Friday, March 29, 2019

ബ്രാഹ്മിണ്‍ മൊഹല്ല




ബ്രാഹ്മിണ്‍ മൊഹല്ല - സലിം അയ്യനത്ത്

ബാബ്റി മസ്ജിദ് തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ വടക്കേ ഇന്ത്യയില്‍ പഠിപ്പിക്കാനായി പോയ ഒരു മുസ്ലിം അധ്യാപകന് നേരിടേണ്ടി വന്ന തീക്ഷ്ണമായ അനുഭവങ്ങളുടെ കഥയാണ് സലിം അയ്യനത്തിന്റെ Saleem Ayyanath ബ്രാഹ്മിണ്‍ മൊഹല്ല എന്ന നോവല്‍. ഇതൊരു യാത്രയുടെ പുസ്തകമാണ്. സമാന്തരമായി പോകുന്ന രണ്ടു ട്രെയിന്‍ യാത്രകളിലാണ് ബ്രാഹ്മിണ്‍ മൊഹല്ല എന്ന നോവല്‍ ഇതള്‍ വിരിയുന്നത്. വടക്കേ ഇന്ത്യയില്‍ ജോലിക്ക് പോയിരുന്ന ഷമീം അഹമ്മദ് എന്ന ചെറുപ്പക്കാരന്‍ നാട്ടിലെത്തി വിവാഹം കഴിഞ്ഞു ഒരാഴ്ച കഴിയുന്നതിന് മുന്‍പേ ഭീകരവാദക്കുറ്റം ചുമത്തി വടക്കേ ഇന്ത്യയിലേക്ക് കൊണ്ടു പോവുകയാണ്. അതിലെ പോലീസ് ഓഫീസറോട് പറയുന്ന രൂപത്തിലാണ് കഥാവണ്ടിക്ക് പോകാനുള്ള ഒരു പാളം നിര്‍മിച്ചിരിക്കുന്നത്. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷം പ്രണയം പിരിയേണ്ടി വരുന്ന ഷമീം ഡല്‍ഹിയിലെ ഒരുസ്‌കൂളില്‍ നിയമനം കിട്ടി ജോലിക്ക് പോയിക്കൊണ്ടിരിക്കുന്നതും അവിടെയെത്തിയുള്ള ഓര്‍മകളെ കൂടെ കൂടിയിട്ടുള്ളതുമാണ് രണ്ടാമത്തെ പാളം. ഈ പാളങ്ങള്‍ പലപ്പോഴും കൂടിച്ചേരുന്നുണ്ടെങ്കിലും യാത്ര നിര്‍വിഘ്നം തുടരുന്നു.

തുടക്കക്കാരന്റെ യാതൊരു പതറിച്ചയുമില്ലാതെ കഥ പറയുന്ന നോവലിന്റെ ഈ സമാന്തര യാത്ര വായനക്കാരെ ഒരു കുറ്റാന്വേഷണനോവലിലെന്ന പോലെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുമ്പോഴും കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ ഗൗരവവും പ്രസക്തിയും ഉള്‍ക്കൊള്ളുന്ന ഒരു സാമൂഹ്യനോവലെന്ന ധര്‍മ്മം നിറവേറ്റുന്നുമുണ്ട്.

പ്രധാനമായും ആശയങ്ങളുടെ നാല് കംപാര്‍ട്‌മെന്റുകളാണ് ഈ നോവലില്‍ കാണാനാവുക. ഈ കംപാര്‍ട്‌മെന്റുകള്‍ വേര്‍തിരിഞ്ഞവയല്ല, നോവല്‍ എന്ന പൂര്‍ണ്ണതയില്‍ ആദിമധ്യാന്തം ഇഴ ചേര്‍ന്നു കിടക്കുന്നതും വായനക്കാര്‍ക്ക് ഇഷ്ടം പോലെ തിരിച്ചോ ചേര്‍ത്തോ വായിക്കാവുന്നതുമാണ് എന്നിടത്ത് അത് കൂടുതല്‍ താല്പര്യജനകമാകുന്നു.

മതസൗഹാര്‍ദ്ദം
======================================================
പ്രഥമപ്രധാനമായ ഒന്നാം കംപാര്‍ട്‌മെന്റില്‍ കയറുന്ന വായനക്കാരന്‍ ബാബ്റി മസ്ജിദ് തകര്‍ക്കല്‍ ഭാരതത്തിന്റെ ഒന്നെന്ന മനസ്സിന് ഏല്പിച്ച ആഘാതത്തെ കണ്മുന്‍പില്‍ കാണും. എല്ലാ മതസ്ഥരും ഒരേ മനസ്സായി ജീവിക്കുന്ന ഒരിടം. രാജ്യം എല്ലാവരുടെയും വീട്, എന്ന അവസ്ഥയില്‍ നിന്ന് ന്യൂന പക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിംങ്ങള്‍ക്ക് നേരിട്ട സത്വ പ്രതിസന്ധി ചൂണ്ടിക്കാണിക്കുകയും എല്ലാവരും ഒന്നായി ജീവിക്കുന്നതിലെ ആവശ്യകത പറയുകയും അതിന്റെ മനോഹാരിത എടുത്തു കാണിക്കുകയും ചെയ്യുന്നുണ്ട് നോവലിസ്റ്റ്.

'ആരെയാപ്പോ തെറ്റ് പറയ്യ്യ, നാനൂറോളം വര്‍ഷങ്ങള്‍ ആരാധനയ്ക്കായി ഉപയോഗിച്ചിരുന്ന മ്മളെ പള്ളി മതഭ്രാന്ത് തലേ കേറിയ ഒരു കൂട്ടം ആളോള് തച്ചു തകര്‍ത്തേന് ശേഷാ നാടിന് ഇങ്ങനെയൊരു ദുസ്ഥിതി കൈവന്നത്.'

'നാനൂറ് വര്‍ഷക്കാലം ആരാധനക്കായി ഉപയോഗിച്ചിരുന്ന പള്ളിയ്ക്ക് അവകാശവാദം ഉയര്‍ന്നപ്പോള്‍ അത് തടയാന്‍ നമ്മുടെ ഭരണകൂടത്തിന് കഴിയാതെ പോയതെന്തുകൊണ്ടാണ്? ആ തകര്‍ച്ചയില്‍ നിലം പൊത്തിയത് ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകമായിരുന്നില്ലേ?' എന്നൊക്കെയുള്ള പ്രസക്ത ചോദ്യങ്ങള്‍ എഴുത്തുകാരന്‍ കഥാപാത്രങ്ങളിലൂടെ ചോദിക്കുന്നുണ്ട്.

'വീടിന് പുറത്ത് നില്‍ക്കുമ്പോള്‍ പലതും അവ്യക്തമായി തോന്നാം. വീടിന് അകത്ത് വരുമ്പോഴാണ് എന്താണ് വീടെന്ന് മനസ്സിലാകുന്നത്. സിമന്റും കമ്പിയും ജനലുകളും മാത്രമല്ല വീടിനെ മനോഹരമാക്കുന്നത്. അതിനുള്ളിലെ മനുഷ്യരുടെ പരസ്പര സ്‌നേഹത്തോടെയും വിശ്വാസത്തോടെയുമുള്ള ജീവിതമാണ്. പരസ്പര വിശ്വാസം അതാണെല്ലാം. നമ്മുടെ രാജ്യത്ത് ഇന്നില്ലാതെയാകുനനതും അതാണ്.' നോവലിസ്റ്റിന്റെ വിവേകമാണ് ഇങ്ങനെ സംസാരിപ്പിക്കുന്നത്.

'ഇതെന്റെ മാതൃരാജ്യമായിട്ടും, ഞാന്‍ പിറന്ന മണ്ണായിരുന്നിട്ടും ആരെയാണ് ഞാന്‍ പേടിക്കുന്നത്. ഇത് ഒരു ഷമീമിന്റെ മാത്രം പ്രശ്‌നമാണോ? ഇവിടെ ജീവിക്കുന്ന എല്ലാ ന്യൂനപക്ഷങ്ങളിലും അങ്ങനെയൊരു അരക്ഷിതാവസ്ഥ നിഴലിട്ടുനില്‍ക്കുന്നുവോ?' ഈ ചോദ്യമാണ് ഏറ്റവും പ്രസക്തമായി നോവലിസ്റ്റ് ഉന്നയിക്കുന്നത്.

