Tuesday, September 29, 2020

ബാല ഭാസ്‌കര്‍ - സൗഹൃദം, പ്രണയം, സംഗീതം



അകാലത്തില്‍ കൊഴിഞ്ഞു പോയ ബാലഭാസ്‌കറിനെപ്പറ്റി സുഹൃത്ത് ജോയ് തമലം എഴുതിയ ഓര്മക്കുറിപ്പുകളാണ് ചിന്ത പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച 'ബാല ഭാസ്‌കര്‍ - സൗഹൃദം, പ്രണയം, സംഗീതം' എന്ന പുസ്തകം. ഈ പുസ്തകത്തെപ്പറ്റി ജ്യോതി കെ ജി എഴുതിയ നിരൂപണം പങ്കു വെയ്ക്കുന്നു. നന്ദി ജ്യോതി (Jyothy KG)
============================================


വയലിന്‍ തന്ത്രികള്‍ മീട്ടി മാസ്മരിക സംഗീതം പൊഴിച്ച് നിലകൊള്ളുമ്പോഴാണ് ബാലഭാസ്‌കര്‍ കാലപ്രമാണങ്ങളില്ലാത്ത ലോകത്തേക്കുമടങ്ങിയത്. മലയാള സിനിമാഗാനങ്ങള്‍ വയലിന്‍ തന്ത്രികളിലൂടെ പകര്‍ന്ന് സംഗീതത്തിന്റെ അപാരതയുടെ തീരത്ത് അതിരുകളില്ലാത്ത മാനവികതയെ അനുഭവിപ്പിച്ച സര്‍ഗ്ഗപ്രതിഭ. വരികളിലെ പ്രണയത്തെ, സ്‌നേഹത്തെ വിവേചനമില്ലാതെ ഈണങ്ങളിലേക്കാവാഹിച്ചെടുത്ത ബാലഭാസ്‌കറിന് സംഗീതം മനുഷ്യഹ്യദയങ്ങളിലേക്കുള്ള വഴി തുറക്കുകയായിരുന്നു. ഇനി ആ വയലിന്‍ തന്ത്രികളില്‍ മാസ്മരിക സംഗീതമില്ല. ബാല്യകാലം മുതല്‍ സംഗീതവേദികളില്‍ ബാലഭാസ്‌കറിനൊപ്പമുണ്ടായിരുന്ന ജോയ് തമലം എന്ന കൂട്ടുകാരന്റെ ഓര്‍മ്മകളാണ് ഈ പുസ്തകം . പ്രിയ കൂട്ടുകാരന്റെ അകാലവിയോഗം ഏല്പിച്ച മുറിവുണങ്ങാന്‍ എഴുതേണ്ടിവരുന്ന ദുരവസ്ഥയാണ് ''ബാലഭാസ്‌കര്‍ ഃ സൗഹ്യദം , പ്രണയം , സംഗീതം '' എന്ന ഈ പുസ്തകം എന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ കുറിക്കുന്നുണ്ട്.

തിരുവല്ലയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പറിച്ചുനട്ട പ്രശസ്ത സംഗീതകുടുംബത്തിലെ ഇളമുറക്കാരന്‍. ഒരു വ്യാഴവട്ടക്കാലം സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച സി. കെ. ഉണ്ണിയുടെയും, സംഗീത കോളേജിലെ സംസ്‌ക്യത അദ്ധ്യാപികയായ ശാന്തകുമാരി ടീച്ചറുടെയും രണ്ടുമക്കളില്‍ ഇളയവന്‍. കുട്ടിക്കാലം മുതല്‍ സംഗീതത്തെ പ്രണയിച്ചവന്‍. മൂന്ന് വയസ്സുമുതല്‍ അമ്മാവന്‍ ബി.ശശികുമാറില്‍ നിന്ന് സംഗീതം അഭ്യസിച്ച ബാലു കര്‍ണ്ണാടിക് സംഗീതത്തിലും, തന്ത്രിവാദ്യത്തിലും, അഭിനയത്തിലും മികവ് തെളിയിച്ചു. 1994 ല്‍ മാര്‍ ഇവാനിയോസിലെ പ്രീഡിഗ്രി കാലം...'അമ്പലപ്പറമ്പിലും പള്ളിവളപ്പിലും ഒത്തുകൂടി രാഷ്ട്രീയവും കവിതയും പാട്ടുമൊക്കെ സംസാരിച്ച നിമിഷങ്ങള്‍...ക്ലാസ് കഴിഞ്ഞ് നാലാഞ്ചിറ മുതല്‍ ജഗതിയിലെ വീടുവരെ അവനും ഞാനും ഒരുമിച്ച് നടന്നു . ഒരുമിച്ച് നടക്കുമ്പോള്‍ അവന്‍ സംഗീതത്തെക്കുറിച്ച് പറയും, മംഗല്യപല്ലക്കെന്ന ആദ്യസിനിമയെക്കുറിച്ച് പറയും, അതിലെ പാട്ടിങ്ങനെയാണെന്ന് പറയും, അതില്‍ യേശുദാസ് പാടിയപ്പോഴുണ്ടായ അക്ഷരപ്പിഴവിനെക്കുറിച്ച് പറയും, അവന്റെ വീട്ടില്‍ കൊണ്ടുപോയി പാട്ട് കേള്‍പ്പിച്ച് തരും''..........ബാലുവുമൊത്തുള്ള ഇണക്കവും പിണക്കവുമായി കടന്നുപോയ ആ കൗമാരകാല സൗഹ്യദത്തിന്റെ ഓര്‍മ്മകളിലേക്ക് ജോയ് തമലം നമ്മളെ കൂട്ടികൊണ്ടു പോവുകയാണ്...................

17 ാം വയസ്സില്‍ 'മംഗല്യപലക്ക് ' എന്ന സിനിമയില്‍ തുടങ്ങി കോളേജ് പഠനകാലത്ത് 'കണ്‍ഫ്യൂഷന്‍ ' എന്ന ബാന്‍ഡും പിന്നീട് 'ബിഗ് ഇന്ത്യന്‍ ബാന്‍ഡും 'ബാലുവിന്റെ സംഗീതയാത്രയുടെ വേറിട്ട വഴികളാണ് ആസ്വാദകരുടെ മുന്നില്‍ തുറന്നിട്ടത്. കെ.ജെ. യേശുദാസ്, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, ഹരിഹരന്‍ തുടങ്ങി മലയാളത്തിലെയും, തെന്നിന്ത്യയിലെയും മികച്ച ഗായകരുടെ മുന്നിലും , ലോകമെങ്ങുമുള്ള ആസ്വാദക ഹ്യദയങ്ങളിലും വയലിന്‍ മാന്ത്രികനായി ബാലു വിസ്മയം തീര്‍ത്തു. 120-ഓളം പാട്ടുകള്‍ ഒരു കമ്പനിക്ക് വേണ്ടി മാത്രം ചുരുങ്ങിയ കാലത്തിനിടയ്ക്ക് ബാലു ചിട്ടപ്പെടുത്തിയത് എന്ന സത്യം അറിയുമ്പോഴാണ് 'സംഗീതമേ ജീവിതം ' എന്ന ബാലുവിന്റെ സംഗീത പ്രണയത്തില്‍ അത്ഭുതം തോന്നുന്നത്.....

ചെറുപ്രായത്തില്‍ വലിയ നേട്ടങ്ങള്‍ ബാലഭാസ്‌കര്‍ സ്വന്തമാക്കി. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ബാലുവിനെ തേടിയെത്തി. പ്രണയിച്ചവളെ ധീരമായി ജീവിതത്തിലേക്കു കൂട്ടി. നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ഞുതേജസ്വിനിയുടെ വരവ് ബാലുവിനെ ഉത്തരവാദിത്വമുള്ള അച്ഛനാക്കി. വയലിനിലെ അനന്തസാധ്യതകളെ കണ്ടെത്തി വിരലുകള്‍കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത കലാകാരന്റെ ജീവിതയാത്രയിലെ ഓരോ ഏടുകള്‍ വായിക്കുമ്പോള്‍ വായനക്കാരന്റെ ഉള്ളിലൊരു വിങ്ങല്‍ അനുഭവപ്പെടും......കാരണം സംഗീതത്തിന്റെ വഴിയില്‍ ആഴമുള്ള വയലിനിസ്റ്റാകാന്‍ ശ്രമിച്ചിരുന്ന ബാലസൂര്യനാണ് പെട്ടെന്ന് ഇരുള്‍മേഘത്തില്‍ മറഞ്ഞുപോയത്.....

കോളേജും, പഠനവും, പാട്ടും, മത്സരങ്ങളുമായി നടക്കുമ്പോഴും സുഹ്യത്തുക്കളുമായി ആത്മാര്‍ത്ഥമായി ബന്ധം കാത്തുസൂക്ഷിച്ച ബാലുവിന്റെ സൗഹ്യദവലയങ്ങളിലെ നിരവധി പേര്‍ ഈ പുസ്തകത്തിലുണ്ട്. ജാസി ഗിഫ്റ്റും, വിധു പ്രതാപ്, ഇഷാന്‍, ജിജോ സോമന്‍, മഹേഷ് പഞ്ചു, ഉണ്ണി തുടങ്ങിയവരുമായുള്ള ഓര്‍മ്മകളും എഴുത്തുകാരന്‍ പങ്കുവെയ്ക്കുന്നു ......

സെപ്തംബര്‍ 25 പുലര്‍ന്നപ്പോള്‍ കേരളം കേട്ടത് പ്രിയ വയലിന്‍ മാന്ത്രികന്റെ അപകടത്തിന്റെയും മകളുടെ വിയോഗത്തിന്റെയും വാര്‍ത്തയാണ്.....ഒരാഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം ഒക്ടോബര്‍ 2ാം തീയതി പുലര്‍ച്ചെ കണ്ണുകള്‍ പാതി ചിമ്മി ഇളം പുഞ്ചിരിയോടെ വയലിന്‍ വായിക്കുന്ന ആ ചിത്രം ബാക്കിയാക്കി ബാലുവും മടങ്ങി ..................................25 വര്‍ഷത്തെ സുഹ്യത്ത് ബന്ധത്തിന്റെ ഓര്‍മ്മകളില്‍ വയലിന്‍ നാദം മാത്രം ബാക്കിയാക്കി ബാലു മടങ്ങിയപ്പോള്‍ ഹ്യദയം നുറുങ്ങുന്ന വേദനയോടെ ഗ്രന്ഥകാരന്‍ പുസ്തകം അവസാനിപ്പിക്കുന്നതിങ്ങനെയാണ്...........

''ഹിരണ്‍മയ'യെന്ന അവന്റെ സ്വപ്നക്കൂട്ടില്‍ അവന്‍ ചേര്‍ത്തുവച്ച സ്‌നേഹച്ചൂടും പ്രണയക്കനലും കെട്ടുപോകാതിരിക്കാന്‍ ലക്ഷ്മി അവിടെയുണ്ടാകും.....അവന്‍ പ്രിയത്തോടെ വാങ്ങുകയും , വിരല്‍തോട്ടുണര്‍ത്തുകയും ചെയ്ത വയലിനുകളും, അവന് ലഭിച്ച അംഗീകാരങ്ങളും പുതുതലമുറയ്ക്ക് ആവേശം പകരും. അവന്റെ സംഗീതംകൊണ്ട് സമ്യദ്ധമായ ഹിരണ്‍മയയിലെ 'ബാലലീല ' ( അവന്റെ വാക്കില്‍ പറഞ്ഞാല്‍ 'കുട്ടിക്കളി ' ) ജാനിയെപ്പോലുള്ള കൊച്ചുമിടുക്കികളും മിടുക്കന്‍മാരും പാടിയും വയലിന്‍ വായിച്ചും ശബ്ദായമാനമാക്കും. അവന്റെ അഭാവം തീര്‍ത്ത ഇരുട്ടിലും പ്രകാശമായി അവന്റെ ജീവന്‍ ഹിരണ്‍മയയില്‍ തുടിക്കുമെന്ന പ്രതീക്ഷയിലാണ് . അവന്‍ ഒരിക്കലും മരിക്കാത്തവന്‍, മരണമില്ലാത്ത സ്‌നേഹിതനേ നിന്റെ ഹ്യദയത്തോട് ഞാന്‍ ചേര്‍ന്ന് നില്‍ക്കുന്നു.''................

പ്രസാധനം - ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം



Saturday, January 4, 2020

പ്ലൂട്ടോയുടെ കൊട്ടാരം



കോട്ടയം പുഷ്പനാഥ് എഴുതിയ പ്ലൂട്ടോയുടെ കൊട്ടാരം എന്ന നോവലിനെപ്പറ്റി റയന്‍ പുഷ്പനാഥ് Rayan Pushpanath എഴുതിയ കുറിപ്പ് പങ്കു വെയ്ക്കുന്നു. നോവല്‍ പുനഃപ്രസിദ്ധീകരിക്കുന്ന ഒരുക്കത്തിലാണ് റയന്‍.
===========================================


ഹോമറിന്റെ ഇതിഹസങ്ങളും, അപ്പോളോ, ഏറിയസ്, പോസിഡോണ്‍, ക്യുപീഡ് മുതലായ ഗ്രീക്ക് ദേവന്മാരും, ട്രോയിയിലെ ഹെലെനെ പോലെയുള്ള ലോകൈക സുന്ദരികളും, അങ്ങനെ ഗ്രീസിന്റെ ചരിത്രാവശിഷ്ടങ്ങള്‍ മറഞ്ഞു കിടക്കുന്ന ഒളിമ്പസ് പര്‍വ്വത നിരകള്‍. 
ഗ്രീക്ക് മിത്തോളജിയില്‍ പ്രതിപാദിക്കുന്ന മരണത്തിന്റെ ദേവനാണ് പ്ലൂട്ടോ. ഒളിമ്പസ് പര്‍വ്വതത്തിന്റെ താഴ്വാരത്തില്‍, ഹെബ്രൂസ് നദിയുടെ തീരത്താണ് പ്ലൂട്ടോയുടെ സാമ്രാജ്യം സ്ഥിതി ചെയുന്നത്. മരണം പ്രാപിച്ച മനുഷ്യര്‍ക്ക് മാത്രമേ ആ രാജ്യത്തില്‍ പ്രവേശനം ഉണ്ടായിരുന്നുള്ളു. പ്ലൂട്ടോയെയും ഹേയ്ഡീസ് എന്ന നിഴല്‍ രാജ്യത്തെയും പ്രതിപാതിച്ചു സംഭവിച്ച ഒരു പ്രണയ കഥയാണ് സംഗീതജ്ഞന്‍ ആയിരുന്ന ഓര്‍ഫിയൂസിന്റെയും യൂറിഡസിന്റെയും കഥ.

അപ്പോളോ ദേവന്‍ നേരിട്ട് പ്രത്യക്ഷപെട്ടു നല്കിയതായിരുന്നു ഓര്‍ഫിയൂസിന്റെ കയ്യില്‍ ഉണ്ടായിരുന്ന വീണ. (ചില പുരാണങ്ങളില്‍ ഓര്‍ഫിയൂസ് അപ്പോളോ ദേവന്റെ പുത്രന്‍ ആണെന്നും എഴുതിയിട്ടുണ്ട്.) തന്റെ കയ്യില്‍ ഇരിക്കുന്ന വീണമീട്ടി ഏതു മനുഷ്യനെയും പ്രണയത്തില്‍ ആഴ്ത്തുന്ന, ഏതു മനുഷ്യനെയും നൃത്തം ചെയ്യിപ്പിക്കാന്‍ കഴിവുള്ള സംഗീതജ്ഞന്‍ ആയിരുന്നു ഓര്‍ഫിയൂസ്. ഓര്‍ഫിയൂസിന്റെ ഭാര്യ യൂറിഡസ്. ഒരിക്കല്‍ ആ യുവ മിഥുനങ്ങള്‍ ഹെബ്രൂസ് നദിക്കരയില്‍ എത്തിയപ്പോള്‍ യൂറിഡസിനെ ഒരു കൃഷ്ണ സര്‍പ്പം ദംശിക്കുകയും അവള്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു. തന്റെ പ്രിയതമയുടെ വേര്‍പാട് ഓര്‍ഫിയൂസിനെ വളരെ ദുഃഖത്തില്‍ ആഴ്ത്തി. പക്ഷെ ഈ സമയം അവള്‍ ഹെബ്രൂസ് നദി കടന്നു ആത്മാക്കളുടെ ലോകമായ ഹേയ്ഡീസില്‍ എത്തിയിരുന്നു.

ഓര്‍ഫിയൂസ് തന്റെ പത്‌നിയെ പിരിയാന്‍ ഒരുക്കമല്ലായിരുന്നു. അദ്ദേഹം പത്‌നിയെ തേടി നിഴല്‍ ലോകത്തിലേക്കു പോകുവാന്‍ തയ്യാറായി. അവിടം ഭരിക്കുന്ന രാജാവ് പ്ലൂട്ടോയും. അങ്ങനെ ഓര്‍ഫിയൂസ് യൂറിഡസിനെ അന്വേഷിച്ചു ആത്മാക്കളുടെ ലോകത്ത് പോകുവാന്‍ ഹെബ്രൂസ് നദിക്കരയില്‍ എത്തി. നദി കടക്കുവാന്‍ സഹായിക്കുന്നത് ക്യാനന്‍ എന്ന കടത്തുകാരന്‍ ആയിരുന്നു. ക്യാനന്‍ തന്റെ തോണിയില്‍ ആത്മാക്കളെ മാത്രമേ കയറ്റുകയുള്ളൂ. എന്നാല്‍ ക്യാനാന്‍ ഓര്‍ഫിയൂസിന്റെ സംഗീതത്തില്‍ മതി മറന്നു ഓര്‍ഫിയൂസിനെ അക്കരെ കടക്കുവാന്‍ സഹായിച്ചു. നദിയുടെ അക്കരെ ഹേയ്ഡീസ് എന്ന രാജ്യത്തിനു കാവല്‍ നിന്നിരുന്നത് സിറിയസ് എന്ന മൂന്നു തലയുള്ള ഭീകരന്‍ ആയിട്ടുള്ള നായ എന്ന കടമ്പയും ആ ഗാനഗന്ധര്‍വന്‍ മറികടന്നു.

പ്ലൂട്ടോയുടെ കൊട്ടാരത്തില്‍ രാജ സന്നിധിയില്‍ പ്ളൂട്ടോയും അദ്ദേഹത്തിന്റെ ഭാര്യ പേഴ്‌സിഫോണും സന്നിഹിതരായിരുന്നു. ഓര്‍ഫിയൂസ്, പ്ലൂട്ടോയോടു തന്റെ ഭാര്യയെ തിരികെ നല്‍കണമെന്ന ആവിശ്യം ഉന്നയിച്ചു. അതിനു ശേഷം അപ്പോളോ ദേവന്‍ സമ്മാനിച്ച തന്റെ വീണമീട്ടി ദേവ രാഗങ്ങള്‍ ആലപിച്ചു. ആ സംഗീതത്തില്‍ പ്ലൂട്ടോയും അദ്ദേഹത്തിന്റെ ഭാര്യ പേഴ്‌സിഫോണും, കൊട്ടാരത്തില്‍ ഉള്ള എല്ലാവരും മതിമറന്നു ഓര്‍ഫിയൂസിന്റെ ആവിശ്യം അംഗീകരിച്ചു കൊടുക്കാന്‍ തയ്യാറായി. അങ്ങനെ ആ ഗാനഗന്ധര്‍വനു തന്റെ പ്രിയതമയായ ഭാര്യയെ തിരികെ ലഭിച്ചു. എന്നാല്‍ യൂറിഡസിനെ നല്‍കിയപ്പോള്‍ പ്ലൂട്ടോ ഒരു നിബന്ധന വെച്ചു. നിഴലുകളുടെ ലോകം കഴിയുന്നത് വരെ തിരിഞ്ഞു നോക്കരുത്. ഓര്‍ഫിയൂസ് ആ നിബന്ധന അംഗീകരിച്ചു തന്റെ സഖിയുമായി മനുഷ്യരുടെ ലോകത്തിലേക്കു പുറപ്പെട്ടു. ഓര്‍ഫിയൂസ് മുന്‍പിലും യൂറിഡസ് പുറകിലുമായി നടന്നു. അങ്ങനെ അവര്‍ നടന്നു നിഴലുകളുടെ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ എത്തി. എന്നാല്‍ യൂറിഡസ് നടക്കുന്ന കാല്‍പ്പെരുമാറ്റം ഓര്‍ഫിയൂസിനു കേള്‍ക്കുവാന്‍ സാധിച്ചില്ല.

