Tuesday, August 28, 2018

ആ മൺസൂൺ രാത്രിയിൽ






"ഒരു ക്രൈം ത്രില്ലർ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഈ നോവലിലുണ്ട്. കാശുണ്ടെങ്കിൽ ഞാനിത് സിനിമയാക്കിയേനേ...." ആ മൺസൂൺ രാത്രിയിൽ എന്ന ഡിറ്റക്റ്റീവ് നോവലിനെപ്പറ്റി തേനെഴുത്തിന്റെ ഗ്രന്ഥകാരൻ സി പി ചെങ്ങളായി (CP Chengalayi) എഴുതിയ നിരൂപണം പങ്കു വെക്കുന്നു.

കാലം ആവശ്യപ്പെടുന്ന പെൺ കരുത്ത്
====================================

"ആത്മാവിന്റെ ബലത്തെ ശരീരത്തിന്റെ ബലഹീനത തോൽപ്പിക്കുമ്പോൾ മനുഷ്യൻ അവന്റെ നിസ്സഹായതയെ പഴിച്ച് വിധിയുടെ അടിമകളാകുന്നു."

അധികാരത്തിന്റെയും പണത്തിന്റെയും സ്വാധീനവലയത്തിൽപ്പെട്ട് ഇങ്ങനെ നിസ്സഹായകരാക്കപ്പെട്ട, ഇരകളാക്കപ്പെട്ട എത്രയെത്ര മനുഷ്യരാണ് നമുക്ക് ചുറ്റും. വേട്ടക്കാർക്കെതിരെ ഒറ്റയ്ക്ക് പടപൊരുതുന്ന കരുത്തുറ്റ ഒരു പെൺകുട്ടിയുടെ കഥയാണ് 'ആ മൺസൂൺ രാത്രിയിൽ' എന്ന കുറ്റാന്വേഷണ നോവലിൽ.

ഗ്രന്ഥകാരൻ പോൾ സെബാസ്റ്റ്യന്റെ സ്വന്തം കൃതി ആദ്യമായാണ് വായിക്കുന്നത്. 'വായനയുടെ ഓർമ്മക്കുറിപ്പുകൾ' എന്ന ഫേസ്ബുക്ക് പേജിലും റേഡിയോയിലും പുസ്തകങ്ങളെക്കുറിച്ചുള്ള നിരൂപണങ്ങളിലും ആസ്വാദനക്കുറിപ്പുകളിലും ആ എഴുത്തിന്റെ മാസ്മരികത അനുഭവിച്ചിട്ടുണ്ട്. അയർലാന്റുകാരനായ ബ്രാം സ്റ്റോക്കർ ഒരു നൂറ്റാണ്ട് മുമ്പ് എഴുതിയ വിശ്വവിഖ്യാത ഹൊറർ നോവൽ ഡ്രാക്കുളയുടെ പുതിയ മലയാള വിവർത്തനത്തിലൂടെ അദ്ദേഹത്തിന്റെ മികച്ച ആഖ്യാനശൈലി ആകർഷിച്ചിരുന്നു. ഭാഷയിലെ ലാളിത്യവും സൗന്ദര്യവും അത്രമേൽ തന്നെ ഈ കൃതിയിലും പ്രകടമാണ്. സംഭാഷണങ്ങളിൽ ഏച്ചു പിടിപ്പിക്കാറുള്ള ഗ്രാമ്യഭാഷകൊണ്ട് ഒരിടത്തും മടുപ്പിക്കുന്നില്ല. വായനക്കാരുമായി എളുപ്പം സംവദിക്കാൻ കഴിയുന്ന ഭാഷാപ്രയോഗങ്ങൾ മാത്രം. അവരെ പിടിച്ചു നിർത്താനുള്ള ആകാംഷയും ആവേശവും നോവലിലുടനീളം നിലനിർത്താൻ ഗ്രന്ഥകാരന് കഴിഞ്ഞിട്ടുണ്ട്. ഓരോ താളുകൾ മറിയുമ്പോൾ കഥയുടെ ചുരുൾ നിവർന്നു വരുന്നത് ഒരു സസ്പെൻസ് ത്രില്ലർ / ക്രൈം ത്രില്ലർ സിനിമ കാണുന്ന അനുഭൂതി തന്നെയാണ് വായനക്കാരന് സമ്മാനിക്കുന്നത്.

