പെണ്ണച്ചി - വെള്ളിയോടന്‍ (Velliyodan Cps)
'ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെടുക, കേവലമൊരു പുല്‍ത്തകിട് ഇറുക്കിയെടുക്കുന്നത് പോലെ എളുപ്പമാണ്. ഓരോ വിവാഹബന്ധങ്ങളും ഇരു ദിശകളിലേക്ക് സഞ്ചരിക്കുമ്പോള്‍, ദിശയറിയാതെ, നിസ്സഹായരായി വഴിയോരത്ത് നില്ക്കാന്‍ വിധിക്കപ്പെടുന്ന ചില ജീവിതങ്ങളാണ് എല്ലാ ജീവിതങ്ങളുടെയും ബാക്കിപത്രങ്ങള്‍.'
'വിവാഹം ഒരു വ്യവസ്ഥാപിതമായ സ്ഥാപനമാണ്.ജീവിതത്തെ ആ വൃത്തത്തിനകത്ത് ഒതുക്കി നിര്‍ത്തുമ്പോള്‍ അപസ്വരങ്ങളില്ലാതെ പോകുന്നു. വൃത്തത്തിന് പുറത്തു കടക്കുമ്പോഴാകട്ടെ കൂട്ടം തെറ്റിയ കാട്ടാനയെപ്പോലെ ചിന്നം പിന്നം വിളിച്ച് പായുന്നു. ലക്ഷ്യങ്ങളില്ലാതെ.' എല്ലായിടത്തും അനാഥമാക്കപ്പെടുന്നത് വിവാഹം എന്ന മെഷിനറിയില്‍ നിര്‍മിക്കപ്പെടുന്ന നിഷ്‌കളങ്കതയുടെ ബാല്യങ്ങളാണ്. അത്തരമൊരു ബാല്യത്തിന്റെ കഥയാണ് വെള്ളിയോടന്‍ (Velliyodan Cps) എഴുതിയ പെണ്ണച്ചി എന്ന നോവല്‍ പറയുന്നത്.
തപ്പു. അതാണവന്റെ പേര്. അവന് അമ്മയോടും അച്ഛനോടും ഇഷ്ടമാണ്. ഫെമിനിസ്റ്റും കവിയുമായ അമ്മയും ആണധികാരങ്ങള്‍ ഉപയോഗിക്കാന്‍ മടിക്കുന്ന ഒരച്ഛനും അവനുണ്ട്. വേര്‍തിരിവിന്റെ വേലിക്കെട്ടുകളില്‍ അവന്‍ അമ്മയോടൊപ്പമാണ് താമസം. അച്ഛന്റെ കൂടെ കളിക്കണമെന്നും അച്ഛന്‍ പറയുന്ന കഥകള്‍ കേള്‍ക്കണമെന്നുമെല്ലാം അവനാഗ്രഹമുണ്ട്. പക്ഷെ, അമ്മ അതിന് ഒട്ടും സമ്മതിക്കുന്നില്ല. ഒരു പക്ഷെ, തനിക്കാരുമില്ലാതെയായിപ്പോകുമോ എന്ന അനിശ്ചിതത്വമാകാം സുചല എന്ന അമ്മയെക്കൊണ്ട് അങ്ങനെ പറയിക്കുന്നത്.