ഒടുവില്‍ ആകാംഷ സഹിക്കാന്‍ വയ്യാതെ ഓര്‍ഫിയൂസ് തിരിഞ്ഞു നോക്കി. യൂറിഡസ് പുറകില്‍ തന്നെ ഉണ്ടായിരുന്നു. ഓര്‍ഫിയൂസിനെ പരീക്ഷിക്കാന്‍ വേണ്ടി പ്ലൂട്ടോ ചെയ്ത ഒരു കെണിയായിരുന്നു അത്. വാക്കു തെറ്റിച്ചതിനാല്‍ യൂറീഡസ് ആത്മാക്കളുടെ ലോകത്തിലേക്കു മടങ്ങി പോയി. ഓര്‍ഫിയൂസിനു തന്റെ പ്രിയതമയെ എന്നന്നേക്കുമായി നഷ്ടപ്പെട്ടു. അങ്ങനെ ആ ഗാനഗന്ധര്‍വന്‍ നിരാശനായി തിരികെ മടങ്ങേണ്ടി വന്നു. പിന്നീട് ഒരിക്കലും അദ്ദേഹം വീണമീട്ടിയിട്ടില്ല. ഓര്‍ഫിയൂസ് തന്റെ ഭാര്യ നഷ്ടപെട്ട ദുഃഖത്തില്‍ ഒരു മാനസിക രോഗിയായി മാറി, പിന്നീട് ഒരിക്കലും അദ്ദേഹം വീണമീട്ടിയിട്ടില്ല അതില്‍ കുപിതരായ ആ നാട്ടിലെ ജനങ്ങള്‍ അദ്ദേഹത്തെ ദാരുണമായി കൊലപ്പെടുത്തി ഹെബ്റൂസ് നദിയില്‍ ഉപേക്ഷിച്ചു. ഓര്‍ഫിയൂസിന്റെ മൃതശരീരം ഹെബ്രൂസ് നദിയിലൂടെ അലഞ്ഞു നടന്നു. അപ്പോഴും ആ മൃതശരീരത്തില്‍ നിന്നും 'യൂറിഡസ്' 'യൂറിഡസ്' എന്ന വിളി ഉയര്‍ന്നുകൊണ്ടിരുന്നത്രെ!

വര്‍ഷങ്ങള്‍ക്കു ശേഷം, ഗ്രീക്കു മിത്തോളജിയില്‍ പ്രതിപാദിച്ചിട്ടുള്ള പ്ലൂട്ടോയുടെ കൊട്ടാരത്തിലേക്ക് ഓര്‍ഫിയൂസിന്റെയും യുറിഡസിന്റെയും പ്രണയ കഥയില്‍ ആകൃഷ്ടരായി ഒരു യുവതിയും യുവാവും എത്തിച്ചേരുന്നതും, ഭീതിയുടെ നിഴലില്‍ സഞ്ചരിക്കുന്ന അവര്‍ നേരിടുന്ന വിചിത്രമായ സംഭവങ്ങളിലൂടെയുമാണ് കോട്ടയം പുഷ്പനാഥിന്റെ പ്ലൂട്ടോയുടെ കൊട്ടാരം എന്ന നോവല്‍ പുരോഗമിക്കുന്നത്. പ്ലൂട്ടോയുടെ കൊട്ടാരത്തില്‍ നിലനില്‍ക്കുന്ന നിഗൂഢതകളുടെയും രഹസ്യങ്ങളുടെയും ചുരുളഴിയിക്കുവാന്‍ ഡിറ്റക്റ്റീവ് മാര്‍ക്ക്‌സിന്‍ എത്തുന്നതും പിന്നീട് നടക്കുന്ന ഉദ്വെഗഭരിതമായ മുഹൂര്‍ത്തങ്ങളും നാല്പത്തഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം നോവല്‍ വീണ്ടും പുനഃ പ്രസിദ്ധികരിക്കുമ്പോള്‍ വായനക്കാരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. ബുദ്ധിയെ ഉണര്‍ത്തും വിധം കണിശവും ചടുലവുമായ കുറ്റാന്വേഷണ ശൈലി ഈ കാലഘട്ടത്തിലും വായനക്കാരെ ഹരം കൊള്ളിപ്പിക്കും എന്നത് തീര്‍ച്ചയാണ്.


Wednesday, July 31, 2019

കാറ്റ് പോലെ ചിലത്




കാറ്റ് പോലെ ചിലതിനെപ്പറ്റി തേനഴുത്തിന്റെ ഗ്രന്ഥകാരന്‍ സി പി ചെങ്ങളായി എഴുതിയ ആസ്വാദനം പങ്കു വെയ്ക്കുന്നു. 

ഒരു ഡിജിറ്റല്‍ ആത്മഹത്യ

സി.പി. ചെങ്ങളായി
................................................

കൈയ്യിലെ സ്മാര്‍ട്ട് ഫോണ്‍ തല്ലിപ്പൊട്ടിച്ച് ദൂരേക്ക് വലിച്ചെറിയണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വിവരസാങ്കേതിക രംഗവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുക. ഒരു ഡിജിറ്റല്‍ ആത്മഹത്യ. പക്ഷേ, അതിന് കഴിയാറില്ല. ആശയങ്ങളും ആക്ഷേപങ്ങളും അഭിപ്രായങ്ങളും ആത്മപ്രശംസകളും സ്റ്റാറ്റസില്‍ കുത്തിനിറച്ചും പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയും ആത്മരതിയില്‍ അഭിരമിക്കുന്നതിന്റെ ഹരം കുറയുന്നതേയില്ല. പ്രത്യയശാസ്ത്രങ്ങളിലെ നിലപാടുകളുമായി സംവാദത്തിലേര്‍പ്പെടുമ്പോള്‍ സഹിഷ്ണുത നഷ്ടപ്പെട്ട് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചെളികള്‍ വലിച്ചെറിഞ്ഞ് മറ്റുള്ളവരുടെ ചുവരുകള്‍ കൂടി വൃത്തികേടാക്കുന്ന കാഴ്ചകള്‍ ദിനംപ്രതി കണ്ടു മടുത്തെങ്കിലും പിന്നെയും സ്‌ക്രോള്‍ ചെയ്ത് സ്‌ക്രോള്‍ ചെയ്ത് പുതിയത് ചികഞ്ഞുകൊണ്ടേയിരിക്കും. ട്രോളുകളും സൈബര്‍ പോരാളികളുടെ തള്ളും തമ്മില്‍ത്തല്ലും കണ്ട് കഴുത്ത് കഴക്കുകയും കാഴ്ച മങ്ങുകയും ചെയ്തു. എത്രയെത്ര വിലപ്പെട്ട മണിക്കൂറുകളാണ് വിരല്‍ത്തുമ്പില്‍ ഇങ്ങനെ നഷ്ടപ്പെട്ടുപോകുന്നത്. ഈ സ്മാര്‍ട്ട് ഫോണ്‍ കൈയ്യില്‍ കിട്ടിയതില്‍പ്പിന്നെ പലപ്പോഴും തലയുയര്‍ത്തി നടക്കാന്‍ കഴിയാറില്ല. പ്രകൃതിയിലേക്ക് നോക്കാറില്ല. മുറിയിലെ നീലവിരി നീക്കി ചില്ലുജാലകത്തിലൂടെ വള്ളികള്‍ പടര്‍ന്നു കയറിയ കമ്പിവേലിക്കപ്പുറത്ത് മരുഭൂമിയില്‍ വീണു കിടക്കുന്ന വെണ്‍മേഘങ്ങളുടെ സൗന്ദര്യം ആസ്വദിക്കാറില്ല. ഒരുമിച്ചിരുന്ന് സുഹൃത്തുക്കളുടെ മുഖത്തു നോക്കി സംസാരിക്കാറില്ല. റോഡു വക്കില്‍ വിരിഞ്ഞു നില്‍ക്കുന്ന പൂക്കളെയും മരക്കൊമ്പില്‍ വന്നിരിക്കുന്ന കിളികളെയും നോക്കാറില്ല. പകരം ആരൊക്കെയോ പോസ്റ്റിയ ഡിജിറ്റല്‍ പൂക്കളെയും പുഴകളെയും തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ ലൈക്കിയും കമന്റിയും നിര്‍വൃതിയടയുന്നു.

നമ്മുടെ അറിവുകളും അനുഭവങ്ങളും സ്വപ്നങ്ങളും പങ്കുവക്കാനും വര്‍ദ്ധിപ്പിക്കാനും ഒരു പരിധിവരെ മനുഷ്യബന്ധങ്ങളെ എളുപ്പമാക്കാനും ഈ സാങ്കേതികവിദ്യ സഹായകമാകുന്നു എന്നത് യാഥാര്‍ത്ഥ്യം തന്നെ. നമ്മുടെ ജീവിത രീതികളെ എത്രവേഗമാണ് ഇത് മാറ്റിമറിച്ചത്. ലോകം മുഴുവനും വ്യാപിച്ചു കിടക്കുന്ന സൗഹൃദവലയങ്ങള്‍. നവ എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും പങ്കുവെക്കുവാനും ഒരു ജാലകമാണിത്. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ അടിമപ്പെട്ടു പോയ പലരും ഇതില്‍ നിന്നെല്ലാം ഒരിക്കലെങ്കിലും വിട്ടു നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. സ്വസ്ഥമായി ഒരിടത്തിരുന്ന് സാങ്കേതികയുടെ കെട്ടുപാടുകളില്ലാതെ ജൈവിക ലോകത്തെ നൈര്‍മല്യം ആസ്വദിക്കണമെന്ന് വിചാരിക്കുന്നവരാണ്. പക്ഷേ, രക്ഷപെടാനാവാതെ ഒരു മായിക വലയത്തില്‍പ്പെട്ടതു പോലെയാണ് മിക്കവരും. എന്നാല്‍ നിരഞ്ജന ഒരു ഉറച്ച തീരുമാനത്തിലെത്തുകയായിരുന്നു. അവള്‍ ഡിജിറ്റല്‍ ആത്മഹത്യ തന്നെ ചെയ്തു. തന്റെ മുന്തിയ സ്മാര്‍ട്ട് ഫോണും ലാപ്‌ടോപും ഇരുമ്പുവടി കൊണ്ട് തല്ലിപ്പൊട്ടിക്കുകയും അതിന്റെ അവശിഷ്ടങ്ങള്‍ കത്തിച്ചു ചാരമാക്കി അടുക്കളപ്പുറത്തെ മണ്ണിലേക്ക് പറത്തുകയും ചെയ്തു. ഈ സാങ്കേതിക ബന്ധം പൂര്‍ണമായും ഉപേക്ഷിച്ച് അവള്‍ മകനെയും കൂട്ടി മലയന്‍ തുരുത്തിലെ ഒരു കൊച്ചു വീട്ടിലേക്ക് താമസം മാറുകയായിരുന്നു.

നിരജ്ഞന കിടപ്പറരംഗം പ്രൊഫൈല്‍ പിക്ചറാക്കിയതിനുശേഷമാണ് ഋഷിയുമായുള്ള ദാമ്പത്യബന്ധം വേര്‍പിരിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങളിലൂടെ വളര്‍ന്നു വന്ന അടുപ്പം പ്രണയമായി പൂക്കുകയും അത് വിവാഹമായി പുഷ്പിക്കുകയും ചെയ്തു. എഫ്.ബി. ഫ്രണ്ട്‌സിനിടയില്‍ പ്രത്യേക ശ്രദ്ധയും ആകര്‍ഷണവും ലഭിക്കുന്നതിന് ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതുമായ ഫോട്ടോകള്‍ ഇരുവരും ചേര്‍ന്ന് പോസ്റ്റ് ചെയ്യാറുണ്ട്. അത് അതിരു കടന്നതാണ് അവരുടെ ജീവിത നിപാതത്തിന് നിദാനമായത്.

നമുക്ക് നഷ്ടപ്പെട്ടു പോയ ഒരു ജൈവിക ലോകത്തെക്കുറിച്ചാണ് 'കാറ്റ് പോലെ ചിലതി'ല്‍ നോവലിസ്റ്റ് വരച്ചു കാട്ടുന്നത്. ഒരു നിമിഷമെങ്കിലും പ്രകൃതിയുടെ മടിത്തട്ടിലെ ഈ സ്വര്‍ഗ ഭൂമിയില്‍ ജീവിക്കണമെന്ന് കൊതി തോന്നിപ്പോകുന്ന വര്‍ണ്ണനകളാണ് ഇതില്‍ നിറയെ. ആകാശത്ത് മുട്ടി നില്‍ക്കുന്ന മലനിരകള്‍... കൃഷിനിലങ്ങള്‍... നീരുറവകള്‍ ...ഒരു കൊച്ചു വീട്... പശുവും ആടും തള്ളക്കോഴിയും കോഴിക്കുഞ്ഞുങ്ങളും മുയല്‍ക്കുഞ്ഞുങ്ങളും പൂച്ചയും (ജൂലി) പട്ടിയും (ഡോണ്‍ )... കാറ്റും മഴയും ഇടിമിന്നലും... പ്രകൃതിയെ മുഴുവനും ഈ തുരുത്തിലേക്ക് ആവാഹിച്ചതു പോലെയാണ് ഓരോ ദൃശ്യങ്ങളും ഒപ്പിയെടുത്തിരിക്കുന്നത്.

ഇന്ത്യയിലെ മുതിര്‍ന്ന ഒരു കമ്പനിയുടെ ഡിവിഷണല്‍ സി.ഇ.ഒ.സ്ഥാനത്തേക്കുള്ള മത്സരത്തിനിടയില്‍ സാങ്കേതിക മേഖലയില്‍ നിന്നും എളേമ്മയില്‍ നിന്നു പോലും അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങളില്‍െ മനം നൊന്ത് ആത്മഹത്യ ചെയ്യാന്‍ പോലും ശ്രമിച്ച സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന നിരഞ്ജനയ്ക്ക് പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞത് പ്രകൃതിയിലേക്ക് നാം അടുക്കുമ്പോള്‍ നേടിയെടുക്കുന്ന കരുത്ത് കൊണ്ടാണ്. ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിലേക്ക് ഉരുള്‍പൊട്ടിവീണപ്പോള്‍ പാതിരാത്രി ഒറ്റയ്ക്ക് മകനെയുമെടുത്തോടി ഒരു പാറക്കെട്ടിനടിയില്‍ രാത്രി മുഴുവനും അഭയം തേടി. പിറ്റേന്ന് ഇടിഞ്ഞു പൊളിഞ്ഞ വീടിന്റെ ഒരു ഭാഗത്ത് ടാര്‍പോള്‍ ഷീറ്റ് വലിച്ചുകെട്ടി അതില്‍ രണ്ടു ദിവസം മാങ്ങയും പഴവും മാത്രം കഴിച്ച് കൂടി. മകന്‍ അച്ചുവിന് പനി മൂര്‍ച്ചിച്ചപ്പോള്‍ മലവെള്ളം കൊണ്ട് ചുറ്റപ്പെട്ട തുരുത്തിന് പുറത്തേക്ക് കടക്കാന്‍ വാഴത്തടികള്‍ കൊണ്ടുണ്ടാക്കിയ ചങ്ങാടത്തെ കഴുക്കോല്‍ കഷ്ണം കൊണ്ട് തുഴഞ്ഞും നീന്തി വലിച്ചും കരയ്ക്കടുപ്പിക്കാന്‍ നിരഞ്ജന കാണിച്ച സാഹസികതയും ധൈര്യവും ഇവിടുത്തെ ജീവിതം കൊണ്ട് അവള്‍ നേടിയെടുത്തതാണ്. രക്ഷപ്പെടുത്താനാരുമില്ലാതെ പ്രളയത്തില്‍പ്പെട്ട് ജീവിതത്തിനും മരണത്തിനുമിടയില്‍ നില്‍ക്കുന്ന സമയത്ത് തലയ്ക്ക് മുകളില്‍ പറക്കുന്ന ഹെലികോപ്ടറില്‍ തന്റെ ഭര്‍ത്താവ് ഋഷിയായിരിക്കുമെന്ന് നിരഞ്ജന സ്വപ്നത്തില്‍ പോലും വിശ്വസിച്ചിരുന്നില്ല. വെള്ളത്തില്‍ നിന്നും മകനെയും അവളെയും ഋഷി എടുത്തുകയറ്റുമ്പോള്‍ അത് അവരുടെ ജീവിതത്തിലെ മറ്റൊരു തുടക്കമായി മാറുകയായിരുന്നു.

മികച്ച പെണ്ണെഴുത്തകള്‍ പിറവിയെടുത്തത് ആണെഴുത്തുകാരില്‍ നിന്നാണെന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. പോള്‍ സെബാസ്റ്റ്യന്റെ കൃതികള്‍ ഒരളവുവരെയെങ്കിലും അത് സാക്ഷ്യപ്പെടുത്തുന്നതാണ്. ദീപയും നിരഞ്ജനയും അദ്ദേഹത്തിന്റെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ്. ഗള്‍ഭധാരണം മുതല്‍ ഒരു സ്ത്രീ പ്രസവിക്കുന്ന രംഗങ്ങള്‍ എത്ര മനോഹരമായിട്ടാണ് നിരഞ്ജനയുടെ ബ്ലോഗെഴുത്തിലൂടെ ഗ്രന്ഥകാരന്‍ ചിത്രീകരിച്ചിരിക്കുന്നത്. ഓരോ ഘട്ടങ്ങളിലും വയറ്റിലെ കുട്ടിയുമായി അവള്‍ നടത്തുന്ന ആത്മഗതങ്ങള്‍ വായിക്കുമ്പോള്‍ ഒന്നു പ്രസവിക്കണമെന്ന് ആരും കൊതിച്ചു പോകും.

പ്രകൃതി രമണീയതയും വേലക്കാരി സരോജിനി അക്കയുടെ ശരീര ലാവണ്യവും മലയന്‍തുരത്തിലെ ഋഷിയുടെയും നിരഞ്ജനയുടെയും മധുവിധുനിമിഷങ്ങളും വര്‍ണ്ണിക്കുന്നിടത്ത് എഴുത്തുകാരന്റെ സൂക്ഷ്മനിരീക്ഷണങ്ങള്‍ നമുക്ക് ബോധ്യപ്പെടും. അത് വായനക്കാരന്റെ മൃദുല വികാരങ്ങളെ തൊട്ടുണര്‍ത്തുകയും ഇക്കിളിപ്പെടുത്തുകയും ചെയ്യുന്നു. ജൂലിയുമായും ഡോണുമായും കോഴിക്കുഞ്ഞുങ്ങളുമായും അച്ചു നടത്തുന്ന കളിചിരികള്‍ വായനക്കാരനെ ഒരു കുട്ടിയാക്കുന്നു. ടാബില്‍ കളിക്കാറുള്ള ഗെയിംസിലെ കഥാപാത്രങ്ങളായ വളര്‍ത്തു മൃഗങ്ങളോട് നേരിട്ട് അവന്‍ കാണിക്കുന്ന സ്‌നേഹപ്രകടനങ്ങള്‍ നമ്മളെ ഇരുത്തി ചിന്തിപ്പിക്കും.