കഥാപാത്രസൃഷ്ടിയിൽ അനാവശ്യ വിവരണങ്ങളുടെയോ വിശദാംശങ്ങളുടെയോ കുത്തൊഴുക്കില്ല. പ്രകൃതമോ വേഷമോ സ്വഭാവമോ ഏഴു തലമുറകളുടെ കുലമഹിമയോ ഭൂമി ശാസ്ത്രമോ പറയുന്നില്ല. കേവലം പേരുകൊണ്ടു മാത്രം തന്നെ ഇതിലെ എല്ലാ കഥാപാത്രങ്ങളും വായനക്കാരന്റെ മുന്നിൽ തെളിഞ്ഞു നിൽക്കുന്നു. ദീപയും ഇൻസ്പെക്ടർ സോജനും ശോഭയും ശ്രീഹരിയും സീനത്തും ഗിരീഷും ഡോക്ടർ ഹസീനയും ശാവേലച്ചനും ഭട്ടതിരിപ്പാടും രാജനും ഭാസ്ക്കരക്കറുപ്പും എല്ലാം മനസ്സിൽ പതിയുന്ന മുഖങ്ങൾ.

ഇരുട്ട്, മഴ, കാറ്റ്, ഇടിമിന്നൽ, പട്ടിയുടെ ഓരിയിടൽ, ജനൽച്ചില്ലുകൾ പൊട്ടുന്ന ശബ്ദം തുടങ്ങി ഒരു പ്രേതകഥയിലെ പതിവു ഒച്ചപ്പാടുകളോടെയാണ് നോവലിന്റെ തുടക്കമെങ്കിലും കഥാന്ത്യത്തിൽ വെളിപ്പെടുന്ന യാഥാർത്ഥ്യം അതൊക്കെയും അതിസാഹസികതയുടെയും അമാനുഷികതയുടെയും സൂചനകളല്ലെന്നു മനസ്സിലാകും.
ഇരുട്ടത്ത് ലൈറ്റില്ലാത്ത സൈക്കിളിൽ പള്ളിയുടെ ഇറക്കം ഇറങ്ങി വരുന്ന കള്ളൻ രാജനിലൂടെയാണ് നോവൽ ആരംഭിക്കുന്നത്. പിന്നീട് ആകാംഷയും ഉദ്വേഗവും ജനിപ്പിക്കുന്ന രംഗങ്ങളാണ് ഓരോ അധ്യായങ്ങളിലും.

ശാവേലച്ചനിൽ നിന്നും ഭട്ടതിരിപ്പാടിൽ നിന്നും സ്വായത്തമാക്കിയ മാന്ത്രികവിദ്യ തന്നെയായിരുന്നു ദീപയുടെ കരുത്ത്. സ്വയം മാറാനുള്ള മായ വിദ്യ, ആത്മാക്കളുമായി സംസാരിക്കാനും അവയെ ആവാഹിക്കാനുമുള്ള ആത്മഹാനം, സമുദ്ര സഞ്ചാരത്തിനുള്ള മാലിനീ വിദ്യ, ഉണർന്നിരിക്കുന്നവരെ ഉറക്കാനുള്ള മഹാസമ്മോഹനം. പക്ഷേ, പ്രതികളെത്തേടിയുള്ള അന്വേഷണങ്ങളിലൊന്നും ദീപയ്ക്ക് ഇതൊന്നും പ്രയോഗിക്കേണ്ടി വന്നിട്ടില്ല. കൊല ചെയ്യപ്പെട്ട പ്രിയ കൂട്ടുകാരി ശോഭയോടുള്ള കറകളഞ്ഞ സ്നേഹം തന്നെയാണ് വേട്ടക്കാരിലെത്താൻ അവളെ മുന്നോട്ടു നയിച്ചത്. അത്യന്തം ദുർക്കടമായ വഴികളിലൂടെയാണ് ഓരോ അന്വേഷണ ഘട്ടങ്ങളും കടന്നു പോയത്. ഒടുവിൽ പത്ര സമ്മേളനത്തിലൂടെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് എല്ലാ കഥകളും ദീപ വെളിപ്പെടുത്തുന്നു.

