Friday, May 24, 2019

അ ഫോര്‍ അന്നാമ്മ



ആന്‍ പാലി Ann Palee എഴുതിയ 'അ ഫോര്‍ അന്നാമ്മ' എന്ന പുസ്തകത്തെപ്പറ്റി പോള്‍ സെബാസ്റ്റ്യന്‍ Paul Sebastian എഴുതിയ ആസ്വാദനം പങ്കു വെയ്ക്കുന്നു.
======================================


ഇന്നത്തെ ഇര അന്നാമ്മ തന്നെ. നമ്മുടെ പാലക്കാരി അച്ചായത്തി അന്നാമ്മ...

ആന്‍ പാലിയെ നിങ്ങള്‍ക്കറിയില്ലേ?? 'അന്നാമ്മോ' എന്നുറക്കെ വിളിച്ചാല്‍ 'ഓ' എന്ന് നീട്ടിയൊരു മറുപടി ഉറപ്പ് എന്ന വിധത്തിലുള്ള ചൊറുചൊറുക്കുള്ള ടെലിവിഷന്‍ അവതാരക ആന്‍ പാലി. മലയാളികളുടെ ടെലിവിഷന്‍ കൗമാരത്തില്‍ ഉണ്ടക്കണ്ണുകളും, ടൂത്ത്‌പേസ്റ്റ് പരസ്യത്തിന് കൊടുത്തു കോടികള്‍ സമ്പാദിച്ച പല്ലുകളും, നിഷ്‌കളങ്കമായ ചിരിയില്‍ പൊതിഞ്ഞു കാണികളെ മയക്കിയ കുസൃതിക്കുടുക്ക. അതിസുന്ദരികളായ മലയാള പെണ്‍കൊടിമാരുടെ സ്വപ്നകാമുകനായിരുന്ന പാലിച്ചേട്ടനെ ഒന്ന് ലിപ്സ്റ്റിക്ക് ശരിയാക്കാന്‍ ശ്രദ്ധ തിരിഞ്ഞ സമയത്തിനിടെ അടിച്ചു കൊണ്ടുപോയ ആ പാലാക്കാരി ചൂര്യന്‍ മുളക് തന്നെ. കാര്യം പലര്‍ക്കും ഇവരോട് രണ്ടു പേരോടും അല്പം അസൂയയും കുശുമ്പും പരിഭവവും ഒക്കെ ഉണ്ടെന്ന് എനിക്കറിയാം. പക്ഷെ, അതൊക്കെ അങ്ങ് മാറ്റി വെക്ക് ഘടീസേ. ഇവര് നമ്മുടെ ചങ്കല്ലേ?

അനുഭവങ്ങളുടെ ഓര്‍ത്തെടുക്കലാണ്, അടയാളപ്പെടുത്തലാണ്, ആ അനുഭവങ്ങളിലേക്ക് വായനക്കാരെ അടുപ്പിച്ച് തങ്ങളുടെ ജീവിതാനുഭവങ്ങളെ വിചിന്തനം ചെയ്യാന്‍ അവരെ സഹായിക്കലാണ് നല്ല അനുഭവക്കുറിപ്പുകളുടെ ധര്‍മ്മം. അനുഭവങ്ങള്‍ ഉണ്ടാവുക എന്നത് പ്രധാനമാണ് എന്നത് പോലെ തന്നെ പ്രധാനമാണ് അത് എങ്ങനെ പറയുന്നു എന്നത്. കഥകള്‍ക്ക് എന്നും വായനക്കാര്‍ക്കിടയില്‍ ഒരു മുന്‍ഗണന ഉണ്ടാവാറുണ്ട്. പക്ഷെ, കഥയെഴുത്ത് ബൗദ്ധികമായ രാഷ്ട്രീയപ്രവര്‍ത്തനമായി മാറിയപ്പോള്‍ കഥാവായന വിരസമായ വ്യായാമമായി വായനക്കാര്‍ക്ക് തോന്നിയിടത്തു നിന്നാണ് അനുഭവവായന അവര്‍ ഏറ്റെടുത്തത്. വിരസമായി എഴുതുന്ന അനുഭവ എഴുത്തിനെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ അവര്‍ തള്ളിക്കളഞ്ഞിട്ടുണ്ട് എന്ന് മനസ്സിലാക്കാന്‍, മറന്നു പോയ ഒട്ടേറെ ആത്മകഥയുടെ പേരുകള്‍ തിരഞ്ഞാല്‍ മതിയാവും. അതേ സമയം 19 കനാല്‍ റോഡിലൂടെ ശ്രീബാല കെ മേനോനും, കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിരിലൂടെ ദീപ നിശാന്തും 'ഠാ' യില്ലാത്ത മുട്ടായികളിലൂടെ അശ്വതി ശ്രീകാന്തും വായനക്കാരെ എളുപ്പത്തില്‍ കൈയ്യിലെടുത്തു. ഇതേ ശ്രേണിയില്‍ പെടുത്താവുന്ന ഒരു പുസ്തകമാണ് Ann Palee ആന്‍ പാലി എഴുതിയ 'അ' ഫോര്‍ 'അന്നാമ്മ'

ഓ ദേ ഇത്രക്കും പറഞ്ഞേപ്പെക്കും ആ പെണ്‍കൊച്ചു അവിടെ ഇരുന്ന് കണ്ണുരുട്ടുന്നു. 'വെല്ലോം പറഞ്ഞു സമയം കളയാതെ വേം പുസ്തകത്തെപ്പറ്റിപ്പറ...പുസ്തകത്തെപ്പറ്റിപ്പറ' എന്ന് തന്നെയാണ് ആ കണ്ണുരുട്ടലിന്റെ അര്‍ഥമെന്നെനിക്കറിയാം. അതോണ്ട് നുമ്മ വേം അതാ ചെയ്യാ.
'ഓ... 'അ' ഫോര്‍ 'അന്നാമ്മ' പേര് കേട്ടാല്‍ തന്നെ അറിയില്ലേ ഭയങ്കര സ്വാര്‍ഥതയുള്ള ഒരു പുസ്തകമാണെന്ന്. മായാവി സ്‌റ്റൈലില്‍ പറഞ്ഞാല്‍ ആ കൊച്ചിന്റെ സ്വാര്‍ത്ഥത മുഴുവന്‍ ആ നിഷ്‌കളങ്ക മുഖത്ത് ആലേപനം ചെയ്ത് വെച്ചിട്ടുണ്ട്. അല്ലെങ്കീ നല്ല കിണ്ണംകാച്ചി കളറില് കൊടുക്കാമായിരുന്നില്ലേ മുഖചിത്രം. ആ കുട്ടി നോക്കിയേ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയിട്ടല്ലേ അത് കൊടുത്തേക്കണേ...മുഖചിത്രം കണ്ടാല്‍ തന്നെ നമ്മടെ ദുഃഖോം സങ്കടോം ഒക്കെ അങ്ങട് പോവും. അതാ അതിന്റെ ഒരു ബൂട്ടി. ഒരു കൊച്ചിങ്ങനെ ചിരിക്കുമ്പോ നമുക്കെങ്ങനെയാ ദുഖിക്കാന്‍ പറ്റാ?