അമാനുഷികവും അതിസാഹസികവും അതി ഭയാനവുമായ കഥാപാത്രങ്ങളെ സൃഷ്ടിച്ച ഡിറ്റക്ടീവ് നോവലിസ്റ്റ് പോള്‍ സെബാസ്റ്റ്യനില്‍ നിന്നും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു നോവലാണ് ' കാറ്റ് പോലെ ചിലത് '. അമിതമായ ഉപമകളും ധ്വനി പ്രയോഗങ്ങളും രൂപകങ്ങളും ഗ്രാമ്യഭാഷാപ്രയോഗവും കൊണ്ട് നവസാഹിത്യലോകത്തെ പരീക്ഷണങ്ങളോ ജാടകളോ ഇല്ലാതെ അദ്ദേഹത്തിന്റെ ലളിതമായ പതിവു ശൈലിയില്‍ തന്നെയാണ് ഈ നോവലും ആഖ്യാനിച്ചിരിക്കുന്നത് . കൊച്ചു കുട്ടികള്‍ക്ക് പോലും എളുപ്പം വായിച്ചു പോകാനും മനസ്സിലാക്കാനും കഴിയുന്ന തരത്തിലാണ് കൃതിയുടെ ഘടന.

പ്രമേയത്തിലെ പുതുമയോ കാലിക പ്രസക്തിയോ മാത്രമല്ല പ്രധാനം. ഏതൊരു സാഹിത്യ ശാഖയും അനുവാചകനെ അനുഭവവേദ്യമാക്കുന്ന ചേരുവകളും ആഖ്യാനരീതിയും കൊണ്ടാണ് മികച്ചതാവുന്നത്. നിരഞ്ജന എഴുതുന്ന ആത്മഹത്യാ കുറിപ്പുകളായാണ് നോവല്‍ വളരുന്നത്. ഇതു പോലുള്ള ഡയറിക്കുറിപ്പുകള്‍ പലരും പ്രയോഗിച്ച ഒരു അവതരണ ശൈലിയാണ്. പോള്‍ സെബാസ്റ്റ്യന്‍ തന്നെ വിവര്‍ത്തനം ചെയ്ത ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയിലും ഇത്തരം ഡയറിയെഴുത്തുകളുണ്ട്. ചെറിയ സമാനതകള്‍ തോന്നുമെങ്കിലും ആവര്‍ത്തന വിരസത അനുഭവപ്പെടാത്ത തരത്തില്‍ തന്നെയാണ് ഇതിന്റെ കഥ വികസിക്കുന്നത്. ഓരോ അധ്യായത്തിലും ആകാംഷ നിലനിര്‍ത്തുന്നുണ്ട്. വായനയ്ക്ക് നല്ല ഒഴുക്കുണ്ട്. ഫോട്ടോഗ്രാഫര്‍ കൂടിയായ എഴുത്തുകാരന്റെ ദൃശ്യചാരുത നോവലിലുടനീളം കാണാന്‍ കഴിയും. വായനക്കിടയില്‍ കഥയുടെ ഭൂമികയിലേക്ക്, നമ്മുടെ പൈതൃക മണ്ണിലേക്ക് ഒന്നു തിരിച്ചു നടക്കാന്‍ തോന്നുമെങ്കിലും ഇന്നത്തെ ജീവിത പരിസരത്ത് അതിനുള്ള ഇടമില്ലെന്ന ബോധ്യം നമ്മെ നിരാശരാക്കുന്നു.

'ഇനിയത്തെ കാലത്ത് സാങ്കേതിക വിദ്യയുടെ പുരോഗതിയോട് പുറം തിരിഞ്ഞു നില്‍ക്കുന്നത് മഠയത്തരമാണ്. അതിന്റെ നല്ല വശങ്ങളെ നാം ഉപയോഗിക്കുന്നത് തന്നെയാണ് ബുദ്ധി. അത് നമ്മുടെയും നമ്മുടെ തലമുറയുടെയും സുരക്ഷരയുടെ അച്ചാരമാണ്. അതിന്റെ അപകടച്ചുഴികളെ മുന്‍കൂട്ടി കണ്ട് അവയില്‍ പെടാതെ ശ്രദ്ധിക്കണമെന്നു മാത്രം. എന്താ, നിരഞ്ജന? '
ഋഷി അവളെ ഡിജിറ്റല്‍ ലോകത്തേക്ക് തിരിച്ചു കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായും അവളതിന് തയ്യാറായില്ല. ആ മലയന്‍തുരുത്തില്‍ തന്നെ ജീവിക്കാനായിരുന്നു അവര്‍ക്ക് ആഗ്രഹം. അന്ന് പൂര്‍ണമായും ഒരു ഡിജിറ്റല്‍ ആത്മഹത്യ ചെയ്തില്ലായിരുന്നെങ്കില്‍ പ്രളയത്തില്‍പ്പെട്ടപ്പോള്‍ പുറംലോകത്തെ ഒന്നറിയിക്കാനെങ്കിലും ഈ സാങ്കേതിക വിദ്യ കൊണ്ട് കഴിയുമായിരുന്നു.

വളരെ ചെറിയ ദിവസങ്ങള്‍ കൊണ്ടാണ് നോവല്‍ രചന പൂര്‍ത്തീകരിച്ചതെന്ന് എഴുത്തുകാരന്‍ മുഖദര്‍പ്പണത്തില്‍ സൂചിപ്പിക്കുന്നുണ്ട്. മികച്ച സൃഷ്ടികള്‍ ചിലപ്പോള്‍ വളരെ പെട്ടെന്ന് പിറവിയെടുക്കുന്നതായിരിക്കും.

നോവല്‍ സൃഷ്ടിയില്‍ എഴുത്തുകാരന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെങ്കിലും ഒരു വാക്യത്തില്‍ത്തന്നെ ആവര്‍ത്തിക്കപ്പെടുന്ന പദപ്രയോഗങ്ങള്‍ ഒരു ന്യൂനതയായി പറയണമെങ്കില്‍ പറയാവുന്നതാണ്. നല്ലൊരു ശീര്‍ഷകവും മുഖചിത്രവും തെരഞ്ഞെടുക്കാമായിരുന്നുവെന്ന് നോവല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നാതിരുന്നില്ല.

ഈ ഡിജിറ്റല്‍ യുഗത്തിലും നിങ്ങളൊരു പ്രകൃതി സ്‌നേഹിയാണെങ്കില്‍ ഈ നോവല്‍ തീര്‍ച്ചയായും വായിക്കാതെ പോവരുത്.


Saturday, June 8, 2019

നിഴല്‍യുദ്ധങ്ങള്‍



പോള്‍ സെബാസ്റ്റ്യന്‍ (Paul Sebastian) എഴുതിയ നിഴല്‍ യുദ്ധങ്ങള്‍ വായിച്ച് ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയായ കല്യാണി ശ്രീകുമാര്‍ (AjithaKallyani Sree) എഴുതിയ കുറിപ്പ് പങ്കു വെയ്ക്കുന്നു.
===============================================


എന്റെ വായന

നിഴല്‍യുദ്ധങ്ങള്‍ - പോള്‍ സെബാസ്റ്റ്യന്‍

ആറു മാസങ്ങള്‍ക്കു മുന്‍പാണ് പോള്‍ സെബാസ്റ്റ്യന്‍ എന്ന എഴുത്തുകാരന്‍ മനസ്സില്‍ ഇടം നേടിയത് . അതിനു കാരണമായത് അദ്ദേഹത്തിന്റെ 'ആ മണ്‍സൂണ്‍ രാത്രി' എന്ന നോവല്‍ വായിക്കാന്‍ ഇടയായതാണ്. ഒരു കൊലപാതകത്തെ തുടര്‍ന്നുള്ള അന്വേഷണങ്ങളിലൂടെ കടന്നുപോകുന്ന ഉദ്വേഗജനകമായ ഒരു നോവല്‍ എന്നത്തിനപ്പുറം ആത്മാക്കളുമായി നടത്തുന്ന സംവേദനങ്ങള്‍, മന്ത്രം, മാസ്മരികത, ഹിപ്‌നോട്ടിസം, മനോബല പരീക്ഷണങ്ങള്‍ തുടങ്ങി യാഥ്യാര്‍ത്ഥത്തില്‍ നിന്നും അകന്നു വായനക്കാരെ എഴുത്തുകാരന്‍ സൃഷ്ടിക്കുന്ന മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകുന്ന ഒരു തരം അനുഭൂതിയാണ് ഉളവാക്കുന്നത്. യാഥ്യാര്‍ത്ഥ്യവും, സാങ്കല്പികതയും കൂടിക്കലര്‍ന്ന ഒരു നോവല്‍. വായനയുടെ ലോകത്തു നിന്നും മടങ്ങി വരുമ്പോള്‍, സത്യവും മിഥ്യയും തമ്മില്‍ ഒരു യുദ്ധം നടക്കുന്ന പോലെയുള്ള അനുഭവം.

ദീപയെന്ന സാധാരണ പെണ്‍കുട്ടി ഒരു ലേഡി ഡിക്റ്ററ്റീവ് ആയി തീരുന്നതു തന്റെ പ്രിയ കൂട്ടുകാരി ശോഭ പോളിന്റെ കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതിലൂടെയാണ്. കൂടെ അവളെ സഹായിക്കാനായി മന്ത്ര - തന്ത്രങ്ങള്‍ സ്വായത്തമാക്കിയ ഗുരുസ്ഥാനീയരായ ശാവേലച്ചനും ഭട്ടതിരിപ്പാടും.

ആദ്യം മുതല്‍ അവസാനം വരെ ഉദ്വേഗവും ആകാംഷയും നിറഞ്ഞ നോവല്‍ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ക്കാന്‍ തക്ക പ്രേരണ നല്കുന്നു എങ്കിലും മുഖ്യ കഥാപാത്രമായ ദീപ എന്ന സാധാരണ പെണ്‍കുട്ടിയെ അസാമാന്യതയുടെ പാരമ്യത്തില്‍ എത്തിക്കുന്നുന്നത് കഥയുടെ ഒഴുക്കില്‍ ചില തടസങ്ങള്‍ ഉണ്ടാക്കുന്നു.

സാഹസിക യാത്രകള്‍ നടത്തി കേസിനു തുമ്പുണ്ടാക്കി കൊലപാതക രഹസ്യം പുറത്തു കൊണ്ട് വന്നു പ്രശസ്തയായി മാറുന്ന ദീപ എന്ന പെണ്‍കുട്ടിയുടെ മറ്റൊരു സാഹസികമായ കേസന്വേഷണമാണ് 'നിഴല്‍ യുദ്ധങ്ങള്‍'. ആദ്യ ബുക്കിന്റെ രണ്ടാം ഭാഗമെന്ന് പറയാവുന്ന തരത്തില്‍ ആദ്യ നോവലിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടും പുതിയ കഥാപാത്രങ്ങളെ കഥക്കനുയോജ്യമായി സൃഷ്ടിച്ചു കൊണ്ടും കഥാപാത്ര സൃഷ്ടിയില്‍ മുന്നിട്ടു നില്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ നോവല്‍ എന്ന് സംശയമന്യേ പറയാം.

ദീപയുടെ വിചിത്രമായ സ്വപ്നങ്ങളുടെ വ്യാഖ്യാനങ്ങളില്‍ നിന്ന് തുടങ്ങി, കുറെയേറെ ആളുകളുടെ കാണാതാകലും, അതേതുടര്‍ന്ന് ദീപ നടത്തുന്ന അന്വേഷണങ്ങളും ആണ് കഥയുടെ മുഖ്യധാരയിലേക്ക് നയിക്കുന്നത്. രാഷ്ട്രീയ - സാമൂഹിക പ്രശ്‌നങ്ങള്‍, തീവ്രവാദം, വഴി വിട്ട വിദേശ ബന്ധങ്ങള്‍, അധികാര ദുര്‍വിനിയോഗം, സോഷ്യല്‍ മീഡിയകളിലെ ചതിക്കുഴികള്‍, ശാസ്ത്രത്തെ രാജ്യത്തിനെതിരായി ഉപയോഗിക്കല്‍, മനുഷ്യ ശരീരത്തെ ചൂഷണം ചെയ്യല്‍ തുടങ്ങി ഇന്നത്തെ ലോകത്തു പ്രസക്തമായ അനവധി നിരവധി പ്രശ്‌നങ്ങള്‍ ഈ നോവലിലൂടെ നോവലിസ്റ്റ് പറയുന്നുണ്ടെങ്കിലും ചിലപ്പോഴെങ്കിലും മുഖ്യ കഥാപാത്രത്തിന്റെ അതിരു കവിഞ്ഞ അസാമാന്യതയില്‍ വായനക്കാര്‍ക്ക് ഒരല്പമെങ്കിലും അന്ധാളിപ്പ് ഉണ്ടാകാം. സാമൂഹിക പ്രസക്തിയുള്ള നോവല്‍ എന്ന അവലോകനത്തോടൊപ്പം ശക്തമായ പ്രമേയം കൊണ്ട് വായനക്കാരെ ഒരു തരിമ്പു പോലും നിരാശപ്പെടുത്തില്ല എന്ന ഒരു നിഗമനത്തില്‍ സംശയമന്യേ എത്തിച്ചേരാം.

കല്യാണി ശ്രീകുമാര്‍


Friday, May 24, 2019

അ ഫോര്‍ അന്നാമ്മ



ആന്‍ പാലി Ann Palee എഴുതിയ 'അ ഫോര്‍ അന്നാമ്മ' എന്ന പുസ്തകത്തെപ്പറ്റി പോള്‍ സെബാസ്റ്റ്യന്‍ Paul Sebastian എഴുതിയ ആസ്വാദനം പങ്കു വെയ്ക്കുന്നു.
======================================


ഇന്നത്തെ ഇര അന്നാമ്മ തന്നെ. നമ്മുടെ പാലക്കാരി അച്ചായത്തി അന്നാമ്മ...

ആന്‍ പാലിയെ നിങ്ങള്‍ക്കറിയില്ലേ?? 'അന്നാമ്മോ' എന്നുറക്കെ വിളിച്ചാല്‍ 'ഓ' എന്ന് നീട്ടിയൊരു മറുപടി ഉറപ്പ് എന്ന വിധത്തിലുള്ള ചൊറുചൊറുക്കുള്ള ടെലിവിഷന്‍ അവതാരക ആന്‍ പാലി. മലയാളികളുടെ ടെലിവിഷന്‍ കൗമാരത്തില്‍ ഉണ്ടക്കണ്ണുകളും, ടൂത്ത്‌പേസ്റ്റ് പരസ്യത്തിന് കൊടുത്തു കോടികള്‍ സമ്പാദിച്ച പല്ലുകളും, നിഷ്‌കളങ്കമായ ചിരിയില്‍ പൊതിഞ്ഞു കാണികളെ മയക്കിയ കുസൃതിക്കുടുക്ക. അതിസുന്ദരികളായ മലയാള പെണ്‍കൊടിമാരുടെ സ്വപ്നകാമുകനായിരുന്ന പാലിച്ചേട്ടനെ ഒന്ന് ലിപ്സ്റ്റിക്ക് ശരിയാക്കാന്‍ ശ്രദ്ധ തിരിഞ്ഞ സമയത്തിനിടെ അടിച്ചു കൊണ്ടുപോയ ആ പാലാക്കാരി ചൂര്യന്‍ മുളക് തന്നെ. കാര്യം പലര്‍ക്കും ഇവരോട് രണ്ടു പേരോടും അല്പം അസൂയയും കുശുമ്പും പരിഭവവും ഒക്കെ ഉണ്ടെന്ന് എനിക്കറിയാം. പക്ഷെ, അതൊക്കെ അങ്ങ് മാറ്റി വെക്ക് ഘടീസേ. ഇവര് നമ്മുടെ ചങ്കല്ലേ?

അനുഭവങ്ങളുടെ ഓര്‍ത്തെടുക്കലാണ്, അടയാളപ്പെടുത്തലാണ്, ആ അനുഭവങ്ങളിലേക്ക് വായനക്കാരെ അടുപ്പിച്ച് തങ്ങളുടെ ജീവിതാനുഭവങ്ങളെ വിചിന്തനം ചെയ്യാന്‍ അവരെ സഹായിക്കലാണ് നല്ല അനുഭവക്കുറിപ്പുകളുടെ ധര്‍മ്മം. അനുഭവങ്ങള്‍ ഉണ്ടാവുക എന്നത് പ്രധാനമാണ് എന്നത് പോലെ തന്നെ പ്രധാനമാണ് അത് എങ്ങനെ പറയുന്നു എന്നത്. കഥകള്‍ക്ക് എന്നും വായനക്കാര്‍ക്കിടയില്‍ ഒരു മുന്‍ഗണന ഉണ്ടാവാറുണ്ട്. പക്ഷെ, കഥയെഴുത്ത് ബൗദ്ധികമായ രാഷ്ട്രീയപ്രവര്‍ത്തനമായി മാറിയപ്പോള്‍ കഥാവായന വിരസമായ വ്യായാമമായി വായനക്കാര്‍ക്ക് തോന്നിയിടത്തു നിന്നാണ് അനുഭവവായന അവര്‍ ഏറ്റെടുത്തത്. വിരസമായി എഴുതുന്ന അനുഭവ എഴുത്തിനെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ അവര്‍ തള്ളിക്കളഞ്ഞിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍, മറന്നു പോയ ഒട്ടേറെ ആത്മകഥയുടെ പേരുകള്‍ തിരഞ്ഞാല്‍ മതിയാവും. അതേ സമയം 19 കനാല്‍ റോഡിലൂടെ ശ്രീബാല കെ മേനോനും, കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിരിലൂടെ ദീപ നിശാന്തും 'ഠാ' യില്ലാത്ത മുട്ടായികളിലൂടെ അശ്വതി ശ്രീകാന്തും വായനക്കാരെ എളുപ്പത്തില്‍ കൈയ്യിലെടുത്തു. ഇതേ ശ്രേണിയില്‍ പെടുത്താവുന്ന ഒരു പുസ്തകമാണ് Ann Palee ആന്‍ പാലി എഴുതിയ 'അ' ഫോര്‍ 'അന്നാമ്മ'

ഓ ദേ ഇത്രക്കും പറഞ്ഞേപ്പെക്കും ആ പെണ്‍കൊച്ചു അവിടെ ഇരുന്ന് കണ്ണുരുട്ടുന്നു. 'വെല്ലോം പറഞ്ഞു സമയം കളയാതെ വേം പുസ്തകത്തെപ്പറ്റിപ്പറ...പുസ്തകത്തെപ്പറ്റിപ്പറ' എന്ന് തന്നെയാണ് ആ കണ്ണുരുട്ടലിന്റെ അര്‍ഥമെന്നെനിക്കറിയാം. അതോണ്ട് നുമ്മ വേം അതാ ചെയ്യാ.
'ഓ... 'അ' ഫോര്‍ 'അന്നാമ്മ' പേര് കേട്ടാല്‍ തന്നെ അറിയില്ലേ ഭയങ്കര സ്വാര്‍ഥതയുള്ള ഒരു പുസ്തകമാണെന്ന്. മായാവി സ്‌റ്റൈലില്‍ പറഞ്ഞാല്‍ ആ കൊച്ചിന്റെ സ്വാര്‍ത്ഥത മുഴുവന്‍ ആ നിഷ്‌കളങ്ക മുഖത്ത് ആലേപനം ചെയ്ത് വെച്ചിട്ടുണ്ട്. അല്ലെങ്കീ നല്ല കിണ്ണംകാച്ചി കളറില് കൊടുക്കാമായിരുന്നില്ലേ മുഖചിത്രം. ആ കുട്ടി നോക്കിയേ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയിട്ടല്ലേ അത് കൊടുത്തേക്കണേ...മുഖചിത്രം കണ്ടാല്‍ തന്നെ നമ്മടെ ദുഃഖോം സങ്കടോം ഒക്കെ അങ്ങട് പോവും. അതാ അതിന്റെ ഒരു ബൂട്ടി. ഒരു കൊച്ചിങ്ങനെ ചിരിക്കുമ്പോ നമുക്കെങ്ങനെയാ ദുഖിക്കാന്‍ പറ്റാ?

