Saturday, April 13, 2019

അബീശഗിന്‍





ബെന്യാമിന്റെ അബീശഗിന്‍ എന്ന നോവലിനെപ്പറ്റി ജ്യോതി കെ ജി Jyothy KG എഴുതിയ ആസ്വാദനം പങ്കു വെയ്ക്കുന്നു.
=========================================

''ഒരു സ്ത്രീയോടൊപ്പം ശയിക്കേണ്ടത് ശരീരം കൊണ്ടല്ല മനസ്സുകൊണ്ടാണ് ''.

'അബീശഗിന്‍' എന്ന പ്രണയകഥയുടെ ആഴങ്ങളില്‍നിന്നും അനേകം പ്രതിധ്വനികളോടെ പുറപ്പെടുന്ന ഒരു വചനമാണിത്. സത്യവേദപുസ്തകത്തിലെ ഉത്തമഗീതത്തെ ഭക്തിയുടെ വഴിയില്‍നിന്നു മാറി ശരീരത്തിനതീതമായ അതിതീവ്ര പ്രണയത്തിന്റെ അഗാധതലങ്ങളെ അനുഭവിപ്പിക്കുകയാണ് 'അബീശഗിന്‍ ' എന്ന നോവല്‍ .... ഉത്തമഗീതത്തിലെ നിഴല്‍പോലെ പ്രത്യക്ഷപ്പെട്ട ഒരാശയത്തെ ബെന്യാമിന്‍ തന്റെ സര്‍ഗ്ഗജീവിതത്തിലെ സുന്ദരശില്പമാക്കി മാറ്റിയിരിക്കുന്നു...

നിരവധി ഭാര്യമാരും വെപ്പാട്ടിമാരും കൂടെയുണ്ടായിരുന്നിട്ടും വാര്‍ദ്ധക്യത്തിന്റെ നിസ്സഹായതയില്‍ വീണുപോയ യിസ്രായേല്‍ രാജാവ് ശാലോമോന്റെ മുപ്പത് സംവത്സരങ്ങള്‍ക്കപ്പുറത്തെ ഓര്‍മ്മകളില്‍ നിന്നാണ് കഥയുടെ തുടക്കം . തന്നെ ഹ്യദയം പോലെ സൂക്ഷിക്കുവാന്‍ ഒരുവള്‍ മാത്രമേ ലോകത്തുള്ളൂ...അബീശഗിന്‍ എന്ന് യിസ്രായേല്‍ രാജാവ് തിരിച്ചറിയുന്നു....

''മടങ്ങിവരുക......എന്റെ ശൂനേംകാരത്തി, മടങ്ങിവരുക............
ഞങ്ങള്‍ നിന്നെ ഒന്നു കണ്ടുകൊള്ളട്ടെ......മടങ്ങി വരിക....മടങ്ങി വരിക......''

ശാലോമോന്റെ കൗമാരത്തില്‍ തങ്ങളുടെ മുന്തിരിതോട്ടങ്ങളില്‍വെച്ചു കണ്ടുമുട്ടുന്ന ശാരോനിലെ പനിനീര്‍പുഷ്പം പോലെ മനോഹരിയായ പെണ്‍കുട്ടിയാണ് അബീശഗിന്‍ . സത്യവേദപുസ്തകത്തില്‍ വായിക്കപ്പെടാതെ പോകുന്ന മൗനത്തിന്റെ ആഴങ്ങളില്‍ നിന്നും അബീശഗിന്റെയും ശാലോമോന്റെയും പ്രണയകഥയെ എഴുത്തുകാരന്‍ വികസിപ്പിച്ചെടുക്കുന്നതിങ്ങനെയാണ്. ആക്രോത്തിലെ മുന്തിരിത്തോട്ടങ്ങളില്‍ രാവുകളത്രയും ഉറക്കമൊഴിച്ച് പ്രണയഗീതങ്ങളാലപിക്കുന്ന ശാലോമോനിലൂടെ കഥ തുടരുന്നു. പ്രണയത്തിന്റെ നേര്‍ത്ത മിടിപ്പു മുതല്‍ ഉള്ളുപൊള്ളുന്ന നോവ് വരെ അബീശഗിനായി ശാലോമോന്‍ ഒഴുകുന്നുണ്ട്.....

''എന്റെ ശൂനേംകാരത്തീ, നീ സര്‍വ്വാംഗസുന്ദരി.
നീ യിസ്രായേലിലെ ഊനമില്ലാത്ത കുഞ്ഞാട്. നിന്നില്‍ ഞാന്‍ ബദ്ധനായിരിക്കുന്നു.......'' അബീശഗിനോടുള്ള തീവ്രപ്രണയത്തില്‍ നിന്നാണ് ഉത്തമഗീതങ്ങള്‍ രചിക്കപ്പെട്ടതെന്നു കരുതുന്നു.