തപ്പുവിന്റെ അമ്മ ഒരു സാധാരണ സ്ത്രീയല്ല. വളരെ എജ്യൂക്കേറ്റഡും മാന്യനുമാണ് തന്റെ ഭര്‍ത്താവ് നന്ദനെന്ന് അവള്‍ക്കറിയാം. അമാന്യമായ ഒരു വാക്ക് പോലും അയാള്‍ ഉരിയാടാറില്ല. ഒരിക്കല്‍ പോലും ദേഹോപദ്രവം ഏല്പിച്ചിട്ടുമില്ല. പക്ഷെ, തന്റെ അസ്തിത്വം നഷ്ടപ്പെടുത്താന്‍ അവള്‍ തയ്യാറല്ല. 'സുചല നന്ദന്‍ എന്ന് പേര് വെച്ചാല്‍, നിങ്ങളെന്നെ വിട്ട് പോകുമ്പോള്‍ ഞാന്‍ വീണ്ടും പേര് മാറ്റേണ്ടി വരില്ലേ. അച്ഛനുമായുള്ള ബന്ധം മുറിച്ചു മാറ്റാന്‍ പറ്റില്ലല്ലോ.' എന്നവള്‍ ചോദിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ മേല്‍ തനിക്കൊരു മേല്‍ക്കൈ ഉണ്ടെന്നത് അവളുടെ ഒരു തോന്നല്‍ മാത്രമായിരുന്നില്ല. 'എല്ലാ വേദനകളെയും ദുഃഖങ്ങളെയും അവള്‍ ഒറ്റ ദേഹം കൊണ്ട് നേരിട്ടു. എന്നാല്‍ നന്ദനാകട്ടെ വേദനകളെ ചാരി വെക്കാന്‍ ഒരിടം തേടുകയായിരുന്നു. നന്ദന്‍ അന്നും അങ്ങനെത്തന്നെയായിരുന്നു. അവളെക്കാള്‍ ദുര്‍ബലന്‍.' തന്റെ അധീശത്വം നഷ്ടപ്പെട്ടു പോകുമെന്നൊരു ഭയം ഉടലെടുത്തത് അവളെ ഉലച്ചു. ഇതുവരെയും വിധേയപ്പെട്ടു നില്‍ക്കുന്ന നന്ദന്‍ ആ വിധേയത്വം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നു. പുരുഷാധിപത്യത്തിന്റെ വിത്തുകള്‍ അയാളില്‍ മുളച്ച് തുടങ്ങിയിരിക്കുന്നു എന്ന ചിന്തമാത്രം മതിയായിരുന്നു അവളിലെ ഫെമിനിസ്റ്റിനെ ഉണര്‍ത്താന്‍. ഭര്‍ത്താവിന് ഒരിക്കലും ഒരു പെണ്ണിന്റെ സത്വബോധം അംഗീകരിക്കാന്‍ കഴിയില്ല എന്നവള്‍ വിധിയെഴുതുന്നു. ഉള്ളിന്റെ ഉള്ളില്‍ അവള്‍ സത്യസന്ധയും നിഷ്‌കളങ്കയുമാണ്. പക്ഷെ, അവള്‍ ചെന്നു വീഴുന്നത് ഫെമിനിസ്റ്റ് ആശയങ്ങളിലേക്കും ഡിജിറ്റല്‍ ലോകത്തെ കപടസൗഹൃദങ്ങളിലേക്കുമാണ്.
അനിശ്ചിതത്വത്തിന്റെ നാളുകള്‍ക്കൊടുവില്‍ ജീവിതത്തിന് അത്താണിയായി മറ്റൊരാള്‍ വരുമെന്ന് പ്രതീക്ഷിച്ചപ്പോള്‍ സുചല അയാളോട് പറഞ്ഞു. 'നിന്റെ വേദനകള്‍ നിന്നില്‍ നിന്നും എന്നിലേക്ക് സ്വയം സഞ്ചരിക്കുന്നു. നീ അവളെ നിയമപരമായും ഹൃദയം കൊണ്ടും ഉപേക്ഷിക്കാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ നിന്നോടൊപ്പം ചേരാനും തയ്യാറാണ്.' പക്ഷെ അവളൊരു കുരുക്കില്‍ അകപ്പെടുകയായിരുന്നോ? അവളിലെ സ്വാതന്ത്രയാകാന്‍ കൊതിക്കുന്ന സ്ത്രീക്ക് എന്ത് സംഭവിക്കും? എന്താണ് ഭാവി അവര്‍ക്ക് വേണ്ടി കരുതി വെച്ചിരിക്കുന്നത്? തപ്പുവിന് അവന്റെ ജീവിതം വീണ്ടു കിട്ടുമോ എന്നിങ്ങനെയുള്ള ആകാംക്ഷ നിറച്ചുള്ള ചോദ്യങ്ങള്‍ നോവല്‍ വായിക്കുന്നവര്‍ക്കായി മാറ്റി വെച്ചിരിക്കുന്നു.
