന്‍കൂര്‍ രചിച്ച തിരക്കഥ അംഗീകരിച്ചാല്‍ മതി എന്ന് ശഠിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍. മൂന്നാം മുറകള്‍. പേര് ചോദിച്ചപ്പോള്‍ പരിഹസിച്ചു കൊണ്ട് അവര്‍ പറഞ്ഞു. 'എന്റെ പേര് സത്യാ. മറ്റേ ആളെ ചൂണ്ടി പറഞ്ഞു ഇത് ധര്‍മ്മം.......' 'ഗൗരവക്കാരായ അവരുടെ മുഖത്തേക്ക് നോക്കി എന്റെ പേര് 'നീതീ' എന്നു പറയാന്‍' അദ്ദേഹം ആഗ്രഹിച്ചു. പക്ഷെ പറഞ്ഞില്ല.



ചോദ്യം ചെയ്യലിനിടയില്‍ ഇരിക്കാന്‍ ഒരു കസേര പോലും അദ്ദേഹത്തിന് നിഷേധിച്ചു. 'നിനക്കീ രാജ്യത്ത് കസേരയും ഇല്ല...കാരണം നീയൊരു ചാരനാണ്!'



മുന്‍പ്, 'പ്രധാനമന്ത്രി വന്നാലും ഈ സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കരുത്. റോക്കറ്റ് ലോഞ്ചിങ് സമയത്ത് ഈ കസേര അതിനേക്കാള്‍ പ്രധാനമാണ്.' എന്ന് പറഞ്ഞ വിക്രം സാരാഭായിയുടെ വാക്കുകള്‍ അദ്ദേഹം ഓര്‍ത്തു. 'ഇരിക്കൂ...ആരു വന്നാലും എഴുന്നേല്‍ക്കരുത്.' ശ്രീമതി ഗാന്ധിയുടെ സാന്നിധ്യത്തില്‍ സാരാഭായ് പറഞ്ഞ ആ വാക്കുകള്‍ കാറ്റില്‍ ആവര്‍ത്തിച്ചു മുഴങ്ങിക്കൊണ്ടിരുന്നപ്പോള്‍' അദ്ദേഹത്തിന്റെ 'മുഖമടച്ച് രണ്ട് കരണത്തും അടിവന്നുവീണു. എനിക്ക് കസേര നിഷേധിച്ച ഐ ബി ക്കാരനായിരുന്നു അത്.'



'ഒരു കാര്യം മറക്കരുത്. എന്നെ കൊല്ലാതെ വിട്ടാല്‍ നിങ്ങളെക്കൊണ്ട് ഇതിനെല്ലാം ഞാന്‍ ഉത്തരം പറയിക്കും. നിങ്ങള്‍ക്കും ഇല്ലേ കുടുംബം? എന്റെ ജീവിതം തകര്‍ത്തതിന്റെ കണക്ക് ഞാന്‍ ചോദിച്ചിരിക്കും.'



'സാര്‍, ഇത് കള്ളക്കഥയാണ്. ചാരനല്ലെങ്കില്‍ കേസില്‍ നിന്ന് മോചിതനായി സാര്‍ വരൂ. വന്ന് ആ ചെരുപ്പൂരി ഞങ്ങളെ അടിക്കൂ...അത് കൊള്ളാന്‍ ഞങ്ങള്‍ റെഡിയായിരിക്കാം.' ചോദ്യം ചെയ്തവര്‍ പരിഹസിച്ചു. പക്ഷെ, അദ്ദേഹം ചിരിച്ചില്ല. 'പകരം സൂക്ഷിച്ചു വെച്ചു. 23 വര്‍ഷം എന്റെ ആ പഴയ ചെരിപ്പുകള്‍. ആ ദ്രോഹികളുടെ കരണത്തടിയ്ക്കാനല്ല. എന്റെ പ്രതിഷേധത്തിന്റെ തീയണയാതിരിക്കാന്‍. കാരണം, ഞാനൊരു അഭിമാനിയായ അച്ഛന്റെ മകനായിരുന്നു.'

പീഡനങ്ങള്‍ തുടര്‍ന്നു.

'മുറിയില്‍ മറ്റാരെയോ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നത് ഞാന്‍ നോക്കി നില്‍ക്കുമ്പോലെ എനിക്ക് തോന്നി. എന്നെ മാറ്റി നിര്‍ത്തി എന്റെ ശരീരത്തെ മാത്രം മര്‍ദ്ദിക്കുന്നത് ഞാന്‍ നിര്‍വികാരനായി കണ്ടുനിന്നു.'

