Sunday, February 17, 2019

സ്വപ്നങ്ങള്‍ നെയ്യുന്ന പെണ്‍കുട്ടി (കഥകള്‍)




സ്വപ്നങ്ങള്‍ നെയ്യുന്ന പെണ്‍കുട്ടി (കഥകള്‍) - അഖില

നന്മയുടെ ഒരു ചെറുപ്രവൃത്തി പോലും വൃഥാവിലാവില്ല. വിദ്വേഷത്തിന്റെ അലകളും അങ്ങനെ തന്നെ. ശബ്ദത്തിന്റെ പ്രതിധ്വനി നിലയ്ക്കുന്നില്ല. ജലാശയത്തില്‍ അലകള്‍ മരിക്കുന്നില്ല. പ്രവൃത്തി ഒരു വിത്താണെങ്കില്‍ അത് മുളച്ച് വളര്‍ന്ന് ഒരു ചെടിയായി ഫലങ്ങളുണ്ടാവുന്ന അവസ്ഥയെ നേരിട്ടും സൂചനകളിലൂടെയും കാണിച്ചു തരുന്ന കഥകളാണ് അഖിലയുടെ (Akhila Sreeraj) സ്വപ്നങ്ങള്‍ നെയ്യുന്ന പെണ്‍കുട്ടി എന്ന കഥാ സമാഹാരത്തിലുള്ളത്.

നന്മയുടെ കഥകള്‍ എന്നോ നിഷ്‌കളങ്കതയുടെ കഥകള്‍ എന്നോ ഒക്കെയുള്ള വിശേഷണം ചേരുന്ന ഒരു ചെറുപുസ്തകമാണ് സ്വപ്നങ്ങള്‍ നെയ്യുന്ന പെണ്‍കുട്ടി. പ്രത്യേകിച്ച് ഈ സമാഹാരത്തിലെ ആദ്യഭാഗത്തെ കഥകള്‍. വായനക്കാരില്‍ മൂല്യബോധവും സന്മാര്‍ഗ്ഗവും വളര്‍ത്തുന്നതിനുതകും വിധം ലളിതവും ശക്തവുമാണ് ഈ കഥകള്‍. അതെ സമയം തന്നെ ഒരു സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ ലോകത്തെ കാണുകയും ലോകത്തോട് സംവദിക്കുകയും ചെയ്യുന്ന കഥകളും ഈ സമാഹാരത്തിലുണ്ട്. ഇതൊരു സമയത്തിന്റെ വൈരുധ്യമായി പരിഗണിക്കുമ്പോഴും രണ്ടു വിഭാഗത്തില്‍ പെട്ട കഥകളും സാമാന്യം നല്ല നിലവാരം പുലര്‍ത്തുന്നുണ്ട് എന്നത് ആശ്വാസകരമാണ്.