'ഹിന്ദുവിന്റെ പട്ടങ്ങളും മുസല്‍മാന്റെ പട്ടങ്ങളും കൈകോര്‍ത്താല്‍ പിന്നെയവിടെ വര്‍ഗ്ഗീയ കലാപങ്ങളായി.' പട്ടങ്ങള്‍ക്ക് വരെ ഭ്രാന്താണ്. മതഭ്രാന്ത്. എന്ന് പറയുന്ന എഴുത്തുകാരന്‍ പക്ഷെ ആ താളത്തിനൊത്ത് തുള്ളാന്‍ തയ്യാറല്ല. തന്റെ പ്രിയപ്പെട്ട കഥാപാത്രമായ ഷമീം അഹമ്മദിലൂടെ നോവലിസ്റ്റ് പറയിക്കുന്നത് കേള്‍ക്കുക.

'ഈ വൈരം സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ കാന്‍സറാണ്. അതില്ലാതാകണം. അത് നേര്‍ത്തുവരണം. പരസ്പരം ഇടപഴകാനും ഉള്ളുതുറക്കാനുമുള്ള അവസരങ്ങള്‍ ഉണ്ടാകണം. അതിന് ഷമീം അഹമ്മദെന്ന ഞാന്‍ മാജിയെ സ്‌നേഹിച്ച തീരൂ. മാജിയറിയണം. മതത്തിനപ്പുറത്ത് മനുഷ്യര്‍ തമ്മിലൊരു ആത്മബന്ധമുണ്ടെന്ന്. ആ ഇഷ്ടം അവര്‍ തിരിച്ചറിയണം. അവരെ കാണുമ്പോള്‍ ഉമ്മയെയാണ് ഓര്‍മ്മ വരുന്നത്. അമ്മയെപ്പോലെ അവരെയും എനിക്ക് സ്‌നേഹിക്കണം. താലോലിക്കണം. ഒഴിവുകിട്ടുമ്പോഴൊക്കെ അവരുടെ തിണ്ണയില്‍ പോയി ഇരിക്കണം. അയല്പക്കത്തെ സരസ്വതിയമ്മക്ക് ഇടയ്ക്കിടെ വെറ്റിലയും അടക്കയും ചെറിയ ഉരലിലിട്ട് കുത്തിക്കൊടുക്കാറുള്ള പോലെ.'

മതസൗഹാര്‍ദ്ദത്തിന്റെ ഭംഗിയും അതില്ലാതാവുന്നതിലെ ഭീകരതയും ഒരുപോലെ വരച്ചു കാണിക്കുന്ന നോവലാണ് ബ്രാഹ്മിണ്‍ മൊഹല്ല. പലരും പറയാന്‍ മടിച്ചു നിന്ന കഥയും കാര്യങ്ങളും ഏറെ തന്റെടത്തോടെയും ഭംഗിയോടെയും അവതരിപ്പിക്കുന്നുണ്ട് സലിം അയ്യനത്ത്.

വിദ്യാഭ്യാസം
===========================================================
രണ്ടാം കംപാര്‍ട്‌മെന്റില്‍ കയറുന്ന വായനക്കാരന്‍ വിദ്യാഭ്യാസ കച്ചവടത്തിന്റെ നീരാളി പിടിത്തത്തില്‍ പെട്ടു പോകുന്ന ഒരു നല്ല അധ്യാപകന്റെ അവസ്ഥ കാണാനാകും.

'പണമുണ്ടാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം വിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയിലും പണമിറക്കുന്നതാണ്. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞുകേട്ടിട്ടില്ലേ? ലാഭവും കൊയ്യാം, സമൂഹത്തിലൊരു മാന്യതയും കൈവരും.' ഈ അവസരത്തിലേക്ക് മതങ്ങളുടെ നിഴല്‍ കൂടെ കൊണ്ടുവന്നാലോ?
'ഓരോ വിദ്യാഭ്യാസ സ്ഥാപനവും അവരവരുടെ സമുദായങ്ങളെ ഉദ്ധരിക്കാനെന്ന വ്യാജേന നടത്തുന്ന വ്യവസായ സ്ഥാപനങ്ങളാണ്. എത്ര മാത്രം സഹിഷ്ണുത നിലനിര്‍ത്താനാകും ഈ സ്ഥാപനങ്ങള്‍ക്ക്? എന്നാല്‍ സമുദായത്തെ ഉദ്ധരിക്കുന്നുണ്ടോ ഈ പണംതീനി പരിഷകള്‍?'
'ഓരോ സ്‌കൂളിന്റെയും അകത്തളങ്ങളില്‍ രഹസ്യങ്ങള്‍ താളം കെട്ടി നില്‍ക്കുന്നു. ആ രഹസ്യങ്ങള്‍ സൂക്ഷിക്കുക എന്നതാണ് മാനേജ്‌മെന്റിന്റെ താല്പര്യം' അവര്‍ക്ക് മാത്രമാണ് പ്രമോഷനും ഇന്‍ക്രെമെന്റും. പ്രവൃത്തി പരിചയത്തിനും ആത്മാര്‍ത്ഥതക്കും വില.... 'മണ്ണാങ്കട്ട.'
'ഒരധ്യാപകന് ലക്ഷക്കണക്കിന് രൂപയുടെ സമ്പാദ്യമോ വലിയ ബാങ്ക് ബാലന്‍സുകളോ കാലം കരുതിവെച്ചിട്ടുണ്ടാകില്ല. അധ്യാപകരുടെ സമ്പത്ത് അവര്‍ അടവിരിച്ചിറക്കുന്ന കുട്ടികളാണ്.' നല്ല ഒരധ്യാപകനാകാന്‍ ഷമീം അഹമ്മദ് കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. പക്ഷെ, നന്നാവാന്‍ സമ്മതിക്കാത്തതാണ് സാഹചര്യങ്ങള്‍. മാഫിയാ സംഘങ്ങളെപ്പോലെ പെരുമാറുന്ന വിദ്യാഭ്യാസ കച്ചവടത്തിന്റെ ഉള്ളുകള്ളികളിലേക്ക് വെളിച്ചം വീശുന്ന നോവലാണ് ബ്രാഹ്മിണ്‍ മൊഹല്ല. നമ്മുടെ നാട്ടിലും ഈ വിദ്യാഭ്യാസ കച്ചവടം രക്ഷിതാക്കളെ കാര്‍ന്ന് തിന്നുന്നുണ്ട്.

പ്രണയം
==================================================================
പ്രണയമാണ് ഈ നോവലിന്റെ മൂന്നാം കംപാര്‍ട്‌മെന്റില്‍ ഉള്ളത്. സലിം അയ്യനത്തിന്റെ എഴുത്തില്‍ പ്രണയം ഒരു പ്രധാന ഘടകമാണ്. ബ്രാഹ്മിണ്‍ മൊഹല്ലയിലും അതിന് മാറ്റമില്ല. മൂന്ന് പ്രണയഭാവങ്ങളാണ് ഈ നോവലില്‍ സലിം വരച്ചു കാണിക്കുന്നത്. കൃഷ്ണപ്രിയയുമായുള്ള നൈര്‍ മല്യമുള്ള പ്രണയം.

