സബീന എം സാലി എഴുതിയ ഗന്ധദ്വീപുകളുടെ പാറാവുകാരി എന്ന പുസ്തകത്തെക്കുറിച്ചുള്ള പോള്‍ സെബാസ്റ്റിയന്റെ നിരൂപണം പങ്കു വെയ്ക്കുന്നു.
അനുഭവങ്ങള്‍ ഉണ്ടായിരിക്കുക, അനുഭവങ്ങളെ ഓര്‍ത്തെടുക്കുക, അതിനെ വായനക്കാരെ പിടിച്ചിരുത്തുന്ന വിധം മനോഹരമായി എഴുതുക. ഏതൊരു അനുഭവക്കുറിപ്പിനുമുണ്ടാവേണ്ട ഗുണങ്ങളാണിവ. ഈ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് സബീന എം സാലി Sabeena M Sali എഴുതിയ ഗന്ധദ്വീപുകളുടെ പാറാവുകാരി എന്ന പുസ്തകം.
സൂക്ഷ്മനിരീക്ഷണം
==================
തനിക്ക് ചുറ്റുമുള്ള ലോകത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് നല്ല കാഴ്ചയുടെ ലക്ഷണം. നല്ല കാഴ്ച അനുഭവങ്ങള്‍ എഴുതുന്നവര്‍ക്ക് മാത്രമല്ല, ഏതൊരെഴുത്തുകാരനും എഴുത്തുകാരിക്കും അവശ്യം വേണ്ട ഗുണമാണ്. അത്തരം ഒരു സൂക്ഷ്മ നിരീക്ഷണത്തിന്റെ തെളിവാണ് ഗാന്ധദ്വീപുകളുടെ പാറാവുകാരി എന്ന ആദ്യത്തെ കുറിപ്പില്‍ നിന്ന് ഞാന്‍ വായിച്ചെടുക്കുന്നത്. സൗദി അറേബ്യയില്‍ ഫാര്‍മസിസ്റ്റ് ആയ എഴുത്തുകാരി ഫാര്‍മസിയിലേക്ക് വരുന്നവരെ അവര്‍ കൊണ്ടു വരുന്ന ഗന്ധങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കിക്കാണുകയാണ്. അവരുടെ നോവും വേവും വിയര്‍പ്പും സന്തോഷവുമെല്ലാം അവര്‍ കൂടെ കൂട്ടിക്കൊണ്ട് വരുന്ന ഗന്ധത്തോടാണ് എഴുത്തുകാരി ബന്ധിപ്പിക്കുന്നത്.
'ജീവിതത്തിന്റെ ഒട്ടു മിക്ക ഗന്ധങ്ങളും ഇവിടെ സമന്വയിക്കുന്ന. കണ്ണീരായും വിയര്‍പ്പായും ചിരിയായും ചിന്തയായും ഞാനെന്റെ വെണ്ണക്കല്‍ഭരണിയില്‍ നിറച്ചു വെച്ചിരിക്കുന്ന സുഗന്ധ തൈലങ്ങള്‍...ചില സമയരാശികളില്‍, അവ വാരിയണിഞ്ഞ് എനിക്കു മാത്രമറിയാവുന്ന ഉന്മാദത്തിന്റെ ദിവ്യജലത്താല്‍ സ്‌നാനം ചെയ്ത് കവിയും കാമുകിയും ഭ്രാന്തിയുമായി നിഗൂഢപ്പെടാറുണ്ട്. വിചിത്രഭാവനകള്‍ മുഴുവന്‍ ഉന്മാദത്തിന്റെ തീനാമ്പുകളാല്‍ ദഹിച്ച് തീരുമ്പോഴാണ് കടലാസ്സില്‍ വാക്കുകള്‍ പിറവിയെടുക്കുന്നത്.'
'എട്ട് മണിക്കൂര്‍ പകല്‍ ജോലിക്കിടയില്‍ പല രൂപത്തില്‍ കാറ്റ് ജനല്‍ വാതിലില്‍ മുട്ടും. അതെ, മരുഭൂമിയിലെ ഓരോ മനുഷ്യര്‍ക്കും ഓരോ ഗന്ധമാണ്.'