കഥയും കഥാപാത്രങ്ങളും ഇത്രയും മനോഹരമായി കോർത്തിണക്കുന്നതിലെ എഴുത്തുകാരന്റെ സാഹസികതയും അസാമാന്യ പാഠവവും നോവലിലുടനീളം ദർശിക്കാൻ കഴിയും. ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് കഥയുടെ ചുരുളഴിഞ്ഞ് വായന പൂർത്തിയാകുമ്പോൾ മാത്രമേ എല്ലാ രഹസ്യങ്ങളും തെളിഞ്ഞു വരുന്നുള്ളൂ. അതാണല്ലോ സസ്പെൻസ്. ഒരു ക്രൈം ത്രില്ലർ സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഈ നോവലിലുണ്ട്. കാശുണ്ടെങ്കിൽ ഞാനിത് സിനിമയാക്കിയേനേ....

- സി.പി. ചെങ്ങളായി
Aa Mansoon Rathriyil

Sunday, August 5, 2018

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി





സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയെപ്പറ്റി ദിവ്യ ജോൺ ജോസ് എഴുതിയ നിരൂപണം പങ്കു വെക്കുന്നു.

സുഗന്ധി എന്ന ആണ്ടാൾ ദേവനായകി
****************************************

ഒറ്റ ദിവസം പോലും എടുക്കാതെ വായിച്ച് തീർത്തു 295 പേജുള്ള സുഗന്ധി എന്ന ആണ്ടാൾ ദേവനായകി.
മിത്തും യാഥാർത്ഥ്യങ്ങളും ഇടകലർത്തി T.D.രാമകൃഷ്ണൻ വായനയെ ഒരു അത്ഭുത ലോകത്തിലെത്തിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാം.
കഥകളും ഉപകഥകളുമായി സുഗന്ധി എന്ന ആണ്ടാൾ ദേവനായികയെ ശ്രീലങ്കൻ തമിഴ് വിമോചന പോരാട്ടങ്ങളുടെ പശ്ചാത്തലത്തിലൂടെ നോവലിസ്റ്റ് മനോഹരമായ ഒരു ചിത്രം പോലെ വരച്ച് വച്ചിരിക്കുന്നു.
എന്നാൽ ഇത് വിമോചന പോരാട്ടങ്ങളുടെ ചരിത്രമല്ല എന്ന് പറഞ്ഞ് വച്ചിട്ടുമുണ്ട്.

ഒരു സ്ക്രിപ്റ്റ് റൈറ്ററായ പീറ്റർ ജീവാനന്ദമെന്ന പ്രധാന കഥാപാത്രമാണ് നോവലിനെ ചരിത്രവും വർത്തമാനകാലവുമായി യോജിപ്പിച്ചു കൊണ്ട് വായനക്കാരോട് കഥ പറയുന്നത്.

സിനിമാ പ്രവർത്തകരുടെ സംഘം ഡിവൈൻ പേൾ എന്ന ശ്രീലങ്കൻ പട്ടാളത്തിന്റെ രഹസ്യ കേന്ദ്രം സന്ദർശിക്കാനെത്തുന്നതോടെ ആരംഭിക്കുന്നു ഈ നോവൽ.

ആഭ്യന്തര യുദ്ധത്തിൽ സംഭവിച്ചു പോയ മനുഷ്യാവകാശധ്വംസനങ്ങളെ മറച്ച് പിടിച്ച് ഗവണ്മെന്റിന് പുതിയൊരു പ്രതിച്ഛായ വരുത്തിത്തീർക്കാൻ സിനിമയെക്കൊണ്ട് കഴിയും എന്ന വിശ്വാസത്തിൽ സർക്കാർ സിനിമാ സംഘത്തിന് സാമ്പത്തിക സഹായമുൾപ്പെടെ എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുന്നു.