'ചിലപ്പോള്‍ നിന്റെ മതം മാറാന്‍ അവര്‍ നിര്‍ബന്ധിക്കും. നിന്നെ ഇങ്ങനെ ചന്ദനക്കുറി തൊട്ട് തുളസിക്കതിര്‍ ചൂടി കാണുന്നതാണെനിക്കിഷ്ടം.' തന്റെ പ്രണയിനിയെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്ന കാമുകനാണ് ഷമീം അഹമ്മദ്. 'തേജാഭായിയെന്ന രാജപുത്രകുമാരിയെ അക്ബര്‍ ചക്രവര്‍ത്തിക്ക് പ്രണയിക്കാമെങ്കില്‍ എന്തുകൊണ്ട് കൃഷ്ണപ്രിയയെ ഷമീം അഹമ്മദിന് പ്രണയിച്ചുകൂടാ?' എന്നവന്‍ ചോദിക്കുന്നുണ്ട്. 'അവള്‍ കൈകൂപ്പി നില്‍ക്കുമ്പോള്‍ അറിയാതെ അവല്‍ക്കരികിലിങ്ങനെ നില്‍ക്കും. അവളുടെ കുഞ്ഞു ചെവിയോട് ചേര്‍ന്ന ചെമ്പിച്ച സുവര്‍ണ്ണരോമങ്ങളും നോക്കിയങ്ങനെ. എനിക്ക് പ്രണയമെപ്പോഴും ഒരു തരം പ്രാര്‍ത്ഥനയാണ്' എന്ന് മറ്റൊരു കഥാപാത്രത്തെക്കൊണ്ട് പറയിക്കുമ്പോഴും സ്ഥായീ ഭാവം പ്രണയത്തിന്റെ നൈര്‍മ്മല്യമാണ്. ഈ നൈര്‍മ്മല്യമുള്ള പ്രണയത്തിന്റെ കടയ്ക്കലാണ് മത സംഘര്‍ഷം കത്തി വെച്ചത്. കാരണം, 'സത്യത്തില്‍ ഓരോ പ്രണയവും ഓരോ സംസ്‌കാരത്തോട് തോന്നുന്ന ഇഷ്ടമല്ലേ?' പ്രണയമെന്നാല്‍ സ്‌നേഹത്തിന് വേണ്ടി പിരിയുക കൂടിയാണെന്ന് നോവലിസ്റ്റ് എടുത്തു പറയുന്നു.
'പ്രണയത്തെ സത്യമായിക്കണ്ടിരുന്ന സമൂഹം ഒറ്റ നിമിഷം കൊണ്ടല്ലേ വഴിമാറി ചിന്തിച്ചത്. എങ്ങനെയാണ് പ്രണയം ഭീകരതയുടെയും ലൗജിഹാദിന്റെയും ഭാഗമായി എന്നതിനുള്ള ജീവിക്കുന്ന രക്തസാക്ഷികളാണ് ഞാനും നീയും.' എന്ന് തിരിച്ചറിഞ്ഞ കൃഷ്ണപ്രിയയും ഷമീമും വേര്‍പിരിയുന്നുണ്ട്. എങ്കിലും മനസ്സിലെ പ്രണയം നില നില്‍ക്കുന്നു. 'തന്റെ ഹൃദയത്തിന്റെ ഭാഗമായി ഒരാളെയാണ് പോലീസ് അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്നത്.' എന്ന് ചിന്തിക്കുന്ന കൃഷ്ണപ്രിയയുടെ ഉള്‍ത്തുടിപ്പുകള്‍ വായനക്കാരുടേത് കൂടിയാവും. പക്ഷെ, 'ഷമീം ഭയപ്പെടരുത്. നീതിപീഠത്തിലുള്ള വിശ്വാസം രാജ്യത്തെ പൗരന് നഷ്ടപ്പെട്ടുകൂടാ. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്ന നിയമത്തില്‍ വിശ്വസിക്കുക.' എന്ന് അവനെ ധൈര്യപ്പെടുത്താനാണ് കൃഷ്ണപ്രിയ ശ്രമിക്കുന്നത്.

'പരിഗണനയാണ് സ്‌നേഹത്തിന് നിദാനം. താന്‍ പരിഗണിക്കപ്പെടുന്നു എന്നതില്‍ നിന്നാണ് സ്‌നേഹം മഴയായി പെയ്‌തൊഴിയുന്നത്. ഒരു പ്രണയ പരാജയത്താല്‍ അവസാനിക്കുന്നതല്ല ജീവിതമെന്ന വലിയ പ്രഹേളിക.' എന്ന് തിരിച്ചറിഞ്ഞ നായകന്‍ മാംസ നിബന്ധമായ ഒരു പ്രണയത്തിലേക്കും വഴി മാറുന്നുണ്ട്. സന്ദര്‍ഭവശാല്‍ അത് അദ്ദേഹം പഠിപ്പിക്കുന്ന സ്‌കൂളിലെ മുതിര്‍ന്ന ഒരധ്യാപികയോടായിരുന്നു. 'അവസരങ്ങള്‍ക്കൊത്ത് ഞാനും മാറുകയാണ്. ഒരു പ്രണയം മരിക്കുമ്പോള്‍ മറ്റൊരു പ്രണയം പിറവികൊള്ളുകയാണ്.യഥാര്‍ത്ഥ പ്രണയമാണെന്ന് ഞാന്‍ അഭിനയിക്കുകയാണ്. ജീവിതം തന്നെ ഒരു തരം അഭിനയമല്ലേ?' എന്ന് ഷമീം തിരിച്ചറിയുന്നുണ്ട്. ഈ അവസരത്തില്‍ പ്രണയത്തിന്റെ മറ്റൊരു ഭാവത്തെയാണ് എഴുത്തുകാരന്‍ മുന്നോട്ട് വെക്കുന്നത്. ഇവിടെ എഴുത്തുകാരന്‍ വായനക്കാരുടെ ശ്വാസമിടിപ്പ് കൂട്ടുന്നുമുണ്ട്. ഉദാഹരണങ്ങള്‍ നോക്കുക.
'വികാരങ്ങളെ ഇളക്കിയെടുത്ത് കടല്‍ തിരമാലകളായ് മുറിയാതെയെത്തുന്ന വികാരത്തള്ളിച്ചയായിരിക്കണം ഓരോ പ്രണയവും. പ്രാപിച്ചുകഴിഞ്ഞാല്‍ തീരുന്നതാവരുത് പ്രണയമെന്ന വികാരം. കാമിക്കുന്നതിലല്ല പരമമായ ആനന്ദം. കാമിക്കുന്നതിന് മുന്‍പുള്ള അനര്‍ഘ നിമിഷങ്ങളിലാണ് സുഖത്തിന്റെ പാരമ്യം. ഇന്ദ്രിയസ്പര്‍ശനങ്ങള്‍ക്കപ്പുറത്ത് ആത്മാവുകള്‍ തമ്മിലുള്ള കൂടിച്ചേരലാണ് ഓരോ പ്രണയവും.'
'പുരുഷനെയറിഞ്ഞ സ്ത്രീയുടെയും സ്ത്രീസ്പര്‍ശമാഗ്രഹിക്കുന്ന പുരുഷന്റെയും കിതപ്പുകള്‍ ട്രെയിനിന്റെ വേഗതയില്‍ അലിഞ്ഞു ചേര്‍ന്നു.'
'ദീര്‍ഘനിശ്വാസങ്ങള്‍ക്കിടയില്‍ അവര്‍ കണ്ണുകള്‍ ഇറുകെ പൂട്ടിയപ്പോള്‍ ഒരു തീവ്രവാദിയായ് ഞാന്‍
അതിരുകള്‍ ഭേദിച്ചുകൊണ്ടിരുന്നു.'
'കാമത്തെ ഉപേക്ഷിച്ച് പ്രണയത്തെ സ്വീകരിക്കുമ്പോള്‍ മാത്രമേ ഞാനൊരു സാത്വികനാകൂ എന്നറിയാഞ്ഞിട്ടല്ല. പക്ഷെ ഷേര്‍ളി ടീച്ചര്‍ എന്റെ ശരീരത്തിന്റെ ഇച്ഛയായി തീര്‍ന്നിരിക്കുന്നു.'

മൂന്നാമത്തെ പ്രണയം വിവാഹം കഴിച്ച തന്റെ ഭാര്യ ഷഹനാസിനോടാണ്. ഇവിടെ ഷമീമിന് ഷഹനാസിനോടുള്ള പ്രണയത്തെ ഷഹനാസിന്റെ തിരിച്ചുള്ള പ്രണയം പരാജയപ്പെടുത്തുന്നുമുണ്ട്. പ്രണയമെന്നത് കടമയും കാത്തിരിപ്പും ചേര്‍ന്നു നില്‍ക്കലുമാണെന്ന് ഓര്‍മിപ്പിക്കുന്നു.