അദ്ദേഹം പൊരുതാനുറച്ചു.

'മഹാത്മാഗാന്ധിയുടെ അഹിംസാവാദത്തില്‍ എനിക്ക് വലിയ മതിപ്പില്ലായിരുന്നു. പണ്ട്. കാരണം സായുധ യുദ്ധത്തെയും ബ്രിട്ടീഷ് അതിക്രമത്തെയും അഹിംസ കൊണ്ടും സത്യാഗ്രഹം കൊണ്ടും നേരിടാമെന്ന തീരുമാനം ശരിയല്ലായിരുന്നു എന്നാണ് അന്നത്തെ ധാരണ. നമ്മളെ അക്രമിക്കുന്നവനെ തിരിച്ചടിച്ച് പ്രതിരോധിക്കുകയല്ലേ വേണ്ടതെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അത് അന്നത്തെ അപക്വ മനസ്സിന്റെ ഒരു വിശ്വാസം.,,,സത്യാഗ്രഹം അത് വലിയ തലത്തിലുള്ളതും നിശബ്ദവും ശക്തവുമായ ഒന്നാണെന്നും ഞാന്‍ തിരിച്ചറിഞ്ഞു.'



'മുപ്പത്തിയാറ് മണിക്കൂര്‍ ഉണ്ണാതെ ഉറങ്ങാതെ വെള്ളം പോലും കുടിക്കാതെ ശരിക്കുമൊരു സത്യാഗ്രഹിയായി ഞാന്‍ നിന്നു.'



കേസ് സി ബി ഐ ക്ക് വിട്ടു.



'അങ്ങനെ 24 മണിക്കൂര്‍ മാറി മറിഞ്ഞപ്പോള്‍ അന്തസ്സും അഭിജാത്യവമുള്ള ഉദ്യോഗസ്ഥരെയും തെമ്മാടികളെയും ഞാന്‍ കണ്ടു. തെമ്മാടികളില്‍ നിന്ന് അന്തസ്സുള്ളവരിലേക്കുള്ള സത്യത്തിന്റെ ദൂരം കേവലം 24 മണിക്കൂറാണെന്ന്' അദ്ദേഹം മനസ്സിലാക്കി.

അവസരം കിട്ടിയാലുടന്‍ എന്നെ തല്ലാനായിരുന്നു കേരള പോലീസ് അത്യുത്സാഹം കാട്ടിയത്. കുറ്റം ആരോപിക്കപ്പെട്ടയാള്‍ യഥാര്‍ത്ഥത്തില്‍ അത് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്നു ചിന്തിക്കുന്നതുപോലും അവരുടെ വിഷയമേ അല്ല എന്ന മനോഭാവമായിരുന്നു അവരുടേത്.

അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യരൂപത്തിലുള്ള മനോഗതം ഓരോ മലയാളിയും ഇന്നിന്റെ സാഹചര്യത്തില്‍ ചിന്തിക്കേണ്ടതാണ്.

'സി ബി ഐ യില്‍ ഒരു കോണ്‍സ്റ്റബിളിന് വെറും മൂന്നു വര്‍ഷത്തെ എക്സ്പീരിയന്‍സ് ഉണ്ടെങ്കില്‍ കുറ്റവാളിയെയും പ്രതിയെയും തിരിച്ചറിയാനാകും എന്നത് വളരെ അതിശയിപ്പിക്കുന്ന കാര്യമാണ്. ഗ്രേറ്റ്!

കേരളത്തില്‍ ഒരു കേരളീയന്‍ മറ്റൊരു കേരളീയനോട് പെരുമാറുന്നത് ഇങ്ങനെയാണോ? എനിക്കറിയില്ല.'



സി ബി ഐ ഓഫീസിലെ ചുവരില്‍ ശക്തമായ വാക്കുകള്‍ എഴുതിയിരിക്കുന്നത് അദ്ദേഹം കണ്ടു.

'ദൈവത്തോട് പ്രാര്‍ത്ഥിക്കൂ. അദ്ദേഹം വരും. അദ്ദേഹം പെട്ടെന്നു വരില്ല...പക്ഷെ അദ്ദേഹം തീര്‍ച്ചയായും വരും.'



