കാറ്റ് പോലെ ചിലതിനെപ്പറ്റി തേനഴുത്തിന്റെ ഗ്രന്ഥകാരന്‍ സി പി ചെങ്ങളായി എഴുതിയ ആസ്വാദനം പങ്കു വെയ്ക്കുന്നു.
ഒരു ഡിജിറ്റല്‍ ആത്മഹത്യ
സി.പി. ചെങ്ങളായി
................................................
കൈയ്യിലെ സ്മാര്‍ട്ട് ഫോണ്‍ തല്ലിപ്പൊട്ടിച്ച് ദൂരേക്ക് വലിച്ചെറിയണമെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. വിവരസാങ്കേതിക രംഗവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിക്കുക. ഒരു ഡിജിറ്റല്‍ ആത്മഹത്യ. പക്ഷേ, അതിന് കഴിയാറില്ല. ആശയങ്ങളും ആക്ഷേപങ്ങളും അഭിപ്രായങ്ങളും ആത്മപ്രശംസകളും സ്റ്റാറ്റസില്‍ കുത്തിനിറച്ചും പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയും ആത്മരതിയില്‍ അഭിരമിക്കുന്നതിന്റെ ഹരം കുറയുന്നതേയില്ല. പ്രത്യയശാസ്ത്രങ്ങളിലെ നിലപാടുകളുമായി സംവാദത്തിലേര്‍പ്പെടുമ്പോള്‍ സഹിഷ്ണുത നഷ്ടപ്പെട്ട് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ചെളികള്‍ വലിച്ചെറിഞ്ഞ് മറ്റുള്ളവരുടെ ചുവരുകള്‍ കൂടി വൃത്തികേടാക്കുന്ന കാഴ്ചകള്‍ ദിനംപ്രതി കണ്ടു മടുത്തെങ്കിലും പിന്നെയും സ്‌ക്രോള്‍ ചെയ്ത് സ്‌ക്രോള്‍ ചെയ്ത് പുതിയത് ചികഞ്ഞുകൊണ്ടേയിരിക്കും. ട്രോളുകളും സൈബര്‍ പോരാളികളുടെ തള്ളും തമ്മില്‍ത്തല്ലും കണ്ട് കഴുത്ത് കഴക്കുകയും കാഴ്ച മങ്ങുകയും ചെയ്തു. എത്രയെത്ര വിലപ്പെട്ട മണിക്കൂറുകളാണ് വിരല്‍ത്തുമ്പില്‍ ഇങ്ങനെ നഷ്ടപ്പെട്ടുപോകുന്നത്. ഈ സ്മാര്‍ട്ട് ഫോണ്‍ കൈയ്യില്‍ കിട്ടിയതില്‍പ്പിന്നെ പലപ്പോഴും തലയുയര്‍ത്തി നടക്കാന്‍ കഴിയാറില്ല. പ്രകൃതിയിലേക്ക് നോക്കാറില്ല. മുറിയിലെ നീലവിരി നീക്കി ചില്ലുജാലകത്തിലൂടെ വള്ളികള്‍ പടര്‍ന്നു കയറിയ കമ്പിവേലിക്കപ്പുറത്ത് മരുഭൂമിയില്‍ വീണു കിടക്കുന്ന വെണ്‍മേഘങ്ങളുടെ സൗന്ദര്യം ആസ്വദിക്കാറില്ല. ഒരുമിച്ചിരുന്ന് സുഹൃത്തുക്കളുടെ മുഖത്തു നോക്കി സംസാരിക്കാറില്ല. റോഡു വക്കില്‍ വിരിഞ്ഞു നില്‍ക്കുന്ന പൂക്കളെയും മരക്കൊമ്പില്‍ വന്നിരിക്കുന്ന കിളികളെയും നോക്കാറില്ല. പകരം ആരൊക്കെയോ പോസ്റ്റിയ ഡിജിറ്റല്‍ പൂക്കളെയും പുഴകളെയും തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ ലൈക്കിയും കമന്റിയും നിര്‍വൃതിയടയുന്നു.