എന്റെ കൊച്ചെ, നീയെന്തിനാ എന്നെ നോക്കി പിന്നേം കണ്ണുരുട്ടണെ? ഓ... മനസ്സിലായി... 'കാര്യം മുഖചിത്രത്തെപ്പറ്റി പറഞ്ഞതൊക്കെ ഇഷ്ടപ്പെട്ടെങ്കിലും പുസ്തകത്തെപ്പറ്റി പറ..പുസ്തകത്തെപ്പറ്റി പറ എന്നല്ലേ...' ആം...

ഓ പുസ്തകത്തെപ്പറ്റി എന്നാ പറയാനാ? നല്ല കിണ്ണംകാച്ചി പുസ്തകല്ലേ? ഇമ്പടെ പാലേം പാലക്കാരും തന്ന്യല്ലേ ഈ പുസ്തകത്തിലുള്ളത്...പാലയേയും പാലക്കാരെയും ഇത്രേം അടുത്ത് പരിചയപ്പെടുത്തുന്ന മറ്റൊരു പുസ്തകം ഉണ്ടായിട്ടുണ്ടോ? 'ബ്ജ്...' ഈ ബ്ജ് എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലായില്ലേ? ഇമ്പക്ക് അന്നാമ്മപ്പെണ്ണിനോട് തന്നെ ചോദിക്കാന്നെ. പെണ്‍കൊച്ചു പറയാണെ,

'ഓ എന്നാ പറയാനാ! ഫാരതവും ഫര്‍ത്താവും ഫാര്യയും നാവിന്തുമ്പില്‍ സൂക്ഷിക്കുന്നവര്‍..... 'എന്നാ' എന്ന് യാതൊരു മടിയില്ലാതെ ചോദിക്കുന്നവര്‍, ഞങ്ങള്‍ പാലാക്കാര്‍.... ഓ എന്നത് പോലെ തന്നെ പ്രാധാന്യമുള്ള മറ്റൊരു പ്രകടനമാണ് 'ആം'. ഇത് ചുണ്ടുള്ളിലൊതുക്കി, ശ്വാസം വലിച്ചു കയറ്റി, കണ്ണുകള്‍ തുറപ്പിച്ചു, കണ്ടാല്‍ പത്തു പേര് പേടിക്കുന്ന പോലെ ഒരു നീട്ടിയ ശബ്ദമാണത്. 'അതെ' എന്ന് അര്‍ഥം വരുന്ന ശബ്ദം. ഇനി 'അല്ല, ഇല്ല' എന്നൊക്കെ പറയാനാണെങ്കില്‍ വാക്കു പോലും വേണ്ട. കണ്ണടച്ച് വായ വളച്ചു 'ബ്ജ്' എന്ന ശബ്ദം പുറപ്പെടുവിച്ചാല്‍ മതി.' അപ്പൊ ബ്ജ്. എന്താണെന്ന് മനസ്സിലായില്ലേ ഇത് പോലെ പാലാ ഭാഷ അന്നമ്മയുടെ നാവിന്‍തുമ്പത്തു മാത്രമല്ല, പേനത്തുമ്പത്തും വിളയാടുകയാണ്. അപ്പൊ എന്നതാ ഈ പറഞ്ഞു വന്നതെന്ന് വെച്ചാല്‍ ഈ പെങ്കൊച്ചിന് പാലാ എന്ന് വെച്ചാല്‍ ഭയങ്കര നൊസ്റ്റു ഫീലിങ്ങാണ്. ഈ നൊസ്റ്റു കേറിയ ആനിന്റെ ചിന്ത കേട്ടാല്‍ നമുക്കതാ തിരിയും.
'ഓര്‍മ്മകള്‍ക്ക് നിറമുണ്ടോ? ഉണ്ടെന്നു തന്നെ പറയേണ്ടി വരും. എന്റെ കുട്ടിക്കാലത്തെ പാലായിലെ തോട്ടങ്ങളില്‍ നിന്നും ഊറിവരുന്ന റബ്ബര്‍പാലിനോളം വെണ്മയുള്ളതായി മറ്റൊന്നും ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. അവിടെയുള്ള അടുക്കള അലമാരയില്‍ ഒളിച്ചിരുന്ന വീഞ്ഞിനോളം മനോഹരമായ മാന്തളിര്‍ നിറം പിന്നീടൊരിക്കലും എന്റെ മുന്നിലെത്തിയിട്ടില്ല. ആ വീട്ടുമച്ചിലെ ഇരുട്ടിനോളം കറുപ്പില്‍ വേറൊന്നും എന്നെ ഭയപ്പെടുത്തിയിട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ നിറങ്ങള്‍ മാത്രമല്ല കേട്ടോ, മണവും ശബ്ദവും രുചിയും സ്പര്ശവുമെല്ലാം എത്ര അനായാസമായാണ് ഓര്‍മ്മകളായി ഞാന്‍ പോലുമറിയാതെ മെമ്മറി ഡിസ്‌കിനുള്ളില്‍ കയറിപ്പറ്റിയെന്നതാണ് എന്നെ വിസ്മയിപ്പിക്കുന്നത്.' എന്നൊക്കെ പറഞ്ഞു തുടങ്ങി, 'കുടംപുളിയോട്...പാലപ്പത്തിനോട്..റബ്ബര്‍ പാലിനോട്... എന്റെ പാലായോടും പിന്നെ പാലിയോടും പാലിക്കുഞ്ഞുങ്ങളോടും...' പിന്നെയും തുടരുമ്പോളുള്ള ഈ സ്‌നേഹം കണ്ടാല്‍ പാലിയെ കെട്ടിയത് പോലും പേരില്‍ 'പാല' ഉള്ളത് കൊണ്ടാണോ എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ 'ആം' എന്ന മറുപടിയായിരിക്കും കിട്ടുക. പറഞ്ഞു വരുന്നത് 'അ' ഫോര്‍ 'അന്നാമ്മ' അവതരിപ്പിക്കുന്ന പാലയെപ്പറ്റിയാണ്. അന്നാമ്മക്കൊച്ചിന് 'പാലാ എന്ന് പറഞ്ഞാല്‍ മഴ തിമിര്‍ത്തു പെയ്യുന്ന റബ്ബര്‍കാടുകളാണ്. അതിന്റെ ഇടയിലൂടെ ചിരിച്ചോടുന്ന ഞായറാഴ്ചക്കുര്‍ബ്ബാനയാണ്. ഒരു കാറ്റടിച്ചാല്‍ വീഴുന്ന ചില്ലകള്‍ പെറുക്കാന്‍ വരുന്ന അടുത്ത വീടുകളിലെ പാവം ചേച്ചിമാരാണ്. റബ്ബര്‍പിണ്ടി പെറുക്കി സൂക്ഷിച്ചു വെച്ച് വിറ്റ്, ആ കാശു കൊണ്ട് പുതിയ കമ്മല് മേടിക്കണ പെണ്ണുങ്ങളാണ്. റബ്ബര്‍നൂല് കൊണ്ട് പന്തുണ്ടാക്കി കളിക്കുന്ന ചെറിയ ചെക്കന്മാരാണ്. നാട്ടിലേക്ക് വിളിക്കുമ്പോള്‍ റബ്ബറിന് ഈയാഴ്ച എങ്ങനെ ഉണ്ട് എന്ന് ചോദിക്കുന്ന ചേട്ടന്മാരാണ്......ഒന്ന് കണ്ണടച്ചാല്‍, ചെവിയോര്‍ത്താല്‍, തിരികെപ്പിടിച്ചു നുണയുന്ന മധുരമാണ്. അവയെല്ലാം തുന്നിച്ചേര്‍ത്ത ഒരു ഫയങ്കര നാടാണ് ഞങ്ങളുടെ സ്വന്തം 'റബ്ബര്‍ റിപ്പബ്ലിക്ക്!''

സ്വന്തം നാടിനെപ്പറ്റി വീരവാദം അടിക്കാന്‍ ഇത് പോലെ മിടുക്കിയായ ഒരു കൊച്ചിനെ ഞാനിത് വരെ കണ്ടിട്ടില്ല. അല്ലെങ്കില്‍ നിങ്ങളിതും കൂടെ കേട്ട് നോക്കിയേ...
'ജനസംഖ്യ വര്‍ദ്ധിച്ചതോടെ ഒരു സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷം 'എന്നാ അങ്ങ് മാറിയെച്ചും വരാം...' എന്നുംപറഞ്ഞ് പലരും പുതിയ മണ്ണ് തേടി യാത്രയായി. അങ്ങനെയാണ് ഇരിട്ടി, ഹൈറേഞ്ച് പോലുള്ള സഹോദരനഗരങ്ങള്‍ പാലായുടെ മാപ്പില്‍ ഇടം നേടുന്നത്. വര്‍ഷങ്ങളുടെ ഇടവേളയില്‍ അമേരിക്ക, ലണ്ടന്‍, അയര്‍ലണ്ട്, കാനഡ തുടങ്ങിയ പേരുകളൊക്കെ ആ ചിത്രത്തിലേക്ക് കൂട്ടി ചേര്‍ത്തിട്ടുമുണ്ട്.'
'കല്യാണം കഴിക്കാത്തൊരു പെങ്കൊച്ചിനെ കടല് കടന്നുള്ള ജോലിക്ക് അയക്കാനുള്ള ചങ്കുറപ്പ് അവര്‍ക്കില്ലായിരുന്നെങ്കില്‍ ഈ പാലാക്കാരിപ്പെണ്ണുങ്ങള്‍ക്ക് ഇന്ന് കാണുന്ന സന്തോഷമോ സൗഭാഗ്യമോ ഒന്നുമുണ്ടാവില്ലായിരുന്നു.'
'ഇതിനെല്ലാം എടേല് ഒന്ന് സന്തോഷിക്കുവാനല്ലേ, ജീവിതം അങ്ങനെ മുന്നോട്ടു പോകുമ്പോള്‍ 'ഒരിച്ചിരി' രാഷ്ട്രീയവുമായി 'കേരളകോണ്‍ഗ്രസ്' എന്ന പാര്‍ട്ടിയുടെ കൊടി പിടിക്കുന്നതും പാലാ ജൂബിലിക്ക് മുട്ടനൊരു കാളയെ വരട്ടി, കശുവണ്ടി വാറ്റും കൂട്ടി മുണ്ടും മടക്കി കുത്തി 'ജിമ്പന്മാരായി' നില്‍ക്കുന്നതും. എന്നാലും പെണ്ണുങ്ങളോട്, അതിപ്പോ വീട്ടിലെ അമ്മച്ചിയായാലും കെട്ടിയോളായാലും മകളായാലും ഇവര്‍ക്ക് പ്രത്യേകമൊരു സ്‌നേഹമാ. അവരുടെ അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഒരിത്തിരി കൂടുതല്‍ പ്രാധാന്യം നല്‍കും. അത്‌കൊണ്ടാണ് കുടുംബത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന സമയത്ത് 'എടാ ജോയ്കുട്ടി ഒരു മാതിരി കോപ്പു വര്‍ത്തമാനം പറയല്ല് കേട്ടോ.' എന്ന് മുന്‍വശത്തെ കസേരയില്‍ നിന്നും യാതൊരു പാതര്‍ച്ചയുമില്ലാത്ത കുണുക്കിട്ട ഒരു പെണ്‍ശബ്ദം കേള്‍ക്കുന്നത്.'
'എന്നാലും അവിടുത്തെ ഒരു കാറ്റും മീനച്ചിലാറും റബ്ബറിന്റെ മണോം ഇരുട്ടുകുത്തിയുള്ള മഴേം ടൗണിലെ കുരിശുപള്ളീം മഹാറാണീലെ സെക്കന്‍ഡ് ഷോയും പാലപ്പോം മട്ടണ്‍സ്റ്റുവും മാണിസാറും പാനീം പാട്ടുകുര്‍ബ്ബാനയും ഒക്കെ പാലായുടെ പേരും പറഞ്ഞ് മനസ്സിനെ അത്രയ്ക്കങ്ങു കൊതിപ്പിക്കുന്നത്.'

തുടക്കത്തിലും ഒടുക്കത്തിലുമായി ഇങ്ങനെ കൊറച്ചൊന്ന്വല്ല, പാലായുടെ ഭാഷയും സംസ്‌കാരവും പുരോഗതിയുടെ ചരിത്രവുമെല്ലാം ചേര്‍ത്ത് വായനാ സമയത്ത് നമ്മളും ഒരു പാലാക്കാരായി മാറിപ്പോകും വിധം ഈ പുസ്തകത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്.

കാര്യം പാലയെപ്പറ്റി ഇനീം പറഞ്ഞു കൊണ്ടിരുന്നാല്‍ ആനിഷ്ടപ്പെടും എന്നറിയാം. എന്നാലും, ശ്ശെടാ, ഇതിപ്പോ പാലേടെ കഥ മാത്രേ ഉള്ളൂ...അന്നാമ്മയുടെ കഥയില്ലേ എന്ന് വായിക്കുന്നോര് ചിന്തിക്കില്ലേ? ആനവിടെ ജനിച്ചത് കൊണ്ടല്ലേ പാലക്കിത്ര സൗന്ദര്യം? അല്ലേ 'ആനേ'? ഹ ഹ ഹ.... ഇപ്പൊ ആന്‍ എന്തിനാ കണ്ണുരുട്ടണേന്ന് പുസ്തകം വായിച്ചതിനാല്‍ എനിക്കറിയാം. ക്ലാരമ്മ സിസ്റ്ററിന്റെ ഓര്‍ഡര്‍ ഓര്‍മ്മിപ്പിച്ചതാ. കഥയിങ്ങനെ 'ക്ലാസ്സിലെ വായാടിക്കൂട്ടം ആ പേരിനെ 'ആനേ' എന്ന് നീട്ടി വിളിക്കുന്നത് കേട്ടപ്പോ ക്ലാരമ്മ സിസ്റ്ററിന് ഈ ഈര്‍ക്കില്‍ പോലിരിക്കുന്ന കൊച്ചിനെ അങ്ങനെ വിളിക്കുന്നതില്‍ ഒരു ചേര്‍ച്ചക്കുറവില്ലേ എന്ന് തോന്നിയിട്ടാകും 'ആനീ' എന്ന് മാത്രമേ എന്നെ വിളിക്കാവൂ എന്ന് ഉത്തരവിട്ടു.'
ഇങ്ങനെ സ്വയം കുറ്റം വിളിച്ചു പറയാന്‍ ഒരു മടീം മറേം ഇല്ലാത്ത പെങ്കൊച്ചാ...ഇല്ലെങ്കീ നിങ്ങ തന്നെ ഒന്ന് കേട്ടേ...
പല്ലു പോയി വരാതായപ്പോള്‍ പ്രാര്‍ത്ഥന കൂടിപ്പോയിട്ടാണ് വലിയ മുന്‍പല്ലുകള്‍ വന്നതെന്ന് സ്വയം പരിഹാസം. 'കുരിശില്‍ തൂങ്ങിയ കര്‍ത്താവും അപ്പുറത്തും ഇപ്പുറത്തുമുള്ള മാലാഖമാരും എന്റെ പ്രാര്‍ത്ഥന കേട്ട് ഈ പെങ്കൊച്ച് ചെവിതല കേള്‍പ്പിക്കുന്നില്ലല്ലോ എന്ന് കരുതി എന്നെ കാര്യമായി അങ്ങ് അനുഗ്രഹിച്ചു. മുന്‍വശത്ത് വന്ന രണ്ടു പല്ലിനും ഓരോ പലകയുടെ വലിപ്പം. നേരെ ചൊവ്വേ ഒന്ന് വായ അടയ്ക്കാന്‍ പോലും പറ്റുന്നില്ല.' അതിന്റെ ഒരു ഫോട്ടോയും മിടുക്കായി ചേര്‍ത്തിട്ടുണ്ട്.
പിന്നെ ഒരു കാര്യമുണ്ട്. ഈ പെങ്കൊച്ചിന്റെ കുസൃതിയുടെ കഥകള്‍ കേട്ടുകഴിഞ്ഞു ചിലര്‍ക്കെങ്കിലും അവരുടെ ബാല്യമൊക്കെ മര്യാദക്ക് ജീവിച്ചില്ല എന്നൊരു തോന്നലുണ്ടാക്കും വിധം അടിച്ചു പൊളിച്ചല്ലേ ഇമ്പടെ പെണ്‍കൊച്ചു കഴിഞ്ഞേര്‍ന്നേ.
'ഏതു മരത്തിന്റെ മുകളിലും പത്തുമിനിട്ട് കൊണ്ട് കയറി പത്തു സെക്കന്‍ഡ് കൊണ്ട് താഴെ എത്തുന്ന ഒരു മാജിക് ഞാന്‍ തന്നെ കണ്ടു പിടിച്ചു.' മരംകേറി കൊരങ്ങെന്നൊക്കെ അങ്ങോട്ട് പറയാന്‍ ചെന്നാല്‍ തിരിച്ചു പറയും. കൊരങ്ങാണെങ്കില്‍ കപീഷ്ന്ന് തന്നെ പേര് മതി.
'ഏറ്റവും പറ്റെ വെട്ടിയ കുറ്റിമുടിയുള്ള തലയും വലിയ രണ്ടു ചെവിയുമായി അവള്‍ 'ക' പോലുള്ള മുഖവുമായി ഇറങ്ങി വന്നു.' എന്നൊരിടത്ത് പറയുംകൂടീണ്ട്.
ഫൈവ് സ്റ്റാര്‍ മിട്ടായിന്ന് വെച്ചാല് ഈ പെങ്കൊച്ചിന് ജീവനാര്‍ന്ന്. ഒരു ഫൈവ് സ്റ്റാര്‍ മിഠായി കിട്ടാന്‍ വേണ്ടി 'മാവേലി നാടു വാണീടും കാലം' എന്ന കവിത പോലും എഴുതി പേരെടുത്ത കുട്ടി-കവയിത്രിയാണ്. പിന്നെ, ഈ മോഷണം എന്ന് വെച്ചാല്‍ കവിതയില്‍ ഒരൊറ്റ തവണയേ ചെയ്തുള്ളൂട്ടോ. പിന്നെ, കപ്പ വറുത്തത് തുടങ്ങിയ ചെറിയ ഐറ്റംസ്...അതിനീ കുട്ടിയെ കുറ്റം പറയാന്‍ പറ്റിമോ?.
'വെറുതെ വായിലിട്ടു നുണയാനും, അത് കഴിഞ്ഞിട്ട് ഒരു അഹങ്കാരത്തിന് തേങ്ങാക്കൊത്തിട്ട് കറുമുറെ തിന്നാനും, പനിപിടിച്ചു സ്‌കൂളില്‍ പോകാന്‍ പറ്റാത്ത ദിവസങ്ങളിലെ നോട്ടെഴുതിത്തന്ന കൂട്ടുകാരിക്ക് പൊതിഞ്ഞു കൊടുക്കാനും, വലിയ ഡബ്ബയ്ക്കുള്ളില്‍ നിറഞ്ഞു സ്റ്റോര്‍ റൂമിന്റെ ഏറ്റവും മേലെയിരുന്നു വീട്ടിലുള്ളവരുടെ ഉച്ചമയക്കത്തിന്റെ സമയത്തു നമ്മളെ കള്ളിയാക്കാനും പോന്ന ഒരു ഹീറോ ആവും ഈ 'കപ്പ വറുത്തത്'.' ഒരു ഹീറോയോക്കെ വന്നു കഴിഞ്ഞാല്‍ ആരും വീണു പോകും. അനുജത്തിക്ക് ഈ കൊച്ചിനോടുള്ള സ്‌നേഹം മൂത്തത് കണ്ടാല്‍ നമ്മള്‍ 'ഇരട്ടക്കുട്ടികളുടെ അച്ഛന്‍' എന്ന സിനിമ വീണ്ടും കണ്ടുപോകും. പക്ഷെ എന്തൊക്കെ പറഞ്ഞാലും അപാര ഒബ്സര്‍വേഷന്‍ പവറായിരുന്നു കുട്ടിക്ക്. സ്റ്റാമ്പ് പതിപ്പിക്കണ മാതിരിയല്ലേ ചില കാര്യങ്ങള്‍ മനസ്സിലങ്ങട് പതിപ്പിച്ചു നിര്‍ത്തണേ.