ഒറ്റയിരുപ്പില്‍ വായിച്ചു പോകാവുന്ന നോവല്‍ എന്നതാണ് പെണ്ണച്ചിയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ചെറിയ പുസ്തകം. പിടിച്ചിരുത്തുന്ന കഥയും എഴുത്തും. കഥാപാത്രങ്ങള്‍ക്ക് വേണ്ടി തുടിക്കുന്ന മനസ്സ് വായനക്കാരില്‍ സൃഷ്ടിക്കുന്ന ജീവിത സന്ദര്‍ഭങ്ങള്‍ വായനയെ ഹൃദ്യമാക്കുന്നു.
ഈ നോവലില്‍ ജീവിതം മാത്രമേയുള്ളൂ. കണ്ണ് തുറന്നു നോക്കിയാല്‍ നമുക്ക് ചുറ്റും ഈ കഥാപാത്രങ്ങളെ കാണാം. ഒന്നല്ല, ഒട്ടേറെ. ചുറ്റും നോക്കുമ്പോള്‍ കാമുകനു വേണ്ടി ലക്ഷക്കണക്കിന് രൂപ ക്രെഡിറ്റ് കാര്‍ഡുകളില്‍ നിന്നെടുത്ത് തിരിച്ചടക്കാനാവാതെ ജയിലില്‍ കിടന്ന ഫിലിപ്പീനി സഹപ്രവര്‍ത്തക എനിക്കുണ്ട്. ഫെമിനിസത്തിന്റെയും വിപ്ലവത്തിന്റെയും അഗ്‌നിവലകളില്‍ കുടുങ്ങി, സഹപ്രവര്‍ത്തകരുടെ കപടമുഖങ്ങള്‍ വെളിവാകുമ്പോള്‍ തിരിച്ചറിവുകളുടെ മി ടൂ കളും വിവാഹമോചനത്തിന്റെ അനാഥത്വം അനുഭവിക്കുന്ന ബാല്യങ്ങളും ഇടയ്ക്കിടെ വായനയിലും കാഴ്ചയിലുമൊക്കെ വന്നു പോകുന്നുണ്ട്. വിധിയുടെ മാരക പ്രഹരത്തില്‍ പകച്ചു പോകുന്ന ജീവിതങ്ങളുമുണ്ട്. അതെ, ഈ നോവല്‍ നുണയോ നേരോ അല്ല. ജീവിതം മാത്രമാണ്.
സാമൂഹ്യമാധ്യമങ്ങള്‍ വ്യക്തി ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിന്റെ ഒരു ഇരയാണ് സുചല. ഈ സാമൂഹ്യമാധ്യമങ്ങളുടെ പൊയ്മുഖത്തെ നോവലിസ്റ്റ് നന്നായി പരിഹസിക്കുന്നുണ്ട്. അതിന്റെ സ്വാധീനത്തെ എടുത്തു കാട്ടുന്നുണ്ട്. നോവലില്‍ നിന്നുള്ള ചില വാചകങ്ങള്‍ ചേര്‍ക്കുന്നു.
'ഹാള്‍ നിറയെ യുവാക്കള്‍. സ്ത്രീകളുടെ എണ്ണം തുലോം കുറവായിരുന്നു. ഫേസ്ബുക്കിലെ സൗന്ദര്യശാസ്ത്രത്തിന്റെ ഇരകള്‍.'
