അകാലത്തില്‍ കൊഴിഞ്ഞു പോയ ബാലഭാസ്‌കറിനെപ്പറ്റി സുഹൃത്ത് ജോയ് തമലം എഴുതിയ ഓര്മക്കുറിപ്പുകളാണ് ചിന്ത പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച 'ബാല ഭാസ്‌കര്‍ - സൗഹൃദം, പ്രണയം, സംഗീതം' എന്ന പുസ്തകം. ഈ പുസ്തകത്തെപ്പറ്റി ജ്യോതി കെ ജി എഴുതിയ നിരൂപണം പങ്കു വെയ്ക്കുന്നു. നന്ദി ജ്യോതി (Jyothy KG)
============================================
വയലിന്‍ തന്ത്രികള്‍ മീട്ടി മാസ്മരിക സംഗീതം പൊഴിച്ച് നിലകൊള്ളുമ്പോഴാണ് ബാലഭാസ്‌കര്‍ കാലപ്രമാണങ്ങളില്ലാത്ത ലോകത്തേക്കുമടങ്ങിയത്. മലയാള സിനിമാഗാനങ്ങള്‍ വയലിന്‍ തന്ത്രികളിലൂടെ പകര്‍ന്ന് സംഗീതത്തിന്റെ അപാരതയുടെ തീരത്ത് അതിരുകളില്ലാത്ത മാനവികതയെ അനുഭവിപ്പിച്ച സര്‍ഗ്ഗപ്രതിഭ. വരികളിലെ പ്രണയത്തെ, സ്‌നേഹത്തെ വിവേചനമില്ലാതെ ഈണങ്ങളിലേക്കാവാഹിച്ചെടുത്ത ബാലഭാസ്‌കറിന് സംഗീതം മനുഷ്യഹ്യദയങ്ങളിലേക്കുള്ള വഴി തുറക്കുകയായിരുന്നു. ഇനി ആ വയലിന്‍ തന്ത്രികളില്‍ മാസ്മരിക സംഗീതമില്ല. ബാല്യകാലം മുതല്‍ സംഗീതവേദികളില്‍ ബാലഭാസ്‌കറിനൊപ്പമുണ്ടായിരുന്ന ജോയ് തമലം എന്ന കൂട്ടുകാരന്റെ ഓര്‍മ്മകളാണ് ഈ പുസ്തകം . പ്രിയ കൂട്ടുകാരന്റെ അകാലവിയോഗം ഏല്പിച്ച മുറിവുണങ്ങാന്‍ എഴുതേണ്ടിവരുന്ന ദുരവസ്ഥയാണ് ''ബാലഭാസ്‌കര്‍ ഃ സൗഹ്യദം , പ്രണയം , സംഗീതം '' എന്ന ഈ പുസ്തകം എന്ന് ഗ്രന്ഥകാരന്‍ ആമുഖത്തില്‍ കുറിക്കുന്നുണ്ട്.
തിരുവല്ലയില്‍നിന്ന് തിരുവനന്തപുരത്തേക്ക് പറിച്ചുനട്ട പ്രശസ്ത സംഗീതകുടുംബത്തിലെ ഇളമുറക്കാരന്‍. ഒരു വ്യാഴവട്ടക്കാലം സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച സി. കെ. ഉണ്ണിയുടെയും, സംഗീത കോളേജിലെ സംസ്‌ക്യത അദ്ധ്യാപികയായ ശാന്തകുമാരി ടീച്ചറുടെയും രണ്ടുമക്കളില്‍ ഇളയവന്‍. കുട്ടിക്കാലം മുതല്‍ സംഗീതത്തെ പ്രണയിച്ചവന്‍. മൂന്ന് വയസ്സുമുതല്‍ അമ്മാവന്‍ ബി.ശശികുമാറില്‍ നിന്ന് സംഗീതം അഭ്യസിച്ച ബാലു കര്‍ണ്ണാടിക് സംഗീതത്തിലും, തന്ത്രിവാദ്യത്തിലും, അഭിനയത്തിലും മികവ് തെളിയിച്ചു. 1994 ല്‍ മാര്‍ ഇവാനിയോസിലെ പ്രീഡിഗ്രി കാലം...'അമ്പലപ്പറമ്പിലും പള്ളിവളപ്പിലും ഒത്തുകൂടി രാഷ്ട്രീയവും കവിതയും പാട്ടുമൊക്കെ സംസാരിച്ച നിമിഷങ്ങള്‍...