"Woman Behind the Fall of Tigers" എന്ന് നാമകരണം ചെയ്തിട്ടുള്ള സിനിമയുടെ യഥാർത്ഥ ഉദ്ദേശ്യം, വിപ്ലവ പ്രസ്ഥാനങ്ങളിലെ ജനാധിപത്യവിരുദ്ധമായ പ്രവർത്തനങ്ങൾ എങ്ങനെ ആ പ്രസ്ഥാനങ്ങളെ ശിഥിലീകരിച്ചെന്നും സ്ത്രീ എങ്ങനെ അതിന് കാരണമായി തീരുന്നു എന്നത് ആണ് എന്നുള്ള വസ്തുത സംഘം വെളിപ്പെടുത്തുന്നുമില്ല.

ഡിവൈൻ പേളിലെ പീഡനമുറകൾ തടവുകാരിൽ ശാരീരികവും മാനസികവുമായ ആഘാതമുണ്ടാക്കുന്നവയാണ്.
പെൺ പുലികളുടെ നേതാവായ തമിഴൊലിയെ പീറ്റർ കാണുകയും ഒമ്പത് വർഷങ്ങൾക്ക് മുമ്പ് വെടിനിർത്തൽ കാലത്ത് ഒരു സിനിമാ പ്രോജക്ടുമായി ഒരിക്കൽ അവരെ കണ്ട കാര്യമല്ലാം ഓർമ്മിപ്പിക്കുകയും ചെയ്യുന്നു.
കൂട്ടത്തിൽ അയാൾ സുഗന്ധിയെക്കുറിച്ചും ചോദിക്കുന്നു.

അവിടെ നിന്നും ലഭിച്ച വിവരങ്ങൾ വച്ച് പീറ്റർ ... സുഗന്ധിയെക്കുറിച്ചുള്ള അന്വേഷങ്ങൾക്ക് തുടക്കം കുറിക്കുന്നു.

സുഗന്ധി ആരായിരുന്നു എന്നും സുഗന്ധിയും പീറ്ററും തമ്മിലുണ്ടായിരുന്ന ബന്ധമെന്തായിരുന്നു എന്നും ഓരോ അദ്ധ്യായങ്ങളിലൂടെ വായനക്കാരിലേയ്ക്ക് എത്തുന്നു.

പീറ്റർ തനിക്കാരായിരുന്നു എന്നും താൻ എങ്ങനെ ഒരു പെൺപോരാളിയായി തീർന്നു എന്നതിന്റെ ഒരു രത്നച്ചുരുക്കം നാല് വർഷം മുമ്പ് സുഗന്ധി എഴുതിയ ഒരു കുറിപ്പിൽ നിന്ന് തന്നെ പീറ്ററിന് വായിച്ചെടുക്കാൻ കഴിയുന്നു.
ഇനിയും സുഗന്ധി മരിച്ചിട്ടില്ല എന്ന് വിശ്വസിക്കാൻ പീറ്ററിന് അത് കരുത്തേകുകയും ചെയ്യുന്നു.

1989 ൽ വധിക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകയായിരുന്ന ഡോ. രജനി തിരണഗാമയെക്കുറിച്ചുള്ള സിനിമയിൽ പ്രസ്തുത വേഷം ചെയ്യാൻ ആണ് സുഗന്ധി ആദ്യമായി പീറ്ററുടെ മുമ്പിലെത്തുന്നത്.
വിപ്ലവ പ്രസ്ഥാനങ്ങൾക്കുള്ളിലെ ജനാധിപത്യപരമല്ലാത്ത നടപടികളെ ചോദ്യം ചെയ്യാൻ ധൈര്യം കാണിച്ച ഡോക്ടറുടെ മരണം ഒരു ദുരൂഹതയായി നോവലിൽ അനാവരണം ചെയ്യപ്പെടാതെ കിടക്കുന്നു.