എന്റെ കൊച്ചെ, നീയെന്തിനാ എന്നെ നോക്കി പിന്നേം കണ്ണുരുട്ടണെ? ഓ... മനസ്സിലായി... 'കാര്യം മുഖചിത്രത്തെപ്പറ്റി പറഞ്ഞതൊക്കെ ഇഷ്ടപ്പെട്ടെങ്കിലും പുസ്തകത്തെപ്പറ്റി പറ..പുസ്തകത്തെപ്പറ്റി പറ എന്നല്ലേ...' ആം...

ഓ പുസ്തകത്തെപ്പറ്റി എന്നാ പറയാനാ? നല്ല കിണ്ണംകാച്ചി പുസ്തകല്ലേ? ഇമ്പടെ പാലേം പാലക്കാരും തന്ന്യല്ലേ ഈ പുസ്തകത്തിലുള്ളത്...പാലയേയും പാലക്കാരെയും ഇത്രേം അടുത്ത് പരിചയപ്പെടുത്തുന്ന മറ്റൊരു പുസ്തകം ഉണ്ടായിട്ടുണ്ടോ? 'ബ്ജ്...' ഈ ബ്ജ് എന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലായില്ലേ? ഇമ്പക്ക് അന്നാമ്മപ്പെണ്ണിനോട് തന്നെ ചോദിക്കാന്നെ. പെണ്‍കൊച്ചു പറയാണെ,

'ഓ എന്നാ പറയാനാ! ഫാരതവും ഫര്‍ത്താവും ഫാര്യയും നാവിന്തുമ്പില്‍ സൂക്ഷിക്കുന്നവര്‍..... 'എന്നാ' എന്ന് യാതൊരു മടിയില്ലാതെ ചോദിക്കുന്നവര്‍, ഞങ്ങള്‍ പാലാക്കാര്‍.... ഓ എന്നത് പോലെ തന്നെ പ്രാധാന്യമുള്ള മറ്റൊരു പ്രകടനമാണ് 'ആം'. ഇത് ചുണ്ടുള്ളിലൊതുക്കി, ശ്വാസം വലിച്ചു കയറ്റി, കണ്ണുകള്‍ തുറപ്പിച്ചു, കണ്ടാല്‍ പത്തു പേര് പേടിക്കുന്ന പോലെ ഒരു നീട്ടിയ ശബ്ദമാണത്. 'അതെ' എന്ന് അര്‍ഥം വരുന്ന ശബ്ദം. ഇനി 'അല്ല, ഇല്ല' എന്നൊക്കെ പറയാനാണെങ്കില്‍ വാക്കു പോലും വേണ്ട. കണ്ണടച്ച് വായ വളച്ചു 'ബ്ജ്' എന്ന ശബ്ദം പുറപ്പെടുവിച്ചാല്‍ മതി.' അപ്പൊ ബ്ജ്. എന്താണെന്ന് മനസ്സിലായില്ലേ ഇത് പോലെ പാലാ ഭാഷ അന്നമ്മയുടെ നാവിന്‍തുമ്പത്തു മാത്രമല്ല, പേനത്തുമ്പത്തും വിളയാടുകയാണ്. അപ്പൊ എന്നതാ ഈ പറഞ്ഞു വന്നതെന്ന് വെച്ചാല്‍ ഈ പെങ്കൊച്ചിന് പാലാ എന്ന് വെച്ചാല്‍ ഭയങ്കര നൊസ്റ്റു ഫീലിങ്ങാണ്. ഈ നൊസ്റ്റു കേറിയ ആനിന്റെ ചിന്ത കേട്ടാല്‍ നമുക്കതാ തിരിയും.
'ഓര്‍മ്മകള്‍ക്ക് നിറമുണ്ടോ? ഉണ്ടെന്നു തന്നെ പറയേണ്ടി വരും. എന്റെ കുട്ടിക്കാലത്തെ പാലായിലെ തോട്ടങ്ങളില്‍ നിന്നും ഊറിവരുന്ന റബ്ബര്‍പാലിനോളം വെണ്മയുള്ളതായി മറ്റൊന്നും ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. അവിടെയുള്ള അടുക്കള അലമാരയില്‍ ഒളിച്ചിരുന്ന വീഞ്ഞിനോളം മനോഹരമായ മാന്തളിര്‍ നിറം പിന്നീടൊരിക്കലും എന്റെ മുന്നിലെത്തിയിട്ടില്ല. ആ വീട്ടുമച്ചിലെ ഇരുട്ടിനോളം കറുപ്പില്‍ വേറൊന്നും എന്നെ ഭയപ്പെടുത്തിയിട്ടില്ല. അങ്ങനെ നോക്കുമ്പോള്‍ നിറങ്ങള്‍ മാത്രമല്ല കേട്ടോ, മണവും ശബ്ദവും രുചിയും സ്പര്ശവുമെല്ലാം എത്ര അനായാസമായാണ് ഓര്‍മ്മകളായി ഞാന്‍ പോലുമറിയാതെ മെമ്മറി ഡിസ്‌കിനുള്ളില്‍ കയറിപ്പറ്റിയെന്നതാണ് എന്നെ വിസ്മയിപ്പിക്കുന്നത്.' എന്നൊക്കെ പറഞ്ഞു തുടങ്ങി, 'കുടംപുളിയോട്...പാലപ്പത്തിനോട്..റബ്ബര്‍ പാലിനോട്... എന്റെ പാലായോടും പിന്നെ പാലിയോടും പാലിക്കുഞ്ഞുങ്ങളോടും...' പിന്നെയും തുടരുമ്പോളുള്ള ഈ സ്‌നേഹം കണ്ടാല്‍ പാലിയെ കെട്ടിയത് പോലും പേരില്‍ 'പാല' ഉള്ളത് കൊണ്ടാണോ എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ 'ആം' എന്ന മറുപടിയായിരിക്കും കിട്ടുക. പറഞ്ഞു വരുന്നത് 'അ' ഫോര്‍ 'അന്നാമ്മ' അവതരിപ്പിക്കുന്ന പാലയെപ്പറ്റിയാണ്. അന്നാമ്മക്കൊച്ചിന് 'പാലാ എന്ന് പറഞ്ഞാല്‍ മഴ തിമിര്‍ത്തു പെയ്യുന്ന റബ്ബര്‍കാടുകളാണ്. അതിന്റെ ഇടയിലൂടെ ചിരിച്ചോടുന്ന ഞായറാഴ്ചക്കുര്‍ബ്ബാനയാണ്. ഒരു കാറ്റടിച്ചാല്‍ വീഴുന്ന ചില്ലകള്‍ പെറുക്കാന്‍ വരുന്ന അടുത്ത വീടുകളിലെ പാവം ചേച്ചിമാരാണ്. റബ്ബര്‍പിണ്ടി പെറുക്കി സൂക്ഷിച്ചു വെച്ച് വിറ്റ്, ആ കാശു കൊണ്ട് പുതിയ കമ്മല് മേടിക്കണ പെണ്ണുങ്ങളാണ്. റബ്ബര്‍നൂല് കൊണ്ട് പന്തുണ്ടാക്കി കളിക്കുന്ന ചെറിയ ചെക്കന്മാരാണ്. നാട്ടിലേക്ക് വിളിക്കുമ്പോള്‍ റബ്ബറിന് ഈയാഴ്ച എങ്ങനെ ഉണ്ട് എന്ന് ചോദിക്കുന്ന ചേട്ടന്മാരാണ്......ഒന്ന് കണ്ണടച്ചാല്‍, ചെവിയോര്‍ത്താല്‍, തിരികെപ്പിടിച്ചു നുണയുന്ന മധുരമാണ്. അവയെല്ലാം തുന്നിച്ചേര്‍ത്ത ഒരു ഫയങ്കര നാടാണ് ഞങ്ങളുടെ സ്വന്തം 'റബ്ബര്‍ റിപ്പബ്ലിക്ക്!''