നമ്മുടെ അറിവുകളും അനുഭവങ്ങളും സ്വപ്നങ്ങളും പങ്കുവക്കാനും വര്‍ദ്ധിപ്പിക്കാനും ഒരു പരിധിവരെ മനുഷ്യബന്ധങ്ങളെ എളുപ്പമാക്കാനും ഈ സാങ്കേതികവിദ്യ സഹായകമാകുന്നു എന്നത് യാഥാര്‍ത്ഥ്യം തന്നെ. നമ്മുടെ ജീവിത രീതികളെ എത്രവേഗമാണ് ഇത് മാറ്റിമറിച്ചത്. ലോകം മുഴുവനും വ്യാപിച്ചു കിടക്കുന്ന സൗഹൃദവലയങ്ങള്‍. നവ എഴുത്തുകാര്‍ക്കും കലാകാരന്മാര്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും പങ്കുവെക്കുവാനും ഒരു ജാലകമാണിത്. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ അടിമപ്പെട്ടു പോയ പലരും ഇതില്‍ നിന്നെല്ലാം ഒരിക്കലെങ്കിലും വിട്ടു നില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. സ്വസ്ഥമായി ഒരിടത്തിരുന്ന് സാങ്കേതികയുടെ കെട്ടുപാടുകളില്ലാതെ ജൈവിക ലോകത്തെ നൈര്‍മല്യം ആസ്വദിക്കണമെന്ന് വിചാരിക്കുന്നവരാണ്. പക്ഷേ, രക്ഷപെടാനാവാതെ ഒരു മായിക വലയത്തില്‍പ്പെട്ടതു പോലെയാണ് മിക്കവരും. എന്നാല്‍ നിരഞ്ജന ഒരു ഉറച്ച തീരുമാനത്തിലെത്തുകയായിരുന്നു. അവള്‍ ഡിജിറ്റല്‍ ആത്മഹത്യ തന്നെ ചെയ്തു. തന്റെ മുന്തിയ സ്മാര്‍ട്ട് ഫോണും ലാപ്‌ടോപും ഇരുമ്പുവടി കൊണ്ട് തല്ലിപ്പൊട്ടിക്കുകയും അതിന്റെ അവശിഷ്ടങ്ങള്‍ കത്തിച്ചു ചാരമാക്കി അടുക്കളപ്പുറത്തെ മണ്ണിലേക്ക് പറത്തുകയും ചെയ്തു. ഈ സാങ്കേതിക ബന്ധം പൂര്‍ണമായും ഉപേക്ഷിച്ച് അവള്‍ മകനെയും കൂട്ടി മലയന്‍ തുരുത്തിലെ ഒരു കൊച്ചു വീട്ടിലേക്ക് താമസം മാറുകയായിരുന്നു.
നിരജ്ഞന കിടപ്പറരംഗം പ്രൊഫൈല്‍ പിക്ചറാക്കിയതിനുശേഷമാണ് ഋഷിയുമായുള്ള ദാമ്പത്യബന്ധം വേര്‍പിരിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ വാദപ്രതിവാദങ്ങളിലൂടെ വളര്‍ന്നു വന്ന അടുപ്പം പ്രണയമായി പൂക്കുകയും അത് വിവാഹമായി പുഷ്പിക്കുകയും ചെയ്തു. എഫ്.ബി. ഫ്രണ്ട്‌സിനിടയില്‍ പ്രത്യേക ശ്രദ്ധയും ആകര്‍ഷണവും ലഭിക്കുന്നതിന് ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതുമായ ഫോട്ടോകള്‍ ഇരുവരും ചേര്‍ന്ന് പോസ്റ്റ് ചെയ്യാറുണ്ട്. അത് അതിരു കടന്നതാണ് അവരുടെ ജീവിത നിപാതത്തിന് നിദാനമായത്.
നമുക്ക് നഷ്ടപ്പെട്ടു പോയ ഒരു ജൈവിക ലോകത്തെക്കുറിച്ചാണ് 'കാറ്റ് പോലെ ചിലതി'ല്‍ നോവലിസ്റ്റ് വരച്ചു കാട്ടുന്നത്. ഒരു നിമിഷമെങ്കിലും പ്രകൃതിയുടെ മടിത്തട്ടിലെ ഈ സ്വര്‍ഗ ഭൂമിയില്‍ ജീവിക്കണമെന്ന് കൊതി തോന്നിപ്പോകുന്ന വര്‍ണ്ണനകളാണ് ഇതില്‍ നിറയെ. ആകാശത്ത് മുട്ടി നില്‍ക്കുന്ന മലനിരകള്‍... കൃഷിനിലങ്ങള്‍... നീരുറവകള്‍ ...ഒരു കൊച്ചു വീട്... പശുവും ആടും തള്ളക്കോഴിയും കോഴിക്കുഞ്ഞുങ്ങളും മുയല്‍ക്കുഞ്ഞുങ്ങളും പൂച്ചയും (ജൂലി) പട്ടിയും (ഡോണ്‍ )... കാറ്റും മഴയും ഇടിമിന്നലും... പ്രകൃതിയെ മുഴുവനും ഈ തുരുത്തിലേക്ക് ആവാഹിച്ചതു പോലെയാണ് ഓരോ ദൃശ്യങ്ങളും ഒപ്പിയെടുത്തിരിക്കുന്നത്.