ഈ മൂന്ന് പ്രണയങ്ങള്‍ മൂന്ന് വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവരായത് തികച്ചും ആകസ്മികമാവാന്‍ വഴിയില്ല. ഷമീമിനെ ഭാരതത്തിന്റെ സംസ്‌കാരത്തിന്റെ പ്രതിനിധിയായി നാം സ്വീകരിച്ചാല്‍ വിവിധ മതങ്ങളോടുള്ള അതിന്റെ ഉള്‍ച്ചേരലായും ഈ നോവലിലെ പ്രണയത്തെ വായിച്ചെടുക്കാം.

യാത്ര
==============================================================
ഇതൊരു യാത്രയുടെ പുസ്തകമാണ്. 'സ്ഥലങ്ങളും വസ്തുക്കളും പിറകോട്ടോടുന്നത് നമ്മള്‍ മുന്നോട്ട് ഗമിക്കുമ്പോഴാണ് എന്ന അറിവായിരുന്നു യാത്രയെക്കുറിച്ചുള്ള ഒരാളുടെ ആദ്യത്തെ അറിവ്.'
'യാത്ര എപ്പോഴും പുതിയ അനുഭവങ്ങളെ സൃഷ്ടിക്കണം. കാഴ്ചകളെ ദര്‍ശനങ്ങളാക്കി മാറ്റണം.' 'യാത്രക്കാരന്‍ ഭ്രമാത്മക കാഴ്ചകളില്‍ അഭിരമിക്കാന്‍ പാടില്ല.'
'കേരളമെന്ന വാലറ്റത്ത് നിന്നും ഡല്‍ഹി എന്ന തലച്ചോറിലേക്കുള്ള രക്തപ്രവാഹം ഇതാ ഈ യാത്രയിലൂടെ സമാരംഭിക്കുന്നു.' 'യാത്ര എപ്പോഴും പ്രിയപ്പെട്ടവരെ ഓര്‍മ്മിപ്പിക്കും. പുറത്തെ കാഴ്ചകള്‍ ഓര്‍മ്മകള്‍ക്കൊരു കൂട്ടായിത്തീരും. കാറ്റും കോളും മഴയും ഓര്‍മ്മകളും ഒന്നായിത്തീരുന്ന സഫലമീയാത്രയാണ് ജീവിതം.'
എന്നൊക്കെ പറയുന്ന നോവലിസ്റ്റ് പക്ഷെ താന്‍ നോവലിന്റെ കഥ പറയാന്‍ യാത്രയെ തിരഞ്ഞെടുത്ത കാരണം നമ്മെ ചിന്തിപ്പിക്കും.
'ഒരു യാത്രക്കാരന്‍ പാലിക്കേണ്ട മര്യാദകളില്‍ പ്രധാനം തന്റെ സഹയാത്രികരുടെ മനസ്സറിയുക എന്നതാണ്. മറ്റുള്ളവര്‍ക്ക് ശല്യമാകാതിരിക്കുക എന്നൊരു തിരിച്ചറിവെങ്കിലും മനുഷ്യന് ഉണ്ടായിരുന്നെങ്കില്‍ ആരെയും സ്‌നേഹിക്കാനാവില്ലെങ്കിലും വെറുപ്പിക്കാതെയിരിക്കുക.'
ഒരു ദേശത്തെ സഹജീവികളെന്ന നിലയില്‍ നാമെല്ലാം സഹയാത്രികരാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും സ്‌നേഹിക്കാന്‍ കഴിയില്ലെങ്കിലും, വെറുക്കാതിരിക്കുക, എതിര്‍ക്കാതിരിക്കുക എന്ന സഹിഷ്ണുതയുടെ പാഠമാണ് ഈ കംപാര്‍ട്‌മെന്റില്‍ കയറുന്നവര്‍ക്ക് ലഭിക്കുക.
ഈ യാത്രയില്‍ കണ്ണ് തുറന്നാല്‍ പലതും കാണാം. ട്രെയിനില്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് അതിന്റെ ഇരു വശത്തും കാണുന്നത് വ്യത്യസ്തമായ കാഴ്ചകളായിരിക്കും. സാമ്പത്തികമായും സാംസ്‌കാരികമായും ഒക്കെ. യാത്രക്കാരന്റെ മനോഭാവവും പ്രധാനമാണ്. 'ഈ ക്ഷേത്രത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന നിനക്ക് ഇന്നേ വരെ ഹനുമാന്‍ ടില്ലയുടെ അകത്തളങ്ങളിലെ മനോഹരമായ കൊത്തുപണികളുള്ള ക്ഷേത്രങ്ങള്‍ ദര്‍ശിക്കാനാകാത്തതും എന്നാല്‍ രണ്ടായിരം കിലോമീറ്റര്‍ ദൂരെയുള്ള എനിക്കതിന് സാധിക്കുന്നതും എന്തുകൊണ്ടായിരിക്കാമെന്ന് എപ്പോഴെങ്കിലും അമന്‍ ചിന്തിച്ചിട്ടുണ്ടോ?' എന്ന ശക്തമായ ചോദ്യം നോവലിസ്റ്റ് ഉന്നയിക്കുമ്പോള്‍ വര്‍ഗ്ഗീയ വിഷജന്തുക്കളുടെ വായടഞ്ഞു പോകുമെന്നുറപ്പ്.
'ആര്‍ക്കുവേണ്ടിയെന്നറിയാതെ സ്വയം വെട്ടിമരിക്കാനാണോ ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയത്? ഇതിലും ഭേദം പാരതന്ത്ര്യം തന്നെയായിരുന്നു.' എന്ന് ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടവും നോവലിസ്റ്റ് നടത്തുന്നുണ്ട്. 'ഷമീം, ഞാന്‍ കരുതിയ പോലെയൊന്നുമല്ല. ജാതിയും മതവുമൊന്നും ഇവരുടെ അജണ്ടയേ അല്ല. അതൊക്കെ ചില നിഴല്‍രൂപങ്ങള്‍ മാത്രം. വലിയ കലാപങ്ങള്‍ സൃഷ്ടിച്ച് രാജ്യത്തിനകത്ത് അരാചകത്വമുണ്ടാക്കുകയും അതിലൂടെ ഇന്ത്യയുടെ സാമ്പത്തിക സ്രോതസ്സുകളെ അട്ടിമറിക്കുക എന്നത് മാത്രമാണ് അവരുടെ ലക്ഷ്യം.' എന്ന് എഴുതുമ്പോള്‍ നോവലിസ്റ്റ് ഒരു രാഷ്ട്രീയ കുറ്റാന്വേഷകനാവുന്നുമുണ്ട്.
'ഗല്ലികളില്‍ നിന്ന് ഗല്ലികളിലേക്കുള്ള പ്രയാണം. ഓരോ ഗല്ലികളും ഓരോ മതവിഭാഗങ്ങള്‍ക്ക് തീറെഴുതി കൊടുത്തിരിക്കുന്നു. എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യം.' അതെ, ബ്രാഹ്മിണ്‍ മൊഹല്ല എന്നത് ഇന്ത്യയുടെ ഒരു ചെറിയ പരിച്ഛേദം തന്നെയാണ്. അതിലൂടെയുള്ള യാത്ര ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവുണക്കാനുള്ളത് കൂടിയാണ്. 'സ്വന്തം രാജ്യത്തെ അതിരറ്റു സ്‌നേഹിക്കാതെ നിന്റെയുള്ളിലെ വിശ്വാസം പൂര്‍ണ്ണമാകില്ല' എന്ന പ്രവാചകന്റെ സഹിഷ്ണുതയുടെ ഉദ്‌ബോധനം ചേര്‍ത്തതിലൂടെ നോവലിന് വേറിട്ടൊരു മാനം നല്‍കുന്നത്തില്‍ നോവലിസ്റ്റ് വിജയിക്കുന്നു.