സ്വന്തം നാടിനെപ്പറ്റി വീരവാദം അടിക്കാന്‍ ഇത് പോലെ മിടുക്കിയായ ഒരു കൊച്ചിനെ ഞാനിത് വരെ കണ്ടിട്ടില്ല. അല്ലെങ്കില്‍ നിങ്ങളിതും കൂടെ കേട്ട് നോക്കിയേ...
'ജനസംഖ്യ വര്‍ദ്ധിച്ചതോടെ ഒരു സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ശേഷം 'എന്നാ അങ്ങ് മാറിയെച്ചും വരാം...' എന്നുംപറഞ്ഞ് പലരും പുതിയ മണ്ണ് തേടി യാത്രയായി. അങ്ങനെയാണ് ഇരിട്ടി, ഹൈറേഞ്ച് പോലുള്ള സഹോദരനഗരങ്ങള്‍ പാലായുടെ മാപ്പില്‍ ഇടം നേടുന്നത്. വര്‍ഷങ്ങളുടെ ഇടവേളയില്‍ അമേരിക്ക, ലണ്ടന്‍, അയര്‍ലണ്ട്, കാനഡ തുടങ്ങിയ പേരുകളൊക്കെ ആ ചിത്രത്തിലേക്ക് കൂട്ടി ചേര്‍ത്തിട്ടുമുണ്ട്.'
'കല്യാണം കഴിക്കാത്തൊരു പെങ്കൊച്ചിനെ കടല് കടന്നുള്ള ജോലിക്ക് അയക്കാനുള്ള ചങ്കുറപ്പ് അവര്‍ക്കില്ലായിരുന്നെങ്കില്‍ ഈ പാലാക്കാരിപ്പെണ്ണുങ്ങള്‍ക്ക് ഇന്ന് കാണുന്ന സന്തോഷമോ സൗഭാഗ്യമോ ഒന്നുമുണ്ടാവില്ലായിരുന്നു.'
'ഇതിനെല്ലാം എടേല് ഒന്ന് സന്തോഷിക്കുവാനല്ലേ, ജീവിതം അങ്ങനെ മുന്നോട്ടു പോകുമ്പോള്‍ 'ഒരിച്ചിരി' രാഷ്ട്രീയവുമായി 'കേരളകോണ്‍ഗ്രസ്' എന്ന പാര്‍ട്ടിയുടെ കൊടി പിടിക്കുന്നതും പാലാ ജൂബിലിക്ക് മുട്ടനൊരു കാളയെ വരട്ടി, കശുവണ്ടി വാറ്റും കൂട്ടി മുണ്ടും മടക്കി കുത്തി 'ജിമ്പന്മാരായി' നില്‍ക്കുന്നതും. എന്നാലും പെണ്ണുങ്ങളോട്, അതിപ്പോ വീട്ടിലെ അമ്മച്ചിയായാലും കെട്ടിയോളായാലും മകളായാലും ഇവര്‍ക്ക് പ്രത്യേകമൊരു സ്‌നേഹമാ. അവരുടെ അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഒരിത്തിരി കൂടുതല്‍ പ്രാധാന്യം നല്‍കും. അത്‌കൊണ്ടാണ് കുടുംബത്തിലെ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന സമയത്ത് 'എടാ ജോയ്കുട്ടി ഒരു മാതിരി കോപ്പു വര്‍ത്തമാനം പറയല്ല് കേട്ടോ.' എന്ന് മുന്‍വശത്തെ കസേരയില്‍ നിന്നും യാതൊരു പാതര്‍ച്ചയുമില്ലാത്ത കുണുക്കിട്ട ഒരു പെണ്‍ശബ്ദം കേള്‍ക്കുന്നത്.'
'എന്നാലും അവിടുത്തെ ഒരു കാറ്റും മീനച്ചിലാറും റബ്ബറിന്റെ മണോം ഇരുട്ടുകുത്തിയുള്ള മഴേം ടൗണിലെ കുരിശുപള്ളീം മഹാറാണീലെ സെക്കന്‍ഡ് ഷോയും പാലപ്പോം മട്ടണ്‍സ്റ്റുവും മാണിസാറും പാനീം പാട്ടുകുര്‍ബ്ബാനയും ഒക്കെ പാലായുടെ പേരും പറഞ്ഞ് മനസ്സിനെ അത്രയ്ക്കങ്ങു കൊതിപ്പിക്കുന്നത്.'

