പെണ്‍കുരിശ് - സോണിയ റഫീക്ക്
'മുടിക്കു ഭംഗിയുണ്ട്. പക്ഷെ, അത് മുഖഭംഗിയെ / ശരീര ഭംഗിയെ എത്ര മാത്രം സമ്പന്നമാക്കുന്നു എന്നതില്‍ എനിക്ക് സംശയമുണ്ട്. കെട്ടിത്തൂക്കിയിട്ടൊരു പൊക്കണംപോലെ അത് തോന്നിത്തുടങ്ങിയാല്‍ വെട്ടി നിരത്തുക തന്നെ വഴി.' കാലത്തിന്റെ സ്പന്ദനം ഏറ്റു വാങ്ങിക്കൊണ്ട് കാലത്തിന് മുന്‍പേ സഞ്ചരിക്കുന്ന സ്ത്രീപക്ഷ കഥകള്‍ കൊണ്ട് സമൃദ്ധമാണ് സോണിയ റഫീക്ക് Sonia Rafeek എഴുതിയ പെണ്‍ കുരിശ് എന്ന സമാഹാരം. കരുത്തുറ്റ ഭാഷയും തീക്ഷ്ണമായ ചിന്തകളും പക്ഷം ചേര്‍ന്നുള്ള നിലപാടുകളും മടി കാണിക്കാത്ത പരീക്ഷണോത്സുകതയുമാണ് സോണിയ റഫീഖിന്റെ കഥകളെ വ്യത്യസ്തമാക്കുന്നത്. വായനയുടെയും കാഴ്ചയുടെയും പരപ്പിലേക്കും ആഴത്തിലേക്കും നല്ല വണ്ണം യാത്ര ചെയ്തിട്ടുള്ള എഴുത്തുകാരിയുടെ അറിവും ചിന്തയും ഭാവനയും സമന്വയിപ്പിച്ച പത്തു കഥകളാണ് പെണ്‍ കുരിശ് എന്ന കഥാ സമാഹാരത്തിലുള്ളത്.
പത്തില്‍ ഏഴു കഥകളും സ്ത്രീ പക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്നവയാണ്. പുസ്തകത്തിന്റെ പേരായ പെണ്‍കുരിശ് എന്നത് ഈ കഥകളിലെ അഞ്ചു കഥകള്‍ക്കെങ്കിലും കൃത്യമായി യോജിക്കുന്നതാണ് എന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല എന്നതാണ് സത്യം.
പെണ്‍കുരിശ് എന്ന ആദ്യ കഥ സോണിയ റഫീക്കിന്റെ വായനയുടെയും ചിന്തയുടെയും ആഴത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. ചിത്രകാരി ഫ്രിഡ കാഹ്ലോ, നര്‍ത്തകി ഇസഡോറ ഡങ്കന്‍, എഴുത്തുകാരിയും ചലച്ചിത്ര സംവിധായികയുമായിരുന്ന മാര്‍ഗരറ്റ് ഡുറാസ് എന്നിവര്‍ മലയാളത്തിന്റെ നീര്‍മാതളത്തിന്റെ ശവക്കല്ലറയില്‍ ഒരു മെയ് മാസം 31 ന് നടത്തുന്ന സന്ദര്‍ശനമാണ് പെണ്‍കുരിശ് എന്ന കഥയുടെ വിഷയം. നിത്യപ്രണയിനിയുടെ കുഴിമാടത്തില്‍ അവര്‍ ഒത്തു ചേര്‍ന്ന് സ്വയം ചിന്തിക്കുന്നു, ചര്‍ച്ച ചെയ്യുന്നു, കണ്ടെത്തുന്നു. 'ചിത്രത്തിലെ സ്ത്രീക്ക് നൃത്തം ചെയ്യാത്തതായി ഒരു അവയവും ഉണ്ടായിരുന്നില്ല. മുടിയിഴകള്‍ക്ക് പോലും സ്വാഭാവികമായൊരു താളമുണ്ടായിരുന്നു.' നൃത്തം ചെയ്യുമ്പോള്‍ 'വിരലുകള്‍ക്ക് ചെത്തിക്കൂര്‍പ്പിച്ച പെന്‍സിലിന്റെ മൂര്‍ച്ചയും മനോഹാരിതയും.' 