'ഒരു ചുമ കൊണ്ടു മാത്രം ഞാനിവിടെയുണ്ട് എന്ന് പറയാതെ പറയുമ്പോള്‍ അവര്‍ക്ക് മരുന്നു മാത്രം പോര, അലിവിന്റെ അപ്പക്കഷണങ്ങളും കൂടെ വേണമെന്ന് എനിക്ക് തോന്നാറുണ്ട്.'
'പൂക്കളേക്കാള്‍ പഴ ഗന്ധങ്ങളോടാണ് മാന്മിഴികളായ അറേബ്യന്‍ സുന്ദരികള്‍ക്ക് പ്രിയം. ലിപ്സ്റ്റിക്കും റൂഷും മസ്‌ക്കാരയുമൊക്കെയായി അവര്‍ കാറ്റിന് സുഗന്ധം കടം കൊടുക്കും.'
എവിടെ നിന്നോ വന്ന് എവിടേക്കോ പോകുന്ന ഓരോ യാത്രക്കാരും കാറ്റ് പോലെയാണ്. അവര്‍ വരുന്നു. കൊണ്ടുവരുന്ന ഗന്ധം അവിടെ വിട്ട് തിരികെ പോകുന്നു. പക്ഷെ, ഈ പോക്കുവരവിന് ചുറ്റുപാടുമുള്ള ലോകത്തിന്റെ വിവിധ മുഖങ്ങളെയും ഭാവങ്ങളെയും എഴുത്തുകാരി അവിടെ പിടിച്ചു നിര്‍ത്തുന്നുണ്ട്. ഈ കുറിപ്പില്‍ കാണുന്നത് എഴുത്തുകാരിയുടെ സൂക്ഷ്മ നിരീക്ഷണ ശീലമാണ്. എഴുത്തിന്റെ വഴിയില്‍ ഇത് ഏറെ മുതല്‍ക്കൂട്ടായിരിക്കും എന്ന് തീര്‍ച്ച.
അനുഭവങ്ങള്‍
=============
'പാമ്പ് പടം പൊഴിച്ചിടും പോലെ, ഓരോ കാലഘട്ടങ്ങളിലെ ഓര്‍മകളെ, അക്ഷരങ്ങളിലൂടെ പൊഴിച്ചിടുമ്പോള്‍, ബാല്യകാലം പോലെ, ജീവിതത്തിന്റെ മറ്റൊരു ഋതുവും നമ്മെ വീണ്ടും വീണ്ടും മോഹിപ്പിക്കില്ല. അത്രയ്ക്ക് ഹരിതാഭമായിരുന്നു അക്കാലം. ഡൗണ്‍ലോഡും അപ്ലോഡും എന്തെന്നറിയാത്ത കാലം. യുട്യൂബും ബ്ലൂ ടൂത്തുമൊന്നും സ്വപ്നത്തില്‍ പോലും കടന്നു വരാതിരുന്ന കാലം. അല്ലെങ്കിലും അപൂര്‍വ്വഭംഗികള്‍ക്കൊക്കെ അല്പായുസ്സാണെന്ന് കേട്ടിട്ടുണ്ട്.'
'ഓരോ മനുഷ്യരും ഓരോ യാത്രക്കാരാണ്. ഭൂതകാലത്തെ ചുവന്നു നടക്കുന്ന യാത്രക്കാര്‍' എന്ന് തുടങ്ങുന്ന 'ബാല്യം സഞ്ചരിച്ച നെടുംപാതകള്‍' എന്ന കുറിപ്പ് നമ്മെ നമ്മുടെ കുട്ടിക്കാലത്തേക്ക് എത്തിക്കും. സ്‌കൂള്‍ അവുധി ദിനങ്ങളെ ആഘോഷമാക്കുന്ന ഓര്‍മ്മകള്‍ വായിക്കുമ്പോള്‍ നാമും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ലേ എന്ന് സംശയിക്കും.
