Sunday, July 15, 2018

മലബാർ എക്സ്പ്രസ്സ്




തിന്മയുടെ അധിനിവേശത്തിനെതിരെ ജാഗരൂകരായിരിക്കാൻ ആഹ്വാനം നൽകുന്ന കഥകളാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ മലബാർ എക്സ്പ്രസ്സ് എന്ന കഥാസമാഹാരത്തിൽ നമുക്ക് കാണാനാവുക. തിരിഞ്ഞുനോട്ടത്തിന് പ്രേരിപ്പിക്കുന്ന പ്രതിസന്ധി ഘട്ടങ്ങളിൽ യാഥാർഥ്യങ്ങളുടെ തിരിച്ചറിവിലേക്കെത്തുന്നവരുടെ ഭീതിയുടെയും മരണത്തിന്റെയും നിസ്സഹായതയുടെയും കഥകളാണ് ഇവ. പൊയ്മുഖങ്ങളണിഞ്ഞെത്തുന്ന അധിനിവേശ ശക്തികളുടെ ആക്രമണത്തിൽ നിസ്സഹായമായ പ്രകൃതിയും സമ്പദ് വ്യവസ്ഥയും മനുഷ്യരുമാണ് ഇതിലുള്ളത്. കുടുംബ ജീവിതത്തിന്റെ ഉള്ളറകളിലേക്കും സ്നേഹവസ്ത്രത്തിന്റെ നൂലിഴകളിലേക്കും തിരിഞ്ഞു നോക്കുന്ന കഥകളും ഇതിലുണ്ട്. ആകെ പന്ത്രണ്ടു കഥകൾ.

മലയാളത്തിലെ ചെറുകഥാ ശാഖ ഏറെ സജീവമാണ്. ഒട്ടേറെ നല്ല കഥാകൃത്തുക്കൾ നമുക്കുണ്ട് എന്ന് മാത്രമല്ല, ഇവരെല്ലാം തുടർച്ചയായി എഴുതിക്കൊണ്ടുമിരിക്കുന്നുണ്ട്. ശൈലിയിൽപുതുമയും കഥകളിൽ വ്യത്യസ്തതയും കൊണ്ടു വരുന്ന കഥാകൃത്തുക്കളെ വായനക്കാർ ഏറ്റെടുക്കുന്നുമുണ്ട്. ഇതിനിടയിൽ പലപ്പോഴും വസ്ത്രത്തിന്റെ ഭംഗി വ്യക്തിയുടെ മഹത്വമായി കൊട്ടിഘോഷിക്കപ്പെടാറുമുണ്ട് എങ്കിലും ആഴമുള്ള വിഷയങ്ങളെ അതർഹിക്കുന്ന ഗൗരവത്തോടെ കഥാരചയുടെ സാദ്ധ്യതകൾ മനോഹരമായി ഉപയോഗിച്ച് വായന അനുഭവമാക്കുന്ന എഴുത്തുകാർ നമുക്ക് കുറവാണ്. ഇങ്ങനെ ചിന്തിക്കുമ്പോൾ മലയാള ചെറുകഥാകൃത്തുക്കളുടെ മുൻനിരയിലാണ് ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ സ്ഥാനം എന്ന് മലബാർ എക്സ്പ്രസിലെ കഥകൾ സാക്ഷ്യപ്പെടുത്തുന്നു. അതിനാൽ തന്നെ ചെറുകഥയെ ഇഷ്ടപ്പെടുന്ന മലയാളി വായനക്കാർക്ക് തീർച്ചയായും ഒഴിവാക്കാനാവാത്ത ഒരു പുസ്തകമാണ് ഇത്.

ഒന്നാംതരം എന്ന് മാത്രം പറയാവുന്ന ആറ് കഥകൾ ഈ സമാഹാരത്തിലുണ്ട്. ആദ്യത്തെ മൂന്നു കഥകളും അവസാനത്തെ മൂന്നു കഥകളും. ഓരോ കഥകളും വായനക്കാരെ ചിന്തിപ്പിക്കുകയും അനുഭവിപ്പിക്കുകയും ആസ്വദിപ്പിക്കുകയും ചിലപ്പോഴൊക്കെ ചിരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ബാക്കിയുള്ള കഥകളും സാമാന്യനിലവാരത്തിലും ഏറെ ഉയർന്നു നിൽക്കുന്നവയാണ്.