'ഒടുക്കം ആണ്‍യുവത്വങ്ങളൊക്കെയും അവളോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയുടെ ചങ്ങലകള്‍ തീര്‍ത്തു. ഒക്കെയും ഫേസ്ബുക്കില്‍ ജീവന്‍ വെക്കാനുള്ളവ.'
'മുഖപുസ്തകത്തിന്റെ താളുകളില്‍ അവനോടൊപ്പമുള്ള സെല്‍ഫികള്‍ അപ്ലോഡ് ചെയ്ത് കൊണ്ടായിരുന്നു അവള്‍ സ്‌നേഹം പ്രകടിപ്പിച്ചിരുന്നത്.'
'അവള്‍ക്ക് മകനോടുള്ള സ്‌നേഹത്തിന്റെ ആഴം വാക്കുകളില്‍ നിന്നും വേര്‍തിരിച്ചെടുത്ത് ഫേസ്ബുക്കിലെ ഫോളോവേര്‌സിന്റെയൊക്കെ ഹൃദയം മുറിഞ്ഞു.'
'അമ്മയുടെ പോസ്റ്റിന് കുറെ ലൈക് കിട്ടുമല്ലോ. അച്ഛന്റെതിന് തീരെ കുറവാണല്ലോ. അവന്‍ സംശയം മറച്ച് വെച്ചില്ല.'.......കാക്കയെന്താ കരുതിരിക്കുന്നത് എന്ന് ചോദിക്കുന്ന പ്രായമാണ്. മുതിര്‍ന്നവര്‍ നല്‍കുന്ന ഉത്തരങ്ങളാണ് അവരുടെ അറിവ്.
'ഉറങ്ങിക്കിടന്ന തപ്പുവിന്റെ ഫോട്ടോയെടുത്ത് ഫേസ്ബുക്കില്‍ കുത്തിയിറക്കി. ഗള്‍ഫിലെ ജോലിഭാരം ചൂഷണം ചെയ്യപ്പെടുന്ന പെണ്ണുടല്‍. മൂന്ന് വയസ്സുകാരന്റെ ജന്മദിനത്തിന് പോലും പങ്കെടുക്കാന്‍ കഴിയാത്ത അമ്മയുടെ മുറിവേറ്റ ഹൃദയം. പ്രവാസത്തിന്റെ വേദന. മകന്റെ ജന്മദിനം പോലും കവര്‍ന്നെടുക്കുന്ന സ്‌നേഹരഹിതനായ ഭര്‍ത്താവ്.'
കമന്റുകള്‍ക്കൊക്കെയും ഉറക്കമൊഴിച്ച് അവള്‍ മറുപടി നല്‍കിക്കൊണ്ടിരുന്നു. വേദനിക്കുന്ന അമ്മയുടെ മറുപടി.
സ്ത്രീ വിമോചനമെന്നത് സ്ത്രീകള്‍ മാത്രമുള്ള ഒരു ലോകം സൃഷ്ടിക്കലാണോ അതോ സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ സംരക്ഷിക്കലാണോ, സ്ത്രീകളെ കൈ പിടിച്ചു കയറ്റലാണോ എന്ന് നിശ്ചയം പോരാത്ത കഥാപാത്രമായാണ് സുചലയെ നോവലിസ്റ്റ് വരച്ചു കാണിക്കുന്നത്. ചില നോവല്‍ വരികള്‍ അത് സാക്ഷ്യപ്പെടുത്തുന്നു.
'സ്വാതന്ത്ര്യത്തിന്റെ അതിരുകളില്ലാത്ത ആകാശം തനിക്ക് സ്വന്തമാക്കണം.'
'സ്ത്രീകളെ മുഴുവന്‍ പുരുഷന്റെ ആകര്‍ഷണ വലയത്തില്‍ നിന്നും പുറത്തെത്തിച്ച്, ശക്തമായ ഒരു സ്ത്രീ സമൂഹം കെട്ടിപ്പടുക്കണം.'