'മുട്ടറ്റം വരെ മുടിയുള്ള മലയാളം പഠിപ്പിക്കുന്ന ജിപ്‌സി മിസ്, വലിയ കണ്ണട വെച്ച് കഞ്ഞിപ്പശ മുക്കി പറന്നു നില്‍ക്കുന്ന സാരി ഉടുക്കുന്ന ട്രീസ മിസ്, വിടര്‍ന്ന നെറ്റിയില്‍ പല നിറമുള്ള പൊട്ടുകള്‍ വരിവരിയായി ഒട്ടിക്കുന്ന മിനി മിസ്, പിന്നെ മിസ്സല്ലാത്ത വേറൊരാളും. 'ആലീസ് ചേച്ചി'. നല്ല പൊക്കവും കുഞ്ഞിക്കണ്ണുകളും റോസ് നിറമുള്ള ചുണ്ടുകളും ഒഴുകി കിടക്കുന്ന മുടിയും. അന്നു വരെ കണ്ടിട്ടുള്ളതില്‍ അതിസുന്ദരി എന്ന് തോന്നിയവരില്‍ ഒന്ന് അവരായിരുന്നു.'
'അന്ന് ചേച്ചിയുടെ കയ്യില്‍ പിടിച്ചു കിടക്കുമ്പോഴും അവരുടെ ഹൃദയം ഉറക്കെ മിടിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു, അവരെ മുറുകെ കെട്ടിപ്പിടിച്ചു.' എന്തിനാ ഏറെ പറയണേ, മാമോദീസ വെള്ളം തലയിലൊഴിച്ച അച്ഛന്റെ ളോഹയുടെ നിറം വരെ ഈ പെങ്കൊച്ചിന്റെ ഒര്‍മ്മേലുണ്ടെന്നാ തോന്നണെ.

ഒന്നും പിന്നേക്ക് വെക്കണ പണി ആനിനില്ല. പക്ഷെ, ഒരു സന്തോഷ പുണ്യാളന്‍ ആനിനിട്ട് ഒരു നൈസ് പണിയങ്ങു കൊടുത്തു. കഥ ഇങ്ങനെയാ.
പേര് മാറ്റാന്‍ പുണ്യാളനോട് പ്രാര്‍ത്ഥിക്കുന്ന ആന്‍
ശല്യം കൂടിക്കൂടി ഒരു ഞായറാഴ്ച പുണ്യാളന്‍ തിരിച്ചു ചോദിച്ചു.
'ഈ 'അ' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേര് തന്നെ വേണോ?'
'വേണം വേണം.' ഞാന്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു.
'എങ്കില്‍ നിനക്ക് പേര് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടേണ്ട. അഹങ്കാരി, അധികപ്രസംഗി, അത്യാഗ്രഹി, ഏതു വേണം?' പുണ്യാളന്‍ ചിരിച്ചു.
'എന്നാ പിന്നെ അലവലാതി എന്ന് കൂടി പറയാമായിരുന്നില്ലേ? എനിക്ക് ദേഷ്യം വന്നു. പക്ഷെ, അന്ന് മുതല്‍ ഒരു പേരുമാറ്റം അല്ല, എന്റെ പെരുമാറ്റം ആണ് മാറ്റേണ്ടതെന്നു പറഞ്ഞ പുണ്യാളന്റെ പോസിറ്റീവ് സ്പിരിറ്റ് കണ്ട് പെരുത്തിഷ്ടായി, അങ്ങേരുടെ കൂടെ തന്നെ അങ്ങ് സ്‌ട്രോങ്ങായി കൂടി!'

വായന ആനിന്റെ ഇരട്ട പെറ്റ സഹോദരിയാണോ എന്ന് ചോദിച്ചാലും ആന്‍ പറയും...'ആം.' 'കുട്ടികളുടെ പുസ്തകങ്ങള്‍ മുതല്‍ ബൈബിള്‍ വരെ കയ്യില്‍ കിട്ടുന്നതെന്തും കൊതിയോടെ വായിക്കുന്ന കാലം. അതിനു നന്ദി പറയേണ്ടത് പാലായിലെ റബ്ബര്‍മരങ്ങളോടാണ്. ഒരു കാറ്റോ മഴയോ മതി മരങ്ങള്‍ മറിഞ്ഞു വീണ് വീട് ഇരുട്ടിലാവും. ചിലപ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞാവും കറന്റു വരുന്നത്. അത് വരെയും പകലും രാത്രിയും കൂട്ട് പുസ്തകങ്ങള്‍ മാത്രം!'
'കുട്ടിക്കാലത്ത് അവരൊക്കെയും വിളമ്പിവെച്ചതില്‍ നിന്നും കയ്യില്‍ പുരണ്ട മണ്ണാണ് പിന്നീട് മനസ്സില്‍ പൊടിഞ്ഞ കനലുകളിലൊക്കെയും വാരിയെറിഞ്ഞത്.'
'കൈയ്യിലുള്ള കാശിനു മുഴുവനും പുസ്തകങ്ങളും മേടിച്ച്, ഞാന്‍ ആദ്യമേ തന്നെ അപ്പര്‍ ബെര്‍ത്തില്‍ കയറി കിടന്നു.'
'ചില മുഖങ്ങള്‍ ഒരു വലിയ പുസ്തകത്തിന്റെ ആമുഖമായിരിക്കും.' ഇങ്ങനെയൊക്കെ വായിച്ചെടുക്കുമ്പോള്‍ നാം മറ്റെന്താണ് മനസ്സിലാക്കേണ്ടത്?

സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുന്ന ഒരു സ്ത്രീ സമത്വവാദി ആനിലുണ്ട്.
അടുക്കളയില്‍ പണിയെടുക്കുന്ന ഇന്നലെകളിലെ പെണ്ണുങ്ങളെപ്പറ്റി ആന്‍ എഴുതുന്നു. 'വികാരിയച്ചന്‍ എത്ര തവണ മൈക്കിലൂടെ വിളിച്ചു പറഞ്ഞാലും ഇവരൊക്കെ സ്ഥിരമായി വൈകിയെത്തുന്നവരാകും. കയ്യിലും കാലിലും അവര്‍ പോലുമറിയാതെ അടുക്കളയിലെ കരിയുണ്ടാവും. കൈവിരലുകളില്‍ ഏതെങ്കിലുമൊന്നില്‍ ഒരു പഴന്തുണി കെട്ടിയ മുറിവുണ്ടാവും. പല തവണ കറിക്കരിഞ്ഞും പുല്ലു വെട്ടിയും വിരല്‍ത്തുമ്പുകള്‍ കറുത്തും പൊട്ടിയും വീര്‍ത്തിട്ടുണ്ടാവും. പശുവിന്റെ കയര്‍ പിടിച്ചു വലിച്ചും വിറകു വെട്ടിയുമൊക്കെ തഴമ്പ് വീണിട്ടുണ്ടാവും. കാലൊക്കെ വിണ്ടു കീറിയിട്ടുണ്ടാവും. അടുത്തേക്ക് ചെല്ലുമ്പോള്‍ തലയിലൊക്കെ ചാരം പറ്റിപ്പിടിച്ചിട്ടുണ്ടാവും. വെറുതെ കോതി വെച്ച മുടിയില്‍ പുക മണവും.'
'നമ്മുടെ പഴയ കാലമൊക്കെ എത്ര മനോഹരമായിരുന്നു എന്ന ഓരോ ഗൃഹാതുരതയിലും നാം കാണാതെ പോകുന്ന എത്ര കരിയും പുകയുമാണ്. കേള്‍ക്കാതെ പോയ എത്ര നെടുവീര്‍പ്പുകളാണ്, അറിയാതെ പോയ എത്ര ജീവിതങ്ങളാണ്.'

'അവര്‍ പാപം ചെയ്യുന്ന സ്ത്രീയാണ്. ബൈബിളിലെ കല്ലെറിയപ്പെട്ട പാപിനിയായ സ്ത്രീയുടെ കഥ വായിച്ചിട്ടില്ലേ? നമ്മളൊന്നും അവരെപ്പോലുള്ളവരോട് മിണ്ടരുത്.' എന്ന് പറഞ്ഞിട്ടും ഫിലോമിന ചേച്ചിയോട് കൂട്ട് കൂടുന്നതും പരസ്യമായി ലൈംഗീക വൈകൃതത്തിന് മുതിരുന്ന പ്രായമുള്ളയാള്‍ക്കെതിരെ ഗര്‍ജ്ജിക്കുന്നതുമെല്ലാം മാനവികതയില്‍ നിന്ന് കൊണ്ട് സമത്വത്തിന് വേണ്ടി ദാ ഹിക്കുന്ന ഒരാളില്‍ നിന്നുയരുന്ന ചിന്തകളാണ്.
'അതൊക്കെ ഭാര്യമാരുടെ കടമയാ. എന്നാലെന്താ, പേരിന് വീട്ടിലൊരു ആണുണ്ടല്ലോ.'
'അതിനിപ്പോ എന്താ? അങ്ങോര് ഒരാണല്ലേ?'; എന്നൊക്കെ ഒരേ അവസ്ഥയില്‍ ആയിരിക്കുന്ന പുരുഷനും സ്ത്രീക്കും രണ്ടു നീതി വിളമ്പുന്ന സമൂഹത്തോട് ആന്‍ കലഹിക്കുന്നത് ആക്ഷേപഹാസചിന്തകളെക്കൊണ്ടാണ്.
'ഓരോ നിയമങ്ങളും അതിന്റെ പഴുതുകളും ഇത്ര കൃത്യമായി സൃഷ്ടിക്കാനും തക്ക സമയത്ത്, വേണ്ടിടത്ത് പ്രസംഗിക്കാനും ദൈവം ചിലര്‍ക്ക് ഒരു അസാമാന്യ കഴിവ് തന്നെയാണ് കൊടുത്തിരിക്കുന്നത്. ഹോ, അസൂയ തോന്നുന്നു.'

ഹാസ്യാത്മകമായി എഴുതാനുള്ള കഴിവാണ് ആന്‍ പാലിയുടെ ശക്തി.
അടുക്കളയില്‍, 'ഉരല്‍, അമ്മിക്കല്ല്, ആട്ടുകല്ല്, ചിരവ തുടങ്ങിയ 'ഹോം ജിം യന്ത്രങ്ങള്‍' ആ ഭാഗത്താണ്.'
'പിന്നെ വീടിന്റെ പിറകില്‍ വിറകുപുര എന്ന മറ്റൊരു സഹോദരസ്ഥാപനം കൂടെയുണ്ട്.'
'പ്രായമാകുമ്പോള്‍ മനുഷ്യന് ഭംഗി കുറയും എന്ന പൊതുബോധത്തെ പൊടിച്ചു ഹീലിയം ബലൂണില്‍ തൂക്കി ആകാശത്തേക്ക് വിടുന്ന അവരുടെ ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നി.' ഇങ്ങനെ ബുദ്ധികൊണ്ടുണര്‍ത്തുന്ന ചിരി ഈ പുസ്തകത്തിന്റെ ഭാഗമാണ്. 'ജോണി വാക്കര്‍' കൊടുക്കുമ്പോള്‍ 'നടക്കും ജോണി' എന്ന് പകര്‍ത്തിയെഴുതുന്ന നര്‍മ്മം.

നര്‍മ്മം മാത്രമല്ല നോവിന്റെ നനവ് പടര്‍ത്തുന്ന ഓര്‍മ്മകളും ആന്‍ പങ്കു വെക്കുന്നുണ്ട്. മരണവും ഭ്രാന്തും ദാരിദ്ര്യവും രോഗവുമെല്ലാം വില്ലന്മാരായി കടന്നു വരുന്നു. മറ്റു ചിലയിടത്ത് സമൂഹത്തിന്റെ തിരസ്‌കാരമാണ്. 'ഇടറുന്ന ശബ്ദത്തില്‍ ആ കനത്ത കണ്ണടക്കു പിറകില്‍ നിന്നും അവര്‍ ഉരുകിയിറങ്ങുന്നതും അതില്‍ വാക്കുകളുടെ നൂല്‍ച്ചിത്രങ്ങളെല്ലാം ചാരമായി മാറുന്നതും ഞാന്‍ അറിഞ്ഞു.' 'മകളുടെ ശരീരം മറവു ചെയ്യുന്നതിന് മുന്‍പായി അവര്‍ മുട്ടോളമെത്തുന്ന ആ മുടി മുറിച്ചെടുത്തു. വര്‍ഷങ്ങളായി അവരുടെ അലമാരയില്‍ ഒരു തുണിയില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നു. നിധി പോലെ.' 'കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്ന അമ്മമാരുടെ ദുഃഖത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല ഈ ഭൂമിയില്‍ എന്ന് പറയുന്നത് സത്യമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞ വര്‍ഷങ്ങള്‍.'
ചിലപ്പോള്‍ തന്റെ തന്നെ തെറ്റുകളാണ് ദുരന്തം വരുത്തി വെക്കുന്നത്. പല കുറിപ്പുകളിലും വായനക്കാരുടെ കണ്ണുകള്‍ ഈറനണിയും വിധമുള്ള നൊമ്പരങ്ങള്‍ ചേര്‍ത്ത് വെച്ചിട്ടുണ്ട് എഴുത്തുകാരി.

നമ്മുടെ കഥാ നായിക ആന്‍ ഇപ്പോള്‍ കണ്ണുരുട്ടുന്നില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നതിനാല്‍ ആ അവസരം ഉപയോഗിച്ച് ഈ പുസ്തകത്തില്‍ എനിക്ക് തോന്നിയ ചില കുറവുകളും പറഞ്ഞു കൊള്ളട്ടെ. പാലയെപ്പറ്റിയും പാലക്കാരെപ്പറ്റിയും തന്റെ ബാല്യകാലത്തെപ്പറ്റിയും വിശദമായി പറഞ്ഞെങ്കിലും തീക്ഷ്ണമായ അനുഭവങ്ങളുടെ അഭാവം പകുതിക്ക് ശേഷമുള്ള കുറച്ചു അധ്യായങ്ങളെ അല്പം തണുപ്പിച്ചു എന്ന് തോന്നി. ബുദ്ധി കൊണ്ടും നര്‍മ്മം കൊണ്ടും ഒരു പരിധി വരെ ഹൃദയം കൊണ്ടും സംവദിക്കുന്ന ഒരു പുസ്തകമായി 'അ' ഫോര്‍ 'അന്നാമ്മ'യിലെ ഭൂരിഭാഗം കുറിപ്പുകളും നില നില്‍ക്കുമ്പോഴും ആത്മാവിനെ സ്പര്‍ശിക്കാന്‍ കുറച്ചു കുറിപ്പുകള്‍ കൂടെ മനസ്സ് കൊണ്ട് ഞാന്‍ ആഗ്രഹിച്ചു. ഇതൊക്കെ എഴുതിയാല്‍ ആന്‍ എന്നോട് ദേഷ്യപ്പെടും എന്ന ചിന്തയൊന്നും എനിക്കില്ല. 'അല്ല, അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ ഇതിപ്പോ എം എ യൂസഫ് അലിയോട് ലുലുവില് ഉണക്ക കപ്പ കിട്ടുവോന്ന് സംശയിച്ചതിന് ഇത്രയ്ക്കു കളിയാക്കാനുണ്ടോ?' എന്ന് ചോദിച്ച അന്നാമ്മയെപ്പറ്റിയാണ് നമ്മുടെ സംശയം.

ഈ പുസ്തകത്തില്‍ എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യം, ഈ കുറിപ്പുകള്‍ക്കുള്ള ചിത്രങ്ങള്‍ എല്ലാം വരച്ചിരിക്കുന്നത് ആന്‍ പാലി തന്നെയാണ് എന്നതാണ്. വിഷയത്തെ ഉള്‍ക്കൊണ്ട് അതെ സമയം ലളിതമായും ഭംഗിയോടെയും വരച്ച ചിത്രങ്ങള്‍ നമ്മെ ചിന്തിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യും.

അന്നാമ്മേ, കണ്ണുരുട്ടണ്ടേ..വാച്ചിലും നോക്കേണ്ട. ഞാന്‍ അവസാനിപ്പിക്കുകയാണ്. എന്നാലും കപ്പ വാട്ടലിനെപ്പറ്റി പറയാതെ എങ്ങനെയാ? ഏയ്...ഞാന്‍ കളിയാക്കിയതല്ല. അന്നമ്മയുടെ നാട്ടിലെ കപ്പ വാട്ടല്‍ എങ്ങനെയാണെന്നറിയാമോ?

'ഈ കപ്പവാട്ട് എന്ന മഹാമാമാങ്കം നടക്കുന്ന ദിവസങ്ങള്‍ തന്നെ ഒരു ആഘോഷമാണ്. പകല് തന്നെ പെണ്ണുങ്ങള്‍ വന്നു കപ്പ മുഴുവനും പൊളിച്ചിടും. ഉച്ച കഴിയുമ്പോളേക്കും അടുക്കളപ്പുറത്തെ അടുപ്പുകല്ലുകളില്‍ വലിയ വാര്‍പ്പുകള്‍ എത്തും. തലയില്‍ തോര്‍ത്തുമുണ്ടും ചുറ്റി ചേട്ടന്മാര് മേശയുടെ ഓരോ അറ്റത്തു നിന്നും വലിയ കത്തി എടുത്തു പണി തുടങ്ങും. ഒരേ നിരയായി മുറിച്ചിടുന്ന കപ്പക്കഷ്ണങ്ങള്‍, തിളച്ചു മറിയുന്ന വെള്ളത്തിലേക്ക് വീഴും. അധികം വാടുന്നതിന് മുന്‍പ് തിരിച്ചെടുക്കും. ഇതിനിടയില്‍ തൊട്ടപ്പുറത്തെ വിറകുപുരയില്‍ പോയി ഓരോ സ്മോളും വഴറ്റിവെച്ചിരിക്കുന്ന കോഴിക്കറിയില്‍ നിന്നും നല്ലൊരു കഷ്ണവുമെടുത്തു പണിക്കാരി ചേടത്തിയോട് ലേശം കുശലോം പറഞ്ഞ് ഒന്നൂടൊന്ന് ഉഷാറാവും. പാതിരാത്രിയാവുമ്പോഴേക്കും മുറ്റത്തൊക്കെ കപ്പയുടെയും കോഴിക്കറിയുടെയും മുളകരച്ചതിന്റെയും രാത്രിമുല്ലയുടെയും ഒക്കെ മണം പടരും.'