വിശ്വാസവും അന്ധവിശ്വാസവും തിരിച്ചറിയാൻ പറ്റാത്ത വിധം ഇഴ ചേർന്നിരിക്കുന്ന സമൂഹത്തിൽ പുരോഗതിയെ തളച്ചിടാൻ മതങ്ങളെ ഉപയോഗിക്കുന്ന അധിനിവേശത്തിന്റെ കറുത്ത ഫലിതമായാണ് ആകാശപേടകം എന്ന കഥയെ കഥാകൃത്ത് രൂപപ്പെടുത്തിയിരിക്കുന്നത്. വായുവിന്റെ ഘർഷണത്തിൽ ഉരുകിപ്പോകാത്ത ഒരു റോക്കറ്റ് ഉണ്ടാക്കുക എന്ന ബാഹിസിന്റെ സ്വപ്നത്തിന്റെ പിറകെ വായനക്കാരെ കൊണ്ട് പോവുകയാണ് ഈ കഥയിൽ. തീവ്രവാദത്തെ വർഗീയവൽക്കരിക്കുന്നതിന് ഒരൊറ്റ ലക്ഷ്യമേയുള്ളൂ എന്ന് ഏറെ ആനുകാലിക പ്രസക്തിയുള്ള ഈ കഥ സമർത്ഥിക്കുന്നു. "ഈ ഭൂമി ജീവിക്കാൻ കൊള്ളാത്തതാണ് പ്രഭാകരാ. എന്റെ യഥാർത്ഥ ബന്ധുക്കൾ വേറെ ഗ്രഹത്തിലാണ്. അവിടെ എന്നെ മനസ്സിലാക്കുന്ന ധാരാളം പേരുണ്ടാകും" എന്ന പ്രതീക്ഷയാണ് ബാഹിസിനെക്കൊണ്ട് ഈ സാഹസത്തിന് പ്രേരിപ്പിക്കുന്നത് എന്നിടത്ത് കഥാകാരൻ ഇന്നത്തെ ലോകത്തിന്റെ ശോചനീയമായ അവസ്ഥയെയാണ് ഉന്നം വെക്കുന്നത്.

ഏറെ സരസമായാണ് കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ എന്ന കഥ ശിഹാബുദ്ദീൻ എഴുതിയിരിക്കുന്നത്. കോഴികളെ വളർത്തുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഉമ്മയാണ് പ്രധാന കഥാപാത്രം. ഉമ്മ വളർത്തുന്ന കോഴികളെല്ലാം ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ കൊല്ലപ്പെടും. അത് മെഷീൻ കോഴികളായതിനാലാണ് അതങ്ങനെ, നാടൻ കോഴികളായാൽ അങ്ങനെയുണ്ടാവില്ല എന്ന് കരുതി നാടൻ കോഴികളെ വാങ്ങി കൊണ്ടുവരാൻ സാഹിത്യകാരനായ മകനോടൊത്തുള്ള യാത്രയൊക്കെ നമ്മെ ചിരിപ്പിക്കുക തന്നെ ചെയ്യും. ഇങ്ങനെ ചിരിപ്പിക്കുമ്പോഴും, പ്രകൃതിയിലേക്ക് നാം നടത്തുന്ന അധിനിവേശത്തെയാണ് കഥാകൃത്ത് ഉന്നം വെക്കുന്നത്. തലമുറകളിലൂടെ നമുക്ക് പകർന്ന് കൊടുക്കേണ്ട അറിവുകൾ കൊടുക്കാതെ വെറും ഉപദേശികളായ ഒരു സമൂഹമായി നാം മാറിയോ എന്ന പരിചിന്തനവും ഈ മികച്ച കഥയുടെ സവിശേഷതയാണ്. മറ്റുള്ളവരിലേക്ക് വിരൽ ചൂണ്ടുമ്പോൾ സ്വയം ഒരു ആത്മപരിശോധനയും നല്ലതാണ് എന്ന് എഴുത്തുകാരൻ ഇടയ്ക്കിടെ ചിന്തിക്കുന്നുണ്ട്. ചൂണ്ടുവിരൽ, അറസ്റ്റ് എന്ന കഥകളിൽ ഇത് കൂടുതൽ വ്യക്തമാക്കുന്നുണ്ട്.