'ഇലക്ഷന്‍ സീസണാണെങ്കില്‍ പറയണ്ട. രണ്ടു മുന്നണികള്‍ക്കു വേണ്ടിയും മുദ്രാവാക്യം വിളിക്കാന്‍ ഞങ്ങള്‍ തയ്യാര്‍. ഒരൊറ്റ വിപ്ലവബീജം പോലും രക്തത്തില്‍ ഇല്ലാതിരുന്നിട്ടും, പരിപ്പ് വടയോടുള്ള മോഹം കൊണ്ട്, 'ഇന്ക്വിലാബിന്‍ മക്കളെ... അരിവാള്‍ ചുറ്റിക നക്ഷത്രം അതാണ് നമ്മുടെ അടയാളം' എന്നൊക്കെ വെച്ചു കാച്ചും.
മറുപക്ഷം ഐസ്‌ക്രീം വാഗ്ദാനം ചെയ്താല്‍ ഉടനെ ചുവട് മാറും. 'വാടീ ഗൗരീ, ചായകുടീ...ചാരിയിരുന്നൊരു ബീഡിവലി...' ആരോ എവിടെയോ എഴുതിയുണ്ടാക്കിയ മുദ്രാവാക്യം അര്‍ത്ഥസാധ്യതകള്‍ പോലും മനസ്സിലാക്കാതെ തൊണ്ടക്കുഴിയില്‍ നിന്ന് വായുവിലേക്ക് പറക്കും.' ഈ നിഷ്‌കളങ്കമായ ഓര്‍മകളെ സൂക്ഷിച്ചു വെച്ച് വായനക്കാരിലേക്ക് പകരുക എന്നത് തന്നെയല്ലേ ഓര്‍മ്മക്കുറിപ്പുകളില്‍ നിന്ന് നാം പ്രതീക്ഷിക്കുന്നത്??
സ്‌കൂള്‍ പഠനകാലത്തു തന്നെയുള്ള 'ദിനോസര്‍ ചിരിയുള്ള കൂട്ടുകാരന്‍' എന്ന കുറിപ്പ് ഹൃദയസ്പര്ശിയാണ്.
ഏറെ സത്യസന്ധമായാണ് കൗമാരത്തിന്റെ ഓര്‍മകളെ എഴുത്തുകാരി കുറിച്ചിടുന്നതും.
'പ്രായം മനസ്സിലെന്നപോലെ, ശരീരത്തിലും പുതുഭാവുകത്വം കുടഞ്ഞിടുമ്പോള്‍ ഏതൊരു സാധാരണ പെണ്‍കുട്ടിയെയും പോലെ, ഒളിഞ്ഞും തെളിഞ്ഞും ചില ആരാധനാപുരുഷന്മാരിലേക്ക് മോഹം ചാഞ്ചാടിയിരുന്നു. കേവല സൗന്ദര്യം മാത്രമായിരുന്നു ആ ആകര്‍ഷണങ്ങളുടെയൊക്കെ പ്രധാന മാനദണ്ഡം. കാണാമറയത്തെ റഹ്മാന്‍, നഖക്ഷതങ്ങളിലെ വിനീത്, ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ, തുടങ്ങിയവരെല്ലാം ഓരോരോ കാലഘട്ടങ്ങളില്‍ പ്രണയപ്പാടത്തെ മഴച്ചാറ്റലുകളായി. അമിതാബ് ബച്ചന്റെ ഉയരം, യേശുദാസിന്റെ ഘനഗംഭീര സ്വരം, പ്രേം നസീറിന്റെ നടപ്പിലെ സ്‌ത്രൈണത, വിനോദ് ഖന്നയുടെ മുഖത്തെ പായല്‍പ്പച്ച...ഒക്കെയും അക്കാലത്ത് മനസ്സിന്റെ മൃദുലതന്ത്രികളെ മോഹിപ്പിച്ച ഘടകങ്ങളായിരുന്നു. മസില്‍ക്കരുത്ത് ഒരിക്കലും പൗരുഷത്തിന്റെ ലക്ഷണമായി തോന്നിയിട്ടില്ല.'