'തൃക്കണ്ണില്‍ പുരുഷനെ ആവാഹിച്ച നാല് സ്ത്രീകളാല്‍ ഒരു പെണ്‍കുരിശ്.' അവരുണ്ടാക്കി. ശില്‍പങ്ങള്‍ക്ക് മാറ്റമാണ് ദിശാസൂചി. 'ശില്പത്തിന്റെ കണ്‍കോണിലൊരു കണ്ണുനീര്‍ത്തുള്ളിയായോ വിരല്‍ത്തുമ്പില്‍ മൂര്‍ച്ഛയായോ നാഭിയിലെ ചുഴിയുടെ ആഴമായോ ഒക്കെ പ്രത്യക്ഷപ്പെടുന്ന മാറ്റങ്ങള്‍.' സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ലോകത്തെല്ലായിടത്തും ഒന്നു തന്നെയാണെന്നും സാഹിത്യവും കലയും സിനിമയുമെല്ലാം കൈ കോര്‍ത്ത് ഈ കുരിശിനെ ഭാരമില്ലാതാക്കി സ്ത്രീത്വത്തെ ആഘോഷമാക്കി ജീവിതത്തെ സന്തോഷത്തോടെ നേരിടേണ്ടതുമാണെന്ന് ഈ കഥ പറയാതെ പറയുന്നു. 'ഈ പുരുഷന്മാര്‍ക്കൊക്കെ എന്താണ് ഒരേ മുഖം?' 'ഭര്‍തൃമുഖങ്ങള്‍! പുരുഷന്മാരുടെ ഏറ്റവും മടുപ്പിക്കുന്ന മുഖഭാവം ഭര്‍തൃഭാവമല്ലേ?' എന്ന് മുഴുവന്‍ പുരുഷ സമൂഹത്തെയും പ്രതിസ്ഥാനത്തു നിര്‍ത്തുമ്പോഴും 'കുഞ്ഞുങ്ങളുള്ള സ്ത്രീകളാലാണ് ജീവിതം പൂര്‍ണ്ണമായി ജീവിക്കപ്പെടുന്നത്. കുട്ടികള്‍ അവര്‍ക്ക് ദൃഢത സമ്മാനിക്കുന്നു. സ്ത്രീകളും അവരുടെ കുട്ടികളും, അതാണ് ഈ ലോകത്തെ ദുര്‍ബലമാക്കാത്ത ഒരേയൊരു കാഴ്ച.' എന്ന് ഈ കഥയില്‍ എടുത്തെഴുതിയത് നന്നായി.
മറ്റൊരു നല്ല കഥയാണ് സക്കര്‍ഫിഷ്. വീട്ടുകാര്‍ അവധിക്ക് പോകുന്ന തക്കത്തില്‍ വീട് സ്വന്തമാക്കി ഉപയോഗിക്കുകയും, വീട്ടുകാര്‍ തിരിച്ചു വന്നിട്ടും നിയന്ത്രണം വിട്ടുകൊടുക്കാതെ തന്റെ സ്വാധീനം നില നിര്‍ത്തുകയും ചെയ്യുന്ന ഖലീല്‍ എന്ന അന്യദേശ തൊഴിലാളിയുടെ കഥയായ സക്കര്‍ഫിഷ് പല മാനങ്ങളുള്ള കഥയാണ്. എഴുത്തുകാരിയുടെ ബിംബകല്പനയിലുള്ള താല്പര്യത്തേയും വിപുലമായ കാഴ്ചപ്പാടിന്റെ സാധ്യതകളെയും ഇത് വിളിച്ചോതുന്നു. കാഴ്ചപ്പാടുകളില്‍ അനായാസമായി മാറ്റം വരുത്തി കഥയെ ഒഴുക്ക് നഷ്ടപ്പെടാതെ മുന്നോട്ട് കൊണ്ടു പോകാനുള്ള കഴിവ് പ്രതിഭയുള്ള എഴുത്തുകാരിയെ കാണിച്ചു തരുന്നുണ്ട്. 'ആ വിരലുകള്‍ക്കിടയിലൂടെ ഒരു കൊക്കപ്പുഴുവിനെപ്പോലെ തുളഞ്ഞു കയറി ഖലീലിന്റെ ശരീരത്തിലെ അദൃശ്യാവയവമായി മാറുവാന്‍ അവന്റെയുള്ളിലൊരു ആഗ്രഹം വന്നു നിറഞ്ഞു' എന്നത് സക്കര്‍ ഫിഷിന്റെ ചിന്തയായി പറയുമ്പോഴും അത് ഖലീലിന്റെത് തന്നെയായിരുന്നു എന്ന് പിന്നീട് അനായാസേന വായനക്കാര്‍ക്ക് വ്യക്തമാവും വിധം മികച്ചതാണ് എഴുത്ത്.