ഒറിജിനലുകളെ തോല്പിക്കുന്ന ഡ്യൂപ്ലിക്കേറ്ററുകളുടെ കാലത്ത് ജീവിക്കുന്ന ഓരോരുത്തരും ജാഗരൂകരായിരിക്കേണ്ടതിന്റെ ആവശ്യകതയാണ് ബസ്‌തുകര എന്ന മികവുറ്റ കഥയിലൂടെ എഴുത്തുകാരൻ ചൂണ്ടിക്കാണിക്കുന്നത്. വിശപ്പു താങ്ങാൻ വയ്യാതെ നാടു വിട്ട അവ്വക്കർ ഹാജി മുളകു കച്ചവടക്കാരനായി തിരിച്ചു വരുന്നതും, അയാളുടെ നന്മയെയും ബാബുരാജിന്റെ പാട്ടുകളോടുള്ള അയാളുടെ ദൗർബല്യവും ചൂഷണം ചെയ്യുന്നതുമാണ് ഈ കഥയുടെ .പ്രമേയം. ദൗര്ബല്യങ്ങളിൽ പദസഞ്ചയമിടുന്ന അധിനിവേശത്തിന്റെ കപട അവതാരങ്ങളെപ്പറ്റി മാത്രമല്ല, മുളകും പുളിയും ഗോഡൗട്ടുകളിൽ വിളയുന്ന കെട്ട കാലത്തെപ്പറ്റിയും ഈ കഥ മുന്നറിയിപ്പ് തരുന്നുണ്ട്.

ലാഭത്തിനും സൗകര്യത്തിനും വേണ്ടിയും നിവൃത്തികേടുകൊണ്ടും മൂല്യങ്ങളിലും വിശ്വാസങ്ങളിലും മാറ്റം വരുത്തി വരുത്തി ഒടുവിൽ വരാനിരിക്കുന്ന മഹാ വിപത്തിനെപ്പറ്റിയാണ് സിമെന്റഡ് എന്ന കഥ ആകുലപ്പെടുന്നത്. "പാവപ്പെട്ടവൻ വീട് പണിയുന്നതിന് വീടു പണി എന്നല്ല, വിടുപണി എന്നാണ് വിളിക്കേണ്ടത്" എന്ന് ചിന്തിക്കുന്ന കഥാപാത്രം (ഞാൻ), "സുഹൃത്തേ, ദയവായി വഴി തെറ്റാതെ, പാർട്ടി, പ്രസ്ഥാനം എന്നൊക്കെ പറഞ്ഞു ചർച്ച ചെയ്ത് സമയം കളയാതെ കൂടുതൽ കോൺക്രീറ്റായ നിലപാടിലേക്ക് വരൂ." എന്ന് പ്രലോഭിപ്പിക്കുന്ന ലോകത്തിന്റെ സ്പന്ദനം തന്നെ കോൺക്രീറ്റിലാണ് എന്ന് ചിന്തിക്കുന്ന ഡൊമിനിക്ക് ഇവരിലൂടെയാണ് കഥാകൃത്ത് കഥ അവതരിപ്പിക്കുന്നത്.

ദാരിദ്ര്യവും ദാമ്പത്യവും അവയ്ക്കിടയിലെ കലഹങ്ങളും അനുരഞ്ജനങ്ങളും പ്രതീക്ഷകളുമാണ് താജ്മഹലിലെ തടവുകാർ എന്ന കഥയിൽ പറയുന്നത്. വിവാഹം ഒരു തടവറയാണ് എന്ന പേരിലെ സൂചന അറസ്റ്റ് എന്ന കഥയിൽ കൂടുതൽ വ്യക്തമായി പറയുന്നുണ്ട്. "പരസ്പരമുള്ള അറസ്റ്റല്ലാതെ മറ്റെതെന്താണ് ദാമ്പത്യം" എന്ന് സാമാന്യം മികച്ച അറസ്റ്റ്' എന്ന കഥയിൽകഥാകാരൻ ചോദിക്കുന്നു. മരണവും ഭയവും വില്ലന്മാരായ ഷിഹാബുദ്ദീന്റെ കഥകളിൽ തിളങ്ങുന്നുണ്ട്. അറസ്റ്റ്‌, പെരുമാൾ, തൊട്ടു പിറകിൽ എന്നീ കഥകൾ ഇതിന് സാക്ഷ്യം പറയും.