അന്നാമ്മയുടെ നാട്ടിലെ വൈന്‍ ഉണ്ടാക്കലും ഒരു സംഭവമാണ്. അത് പുസ്തകത്തില്‍ വായിക്കൂ. പക്ഷെ, ആ വൈനിനെപ്പറ്റി അന്നാമ്മ പറയുന്ന ഈ വാചകങ്ങള്‍ കൂടെ കേള്‍ക്കൂ.
'ആ വീഞ്ഞിനും കാലങ്ങള്‍ കടന്ന് വന്ന കഥകള്‍ പങ്കുവെയ്ക്കാനാവും! മുന്തിരിവള്ളികള്‍ ആദ്യം കൂട്ടുപിടിച്ച പന്തല്‍, അവയില്‍ തളിര്‍ത്ത മൊട്ടുകള്‍, അതില്‍ പകമാവുന്ന മുന്തിരിക്കുലകള്‍ക്കായി കാത്തിരുന്ന മീനച്ചിലാറിലെ കാറ്റും ചീനഭരണികളും. ഉറക്കെ ചിരിക്കുന്ന കുറെ മനുഷ്യരും.... ഒടുവില്‍ കൊതിച്ച പോലൊരു മഞ്ഞുകാലമെത്തുമ്പോഴേക്കും. പുളിച്ചു തുടങ്ങുന്ന വീഞ്ഞു പകര്‍ന്നുവെയ്ക്കുവാന്‍ ബ്രൗണ്‍ നിറമുള്ള ചില്ലുകുപ്പികള്‍ വേണം. അതിന് വീണ്ടും മധുരം പകരുവാന്‍ റബ്ബര്‍തോട്ടത്തിലെ തണുത്ത മണ്ണ് തന്നെ വേണം. ഗ്രാമ്പൂവിന്റെയും ഏലത്തരിയുടെയും മണം നുകരുവാന്‍ പിന്നെയുമൊരു ക്രിസ്തുമസ് രാത്രിയിലെ പാതിരാക്കുര്‍ബാന വേണം. അന്നോര്‍ക്കുവാന്‍ കാനായിലെ കല്യാണരാവിലെ കഥകളുണ്ടാവേണം. പിന്നെയും ഒരല്പം ലഹരിയെത്തുവാന്‍ പ്രിയപ്പെട്ടവനേ, എന്നെ നോക്കി ചിരിക്കുന്ന നിന്റെ കണ്ണുകളും വേണം.'

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന 'അ' ഫോര്‍ 'അന്നാമ്മ' പോലുള്ള പുസ്തകങ്ങള്‍ മലയാളത്തിന് കുറെയേറെ പുതിയ വായനക്കാരെ സൃഷ്ടിക്കുമെന്ന് തീര്‍ച്ച.

പ്രസാധനം - സൈകതം ബുക്‌സ് (Sangeetha Justin)
പേജ് - 135
വില - 115 രൂപ

Wednesday, May 8, 2019

കൈകളില്‍ നീല ഞരമ്പുകളുള്ളവര്‍



ശ്രീദേവി വടക്കേടത്ത് എഴുതിയ കൈകളില്‍ നീല ഞരമ്പുകളുള്ളവര്‍ എന്ന നോവലിനേപ്പറ്റി പോള്‍ സെബാസ്റ്റ്യന്‍ Paul Sebastian എഴുതിയ നിരൂപണം പങ്കു വെയ്ക്കുന്നു.
============================================



'ജീവിതം ഏകാന്തവും ശൂന്യവും നിരര്‍ത്ഥകവുമാണെന്ന് ചിലര്‍ക്കെങ്കിലും തോന്നിപ്പിക്കുന്ന വിധമായി പോയിട്ടും ജീവിച്ചു പോകുന്നവരെ പറ്റി ഞാന്‍ സദാ ചിന്തിക്കാറുണ്ട്. വേദനിക്കുന്ന, അവര്‍ തരുന്ന ചിരി പോലും അധ്വാനമല്ലേ എന്നോര്‍ക്കാറുമുണ്ട്.' ഒറ്റപ്പെടുന്നു എന്നു തോന്നുമ്പോഴൊക്കെ തന്റെ നീല ഞരമ്പുകള്‍ പിടയ്ക്കുന്നതായി അനുഭവപ്പെടുന്നവരുടെ കഥയാണ് ശ്രീദേവി വടക്കേടത്ത് എഴുതിയ 'കൈകളില്‍ നീല ഞരമ്പുകളുള്ളവര്‍' എന്ന നോവല്‍ പറയുന്നത്.

ഇത് മൂന്ന് സുഹൃത്തുക്കളുടെ കഥയാണ്. 'ഒരു സ്ത്രീ, ഒരു പുരുഷന്‍, പുരുഷനില്‍ നിന്ന് സ്ത്രീയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരാള്‍.' 'അവര്‍ക്ക് അവരല്ലാതെ മറ്റു ചങ്ങാതിമാരൊന്നും സിഡ്‌നിയിലില്ലായിരുന്നു. ജീവിതത്തിന്റെ ഒരു പ്രത്യേക പരിതസ്ഥിതിയില്‍ സ്വന്തം നാട് വിട്ടു സിഡ്നിയില്‍ എത്തിയവര്‍ എന്നതായിരുന്നു അവര്‍ക്ക് മൂന്നു പേര്‍ക്കും ഒരേ പോലുണ്ടായിരുന്ന കാര്യം.' ഇവര്‍ തമ്മില്‍ പിരിയാന്‍ തീരുമാനിക്കുന്നിടത്ത് നിന്നാണ് നോവലിസ്റ്റ് കഥ പറഞ്ഞു തുടങ്ങുന്നത്. 'ഒന്നും പൂര്‍ണ്ണമല്ലെന്നും ഒന്നുമവസാനമല്ലെന്നും ഒരിക്കല്‍ കൂടി പറഞ്ഞുകൊണ്ടാണവര്‍ പിരിയേണ്ടത്.'

'വിജയം ആരുടേയും കുത്തകയല്ലെന്നും കൈയ്യടി പൊരുതുന്നവനും വിജയിക്കുന്നവനുമുള്ളതാണെന്നും എനിക്ക് ബോധ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു.' നീലച്ച ഞരമ്പുകള്‍ കൈത്തണ്ടകളില്‍ തെളിഞ്ഞു കിടക്കുന്ന ചിലര്‍ ജീവിതത്തിലൊരിക്കലും സന്തോഷിക്കില്ല, അവരുടെ ജീവിതം ഒരു പരാജയമാണ് എന്നൊക്കെ ചിന്തിച്ച് ജീവിതം ഫുള്‍സ്റ്റോപ്പിടാനുള്ള സൂചനയായി അതെടുക്കും. പക്ഷെ, അങ്ങനെ ചിന്തിക്കാതിരിക്കലാണ് തനിക്ക് ചെയ്യാവുന്നത്. അത് താന്‍ ചെയ്തു കൊണ്ടിരിക്കും. എന്ന് ചിന്തിക്കുന്ന ആഗ്‌നസ് ആണ് ഒന്നാമത്തെ കഥാപാത്രം. അവള്‍ വന്നിരിക്കുന്നത് കേരളത്തില്‍ നിന്നാണ്.

'ഒളിച്ചോട്ടങ്ങളല്ല, രക്ഷപ്പെടലുകളാണ് ചില യാത്രകള്‍.' 'ഞാനാരാണെന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്ന നീലഞരമ്പുകളെ ഞാനടക്കിയൊതുക്കി ഒളിപ്പിച്ചുപിടിച്ച് ഓടിക്കൊണ്ടിരിക്കും. ഏതെങ്കിലുമൊരു ദിവസമീ ഓട്ടമങ്ങ് മതിയാക്കിയാല്‍ ചിലപ്പോഴെവിടെയെങ്കിലും ഞാനിരിക്കുമായിരിക്കും. സ്വസ്ഥമായി, ശാന്തമായി.' എന്ന് ചിന്തിക്കുന്ന ജോ/ ജെയ്സി ഫിലിപ്പീന്‍സുകാരന്‍/കാരി ആണ് രണ്ടാമത്തെയാള്‍.

'നോവിച്ചൊടുങ്ങിപ്പോകുന്ന ഒരു പ്രണയവും ആവിയായി പോകില്ല. അവസാനിപ്പിച്ചാലും അതിടയ്ക്കിടെ പുകഞ്ഞു പുകഞ്ഞ് ഹൃദയത്തെ പൊള്ളിച്ചുകൊണ്ടിരിക്കും.' 'കാലാവസ്ഥ അനുകൂലമല്ലെന്ന് തോന്നുന്നിടത്ത് നിന്നും പറന്നു പോകണം. എന്നെ സ്റ്റഫ് ചെയ്‌തൊരു മമ്മിയെപ്പോലാക്കി ഒരിടത്ത് അടക്കി വെയ്ക്കാന്‍ ഞാനൊരുക്കമല്ല.' എന്ന് ചിന്തിച്ചു കൊണ്ട് ജീവിതത്തെ പറന്നു കൈപ്പിടിയിലൊതുക്കാന്‍ ശ്രമിക്കുന്ന മുസ്തഫ ആണ് മൂന്നാമത്തെ ആള്‍. അയാള്‍ ഈജിപ്തില്‍ നിന്നാണ് വരുന്നത്.

ഒറ്റപ്പെടലുകളെ അല്ലെങ്കില്‍ ഏകാന്തതയെ വിഷയമാക്കിയുള്ള നോവലുകള്‍ ആധുനിക കാലത്ത് വിരളമാണ്. മുകുന്ദന്റെയും വിജയന്റെയും കാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടത്തിലേക്കും ഒരു വിഷാദത്തിലേക്കും വായനക്കാരെ ഈ നോവല്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ മുകുന്ദന്റെയോ വിജയന്റേയോ കഥാപാത്രങ്ങളേക്കാള്‍ നിസ്സഹായരാണ് ശ്രീദേവിയുടെ കഥാപാത്രങ്ങള്‍. അതിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് അവര്‍ എത്തിപ്പെടുന്നത്.
പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുന്ന ആഗ്‌നസിന്റെ അവസ്ഥ ഈ ഒറ്റപ്പെടലിന്റെ ഭീകരത നോവലിസ്റ്റ് വരച്ചു കാണിക്കുന്നുണ്ട്....
'അവള്‍ നേരത്തേ കൂട്ടി ഒരുക്കിവച്ചിരുന്ന കറുത്ത ട്രോളി ബാഗും വലിച്ച് വീടു പൂട്ടിയാണ് പുറത്തേയ്ക്കിറങ്ങി ചെന്നത്. ഒറ്റപ്പെട്ടു പോകുന്നവരുടെ ചില നേരങ്ങള്‍ പറഞ്ഞാലോ, എഴുതിയതു വായിച്ചാലോ ആര്‍ക്കും ഒന്നും മനസ്സിലാവില്ല എന്നവള്‍ അന്നേരവും ഓര്‍ത്തിരുന്നു.'
'അനസ്‌തേഷ്യ നല്‍കാനുള്ള അനുമതി പാത്രത്തില്‍ അവള്‍ തന്നെ ഒപ്പിട്ടു കൊടുത്തു.'
'അതിന്റെ അഞ്ചാം ദിവസമാണ്, കൂട്ടിനുപോലും ആരുമില്ലാതെ തനിയെ ഒരു പെയ്ഡ് ടാക്‌സിയില്‍ അവള്‍ ആശുപത്രി വിട്ടത്.' ഫ്‌ലാറ്റ് അവിടെ അത് പോലെ തന്നെ ഉണ്ടായിരുന്നു. ഒരു മാറ്റവുമില്ലാതെ. ആരും കൂട്ടില്ലാതെ.

'ശൈലവും കോട്ടയും പാറയും രക്ഷകനുമില്ലാതാകുന്ന മനുഷ്യര്‍ക്കും കൂടിയുള്ളതാണീ ഭൂമി. ഏത് അഗാധഗര്‍ത്തങ്ങളിലേക്കെറിയപ്പെട്ടാലും തിരിച്ച് കയറാനുള്ള ത്വരയാണ് മനുഷ്യനാവശ്യം. ആരെ വിളിച്ച് കരഞ്ഞാലും വിളി കേള്‍ക്കണമെന്നില്ല. മന്ദിരങ്ങളിലിരിക്കുന്നവര്‍ക്ക് കാതടഞ്ഞു പോയാലും തോറ്റു പോകാതെ മരിക്കുംവരെ ജീവിക്കുന്നവനാകണം മനുഷ്യന്‍.' എന്ന ബദല്‍ വേദ വാക്യങ്ങളിലാണ് ഈ നോവലിന്റെ ആത്മാവ് കുടി കൊള്ളുന്നതെന്ന് തോന്നുന്നു. ഒറ്റപ്പെട്ടിരിക്കുക എത്ര ദുസ്സഹമാണ്? ഒറ്റപ്പെടുന്നവര്‍ക്കും പരസ്പരം താങ്ങായും തണലായും നിന്നുകൂടെ എന്ന ചിന്തയാണ് ഈ നോവലിന്റെ ശക്തി. 'ചങ്ങാത്തമൊരു പരിശീലനമാണ്. കൂടെ നടക്കുന്നവരെ സഹിക്കുക എന്നതൊരു ശീലം വഴി സ്വായത്തമാക്കിയെടുക്കുന്ന കഴിവാണ്.'

ഒറ്റപ്പെട്ടവരോട് കരുത്തരാവാന്‍ ആഹ്വാനം ചെയ്യുന്ന നോവലാണ് കൈകളില്‍ നീലഞരമ്പുകളുള്ളവര്‍.
'ലുസിമോളെ, തളര്‍ന്നു പോകുന്ന എല്ലാ സന്ദര്‍ഭങ്ങളിലും ചാരാനൊരു തോള്‍ കിട്ടിയേക്കുമെന്ന് കരുതി ജീവിക്കരുത്. മറ്റാരെങ്കിലുമൊക്കെ ഉണ്ടെന്നു കരുതി ജീവിതത്തെ കരു പിടിപ്പിക്കരുത്. ആരുമില്ലെങ്കിലും ജീവിതം മുന്നോട്ട് പോയെ പറ്റൂ.' എന്നും, 'മാറ്റത്തിലേക്കുള്ള പറക്കല്‍. ജീവിതമിനി ഒരൊറ്റ പോയിന്റിലും സംശയിച്ച് നില്‍ക്കില്ലെന്ന് അന്ന് ആകാശത്തുവെച്ച് അവന്‍ ഉറപ്പിച്ചു. എങ്ങനെയാണോ ജീവിതം മുന്നില്‍ വന്ന് നില്‍ക്കുന്നത്, അങ്ങനെ തന്നെ അതിനെ കൊണ്ട് പോകുക. വല്യേ മാജിക്ക് ഒന്നും പ്രതീക്ഷിക്കാതെ.' എന്നും ഈ നോവലില്‍ നാം വായിക്കും.

പുരുഷന്‍, സ്ത്രീ എന്നീ ലിംഗങ്ങളില്‍ നില്‍ക്കുന്നവര്‍ക്ക് മാത്രമല്ല മൂന്നാമതൊരു വിഭാഗത്തിന് കൂടി ലോകത്തില്‍ ജീവിക്കാന്‍ അവകാശമുണ്ട് എന്ന് ഊട്ടിയുറപ്പിക്കുന്ന നോവലാണ് കൈകളില്‍ നീലഞരമ്പുകളുള്ളവര്‍. 'ഞാനൊരു പുരുഷനല്ല, സ്ത്രീയുമല്ല എന്ന് തിരിച്ചറിഞ്ഞ നാള്‍ മുതല്‍, അന്നു മുതല്‍, ഞാനെന്നില്‍ നിന്നും ഒളിച്ചോടിക്കൊണ്ടിരുന്നു.' (ഇത്, ഒരു പുരുഷനാണ്, ഒരു സ്ത്രീയുമാണ് എന്നും വാചകം തിരുത്തി വായിക്കാം.)
പക്ഷെ, സൗഹൃദത്തിന് ഇതൊന്നും തടസ്സമാവാന്‍ പാടില്ല. പരസ്പരം സഹകരിക്കുന്നതിന് അതൊരു തടസ്സമാവാന്‍ പാടില്ല. 'സൗഹൃദത്തില്‍ എന്ത് ലിംഗപ്രശ്‌നം ജോ? നല്ല സൗഹൃദങ്ങളുടെ പാരമ്യത്തില്‍ ലിംഗനഷ്ടമുണ്ടാവണം. അങ്ങനെയൊന്നില്ലെന്ന മട്ടിലായിരിക്കണം ചങ്ങാത്തങ്ങള്‍.' 'ഇവരോടൊത്ത് ചിലവിടുന്ന സന്ദര്‍ഭങ്ങളില്‍ തങ്ങള്‍ മൂവരും ലിംഗങ്ങളില്ലാത്തവരായി തീരുന്നത് അവന്‍ അത്യദ്ഭുതത്തോടെ വീക്ഷിച്ചിട്ടുണ്ട്. പൗരുഷവും സ്ത്രീത്വവും ലിംഗമില്ലായ്മയും ഒന്നിക്കുന്ന, ഒന്നായിത്തീരുന്ന സന്ദര്‍ഭങ്ങള്‍.' ഈ സൗഹൃദം പരസ്പരം മനസ്സിലാക്കുന്നതിന്റേതാണ്. സ്വയം അല്ലെങ്കില്‍ മറ്റുള്ളവരെ പ്രദര്‍ശന വസ്തുക്കളാക്കുന്നതിലല്ല. അത്തരം ആളുകളോട് അനുഭവം പ്രകടിപ്പിച്ചുള്ള പ്രകടനങ്ങളോട് നോവലിനോ നോവലിസ്റ്റിനോ അനുഭാവമില്ല. 'അവനെപ്പോലെ അസാധാരണമായ ലൈംഗീക ചിന്തയുള്ളവരെ കാണുമ്പോഴവന് ആശ്വസിക്കുമെന്ന് ധരിച്ച അവരെ അമ്പരിപ്പിച്ചു കൊണ്ടാണവന്‍ പ്രതികരിച്ചത്. 'കഷ്ടം, അറിഞ്ഞുകൊണ്ട് പ്രദര്‍ശനവസ്തുക്കളാവുന്നവര്‍. ഇവര്‍ക്ക് ചുറ്റും കൂടിയിരിക്കുന്ന ആ കാഴ്ചക്കാരെ നോക്കൂ. അവരൊന്നും സ്‌നേഹം കൊണ്ടോ സിമ്പതി കൊണ്ടോ നോക്കി നില്‍ക്കുകയാണ്. അവരുടെയൊക്കെ കണ്ണുകള്‍ നോക്കൂ. മൃഗശാലയിലെ അഴിക്കുള്ളില്‍ കിടക്കുന്ന മൃഗത്തെ കാണുമ്പോഴത്തെ ഭാവമല്ലേ എന്ന്! അല്ലെന്ന് നിങ്ങള്‍ക്ക് ചിലപ്പോള്‍ തോന്നിയേക്കാം. എന്നാല്‍ എനിക്കങ്ങനെ മാത്രമേ തോന്നുന്നുള്ളൂ.' വായനക്കാരുടെ മനോഭാവത്തെ നവീകരിക്കുന്നതിനും നോവലിസ്റ്റ് ആഗ്രഹിക്കുന്നുണ്ട്. 'പുരുഷന്റെ രൂപവും സ്ത്രീയുടെ മനസ്സുമായി ജീവിക്കേണ്ടി വരുന്ന ഒരാളുടെ വേദന എത്രത്തോളമാകുമെന്ന് അവനെ കണ്ട നാളുകളില്‍ അവള്‍ ഓര്‍ക്കാറുണ്ട്. ഒരു ഗേ ഒളിച്ചു കൊണ്ട് നടക്കുംപോലെ അവന് തന്റെ ഈ പ്രശ്‌നം ഒളിച്ചു പിടിക്കാനാവില്ല. അപ്പോളവള്‍ ഓര്‍ത്തു. ഒളിച്ചു പിടിക്കാന്‍ സാധിക്കുന്നതും ഒരവകാശമല്ലേ, ഒരാളത് ആഗ്രഹിക്കുന്നുവെങ്കില്‍.' ഒപ്പം അവരുടെ പ്രശ്‌നങ്ങളെ ശരിയായി മനസിലാക്കുക എന്നത് തന്നെയാണ് അവരോട് ചെയ്യാവുന്ന നന്മ.