കംപാര്‍ട്‌മെന്റുകള്‍ക്കപ്പുറത്ത്...
============================
കഥയും കഥാപാത്രങ്ങളും വായനയെ സമ്പുഷ്ടമാക്കുമ്പോഴും ജിജ്ഞാസയോടെ നോവല്‍ വായിച്ചവസാനിക്കുമ്പോഴും ചില കരുതലുകള്‍, അല്ലെങ്കില്‍ മാറ്റങ്ങള്‍ ആവാമായിരുന്നു എന്ന് തോന്നി.
കൃഷ്ണപ്രിയയും ഷമീമുമായുള്ള പ്രണയം കുറച്ചു കൂടെ വേണമായിരുന്നു എന്ന് മനസ്സ് ആഗ്രഹിച്ചു. (ദില്‍ മാംഗേ മോര്‍!) ഷമീമും ഷേര്‍ളി മേഡവുമായുള്ള പ്രണയം മാംസനിബന്ധം മാത്രമായത് ഷമീം എന്ന അധ്യാപകന്റെ വ്യക്തിത്വത്തിലേക്ക് ഒരു കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. കൂട്ടായി ചെയ്യുന്ന ഒരു കുറ്റത്തില്‍ രണ്ടു പേര്‍ക്കും പങ്കുണ്ടെന്നിരിക്കെ, ഷേര്‍ളി മാഡത്തിന്റെ മനസ്സിലൂടെ ഒരു യാത്ര നടത്താത്തത് മൂലം ആ കഥാപാത്രം ഈ വിഷയത്തില്‍ പ്രതിസ്ഥാനത്താവുന്നുമുണ്ട്. നോവലിന്റെ ക്ലൈമാക്‌സില്‍ തുറുപ്പുചീട്ടായി അവതരിപ്പിച്ച കാര്യം ശരിയായ അന്വേഷണവഴിയില്‍ ആദ്യമേ ഈ കേസിനെ വഴി തിരിച്ചു വിടാന്‍ വ്യക്തമായ തെളിവാകുമായിരുന്നു എന്നിടത്ത് അന്വേഷണ ഉദ്യോഗസ്ഥന്റെ കഴിവ് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അവസാനിപ്പിക്കല്‍ അല്പം ധൃതി പിടിച്ചയോ എന്നും തോന്നി. ഇങ്ങനെയൊക്കെയാണെങ്കിലും കഥാപാത്ര സൃഷ്ടിയിലും കഥ അവതരണത്തിലും പശ്ചാത്തല വിവരണത്തിലും എഴുത്തുകാരന്‍ പ്രകടിപ്പിച്ച ക്രിയാത്മകത അഭിനന്ദാര്‍ഹമാണ്. ഒരു ഉത്തരേന്ത്യന്‍ ജീവിതത്തെ അപ്പാടെ വായനക്കാര്‍ക്ക് മുന്‍പില്‍ എത്തിക്കുന്നതില്‍ നോവലിസ്റ്റ് വിജയിക്കുന്നു.

അജ്ഞതയില്‍ അഹങ്കരിക്കുന്നതിലല്ല, സഹിഷ്ണുതയില്‍ കൈ കോര്‍ക്കുന്നതിലാണ് സംസ്‌കാരമിരിക്കുന്നതെന്നും സ്‌നേഹമെന്നാല്‍ ചേര്‍ത്ത് നിര്‍ത്തുന്നത് മാത്രമല്ല വിട്ടു കൊടുക്കുന്നതും കാത്തിരിക്കുന്നതും കൂടിയാണ് എന്നും ഓര്‍മിപ്പിക്കുന്ന ബ്രാഹ്മിണ്‍ മൊഹല്ല പലരും എഴുതാന്‍ വിട്ടുപോയ കാലത്തിന്റെ ചുവരെഴുത്തുകൂടിയാണ്

നിരൂപണം - പോള്‍ സെബാസ്റ്റ്യന്‍

പ്രസാധനം - ഒലിവ് ബുക്‌സ് 
വില - 340 രൂപ
പേജുകള്‍ - 266



Friday, March 8, 2019

പെണ്‍കുരിശ്



പെണ്‍കുരിശ് - സോണിയ റഫീക്ക്

'മുടിക്കു ഭംഗിയുണ്ട്. പക്ഷെ, അത് മുഖഭംഗിയെ / ശരീര ഭംഗിയെ എത്ര മാത്രം സമ്പന്നമാക്കുന്നു എന്നതില്‍ എനിക്ക് സംശയമുണ്ട്. കെട്ടിത്തൂക്കിയിട്ടൊരു പൊക്കണംപോലെ അത് തോന്നിത്തുടങ്ങിയാല്‍ വെട്ടി നിരത്തുക തന്നെ വഴി.' കാലത്തിന്റെ സ്പന്ദനം ഏറ്റു വാങ്ങിക്കൊണ്ട് കാലത്തിന് മുന്‍പേ സഞ്ചരിക്കുന്ന സ്ത്രീപക്ഷ കഥകള്‍ കൊണ്ട് സമൃദ്ധമാണ് സോണിയ റഫീക്ക് Sonia Rafeek എഴുതിയ പെണ്‍ കുരിശ് എന്ന സമാഹാരം. കരുത്തുറ്റ ഭാഷയും തീക്ഷ്ണമായ ചിന്തകളും പക്ഷം ചേര്‍ന്നുള്ള നിലപാടുകളും മടി കാണിക്കാത്ത പരീക്ഷണോത്സുകതയുമാണ് സോണിയ റഫീഖിന്റെ കഥകളെ വ്യത്യസ്തമാക്കുന്നത്. വായനയുടെയും കാഴ്ചയുടെയും പരപ്പിലേക്കും ആഴത്തിലേക്കും നല്ല വണ്ണം യാത്ര ചെയ്തിട്ടുള്ള എഴുത്തുകാരിയുടെ അറിവും ചിന്തയും ഭാവനയും സമന്വയിപ്പിച്ച പത്തു കഥകളാണ് പെണ്‍ കുരിശ് എന്ന കഥാ സമാഹാരത്തിലുള്ളത്.

പത്തില്‍ ഏഴു കഥകളും സ്ത്രീ പക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്നവയാണ്. പുസ്തകത്തിന്റെ പേരായ പെണ്‍കുരിശ് എന്നത് ഈ കഥകളിലെ അഞ്ചു കഥകള്‍ക്കെങ്കിലും കൃത്യമായി യോജിക്കുന്നതാണ് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല എന്നതാണ് സത്യം.