പറയാനുള്ളത് കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേട്ടു. ലോകത്തുള്ള 150 കമ്പനികള്‍ക്ക് 2000 രൂപ വാങ്ങി അവര്‍ ആവശ്യപ്പെട്ട അത്രയും ഡ്രോയിങ്ങുകള്‍ നല്‍കിയ സ്ഥാപനമാണ് ഐ എസ് ആര്‍ ഒ എന്നവര്‍ കേട്ടു. കോടികള്‍ വിലയിട്ട് അത്തരം രേഖകള്‍ മീന്‍കുട്ടയില്‍ ചുവന്നു നടന്നു വില്‍ക്കാന്‍ ശ്രമിച്ചാല്‍ വാങ്ങാനാരുമുണ്ടാവില്ലെന്ന് അവര്‍ കേട്ടു. നൂറു കണക്കിന് വിമാനങ്ങള്‍ അതിന്റെ ഡ്രോയിങ്ങോടെ കിട്ടി എല്ലാ വര്‍ഷവും എല്ലാ പാര്‍ട്സുകളും ഓവറോളിംഗ് കഴിച്ചിട്ടും നമുക്കിനിയും ഒരു വിമാനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നും നമുക്കില്ലാത്ത ക്രയോജനിക് എഞ്ചിന്‍ വില്‍ക്കാനാവില്ലെന്നും കേട്ടു. നുണ പരിശോധന യന്ത്രത്തിലൂടെ കേട്ടതൊക്കെ ഉറപ്പിച്ചു.



'അമ്പത്തിരണ്ടാം ദിവസം ജാമ്യം ലഭിച്ചു. കുറ്റവാളിയില്‍ നിന്നും നിരപരാധിയിലേക്കുള്ള ദൂരം പിന്നെയും കൂടുതലായിരുന്നു.'



'ഇന്ത്യയുടെ പി എസ് എല്‍ വി പ്രോഗ്രാം ഇന്ന് ലോകത്തു തന്നെ ഏറ്റവും മികച്ചതാണ്. ഭാരമേറിയ കൃത്രിമോപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിക്കാനുള്ള ക്രയോജനിക് റോക്കറ്റ് എന്‍ജിനുകള്‍ നമ്മള്‍ തന്നെ നിര്‍മ്മിക്കുന്നു. അങ്ങനെ പ്രപഞ്ച രഹസ്യങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ പങ്കാളികളാകുന്നു. അപ്പോളും, ഈ നേട്ടത്തെ 15 വര്‍ഷമെങ്കിലും വൈകിപ്പിക്കാന്‍ ചാരക്കേസിനായി എന്ന് മറക്കരുത്.' എന്നദ്ദേഹം നമ്മെ ഓര്‍മിപ്പിക്കുന്നു.



നല്ല എഴുത്ത്

============

ക്യാപ്റ്റന്‍ എന്ന നല്ല സിനിമയുടെ സംവിധായകനായിട്ടായിരിക്കും ജി പ്രജേഷ് സെന്നിനെ മലയാളികള്‍ കൂടുതല്‍ അറിയുക. ജീവചരിത്രകാരന്‍ ഒരു സിനിമാക്കാരന്‍ കൂടിയാകുന്നത് വായനക്കാരുടെ സൗഭാഗ്യമാണ്. അനുഭവങ്ങളെ ഫ്രയിമുകളാക്കി കണ്മുന്പിലേക്കിട്ടു തരും. രംഗങ്ങളുടെ വൈകാരികത മുഴുവനും അതിലുണ്ടാവും. പുസ്തകത്തില്‍ നിന്നുള്ള ഒരു ഒരു ഭാഗം മാത്രം മതി ഞാനീ പറയുന്നത് സത്യമെന്നതിന്റെ സാക്ഷ്യത്തിന്. ചോദ്യം ചെയ്യല്‍ കഴിഞ്ഞ് ജയിലിലേക്കുള്ള യാത്രയും അവിടെയെത്തുമ്പോള്‍ നമ്പി നാരായണന്റെ മാനസിക വ്യാപാരവും ജയിലിലെ അന്തരീക്ഷവുമെല്ലാം ഏതാനും വാക്കുകളിലൂടെ വരച്ചിടുന്നത് കാണുക.