റെയില്‍വേ സ്റ്റേഷനില്‍ ഒറ്റയ്ക്കിരിക്കുന്ന ഒരു വൃദ്ധന്‍ കുറച്ചു സ്‌കൂള്‍ കുട്ടികളിലേക്ക് ശ്രദ്ധ തിരിക്കുന്നതും അവിടെ ഒറ്റപ്പെട്ട ഒരു കുട്ടിയിലേക്ക് തന്റെ കരുണ എത്തിക്കുന്നതും ആ നല്ല പ്രവൃത്തിയുടെ ഫലം വൃദ്ധന്റെ ജീവിതത്തിലേക്ക് തന്നെ തിരികെ എത്തുന്നതുമാണ് ജയചന്ദ്രന്‍ എന്ന ഒന്നാം കഥയുടെ ഉള്ളടക്കം. മറ്റുള്ളവരെ സഹായിക്കുമ്പോള്‍ നാം നമ്മളെ തന്നെയാണ് സഹായിക്കുന്നത് എന്ന വലിയ പാഠം തീര്‍ത്തും ലളിതമായി ഇതില്‍ വ്യക്തമാക്കുന്നുണ്ട്. കഥാ അവതരണത്തില്‍ കാണിച്ച കൈയ്യടക്കം എടുത്തു പറയേണ്ടതാണ്. 'ഉച്ചത്തില്‍ നിരാശയോടെയുള്ള ആത്മഗതം കേട്ടപ്പോള്‍ കനലെരിഞ്ഞ മനസ്സിനെ തണുക്കാന്‍ വിട്ട് ഞാന്‍ അവനെ ശ്രദ്ധിച്ചു.', 'അവനു ചേരുന്നത് ചെറിയ പേരുകളായിരുന്നു. അപ്പു, ഉണ്ണി, ചന്തു...ഇത്രയും ഓമനത്തമുള്ള ഒരു കുട്ടി...ജയചന്ദ്രന്‍.' വാക്കുകളെ എത്ര സൂക്ഷ്മതയോടെയും ഫലവത്തായുമാണ് എഴുത്തുകാരി തിരഞ്ഞെടുത്തുപയോഗിക്കുന്നത് എന്ന് നോക്കുക. ഒരേ സമയം പല ഉദ്ദേശ്യങ്ങള്‍ നിറവേറ്റുന്ന വാചകങ്ങള്‍. വൃദ്ധന്റെ സ്‌നേഹത്തോടു കൂടിയ പിടിവാശിയെപ്പറ്റി സൂചിപ്പിക്കാന്‍ എഴുതിയ ഒരു സന്ദര്‍ഭം നോക്കുക 'മറ്റേ കുട്ടി ഒരു വട്ടം കൂവി. ഉറക്കെ ചിരിച്ചു. എനിക്കവനോട് വളരെ ദേഷ്യം തോന്നി. ചെറിയ ഒരു കുട്ടിയെ അവന്‍....അവനും അധികം പ്രായമൊന്നുമില്ല. എങ്കിലും....അവന്റെ പെരുമാറ്റം എനിക്കിഷ്ടപ്പെട്ടില്ല. അത്ര തന്നെ.' മാഷെ എന്ന വാക്കുണര്‍ത്തുന്ന കുളിര്‍മ പോലെ മനസ്സിനെ തണുപ്പിക്കുന്ന കഥയാണ് ജയചന്ദ്രന്‍.