സിറിയയിലും ഈജിപ്തിലും എന്നിങ്ങനെ മിഡ്ഡില്‍ ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ വ്യക്തികളെയും സമൂഹത്തെയും എങ്ങനെ ബാധിക്കുന്നു എന്ന് നോവല്‍ വ്യക്തമായി പറയുന്നു. 'ഒരു രാജ്യമെങ്ങനെ ആയിത്തീരരുത് എന്നതിനുള്ള ഉത്തമോദാഹരണമായാണ് ഈജിപ്ത് ഇപ്പോള്‍ നിലകൊള്ളുന്നത്.' 'ബുദ്ധിശൂന്യതയില്‍ സ്വയം നശിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യത്ത് ഹോമിച്ചു കളയാനുള്ളതല്ല തന്റെ ജീവിതം എന്നൊരു ഉള്‍വിളി അവനുണ്ടായിരുന്നു.' ഇത് അവിടുത്തെ ജനങ്ങളുടെ ചിന്തയെ ഏറെ സ്വാധീനിക്കുന്നു. നോവലില്‍ ഒരു കഥാപാത്രം പറയുന്നത് കേള്‍ക്കുക. 'പോകണമെന്ന് തോന്നിയാല്‍ ഉടന്‍ പോകണം മാമാ. ഒരു ബോംബില്‍ എപ്പോള്‍ വേണമെങ്കിലും തീര്‍ന്നു പോകാവുന്നവരാണ് നമ്മളൊക്കെ. ആശകളൊക്കെ അപ്പപ്പോള്‍ തീര്‍ക്കണം.' 'നിസ്സഹായരാണ്, ഇവിടെ ജീവിക്കുന്ന മനുഷ്യനും മൃഗങ്ങളും. ഭൂമി തുരന്നു തല നീട്ടി പുറത്തു വരുമ്പോഴേക്കും കരിഞ്ഞു പോകേണ്ടി വരുന്നു ഈ മണ്ണിലെ ചെടികള്‍ പോലും.' നന്നായി ഭരിക്കുന്ന രാജാവിന്റെ നാട്ടിലെ മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും പക്ഷികളും സസ്യങ്ങളും നന്നായിരിക്കും എന്ന് മഹാഭാരതത്തില്‍ വായിച്ചത് ഓര്‍മ്മ വരുന്നു. ഇന്നത്തെ ലോകത്തിന്റെ നേര്‍ ചിത്രമാണ് നോവലിസ്റ്റ് വരച്ചു കാണിക്കുന്നത്. പുരുഷനെപ്പോലെ എടുത്തു ചാടുന്ന മിഡില്‍ ഈസ്റ്റ്, എല്ലാറ്റിനും വഴങ്ങിക്കൊടുക്കുന്ന പഴയകാലത്തെ സ്ത്രീകളെപ്പോലെ ഇന്ത്യ, അവിടെയുമല്ല ഇവിടെയുമല്ല എന്ന മട്ടില്‍ നില്‍ക്കുന്ന കിഴക്കന്‍ രാജ്യങ്ങള്‍. നല്ല നാളെയുടെ പ്രതീക്ഷയുമായി പുതുമയുടെ കുതിപ്പിന് ഒരു രാജ്യത്തു നിന്ന് പരിശ്രമിക്കുന്നു. അതിന്റെ അനന്തരഫലം എന്തെന്ന് അറിയാതിരിക്കുമ്പോഴും ആ പരിശ്രമം തന്നെയാണ് സന്ദേശം എന്നിടത്ത് വായനക്കാരുടെ ചിന്ത ഉടക്കേണ്ടിയിരിക്കുന്നു.

നോവലിന്റെ തുടക്കം താല്പര്യജനകമാവും വിധം അലങ്കരിച്ചിട്ടുണ്ടെങ്കിലും പല പുതുമുഖ നോവലിസ്റ്റുകള്‍ക്കും പറ്റുന്നത് പോലെ, അടുത്ത അധ്യായങ്ങളില്‍ ആ ജിജ്ഞാസ നില നിര്‍ത്താന്‍ എഴുത്തുകാരി ബുദ്ധിമുട്ടുന്നതായി അനുഭവപ്പെട്ടു. കുറച്ചങ്ങോട്ട് പോയതില്‍ പിന്നെ പക്ഷെ, വളരെ നല്ല ഒരു വായനാനുഭവമാണ് നോവല്‍ നല്‍കിയത്. ചിന്തയും കഥയും കോര്‍ത്തിണക്കി വായനക്കാരുടെ സാമാന്യ സംശയങ്ങള്‍ക്കൊക്കെ ഒരു വിധം ഉത്തരം നല്‍കി നോവല്‍ അവസാനിപ്പിക്കുനന്തില്‍ ശ്രീദേവി വിജയിച്ചിരിക്കുന്നു. ഒരു പക്ഷെ, ഒന്നു കൂടി ഒതുക്കി ഈ നോവലിനെ പറഞ്ഞിരുന്നെങ്കില്‍ ഇതിന് കൂടുതല്‍ ഭംഗി വരുമായിരുന്നു. എന്നിരിക്കിലും ആദ്യത്തെ നോവല്‍ കൊണ്ട് തന്നെ തന്റെ സജീവ സാന്നിധ്യം അറിയിക്കുകയാണ് ശ്രീദേവി വടക്കേടത്ത് എന്ന നോവലിസ്റ്റ്. ഈ നോവലും ശ്രീദേവി എഴുതാനിരിക്കുന്ന മറ്റു നോവലുകളും മലയാളം വായിക്കുക തന്നെ ചെയ്യും.

മലയാള നോവല്‍ രാജ്യത്തിന്റെ അതിര്‍ത്തി കടക്കുന്നതായും ആഗോള പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതായും അടുത്തിടെ ഇറങ്ങുന്ന നോവലുകള്‍ നിരീക്ഷിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. നമുക്ക് പരിചിതമല്ലാത്ത സ്ഥലങ്ങളും പ്രശ്‌നങ്ങളും അനുഭവിപ്പിക്കുന്ന, അതിര്‍ത്തി കടന്നുള്ള ഒരു നോവല്‍ കൂടിയാണ് കൈകളില്‍ നീല അഞരമ്പുകളുള്ളവര്‍. (അതങ്ങനെയായിരിക്കുമ്പോഴും, തൃശൂര്‍ ഭാഷ മനോഹരമായി കൈകാര്യം ചെയ്യുന്ന ചില അധ്യായങ്ങളും ഇതിലുണ്ട്.)

'ദയയോടെ മനുഷ്യന്‍ പെരുമാറുന്നത് കാണുന്നതാണ് ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ച.' വീണു കിടക്കുന്നവരാണെങ്കിലും നിരാലംബര്‍ക്കും പരസ്പരം കൈത്താങ്ങിലൂടെ ഒത്തൊരുമിച്ചു ലോകത്തെ മനോഹരമായ ഒരിടമാക്കാം എന്ന സന്ദേശം പേറുന്ന കൈകളില്‍ നീല അഞരമ്പുകളുള്ളവര്‍ എന്ന നോവല്‍ നല്ല വായന വാഗ്ദാനം ചെയ്യുന്നു.

പ്രസാധനം - ഗ്രീന്‍ ബുക്‌സ് 
പേജുകള്‍ - 208 
വില - 245 രൂപ

Wednesday, April 24, 2019

മഴയുറുമ്പുകളുടെ രാജ്യം



അശ്വതി ശ്രീകാന്തിന്റെ Aswathy Sreekanth മഴയുറുമ്പുകളുടെ രാജ്യം എന്ന കവിതാ സമാഹാരത്തെപ്പറ്റിയുള്ള പോള്‍ സെബാസ്‌ററ്യന്റെ Paul Sebastian നിരൂപണം പങ്കു വെയ്ക്കുന്നു.
============================================


അശ്വതിയുടെ കവിതകളിലെല്ലാം ഭംഗിയായി ഒളിപ്പിച്ചു വെച്ചിരിക്കുന്ന ഒരു കഥയുണ്ട്. കവിതയുടെ അലക്കിട്ട ഭംഗിയുള്ള ഉടുപ്പിനുള്ളില്‍ ഒളിപ്പിച്ച നോവിന്റെയും നെടുവീര്‍പ്പിന്റെയും കഥകള്‍. ബുദ്ധിയുള്ള, മിടുക്കുള്ള വായനക്കാര്‍ക്ക് മാത്രമേ ഈ കഥകള്‍ വായിച്ചെടുക്കാനാവൂ. അല്ലാത്തവര്‍ കവിത വായിച്ചു നല്ല കവിത എന്നഭിപ്രായവും പറഞ്ഞു സന്തോഷിച്ചു മടങ്ങേണ്ടി വരും.

അശ്വതിയുടെ കവിതകളിലെല്ലാം അശ്വതിയുണ്ട്. അശ്വതിയുടെ മോഹങ്ങളും മോഹഭംഗങ്ങളും പ്രതീക്ഷകളും നിരാശകളും എല്ലാമുണ്ട്. ചിന്തകളും ഉന്മാദങ്ങളുമുണ്ട്. ഇന്നലെകളും നാളെകളുമുണ്ട്. അത്ര പെട്ടെന്നൊന്നും ആരും കടന്നു വരില്ലെന്നുറപ്പുള്ള മുറിയില്‍ ഒരാള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യ ബോധത്തോടെ ചിന്തകള്‍ വിളിച്ചു പറയുന്ന ഒരാള്‍. നിരീക്ഷണബുദ്ധിയോടെയും അന്വേഷണാത്മക മനസ്സോടെയും എത്തുന്നവര്‍ക്ക് മാത്രം അത് പിടിച്ചെടുക്കാം. അല്ലാത്തവര്‍ക്ക് നല്ല ഭാവന എന്ന് അഭിനന്ദനം പറഞ്ഞു മടങ്ങിപ്പോകാം.

ഈ കവിതാസമാഹാരം തുടങ്ങുന്നത് തന്നെ പനി എന്ന ഒരു സുന്ദര കവിതയിലൂടെയാണ്.

'പനിക്കിടക്കയിലെത്തിയ ചുക്കുകാപ്പി 
ഊതിയിറക്കിയപ്പോഴാണ് 
പത്താണ്ടു കഴിഞ്ഞിന്നലെ നീ 
തൊണ്ടയില്‍ വന്നു കുരുങ്ങിയത്
പുകഞ്ഞു നീറിയത്...'

എന്ന അഞ്ചു വരിയില്‍ പറഞ്ഞു തുടങ്ങുന്ന കവിത

'പത്താണ്ടു കഴിഞ്ഞിന്നലെയാവണം 
തൂക്കുപാത്രമെടുത്ത് വരമ്പു മുറിച്ചത് 
ചെരുപ്പ് വള്ളിയിടാന്‍ കുനിഞ്ഞിരുന്നത് 
നിന്റെ കുടയ്ക്കകത്തും പുറത്തും മഴ വന്നത് 
തോര്‍ത്തും മുന്നേ പനി വന്നത് 
ഇല്ലിക്കൂട്ടത്തിലൊരു കുളക്കോഴി പമ്മിയത്...' എന്നും 
'നിന്റെ ഉമ്മകള്‍ക്കിപ്പോഴും പനിയുണ്ടെന്ന്
പിച്ച് പറഞ്ഞത്, പനി കടുത്തത്' എന്നും ഒരൊറ്റ പേജില്‍ പറഞ്ഞു തീരുമ്പോഴേക്കും ഒരു കഥ പറഞ്ഞു വെക്കുന്നു. ചുരുങ്ങിയ വാക്കുകളില്‍ കവിത നിറച്ച, ആഴത്തിലുള്ള ചിന്ത നിറച്ച നല്ലൊരു കഥ. ഈ ശൈലി സമാഹാരത്തിലുടനീളം അശ്വതി നില നിര്‍ത്തിയിട്ടുണ്ട്. ഇതിലെ കഥ കണ്ടെടുക്കുക അത്ര ശ്രമകരമല്ലെങ്കിലും ആസ്വദിച്ചു വായിച്ചത് കണ്ടെടുക്കുക എന്നത് ആനന്ദകരമാണ്; കഥ അത്ര ശുഭപര്യവസായിയല്ലെങ്കിലും.

'കടല്‍ വഴി' എന്ന കവിതയും 'നമ്മക്കിവിടെ ജീവിക്കേണ്ടേ' എന്ന അവസാനത്തെ കവിതയുമാണ് പിന്നെ എനിക്ക് ഈ സമാഹാരത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ടത്.

ഇതില്‍ 'കടല്‍ വഴി' എന്ന ചെറിയ കവിത തീക്ഷ്ണത കൊണ്ടും ഉപയോഗിച്ചിരിക്കുന്ന പ്രതീകങ്ങളുടെ സമ്പുഷ്ടത കൊണ്ടും വേറിട്ട് നില്‍ക്കുന്നു.

'ചക്രവാളങ്ങളെയും സൂര്യനെയും 
വിഴുങ്ങിയൊരു കടല്‍ 
ഭൂപടത്തിന്റെ പെന്‍സില്‍ അതിര്‍ത്തിയില്‍ 
ചരുണ്ടു കിടപ്പുണ്ട് 
ദിക്കു മറന്നൊരു വടക്കുനോക്കി, 
ദിശ തെറ്റിയൊരു കാറ്റ് 
മുകള്‍ത്തട്ടിലൊരു 
കനം പോയ നങ്കൂരം!'

ഓരോ വാക്കിനും ഓരോ വരിക്കും ഒരു കടലാഴമുണ്ട്. ഒരു കൊടുങ്കാറ്റിന്റെ കഥ പറയാനുണ്ട്.

'ഉള്ളിലൊരു ചൂണ്ടക്കൊളുത്തിന്റെ 
ആഴത്തില്‍ മുറിവുണ്ട്.
ഉപ്പ് തൊട്ടാല്‍ നീറാത്തത് 
ഇരുട്ടില്‍ മാത്രം കാണാവുന്നത്'

ജീവിതത്തിന്റെ ഉള്ളറകളിലേക്ക്, രഹസ്യങ്ങളിലേക്ക്, പ്രശ്‌നങ്ങളുടെ വേരുകളിലേക്ക് നമ്മെ കൊണ്ടെത്തിച്ചു കവയിത്രി നമ്മെ വിസ്മയിപ്പിക്കുന്നു.

'ഭൂമി കടലിനോട് ചെയ്ത ഉടമ്പടിയില്‍,
വേലിയേറ്റത്തിന്റെ പുതിയ നിയമത്തില്‍,
ദൈവത്തിന്റെ കുറിപ്പടിയില്‍ 
ഒക്കെയും ചെകുത്താന്റെ കള്ളയൊപ്പ്...!'

'നമ്മക്കിവിടെ ജീവിക്കേണ്ടേ?' എന്ന കവിത തീര്‍ത്തും പ്രസക്തമായ ആനുകാലിക വിഷയങ്ങളെ ഏറ്റവും ലളിതമായി അതേ സമയം അതിന്റെ ഭീകരത മുഴുവനും കാണിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുകയാണ്. മുന്‍പൊക്കെ, ഒരു കൊക്കിനെ കാണാതായാല്‍ പാടം ചോദിക്കാന്‍ വരുമായിരുന്നു. വര്‍ക്കിച്ചേട്ടന്റെ വിരല്‍ തോക്കിന്റെ കാഞ്ചിയില്‍ അമരുമ്പോള്‍ 
'ന്റെ ചിറകേ, ന്റെ വെളുപ്പേ'ന്ന് പാടം നിന്ന് മോങ്ങി.'
'കല്ലേല്‍മുട്ടിയെ കാണുന്നില്ലെന്ന് പറഞ്ഞു പുഴ മുറ്റത്ത് വന്ന് നില്‍പ്പാണ്.' 
'പിള്ളേരെ ഏല്പിച്ചു പോയ അണ്ണാനെ നോക്കി മരമെല്ലാം മുറ്റത്തു നില്‍പ്പാണ്.' ഇങ്ങനെയൊക്കെയായിരുന്നു പണ്ട്.

'അന്ന് ചോദിക്കാന്‍ വന്ന പാടോം പുഴേം മരോം 
ഇപ്പൊ എവിടാന്നറിയാവോ നിങ്ങക്ക്?'

'നമ്മള് മനുഷ്യന്മാര്‍ക്കിവിടെ ജീവിക്കണ്ടേ?'

എന്ന് പറഞ്ഞു കവിത നിര്‍ത്തുമ്പോള്‍ നാം അക്ഷരാര്‍ത്ഥത്തില്‍ നിശ്ശബ്ദരാകും. കാരണം ആ ശബ്ദം നമ്മുടേതായിരുന്നു.

പ്രതീകങ്ങളുടെ തിരഞ്ഞെടുപ്പിലെ കൃത്യതയും സൂക്ഷ്മതയും സംവേദനക്ഷമതയും കവിതയെ ആസ്വാദ്യകരമാക്കുന്നതില്‍ ഏറെ നിര്‍ണ്ണായകമാണ്. ഈ കല നന്നായി അറിയുന്നവളാണ് അശ്വതി ശ്രീകാന്ത്. അപൂര്‍വ്വം ഇടങ്ങളില്‍ ഈ ബിംബങ്ങളെ നേരിട്ട് കാണിച്ചു തന്ന് വിസ്മയിപ്പിക്കുമ്പോഴും ഭൂരിഭാഗം സമയവും അവയില്‍ ഒരു രഹസ്യ സ്വഭാവം നില നിര്‍ത്തി അത് കണ്ടു പിടിക്കുന്ന വായനക്കാര്‍ക്കുള്ള സമ്മാനമാക്കുന്നുണ്ട്.