'ജയില്‍ വലിയൊരു ലോകമാണ്. ആ ലോകത്തിന്റെ വാതില്‍ നമുക്ക് മുന്നില്‍ തുറന്നടയുമ്പോള്‍ ഉണ്ടാകുന്ന ഒരു അനുഭവമുണ്ട്. അത് സ്വാതന്ത്ര്യം അനുഭവിച്ച് പുറത്ത് കഴിയുന്ന നമുക്കറിയില്ല. ആ വാതില്‍ തുറക്കുമ്പോള്‍ നമ്മള്‍ അറിയാതെ ഒരു വേവലാതിയിലെത്തും. ഹൃദയം ഞെരിഞ്ഞമരുന്ന വേവലാതി. ഞാനത് തിരിച്ചറിഞ്ഞു. കള്ളന്മാരും കൊലപാതകികളും മാത്രം കിടക്കുന്ന പിശാചിന്റെ താഴ്വാരമാണ് ജയിലെന്ന് ഞാന്‍ വിചാരിച്ചു. അല്ല, ജയില്‍ സത്യത്തിനുമേല്‍ അസത്യം വരച്ചുവെക്കാനുള്ള വന്മതില്‍ കൂടിയാണ് എന്ന് എന്റെ അനുഭവം ബോധ്യപ്പെടുത്തി.

എല്ലാവരും തലകുനിച്ച് അകത്തേക്ക് നടന്നു. ഞാന്‍ മാത്രം തലയുയര്‍ത്തി നടന്നു.'



'ഞാനെന്റെ സെല്ലിലേക്ക് ചുരുങ്ങി. എട്ട് കമ്പികള്‍ ലംബമായി നിരത്തിയ ഒരു ഇരുമ്പഴി. അതിനുള്ളിലാണ് തടവറ. മനുഷ്യന്‍ മനുഷ്യന് മുന്നില്‍ തീര്‍ക്കുന്ന അതിര്‍ത്തി. കുറ്റവും ശിക്ഷയും ഏറ്റു പറച്ചിലുകളും കണ്ണീരും നനഞ്ഞൊട്ടിയ കാരാഗൃഹം.'



സിനിമാ രചനയില്‍ നല്ല എഴുത്തുകാര്‍ കഥാപാത്രങ്ങളുടെ സ്വഭാവം കാണികള്‍ക്ക് മുന്പിലേക്കെത്തിക്കുന്നത് ഒന്നോ രണ്ടോ സംഭവങ്ങളിലൂടെയായിരിക്കും. പുസ്തകത്തെ ഒതുക്കമുള്ളതാക്കാനും പറയുന്ന കാര്യങ്ങള്‍ ശക്തമായി പറയാനും ഈ ശൈലി ഏറെ ഉപകാരപ്പെട്ടു. നമ്പി നാരായണന്‍ തന്റെ അച്ഛനെ ഓര്‍ക്കുന്നിടത്ത്, ഒരു സംഭവത്തിലൂടെ 'ഞാന്‍ ഒളിച്ചിരുന്ന് പുകവലിക്കുന്നത് അദ്ദേഹം കണ്ടിരുന്നു. കണ്ടിട്ടും അക്കാര്യം എന്നോട് ചോദിച്ചില്ല. എന്നെ വഴക്ക് പറഞ്ഞില്ല. പകരം അച്ഛന്‍ ആ ശീലം നിര്‍ത്തി മാതൃക കാണിച്ചു.' ആ വ്യക്തിയുടെ സ്വഭാവം വരച്ചു കാണിക്കുന്നു. നമ്പി നാരായണന് തന്റെ അമ്മയോടുള്ള സ്നേഹവും കരുതലും ഇത് പോലെ ഒരൊറ്റ സംഭവം കൊണ്ടാണ് വ്യക്തമാക്കുന്നത്. 'ഒരു കറിച്ചട്ടി നിറയെ മീന്‍കഴിച്ചിട്ട് എന്തിനാ കള്ളം പറയുന്നത്? എന്റെ അമ്മ പാവമല്ലേ. അവരെ കള്ളിയാക്കുന്നോ?' എന്ന ഒരൊറ്റ രംഗം മതി അതിന് സാക്ഷി പറയാന്‍. ഇത് സംഭവങ്ങളിലൂടെ മാത്രമല്ല, കാച്ചിക്കുറുക്കിയുള്ള വാചകങ്ങളിലൂടെയും അവതരിപ്പിക്കാന്‍ എഴുത്തുകാരനാവുന്നുണ്ട്.



'പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഒരു രാഷ്ട്രീയപ്രവര്‍ത്തകയായി ഒരിക്കലും പെരുമാറിയിരുന്നില്ല. അവര്‍ രാജ്യത്തിന്റെ വികസനം മാത്രം ലക്ഷ്യം വെച്ച് ജീവിച്ച ഒരു ഉരുക്കു വനിതയായിരുന്നു.'



'അധികാരം എങ്ങനെ ഉപയോഗിക്കണമെന്ന് എല്ലാക്കാലത്തും കാട്ടിത്തന്ന ഒരാളാണ് ശേഷന്‍. അദ്ദേഹം ഓരോ കസേരകളില്‍ ഇരിക്കുമ്പോഴും നമ്മള്‍ ആ കസേരയുടെ പവര്‍ തിരിച്ചറിയാന്‍ തുടങ്ങി.'



'ശ്രീ വി എസ് അച്യുതാനന്ദനെ എനിക്ക് വലിയ ബഹുമാനമായിരുന്നു. അദ്ദേഹം നേരിനൊപ്പം എല്ലാ കാലത്തും നില്‍ക്കുന്ന ഒരാളായി ഞാന്‍ കരുതിയിരുന്നു. എന്നാല്‍ ചാരക്കേസിന്റെ പലഘട്ടത്തിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എന്റെ മനസ്സിലെ വിഗ്രഹം ഉടച്ചു.'



അനുഭവങ്ങളെ തീക്ഷ്ണമായി അവതരിപ്പിക്കാന്‍ കഴിവുള്ള എഴുത്തുകാരനാണ് താന്‍ എന്ന് ജി പ്രജേഷ് സെന്‍ പുസ്തകത്തിലൂടെ ഉറപ്പിച്ചു പറയുന്നുണ്ട്.



ആകാശക്കാഴ്ചകളുടെ ഇന്നലെകള്‍

===============================

ഒരു പഴയ പത്രക്കടലാസില്‍ കണ്ട പരസ്യത്തില്‍ നിന്ന് ഇന്ത്യയുടെ ബഹിരാകാശ യാത്രയുടെ നിര്‍ണ്ണായക വഴികളില്‍ കൂടെയുണ്ടാവാന്‍ കഴിഞ്ഞ പ്രതിഭയുടെ ഐ എസ് ആര്‍ ഒ ജീവിതം നമ്മുടെ ബഹിരാകാശ ദൗത്യങ്ങളുടെ വിജയത്തിന് പിന്നിലെ കഷ്ടപ്പാടുകളിലേക്കുള്ള ഒരു ജാലകകാഴ്ച തരുന്നുണ്ട്.



'നടക്കാന്‍ പഠിക്കുന്ന ഓരോ കുട്ടിയും നിരവധി തവണ വീഴും. വീഴ്ചയും മുറിവും വേദനയും കണ്ണീരുമൊക്കെ ചേരുമ്പോഴേ നടത്തം നിലത്തുറയ്ക്കൂ. ഞങ്ങളും അങ്ങനെ ഒക്കെയായിരുന്നു. നടക്കാനറിയില്ല. നടന്നുപോയവര്‍ മുന്നിലെങ്ങുമില്ല. പുതുതായി നടന്നു ശീലിക്കണം. ശ്രമകരമായിരുന്നു ആ തുടക്കം. പറഞ്ഞു തരാന്‍ ആളില്ല. കൈപിടിച്ച് നടത്താന്‍ മുതിര്‍ന്നൊരു ശക്തിയില്ല. ആകെയുള്ളത് ബിഷപ്ഹൗസിലെ നാല് മേശകള്‍. ആ മേശകള്‍ക്ക് ചുറ്റും വട്ടമിട്ടിരുന്ന് ഞങ്ങള്‍ അഞ്ചു പേര്‍ പറന്നുയരാന്‍ പഠിച്ചു. നടത്തമായിരുന്നില്ല ലക്ഷ്യം. പറന്നുയരല്‍ തന്നെയായിരുന്നു.'



'സ്വന്തമായി ഒരു വാക്വo പമ്പ് പോലുമില്ലാതെയാണ് അന്തരീക്ഷത്തിന് വെളിയിലേക്ക് റോക്കറ്റ് പറത്തിവിടാന്‍ നമ്മള്‍ സ്വപ്നം കണ്ടുതുടങ്ങിയത് എന്നതാണ് വലിയ തമാശ.'