തുടക്കത്തിലും ഒടുക്കത്തിലുമായി ഇങ്ങനെ കൊറച്ചൊന്ന്വല്ല, പാലായുടെ ഭാഷയും സംസ്‌കാരവും പുരോഗതിയുടെ ചരിത്രവുമെല്ലാം ചേര്‍ത്ത് വായനാ സമയത്ത് നമ്മളും ഒരു പാലാക്കാരായി മാറിപ്പോകും വിധം ഈ പുസ്തകത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്.

കാര്യം പാലയെപ്പറ്റി ഇനീം പറഞ്ഞു കൊണ്ടിരുന്നാല്‍ ആനിഷ്ടപ്പെടും എന്നറിയാം. എന്നാലും, ശ്ശെടാ, ഇതിപ്പോ പാലേടെ കഥ മാത്രേ ഉള്ളൂ...അന്നാമ്മയുടെ കഥയില്ലേ എന്ന് വായിക്കുന്നോര് ചിന്തിക്കില്ലേ? ആനവിടെ ജനിച്ചത് കൊണ്ടല്ലേ പാലക്കിത്ര സൗന്ദര്യം? അല്ലേ 'ആനേ'? ഹ ഹ ഹ.... ഇപ്പൊ ആന്‍ എന്തിനാ കണ്ണുരുട്ടണേന്ന് പുസ്തകം വായിച്ചതിനാല്‍ എനിക്കറിയാം. ക്ലാരമ്മ സിസ്റ്ററിന്റെ ഓര്‍ഡര്‍ ഓര്‍മ്മിപ്പിച്ചതാ. കഥയിങ്ങനെ 'ക്ലാസ്സിലെ വായാടിക്കൂട്ടം ആ പേരിനെ 'ആനേ' എന്ന് നീട്ടി വിളിക്കുന്നത് കേട്ടപ്പോ ക്ലാരമ്മ സിസ്റ്ററിന് ഈ ഈര്‍ക്കില്‍ പോലിരിക്കുന്ന കൊച്ചിനെ അങ്ങനെ വിളിക്കുന്നതില്‍ ഒരു ചേര്‍ച്ചക്കുറവില്ലേ എന്ന് തോന്നിയിട്ടാകും 'ആനീ' എന്ന് മാത്രമേ എന്നെ വിളിക്കാവൂ എന്ന് ഉത്തരവിട്ടു.'
ഇങ്ങനെ സ്വയം കുറ്റം വിളിച്ചു പറയാന്‍ ഒരു മടീം മറേം ഇല്ലാത്ത പെങ്കൊച്ചാ...ഇല്ലെങ്കീ നിങ്ങ തന്നെ ഒന്ന് കേട്ടേ...
പല്ലു പോയി വരാതായപ്പോള്‍ പ്രാര്‍ത്ഥന കൂടിപ്പോയിട്ടാണ് വലിയ മുന്‍പല്ലുകള്‍ വന്നതെന്ന് സ്വയം പരിഹാസം. 'കുരിശില്‍ തൂങ്ങിയ കര്‍ത്താവും അപ്പുറത്തും ഇപ്പുറത്തുമുള്ള മാലാഖമാരും എന്റെ പ്രാര്‍ത്ഥന കേട്ട് ഈ പെങ്കൊച്ച് ചെവിതല കേള്‍പ്പിക്കുന്നില്ലല്ലോ എന്ന് കരുതി എന്നെ കാര്യമായി അങ്ങ് അനുഗ്രഹിച്ചു. മുന്‍വശത്ത് വന്ന രണ്ടു പല്ലിനും ഓരോ പലകയുടെ വലിപ്പം. നേരെ ചൊവ്വേ ഒന്ന് വായ അടയ്ക്കാന്‍ പോലും പറ്റുന്നില്ല.' അതിന്റെ ഒരു ഫോട്ടോയും മിടുക്കായി ചേര്‍ത്തിട്ടുണ്ട്.
പിന്നെ ഒരു കാര്യമുണ്ട്. ഈ പെങ്കൊച്ചിന്റെ കുസൃതിയുടെ കഥകള്‍ കേട്ടുകഴിഞ്ഞു ചിലര്‍ക്കെങ്കിലും അവരുടെ ബാല്യമൊക്കെ മര്യാദക്ക് ജീവിച്ചില്ല എന്നൊരു തോന്നലുണ്ടാക്കും വിധം അടിച്ചു പൊളിച്ചല്ലേ ഇമ്പടെ പെണ്‍കൊച്ചു കഴിഞ്ഞേര്‍ന്നേ.
'ഏതു മരത്തിന്റെ മുകളിലും പത്തുമിനിട്ട് കൊണ്ട് കയറി പത്തു സെക്കന്‍ഡ് കൊണ്ട് താഴെ എത്തുന്ന ഒരു മാജിക് ഞാന്‍ തന്നെ കണ്ടു പിടിച്ചു.' മരംകേറി കൊരങ്ങെന്നൊക്കെ അങ്ങോട്ട് പറയാന്‍ ചെന്നാല്‍ തിരിച്ചു പറയും. കൊരങ്ങാണെങ്കില്‍ കപീഷ്ന്ന് തന്നെ പേര് മതി.
'ഏറ്റവും പറ്റെ വെട്ടിയ കുറ്റിമുടിയുള്ള തലയും വലിയ രണ്ടു ചെവിയുമായി അവള്‍ 'ക' പോലുള്ള മുഖവുമായി ഇറങ്ങി വന്നു.' എന്നൊരിടത്ത് പറയുംകൂടീണ്ട്.
ഫൈവ് സ്റ്റാര്‍ മിട്ടായിന്ന് വെച്ചാല് ഈ പെങ്കൊച്ചിന് ജീവനാര്‍ന്ന്. ഒരു ഫൈവ് സ്റ്റാര്‍ മിഠായി കിട്ടാന്‍ വേണ്ടി 'മാവേലി നാടു വാണീടും കാലം' എന്ന കവിത പോലും എഴുതി പേരെടുത്ത കുട്ടി-കവയിത്രിയാണ്. പിന്നെ, ഈ മോഷണം എന്ന് വെച്ചാല്‍ കവിതയില്‍ ഒരൊറ്റ തവണയേ ചെയ്തുള്ളൂട്ടോ. പിന്നെ, കപ്പ വറുത്തത് തുടങ്ങിയ ചെറിയ ഐറ്റംസ്...അതിനീ കുട്ടിയെ കുറ്റം പറയാന്‍ പറ്റിമോ?.
'വെറുതെ വായിലിട്ടു നുണയാനും, അത് കഴിഞ്ഞിട്ട് ഒരു അഹങ്കാരത്തിന് തേങ്ങാക്കൊത്തിട്ട് കറുമുറെ തിന്നാനും, പനിപിടിച്ചു സ്‌കൂളില്‍ പോകാന്‍ പറ്റാത്ത ദിവസങ്ങളിലെ നോട്ടെഴുതിത്തന്ന കൂട്ടുകാരിക്ക് പൊതിഞ്ഞു കൊടുക്കാനും, വലിയ ഡബ്ബയ്ക്കുള്ളില്‍ നിറഞ്ഞു സ്റ്റോര്‍ റൂമിന്റെ ഏറ്റവും മേലെയിരുന്നു വീട്ടിലുള്ളവരുടെ ഉച്ചമയക്കത്തിന്റെ സമയത്തു നമ്മളെ കള്ളിയാക്കാനും പോന്ന ഒരു ഹീറോ ആവും ഈ 'കപ്പ വറുത്തത്'.' ഒരു ഹീറോയോക്കെ വന്നു കഴിഞ്ഞാല്‍ ആരും വീണു പോകും. അനുജത്തിക്ക് ഈ കൊച്ചിനോടുള്ള സ്‌നേഹം മൂത്തത് കണ്ടാല്‍ നമ്മള്‍ 'ഇരട്ടക്കുട്ടികളുടെ അച്ഛന്‍' എന്ന സിനിമ വീണ്ടും കണ്ടുപോകും. പക്ഷെ എന്തൊക്കെ പറഞ്ഞാലും അപാര ഒബ്സര്‍വേഷന്‍ പവറായിരുന്നു കുട്ടിക്ക്. സ്റ്റാമ്പ് പതിപ്പിക്കണ മാതിരിയല്ലേ ചില കാര്യങ്ങള്‍ മനസ്സിലങ്ങട് പതിപ്പിച്ചു നിര്‍ത്തണേ.