50 പൈസ ബാക്കി കൊടുക്കാന്‍ വേണ്ടി തിക്കിത്തിരക്കി നീങ്ങുന്ന വൃദ്ധയുടെ പ്രവൃത്തിയും ആ പ്രവൃത്തിയുടെ സ്വാധീനവുമാണ് 'അവിഹിതം' എന്ന കഥയില്‍ പറയുന്നത്. 'ഏയ്, അത് ശരിയല്ല. സര്‍ക്കാരിനെ നമ്മള്‍ പറ്റിക്കാന്‍ പാടില്ല. 50 പൈസയാണെങ്കിലും ഒരു വഞ്ചന അത് ശരിയല്ല. കൊടുക്കാനുള്ളതൊക്കെ അപ്പപ്പൊ തീര്‍ക്കാണം' എന്ന വൃദ്ധയുടെ വാക്കുകള്‍ അവളുടെ ചിന്തയെ സ്വാധീനിക്കുന്നതിങ്ങനെയാണ്. 'എനിക്ക് ജാള്യത തോന്നിത്തുടങ്ങിയിരുന്നു....സ്‌കൂളില്‍ പഠിക്കുമ്പോള്‍ കണ്‍സെഷന്‍ തീര്‍ന്ന സമയത്തും ടിക്കറ്റെടുക്കാതെ പഴയ കണ്‍സെഷന്‍ കാര്‍ഡ് ഉയര്‍ത്തിക്കാട്ടി കണ്ടക്ടറെ പറ്റിച്ചത്, ടിക്കറ്റെടുക്കാന്‍ 'അമ്മ തന്ന പൈസ കൊണ്ട് ഐസ്‌ക്രീം വാങ്ങി കഴിച്ചത്, കൂട്ടുകാരില്‍ നിന്ന് വാങ്ങിയ പത്തു രൂപ തിരികെ കൊടുക്കാന്‍ കൂട്ടാക്കാതെ മറന്നുപോയ നാട്യത്തില്‍ നടന്നത്...' മാറ്റങ്ങള്‍ പക്ഷെ അവിടെ അവസാനിക്കുന്നില്ല.
ഒരു പേരയ്ക്കയും കുറച്ചു പയ്യാരം പറച്ചിലും എന്ന കഥയും നന്മയുടെ അലകളുടേതാണ്. 'ഓരോ തവണ മുറ്റത്തേക്കിറങ്ങുമ്പോഴും നന്ദിയോടെ മുഖത്ത് ഇലയിട്ടുരസുന്ന' പേരമരം നമ്മെ സ്വാധീനിക്കുക തന്നെ ചെയ്യും.
പ്രമേയത്തിന്റെ വ്യത്യസ്തതയും സന്ദേശത്തിന്റെ ശക്തിയും കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റുന്ന കഥയാണ് ശാഖീ നിന്നെ ഞാന്‍ പ്രണയിക്കുന്നു എന്നത്. ശാഖി ഒരു വേശ്യയാണ്. പക്ഷെ, ആത്മാഭിമാനമുള്ള വേശ്യ. അവളുടെ ഒരു കണ്ടീഷന്‍ വരുന്ന പുരുഷന്‍ ഒരു ദിവസം മുഴുവന്‍ അവളുടെ കൂടെ ചെലവഴിക്കണം എന്നതാണ്. ഈ ഒരു ദിവസം അവളുടെ കൂടെ ചിലവഴിക്കുന്ന പുരുഷന് അവള്‍ പകരം നല്‍കുന്നത് ശരീരം മാത്രമല്ല, ജീവിതകാലം മുഴുവന്‍ മറക്കാനാവാത്ത തിരിച്ചറിവുകള്‍ കൂടിയാണ്. '...അവളുടെ മനസ്സിന്റെ ഇഴപിരിയലുകള്‍ക്കിടയിലൂടെ സൂക്ഷ്മതയോടെ നടന്ന്, അവളെയറിഞ്ഞ ബഹുമാനത്തോടെയാണ് ആ ശരീരത്തെ ഞാനനുഭവിച്ചത്. പ്രണയിക്കാതെ ഒരു സ്ത്രീയെയും തൊടരുത്..എന്നെന്നെ പറയാതെ പഠിപ്പിച്ചവളാണ്. പരസ്പരം ചോറ് വാരിയൂട്ടുമ്പോള്‍, മനസ്സറിഞ്ഞ് ചിരിക്കുമ്പോള്‍, കളിയാക്കലുകള്‍ക്കിടയില്‍ മുഖം വീര്‍പ്പിക്കുമ്പോള്‍ ഇവള്‍ തീര്‍ച്ചയായും കഴിഞ്ഞ ജന്മത്തിന്റെ പ്രണയിനിയായിരുന്നിരിക്കണം എന്ന് ഞാനുറപ്പിച്ചു കഴിഞ്ഞിരുന്നു.'
ചിലപ്പോഴെങ്കിലും നന്മക്കായി നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ നാമുദ്ദേശിക്കുന്ന ഗുണത്തിലേക്കല്ലാതെ ദോഷത്തിനായി ഫലിക്കുമോ എന്ന ആകുലതയാണ് സങ്കടത്തിനോരത്ത് എന്ന കഥയില്‍ പറയുന്നത്. ആശുപത്രിയില്‍ വെച്ച് ഒരു കുട്ടി വീട്ടില്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്ന ഒരു പെണ്‍കുട്ടിയെ കാണുന്നതും അവളെ മനസ്സാ രക്ഷപ്പെടുത്തണമെന്നാഗ്രഹിക്കുമ്പോഴും ചെയ്ത പ്രവൃത്തി ദോഷമായിപ്പോയോ എന്ന് സന്ദേഹിച്ച് നൊമ്പരപ്പെടുന്ന കുഞ്ഞു മനസ്സിനെ ഈ കഥയില്‍ നന്നായി വരച്ചു കാണിച്ചിരിക്കുന്നു.
'ജമോഗ' എന്ന കഥ 'സങ്കടത്തിനോരത്ത്' എന്ന കഥയുടെ പുനരാവിഷ്‌കരണമാണ്. ആദ്യത്തേത് ഒരു കുട്ടിയുടെ കാഴ്ചപ്പാടിലാണെങ്കില്‍ ജമോഗ ആധുനിക സമൂഹത്തിലെ സ്ത്രീ അവസ്ഥയുടെ നേര്‍ക്കാഴ്ചയാണ് സമ്മാനിക്കുന്നത്. 'ഈ നാട്ടിലെ പെണ്‍കുട്ടികളെയൊക്കെ ജമോഗ പിടിച്ചോ? പ്രതികരിക്കാന്‍ ശേഷിയില്ലാതെ അവരിങ്ങനെ ചുരുണ്ടുകൂടുന്നതെന്താണ്?' എന്ന ചോദ്യം ഓരോ അകത്തളങ്ങളിലും ഇന്ന് മുഴങ്ങുന്നതാണ്. അതെ സമയം തന്നെ, 'അവള്‍ കൊള്ളില്ലാതെയായി. ആ ജമോഗയെ ഞാനങ്ങ് വെട്ടിമാറ്റി രുഗ്മണി, നിങ്ങളുടെ ആ കത്തി കൊണ്ട് തന്നെ, ശ് ശ്...ആരോടും പറയല്ലേ...മിണ്ടല്ലേ...അവള് പൊയ്ക്കോട്ടെന്നേ...പ്രേതങ്ങള് പിടിക്കാത്ത എവിടെയെങ്കിലും പോയി രക്ഷപ്പെടട്ടെ എന്റെ മോള്..' എന്ന വിലാപം ദുരഭിമാന കൊലയുടെ വര്‍ത്തമാനകാലത്ത് വായനക്കാരെ പിടിച്ചു കുലുക്കുക തന്നെ ചെയ്യും. 'നശിച്ച മനുഷ്യര്‍, ഇങ്ങനെ കൂട്ടം കൂടി ആള്‍ക്കാരെ ശ്വാസം മുട്ടിക്കുന്നതെന്തിനാണ്? പോണം ഇവിടെ നിന്ന് രക്ഷപ്പെടണം.' ശ്രദ്ധിച്ചു നോക്കിയാല്‍ ഇവിടെ ഒരു യു ടേണ്‍ ഉണ്ട്. നന്മയ്ക്കൊപ്പം നില്‍ക്കുന്ന കഥകള്‍ പ്രത്യാശയെ നട്ടു വളര്‍ത്തുമ്പോള്‍ ഈ കഥയില്‍ നിരാശയാണ് നട്ടു വളര്‍ത്തുന്നത്. സങ്കടത്തിനോരത്ത് എന്ന കഥയിലേത് പോലെ ഒരു നിഷ്‌കളങ്കമായ അവിചാരിതയല്ല, സമൂഹത്തിന്റെ സ്വാധീനത്താല്‍ നിസ്സഹായമാക്കപ്പെടുന്ന സാധാരണ സ്ത്രീ മനസ്സിന്റെ വിഹ്വലതകളാണ്.