ഇന്ത്യയിലെ മുതിര്‍ന്ന ഒരു കമ്പനിയുടെ ഡിവിഷണല്‍ സി.ഇ.ഒ.സ്ഥാനത്തേക്കുള്ള മത്സരത്തിനിടയില്‍ സാങ്കേതിക മേഖലയില്‍ നിന്നും എളേമ്മയില്‍ നിന്നു പോലും അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങളില്‍െ മനം നൊന്ത് ആത്മഹത്യ ചെയ്യാന്‍ പോലും ശ്രമിച്ച സീനിയര്‍ സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന നിരഞ്ജനയ്ക്ക് പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കാന്‍ കഴിഞ്ഞത് പ്രകൃതിയിലേക്ക് നാം അടുക്കുമ്പോള്‍ നേടിയെടുക്കുന്ന കരുത്ത് കൊണ്ടാണ്. ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിലേക്ക് ഉരുള്‍പൊട്ടിവീണപ്പോള്‍ പാതിരാത്രി ഒറ്റയ്ക്ക് മകനെയുമെടുത്തോടി ഒരു പാറക്കെട്ടിനടിയില്‍ രാത്രി മുഴുവനും അഭയം തേടി. പിറ്റേന്ന് ഇടിഞ്ഞു പൊളിഞ്ഞ വീടിന്റെ ഒരു ഭാഗത്ത് ടാര്‍പോള്‍ ഷീറ്റ് വലിച്ചുകെട്ടി അതില്‍ രണ്ടു ദിവസം മാങ്ങയും പഴവും മാത്രം കഴിച്ച് കൂടി. മകന്‍ അച്ചുവിന് പനി മൂര്‍ച്ചിച്ചപ്പോള്‍ മലവെള്ളം കൊണ്ട് ചുറ്റപ്പെട്ട തുരുത്തിന് പുറത്തേക്ക് കടക്കാന്‍ വാഴത്തടികള്‍ കൊണ്ടുണ്ടാക്കിയ ചങ്ങാടത്തെ കഴുക്കോല്‍ കഷ്ണം കൊണ്ട് തുഴഞ്ഞും നീന്തി വലിച്ചും കരയ്ക്കടുപ്പിക്കാന്‍ നിരഞ്ജന കാണിച്ച സാഹസികതയും ധൈര്യവും ഇവിടുത്തെ ജീവിതം കൊണ്ട് അവള്‍ നേടിയെടുത്തതാണ്. രക്ഷപ്പെടുത്താനാരുമില്ലാതെ പ്രളയത്തില്‍പ്പെട്ട് ജീവിതത്തിനും മരണത്തിനുമിടയില്‍ നില്‍ക്കുന്ന സമയത്ത് തലയ്ക്ക് മുകളില്‍ പറക്കുന്ന ഹെലികോപ്ടറില്‍ തന്റെ ഭര്‍ത്താവ് ഋഷിയായിരിക്കുമെന്ന് നിരഞ്ജന സ്വപ്നത്തില്‍ പോലും വിശ്വസിച്ചിരുന്നില്ല. വെള്ളത്തില്‍ നിന്നും മകനെയും അവളെയും ഋഷി എടുത്തുകയറ്റുമ്പോള്‍ അത് അവരുടെ ജീവിതത്തിലെ മറ്റൊരു തുടക്കമായി മാറുകയായിരുന്നു.
