പോള്‍ സെബാസ്റ്റ്യന്‍ (Paul Sebastian) എഴുതിയ നിഴല്‍ യുദ്ധങ്ങള്‍ വായിച്ച് ഗള്‍ഫ് ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയായ കല്യാണി ശ്രീകുമാര്‍ (AjithaKallyani Sree) എഴുതിയ കുറിപ്പ് പങ്കു വെയ്ക്കുന്നു.
===============================================
എന്റെ വായന
നിഴല്‍യുദ്ധങ്ങള്‍ - പോള്‍ സെബാസ്റ്റ്യന്‍
ആറു മാസങ്ങള്‍ക്കു മുന്‍പാണ് പോള്‍ സെബാസ്റ്റ്യന്‍ എന്ന എഴുത്തുകാരന്‍ മനസ്സില്‍ ഇടം നേടിയത് . അതിനു കാരണമായത് അദ്ദേഹത്തിന്റെ 'ആ മണ്‍സൂണ്‍ രാത്രി' എന്ന നോവല്‍ വായിക്കാന്‍ ഇടയായതാണ്. ഒരു കൊലപാതകത്തെ തുടര്‍ന്നുള്ള അന്വേഷണങ്ങളിലൂടെ കടന്നുപോകുന്ന ഉദ്വേഗജനകമായ ഒരു നോവല്‍ എന്നത്തിനപ്പുറം ആത്മാക്കളുമായി നടത്തുന്ന സംവേദനങ്ങള്‍, മന്ത്രം, മാസ്മരികത, ഹിപ്‌നോട്ടിസം, മനോബല പരീക്ഷണങ്ങള്‍ തുടങ്ങി യാഥ്യാര്‍ത്ഥത്തില്‍ നിന്നും അകന്നു വായനക്കാരെ എഴുത്തുകാരന്‍ സൃഷ്ടിക്കുന്ന മറ്റൊരു ലോകത്തേക്ക് കൊണ്ട് പോകുന്ന ഒരു തരം അനുഭൂതിയാണ് ഉളവാക്കുന്നത്. യാഥ്യാര്‍ത്ഥ്യവും, സാങ്കല്പികതയും കൂടിക്കലര്‍ന്ന ഒരു നോവല്‍. വായനയുടെ ലോകത്തു നിന്നും മടങ്ങി വരുമ്പോള്‍, സത്യവും മിഥ്യയും തമ്മില്‍ ഒരു യുദ്ധം നടക്കുന്ന പോലെയുള്ള അനുഭവം.
ദീപയെന്ന സാധാരണ പെണ്‍കുട്ടി ഒരു ലേഡി ഡിക്റ്ററ്റീവ് ആയി തീരുന്നതു തന്റെ പ്രിയ കൂട്ടുകാരി ശോഭ പോളിന്റെ കൊലപാതകത്തിന്റെ ചുരുളഴിക്കുന്നതിലൂടെയാണ്. കൂടെ അവളെ സഹായിക്കാനായി മന്ത്ര - തന്ത്രങ്ങള്‍ സ്വായത്തമാക്കിയ ഗുരുസ്ഥാനീയരായ ശാവേലച്ചനും ഭട്ടതിരിപ്പാടും.
ആദ്യം മുതല്‍ അവസാനം വരെ ഉദ്വേഗവും ആകാംഷയും നിറഞ്ഞ നോവല്‍ ഒറ്റയിരുപ്പിനു വായിച്ചു തീര്‍ക്കാന്‍ തക്ക പ്രേരണ നല്കുന്നു എങ്കിലും മുഖ്യ കഥാപാത്രമായ ദീപ എന്ന സാധാരണ പെണ്‍കുട്ടിയെ അസാമാന്യതയുടെ പാരമ്യത്തില്‍ എത്തിക്കുന്നുന്നത് കഥയുടെ ഒഴുക്കില്‍ ചില തടസങ്ങള്‍ ഉണ്ടാക്കുന്നു.
സാഹസിക യാത്രകള്‍ നടത്തി കേസിനു തുമ്പുണ്ടാക്കി കൊലപാതക രഹസ്യം പുറത്തു കൊണ്ട് വന്നു പ്രശസ്തയായി മാറുന്ന ദീപ എന്ന പെണ്‍കുട്ടിയുടെ മറ്റൊരു സാഹസികമായ കേസന്വേഷണമാണ് 'നിഴല്‍ യുദ്ധങ്ങള്‍'. ആദ്യ ബുക്കിന്റെ രണ്ടാം ഭാഗമെന്ന് പറയാവുന്ന തരത്തില്‍ ആദ്യ നോവലിലെ കഥാപാത്രങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടും പുതിയ കഥാപാത്രങ്ങളെ കഥക്കനുയോജ്യമായി സൃഷ്ടിച്ചു കൊണ്ടും കഥാപാത്ര സൃഷ്ടിയില്‍ മുന്നിട്ടു നില്കുന്ന ഒരു സയന്‍സ് ഫിക്ഷന്‍ നോവല്‍ എന്ന് സംശയമന്യേ പറയാം.
ദീപയുടെ വിചിത്രമായ സ്വപ്നങ്ങളുടെ വ്യാഖ്യാനങ്ങളില്‍ നിന്ന് തുടങ്ങി, കുറെയേറെ ആളുകളുടെ കാണാതാകലും, അതേതുടര്‍ന്ന് ദീപ നടത്തുന്ന അന്വേഷണങ്ങളും ആണ് കഥയുടെ മുഖ്യധാരയിലേക്ക് നയിക്കുന്നത്. രാഷ്ട്രീയ - സാമൂഹിക പ്രശ്‌നങ്ങള്‍, തീവ്രവാദം, വഴി വിട്ട വിദേശ ബന്ധങ്ങള്‍, അധികാര ദുര്‍വിനിയോഗം, സോഷ്യല്‍ മീഡിയകളിലെ ചതിക്കുഴികള്‍, ശാസ്ത്രത്തെ രാജ്യത്തിനെതിരായി ഉപയോഗിക്കല്‍, മനുഷ്യ ശരീരത്തെ ചൂഷണം ചെയ്യല്‍ തുടങ്ങി ഇന്നത്തെ ലോകത്തു പ്രസക്തമായ അനവധി നിരവധി പ്രശ്‌നങ്ങള്‍ ഈ നോവലിലൂടെ നോവലിസ്റ്റ് പറയുന്നുണ്ടെങ്കിലും ചിലപ്പോഴെങ്കിലും മുഖ്യ കഥാപാത്രത്തിന്റെ അതിരു കവിഞ്ഞ അസാമാന്യതയില്‍ വായനക്കാര്‍ക്ക് ഒരല്പമെങ്കിലും അന്ധാളിപ്പ് ഉണ്ടാകാം. സാമൂഹിക പ്രസക്തിയുള്ള നോവല്‍ എന്ന അവലോകനത്തോടൊപ്പം ശക്തമായ പ്രമേയം കൊണ്ട് വായനക്കാരെ ഒരു തരിമ്പു പോലും നിരാശപ്പെടുത്തില്ല എന്ന ഒരു നിഗമനത്തില്‍ സംശയമന്യേ എത്തിച്ചേരാം.
കല്യാണി ശ്രീകുമാര്‍
No comments:
Post a Comment