പിന്നീടുണ്ടായ പല കാരണങ്ങളാൽ ഡോ.രജനിയുടെ കഥ സിനിമയായി അന്ന് പുറത്ത് വന്നില്ല.
സുഗന്ധിയെക്കുറിച്ചുള്ള വിവരങ്ങളും പീറ്ററിന് നഷ്ടപ്പെടുന്നു.

തുടർന്നുള്ള അന്വേഷണത്തിലാണ് ദേവനായകിയൻ കതൈ എന്ന മീനാക്ഷി രാജരത്തിനത്തിന്റെ കഥയോ ലേഖനമോ എന്ന് തീർച്ചപ്പെടുത്താനാകാത്ത ലേഖനം പീറ്റർ വായിക്കാൻ തുടങ്ങുന്നത്.

ആ വായനയിലൂടെ ഒരു സഹസ്രാബ്ദം മുമ്പ് ജീവിച്ചിരുന്ന മറ്റൊരു സുഗന്ധി -- സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയിലേയ്ക്ക് കഥാകാരൻ നമ്മെ കൊണ്ട് പോകുകയാണ് .

ഒരു കെട്ടുകഥയോ പുരാണമോ മുത്തശ്ശിക്കഥയോ ഒക്കെ കേട്ട് അത്ഭുതപ്പെടുകയും ഭയക്കുകയും സാഹസികമായ പലതും നേരിൽ കാണുന്നത് പോലെ അനുഭവിക്കുകയും ചെയ്യുന്ന ഒരു കുട്ടിയെപ്പോലെ സുഗന്ധിയുടെ കഥ വായിക്കുന്ന പ്രേക്ഷകനെ തന്റെ അസാമാന്യ രചനാ ശൈലിയോടെ കഥാകാരൻ മാറ്റിയെടുക്കുന്ന മായാജാലമാണ് പിന്നീടുള്ള വായനയിൽ സംഭവിക്കുന്നത്.

സ്ത്രീയുടെ ശക്തിയും സൗന്ദര്യവും ബുദ്ധിയുമെല്ലാം വിളിച്ച് പറയുന്നുണ്ട് സുഗന്ധിയുടെ കഥ.

ചേര ചോള പാണ്ഡ്യ ദേശങ്ങളുടെ കഥ.
യുദ്ധ തന്ത്രങ്ങളുടെ കഥ.

സൗന്ദര്യം മാത്രമല്ല.... പാട്ടും നൃത്തവും അടവുകളും രാജതന്ത്രവുമെല്ലാം സുഗന്ധിയെ ഉയർന്ന സ്ഥാനമാനങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ട് പോയി.

രാജഭരണത്തിൽ സഹായിക്കുന്ന ...
യുദ്ധങ്ങളിൽ തന്ത്രങ്ങൾ മെനയുന്ന...
വീഴ്ചകളിൽ നിന്നും കരുത്തോടെ ഉയിർത്ത് എഴുന്നേൽക്കുന്ന സുഗന്ധി.

പ്രതികാരമൂർത്തിയായി മാറുന്നുണ്ട് സുഗന്ധി.
അസാമാന്യ ഉൾക്കരുത്തോടെ ശത്രുവിനെ തേടി ചെന്ന് അവിടെയും വിജയം കാണുന്നുണ്ട് സുഗന്ധി.

അവസാനം അഹിംസയുടെ പാത തിരഞ്ഞെടുക്കുമ്പോഴേയ്ക്കും ശത്രു പാളയത്തിൽ കുറ്റവാളിയായി അവർ പിടിക്കപ്പെടുന്നു.

കൈകാലുകൾ ബന്ധിച്ച് മുലകൾ മുറിച്ച് കളഞ്ഞ് ശിക്ഷ വിധിച്ചവരെ അത്ഭുത പരതന്ത്രരാക്കിക്കൊണ്ട് താൻ ശീലിച്ചെടുത്ത താന്ത്രികാനുഷ്ഠാനങ്ങളുടെ ശക്തിയാൽ സുഗന്ധി... ആകാശത്തോളം വളർന്ന് ആകാശത്തിലൂടെ നടന്ന് പോയി എന്ന് പറയുന്നു.