'പുരുഷ സൗന്ദര്യത്തെ ഉപാസിക്കുമ്പോഴൊക്കെയും അവന്റെ ഹൃദയക്കൂട്ടിലെ സ്വര്‍ണ്ണമത്സ്യം ഞാനായിരുന്നെങ്കില്‍, എന്റെ വാക്കിനുള്ളിലെ വാക്ക് അവനായിരുന്നെങ്കില്‍ എന്ന് കൊതിച്ചിട്ടുണ്ട്.'
'പ്രണയത്തോടടുക്കുമ്പോള്‍ കണ്ണുകളില്‍ ഭയന്ന പക്ഷിക്കുഞ്ഞിന്റെ വേവലാതിയായിരുന്നു.'
'പെണ്‍കുട്ടിയില്‍ നിന്ന് സ്ത്രീയിലേക്കുള്ള ചുവടുവയ്പുകള്‍ക്കിടയില്‍, നെഞ്ചില്‍ തിളച്ചു പതഞ്ഞ സ്‌നേഹത്തിന്റെ ഓഹരി പങ്കിടാന്‍, കന്യകാത്വത്തില്‍ അഭയം തേടി പെണ്മയുടെ ആഴങ്ങളെ കണ്ടെടുക്കാന്‍, അധികാര മുദ്രയുടെ സത്യവാചകം ചൊല്ലി ഒരാള്‍ കടന്നു വരുന്നതോടെ, പ്രണയം, രതി, ആത്മീയത, ജീവിതാസക്തി എന്നീ തലങ്ങള്‍ യഥാര്‍ത്ഥ അളവില്‍ ചേര്‍ന്ന് ജീവിതം വഴി തിരിയേണ്ട ഒരു മൈല്‍കുറ്റിയായി മാറുന്നു വിവാഹം.'
ഇങ്ങനെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ സത്യസന്ധമായും ആകര്‍ഷകമായും എഴുതുന്നുണ്ട് സബീന.
കളഞ്ഞു പോയ ഒറ്റക്കൊലുസ്സ്
===========================
ഒരു നല്ല അനുഭവക്കുറിപ്പ് എന്തായിരിക്കണം എന്നതിന് ഉദാഹരണമാണ് കളഞ്ഞു പോയ ഒറ്റക്കൊലുസ്സ് എന്ന കുറിപ്പ്. ഒരു പ്രവാസിയെ വിവാഹം കഴിച്ചു വിരലിലെണ്ണാവുന്ന ദിവസങ്ങളുമായി മധുവിധു ആഘോഷിക്കുന്ന ദിവസങ്ങളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വിധത്തില്‍ അത്യാകര്‍ഷകമായാണ് സബീന എഴുതിയിരിക്കുന്നത്.
പ്രണയദിനങ്ങളില്‍ പച്ചമുളകിനുള്ള സ്ഥാനം എത്രയെന്ന് ഓര്‍ത്ത് നമുക്ക് ചിരി നിര്‍ത്താനാവില്ല. ഒറ്റക്കൊലുസ് നഷ്ടപ്പെട്ട ദുഃഖത്തില്‍ നിന്ന് ഇണയുടെ സാന്ത്വനത്തിന്റെ സുഖം അറിയുന്ന നിലയിലേക്ക് വായനക്കാര്‍ യാത്ര ചെയ്തൊടുവില്‍ ഒരു പൊട്ടുപോലെ വിമാനം ദൃഷ്ടിയില്‍ നിന്നകലുമ്പോള്‍ ആ ദുഃഖം വായനക്കാരുടേത് കൂടിയാവുന്നുണ്ട്.