സമാഹാരത്തിലെ മികച്ച കഥകളിലൊന്നാണ് Y. ഒരു മലയാളം കഥയ്ക്ക് Y എന്ന പേരിട്ടതിലെ ഔചിത്യം എന്നെ മുന്‍പ് കുഴച്ചിരുന്നു. പക്ഷെ, കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ഈ കഥയ്ക്ക് Y എന്നല്ലാതെ പേരിടാനും സാധിക്കുകയില്ല എന്ന് തിരിച്ചറിയുന്നു. അടുക്കളയുടെ ഇരുട്ടിലേക്ക് അവളൊരു നേര്‍ രേഖയായി നടന്നു. അതൊരു ചതുരമുറി.' 'ഫര്‍ക്കക്കുരിശിന്റെ ശിഖരങ്ങളില്‍ ഇടത് ജീര്‍ണ്ണതയിലേക്കും വലത് സമ്പുഷ്ടിയിലേക്കുമാണ്. രണ്ടില്‍ എവിടേക്ക് സഞ്ചരിക്കണമെന്ന ആശങ്കയില്‍ അവള്‍ Y യുടെ ശാഖാപ്പിരിവില്‍ സംഭ്രമിച്ചു നിന്നു.' 'അടുക്കളയെ ചുറ്റിവളരുന്ന കുശിനിപ്പാവല്‍. കുശനിയില്‍ അവളൊരു പാവല്‍. കുശിനിപ്പാവല്‍. മറ്റിടങ്ങളിലില്ലാത്ത കയ്പാണ് അവള്‍ക്ക് അടുക്കളയില്‍.' അടുക്കളയില്‍ ചുറ്റപ്പെടുന്ന സ്ത്രീകളുടെ മനസികാവസ്ഥയിലേക്കും അവര്‍ നേരിടുന്ന അവഗണനകളിലേക്കും വിരല്‍ ചൂണ്ടുക മാത്രമല്ല, അവ എങ്ങനെ ഒരാളെ മതിഭ്രമത്തിന്റെ വക്കത്തെത്തിക്കുന്നു എന്ന് കാണിച്ചു തരികയും ചെയ്യുന്നുണ്ട് ഈ കഥയില്‍. എന്നാല്‍ മതിഭ്രമത്തിന്റെ അവസ്ഥയില്‍ നിന്ന് വിപ്ലവത്തിന്റെ അവസ്ഥയിലേക്ക് അവള്‍ എത്തപ്പെട്ടുവെങ്കില്‍ കുറ്റം അവളുടേതല്ല എന്ന് ഉറക്കെ പറയുന്നുണ്ട് ഈ കഥ. ഹെര്‍ബേറിയത്തില്‍ സോണിയ റഫീഖ് എഴുതി വായനക്കാര്‍ ഇഷ്ടപ്പെട്ട ഫാത്തിമയുടെ കുറിപ്പുകളുടെ ഒരു ചെറു പതിപ്പ് ഈ കഥയില്‍ കാണാനായത് ആഹ്ലാദകരമായി.
