നിലാവിനറിയാം - ഷിഹാബുദ്ദിന്‍ പൊയ്ത്തുംകടവ്
'പകല്‍വെളിച്ചത്തിന്റെ ഓരോ സമയത്തും താജ്മഹലിന് ഓരോ ഭാവമാണ്. ആ വിശ്വപ്രസിദ്ധമായ മാര്‍ബിളിനു വെള്ളനിറത്തിന്റെ പല ഭാവങ്ങളുണ്ട്. കാലത്തു കാണുന്ന നിറമല്ല ഉച്ചയുടേത്.. അതല്ല വൈകീട്ട്. പൂര്‍ണനിലാവിലാണ് താജ്മഹല്‍ കാണേണ്ടത്. അവയിലാണ് പ്രണയത്തിന്റെ മഹാകാവ്യം ചാലിച്ച അന്തരീക്ഷം വിതറിയിരിക്കുന്നത്. നീല നിലവില്‍.'
നഷ്ടബന്ധങ്ങളെ തേടിയുള്ള യാത്രയും ആ യാത്രക്കിടയില്‍ ജീവിതം, സ്‌നേഹം, ബന്ധങ്ങള്‍ എന്നിവയെ ഇഴ കീറി പരിശോധിക്കുകയുമാണ് ഷിഹാബുദ്ദിന്‍ പൊയ്ത്തുംകടവ് എഴുതിയ നിലാവിനറിയാം എന്ന ജനപ്രിയ നോവല്‍.
ഇത് മരിച്ചെന്ന് കരുതിയ ഒരു ജേഷ്ഠനെ അന്വേഷിച്ചുള്ള ഒരു അനുജന്റെ യാത്രയാണ്. പ്രവാസത്തില്‍ നിന്ന് ഞെക്കിപ്പിഴിഞ്ഞെടുത്ത അവധി ദിവസങ്ങള്‍ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ചിലവഴിച്ച അബ്ദുവിന്റെ കഥ.
'ചില ഹൃദയങ്ങള്‍ അങ്ങനെയാണ്. സ്‌നേഹത്തിന് പുറത്ത് അവര്‍ക്കൊരു ലോകമുണ്ടാവില്ല.'
ജീവിതം തന്നെ സ്‌നേഹത്തിനായി ഉഴിഞ്ഞു വെച്ച് ഭര്‍ത്താവ് മരിച്ചെന്നറിഞ്ഞും സ്‌നേഹം മരിക്കാത്ത ഒരു സ്ത്രീയുടെ കഥയാണ്. 'ഈ ഭൂമിയിലും ഭൂമിയിലെ ജീവിതത്തിലെ ശേഷമുള്ള പരലോക ജീവിതത്തിലും ലോകാവസാനം വരേക്കും എല്ലാം ഒടുങ്ങിത്തീരുവോളവും ജമാല്‍ക്കയുടെ നെഞ്ചോട് ചേര്‍ന്ന് കിടക്കണം. നമ്മള്‍ സര്‍വ്വവും മറന്ന് നൂറ്റാണ്ടുകളോളം പുണര്‍ന്ന് കിടന്ന് ഈ ഭൂമിയിലെ നിലവായിത്തീരണം.' എന്നാശിച്ച സഫിയാത്തയുടെയും അവളെ ആശിച്ച ജമാലിന്റെയും കഥയാണ് 'നിലാവിനറിയാം'.
'ഒരു സ്ത്രീയുടെ ഹൃദയം എന്തെന്ന് നിങ്ങള്‍ക്കറിയില്ല. മതിഭ്രമങ്ങളുടെയും മോഹവലയങ്ങളുടെയും അകത്ത് സഞ്ചരിക്കുന്ന പുരുഷന്റെ മനസ്സല്ല സ്ത്രീയുടേത്.' മനുഷ്യമനസ്സുകളിലേക്കുള്ള അന്വേഷണം കൂടിയാവുന്നുണ്ട് ഈ നോവല്‍.
'ഓരോ മനുഷ്യനും അവനവന്റേതായ മനഃപ്രയാസങ്ങള്‍ വഹിച്ചു നീങ്ങുന്ന ഒരു കാളവണ്ടിയാണ്. ചില വേദനകള്‍ക്ക് അന്യരുമായി പങ്കുവെക്കാനുള്ള വാക്കുകള്‍ പോലുമില്ല. എല്ലാ മനുഷ്യരെക്കുറിച്ചും നമുക്ക് എല്ലാമറിയുന്നു എന്ന് വിചാരിക്കുന്ന വിഡ്ഢിയായ ജീവിയാണ് മനുഷ്യന്‍. എന്നാല്‍ ആര്‍ക്കും ആരെക്കുറിച്ചും പൂര്‍ണമായും അറിയില്ല എന്നതല്ലേ സത്യം? അത് ജേഷ്ഠനായാലും അനുജനായാലും ഭാര്യയായാലും ഭര്‍ത്താവായാലും ഒക്കെ അങ്ങനെതന്നെ.' ജീവിതാന്വേഷണം തന്നെയാണ് ഈ നോവല്‍.
മനോരമ ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ഒരു ജനപ്രിയ നോവല്‍ എന്നത് കൊണ്ട് തന്നെ, പതിവ് ഷിഹാബുദ്ദിന്‍ രചനയുടെ ആഴമോ ബൗദ്ധികതയോ ഈ രചനക്ക് അവകാശപ്പെടാന്‍ സാധിക്കില്ല. പക്ഷെ, വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുന്ന കഥപറച്ചില്‍ തന്ത്രം ഈ നോവലിനെ ആസ്വാദ്യകരമാക്കുന്നു. വളരെ സാധാരണമായ ഒരു തുടക്കവും അല്പം ക്‌ളീഷേ ആയ ഒരു ഒടുക്കവും ആണ് നോവലിനുള്ളതെങ്കിലും നോവല്‍ പൊതുവെ ഉദ്വെഗജനകവും വേഗതയാര്‍ന്ന വായനക്ക് ഉതകുന്നതും ആയിട്ടാണ് എഴുതിയിരിക്കുന്നത്. വായനയുടെ ഒരു ഘട്ടത്തില്‍ ഷിഹാബുദ്ദിന്‍ ഗൗരവമുള്ള രചനകള്‍ നിര്‍ത്തി ഇത്തരം വായനാസുഖമുള്ള രചനകളില്‍ ശ്രദ്ധിക്കണം എന്ന് വരെ തോന്നിപ്പോയി. അങ്ങനെ എഴുതുന്ന എഴുത്തുകാരുടെ ദൗര്‍ലഭ്യം തന്നെയാണ് ആ ചിന്തയുടെ അടിസ്ഥാനം.
വേഗത്തില്‍ വായിച്ചു പോകാവുന്നതിനോടൊപ്പം അല്പം ചിന്തിക്കാനും സഹായിക്കുന്ന ഒരു നല്ല ജനപ്രിയ നോവല്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാം.
പ്രസാധനം : മാതൃഭൂമി ബുക്‌സ്
പേജ് : 126
വില : 130 രൂപ
No comments:
Post a Comment