പെണ്‍കുരിശ് എന്ന ആദ്യ കഥ സോണിയ റഫീക്കിന്റെ വായനയുടെയും ചിന്തയുടെയും ആഴത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ചിത്രകാരി ഫ്രിഡ കാഹ്ലോ, നര്‍ത്തകി ഇസഡോറ ഡങ്കന്‍, എഴുത്തുകാരിയും ചലച്ചിത്ര സംവിധായികയുമായിരുന്ന മാര്‍ഗരറ്റ് ഡുറാസ് എന്നിവര്‍ മലയാളത്തിന്റെ നീര്‍മാതളത്തിന്റെ ശവക്കല്ലറയില്‍ ഒരു മെയ് മാസം 31 ന് നടത്തുന്ന സന്ദര്‍ശനമാണ് പെണ്‍കുരിശ് എന്ന കഥയുടെ വിഷയം. നിത്യപ്രണയിനിയുടെ കുഴിമാടത്തില്‍ അവര്‍ ഒത്തു ചേര്‍ന്ന് സ്വയം ചിന്തിക്കുന്നു, ചര്‍ച്ച ചെയ്യുന്നു, കണ്ടെത്തുന്നു. 'ചിത്രത്തിലെ സ്ത്രീക്ക് നൃത്തം ചെയ്യാത്തതായി ഒരു അവയവും ഉണ്ടായിരുന്നില്ല. മുടിയിഴകള്‍ക്ക് പോലും സ്വാഭാവികമായൊരു താളമുണ്ടായിരുന്നു.' നൃത്തം ചെയ്യുമ്പോള്‍ 'വിരലുകള്‍ക്ക് ചെത്തിക്കൂര്‍പ്പിച്ച പെന്‍സിലിന്റെ മൂര്‍ച്ചയും മനോഹാരിതയും.' 'തൃക്കണ്ണില്‍ പുരുഷനെ ആവാഹിച്ച നാല് സ്ത്രീകളാല്‍ ഒരു പെണ്‍കുരിശ്.' അവരുണ്ടാക്കി. ശില്‍പങ്ങള്‍ക്ക് മാറ്റമാണ് ദിശാസൂചി. 'ശില്പത്തിന്റെ കണ്‍കോണിലൊരു കണ്ണുനീര്‍ത്തുള്ളിയായോ വിരല്‍ത്തുമ്പില്‍ മൂര്‍ച്ഛയായോ നാഭിയിലെ ചുഴിയുടെ ആഴമായോ ഒക്കെ പ്രത്യക്ഷപ്പെടുന്ന മാറ്റങ്ങള്‍.' സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ലോകത്തെല്ലായിടത്തും ഒന്നു തന്നെയാണെന്നും സാഹിത്യവും കലയും സിനിമയുമെല്ലാം കൈ കോര്‍ത്ത് ഈ കുരിശിനെ ഭാരമില്ലാതാക്കി സ്ത്രീത്വത്തെ ആഘോഷമാക്കി ജീവിതത്തെ സന്തോഷത്തോടെ നേരിടേണ്ടതുമാണെന്ന് ഈ കഥ പറയാതെ പറയുന്നു. 'ഈ പുരുഷന്മാര്‍ക്കൊക്കെ എന്താണ് ഒരേ മുഖം?' 'ഭര്‍തൃമുഖങ്ങള്‍! പുരുഷന്മാരുടെ ഏറ്റവും മടുപ്പിക്കുന്ന മുഖഭാവം ഭര്‍തൃഭാവമല്ലേ?' എന്ന് മുഴുവന്‍ പുരുഷ സമൂഹത്തെയും പ്രതിസ്ഥാനത്തു നിര്‍ത്തുമ്പോഴും 'കുഞ്ഞുങ്ങളുള്ള സ്ത്രീകളാലാണ് ജീവിതം പൂര്‍ണ്ണമായി ജീവിക്കപ്പെടുന്നത്. കുട്ടികള്‍ അവര്‍ക്ക് ദൃഢത സമ്മാനിക്കുന്നു. സ്ത്രീകളും അവരുടെ കുട്ടികളും, അതാണ് ഈ ലോകത്തെ ദുര്‍ബലമാക്കാത്ത ഒരേയൊരു കാഴ്ച.' എന്ന് ഈ കഥയില്‍ എടുത്തെഴുതിയത് നന്നായി.

മറ്റൊരു നല്ല കഥയാണ് സക്കര്‍ഫിഷ്. വീട്ടുകാര്‍ അവധിക്ക് പോകുന്ന തക്കത്തില്‍ വീട് സ്വന്തമാക്കി ഉപയോഗിക്കുകയും, വീട്ടുകാര്‍ തിരിച്ചു വന്നിട്ടും നിയന്ത്രണം വിട്ടുകൊടുക്കാതെ തന്റെ സ്വാധീനം നില നിര്‍ത്തുകയും ചെയ്യുന്ന ഖലീല്‍ എന്ന അന്യദേശ തൊഴിലാളിയുടെ കഥയായ സക്കര്‍ഫിഷ് പല മാനങ്ങളുള്ള കഥയാണ്. എഴുത്തുകാരിയുടെ ബിംബകല്പനയിലുള്ള താല്പര്യത്തേയും വിപുലമായ കാഴ്ചപ്പാടിന്റെ സാധ്യതകളെയും ഇത് വിളിച്ചോതുന്നു. കാഴ്ചപ്പാടുകളില്‍ അനായാസമായി മാറ്റം വരുത്തി കഥയെ ഒഴുക്ക് നഷ്ടപ്പെടാതെ മുന്നോട്ട് കൊണ്ടു പോകാനുള്ള കഴിവ് പ്രതിഭയുള്ള എഴുത്തുകാരിയെ കാണിച്ചു തരുന്നുണ്ട്. 'ആ വിരലുകള്‍ക്കിടയിലൂടെ ഒരു കൊക്കപ്പുഴുവിനെപ്പോലെ തുളഞ്ഞു കയറി ഖലീലിന്റെ ശരീരത്തിലെ അദൃശ്യാവയവമായി മാറുവാന്‍ അവന്റെയുള്ളിലൊരു ആഗ്രഹം വന്നു നിറഞ്ഞു' എന്നത് സക്കര്‍ ഫിഷിന്റെ ചിന്തയായി പറയുമ്പോഴും അത് ഖലീലിന്റെത് തന്നെയായിരുന്നു എന്ന് പിന്നീട് അനായാസേന വായനക്കാര്‍ക്ക് വ്യക്തമാവും വിധം മികച്ചതാണ് എഴുത്ത്.

സമാഹാരത്തിലെ മികച്ച കഥകളിലൊന്നാണ് Y. ഒരു മലയാളം കഥയ്ക്ക് Y എന്ന പേരിട്ടതിലെ ഔചിത്യം എന്നെ മുന്‍പ് കുഴച്ചിരുന്നു. പക്ഷെ, കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ഈ കഥയ്ക്ക് Y എന്നല്ലാതെ പേരിടാനും സാധിക്കുകയില്ല എന്ന് തിരിച്ചറിയുന്നു. അടുക്കളയുടെ ഇരുട്ടിലേക്ക് അവളൊരു നേര്‍ രേഖയായി നടന്നു. അതൊരു ചതുരമുറി.' 'ഫര്‍ക്കക്കുരിശിന്റെ ശിഖരങ്ങളില്‍ ഇടത് ജീര്‍ണ്ണതയിലേക്കും വലത് സമ്പുഷ്ടിയിലേക്കുമാണ്. രണ്ടില്‍ എവിടേക്ക് സഞ്ചരിക്കണമെന്ന ആശങ്കയില്‍ അവള്‍ Y യുടെ ശാഖാപ്പിരിവില്‍ സംഭ്രമിച്ചു നിന്നു.' 'അടുക്കളയെ ചുറ്റിവളരുന്ന കുശിനിപ്പാവല്‍. കുശനിയില്‍ അവളൊരു പാവല്‍. കുശിനിപ്പാവല്‍. മറ്റിടങ്ങളിലില്ലാത്ത കയ്പാണ് അവള്‍ക്ക് അടുക്കളയില്‍.' അടുക്കളയില്‍ ചുറ്റപ്പെടുന്ന സ്ത്രീകളുടെ മനസികാവസ്ഥയിലേക്കും അവര്‍ നേരിടുന്ന അവഗണനകളിലേക്കും വിരല്‍ ചൂണ്ടുക മാത്രമല്ല, അവ എങ്ങനെ ഒരാളെ മതിഭ്രമത്തിന്റെ വക്കത്തെത്തിക്കുന്നു എന്ന് കാണിച്ചു തരികയും ചെയ്യുന്നുണ്ട് ഈ കഥയില്‍. എന്നാല്‍ മതിഭ്രമത്തിന്റെ അവസ്ഥയില്‍ നിന്ന് വിപ്ലവത്തിന്റെ അവസ്ഥയിലേക്ക് അവള്‍ എത്തപ്പെട്ടുവെങ്കില്‍ കുറ്റം അവളുടേതല്ല എന്ന് ഉറക്കെ പറയുന്നുണ്ട് ഈ കഥ. ഹെര്‍ബേറിയത്തില്‍ സോണിയ റഫീഖ് എഴുതി വായനക്കാര്‍ ഇഷ്ടപ്പെട്ട ഫാത്തിമയുടെ കുറിപ്പുകളുടെ ഒരു ചെറു പതിപ്പ് ഈ കഥയില്‍ കാണാനായത് ആഹ്ലാദകരമായി.