മികച്ച പെണ്ണെഴുത്തകള്‍ പിറവിയെടുത്തത് ആണെഴുത്തുകാരില്‍ നിന്നാണെന്ന് വായിച്ചറിഞ്ഞിട്ടുണ്ട്. പോള്‍ സെബാസ്റ്റ്യന്റെ കൃതികള്‍ ഒരളവുവരെയെങ്കിലും അത് സാക്ഷ്യപ്പെടുത്തുന്നതാണ്. ദീപയും നിരഞ്ജനയും അദ്ദേഹത്തിന്റെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ്. ഗള്‍ഭധാരണം മുതല്‍ ഒരു സ്ത്രീ പ്രസവിക്കുന്ന രംഗങ്ങള്‍ എത്ര മനോഹരമായിട്ടാണ് നിരഞ്ജനയുടെ ബ്ലോഗെഴുത്തിലൂടെ ഗ്രന്ഥകാരന്‍ ചിത്രീകരിച്ചിരിക്കുന്നത്. ഓരോ ഘട്ടങ്ങളിലും വയറ്റിലെ കുട്ടിയുമായി അവള്‍ നടത്തുന്ന ആത്മഗതങ്ങള്‍ വായിക്കുമ്പോള്‍ ഒന്നു പ്രസവിക്കണമെന്ന് ആരും കൊതിച്ചു പോകും.
പ്രകൃതി രമണീയതയും വേലക്കാരി സരോജിനി അക്കയുടെ ശരീര ലാവണ്യവും മലയന്‍തുരത്തിലെ ഋഷിയുടെയും നിരഞ്ജനയുടെയും മധുവിധുനിമിഷങ്ങളും വര്‍ണ്ണിക്കുന്നിടത്ത് എഴുത്തുകാരന്റെ സൂക്ഷ്മനിരീക്ഷണങ്ങള്‍ നമുക്ക് ബോധ്യപ്പെടും. അത് വായനക്കാരന്റെ മൃദുല വികാരങ്ങളെ തൊട്ടുണര്‍ത്തുകയും ഇക്കിളിപ്പെടുത്തുകയും ചെയ്യുന്നു. ജൂലിയുമായും ഡോണുമായും കോഴിക്കുഞ്ഞുങ്ങളുമായും അച്ചു നടത്തുന്ന കളിചിരികള്‍ വായനക്കാരനെ ഒരു കുട്ടിയാക്കുന്നു. ടാബില്‍ കളിക്കാറുള്ള ഗെയിംസിലെ കഥാപാത്രങ്ങളായ വളര്‍ത്തു മൃഗങ്ങളോട് നേരിട്ട് അവന്‍ കാണിക്കുന്ന സ്‌നേഹപ്രകടനങ്ങള്‍ നമ്മളെ ഇരുത്തി ചിന്തിപ്പിക്കും.
അമാനുഷികവും അതിസാഹസികവും അതി ഭയാനവുമായ കഥാപാത്രങ്ങളെ സൃഷ്ടിച്ച ഡിറ്റക്ടീവ് നോവലിസ്റ്റ് പോള്‍ സെബാസ്റ്റ്യനില്‍ നിന്നും സാമൂഹിക പ്രതിബദ്ധതയുള്ള ഒരു നോവലാണ് ' കാറ്റ് പോലെ ചിലത് '. അമിതമായ ഉപമകളും ധ്വനി പ്രയോഗങ്ങളും രൂപകങ്ങളും ഗ്രാമ്യഭാഷാപ്രയോഗവും കൊണ്ട് നവസാഹിത്യലോകത്തെ പരീക്ഷണങ്ങളോ ജാടകളോ ഇല്ലാതെ അദ്ദേഹത്തിന്റെ ലളിതമായ പതിവു ശൈലിയില്‍ തന്നെയാണ് ഈ നോവലും ആഖ്യാനിച്ചിരിക്കുന്നത് . കൊച്ചു കുട്ടികള്‍ക്ക് പോലും എളുപ്പം വായിച്ചു പോകാനും മനസ്സിലാക്കാനും കഴിയുന്ന തരത്തിലാണ് കൃതിയുടെ ഘടന.