അതിതീവ്ര പ്രണയത്തിന്റെ അഗാധതയില്‍ അലിഞ്ഞുചേരുമ്പോഴും അതിക്രൂരമായ ചതിയുടെ ഇരയാകേണ്ടി വരുന്ന ഭാഗം വായനക്കാരിലും മുറിവേല്പിക്കുന്നു. കിടപ്പിലായ അപ്പന്റെ വെപ്പാട്ടിയായി തന്റെ പ്രിയപ്പെട്ടവളെ കാണേണ്ടിവരുന്നതും, തനിക്ക് ആവശ്യമില്ലാതിരുന്ന രാജ്യഭരണം അടിച്ചേല്‍പ്പിക്കപ്പെടുമ്പോള്‍ ശാലോമോന് സംഭവിക്കുന്ന ചതിയുടെ മുറിവുകള്‍ വായനയുടെ പ്രസക്തഭാഗമാണ്....

രാജനൈതികമായ സമവാക്യങ്ങള്‍ നിര്‍ദ്ധാരണം ചെയ്തപ്പോള്‍ അബീശഗിനിലൂടെ സങ്കല്പിച്ചതെല്ലാം ശാലോമോന് നഷ്ടമാകുന്നു. ഒടുവില്‍ അബീശഗിനായി ഒരുക്കിവെച്ച പന്തലില്‍ അയല്‍രാജാവായ ഫറവോയുടെ പുത്രിയെ പത്‌നിയാക്കേണ്ടി വരുന്നു...പെണ്ണിന്റെ ശരീരത്തോട് ശാലോമോന്‍ കാണിക്കുന്ന അവജ്ഞ പലപ്പോഴും ഭാര്യയായ അവളെ കോപാകുലയാക്കുന്നതും , ഭര്‍ത്താവിന്റെ മനസ്സും ശരീരവും മറ്റൊരു തെരുവുപെണ്ണിന്റെ കൂടെയാണെന്നറിയുന്ന അവള്‍ക്കും ജീവിതം നഷ്ടമാകുന്നു....

ശാലോമോന്റെ പേരും പ്രശസ്തിയും കേട്ടറിഞ്ഞ് യെരുശലേമിലെത്തുന്ന ശേബാരാജ്ഞിയ്ക്കു മുന്നില്‍ തന്റെ പുരുഷത്വത്തെ അടിയറവു വയ്‌ക്കേണ്ടി വരുന്നു. 
''ലോകത്തിലെ ജ്ഞാനം മുഴുവന്‍ തികഞ്ഞ ശാലോമോന്റെ കിടക്കയിലെ ജ്ഞാനം ഞാനൊന്ന് പരീക്ഷിക്കട്ടെ. എങ്ങനെ നീ നിന്റെ കിടക്കകളെ സന്തോഷിപ്പിക്കുന്നു എന്ന് എനിക്കു കാട്ടിത്തരിക ''......എന്ന ശേബാരാജ്ഞിയുടെ ആവശ്യത്തിനു മുന്നില്‍ ശാലോമോന്‍ പരാജയപ്പെടുന്നു. ആണത്വത്തിന്റെ എല്ലാ വീര്യവും ശേബാരാജ്ഞിയുടെ മുന്നില്‍ തോറ്റുനില്‍ക്കുമ്പോള്‍ അവരുടെ ഉപദേശം അയാളുടെ കണ്ണു തുറപ്പിച്ചു......

''ഒരു സ്ത്രീയോടൊപ്പം ശയിക്കേണ്ടത് ശരീരം കൊണ്ടല്ല മനസ്സുകൊണ്ടാണ് ''....

തന്റെ മുന്നിലെത്തുന്ന ഒരോ സ്ത്രീയിലും ശാലോമോന്‍ തിരഞ്ഞത് അബീശഗിനെ ആയിരുന്നെങ്കില്ലും അബീശഗിനല്ലെന്നു തിരിച്ചറിയുന്നതോടെ ഓരോ കിടക്കയിലും ശരീരത്തിന്റെ ആഘോഷം മാത്രമായി അതുമാറി. അബീശഗിന് പകരംവെക്കാന്‍ മറ്റൊന്നില്ലെന്ന് ശാലോമോന്‍ തിരിച്ചറിയുന്നു. ശരീരവും മനസ്സും ഒന്നായിതീരുന്ന പ്രണയത്തിന്റെ പൂര്‍ണ്ണത അനുഭവിക്കാന്‍ കഴിയാതെ ശാലോമോന്‍ യാത്രയാകുന്നു.....
''എന്റെ ശൂനേംകാരത്തി മടങ്ങിവരിക '' എന്ന മര്‍മ്മരം രാജനീതി മലിനമാക്കിയ ശരീരത്യഷ്ണകള്‍ക്കപ്പുറത്തെ വിശുദ്ധപ്രണയത്തിന്റെ മുഴക്കമാവുന്നു.........

പുസ്തകം : അബീശഗിന്‍ 
ഗ്രന്ഥകാരന്‍ : ബെന്യാമിന്‍ 
പ്രസാധകര്‍ : DC Books 
വില : 65 രൂപ


No comments:

Post a Comment