'പ്രത്യേകിച്ച് അഭിപ്രായമൊന്നും പറയാനില്ലാത്തതും എന്നാല്‍ സംഭവിച്ചേ തീരൂ എന്ന് നിര്‍ബന്ധമുള്ളതുമായ വിഷയങ്ങളാവുമ്പോള്‍ നിസ്സംഗതയാണല്ലോ ഏറ്റവും നല്ല കീഴ്വഴക്കം?' വിവാഹകാര്യത്തിലാവുമ്പോള്‍ ഇത് അങ്ങനെ തന്നെയാണ്. 'ധ്യാനം 180 ഡിഗ്രി പ്രാപിക്കുമ്പോള്‍' എന്നത് അള മുട്ടിയാല്‍ ചേരയും കടിക്കും എന്ന പഴഞ്ചൊല്ലിനെ സാധൂകരിക്കുന്നകഥയാണ്. 'എനിക്ക് പഠിക്കണം, പി. ജി. ചെയ്യണം, അതിനു ശേഷം നിങ്ങള്‍ കൊണ്ടു നിര്‍ത്തുന്ന ഏതൊരുവനെയും ഞാന്‍ സ്വീകരിച്ചോളാം.' 'അനിലയുടെ എതിര്‍പ്പുകള്‍ കണക്കിലെടുക്കേണ്ടതായി ആര്‍ക്കും തോന്നിയില്ല. കുറെയേറെ മനുഷ്യര്‍, ഭക്ഷണം, ചടങ്ങുകള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ ഇവയ്ക്കു നടുവിലൂടെ അവള്‍ ഇറങ്ങിപ്പോയി.' ഒരു പക്ഷെ, കുശിനിപ്പാവലിലേക്കുള്ള ഒരു ഇറങ്ങിപ്പോക്ക്. തീവ്ര നിലപാടുള്ള y എന്ന കഥയും ധ്യാനം 180 ഡിഗ്രി പ്രാപിക്കുമ്പോള്‍ എന്ന കഥയും ഒന്ന് തന്നെയല്ലേ എന്ന് നാം ചിന്തിക്കുമ്പോഴും Y രചനയുടെ സങ്കേതങ്ങളില്‍ മികച്ചതും അനുഭവിപ്പിക്കുന്നതുമാവുമ്പോള്‍ രണ്ടാമത്തേത് അങ്ങനെയാവുന്നില്ല.

'ശരീരം, ശാരീരം, സാരീരം' എന്ന പരീക്ഷാത്മക കഥ നമ്മെ വസ്തുതകള്‍ക്കൊണ്ട് സത്യമെന്ന് അംഗീകരിപ്പിക്കുമ്പോഴും അതിന്റെ ക്രിയാത്മകത കൊണ്ട് അത്ഭുതപ്പെടുത്തുകയും ചിരിപ്പിക്കും ചെയ്യും. ഒരു സാരി എങ്ങനെ ഒരു സ്ത്രീയെ അടിമയാക്കി, അസ്വതന്ത്രയാക്കി നില നിര്‍ത്തുന്നു എന്നതാണ് ഈ 'കഥയുടെ' സാരം. 'ഇപ്പോള്‍ ഈ കിടപ്പില്‍ ഞാന്‍ ഒരു പെരുമ്പാമ്പിനാല്‍ ചുറ്റിവരിയപ്പെട്ടിരിക്കുകയാണ്. ഏകദേശം ആറു മീറ്ററോളം വരുന്ന ഒന്ന്.' എന്ന് തുടങ്ങുന്ന കഥ സാരിയുടുപ്പിന്റെ ഞൊറിയളവുകളും ചുറ്റിവരിയലുകളും എല്ലാം കഴിയുമ്പോള്‍, 'എന്റെ ശരീരത്തില്‍ പെരുമ്പാമ്പ് ചുറ്റിയിരുന്നില്ല. ഞാന്‍ പെരുമ്പാമ്പിനാല്‍ വിഴുങ്ങപ്പെട്ടതായിരുന്നു. പെരുമ്പാമ്പിനെ ഉദരത്തിലെ മുഴപ്പുകളായി എന്റെ ശരീരം/സാരീരം.' എന്നിടത്തേക്ക് എത്തുന്ന ഈ സരസമായ കഥനം ചിന്തനീയം തന്നെ. 'ധ്യാനം 180 ഡിഗ്രി പ്രാപിക്കുമ്പോള്‍' എന്ന കഥയിലെ 180 ഡിഗ്രി ഇവിടെയും അവര്‍ത്തിക്കപ്പെടുന്നുണ്ട്. 'അങ്ങനെയൊരു 180 ഡിഗ്രി തിരിവ് സംഭവിക്കുന്ന രാത്രിയിലാണ് അമാവാസികളുടെ കൂട്ടമരണം സംഭവിക്കുക.' പുരുഷന് മനസ്സിലാക്കാന്‍ കഴിയാത്ത സ്ത്രീ എന്ന ചിന്ത മറ്റു പല കഥകളിലുമെന്ന പോലെ ഇതിലും പറയുന്നുണ്ട്, പക്ഷെ കുറച്ചു കൂടെ നന്നായി. 'പാവാടയ്ക്കുള്ളില്‍ തിരുകിയ ഭാഗങ്ങള്‍ക്കു മാത്രം അവളുടെ വിയര്‍പ്പുമണം. മറ്റുഭാഗങ്ങള്‍ അവളെ അറിയുന്നതേയില്ല. നൂറ്റാണ്ടുകളുടെ സമ്പര്‍ക്കത്തിനു ശേഷവും പുരുഷന് അജ്ഞാതമായ സ്ത്രീ അകങ്ങളെപ്പോലെ'. എന്ന് എഴുത്തുകാരിയിലെ സ്ത്രീപക്ഷവാദി പരിഹസിക്കുന്നുണ്ട്. ക്രിയാത്മകത അതിന്റെ ഉയരത്തില്‍ എന്ന് പറഞ്ഞ് ശരീരം, ശാരീരം, സാരീരം എന്ന കഥയെക്കുറിച്ചുള്ള അഭിപ്രായം നിറുത്താം.

ഒരു ബ്യൂട്ടി സലൂണിന്റെ പശ്ചാത്തലത്തില്‍ ഈജിപ്തിലെ മമ്മികളെ ഓര്‍മിപ്പിച്ചു കൊണ്ട് പറയുന്ന നെഫെര്‍റ്റിറ്റി എന്ന കഥ സൗന്ദര്യം പൂശിയ മുഖങ്ങളെ സ്ത്രീ എന്നത് കൊണ്ടു മാത്രം അംഗീകരിക്കാത്ത സമൂഹത്തിനെതിരെയുള്ളതാണ്. ചരിത്രത്തില്‍ പ്രബലയായ ഒരു സ്ത്രീ, നെഫെര്‍റ്റിറ്റി. അവരുടെശവകുടീരത്തെപോലും ആക്രമിച്ചവര്‍, 'ഇത്രയും പ്രബലയായ സ്ത്രീ, അവളെ ചരിത്രമറിയാതെ പോകണമെന്നവര്‍ ആഗ്രഹിച്ചിട്ടുണ്ടാവും.' 'വ്യക്തമല്ലേ അത്? മരണശേഷം ഒരു സ്ത്രീയെ ഈ വിധം അക്രമിക്കുന്നതിലൂടെ അവളുടെ സൗന്ദര്യത്തിന്റെയും വ്യക്തിത്വത്തിന്റെയും അല്പാംശങ്ങള്‍ പോലും മായ്ച്ചു കളയുകയല്ലേ?' ഞാന്‍ എഴുതി. എന്ന് കഥാകാരി പറയുന്നു. സൗന്ദര്യവും കഴിവും ഉണ്ടായാലും സമൂഹം അംഗീകരിക്കാത്ത സ്ത്രീത്വം എന്ന ചിന്തയെ ഊട്ടിയുറപ്പിക്കുന്നതാണ് ഈ കഥയും.