'പ്രത്യേകിച്ച് അഭിപ്രായമൊന്നും പറയാനില്ലാത്തതും എന്നാല്‍ സംഭവിച്ചേ തീരൂ എന്ന് നിര്‍ബന്ധമുള്ളതുമായ വിഷയങ്ങളാവുമ്പോള്‍ നിസ്സംഗതയാണല്ലോ ഏറ്റവും നല്ല കീഴ്വഴക്കം?' വിവാഹകാര്യത്തിലാവുമ്പോള്‍ ഇത് അങ്ങനെ തന്നെയാണ്. 'ധ്യാനം 180 ഡിഗ്രി പ്രാപിക്കുമ്പോള്‍' എന്നത് അള മുട്ടിയാല്‍ ചേരയും കടിക്കും എന്ന പഴഞ്ചൊല്ലിനെ സാധൂകരിക്കുന്നകഥയാണ്. 'എനിക്ക് പഠിക്കണം, പി. ജി. ചെയ്യണം, അതിനു ശേഷം നിങ്ങള്‍ കൊണ്ടു നിര്‍ത്തുന്ന ഏതൊരുവനെയും ഞാന്‍ സ്വീകരിച്ചോളാം.' 'അനിലയുടെ എതിര്‍പ്പുകള്‍ കണക്കിലെടുക്കേണ്ടതായി ആര്‍ക്കും തോന്നിയില്ല. കുറെയേറെ മനുഷ്യര്‍, ഭക്ഷണം, ചടങ്ങുകള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ ഇവയ്ക്കു നടുവിലൂടെ അവള്‍ ഇറങ്ങിപ്പോയി.' ഒരു പക്ഷെ, കുശിനിപ്പാവലിലേക്കുള്ള ഒരു ഇറങ്ങിപ്പോക്ക്. തീവ്ര നിലപാടുള്ള y എന്ന കഥയും ധ്യാനം 180 ഡിഗ്രി പ്രാപിക്കുമ്പോള്‍ എന്ന കഥയും ഒന്ന് തന്നെയല്ലേ എന്ന് നാം ചിന്തിക്കുമ്പോഴും Y രചനയുടെ സങ്കേതങ്ങളില്‍ മികച്ചതും അനുഭവിപ്പിക്കുന്നതുമാവുമ്പോള്‍ രണ്ടാമത്തേത് അങ്ങനെയാവുന്നില്ല.
'ശരീരം, ശാരീരം, സാരീരം' എന്ന പരീക്ഷാത്മക കഥ നമ്മെ വസ്തുതകള്‍ക്കൊണ്ട് സത്യമെന്ന് അംഗീകരിപ്പിക്കുമ്പോഴും അതിന്റെ ക്രിയാത്മകത കൊണ്ട് അത്ഭുതപ്പെടുത്തുകയും ചിരിപ്പിക്കും ചെയ്യും. ഒരു സാരി എങ്ങനെ ഒരു സ്ത്രീയെ അടിമയാക്കി, അസ്വതന്ത്രയാക്കി നില നിര്‍ത്തുന്നു എന്നതാണ് ഈ 'കഥയുടെ' സാരം. 'ഇപ്പോള്‍ ഈ കിടപ്പില്‍ ഞാന്‍ ഒരു പെരുമ്പാമ്പിനാല്‍ ചുറ്റിവരിയപ്പെട്ടിരിക്കുകയാണ്. ഏകദേശം ആറു മീറ്ററോളം വരുന്ന ഒന്ന്.' എന്ന് തുടങ്ങുന്ന കഥ സാരിയുടുപ്പിന്റെ ഞൊറിയളവുകളും ചുറ്റിവരിയലുകളും എല്ലാം കഴിയുമ്പോള്‍, 'എന്റെ ശരീരത്തില്‍ പെരുമ്പാമ്പ് ചുറ്റിയിരുന്നില്ല. ഞാന്‍ പെരുമ്പാമ്പിനാല്‍ വിഴുങ്ങപ്പെട്ടതായിരുന്നു. പെരുമ്പാമ്പിനെ ഉദരത്തിലെ മുഴപ്പുകളായി എന്റെ ശരീരം/സാരീരം.' എന്നിടത്തേക്ക് എത്തുന്ന ഈ സരസമായ കഥനം ചിന്തനീയം തന്നെ. 