പ്രണയത്തിന്റെ പവിത്രതയാണ് നഷ്ടങ്ങളുടെ തൂക്കുപാത്രം എന്ന കഥയുടെ ആത്മാവ്. കല്യാണി എന്ന തന്റെ പൂര്‍വ്വകാല പ്രണയത്തെ അവിചാരിതമായി കണ്ടെത്തുകയാണ് രാമു. 'ദേഷ്യത്തിലും സങ്കടത്തിലും പരിഭവത്തിലും ചിരിക്കുന്ന പെണ്ണേ, നിന്നെയെനിക്കിഷ്ടമാണ്.' ഇതായിരുന്നു കല്യാണിക്ക് അയാള്‍ ആദ്യമായി കൊടുത്തിരുന്ന പ്രേമ ലേഖനം. അവര്‍ തമ്മില്‍ കാണുമ്പോള്‍ വീട്ടു വിശേഷങ്ങള്‍ക്കും നാട്ടുവിശേഷങ്ങള്‍ക്കുമൊപ്പം ഓര്‍മ്മകള്‍ തിക്കിത്തിരക്കി വന്നു തുടങ്ങി. അയാളുടെ ഹ്രദയത്തില്‍ ഒരു മഞ്ഞുകണം വീണലിഞ്ഞു. 'രാമൂ.' അവളുടെ പഴയ വിളി. ആ തണുപ്പില്‍ പൊതിഞ്ഞ് സുഖമായിരിക്കുമ്പോള്‍ കല്യാണി വീണ്ടും പറഞ്ഞു 'നമുക്ക് നമ്മളെത്തന്നെ മനസ്സിലാക്കാന്‍ ചില സ്ഥലങ്ങള്‍, ചില സന്ദര്‍ഭങ്ങള്‍ ഒക്കെ നല്ലതാ രാമൂ' പക്ഷെ, 'കല്യാണിയിപ്പോള്‍ രാമനാഥന്റെയല്ല എന്ന വസ്തുത അയാളെ വേദനിപ്പിച്ചു.' ക്ലൈമാക്‌സ് പ്രവചിക്കാവുന്നതായിരിക്കുമ്പോഴും നല്ല വായനാനുഭവമാണ് ഈ കഥ നല്‍കിയത്. മനോഹരമായി എഴുതിയിരിക്കുന്ന 'നഷ്ടങ്ങളുടെ തൂക്കുപാത്രം' ഈ സമാഹാരത്തിലെ മികച്ച കഥകളിലൊന്നാവുന്നതോടൊപ്പം പ്രണയകഥകള്‍ എഴുതുന്നതില്‍ എഴുത്തുകാരിക്കുള്ള കഴിവ് വ്യകതമാക്കുന്നുമുണ്ട്.
മൂന്ന് ജന്മങ്ങള്‍ക്കപ്പുറം, പ്രേഷിത, രവി എന്നീ കഥകള്‍ അല്പം കൂടെ വ്യക്തതയും തീക്ഷ്ണതയും കൊടുത്ത് നന്നാക്കാവുന്നവയായിരുന്നു എന്ന് തോന്നി.
സമൂഹത്തോട് എഴുത്തുകാരിക്ക് ചിലതൊക്കെ പറയാനുണ്ട് എന്നതാണ് ഓരോ കഥകളും സാക്ഷ്യപ്പെടുത്തുന്നത്. എല്ലാം നന്മയെന്നു കരുതുന്ന നിഷ്‌കളങ്കതയുടെ സന്മാര്‍ഗ്ഗപുസ്തക കഥകള്‍ മാത്രമല്ല, എല്ലാം രാക്ഷസന്മാര്‍ എന്ന് കരുതുന്ന അവസ്ഥയും എഴുത്തുകാരി വായനക്കാര്‍ക്ക് പരിചയപ്പെടുത്തുന്നുണ്ട്. 'പെണ്ണിന്റെ ഹൃദയം മൃദുവും സുന്ദരവുമാണെങ്കിലും അതിനുറപ്പു കൂടുതലാണ്. അതിന്റെ ഉള്ളറകളിലേക്ക് കടക്കാന്‍ എളുപ്പമല്ലെന്ന് മനസ്സിലാക്കിക്കൊള്ളൂ.' എന്ന് ആധുനിക സ്ത്രീയെ അടയാളപ്പെടുത്താനും ശ്രമിക്കുന്നുണ്ട് ഈ ചെറുപുസ്തകം.