ഈ സമാഹാരത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥ വൈ ഫൈ ആണ്. 'ആര്‍ദ്രത, അനുകമ്പ, ആശ്വാസം ഇതൊക്കെ പെണ്‍ ആതുരശുശ്രൂഷകര്‍ക്ക് മാത്രം സാധ്യമാകുന്ന സംഗതികളായി തെറ്റിദ്ധരിച്ചിരുന്ന ആശുപത്രി മുറികളില്‍ സേതുരാമന്‍ ആണ്‍പരിചരണശീലങ്ങള്‍ ഒരു ഡ്രിപ്പ് കുപ്പിയില്‍ നിന്നെന്ന പോലെ തുള്ളിതുള്ളിയായി ഇറ്റിച്ച് ഇറക്കുകയായിരുന്നു.' എഡിസനോട് മത്സരിച്ചു വൈദ്യുതിയുടെ വക്രധാര അഥവാ പ്രത്യവര്‍ത്തിധാര (AC) കറന്റ് കണ്ടുപിടിച്ച നിക്കോള ടെസ്സയെപ്പോലും അറിയാവുന്ന സേതുരാമനെയും അതിശയിപ്പിക്കുന്ന അറിവും ഓര്‍മ്മയും കമലുന്നിസ എന്ന ഊമയായ നൃത്തക്കാരിക്കുണ്ടായിരുന്നു. കമലുന്നിസയുടെ പരിചരണം കാലം സേതുരാമനു നല്‍കുമ്പോള്‍, അവര്‍ തമ്മിലുള്ള വാര്‍ധക്യ പ്രണയത്തിലേക്ക് ഒരു വില്ലന്‍ കടന്നുവരുമ്പോള്‍, എല്ലാം വായന അനുഭവമാകുകയും കഥാപാത്രങ്ങള്‍ മനസ്സില്‍ ജീവിക്കുകയും ചെയ്യും വിധം മിഴിവുറ്റതായി ഈ കഥയെ അവതരിപ്പിച്ചിരിക്കുന്നു. പരസ്പര പൂരകമായ ഒരു ജീവിതത്തിന്റെ ചേര്‍ച്ച ആരെയും മോഹിപ്പിക്കും വിധം അവതരിപ്പിക്കുന്നുണ്ട്. എന്തുകൊണ്ടും ഈ സമാഹാരത്തിലെ മികച്ച കഥയാണ് വൈ ഫൈ.

'പട്ടുനൂല്‍പ്പുഴുക്കള്‍ വാ പിളര്‍ന്നത് മള്‍ബറി ഇലകള്‍ക്കു വേണ്ടിയായിരുന്നില്ല', നീലയും പച്ചയും ഇടയ്ക്കിടെ ചുവക്കാറുണ്ട്.', കളിജീവനം എന്നീ കഥകള്‍ വേണ്ടത്ര നന്നായില്ല എന്ന് തോന്നി.

ലളിതവായനയെക്കാളുപരിയായി പക്വതയാര്‍ന്ന വായന ആവശ്യപ്പെടുന്ന കഥകളാണ് പെണ്‍കുരിശിലുള്ളത്. ഭൂരിഭാഗം കഥകളും വായനക്കാരുടെ ബുദ്ധിയോടാണ് സംവദിക്കുന്നത്. വൈ ഫൈ, Y എന്നീ കഥകള്‍ ബുദ്ധിയോട് ഇഷ്ടം കൂടുമ്പോഴും അത് പ്രിയപ്പെട്ടതാവുന്നത് അനുഭവത്തിന്റെ തലത്തില്‍ ഹൃദയത്തിന് തൊട്ടറിയാന്‍ കഴിഞ്ഞതു കൊണ്ടാണ്. നെഫെര്‍റ്റിറ്റി എന്ന കഥയും ധ്യാനം 180 ഡിഗ്രി പ്രാപിക്കുമ്പോള്‍ എന്ന കഥയും ആ അവസ്ഥയ്ക്കടുത്തെത്തുന്നുമുണ്ട്. 'പട്ടുനൂല്‍പ്പുഴുക്കള്‍ വാ പിളര്‍ന്നത് മള്‍ബറി ഇലകള്‍ക്കു വേണ്ടിയായിരുന്നില്ല' എന്ന കഥ ഈ സാധ്യതയെ മുതലെടുക്കാതെ പോയ ഒന്നായും തോന്നി.

സോണിയയുടെ എഴുത്തിന് കവിതകളേക്കാള്‍ ചിത്രകലയോടാണ് സാദൃശ്യം പറയാനാവുക. ഒരു ആധുനിക ചിത്രകാരന്‍ തനിക്ക് പറയാനുള്ളത് മനോഹരമായി വര്‍ണ്ണങ്ങളെക്കൊണ്ടും ബിംബങ്ങളെക്കൊണ്ടും ഒളിപ്പിച്ചു വെച്ചിരിക്കുന്നത് പോലെ മനോഹരമാണ് സോണിയയുടെ എഴുത്ത്. ചിത്രകാരന്‍ ഉദ്ദേശിച്ച അര്‍ത്ഥത്തെ മനസ്സിലാക്കുന്നവര്‍ക്ക് കിട്ടുന്ന സന്തോഷത്തിന് ഇരട്ടി മധുരമുണ്ടാകും. കലയുടെ ഈ ചാതുരി മൊത്തം കഥയിലും എന്നാല്‍ ചിലപ്പോഴൊക്കെ അവിടവിടെയായും വിതറുന്നുണ്ട് എഴുത്തുകാരി. 'എന്റെ വള്ളികളിലെ മഞ്ഞപ്പൂക്കള്‍ ഞാന്‍ ഈ തേനില്‍ മുട്ടിക്കും. നിന്റെ തേനുമ്മകള്‍ എന്റെ മഞ്ഞയെ തേന്‍നിറമാക്കും. തേന്‍നിറമുള്ള പൂക്കളുമായി ഞാന്‍ ഈ ഫര്‍ക്കക്കുരിശിന്റെ തണ്ടുകളില്‍ പടര്‍ന്നു കിടക്കും.' 'മറ്റൊരുവന്റെ വായിലോട്ട് ഊതിവീര്‍പ്പിച്ചൊരു ബബിള്‍ഗം കുമിളയുടെ അനൗചിത്യം പോലെ സക്കര്‍ മുന്നൂറ്റിയാറിലെ ഭരണിയില്‍ ഒട്ടിക്കിടന്നു.' എന്നിങ്ങനെ എഴുത്തിന്റെ മാസ്മരികത നമുക്ക് വായിച്ചാസ്വദിക്കാം.

വായനയുടെ ആഴത്തില്‍ പോയി മുങ്ങിക്കണ്ടെടുത്ത മുത്തുകളും ചിന്തയുടെ ഉലയില്‍ ഊതിക്കാച്ചിയെടുത്ത ആശയങ്ങളും ക്രിയാത്മകതയുടെ ഗിരിശൃംഗങ്ങളില്‍ നിന്ന് സമൂഹത്തോട് ആവശ്യപ്പെടുന്നത് നേരിലേക്കും നന്മയിലേക്കുമുള്ള ഉറപ്പാണ്. ഇത് ഔദാര്യമായല്ല അവകാശമാണ് എഴുത്തുകാരി പരിഗണിക്കുന്നത്. ഇല്ലെങ്കില്‍ പ്രതികരണത്തിന്റെ ഒരു 180 ഡിഗ്രി പ്രതിപ്രവര്‍ത്തനം മുന്‍കൂട്ടി കാണുന്നു. സ്ത്രീ കേന്ദ്രീകൃതമായ വിഷയങ്ങളാണ് കഥകള്‍ക്ക് തിരഞ്ഞെടുത്തിരിക്കുന്നത് എന്നത് പുസ്തകത്തിന് പ്രസക്തി വര്‍ധിപ്പിക്കുന്നുണ്ട്. ഒപ്പം തന്നെ മാനവികതയെ മുന്‍നിര്‍ത്തിയുള്ള കഥകളിലേക്ക് ഒരു ചുവടുമാറ്റത്തിന് സമയമായില്ലേ എന്ന പ്രതീക്ഷയും നല്‍കുന്നുണ്ട്. ഈ കഥാകാരി പ്രതിഭയുടെ ഉറവകള്‍ മുഴുവന്‍ ലോകത്തിനും തുറന്നുകൊടുക്കുന്ന ദിവസം കഥാലോകം കാത്തിരിക്കുക തന്നെ ചെയ്യും.

പോള്‍ സെബാസ്റ്റ്യന്‍

പ്രസാധനം - മാതൃഭൂമി ബുക്‌സ്
പേജ് - 112
രണ്ടാം പതിപ്പിന്റെ വില - 100 രൂപ
Penkurish