'ധ്യാനം 180 ഡിഗ്രി പ്രാപിക്കുമ്പോള്‍' എന്ന കഥയിലെ 180 ഡിഗ്രി ഇവിടെയും അവര്‍ത്തിക്കപ്പെടുന്നുണ്ട്. 'അങ്ങനെയൊരു 180 ഡിഗ്രി തിരിവ് സംഭവിക്കുന്ന രാത്രിയിലാണ് അമാവാസികളുടെ കൂട്ടമരണം സംഭവിക്കുക.' പുരുഷന് മനസ്സിലാക്കാന്‍ കഴിയാത്ത സ്ത്രീ എന്ന ചിന്ത മറ്റു പല കഥകളിലുമെന്ന പോലെ ഇതിലും പറയുന്നുണ്ട്, പക്ഷെ കുറച്ചു കൂടെ നന്നായി. 'പാവാടയ്ക്കുള്ളില്‍ തിരുകിയ ഭാഗങ്ങള്‍ക്കു മാത്രം അവളുടെ വിയര്‍പ്പുമണം. മറ്റുഭാഗങ്ങള്‍ അവളെ അറിയുന്നതേയില്ല. നൂറ്റാണ്ടുകളുടെ സമ്പര്‍ക്കത്തിനു ശേഷവും പുരുഷന് അജ്ഞാതമായ സ്ത്രീ അകങ്ങളെപ്പോലെ'. എന്ന് എഴുത്തുകാരിയിലെ സ്ത്രീപക്ഷവാദി പരിഹസിക്കുന്നുണ്ട്. ക്രിയാത്മകത അതിന്റെ ഉയരത്തില്‍ എന്ന് പറഞ്ഞ് ശരീരം, ശാരീരം, സാരീരം എന്ന കഥയെക്കുറിച്ചുള്ള അഭിപ്രായം നിറുത്താം.
ഒരു ബ്യൂട്ടി സലൂണിന്റെ പശ്ചാത്തലത്തില്‍ ഈജിപ്തിലെ മമ്മികളെ ഓര്‍മിപ്പിച്ചു കൊണ്ട് പറയുന്ന നെഫെര്‍റ്റിറ്റി എന്ന കഥ സൗന്ദര്യം പൂശിയ മുഖങ്ങളെ സ്ത്രീ എന്നത് കൊണ്ടു മാത്രം അംഗീകരിക്കാത്ത സമൂഹത്തിനെതിരെയുള്ളതാണ്. ചരിത്രത്തില്‍ പ്രബലയായ ഒരു സ്ത്രീ, നെഫെര്‍റ്റിറ്റി. അവരുടെശവകുടീരത്തെപോലും ആക്രമിച്ചവര്‍, 'ഇത്രയും പ്രബലയായ സ്ത്രീ, അവളെ ചരിത്രമറിയാതെ പോകണമെന്നവര്‍ ആഗ്രഹിച്ചിട്ടുണ്ടാവും.' 'വ്യക്തമല്ലേ അത്? മരണശേഷം ഒരു സ്ത്രീയെ ഈ വിധം അക്രമിക്കുന്നതിലൂടെ അവളുടെ സൗന്ദര്യത്തിന്റെയും വ്യക്തിത്വത്തിന്റെയും അല്പാംശങ്ങള്‍ പോലും മായ്ച്ചു കളയുകയല്ലേ?' ഞാന്‍ എഴുതി. എന്ന് കഥാകാരി പറയുന്നു. സൗന്ദര്യവും കഴിവും ഉണ്ടായാലും സമൂഹം അംഗീകരിക്കാത്ത സ്ത്രീത്വം എന്ന ചിന്തയെ ഊട്ടിയുറപ്പിക്കുന്നതാണ് ഈ കഥയും.