കുറച്ചു വരികളിലൂടെ കൂടുതല്‍ കാര്യങ്ങള്‍ പറയുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. പക്ഷെ അഖില അത് അനായാസം കൈകാര്യം ചെയ്യുന്നുണ്ട്. ഒപ്പം തന്നെ ലളിതസുന്ദരമായ ഭാഷയാണ് അഖിലയുടെ ശക്തി. ഒരു തുടക്കക്കാരിയുടേതില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതില്‍ കൂടുതല്‍ ശക്തമാണ് ഭാഷയും അവതരണവും. കുട്ടികള്‍ക്കുള്ള കഥകളെന്ന് എളുപ്പത്തില്‍ എഴുതിത്തള്ളാവുന്ന കഥകളെപ്പോലും ഭാഷയുടെ മന്ത്രികസ്പര്‍ശത്താല്‍ മികച്ചതാക്കുന്നുണ്ട് കഥാകാരി. എഴുത്തിന്റെ രണ്ടു കാലഘട്ടത്തിലാണ് ഇവ എഴുതപ്പെട്ടിട്ടുള്ളതെന്ന് വിഷയങ്ങളുടെ പ്രത്യേകതയാലും പ്രതികരണത്തിന്റെ സ്വഭാവത്താലും തോന്നാമെങ്കിലും ഭാഷയില്‍ ഈ വ്യത്യാസം കണ്ടു പിടിക്കാനാവുമെന്ന് തോന്നുന്നില്ല. കഥാപാത്രങ്ങളുടെ മനസ്സിലൂടെ യാത്ര ചെയ്യാനുള്ള കഥാകാരിയുടെ കഴിവും പ്രശംസനീയമാണ്.