'സ്വാതന്ത്ര്യത്തിന് അതിരുകളില്ല നന്ദേട്ടാ. എനിക്ക് പോകണം. അതിരുകളില്ലാത്ത ആകാശത്തിലേക്ക്. നിങ്ങള്‍ക്കറിയില്ലെ ഞാനൊരു ഫെമിനിസ്റ്റാണെന്ന്.'
'ഹേ സ്ത്രീജനങ്ങളെ, പുരുഷന് നല്കാന്‍ കഴിയുന്ന അനുഭൂതികളൊക്കെയും നമുക്ക് സ്വയം അനുഭവിപ്പിക്കാന്‍ കഴിയും. പിന്നെന്തിന് നാം പുരുഷ ലോകത്തെ ഭയപ്പെടണം? നാം സ്വയം
രതിയനുഭവിക്കുക. പുരുഷന്റെ ആശ്രിതത്വത്തില്‍ നിന്നും മുക്തമാവുക.'
'നമ്പര്‍ ആവശ്യപ്പെട്ട് സന്ദേശമയച്ച് നിമിഷങ്ങള്‍ക്കകം നമ്പര്‍ കിട്ടി. ഹൊ! എന്തൊരു വേഗം. അവളോര്‍ത്തു. എല്ലാ ആണുങ്ങളും ഇങ്ങനെയാ. സൗഹൃദത്തിന്റെ തേരിലേറി സ്ത്രീകള്‍ ഒരിഞ്ചു പുരുഷനിലേക്ക് അടുക്കുമ്പോള്‍, കാമത്തിന്റെയും പ്രേമത്തിന്റെയും ആകാശവണ്ടിയില്‍ കയറി മൈലുകളോളം അവര്‍ പാഞ്ഞടുക്കും. ചുണ്ടില്‍ ഒലിപ്പിച്ച് കൊണ്ട്. അവര്‍ എത്ര ഉന്നതരായാലും.
വൃത്തികെട്ട ജന്തുക്കള്‍. പുരുഷനോളം നികൃഷ്ടമായി മറ്റൊരു ജീവിവര്‍ഗ്ഗം ഈ ഭൂമിയിലില്ലെന്ന് അവള്‍ക്ക് തോന്നി. എന്നാല്‍ ലോകം അവരുടെ കൈയിലാണ്. അതിന്റെ ഉത്ഭവനാളുകള്‍ മുതല്‍ ഇന്നോളം അങ്ങനെ തന്നെ.'
പക്ഷെ, സുചലയുടെ ഈ മുഖം ഒരു മാസ്‌ക് മാത്രമാണെന്ന് മറ്റൊരിടത്ത് എടുത്തു പറയുന്നുമുണ്ട്. 'നിശ്ചയങ്ങളില്‍ നിന്ന് പിറകോട്ട് പോകുന്നത് തന്നെപ്പോലുള്ള ഫെമിനിസ്റ്റ് ചിന്താഗതിക്കാര്‍ക്ക് ഉചിതമല്ല. അങ്ങനെ സംഭവിച്ചാല്‍ നാളെ താന്‍ ചോദ്യം ചെയ്യപ്പെടും.' എന്ന ചിന്തയാണ് അവളെ അവിടെ പിടിച്ചു നിര്‍ത്തുന്നത്. കാപട്യത്തിന്റെ ദുഷ്ടലാക്കുള്ളവര്‍ കൊരുക്കുന്ന മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങിയും കരളലിയിക്കുന്ന കള്ളക്കഥകള്‍ വിശ്വസിച്ചും മായാ വലയിലേക്ക് ചാടാന്‍ വെമ്പി നില്‍ക്കുന്ന ഇരകളോട് നോവലിസ്റ്റ് നല്‍കുന്ന ഒരു മുന്നറിയിപ്പാണ് പെണ്ണച്ചി.