വെള്ളത്തിലിട്ട ഒതളങ്ങ പോലെ ഒഴുക്കിനൊത്തു നീന്തുന്ന ഹുമയൂൺ എന്ന കഥാപാത്രമാണ് ജീവിതം അതൊന്നു മാത്രം എന്ന കഥയുടെ ജീവൻ.

ഷിഹാബുദ്ദീന്റെ ഏറ്റവും മികച്ച കഥകളിലൊന്നാണ് മരമില്ലിലെ കുറുക്കൻ. വിശപ്പിന്റെ വിളിക്കു മുന്നിൽ കീഴടങ്ങി മരമില്ലിൽ വാച്ചുമേനായി ജോലി നോക്കുന്ന ഒരാളും, കാട് നഷ്ടപ്പെട്ട് അല്പം മീൻമണമുള്ള ചോറിനായി സംശയത്തോടെ അവിടെക്കെത്തപ്പെടുന്ന ഒരു കുറുക്കനുമാണ് ഇതിലെ കഥാപാത്രങ്ങൾ. "ഈ നാടിന്റെ പേര് പരപ്പൻകാട്. പരന്ന കാട് എന്നർത്ഥം. കാടെല്ലാം വെട്ടിക്കളഞ്ഞ സാമൂഹ്യ സാഹചര്യത്തിൽ ഒരു കുറുക്കന്റെ ജീവിതം എവ്വിധമായിരിക്കുമെന്ന് നിങ്ങളെക്കാൾ നന്നായി എനിക്കൂഹിക്കാൻ കഴിയും. കാരണം, വേറെ നിലയ്ക്ക്, രാത്രി വാച്ച്മാൻ അനുഭവിക്കുന്ന സാമൂഹ്യ തിരസ്കാരം അതാണ്." ഇവ്വിധം കുറുക്കനെന്ന രൂപകത്തെ സ്ഥാപിച്ചെടുക്കുന്ന കഥാകൃത്ത് പിന്നീട്, കുറുക്കന്റെ അവസ്ഥയിലൂടെ അയാൾ കടന്നു വന്ന വഴികളെപ്പറ്റി പറയുകയാണ്. "നീ അറിയുമോ, നിന്നെപ്പോലെ നിന്റെ കൗശലങ്ങളും അനാഥമാണ്. അനാസൂത്രിതമാണ്. ഇടയ്ക്കു പിടിയിലായിപ്പോയ അവശയായ ഒരു പക്ഷിയെ കൈക്കുള്ളിലൊതുക്കുമ്പോൾ നീ ലോകം പിടിച്ചടക്കിയ പോലെ രോമം കുടഞ്ഞെണീക്കുന്നു. ഒരു ചെറു ഞണ്ടു പോലുമില്ലാത്ത വിശപ്പിന്റെ ദിനങ്ങളിലാവട്ടെ, എല്ലാ ആത്മവിശ്വാസവും നഷ്ടപ്പെടുകയും ചെയ്യുന്നു." സമൂഹനന്മക്കായി വിപ്ലവത്തിലെക്ക് എടുത്തു ചാടിയവർക്ക് സമൂഹത്തിൽ നിന്ന് പകരം ലഭിച്ച ഒറ്റപ്പെടുത്തലിന്റെ വേദന ഈ കഥ നന്നായി വരച്ചു കാണിക്കുന്നു. "എന്നെ നോക്ക്, എന്റെ രണ്ടു തുടകൾക്കു മീതെ അടിയന്തരാവസ്ഥ ഉരുണ്ടു പോയതിന്റെ അടയാളം." എന്ന് പറയുന്ന അയാളുടെ ചിന്തകൾ, "നിരന്തരം പരാജയപ്പെടാനല്ലാതെ മറ്റൊന്നിനുമല്ല നമ്മളെപോലുള്ളവരുടെ ജീവിതം" എന്നാണ്. പ്രലോഭനങ്ങൾക്ക് മുൻപിലും വിട്ടു കൊടുക്കാതെ, "കാഴ്ചകളിലേക്ക് ചുരമാന്തുന്ന ആ കൃഷ്ണമണികളിൽ വീണ്ടും വീണ്ടും നിറയുന്നത് ആലോചനകളല്ലാതെ മറ്റെന്താണ്?' രചനാ വൈഭവം കൊണ്ട് മികച്ചതാണ് വെറും നാലര പേജിൽ പറഞ്ഞ ഈ കഥ.