ക്ലാസ് കഴിഞ്ഞ് നാലാഞ്ചിറ മുതല്‍ ജഗതിയിലെ വീടുവരെ അവനും ഞാനും ഒരുമിച്ച് നടന്നു . ഒരുമിച്ച് നടക്കുമ്പോള്‍ അവന്‍ സംഗീതത്തെക്കുറിച്ച് പറയും, മംഗല്യപല്ലക്കെന്ന ആദ്യസിനിമയെക്കുറിച്ച് പറയും, അതിലെ പാട്ടിങ്ങനെയാണെന്ന് പറയും, അതില്‍ യേശുദാസ് പാടിയപ്പോഴുണ്ടായ അക്ഷരപ്പിഴവിനെക്കുറിച്ച് പറയും, അവന്റെ വീട്ടില്‍ കൊണ്ടുപോയി പാട്ട് കേള്‍പ്പിച്ച് തരും''..........ബാലുവുമൊത്തുള്ള ഇണക്കവും പിണക്കവുമായി കടന്നുപോയ ആ കൗമാരകാല സൗഹ്യദത്തിന്റെ ഓര്‍മ്മകളിലേക്ക് ജോയ് തമലം നമ്മളെ കൂട്ടികൊണ്ടു പോവുകയാണ്...................
17 ാം വയസ്സില്‍ 'മംഗല്യപലക്ക് ' എന്ന സിനിമയില്‍ തുടങ്ങി കോളേജ് പഠനകാലത്ത് 'കണ്‍ഫ്യൂഷന്‍ ' എന്ന ബാന്‍ഡും പിന്നീട് 'ബിഗ് ഇന്ത്യന്‍ ബാന്‍ഡും 'ബാലുവിന്റെ സംഗീതയാത്രയുടെ വേറിട്ട വഴികളാണ് ആസ്വാദകരുടെ മുന്നില്‍ തുറന്നിട്ടത്. കെ.ജെ. യേശുദാസ്, പി.ജയചന്ദ്രന്‍, കെ.എസ്. ചിത്ര, ഹരിഹരന്‍ തുടങ്ങി മലയാളത്തിലെയും, തെന്നിന്ത്യയിലെയും മികച്ച ഗായകരുടെ മുന്നിലും , ലോകമെങ്ങുമുള്ള ആസ്വാദക ഹ്യദയങ്ങളിലും വയലിന്‍ മാന്ത്രികനായി ബാലു വിസ്മയം തീര്‍ത്തു. 120-ഓളം പാട്ടുകള്‍ ഒരു കമ്പനിക്ക് വേണ്ടി മാത്രം ചുരുങ്ങിയ കാലത്തിനിടയ്ക്ക് ബാലു ചിട്ടപ്പെടുത്തിയത് എന്ന സത്യം അറിയുമ്പോഴാണ് 'സംഗീതമേ ജീവിതം ' എന്ന ബാലുവിന്റെ സംഗീത പ്രണയത്തില്‍ അത്ഭുതം തോന്നുന്നത്.....
ചെറുപ്രായത്തില്‍ വലിയ നേട്ടങ്ങള്‍ ബാലഭാസ്‌കര്‍ സ്വന്തമാക്കി. മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ബാലുവിനെ തേടിയെത്തി. പ്രണയിച്ചവളെ ധീരമായി ജീവിതത്തിലേക്കു കൂട്ടി. നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ഞുതേജസ്വിനിയുടെ വരവ് ബാലുവിനെ ഉത്തരവാദിത്വമുള്ള അച്ഛനാക്കി. വയലിനിലെ അനന്തസാധ്യതകളെ കണ്ടെത്തി വിരലുകള്‍കൊണ്ട് ഇന്ദ്രജാലം തീര്‍ത്ത കലാകാരന്റെ ജീവിതയാത്രയിലെ ഓരോ ഏടുകള്‍ വായിക്കുമ്പോള്‍ വായനക്കാരന്റെ ഉള്ളിലൊരു വിങ്ങല്‍ അനുഭവപ്പെടും......കാരണം സംഗീതത്തിന്റെ വഴിയില്‍ ആഴമുള്ള വയലിനിസ്റ്റാകാന്‍ ശ്രമിച്ചിരുന്ന ബാലസൂര്യനാണ് പെട്ടെന്ന് ഇരുള്‍മേഘത്തില്‍ മറഞ്ഞുപോയത്.....