'കിഴക്കേ കോട്ടയില്‍ ഇറങ്ങി ആ റോക്കറ്റുമായി ഞാന്‍ നടന്നു. ഉച്ചവെയില്‍ കനത്തുപൊള്ളി. എന്റെ മുഖവും കോപ്പര്‍ ഡാര്‍ട്ടും ഏതാണ്ട് ഒരേ നിറമായി.'



ഇങ്ങനെയുള്ള കഠിന സമയത്തിലൂടെ പോകുമ്പോഴും നാം സ്വപ്നങ്ങള്‍ കാണാന്‍ മറന്നിരുന്നില്ല. ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ മടിച്ചിരുന്നില്ല.



'ലോകം മുഴുവന്‍ വ്യാവസായിക വിപ്ലവം ഉണ്ടായപ്പോള്‍ ഇന്ത്യയ്ക്ക് മാത്രം അതില്‍ മുന്നേറ്റമുണ്ടായില്ല. അതിന് കാരണം ബ്രിട്ടീഷ് ഭരണമായിരുന്നു.' ഇന്ത്യ ഇന്ന് അതിനായി സ്വപ്നം കാണുമ്പോള്‍ അത് തകര്‍ക്കാന്‍ വന്‍ ശക്തികള്‍ തന്നെ രംഗത്തുണ്ട്. ഹോമി ഭാഭയുടെയും വിക്രം സാരാഭായിയുടെയും മരണത്തിലുള്ള സംശയം നമ്പി നാരായണന്‍ മറച്ചു വെക്കുന്നില്ല. ആ സംശയങ്ങള്‍ ഉപ്പുള്ള ചോറ് തിന്നുന്ന ആര്‍ക്കും ദഹിക്കുന്നതുമാണ്. നാം ചരിത്രം പഠിക്കുന്നത് തെറ്റുകള്‍ അവര്‍ത്തിക്കാതിരിക്കാനാണ്. ഒരു പക്ഷെ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളുടെ ഭാവിക്ക് വേണ്ടി നാം എടുക്കേണ്ട കരുതലുകളെപ്പറ്റിയുള്ള ഓര്‍മപ്പെടുത്തലാണ് 'ഓര്‍മകളുടെ ഭ്രമണപഥം'.



ഇഴയടുപ്പമുള്ള വ്യക്തിബന്ധങ്ങള്‍

==============================

വ്യക്തിബന്ധങ്ങള്‍ക്ക് ഏറെ മൂല്യം കൊടുക്കുന്ന ഒരു നമ്പി നാരായണനെയാണ് ഓര്‍മകളുടെ ഭ്രമണപഥത്തില്‍ കാണാനാവുക. അച്ഛന് അസുഖമാണെന്നറിയുമ്പോള്‍ ലീവ് കൊടുക്കാതിരുന്ന സുപ്പീരിയറിന്റെ മുന്നിലേക്ക് രാജിക്കത്തെഴുതി യാത്ര പുറപ്പെടുന്ന ഒരാള്‍. അമ്മയെ വിഷമിപ്പിക്കാനാവില്ല എന്നതിനാല്‍ അമേരിക്കയിലുള്ള ഉപരിപഠനം വേണ്ടെന്ന് വെക്കുന്ന ഒരാള്‍.

'അവിടെയൊന്നും പോയി പഠിച്ചിട്ട് കാര്യമില്ല. ഇവിടെ തന്നെ നമ്മള്‍ സന്തോഷത്തോടെയല്ലേ ജീവിക്കുന്നത്. എവിടെ ആയാലും എനിക്ക് അമ്മയാണ് സന്തോഷം. അമ്മയാണെന്റെ ലോകം.' എന്ന് പറയുന്ന ഒരാള്‍. 'അമ്മയുടെ മരണശേഷം ഏകാന്തത മറികടക്കാന്‍ ഞാന്‍ എന്റെ ജോലിയെ പ്രണയിച്ചു....എന്റെ ജീവിതം എന്റെ ജോലിക്ക് വേണ്ടി ഞാന്‍ സ്വയം ബലിയര്‍പ്പിച്ചു.' എന്ന് സമ്മതിക്കുന്ന ഒരാള്‍.