കാലം കടന്നുപോയപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾക്ക് സംഭവിച്ച ആശയ അപചയത്തിന്റെയും അത് തിരിച്ചറിയുന്ന ജനങ്ങളുടെയും കഥയാണ് മലബാർ എക്സ്പ്രസ്സ്. അനുയായികളാൽ ചുറ്റപ്പെട്ട്, ഇപ്പോഴും എ സി കംപാർട്മെന്റിൽ മാത്രം യാത്ര ചെയ്യാറുള്ള ഒരു ആയിരം കളത്തിൽ ഗോവിന്ദൻ(ജൂനിയർ എ കെ ജി) ഒരു സാധാരണ കംപാർട്മെന്റിൽ രണ്ടു സ്റേഷനിടയിൽ പെട്ടുപോകുന്ന കഥയാണ് ഇത്. "ആരും കയറുകയോ ഇറങ്ങുകയോ ചെയ്യാത്ത ഈ കമ്പാർട്ട്മെന്റ് നിശ്ചലമായ ഒരു അതീന്ദ്രീയ കാലത്തിൽ അടക്കി വെച്ച വലിയൊരു ശവപ്പെട്ടിയല്ലാതെ മറ്റെന്താണ്?" എന്ന് എഴുത്തുകാരൻ ചോദിക്കുന്നു. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ പൂർണ്ണമായും അവഗണിക്കുന്ന അവസ്ഥ. "ഇനിയും സമാഗമമാകാത്ത ഏതോ കോണിൽനിന്നും അനാഥമായ ഒരു കുട്ടിയെപ്പോലെ കൈകാലിട്ടടിച്ചു." "എടാ, ഒന്ന് മാറി നിൽക്കൂ, ഞാനൊന്നു വെളിച്ചം കാണട്ടെ. സ ഗോവിന്ദൻ വീണ്ടും അലറി......ഇവിടെ എവിടെയും വെളിച്ചമില്ല അയാൾ വികാരശൂന്യനായി പിറുപിറുത്തു." ഈ അവസ്ഥയിൽ "സഘാക്കളാരെങ്കിലുമുണ്ടെങ്കിൽ ശ്രദ്ധിക്കുക ഞാൻ സഖാവ് ആയിരം കളത്തിൽ ഗോൺവിന്ദൻ. ഇരിക്കാൻ ഒരിത്തിരി സ്ഥലം തരുമോ? അടുത്ത സ്റേഷനിലിറങ്ങും" എന്ന് ചോദിക്കുന്നതിനുള്ള പ്രതികരണത്തിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു സ്വയം വിമര്ശനത്തിനുള്ള അവസരമാണ് കൊടുക്കുന്നത്. തീർത്തും മികച്ചതാണ് ആക്ഷേപഹാസ്യപ്രധാനമായ ഈ കഥ.

നാലു കാര്യങ്ങളാണ് ഷിഹാബുദ്ദീന്റെ കഥകളിൽ ഞാൻ പ്രത്യേകമായി ശ്രദ്ധിച്ചത്.