ഈ സമാഹാരത്തില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥ വൈ ഫൈ ആണ്. 'ആര്‍ദ്രത, അനുകമ്പ, ആശ്വാസം ഇതൊക്കെ പെണ്‍ ആതുരശുശ്രൂഷകര്‍ക്ക് മാത്രം സാധ്യമാകുന്ന സംഗതികളായി തെറ്റിദ്ധരിച്ചിരുന്ന ആശുപത്രി മുറികളില്‍ സേതുരാമന്‍ ആണ്‍പരിചരണശീലങ്ങള്‍ ഒരു ഡ്രിപ്പ് കുപ്പിയില്‍ നിന്നെന്ന പോലെ തുള്ളിതുള്ളിയായി ഇറ്റിച്ച് ഇറക്കുകയായിരുന്നു.' എഡിസനോട് മത്സരിച്ചു വൈദ്യുതിയുടെ വക്രധാര അഥവാ പ്രത്യവര്‍ത്തിധാര (AC) കറന്റ് കണ്ടുപിടിച്ച നിക്കോള ടെസ്സയെപ്പോലും അറിയാവുന്ന സേതുരാമനെയും അതിശയിപ്പിക്കുന്ന അറിവും ഓര്‍മ്മയും കമലുന്നിസ എന്ന ഊമയായ നൃത്തക്കാരിക്കുണ്ടായിരുന്നു. കമലുന്നിസയുടെ പരിചരണം കാലം സേതുരാമനു നല്‍കുമ്പോള്‍, അവര്‍ തമ്മിലുള്ള വാര്‍ധക്യ പ്രണയത്തിലേക്ക് ഒരു വില്ലന്‍ കടന്നുവരുമ്പോള്‍, എല്ലാം വായന അനുഭവമാകുകയും കഥാപാത്രങ്ങള്‍ മനസ്സില്‍ ജീവിക്കുകയും ചെയ്യും വിധം മിഴിവുറ്റതായി ഈ കഥയെ അവതരിപ്പിച്ചിരിക്കുന്നു. പരസ്പര പൂരകമായ ഒരു ജീവിതത്തിന്റെ ചേര്‍ച്ച ആരെയും മോഹിപ്പിക്കും വിധം അവതരിപ്പിക്കുന്നുണ്ട്. എന്തുകൊണ്ടും ഈ സമാഹാരത്തിലെ മികച്ച കഥയാണ് വൈ ഫൈ.
'പട്ടുനൂല്‍പ്പുഴുക്കള്‍ വാ പിളര്‍ന്നത് മള്‍ബറി ഇലകള്‍ക്കു വേണ്ടിയായിരുന്നില്ല', നീലയും പച്ചയും ഇടയ്ക്കിടെ ചുവക്കാറുണ്ട്.', കളിജീവനം എന്നീ കഥകള്‍ വേണ്ടത്ര നന്നായില്ല എന്ന് തോന്നി.
ലളിതവായനയെക്കാളുപരിയായി പക്വതയാര്‍ന്ന വായന ആവശ്യപ്പെടുന്ന കഥകളാണ് പെണ്‍കുരിശിലുള്ളത്. ഭൂരിഭാഗം കഥകളും വായനക്കാരുടെ ബുദ്ധിയോടാണ് സംവദിക്കുന്നത്. വൈ ഫൈ, Y എന്നീ കഥകള്‍ ബുദ്ധിയോട് ഇഷ്ടം കൂടുമ്പോഴും അത് പ്രിയപ്പെട്ടതാവുന്നത് അനുഭവത്തിന്റെ തലത്തില്‍ ഹൃദയത്തിന് തൊട്ടറിയാന്‍ കഴിഞ്ഞതു കൊണ്ടാണ്. നെഫെര്‍റ്റിറ്റി എന്ന കഥയും ധ്യാനം 180 ഡിഗ്രി പ്രാപിക്കുമ്പോള്‍ എന്ന കഥയും ആ അവസ്ഥയ്ക്കടുത്തെത്തുന്നുമുണ്ട്. 'പട്ടുനൂല്‍പ്പുഴുക്കള്‍ വാ പിളര്‍ന്നത് മള്‍ബറി ഇലകള്‍ക്കു വേണ്ടിയായിരുന്നില്ല' എന്ന കഥ ഈ സാധ്യതയെ മുതലെടുക്കാതെ പോയ ഒന്നായും തോന്നി.