നീര്‍ക്കോലി ഒരു ചെറിയ പാമ്പല്ല എന്ന കുറിപ്പ് രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
'എന്തിനോടാണ് ഏറ്റവും പേടി എന്നു ചോദിച്ചാല്‍ എനിക്ക് വ്യക്തമായ ഉത്തരമുണ്ട്. പാമ്പും ഇടിമിന്നലും. അതുകൊണ്ടു തന്നെ ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചു എന്നു പറയാന്‍ പോലും ഞാന്‍ ചിലപ്പോള്‍ ഭയപ്പെടാറുണ്ട്.' എന്ന് തുടങ്ങുന്ന അധ്യായം പത്താം ക്ലാസ്സില്‍ ബയോളജി ക്ലാസ്സിന്റെ ആകാംക്ഷകളിലേക്ക് ഒരു നീര്‍ക്കോലി കടന്ന് വരുന്നതോടെ രസപ്രദമാകുന്നു. 'ധൈര്യം പ്രസംഗിക്കാനുള്ളതല്ല, പ്രകടിപ്പിക്കാനുള്ളതാണ്.' എന്ന സാരോപദേശത്തോടെ കുറിപ്പവസാനിക്കുമ്പോള്‍ ഒരു ചിരി വായനക്കാരുടെ ചുണ്ടിലുണ്ടാവുമെന്നുറപ്പ്.
നല്ല എഴുത്ത്
============
സാഹിത്യഗുണമുള്ള നല്ല എഴുത്താണ് സബീനയുടേത്. അനുഭവക്കുറിപ്പുകളും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ചിന്തയും കവിതയും ഭാവനയും എല്ലാം ചേരുന്നതാണ് അത്. അത് കൊണ്ടു തന്നെയാണ് ഈ അനുഭവക്കുറിപ്പുകളെല്ലാം മാതൃഭൂമി, മാധ്യമം, ചന്ദ്രിക, മലയാളം ന്യൂസ്, ഇന്ത്യന്‍ എക്‌സ്പ്രസ്സ് എന്നിങ്ങനെ മലയാളത്തിലെ പ്രമുഖ വാരികകളില്‍ അച്ചടിച്ച് വന്നത്.
എഴുപത്തിയെട്ട് പേജുള്ള ഒരു അനുഭവക്കുറിപ്പിന്റെ പുസ്തകം സാധാരണ ഗതിയില്‍ ഞാന്‍ ഒന്നോ രണ്ടോ മണിക്കൂറില്‍ വായിച്ചവസാനിപ്പിക്കാറുണ്ട്. പക്ഷെ, ഈ പുസ്തകം വായിച്ചെടുക്കാന്‍ എനിക്ക് നാലോ അഞ്ചോ മണിക്കൂര്‍ വേണ്ടി വന്നു എന്നതാണ് സത്യം. കവിത തുളുമ്പുന്ന വരികള്‍ അതിന്റെ ആഴത്തില്‍ മനസ്സിലാക്കിയെടുക്കുമ്പോള്‍ മാത്രമാണ് നാം പുസ്തകത്തെ വായിക്കുന്നത് എന്നതിനാല്‍ അതര്‍ഹിക്കുന്ന സമയം കൊടുക്കുകയായിരുന്നു.
'കിനാവിന്റെ തൂവലുമായി നിദ്രയുടെ പക്ഷികള്‍ ചിറകടിച്ചു വരുമ്പോഴും ഉണര്‍ന്നിരുന്ന് കവിത കുറിക്കുന്ന ഒരു കാലമുണ്ടായിരുന്നു. ചങ്ങമ്പുഴ കവിതകളുടെ കാല്പനികത നെഞ്ചിലേറ്റി അന്തര്‍മുഖത്വത്തിന്റെ ആമത്തോടാണിഞ്ഞ കലാലയകാലം.' ഈ കാല്പനികതയും കവിത്വവും എഴുത്തില്‍ ഉടനീളം കാണാം. ചില ഉദാഹരണങ്ങള്‍ ചേര്‍ക്കുന്നു.
'ശാരികക്കന്യകളെപ്പോലെ ശങ്കരാഭരണം പാട്ടുപാവാട ഞൊറികളില്‍ കൗമാരം കാകളിയൊഴുകി.'
'നാലഞ്ചുവര്‍ഷത്തെ സഹവാസത്തിനുശേഷവും ഗര്‍ഭത്തിന്റെ മേഘദൂതുമായി ഒരു കാറ്റും അതുവഴി വന്നില്ല.'