'മുട്ടറ്റം വരെ മുടിയുള്ള മലയാളം പഠിപ്പിക്കുന്ന ജിപ്‌സി മിസ്, വലിയ കണ്ണട വെച്ച് കഞ്ഞിപ്പശ മുക്കി പറന്നു നില്‍ക്കുന്ന സാരി ഉടുക്കുന്ന ട്രീസ മിസ്, വിടര്‍ന്ന നെറ്റിയില്‍ പല നിറമുള്ള പൊട്ടുകള്‍ വരിവരിയായി ഒട്ടിക്കുന്ന മിനി മിസ്, പിന്നെ മിസ്സല്ലാത്ത വേറൊരാളും. 'ആലീസ് ചേച്ചി'. നല്ല പൊക്കവും കുഞ്ഞിക്കണ്ണുകളും റോസ് നിറമുള്ള ചുണ്ടുകളും ഒഴുകി കിടക്കുന്ന മുടിയും. അന്നു വരെ കണ്ടിട്ടുള്ളതില്‍ അതിസുന്ദരി എന്ന് തോന്നിയവരില്‍ ഒന്ന് അവരായിരുന്നു.'
'അന്ന് ചേച്ചിയുടെ കയ്യില്‍ പിടിച്ചു കിടക്കുമ്പോഴും അവരുടെ ഹൃദയം ഉറക്കെ മിടിക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു, അവരെ മുറുകെ കെട്ടിപ്പിടിച്ചു.' എന്തിനാ ഏറെ പറയണേ, മാമോദീസ വെള്ളം തലയിലൊഴിച്ച അച്ഛന്റെ ളോഹയുടെ നിറം വരെ ഈ പെങ്കൊച്ചിന്റെ ഒര്‍മ്മേലുണ്ടെന്നാ തോന്നണെ.

ഒന്നും പിന്നേക്ക് വെക്കണ പണി ആനിനില്ല. പക്ഷെ, ഒരു സന്തോഷ പുണ്യാളന്‍ ആനിനിട്ട് ഒരു നൈസ് പണിയങ്ങു കൊടുത്തു. കഥ ഇങ്ങനെയാ.
പേര് മാറ്റാന്‍ പുണ്യാളനോട് പ്രാര്‍ത്ഥിക്കുന്ന ആന്‍
ശല്യം കൂടിക്കൂടി ഒരു ഞായറാഴ്ച പുണ്യാളന്‍ തിരിച്ചു ചോദിച്ചു.
'ഈ 'അ' എന്ന അക്ഷരത്തില്‍ തുടങ്ങുന്ന പേര് തന്നെ വേണോ?'
'വേണം വേണം.' ഞാന്‍ തീരുമാനത്തില്‍ ഉറച്ചു നിന്നു.
'എങ്കില്‍ നിനക്ക് പേര് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടേണ്ട. അഹങ്കാരി, അധികപ്രസംഗി, അത്യാഗ്രഹി, ഏതു വേണം?' പുണ്യാളന്‍ ചിരിച്ചു.
'എന്നാ പിന്നെ അലവലാതി എന്ന് കൂടി പറയാമായിരുന്നില്ലേ? എനിക്ക് ദേഷ്യം വന്നു. പക്ഷെ, അന്ന് മുതല്‍ ഒരു പേരുമാറ്റം അല്ല, എന്റെ പെരുമാറ്റം ആണ് മാറ്റേണ്ടതെന്നു പറഞ്ഞ പുണ്യാളന്റെ പോസിറ്റീവ് സ്പിരിറ്റ് കണ്ട് പെരുത്തിഷ്ടായി, അങ്ങേരുടെ കൂടെ തന്നെ അങ്ങ് സ്‌ട്രോങ്ങായി കൂടി!'