ഒന്ന്: ദാരിദ്ര്യം മനുഷ്യനെ എങ്ങനെ നിസ്സഹായനാക്കുന്നു എന്ന് ഷിഹാബുദ്ദീന്റെ കഥകളുടനീളം നാം കാണും. ആകാശപേടകത്തിലെ ബഹിസ്, ബസ്‌തുക്കരയിലെ അവുക്കർഹാജി, സിമെന്റ്റഡിലെ ഞാൻ, താജ്മഹലിലെ തടവുകാരിൽ ഷാജഹാൻ, മരമില്ലിലെ കുറുക്കനിലെ വാച്ച്മാൻ, ജീവിതം അതൊന്നുമാത്രമിലെ ഹുമയൂൺഇങ്ങനെ അത് തുടരുന്നു. ഇങ്ങനെ പ്രധാന കഥാപാത്രങ്ങളെ ദരിദ്രരാക്കാത്ത അവസരത്തിലും ദാരിദ്ര്യം അവിടെ സാന്നിധ്യം അറിയിക്കുന്നുണ്ട്. മലബാർ എക്സ്പ്രസിലെ കംപാർട്മെന്റ് മുഴുവൻ ദരിദ്രരുടേതാണ്. കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ എന്ന കഥയിലെ സാഹിത്യകാരന്റെ അവസ്ഥയിലും ദാരിദ്ര്യം നമുക്ക് കാണാം. പലപ്പോഴും ദാരിദ്ര്യത്തെയാണ് ചൂഷണം ചെയ്യുന്നത്. അതെ സമയം, അധിനിവേശം പൊയ്മുഖമണിയുന്നതും ദരിദ്രനെന്ന പേരിലാണ് എന്നതും ചിന്തനീയം. അക്രമം, അഴിമതി, ദാമ്പത്യപ്രശ്നങ്ങൾ ഇങ്ങനെ ഇന്നത്തെ സാമൂഹ്യ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ദാരിദ്ര്യമാണ് എന്ന് ഷിഹാബുദ്ദീന്റെ കഥകൾ പറയാതെ പറയുന്നു.

രണ്ട്: രചനയുടെ വൈദഗ്ദ്യം. തീർത്തും അനായാസമായി വായിക്കാവുന്ന വിധം ലളിതമാണ് ഷിഹാബുദീന്റെ ഭാഷ. അതെ സമയം ദർശനങ്ങൾ ആഴത്തിലുള്ളതും. പലപ്പോഴും പറയാനുദ്ദേശിക്കുന്നത് ഒരു സമ്മാനപ്പൊതി പോലെ കലാപരമായി പൊതിഞ്ഞു പറയുമ്പോഴും ഒട്ടേറെ കാര്യങ്ങൾ നേരിട്ടും പറയുന്നുണ്ട് ഷിഹാബുദ്ദിൻ. പണ്ഡിതനും പാമരനും എടുക്കാവുന്ന കവിതയും ദർശനവും നൽകുന്നതിലെ മികവ് എടുത്തു പറയണം. "ജീവിതത്തെ ഒരു യാത്രയാകുന്നത് ഒരിക്കലും ഒന്നു ചേരാത്ത ആ പാളങ്ങൾ തന്നെ" എന്ന് ശിഹാബുദ്ദീൻ പറയുന്നത് അനായാസേനയാണ്. രൂപകങ്ങളാൽ സമൃദ്ധമാണ് ശിഹാബുദ്ദീന്റെ കഥകൾ. കുറുക്കനും കോഴിയും മുളകും റോക്കറ്റും എല്ലാം ഷിഹാബുദീന്റെ രചനയിൽ പ്രതിനിധികളാണ്. ഞാൻ ആണ് പലപ്പോഴും കഥ പറയുന്നത്. പക്ഷെ എന്റെ കഥയല്ല എല്ലായ്പ്പോഴും പറയുന്നത് എന്നതിനാൽ തന്നെ അത് വായനക്കാർക്ക് ഇഷ്ടപ്പെടുന്നുണ്ട്.