കോളേജും, പഠനവും, പാട്ടും, മത്സരങ്ങളുമായി നടക്കുമ്പോഴും സുഹ്യത്തുക്കളുമായി ആത്മാര്‍ത്ഥമായി ബന്ധം കാത്തുസൂക്ഷിച്ച ബാലുവിന്റെ സൗഹ്യദവലയങ്ങളിലെ നിരവധി പേര്‍ ഈ പുസ്തകത്തിലുണ്ട്. ജാസി ഗിഫ്റ്റും, വിധു പ്രതാപ്, ഇഷാന്‍, ജിജോ സോമന്‍, മഹേഷ് പഞ്ചു, ഉണ്ണി തുടങ്ങിയവരുമായുള്ള ഓര്‍മ്മകളും എഴുത്തുകാരന്‍ പങ്കുവെയ്ക്കുന്നു ......
സെപ്തംബര്‍ 25 പുലര്‍ന്നപ്പോള്‍ കേരളം കേട്ടത് പ്രിയ വയലിന്‍ മാന്ത്രികന്റെ അപകടത്തിന്റെയും മകളുടെ വിയോഗത്തിന്റെയും വാര്‍ത്തയാണ്.....ഒരാഴ്ചത്തെ ആശുപത്രിവാസത്തിന് ശേഷം ഒക്ടോബര്‍ 2ാം തീയതി പുലര്‍ച്ചെ കണ്ണുകള്‍ പാതി ചിമ്മി ഇളം പുഞ്ചിരിയോടെ വയലിന്‍ വായിക്കുന്ന ആ ചിത്രം ബാക്കിയാക്കി ബാലുവും മടങ്ങി ..................................25 വര്‍ഷത്തെ സുഹ്യത്ത് ബന്ധത്തിന്റെ ഓര്‍മ്മകളില്‍ വയലിന്‍ നാദം മാത്രം ബാക്കിയാക്കി ബാലു മടങ്ങിയപ്പോള്‍ ഹ്യദയം നുറുങ്ങുന്ന വേദനയോടെ ഗ്രന്ഥകാരന്‍ പുസ്തകം അവസാനിപ്പിക്കുന്നതിങ്ങനെയാണ്...........
''ഹിരണ്‍മയ'യെന്ന അവന്റെ സ്വപ്നക്കൂട്ടില്‍ അവന്‍ ചേര്‍ത്തുവച്ച സ്‌നേഹച്ചൂടും പ്രണയക്കനലും കെട്ടുപോകാതിരിക്കാന്‍ ലക്ഷ്മി അവിടെയുണ്ടാകും.....അവന്‍ പ്രിയത്തോടെ വാങ്ങുകയും , വിരല്‍തോട്ടുണര്‍ത്തുകയും ചെയ്ത വയലിനുകളും, അവന് ലഭിച്ച അംഗീകാരങ്ങളും പുതുതലമുറയ്ക്ക് ആവേശം പകരും. അവന്റെ സംഗീതംകൊണ്ട് സമ്യദ്ധമായ ഹിരണ്‍മയയിലെ 'ബാലലീല ' ( അവന്റെ വാക്കില്‍ പറഞ്ഞാല്‍ 'കുട്ടിക്കളി ' ) ജാനിയെപ്പോലുള്ള കൊച്ചുമിടുക്കികളും മിടുക്കന്‍മാരും പാടിയും വയലിന്‍ വായിച്ചും ശബ്ദായമാനമാക്കും. അവന്റെ അഭാവം തീര്‍ത്ത ഇരുട്ടിലും പ്രകാശമായി അവന്റെ ജീവന്‍ ഹിരണ്‍മയയില്‍ തുടിക്കുമെന്ന പ്രതീക്ഷയിലാണ് . അവന്‍ ഒരിക്കലും മരിക്കാത്തവന്‍, മരണമില്ലാത്ത സ്‌നേഹിതനേ നിന്റെ ഹ്യദയത്തോട് ഞാന്‍ ചേര്‍ന്ന് നില്‍ക്കുന്നു.''................
പ്രസാധനം - ചിന്ത പബ്ലിഷേഴ്‌സ്, തിരുവനന്തപുരം
No comments:
Post a Comment