'മനസ്സില്‍ മോഹഭംഗങ്ങളുടെ മേഘവിളര്‍ച്ച.'
'പബ്ലിക് ലൈബ്രറിയുടെ ഇടനാഴിയിലൊക്കെയും നിശബ്ദ പ്രണയങ്ങളുടെ മൂകഛന്ദസ്സ്.'
'നിലാവുള്ള രാത്രികളില്‍ ആകാശത്തെ നിവര്‍ത്തിയിട്ട് അവര്‍ നക്ഷത്രങ്ങളെ പെറുക്കിയെടുക്കുന്നു.'
'അകലെ സോളമന്റെ സങ്കീര്‍ത്തനം മുഴങ്ങുന്ന മുന്തിരിത്തോപ്പുകളുടെ വിജനപുളിനങ്ങളില്‍ ഹൃദയങ്ങള്‍ ഇണ ചേരുന്നതിന്റെ ലയവിന്യാസങ്ങള്‍.'
'പാഞ്ഞടുത്ത വാഹനങ്ങളുടെ വെളിച്ചത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ കണ്ടത് മുറിവേറ്റ ശരീരങ്ങളില്‍ നിന്ന് പരസ്പരം കെട്ടുപിടിച്ചൊഴുകുന്ന ചോര നൂലുകള്‍...'
'അവന്റെ പ്രണയാവേശത്തിന്റെ പ്രകമ്പനത്തില്‍, ആകാശത്ത് ഇണചേരുന്ന കാര്‍മുകിലുകള്‍ താങ്ങി നില്‍ക്കുന്ന പെയ്യാമഴകള്‍ മരുഭൂമിയിലേക്ക് ആര്‍ത്തലയ്ക്കണം. ഒന്നില്‍ നിന്ന് അടുത്തതിലേക്ക് വഴി തെറ്റി വഴി തെറ്റി, ഭ്രാന്തിന്റെ ഇളം വയലറ്റ് പൂക്കള്‍ വിടരുന്ന താഴ്വരകള്‍ പിന്നിട്ട്, മണമുള്ള കാട്ടുചെടികള്‍ക്കിടയിലൂടെ, ഉള്ളില്‍ കനക്കുന്ന ഉന്മാദവുമായി കൈപിടിച്ച് നടക്കണം.'
'മരുഭൂമിയുടെ മഹാവിജനതയെ മനസ്സു കൊണ്ട് ഏറ്റെടുത്ത് ഏകാന്തതയുടെ പെരുമ്പാതകള്‍ ഒറ്റയ്ക്ക് കീഴടക്കാന്‍ വിധിക്കപ്പെട്ട ഇവര്‍ ക്ഷീണം കൊണ്ടാണ് ദൂരമളക്കുന്നത്.'
ഇങ്ങനെ പോകുന്നു എഴുത്തിന്റെ മാസ്മരികത. അതിനാല്‍ തന്നെ വേറിട്ട ഒരു അനുഭവ വായന സമ്മാനിക്കുന്നതാണ് ഗന്ധ ദ്വീപിലെ പാറാവുകാരി.
മരണത്തിന്റെ അടയാളങ്ങള്‍
==========================
മരണത്തിന്റെ ആകസ്മികതയും അനിശ്ചിതത്വവും ജീവിതത്തെ പ്രണയിക്കാന്‍ എഴുത്തുകാരിയെ പ്രേരിപ്പിക്കുന്നുണ്ട്. ഒന്നിലേറെ അധ്യായങ്ങളില്‍ മരണം ശ്കതമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. മരണത്തിന്റെയും ജീവിതത്തിന്റെയും അര്‍ത്ഥങ്ങള്‍ തേടുന്നുണ്ട് ചില കുറിപ്പുകള്‍.