മഴയെയും മരണത്തെയും ഒന്നൊന്നിന് പകരം വെക്കുന്ന മഴ എന്നൊരു കവിതയില്‍ ആത്മഹത്യയുടെ ഓരോ സാധ്യതയും മഴയോട് ചേര്‍ത്ത് പറയുന്നത് ഏറെ നന്നായി അവതരിപ്പിക്കുന്നുണ്ട്.
'ചൂളം കുത്തുന്ന തീവണ്ടി കയറി 
ചിന്നി ചിതറുന്നതാണ് ചില മഴകള്‍.'
'പുഴയുടെ പൊക്കിള്‍ച്ചുഴിയില്‍ ഉന്മാദം നിറയ്ക്കുന്ന മഴയുണ്ട് 
ആരുമറിയാത്ത ഒളിമഴ.' 
'കൈത്തണ്ടയില്‍ തൊട്ട് ഭ്രമിപ്പിച്ചു വിളിക്കും 
മൗനമായി ചില മഴകള്‍.'

കാറ്റായും കടലായും നിഴലായും മഴയായും നിലാവായും നക്ഷത്രക്കുഞ്ഞുങ്ങളായും പച്ചക്കുതിരയായും പല്ലിയായും അവ നമ്മെ മോഹിപ്പിക്കും.

തീവണ്ടിയായും സൂര്യനായും വെയിലായും പെന്‍സിലറ്റമായും തൊപ്പി പോയ അടക്കയായും കനം പോയ നങ്കൂരമായും മെഴുകുതിരിവെട്ടത്തിന്റെ നിഴലായും ഒക്കെ നമ്മെ ഭയപ്പെടുത്തും.

പ്രതീകങ്ങളുടെ ഭംഗി അത് ചേര്‍ത്തുണ്ടാക്കുന്ന വരികളുടെ അര്‍ത്ഥത്തിലും അതടുക്കുന്ന രീതിയിലുമാണ് തിരിച്ചറിയുക. അതിനാല്‍ ചില വരികളെ കൂടെ ചേര്‍ക്കുന്നു.

'നിന്നെ കാണാതായ വൈകുന്നേരമാണ് 
ഒറ്റമുണ്ടെടുത്തൊരു കാറ്റ് മല കയറിയത്.'

'മഷിച്ചാല് വരണ്ടൊരു സ്വര്‍ണ്ണപ്പേന
തിരിഞ്ഞും മറിഞ്ഞും കിടന്ന് മുഷിഞ്ഞുപോയൊരു വിവാഹക്കുറി 
ഒറ്റക്കണ്ണ് തുരക്കാനെത്തുന്ന താക്കോല്‍ക്കൂട്ടമല്ലാതെ മറ്റാരും കണ്ടിരിക്കാനിടയില്ലാത്ത ഇരുട്ടിലെ രഹസ്യങ്ങള്‍'

'പിന്നാലെ കുറുകിപ്പറന്ന ആണ്‍ ചിറകുകളൊന്നും 
നിന്നോളമില്ലെന്ന് അവളുടെ നാണം.'

'എന്റെ നിഴലിനെ നീ പൂട്ടിവെച്ച 
പഴയ തടിയലമാര'

'വഴികാട്ടാന്‍ വരുന്ന പെന്‍സിലറ്റത്തെ 
ഭയന്നോടുന്ന മുയല്‍ക്കുഞ്ഞുങ്ങളുണ്ട്.'

'കട്ടച്ചെമ്പരത്തിയിലെ പൂവുകളിലൊന്നിന് 
കാറ്റിന്റെ മുഖമാണെന്ന് അവന്‍ 
അല്ല, അമ്മപ്പകര്‍പ്പെന്നവള്‍.'

'അറകള്‍ നാലിലും പുഴവെള്ളമാണ്. അതിലെന്നോ വീണുപോയ നക്ഷത്രങ്ങളുടെ നിഴലുകളുണ്ട്. ഒഴുക്ക് മുറിഞ്ഞിടം തുന്നിച്ചേര്‍ത്ത സൂചിപ്പാടുകളുണ്ട്.'

'ഒറ്റയാനുള്ള കാട്ടിലൂടെ നമ്മുടെ രാത്രിസഞ്ചാരങ്ങള്‍!...നിന്റെ ഒറ്റചൂട്ടു വെളിച്ചത്തില്‍...'

'നിലാവിനെ ഒളിച്ചു കടത്തുന്ന ഇലവഴികള്‍ 
വേരുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന നക്ഷത്രപ്പൂവുകള്‍'

അശ്വതിയുടെ ചില കവിതകളെങ്കിലും നമ്മെ ഓര്‍മകളുടെ ആകാശത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നതാണ്. ഇന്നലെകളുടെ ഓര്‍മകളെ കവിതയുടെ കുപ്പായമിടുവിച്ചു നമ്മിലേക്ക് കണ്ണെഴുതുമ്പോള്‍ ചിമ്മാത്ത കൃഷ്ണമണികളോടെ വായനക്കാര്‍ അവയെ നെഞ്ചേറ്റുമെന്നുറപ്പ്.

'പുഴക്കിലുക്കത്തെ തോല്‍പ്പിക്കാന്‍ 
പറയാതിറങ്ങിപ്പോയൊരു വെള്ളിക്കൊലുസുണ്ട്.'

'കണക്ക് തെറ്റാത്ത തലക്കുറിയിലെ ഇരുട്ട് കയറി മങ്ങിയ രാജയോഗം'

'നീയെന്റെ ഒളിസങ്കേതവും വെള്ളിയാഴ്ചയും ആയിരുന്നു.
...............................
ചുവന്ന പൊട്ടുകള്‍ ഒട്ടിച്ച കണ്ണാടിയുമായിരുന്നു.
മുഷിഞ്ഞിട്ടും മാറാത്ത മടി പിടിച്ചൊരു ഉടുപ്പായിരുന്നു.'

'ഓടിന്റെ വിള്ളലിലൂടെ മഴ അടുക്കള കാണാനെത്തും.
മാറാലച്ചൂലുകൊണ്ട് അമ്മയാ വഴികളെ കുത്തിനോവിക്കും.
അമ്മ തോല്‍ക്കുമ്പോള്‍ 
വക്കടര്‍ന്ന കഞ്ഞിക്കലം അടുക്കളമഴയെ ഗര്‍ഭം കൊള്ളും'

'അലക്കുകല്ലുകളെ വിഴുങ്ങിയ തോട് പറമ്പുകയറി മലര്‍ന്നു കിടക്കും...'

'ഇരുമ്പു ചട്ടിയില്‍ നൂറ്റാണ്ടുകളായി 
കടല വറുക്കുന്ന വൃദ്ധനെ കാണുമ്പോഴല്ലാതെ...'
'ഉടലുരുമ്മാനൊരു വിളക്കുകാല്‍ തേടുന്ന 
വയറു വീര്‍ത്ത പൂച്ചകളെ കാണുമ്പോഴല്ലാതെ' 
'കഴിഞ്ഞ ജന്മത്തിലെങ്ങോ 
ഞാനും നീയും മാത്രം ജീവിച്ചിരുന്ന
ഈ നഗരത്തില്‍ നില്‍ക്കുമ്പോള്‍ 
ഞാനെന്തിന് നിന്നെയോര്‍ക്കണം?'

അശ്വതിയുടെ കവിതയുടെ പരിസരങ്ങള്‍ നമ്മെ നമ്മുടെ ജീവിതപരിസരങ്ങളിലേക്ക് അടുപ്പിക്കുന്നുണ്ട്. നമുക്ക് ചുറ്റുമുള്ള വ്യക്തിജീവിതങ്ങളും കുടുംബ ജീവിതവും സ്ത്രീ അവസ്ഥയും ഒക്കെ തന്നെയാണ് അശ്വതിയുടെ കവിതകളുടെ പ്രധാന വിഷയങ്ങള്‍. മുറിവേറ്റ ബാല്യം പേറുന്ന പെണ്‍കുട്ടികളെപ്പറ്റി, അവരെ വേട്ടയാടാന്‍ കാത്തു നില്‍ക്കുന്ന പൂച്ച നഖങ്ങളെപ്പറ്റി, പ്രലോഭനങ്ങളില്‍ വീണുപോകുന്ന പെണ്ണുങ്ങളെപ്പറ്റി, നിരാശയില്‍ പെട്ട് വീട്ടകങ്ങളില്‍ കഴിയുന്ന ഒരു പാട് സ്ത്രീകളെപ്പറ്റി, പെണ്മക്കളെപ്പറ്റി ആകുലപ്പെടുന്ന അമ്മമനസ്സുകളെപ്പറ്റി...അശ്വതിക്ക് പറയാനുള്ളത് കൂടുതലും അവര്‍ക്ക് വേണ്ടിയും അവരെപ്പറ്റിയുമാണ്.

പല്ലി എന്ന കവിത ഈ ആകുലതയുടെ ഒന്നാന്തരം ദൃഷ്ടാന്തമാണ്. 
':അവനൊരു നുണ പറയുന്നു. 
അവളത് കേട്ട് നില്‍ക്കുന്നു.
വിളറിയൊരു പല്ലിയപ്പോള്‍ 
വീര്‍ത്ത വയറുമായി 
മരത്തൂണിന്റെ പിന്നിലൊളിക്കുന്നു.'

'അവന്റെ കണ്ണുകള്‍ ഒന്ന് പാളി 
മരത്തൂണു ചുറ്റുകയും 
പല്ലിവയറിലെത്തുകയും ചെയ്യുന്നു. 
ഉള്ളാന്തിപ്പോയ പല്ലി 
ഉത്തരത്തിലേക്ക് തിരിഞ്ഞോടുന്നു.'

എല്ലാ അവസ്ഥകളിലും മരണത്തിലേക്ക്, ആത്മഹത്യയിലേക്ക് നീങ്ങുന്ന ഇരകളെയാണ് അശ്വതിക്ക് കാണാനാവുന്നത്. അല്ലെങ്കില്‍ അതാണ് അശ്വതിയുടെ പേടി.

'കറുത്ത കലണ്ടറക്കങ്ങള്‍ കടന്ന് 
നമ്മളൊരു ചുവപ്പിലെത്തുമ്പോള്‍ 
പറയാതെ ഞാന്‍ ഇറങ്ങിയേക്കും.
അപ്പോള്‍ ഇരുമ്പു പാളങ്ങളുടെ 
കര്‍ക്കശ്യത്തെ കൂവിത്തോല്‍പ്പിച്ച് 
അടുത്ത ജന്മത്തിലേക്കൊരു തീവണ്ടി പായും'

'അവനെന്നെ കാണാതെ കരയുമെന്നോര്‍ത്താണ് 
ചിറകുകള്‍ ഉണ്ടായിരുന്നിട്ടും പറക്കാതിരുന്നത്'

മാറ്റൊലി എന്ന കവിതയില്‍ മകളെ അന്വേഷിച്ചു പോയി നിരാശയായ ഒരമ്മയുടെ ചിത്രം കാണാം.
'ഗതി കിട്ടാത്തൊരു കാറ്റിപ്പോള്‍ മലയിറങ്ങുകയാണ്.
മകളേയെന്നൊരു മാറ്റൊലി മലയില്‍ ബാക്കിയാവുകയാണ്.'

'വില' എന്ന കവിതയിലും സ്ത്രീ സത്വത്തിന് വേണ്ടിയുള്ള ഈ പൊരുതല്‍ കാണാം. 
''വൈ'യെക്കാള്‍ വില കിട്ടിയ എക്‌സ്.
അടുത്ത ബെല്ലുവരെ കറുപ്പില്‍ വെളുത്ത് കിടന്നു.
പിന്നെയത് ചെമ്പരത്തിപ്പൂവിന്റെ ഛേദത്തിനു വഴി മാറി 
അപ്പോഴേയ്ക്കും പിന്‍ ബെഞ്ചിലെ അമ്മ 
കുഞ്ഞു പെണ്ണെന്നുറപ്പിച്ചിരുന്നു.'

'വൈ'യെക്കാള്‍ വില എക്സിനാണെന്നു പറഞ്ഞ 
ക്ളാസ് മുറിയിലേക്ക് പാലുവറ്റാത്തൊരമ്മ നീട്ടി തുപ്പി!

കുഞ്ഞു കുട്ടികളെപ്പോലും വെറുതെ വിടാത്ത പീഡകരെപ്പറ്റി ആകുലപ്പെടുന്ന കവയിത്രി കുട്ടിക്കളി എന്ന കവിതയില്‍ പറയുന്നു.
'കഥാപുസ്തകവും കൊണ്ടയാള്‍ രാവും പകലുമിരുന്നിട്ടും 
മുയല്‍ക്കുഞ്ഞുങ്ങളൊന്നും ഇന്നേ വരെ വീടെത്തിയിട്ടില്ല.
വാഗ്ദാനം ചെയ്യപ്പെട്ട ക്യാരറ്റുകള്‍ അവര്‍ക്കൊട്ട് കിട്ടിയതുമില്ല.'

ബന്ധങ്ങളുടെ കെട്ടുറപ്പില്‍ വിശ്വസിക്കുമ്പോഴും ഒറ്റപ്പെടലിന്റെ നൊമ്പരം പേറുന്ന ഹൃദയങ്ങളെയും മഴയുറുമ്പുകളുടെ രാജ്യത്ത് അശ്വതി പൊട്ടു കുത്തിക്കുന്നുണ്ട്.

വരവ് എന്ന കവിതയില്‍ ഇങ്ങനെ കുറിച്ചിട്ടുണ്ട്. 
'എന്റെ പുസ്തകത്തില്‍ ഇന്നും നീയിട്ട അടിവരകള്‍ മാത്രമാണ് ചുവന്നു കിടക്കുന്നത്.
എന്റെ ആകാശം ഇപ്പോഴും നീ ചൂണ്ടിയ വിരലറ്റത്താണ്.' എന്ന് പറയുന്ന കവിതയുടെ അവസാനം, 
'ഞാനീ ജപിച്ച ചരടുകള്‍ അഴിക്കുകയാണ് 
ജനാലപ്പാളികള്‍ തുറക്കുകയാണ്.
പകലുറക്കങ്ങള്‍ തികയാത്ത പെണ്ണെ 
എന്റെ സ്വപ്നങ്ങളിലേക്കെത്താന്‍ 
നിനക്ക് എത്ര പ്രകാശ വര്‍ഷങ്ങള്‍ താണ്ടണം' എന്ന് പറഞ്ഞു കൊണ്ടാണ്. 
അകക്കൂട്ട് എന്ന കവിതയില്‍ പറയുന്നത്തിനോട് ചേര്‍ത്ത് വായിച്ചാലേ ഈ അവസ്ഥ പൂര്‍ണ്ണമായി മനസ്സിലാവൂ. 
'കൂട്ടുകാരില്ലാത്തൊരുടെ വഴിയിലന്നേരം 
ഒറ്റയ്‌ക്കൊരു സൂര്യന്‍ താണിറങ്ങി നോക്കി നില്‍ക്കും.'
ഇരുട്ടും മുന്‍പൊരു കവിതയുമെടുത്ത് 
ധൃതിയില്‍ ഞാന്‍ തിരികെ നടക്കും 
പരിചയം നടിക്കുന്ന 
വിളക്കുകാലുകളെ കണ്ടില്ലെന്ന് നടിക്കും.
അപ്പോള്‍ ഞാന്‍ തികച്ചും തനിച്ചായിരിക്കും.'

അധികം കവിതകളൊന്നും വായിക്കുന്ന ആളല്ല ഞാന്‍. പക്ഷെ, ഞാന്‍ ആസ്വദിച്ചു വായിച്ച ഒരു കവിതാ സമാഹാരമാണ് മഴയുറുമ്പുകളുടെ രാജ്യം. വരികളുടെ സൗന്ദര്യം കൊണ്ടും അര്‍ത്ഥവ്യാപ്തി കൊണ്ടും അതിലുപരി അവ നല്‍കുന്ന സന്ദേശങ്ങളെക്കൊണ്ടും വീണ്ടും വീണ്ടും വായിക്കാന്‍ ഇഷ്ടപ്പെട്ട ഒരു കൃതി. ഒട്ടുമിക്ക കവിതാ സമാഹാരങ്ങളിലും നല്ല നിലവാരം പുലര്‍ത്തുന്നവയുടെ എണ്ണം പകുതിയോളമേ ഉണ്ടാവൂ. ഭൂരിഭാഗം പുതുകവിതാ സമാഹാരങ്ങളെടുത്താലും അവയില്‍ മികച്ചവ കൈ വിരലിലെണ്ണാവുന്നത്ര പോലും ഉണ്ടാവണമെന്നില്ല. അതേ സമയം, മഴയുറുമ്പുകളുടെ രാജ്യം എന്ന കവിതാ സമാഹാരത്തില്‍ എണ്‍പത് ശതമാനത്തിന് മുകളില്‍ മികച്ച കവിതകളാണ് എന്നത് അശ്വതി ശ്രീകാന്തിന്റെ Aswathy Sreekanth കവിതാസമാഹാരത്തെ വേറിട്ട് നിര്‍ത്തുന്നു. നിഷ്പക്ഷമായ വായനക്കാര്‍ക്കും അംഗീകാരങ്ങള്‍ക്കും ഈ പുസ്തകത്തെ തഴയാന്‍ സാധിക്കുകയില്ലെന്നുറപ്പ്.

ഉന്മാദങ്ങളെ ഹൃദയത്തിലെഴുതുന്നവളുടെ ഉള്ളുരുക്കങ്ങളുടെ നെടുവീര്‍പ്പുകള്‍ അക്ഷരങ്ങളായി നനഞ്ഞ ചുവരുകളില്‍ പടര്‍ന്നു കയറുമ്പോള്‍ വരയ്ക്കപ്പെടുന്ന ഭൂപടത്തില്‍ പലതും വായിച്ചെടുക്കാന്‍ നാം നമ്മുടെ ഭാവനയുടെ പേനകളില്‍ മഷി നിറച്ചേ പറ്റൂ. ചിറകറ്റ പക്ഷിയുടെ നൊമ്പരം ഏറ്റു വാങ്ങുന്ന പ്രകൃതിയെയും ബാല്യത്തിന്റെ മുറിവുകള്‍ പേറുന്ന കുഞ്ഞുടുപ്പുകളെയും അകത്തളങ്ങളില്‍ നെടുവീര്‍പ്പിട്ട് നിരാശ പേറുന്നവരുടെ സ്വാതന്ത്ര്യമോഹത്തെയും പ്രണയത്തിന്റെ ഉന്മാദം ഉള്‍ച്ചേര്‍ന്ന യാത്രകളെയും അങ്ങനെയങ്ങനെ മഴയുറുമ്പുകളുടെ രാജ്യത്തെ ആകാശം നമുക്കിഷ്ടപ്പെടാന്‍ ഒട്ടേറെ വഴിയോരക്കാഴ്ചകള്‍ ഒരുക്കിവെച്ചിട്ടുണ്ട്. ചിത്രശലഭങ്ങള്‍ പറക്കുന്ന ചിത്രങ്ങള്‍ വരയ്ക്കാനുള്ള ചുവരുകള്‍ തയ്യാറുള്ളതിനാല്‍ കളര്‍ പെന്‍സിലുകളും കരുതുക. അല്ലെങ്കില്‍ വേണ്ട, ചിത്രശലഭങ്ങളെ നിങ്ങളുടെ കൂടെ പോരാന്‍ അനുവദിക്കുക. നിങ്ങള്‍ക്ക് ഈ യാത്ര ഇഷ്ടപ്പെടുക തന്നെ ചെയ്യും.

പ്രസാധനം - സൈകതം ബുക്‌സ് (Sangeetha Justin)
പേജ് - 64 
വില - 60 രൂപ