പുസ്തകത്തിന്റെ പിന്‍ മുഖകുറിപ്പില്‍ ബെന്യാമിന്‍ പറയുന്നത് പോലെ, 'എഴുത്തിലെ പുതുക്കക്കാരിയുടെ പരിഭ്രമങ്ങള്‍ അല്ല, ഇരുത്തം വന്ന എഴുത്തിന്റെ ഒരുക്കമാണ് ഈ കഥകള്‍ക്കിടയില്‍ നാം കണ്ടെത്തുന്നത്' എന്നത് സത്യമാണ്. കുറച്ചു കൂടെ വ്യത്യസ്തമായ മേഖലകളിലേക്ക് കഥാ ഭൂമികയെയും സന്ദേശങ്ങളെയും കൊണ്ടു പോകുന്നതായിരിക്കും അഖിലയുടെ വരാനിരിക്കുന്ന കഥകള്‍ എന്ന സൂചന ഈ പുസ്തകം തരുന്നുണ്ട്. അതങ്ങനെയായിരിക്കുകയും വേണം. ഒപ്പം തന്നെ, ചെറുകള്ളികളില്‍ ഒതുങ്ങാതെ മാനവികതയുടെ വിശാലമായ കാഴ്ചപ്പാടില്‍ നിന്നു കൊണ്ട് കഥകള്‍ പറയാന്‍ ഈ കഥാകാരിക്ക് കഴിയട്ടെ എന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു.

നന്മ ഇനിയും സാധ്യമാണ് എന്നത് എത്ര നല്ല സാധ്യതയാണ്? ഒരു തൂവല്‍സ്പര്‍ശം പോലെ കുളിര്‍മയേകുന്നതാണ് അഖിലയുടെ സ്വപ്നങ്ങള്‍ നെയ്യുന്ന പെണ്‍കുട്ടി എന്ന കഥാ സമാഹാരം.

പോള്‍ സെബാസ്റ്റ്യന്‍

പ്രസാധനം - ഗ്രീന്‍ മോട്ടിവേഷന്‍
പേജ് - 79
ഒന്നാം എഡിഷന്‍ വില - 95 രൂപ
Swapnangal Neyyunna Penkutti

Sunday, February 10, 2019

നിലാവിനറിയാം



നിലാവിനറിയാം - ഷിഹാബുദ്ദിന്‍ പൊയ്ത്തുംകടവ്

'പകല്‍വെളിച്ചത്തിന്റെ ഓരോ സമയത്തും താജ്മഹലിന് ഓരോ ഭാവമാണ്. ആ വിശ്വപ്രസിദ്ധമായ മാര്‍ബിളിനു വെള്ളനിറത്തിന്റെ പല ഭാവങ്ങളുണ്ട്. കാലത്തു കാണുന്ന നിറമല്ല ഉച്ചയുടേത്.. അതല്ല വൈകീട്ട്. പൂര്‍ണനിലാവിലാണ് താജ്മഹല്‍ കാണേണ്ടത്. അവയിലാണ് പ്രണയത്തിന്റെ മഹാകാവ്യം ചാലിച്ച അന്തരീക്ഷം വിതറിയിരിക്കുന്നത്. നീല നിലവില്‍.'

നഷ്ടബന്ധങ്ങളെ തേടിയുള്ള യാത്രയും ആ യാത്രക്കിടയില്‍ ജീവിതം, സ്‌നേഹം, ബന്ധങ്ങള്‍ എന്നിവയെ ഇഴ കീറി പരിശോധിക്കുകയുമാണ് ഷിഹാബുദ്ദിന്‍ പൊയ്ത്തുംകടവ് എഴുതിയ നിലാവിനറിയാം എന്ന ജനപ്രിയ നോവല്‍.

ഇത് മരിച്ചെന്ന് കരുതിയ ഒരു ജേഷ്ഠനെ അന്വേഷിച്ചുള്ള ഒരു അനുജന്റെ യാത്രയാണ്. പ്രവാസത്തില്‍ നിന്ന് ഞെക്കിപ്പിഴിഞ്ഞെടുത്ത അവധി ദിവസങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ചിലവഴിച്ച അബ്ദുവിന്റെ കഥ.

'ചില ഹൃദയങ്ങള്‍ അങ്ങനെയാണ്. സ്‌നേഹത്തിന് പുറത്ത് അവര്‍ക്കൊരു ലോകമുണ്ടാവില്ല.'
ജീവിതം തന്നെ സ്‌നേഹത്തിനായി ഉഴിഞ്ഞു വെച്ച് ഭര്‍ത്താവ് മരിച്ചെന്നറിഞ്ഞും സ്‌നേഹം മരിക്കാത്ത ഒരു സ്ത്രീയുടെ കഥയാണ്. 'ഈ ഭൂമിയിലും ഭൂമിയിലെ ജീവിതത്തിലെ ശേഷമുള്ള പരലോക ജീവിതത്തിലും ലോകാവസാനം വരേക്കും എല്ലാം ഒടുങ്ങിത്തീരുവോളവും ജമാല്‍ക്കയുടെ നെഞ്ചോട് ചേര്‍ന്ന് കിടക്കണം. നമ്മള്‍ സര്‍വ്വവും മറന്ന് നൂറ്റാണ്ടുകളോളം പുണര്‍ന്ന് കിടന്ന് ഈ ഭൂമിയിലെ നിലവായിത്തീരണം.' എന്നാശിച്ച സഫിയാത്തയുടെയും അവളെ ആശിച്ച ജമാലിന്റെയും കഥയാണ് 'നിലാവിനറിയാം'.