'ഓരോ മനുഷ്യനും, അവന്‍ എത്ര തന്നെ ഉന്നതനായാലും ഒടുക്കം ഈ വെട്ടുകല്ലുകള്‍ മാത്രമായിരിക്കുമല്ലോ അവന്റെ ഈ ഭൂമിയിലെ ജീവിതത്തിന്റെ കേവല അടയാളങ്ങള്‍. മരിക്കുന്നതിന് നാല്‍പതു ദിവസം മുന്‍പ് തന്നെ ഒരാളില്‍ മരണഗന്ധമുണ്ടായിരിക്കുമത്രേ.'
'മനുഷ്യന്‍ കേവലം നിസ്സാരനാണ്. നിമിഷനേരത്തേക്ക് ഉയിരെടുത്ത്, നശിച്ചു പോകുന്ന നീര്‍ക്കുമിളകള്‍. അതുകൊണ്ടു തന്നെ എല്ലാ മനുഷ്യര്‍ക്കും മരണബോധം ഉണ്ടായിരിക്കണം. കാരണം അത് നമ്മില്‍ത്തന്നെ സദാ അലഞ്ഞു നടക്കുന്ന നഗ്‌ന സത്യമാണ്.'
'ജീവന്റെ ലക്ഷണം പ്രകടമാക്കുന്ന എന്തു പ്രതിഭാസമാണ് മരണ സമയത്ത് നമ്മെ വിട്ടകലുന്നത്?'
'നിശ്ശബ്ദത ഉറഞ്ഞു കിടക്കുന്ന താഴ്വരകളില്‍ നിന്നെവിടെ നിന്നെങ്കിലുമാകാം ചിലപ്പോള്‍ മരണം പതുങ്ങിപ്പുറപ്പെടുന്നത്. മൃത്യുവിന്റെ വരവ് പല വഴിക്കും പല നേരത്തും പല രൂപത്തിലുമാകാം.'
എന്നിങ്ങനെ ചിന്തനീയമായ പലതും മരണത്തിന്റെ അടയാളങ്ങളില്‍ വായിച്ചെടുക്കാനാവും. ആ യാത്ര പറച്ചില്‍ വേദനയുടേതായിരുന്നു എന്ന കുറിപ്പില്‍ മരണത്തിന്റെ ആകസ്മികത നമ്മെ നടക്കുക തന്നെ ചെയ്യും.
'ജീവിതത്തിന്റെ ഇഴ ബന്ധങ്ങളില്‍ സ്വന്തം മാതാവിനെ എങ്ങനെ അടയാളപ്പെടുത്തണമെന്ന് തീരുമാനിക്കേണ്ടത് മക്കളുടെ മാത്രം മനോധര്‍മ്മമാണ്.' ഉത്തരവാദിത്വത്തിന്റെയും പക്വതയുടെയും ഒരു നിലപാട് വായനക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്ന എഴുത്തുകാരി പക്ഷെ, എല്ലാ സമൂഹ നിയമങ്ങളെയും കണ്ണടച്ചു അംഗീകരിക്കുന്നില്ല. 'ആത്മബന്ധത്താല്‍ അലിഞ്ഞു ചേര്‍ന്ന വികാരം എന്ന നിലയില്‍ പ്രണയം ആണും പെണ്ണും തമ്മിലേ ആകാവൂ എന്ന് ശഠിക്കരുത്.' പ്രണയം ആത്മാവിന്റെ ഭാഗമാവുമ്പോള്‍ എഴുത്തില്‍ അത് പ്രതിഫലിക്കാതെ വയ്യ. എന്നാല്‍ അവിടെയും 'ആത്മാവും മാംസവും തമ്മിലുള്ള സംഘര്‍ഷത്തില്‍ ആത്മാവ് പരാജയപ്പെട്ടാല്‍, അതോടെ പ്രണയവും ചക്രശ്വാസം വലിക്കും.' എന്ന തെളിഞ്ഞ ചിന്തയാണ് കാണാനാവുക.
ഇത്രയൊക്കെ നല്ല കാര്യങ്ങള്‍. ഇനി എനിക്ക് അത്ര നല്ലതല്ലെന്ന് തോന്നിയ കാര്യങ്ങള്‍.