സോണിയയുടെ എഴുത്തിന് കവിതകളേക്കാള്‍ ചിത്രകലയോടാണ് സാദൃശ്യം പറയാനാവുക. ഒരു ആധുനിക ചിത്രകാരന്‍ തനിക്ക് പറയാനുള്ളത് മനോഹരമായി വര്‍ണ്ണങ്ങളെക്കൊണ്ടും ബിംബങ്ങളെക്കൊണ്ടും ഒളിപ്പിച്ചു വെച്ചിരിക്കുന്നത് പോലെ മനോഹരമാണ് സോണിയയുടെ എഴുത്ത്. ചിത്രകാരന്‍ ഉദ്ദേശിച്ച അര്‍ത്ഥത്തെ മനസ്സിലാക്കുന്നവര്‍ക്ക് കിട്ടുന്ന സന്തോഷത്തിന് ഇരട്ടി മധുരമുണ്ടാകും. കലയുടെ ഈ ചാതുരി മൊത്തം കഥയിലും എന്നാല്‍ ചിലപ്പോഴൊക്കെ അവിടവിടെയായും വിതറുന്നുണ്ട് എഴുത്തുകാരി. 'എന്റെ വള്ളികളിലെ മഞ്ഞപ്പൂക്കള്‍ ഞാന്‍ ഈ തേനില്‍ മുട്ടിക്കും. നിന്റെ തേനുമ്മകള്‍ എന്റെ മഞ്ഞയെ തേന്‍നിറമാക്കും. തേന്‍നിറമുള്ള പൂക്കളുമായി ഞാന്‍ ഈ ഫര്‍ക്കക്കുരിശിന്റെ തണ്ടുകളില്‍ പടര്‍ന്നു കിടക്കും.' 'മറ്റൊരുവന്റെ വായിലോട്ട് ഊതിവീര്‍പ്പിച്ചൊരു ബബിള്‍ഗം കുമിളയുടെ അനൗചിത്യം പോലെ സക്കര്‍ മുന്നൂറ്റിയാറിലെ ഭരണിയില്‍ ഒട്ടിക്കിടന്നു.' എന്നിങ്ങനെ എഴുത്തിന്റെ മാസ്മരികത നമുക്ക് വായിച്ചാസ്വദിക്കാം.
വായനയുടെ ആഴത്തില്‍ പോയി മുങ്ങിക്കണ്ടെടുത്ത മുത്തുകളും ചിന്തയുടെ ഉലയില്‍ ഊതിക്കാച്ചിയെടുത്ത ആശയങ്ങളും ക്രിയാത്മകതയുടെ ഗിരിശൃംഗങ്ങളില്‍ നിന്ന് സമൂഹത്തോട് ആവശ്യപ്പെടുന്നത് നേരിലേക്കും നന്മയിലേക്കുമുള്ള ഉറപ്പാണ്. ഇത് ഔദാര്യമായല്ല അവകാശമാണ് എഴുത്തുകാരി പരിഗണിക്കുന്നത്. ഇല്ലെങ്കില്‍ പ്രതികരണത്തിന്റെ ഒരു 180 ഡിഗ്രി പ്രതിപ്രവര്‍ത്തനം മുന്‍കൂട്ടി കാണുന്നു. സ്ത്രീ കേന്ദ്രീകൃതമായ വിഷയങ്ങളാണ് കഥകള്‍ക്ക് തിരഞ്ഞെടുത്തിരിക്കുന്നത് എന്നത് പുസ്തകത്തിന് പ്രസക്തി വര്‍ധിപ്പിക്കുന്നുണ്ട്. ഒപ്പം തന്നെ മാനവികതയെ മുന്‍നിര്‍ത്തിയുള്ള കഥകളിലേക്ക് ഒരു ചുവടുമാറ്റത്തിന് സമയമായില്ലേ എന്ന പ്രതീക്ഷയും നല്‍കുന്നുണ്ട്. ഈ കഥാകാരി പ്രതിഭയുടെ ഉറവകള്‍ മുഴുവന്‍ ലോകത്തിനും തുറന്നുകൊടുക്കുന്ന ദിവസം കഥാലോകം കാത്തിരിക്കുക തന്നെ ചെയ്യും.
പോള്‍ സെബാസ്റ്റ്യന്‍
പ്രസാധനം - മാതൃഭൂമി ബുക്‌സ്
പേജ് - 112
രണ്ടാം പതിപ്പിന്റെ വില - 100 രൂപ
Penkurish
No comments:
Post a Comment