വായന ആനിന്റെ ഇരട്ട പെറ്റ സഹോദരിയാണോ എന്ന് ചോദിച്ചാലും ആന്‍ പറയും...'ആം.' 'കുട്ടികളുടെ പുസ്തകങ്ങള്‍ മുതല്‍ ബൈബിള്‍ വരെ കയ്യില്‍ കിട്ടുന്നതെന്തും കൊതിയോടെ വായിക്കുന്ന കാലം. അതിനു നന്ദി പറയേണ്ടത് പാലായിലെ റബ്ബര്‍മരങ്ങളോടാണ്. ഒരു കാറ്റോ മഴയോ മതി മരങ്ങള്‍ മറിഞ്ഞു വീണ് വീട് ഇരുട്ടിലാവും. ചിലപ്പോള്‍ ദിവസങ്ങള്‍ കഴിഞ്ഞാവും കറന്റു വരുന്നത്. അത് വരെയും പകലും രാത്രിയും കൂട്ട് പുസ്തകങ്ങള്‍ മാത്രം!'
'കുട്ടിക്കാലത്ത് അവരൊക്കെയും വിളമ്പിവെച്ചതില്‍ നിന്നും കയ്യില്‍ പുരണ്ട മണ്ണാണ് പിന്നീട് മനസ്സില്‍ പൊടിഞ്ഞ കനലുകളിലൊക്കെയും വാരിയെറിഞ്ഞത്.'
'കൈയ്യിലുള്ള കാശിനു മുഴുവനും പുസ്തകങ്ങളും മേടിച്ച്, ഞാന്‍ ആദ്യമേ തന്നെ അപ്പര്‍ ബെര്‍ത്തില്‍ കയറി കിടന്നു.'
'ചില മുഖങ്ങള്‍ ഒരു വലിയ പുസ്തകത്തിന്റെ ആമുഖമായിരിക്കും.' ഇങ്ങനെയൊക്കെ വായിച്ചെടുക്കുമ്പോള്‍ നാം മറ്റെന്താണ് മനസ്സിലാക്കേണ്ടത്?

സ്ത്രീകള്‍ക്ക് വേണ്ടി വാദിക്കുന്ന ഒരു സ്ത്രീ സമത്വവാദി ആനിലുണ്ട്.
അടുക്കളയില്‍ പണിയെടുക്കുന്ന ഇന്നലെകളിലെ പെണ്ണുങ്ങളെപ്പറ്റി ആന്‍ എഴുതുന്നു. 'വികാരിയച്ചന്‍ എത്ര തവണ മൈക്കിലൂടെ വിളിച്ചു പറഞ്ഞാലും ഇവരൊക്കെ സ്ഥിരമായി വൈകിയെത്തുന്നവരാകും. കയ്യിലും കാലിലും അവര്‍ പോലുമറിയാതെ അടുക്കളയിലെ കരിയുണ്ടാവും. കൈവിരലുകളില്‍ ഏതെങ്കിലുമൊന്നില്‍ ഒരു പഴന്തുണി കെട്ടിയ മുറിവുണ്ടാവും. പല തവണ കറിക്കരിഞ്ഞും പുല്ലു വെട്ടിയും വിരല്‍ത്തുമ്പുകള്‍ കറുത്തും പൊട്ടിയും വീര്‍ത്തിട്ടുണ്ടാവും. പശുവിന്റെ കയര്‍ പിടിച്ചു വലിച്ചും വിറകു വെട്ടിയുമൊക്കെ തഴമ്പ് വീണിട്ടുണ്ടാവും. കാലൊക്കെ വിണ്ടു കീറിയിട്ടുണ്ടാവും. അടുത്തേക്ക് ചെല്ലുമ്പോള്‍ തലയിലൊക്കെ ചാരം പറ്റിപ്പിടിച്ചിട്ടുണ്ടാവും. വെറുതെ കോതി വെച്ച മുടിയില്‍ പുക മണവും.'
'നമ്മുടെ പഴയ കാലമൊക്കെ എത്ര മനോഹരമായിരുന്നു എന്ന ഓരോ ഗൃഹാതുരതയിലും നാം കാണാതെ പോകുന്ന എത്ര കരിയും പുകയുമാണ്. കേള്‍ക്കാതെ പോയ എത്ര നെടുവീര്‍പ്പുകളാണ്, അറിയാതെ പോയ എത്ര ജീവിതങ്ങളാണ്.'

'അവര്‍ പാപം ചെയ്യുന്ന സ്ത്രീയാണ്. ബൈബിളിലെ കല്ലെറിയപ്പെട്ട പാപിനിയായ സ്ത്രീയുടെ കഥ വായിച്ചിട്ടില്ലേ? നമ്മളൊന്നും അവരെപ്പോലുള്ളവരോട് മിണ്ടരുത്.' എന്ന് പറഞ്ഞിട്ടും ഫിലോമിന ചേച്ചിയോട് കൂട്ട് കൂടുന്നതും പരസ്യമായി ലൈംഗീക വൈകൃതത്തിന് മുതിരുന്ന പ്രായമുള്ളയാള്‍ക്കെതിരെ ഗര്‍ജ്ജിക്കുന്നതുമെല്ലാം മാനവികതയില്‍ നിന്ന് കൊണ്ട് സമത്വത്തിന് വേണ്ടി ദാ ഹിക്കുന്ന ഒരാളില്‍ നിന്നുയരുന്ന ചിന്തകളാണ്.
'അതൊക്കെ ഭാര്യമാരുടെ കടമയാ. എന്നാലെന്താ, പേരിന് വീട്ടിലൊരു ആണുണ്ടല്ലോ.'
'അതിനിപ്പോ എന്താ? അങ്ങോര് ഒരാണല്ലേ?'; എന്നൊക്കെ ഒരേ അവസ്ഥയില്‍ ആയിരിക്കുന്ന പുരുഷനും സ്ത്രീക്കും രണ്ടു നീതി വിളമ്പുന്ന സമൂഹത്തോട് ആന്‍ കലഹിക്കുന്നത് ആക്ഷേപഹാസചിന്തകളെക്കൊണ്ടാണ്.
'ഓരോ നിയമങ്ങളും അതിന്റെ പഴുതുകളും ഇത്ര കൃത്യമായി സൃഷ്ടിക്കാനും തക്ക സമയത്ത്, വേണ്ടിടത്ത് പ്രസംഗിക്കാനും ദൈവം ചിലര്‍ക്ക് ഒരു അസാമാന്യ കഴിവ് തന്നെയാണ് കൊടുത്തിരിക്കുന്നത്. ഹോ, അസൂയ തോന്നുന്നു.'