ഓര്‍മ്മ, അനുഭവം എന്ന വിഭാഗത്തിലാണ് പുസ്തകത്തെ പെടുത്തിയിരിക്കുന്നതെങ്കിലും ഈ വിഭാഗങ്ങളില്‍ പെടാത്ത നാലഞ്ചു ലേഖനങ്ങളെങ്കിലും ഈ പുസ്തകത്തിന്റെ ഭാഗമാണ് എന്നത് ഒരു ന്യൂനതയായി എനിക്ക് തോന്നി. 'ആത്മാവിനുള്ളില്‍ ലില്ലിപ്പൂക്കള്‍ വിരിയുമ്പോള്‍', 'കാമനകളാല്‍ നിഷ്‌കാസിതനായവന്‍ - ഖൈസ്....', പെരുവഴികള്‍ വീതം വെക്കുന്നവര്‍, മരുഭൂമിയിലെ ജിപ്‌സികള്‍ തുടങ്ങിയവ ഉദാഹരണം. ഈ ലേഖനങ്ങളെല്ലാം തന്നെ നല്ല നിലവാരം പുലര്‍ത്തുന്നവയാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷെ മറ്റൊരു പുസ്തകത്തിലായിരുന്നേനെ അവയ്ക്ക് കൂടുതല്‍ ഉചിതമായ ഇടം.
ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചവയാണ് ഇതിലെ എല്ലാ ലേഖനങ്ങളും. ഒരു പക്ഷെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കാതെ ഓര്‍മ്മകളെയും കൂടെ പൊടി തട്ടി എടുത്തിരുന്നെങ്കില്‍ ഈ പുസ്തകത്തെ കൂടുതല്‍ സജീവമാക്കാമായിരുന്നു എന്ന് തോന്നി. പ്രസാധകര്‍ക്ക് പ്രൂഫ് റീഡിങ് ഒന്നു കൂടെ ശ്രദ്ധിക്കാമായിരുന്നു.
ആമുഖത്തില്‍ എഴുത്തുകാരി കുറിക്കുന്നു. 'ചല വെട്ടുവഴികള്‍ നമുക്ക് മാത്രമുള്ളതാണ്. ചിതറിയ ചിന്തകളുടെ ചെമ്മരിയാടുകളെയും വെച്ച് അതിലൂടെ ഒറ്റയ്ക്ക് നടക്കുമ്പോഴാണ് നരച്ചു പോയ ബാല്യവും കൗമാരവുമൊക്കെ ഓര്‍ത്തെടുത്ത്, അതില്‍ വീണ്ടും വീണ്ടും വര്‍ണ്ണങ്ങള്‍ കോരി നിറയ്ക്കാന്‍ തോന്നുന്നതും. ചില അനുഭവങ്ങളാകുന്ന തവിട്ടുകുതിരകളുടെ നനുത്ത കുഞ്ചിരോമങ്ങള്‍ കൊണ്ട് മുഖത്ത് മൃദുവായുരസി ചില വിസ്മൃത സ്വപ്നങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതും.'
'ഗന്ധദ്വീപുകളുടെ പാറാവുകാരി' വായനയെ ആഹ്ലാദകരമാക്കുകയും ഭാവനയെ ഉണര്‍ത്തുകയും അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള ചിന്തകള്‍ വായനക്കാരിലേക്കെത്തിക്കുകയും ചെയ്യുന്നുണ്ട്. കഴിവുറ്റ ഒരെഴുത്തുകാരിയുടെ കൈയ്യൊപ്പുള്ളതാണ് ഈ പുസ്തകത്തിലെ ഓരോ അനുഭവക്കുറിപ്പുകളും.
പോള്‍ സെബാസ്റ്റ്യന്‍
ഗന്ധദ്വീപുകളുടെ പാറാവുകാരി - സബീന എം സാലി
പ്രസാധനം - സൈകതം ബുക്‌സ്
ഒന്നാം പതിപ്പ് - 78 പേജ്, വില 70 രൂപ
Gandhadeepukalude Paravukari
No comments:
Post a Comment