അങ്ങനെ ഒരാള്‍, അറസ്റ്റിന് സാക്ഷിയാവേണ്ടി വന്ന ഭാര്യ 'എന്റെ അറസ്റ്റിനു സാക്ഷിയായ അവള്‍ നിലത്തൂര്‍ന്നു വീണു. അവളിലെ ഓര്‍മ്മകള്‍ നശിച്ചു. പിന്നെ പതിയെ കടുത്ത മാനസിക അസ്വാസ്ഥ്യത്തിലേക്ക് വഴുതിപ്പോയി. അവളിലെ ചൈതന്യം എന്നെന്നേക്കുമായി തകര്‍ന്നു വീണു.' എന്നറിയുമ്പോഴുള്ള വേദന എത്രയധികമായിരിക്കും?



ഈ പുസ്തകത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഒരു രംഗം കൂടെ ഇവിടെ ചേര്‍ക്കാം. ജാമ്യം കിട്ടി 'വീട്ടില്‍ വന്ന ഞാന്‍ ആദ്യം തീരുമാനിച്ചത് ആത്മഹത്യ ചെയ്യാനായിരുന്നു. കാരണം, ഞാന്‍ അതുവരെ ഉണ്ടാക്കിയ എല്ലാം നഷ്ടമായത് പോലെ തോന്നി. വന്ന അടുത്ത ദിവസം തന്നെ പാരമ്പര്യ വസ്തുവായ ഒരേക്കര്‍ ഭൂമിയും പിന്നെ ഏന്റെ വീട് എന്നിവ ചേര്‍ന്ന സ്വത്തുക്കള്‍ ചേര്‍ത്ത് വില്‍പത്രം തയ്യാറാക്കാന്‍ എന്റെ സുഹൃത്ത് കെ എന്‍ നരസിംഹന്‍ വക്കീലിനോട് പറഞ്ഞു.

അദ്ദേഹം വില്‍പത്രം തയ്യാറാക്കി വീട്ടിലേക്ക് വിളിച്ചപ്പോള്‍ എന്റെ മകളാണ് ഫോണെടുത്തത്. അവള്‍ക്ക് അപ്പോള്‍ എന്തോ സംശയം തോന്നി. അവള്‍ എനിക്കരികില്‍ വന്നു പറഞ്ഞു.

'അച്ഛന്‍ ആത്മഹത്യ ചെയ്യാന്‍ തയ്യാറെടുക്കുന്നത് പോലെ തോന്നുന്നു. മരിച്ചാല്‍ അച്ഛന് സമാധാനം കിട്ടുമെന്ന് തോന്നുന്നെങ്കില്‍ ഞങ്ങള്‍ തടഞ്ഞാലും അച്ഛനത് ചെയ്യും. ഒരു കാര്യം..ഇങ്ങനെ ചാരനായി മരിച്ചാല്‍ ലോകാവസാനം വരെ അച്ഛനൊരു ചാരനായിരിക്കും. ഞങ്ങള്‍ ചാരനെ സന്തതിപരമ്പരകളും. ആ കളങ്കം ഞങ്ങളെ വിട്ട് പോകില്ല. അച്ഛനെയും. മരിക്കണമെങ്കില്‍ ആകാം. പക്ഷെ, ചാരനല്ലെന്ന് തെളിയിച്ചിട്ട് പോരെ? അച്ഛന്‍ വലിയൊരു സത്യമാണെന്ന് ഞങ്ങള്‍ മക്കള്‍ വിശ്വസിക്കുന്നു.'



'ഒരിക്കല്‍ ഞാനെല്ലാം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ ജനം എല്ലാം അറിയണമെങ്കില്‍ ഞാന്‍ ജീവിച്ചിരിക്കണമല്ലോ. ഈ പുസ്തകം ഒരു പ്രതികാരമല്ല, അതിനേക്കാള്‍ ശക്തമായ സത്യാന്വേഷണ പരീക്ഷയാണ്.'



നന്ദി സാര്‍! സത്യത്തിനും നീതിക്കും വേണ്ടി അങ്ങ് നടത്തുന്ന പോരാട്ടത്തിന് ഒരായിരം സലിയൂട്ട്!



പോള്‍ സെബാസ്റ്റ്യന്‍



ഓര്‍മ്മകളുടെ ഭ്രമണപഥം - നമ്പി നാരായണന്‍, ജി പ്രജേഷ് സെന്‍

പ്രസാധനം - കറന്റ് ബുക്സ് തൃശ്ശൂര്‍

ഒന്നാം പതിപ്പ് - വില 350 രൂപ

പേജുകള്‍ - 336

Ormakalude Bhramanapadham