ഹാസ്യാത്മകമായി എഴുതാനുള്ള കഴിവാണ് ആന്‍ പാലിയുടെ ശക്തി.
അടുക്കളയില്‍, 'ഉരല്‍, അമ്മിക്കല്ല്, ആട്ടുകല്ല്, ചിരവ തുടങ്ങിയ 'ഹോം ജിം യന്ത്രങ്ങള്‍' ആ ഭാഗത്താണ്.'
'പിന്നെ വീടിന്റെ പിറകില്‍ വിറകുപുര എന്ന മറ്റൊരു സഹോദരസ്ഥാപനം കൂടെയുണ്ട്.'
'പ്രായമാകുമ്പോള്‍ മനുഷ്യന് ഭംഗി കുറയും എന്ന പൊതുബോധത്തെ പൊടിച്ചു ഹീലിയം ബലൂണില്‍ തൂക്കി ആകാശത്തേക്ക് വിടുന്ന അവരുടെ ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നി.' ഇങ്ങനെ ബുദ്ധികൊണ്ടുണര്‍ത്തുന്ന ചിരി ഈ പുസ്തകത്തിന്റെ ഭാഗമാണ്. 'ജോണി വാക്കര്‍' കൊടുക്കുമ്പോള്‍ 'നടക്കും ജോണി' എന്ന് പകര്‍ത്തിയെഴുതുന്ന നര്‍മ്മം.

നര്‍മ്മം മാത്രമല്ല നോവിന്റെ നനവ് പടര്‍ത്തുന്ന ഓര്‍മ്മകളും ആന്‍ പങ്കു വെക്കുന്നുണ്ട്. മരണവും ഭ്രാന്തും ദാരിദ്ര്യവും രോഗവുമെല്ലാം വില്ലന്മാരായി കടന്നു വരുന്നു. മറ്റു ചിലയിടത്ത് സമൂഹത്തിന്റെ തിരസ്‌കാരമാണ്. 'ഇടറുന്ന ശബ്ദത്തില്‍ ആ കനത്ത കണ്ണടക്കു പിറകില്‍ നിന്നും അവര്‍ ഉരുകിയിറങ്ങുന്നതും അതില്‍ വാക്കുകളുടെ നൂല്‍ച്ചിത്രങ്ങളെല്ലാം ചാരമായി മാറുന്നതും ഞാന്‍ അറിഞ്ഞു.' 'മകളുടെ ശരീരം മറവു ചെയ്യുന്നതിന് മുന്‍പായി അവര്‍ മുട്ടോളമെത്തുന്ന ആ മുടി മുറിച്ചെടുത്തു. വര്‍ഷങ്ങളായി അവരുടെ അലമാരയില്‍ ഒരു തുണിയില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നു. നിധി പോലെ.' 'കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്ന അമ്മമാരുടെ ദുഃഖത്തേക്കാള്‍ വലുതായി മറ്റൊന്നുമില്ല ഈ ഭൂമിയില്‍ എന്ന് പറയുന്നത് സത്യമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞ വര്‍ഷങ്ങള്‍.'
ചിലപ്പോള്‍ തന്റെ തന്നെ തെറ്റുകളാണ് ദുരന്തം വരുത്തി വെക്കുന്നത്. പല കുറിപ്പുകളിലും വായനക്കാരുടെ കണ്ണുകള്‍ ഈറനണിയും വിധമുള്ള നൊമ്പരങ്ങള്‍ ചേര്‍ത്ത് വെച്ചിട്ടുണ്ട് എഴുത്തുകാരി.

നമ്മുടെ കഥാ നായിക ആന്‍ ഇപ്പോള്‍ കണ്ണുരുട്ടുന്നില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നതിനാല്‍ ആ അവസരം ഉപയോഗിച്ച് ഈ പുസ്തകത്തില്‍ എനിക്ക് തോന്നിയ ചില കുറവുകളും പറഞ്ഞു കൊള്ളട്ടെ. പാലയെപ്പറ്റിയും പാലക്കാരെപ്പറ്റിയും തന്റെ ബാല്യകാലത്തെപ്പറ്റിയും വിശദമായി പറഞ്ഞെങ്കിലും തീക്ഷ്ണമായ അനുഭവങ്ങളുടെ അഭാവം പകുതിക്ക് ശേഷമുള്ള കുറച്ചു അധ്യായങ്ങളെ അല്പം തണുപ്പിച്ചു എന്ന് തോന്നി. ബുദ്ധി കൊണ്ടും നര്‍മ്മം കൊണ്ടും ഒരു പരിധി വരെ ഹൃദയം കൊണ്ടും സംവദിക്കുന്ന ഒരു പുസ്തകമായി 'അ' ഫോര്‍ 'അന്നാമ്മ'യിലെ ഭൂരിഭാഗം കുറിപ്പുകളും നില നില്‍ക്കുമ്പോഴും ആത്മാവിനെ സ്പര്‍ശിക്കാന്‍ കുറച്ചു കുറിപ്പുകള്‍ കൂടെ മനസ്സ് കൊണ്ട് ഞാന്‍ ആഗ്രഹിച്ചു. ഇതൊക്കെ എഴുതിയാല്‍ ആന്‍ എന്നോട് ദേഷ്യപ്പെടും എന്ന ചിന്തയൊന്നും എനിക്കില്ല. 'അല്ല, അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ ഇതിപ്പോ എം എ യൂസഫ് അലിയോട് ലുലുവില് ഉണക്ക കപ്പ കിട്ടുവോന്ന് സംശയിച്ചതിന് ഇത്രയ്ക്കു കളിയാക്കാനുണ്ടോ?' എന്ന് ചോദിച്ച അന്നാമ്മയെപ്പറ്റിയാണ് നമ്മുടെ സംശയം.