പ്രമേയത്തിലെ പുതുമയോ കാലിക പ്രസക്തിയോ മാത്രമല്ല പ്രധാനം. ഏതൊരു സാഹിത്യ ശാഖയും അനുവാചകനെ അനുഭവവേദ്യമാക്കുന്ന ചേരുവകളും ആഖ്യാനരീതിയും കൊണ്ടാണ് മികച്ചതാവുന്നത്. നിരഞ്ജന എഴുതുന്ന ആത്മഹത്യാ കുറിപ്പുകളായാണ് നോവല്‍ വളരുന്നത്. ഇതു പോലുള്ള ഡയറിക്കുറിപ്പുകള്‍ പലരും പ്രയോഗിച്ച ഒരു അവതരണ ശൈലിയാണ്. പോള്‍ സെബാസ്റ്റ്യന്‍ തന്നെ വിവര്‍ത്തനം ചെയ്ത ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയിലും ഇത്തരം ഡയറിയെഴുത്തുകളുണ്ട്. ചെറിയ സമാനതകള്‍ തോന്നുമെങ്കിലും ആവര്‍ത്തന വിരസത അനുഭവപ്പെടാത്ത തരത്തില്‍ തന്നെയാണ് ഇതിന്റെ കഥ വികസിക്കുന്നത്. ഓരോ അധ്യായത്തിലും ആകാംഷ നിലനിര്‍ത്തുന്നുണ്ട്. വായനയ്ക്ക് നല്ല ഒഴുക്കുണ്ട്. ഫോട്ടോഗ്രാഫര്‍ കൂടിയായ എഴുത്തുകാരന്റെ ദൃശ്യചാരുത നോവലിലുടനീളം കാണാന്‍ കഴിയും. വായനക്കിടയില്‍ കഥയുടെ ഭൂമികയിലേക്ക്, നമ്മുടെ പൈതൃക മണ്ണിലേക്ക് ഒന്നു തിരിച്ചു നടക്കാന്‍ തോന്നുമെങ്കിലും ഇന്നത്തെ ജീവിത പരിസരത്ത് അതിനുള്ള ഇടമില്ലെന്ന ബോധ്യം നമ്മെ നിരാശരാക്കുന്നു.
'ഇനിയത്തെ കാലത്ത് സാങ്കേതിക വിദ്യയുടെ പുരോഗതിയോട് പുറം തിരിഞ്ഞു നില്‍ക്കുന്നത് മഠയത്തരമാണ്. അതിന്റെ നല്ല വശങ്ങളെ നാം ഉപയോഗിക്കുന്നത് തന്നെയാണ് ബുദ്ധി. അത് നമ്മുടെയും നമ്മുടെ തലമുറയുടെയും സുരക്ഷരയുടെ അച്ചാരമാണ്. അതിന്റെ അപകടച്ചുഴികളെ മുന്‍കൂട്ടി കണ്ട് അവയില്‍ പെടാതെ ശ്രദ്ധിക്കണമെന്നു മാത്രം. എന്താ, നിരഞ്ജന? '
ഋഷി അവളെ ഡിജിറ്റല്‍ ലോകത്തേക്ക് തിരിച്ചു കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും പൂര്‍ണമായും അവളതിന് തയ്യാറായില്ല. ആ മലയന്‍തുരുത്തില്‍ തന്നെ ജീവിക്കാനായിരുന്നു അവര്‍ക്ക് ആഗ്രഹം. അന്ന് പൂര്‍ണമായും ഒരു ഡിജിറ്റല്‍ ആത്മഹത്യ ചെയ്തില്ലായിരുന്നെങ്കില്‍ പ്രളയത്തില്‍പ്പെട്ടപ്പോള്‍ പുറംലോകത്തെ ഒന്നറിയിക്കാനെങ്കിലും ഈ സാങ്കേതിക വിദ്യ കൊണ്ട് കഴിയുമായിരുന്നു.
വളരെ ചെറിയ ദിവസങ്ങള്‍ കൊണ്ടാണ് നോവല്‍ രചന പൂര്‍ത്തീകരിച്ചതെന്ന് എഴുത്തുകാരന്‍ മുഖദര്‍പ്പണത്തില്‍ സൂചിപ്പിക്കുന്നുണ്ട്. മികച്ച സൃഷ്ടികള്‍ ചിലപ്പോള്‍ വളരെ പെട്ടെന്ന് പിറവിയെടുക്കുന്നതായിരിക്കും.
നോവല്‍ സൃഷ്ടിയില്‍ എഴുത്തുകാരന് പൂര്‍ണ സ്വാതന്ത്ര്യമുണ്ടെങ്കിലും ഒരു വാക്യത്തില്‍ത്തന്നെ ആവര്‍ത്തിക്കപ്പെടുന്ന പദപ്രയോഗങ്ങള്‍ ഒരു ന്യൂനതയായി പറയണമെങ്കില്‍ പറയാവുന്നതാണ്. നല്ലൊരു ശീര്‍ഷകവും മുഖചിത്രവും തെരഞ്ഞെടുക്കാമായിരുന്നുവെന്ന് നോവല്‍ വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നാതിരുന്നില്ല.
ഈ ഡിജിറ്റല്‍ യുഗത്തിലും നിങ്ങളൊരു പ്രകൃതി സ്‌നേഹിയാണെങ്കില്‍ ഈ നോവല്‍ തീര്‍ച്ചയായും വായിക്കാതെ പോവരുത്.
No comments:
Post a Comment