ചരിത്രം പറഞ്ഞവസാനിക്കുമ്പോഴേയ്ക്കും പീറ്റർ തന്റെ സ്വന്തം സുഗന്ധിയെ കണ്ടെത്തുന്നതോടെ നോവൽ അവസാനഘട്ടത്തിലേയ്ക്ക് കടക്കുന്നു.

ചരിത്രത്തിലെ സുഗന്ധിയേപ്പോലെ തന്നെ ശത്രുപക്ഷത്തിന്റെ മുറിവുകളേറ്റ് കഴിയുന്ന പീറ്ററിന്റെ സുഗന്ധിയുടെ ഇപ്പോഴത്തെ അവസ്ഥ നമ്മെളെയും ഈറനണിയിപ്പിക്കുന്നു.

സുഗന്ധിയുടെ ലക്ഷ്യങ്ങളും അതിനായുള്ള ശ്രമങ്ങളും പിന്നീട് നോവലിൽ കാണാം.

യുദ്ധത്തിന്റെ നാശങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകളാണ് എന്ന് കാണാം.

യുദ്ധാനന്തരം അധികാരം പ്രയോഗിക്കാനുള്ള വില കുറഞ്ഞ വസ്തുക്കളായി മാത്രം സ്ത്രീകൾ കണക്കാക്കപ്പെടുന്നു.

ചരിത്രത്തിലും വർത്തമാനത്തിലും പ്രകടമാകുന്ന പുരുഷന്റെ മേൽക്കോയ്മകൾ വ്യക്തമായി നോവലിൽ പ്രതിപാദിക്കുന്നുണ്ട്.

നോവലിലെ മിക്ക സ്ത്രീ കഥാപാത്രങ്ങളും ക്രൂരമായ ബലാത്സംഗങ്ങൾക്കിരയായിട്ടുണ്ടെന്നുള്ള വസ്തുത നോവൽ വായിച്ച് കഴിഞ്ഞിട്ടും ഒരു തരം മരവിപ്പായി മനസ്സിൽ തങ്ങി നിൽക്കുന്നു.

ശ്രീലങ്കയിൽ തമിഴ് വിമോചനപ്പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ സംഘടനകൾ പലതും ജനാധിപത്യത്തെ ധ്വംസിക്കുന്നവയും പുരുഷാധിപത്യം തേർവാഴ്ച നടത്തുന്നവയുമായിരുന്നു എന്ന് നോവലിസ്റ്റ് ഉറക്കെ ഉറക്കെ വിളിച്ച് പറയുന്നതാണ് ഈ നോവലിന്റെ കാമ്പ്.

അതിൽ തന്നെ ഇത്തരം സംഘടനകൾ പ്രകടിപ്പിക്കുന്ന സ്ത്രീ വിരുദ്ധതയെ പരാമാവധി തുറന്ന് കാണിക്കാനുള്ള തീവ്ര ശ്രമം ഏറെ ഹൃദയസ്പർശിയാകുന്നുമുണ്ട്.

ചരിത്രത്തിലെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകിയുടെ കഥ പറഞ്ഞ് വർത്തമാനത്തിലെ സുഗന്ധിമാരുടെ ജീവിതത്തിലേയ്ക്ക് വായനക്കാരെ ലയിപ്പിക്കുന്ന അതി മനോഹരവും തീവ്രവുമായ ശൈലിയിലൂടെ...
സ്ത്രീകളുടെ കരുത്തിന്റെയും ചെറുത്തുനിൽപ്പുകളുടെയും വിജയത്തിന്റെയും പകർപ്പായി നോവലിനെ മാറ്റിയിരിക്കുന്നു.

അത് തന്നെയാണ് വായിച്ച് തീർന്നിട്ടും സുഗന്ധി മനസ്സിൽ നിന്നും വിട്ടുമാറാതെ നിൽക്കുന്നത്.

ദിവ്യ ജോൺ ജോസ്.
Sugandhi Enna Aandal Devanayaki