ഈ പുസ്തകത്തില്‍ എന്നെ അതിശയിപ്പിച്ച മറ്റൊരു കാര്യം, ഈ കുറിപ്പുകള്‍ക്കുള്ള ചിത്രങ്ങള്‍ എല്ലാം വരച്ചിരിക്കുന്നത് ആന്‍ പാലി തന്നെയാണ് എന്നതാണ്. വിഷയത്തെ ഉള്‍ക്കൊണ്ട് അതെ സമയം ലളിതമായും ഭംഗിയോടെയും വരച്ച ചിത്രങ്ങള്‍ നമ്മെ ചിന്തിപ്പിക്കുകയും അതിശയിപ്പിക്കുകയും ചെയ്യും.

അന്നാമ്മേ, കണ്ണുരുട്ടണ്ടേ..വാച്ചിലും നോക്കേണ്ട. ഞാന്‍ അവസാനിപ്പിക്കുകയാണ്. എന്നാലും കപ്പ വാട്ടലിനെപ്പറ്റി പറയാതെ എങ്ങനെയാ? ഏയ്...ഞാന്‍ കളിയാക്കിയതല്ല. അന്നമ്മയുടെ നാട്ടിലെ കപ്പ വാട്ടല്‍ എങ്ങനെയാണെന്നറിയാമോ?

'ഈ കപ്പവാട്ട് എന്ന മഹാമാമാങ്കം നടക്കുന്ന ദിവസങ്ങള്‍ തന്നെ ഒരു ആഘോഷമാണ്. പകല് തന്നെ പെണ്ണുങ്ങള്‍ വന്നു കപ്പ മുഴുവനും പൊളിച്ചിടും. ഉച്ച കഴിയുമ്പോളേക്കും അടുക്കളപ്പുറത്തെ അടുപ്പുകല്ലുകളില്‍ വലിയ വാര്‍പ്പുകള്‍ എത്തും. തലയില്‍ തോര്‍ത്തുമുണ്ടും ചുറ്റി ചേട്ടന്മാര് മേശയുടെ ഓരോ അറ്റത്തു നിന്നും വലിയ കത്തി എടുത്തു പണി തുടങ്ങും. ഒരേ നിരയായി മുറിച്ചിടുന്ന കപ്പക്കഷ്ണങ്ങള്‍, തിളച്ചു മറിയുന്ന വെള്ളത്തിലേക്ക് വീഴും. അധികം വാടുന്നതിന് മുന്‍പ് തിരിച്ചെടുക്കും. ഇതിനിടയില്‍ തൊട്ടപ്പുറത്തെ വിറകുപുരയില്‍ പോയി ഓരോ സ്മോളും വഴറ്റിവെച്ചിരിക്കുന്ന കോഴിക്കറിയില്‍ നിന്നും നല്ലൊരു കഷ്ണവുമെടുത്തു പണിക്കാരി ചേടത്തിയോട് ലേശം കുശലോം പറഞ്ഞ് ഒന്നൂടൊന്ന് ഉഷാറാവും. പാതിരാത്രിയാവുമ്പോഴേക്കും മുറ്റത്തൊക്കെ കപ്പയുടെയും കോഴിക്കറിയുടെയും മുളകരച്ചതിന്റെയും രാത്രിമുല്ലയുടെയും ഒക്കെ മണം പടരും.'

അന്നാമ്മയുടെ നാട്ടിലെ വൈന്‍ ഉണ്ടാക്കലും ഒരു സംഭവമാണ്. അത് പുസ്തകത്തില്‍ വായിക്കൂ. പക്ഷെ, ആ വൈനിനെപ്പറ്റി അന്നാമ്മ പറയുന്ന ഈ വാചകങ്ങള്‍ കൂടെ കേള്‍ക്കൂ.
'ആ വീഞ്ഞിനും കാലങ്ങള്‍ കടന്ന് വന്ന കഥകള്‍ പങ്കുവെയ്ക്കാനാവും! മുന്തിരിവള്ളികള്‍ ആദ്യം കൂട്ടുപിടിച്ച പന്തല്‍, അവയില്‍ തളിര്‍ത്ത മൊട്ടുകള്‍, അതില്‍ പകമാവുന്ന മുന്തിരിക്കുലകള്‍ക്കായി കാത്തിരുന്ന മീനച്ചിലാറിലെ കാറ്റും ചീനഭരണികളും. ഉറക്കെ ചിരിക്കുന്ന കുറെ മനുഷ്യരും.... ഒടുവില്‍ കൊതിച്ച പോലൊരു മഞ്ഞുകാലമെത്തുമ്പോഴേക്കും. പുളിച്ചു തുടങ്ങുന്ന വീഞ്ഞു പകര്‍ന്നുവെയ്ക്കുവാന്‍ ബ്രൗണ്‍ നിറമുള്ള ചില്ലുകുപ്പികള്‍ വേണം. അതിന് വീണ്ടും മധുരം പകരുവാന്‍ റബ്ബര്‍തോട്ടത്തിലെ തണുത്ത മണ്ണ് തന്നെ വേണം. ഗ്രാമ്പൂവിന്റെയും ഏലത്തരിയുടെയും മണം നുകരുവാന്‍ പിന്നെയുമൊരു ക്രിസ്തുമസ് രാത്രിയിലെ പാതിരാക്കുര്‍ബാന വേണം. അന്നോര്‍ക്കുവാന്‍ കാനായിലെ കല്യാണരാവിലെ കഥകളുണ്ടാവേണം. പിന്നെയും ഒരല്പം ലഹരിയെത്തുവാന്‍ പ്രിയപ്പെട്ടവനേ, എന്നെ നോക്കി ചിരിക്കുന്ന നിന്റെ കണ്ണുകളും വേണം.'

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന 'അ' ഫോര്‍ 'അന്നാമ്മ' പോലുള്ള പുസ്തകങ്ങള്‍ മലയാളത്തിന് കുറെയേറെ പുതിയ വായനക്കാരെ സൃഷ്ടിക്കുമെന്ന് തീര്‍ച്ച.

പ്രസാധനം - സൈകതം ബുക്‌സ് (Sangeetha Justin)
പേജ് - 135
വില - 115 രൂപ

No comments:

Post a Comment