മൂന്ന്: സ്വതസിദ്ധമായ കുറിക്കു കൊള്ളുന്ന നർമ്മമാണ് ശിഹാബുദ്ദീന്റെ കഥകളുടെ പ്രത്യേകത. ആക്ഷേപഹാസ്യം അതിന്റെ മികവുറ്റ അവസ്ഥയിലാണ് പല കഥകളിലും കാണാനാവുക. കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ, മലബാർ എക്സ്പ്രസ്സ് എന്നീ കഥകൾ ആക്ഷേപ ഹാസ്യപ്രധാനമാണ്. മറ്റു കഥകളിലും ഇത് ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു. ചിന്തിച്ചു ചിരിക്കാനുതകുന്നവയാണ് ഇവയെല്ലാം. അതെ സമയം പൂർണ്ണ ഗൗരവമുള്ള വിഷയത്തെക്കുറിച്ചുമാണവ.
"അപ്പം നീ മങ്ങലം കഴിച്ചില്ല?" "ലൗ മാര്യേജാ. ഓള് ക്രിസ്ത്യാനി, ഞാൻ ഹിന്ദു. ഒരു മോള്" "അപ്പം മോളെ നീ മുസ്ലീമാക്കി വളർത്തിയത് മതി'" "അതെന്തിനാ ഉമ്മാ?" "നാട്ടില് നെറച്ചും ജഹളയല്ലേ, കൊയപ്പംണ്ടാക്കാൻ പൊറത്ത്ന്ന് പ്രത്യേകിച്ച് ആളെ ഏറെക്കണ്ടല്ലാ.." എന്ന് ഒരിടത്തു നമുക്ക് വായിക്കാം. "ഒരു നോവൽ ചെയ്യുകയാണ്." "വെരി ഗുഡ്. നോവലിനാണെങ്കിൽ ഇപ്പോൾ വലിയ ക്ഷാമവുമാണല്ലോ. അതാവുമ്പം ഒരു ദിവസം പത്തുമുപ്പതു പേജ് വെച്ച് എഴുതാമല്ലോ. നല്ല ആരോഗ്യം വേണം അല്ലേ?" എന്ന് മറ്റൊരിടത്തും നാം വായിക്കും.
"നീ ഈ ഹിന്ദി എം. എ യൊക്കെ ഫസ്റ്റ് ക്ലാസ്സിൽ പാസായിട്ട് ഹിന്ദിക്ക് പത്താം ക്ലാസ്സിൽ 12 മാർക്ക് വാങ്ങിയ ഞാൻ തന്നെ വേണ്ടി വന്നു."
അവൾക്കത് പൊള്ളി.
"ഹിന്ദിയെന്നു പറഞ്ഞാൽ പല ഹിന്ദിയുമുണ്ട്. അവൾ ദേഷ്യം കടിച്ചു പിടിച്ചു പറഞ്ഞു."
"പക്ഷെ പ്രയോജനമില്ലാത്ത ഹിന്ദിയുമുണ്ടെന്ന് ഞാനാദ്യം മനസ്സിലാക്കുകയാ."
ശിഹാബുദ്ധീൻ നിങ്ങളെ ചിരിപ്പിക്കും, ചിലപ്പോൾ ചിരിക്കിടയിലൂടെ കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും.

നാല്: നന്മയാണ് ഈ കഥാകാരനറെയും കഥകളുടെയും മറ്റൊരു പ്രത്യേകത. ആഴത്തിൽ ചിന്തിക്കുകയും പ്രശ്നങ്ങളെ തിരിച്ചറിഞ്ഞു വിചിന്തനത്തിനായി അവതരിപ്പിക്കുകയുമാണ് ശിഹാബുദ്ദീന്റെ ശൈലി. മറ്റു കഥാകാരന്മാരിൽനിന്ന് വിഭിന്നമായി പ്രശ്നങ്ങളുടെ വേര് തേടിയുള്ള യാത്ര ഈ കഥാകാരന്റെ പ്രത്യേകതയാണ്. ചിന്തയുടെ ഈ അഗ്നിയെ രചനാവൈദഗ്ധ്യത്തിന്റെ ആലയിൽ പഴുപ്പിച്ചെടുത്ത നല്ല കഥകളാണ് ഈ സമാഹാരത്തിലുള്ളവ.

ഏറ്റവും മികച്ച ആറു കഥകളുടെ കൂടെ കൂടിയതിനാൽ മറ്റ് ആറ് കഥകൾക്ക് മോടി അല്പം കുറഞ്ഞു തോന്നിയോ എന്ന ഒരു പരാതിയൊഴികെ, അല്ലെങ്കിൽ ആ അർത്ഥത്തിൽ രണ്ടു മൂന്നു അത്തരം കഥകൾ ഒഴിവാക്കാമായിരുന്നു എന്ന ഒരു സാധ്യതയൊഴികെ ഏറെ മികച്ചതാണ് മലബാർ എക്സ്പ്രസ്സ് എന്ന കഥാസമാഹാരത്തിലെ കഥകൾ. ഷിഹാബുദ്ദീന്റെ തന്നെ മഞ്ഞുകാലം, തല എന്നീ സമാഹാരങ്ങളെക്കാൾ ഏറെ മുന്നിൽ നിൽക്കുന്നു ഇത്. നല്ല വായനക്കുള്ള ഒരു വസന്തം മുഴുവൻഒളിപ്പിച്ചു വെച്ചീട്ടുള്ള കഥകളാണ് മലബാർ എക്സ്പ്രസ്സിലുള്ളത്.
Malabar Express

No comments:

Post a Comment