'ഒരു സ്ത്രീയുടെ ഹൃദയം എന്തെന്ന് നിങ്ങള്‍ക്കറിയില്ല. മതിഭ്രമങ്ങളുടെയും മോഹവലയങ്ങളുടെയും അകത്ത് സഞ്ചരിക്കുന്ന പുരുഷന്റെ മനസ്സല്ല സ്ത്രീയുടേത്.' മനുഷ്യമനസ്സുകളിലേക്കുള്ള അന്വേഷണം കൂടിയാവുന്നുണ്ട് ഈ നോവല്‍.

'ഓരോ മനുഷ്യനും അവനവന്റേതായ മനഃപ്രയാസങ്ങള്‍ വഹിച്ചു നീങ്ങുന്ന ഒരു കാളവണ്ടിയാണ്. ചില വേദനകള്‍ക്ക് അന്യരുമായി പങ്കുവെക്കാനുള്ള വാക്കുകള്‍ പോലുമില്ല. എല്ലാ മനുഷ്യരെക്കുറിച്ചും നമുക്ക് എല്ലാമറിയുന്നു എന്ന് വിചാരിക്കുന്ന വിഡ്ഢിയായ ജീവിയാണ് മനുഷ്യന്‍. എന്നാല്‍ ആര്‍ക്കും ആരെക്കുറിച്ചും പൂര്‍ണമായും അറിയില്ല എന്നതല്ലേ സത്യം? അത് ജേഷ്ഠനായാലും അനുജനായാലും ഭാര്യയായാലും ഭര്‍ത്താവായാലും ഒക്കെ അങ്ങനെതന്നെ.' ജീവിതാന്വേഷണം തന്നെയാണ് ഈ നോവല്‍.

മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഒരു ജനപ്രിയ നോവല്‍ എന്നത് കൊണ്ട് തന്നെ, പതിവ് ഷിഹാബുദ്ദിന്‍ രചനയുടെ ആഴമോ ബൗദ്ധികതയോ ഈ രചനക്ക് അവകാശപ്പെടാന്‍ സാധിക്കില്ല. പക്ഷെ, വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുന്ന കഥപറച്ചില്‍ തന്ത്രം ഈ നോവലിനെ ആസ്വാദ്യകരമാക്കുന്നു. വളരെ സാധാരണമായ ഒരു തുടക്കവും അല്പം ക്‌ളീഷേ ആയ ഒരു ഒടുക്കവും ആണ് നോവലിനുള്ളതെങ്കിലും നോവല്‍ പൊതുവെ ഉദ്വെഗജനകവും വേഗതയാര്‍ന്ന വായനക്ക് ഉതകുന്നതും ആയിട്ടാണ് എഴുതിയിരിക്കുന്നത്. വായനയുടെ ഒരു ഘട്ടത്തില്‍ ഷിഹാബുദ്ദിന്‍ ഗൗരവമുള്ള രചനകള്‍ നിര്‍ത്തി ഇത്തരം വായനാസുഖമുള്ള രചനകളില്‍ ശ്രദ്ധിക്കണം എന്ന് വരെ തോന്നിപ്പോയി. അങ്ങനെ എഴുതുന്ന എഴുത്തുകാരുടെ ദൗര്‍ലഭ്യം തന്നെയാണ് ആ ചിന്തയുടെ അടിസ്ഥാനം.

വേഗത്തില്‍ വായിച്ചു പോകാവുന്നതിനോടൊപ്പം അല്പം ചിന്തിക്കാനും സഹായിക്കുന്ന ഒരു നല്ല ജനപ്രിയ നോവല്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാം.

പ്രസാധനം : മാതൃഭൂമി ബുക്‌സ്
പേജ് : 126
വില : 130 രൂപ