'ഒരിടത്ത് സ്ത്രീ വേട്ടയാടപ്പെടുമ്പോള്‍ മറ്റൊരിടത്ത് പുരുഷന്‍ വേട്ടയാടപ്പെടുന്നു. ഒരിടത്ത് പുരുഷന്‍ വേട്ടക്കാരനാവുമ്പോള്‍ മറ്റൊരിടത്ത് സ്ത്രീ വേട്ടക്കാരിയാവുന്നു.' ഇവിടെ സ്ത്രീയും പുരുഷനുമില്ല, ഇരയും വേട്ടക്കാരുമേയുള്ളൂ എന്നാണ് നോവലിസ്റ്റിന്റെ നിലപാട്.
ഭാഷ ലളിതം സുന്ദരം. ആഖ്യാനം നേര്‍ രേഖയില്‍. വായന എളുപ്പവും ലളിതവും. ഇടയില്‍ താഴെ ചേര്‍ത്തത് പോലുള്ള ലളിത സുന്ദര കവിത തുളുമ്പുന്ന ചില വരികളും കണ്ടെടുക്കാം.
'അവളുടെ നാവിനും ചുണ്ടിനും ഇടയില്‍ പ്രണയശലഭങ്ങള്‍ പാറിനടക്കുന്നുണ്ടായിരുന്നു.'
'കവിതയുടെ ഭാവസാന്ദ്രതയില്‍ അനധികൃതമായി മുഴച്ചു നില്‍ക്കുന്ന ഒരു അന്യഭാഷാ പദം പോലെ ക്‌ളീറ്റസ്.'
'ഭാര്യ?'....'ഒരു ദുരന്തമാണ്.'
'മനുഷ്യന്റെ എല്ലാ അഹംബോധങ്ങള്‍ക്കും മേലുള്ള ദൈവത്തിന്റെ കണ്ണീരാണീ പ്രളയമെന്ന് തോന്നിപ്പോകുന്നു.'
നോവലിസ്റ്റ് ശ്രദ്ധിക്കേണ്ടിയിരുന്ന, അല്ലെങ്കില്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ നോവല്‍ കൂടുതല്‍ നന്നാവുമായിരുന്ന ചില കാര്യങ്ങള്‍ കൂടെ ചേര്‍ക്കട്ടെ.
നന്ദനും സുചലയുമായുള്ള വേര്‍പിരിയലിന്റെ യഥാര്‍ത്ഥ കാരണം നോവലിസ്റ്റ് പറഞ്ഞില്ലെന്ന് തോന്നി. കാരണം, അവര്‍ തമ്മില്‍ ഒരുമിച്ചു താമസിക്കുമ്പോഴേ നന്ദന്റെ ഫേസ്ബുക് സുചല ബ്ലോക്ക് ചെയ്യുന്നുണ്ട്. അതിന്റെ കാരണം പറയുന്നില്ല. കൂടാതെ, വേര്‍ പിരിയലിന് പറയുന്ന കാരണം അത്ര വിശ്വസനീയവുമല്ല. മറ്റൊരു പ്രധാനപ്പെട്ട കാര്യം, തപ്പുവിന്റെ അമ്മയുമായുള്ള ബന്ധത്തെ നിര്‍വചിക്കാന്‍ നോവലിസ്റ്റിനായില്ല എന്നതിലാണ്. മകനോട് അമ്മക്കുള്ള സ്‌നേഹം തന്നെയാണ് തപ്പുവിനെ കൂടെ കൂട്ടാന്‍ സുചലയെ പ്രേരിപ്പിക്കുന്നത്. അല്ലാത്ത പക്ഷം വിവാഹത്തിന് പുറത്തേക്ക് പോകുന്ന സ്ത്രീ ബാധ്യതകളില്ലാതെ പോകാനാണ് ശ്രമിക്കുക. രോഗാവസ്ഥയില്‍ തപ്പു അച്ഛനെ മാത്രം പ്രതീക്ഷിച്ചു എന്നത് വിശ്വസനീയമായ രീതിയില്‍ അവതരിപ്പിക്കാന്‍ നോവലിസ്റ്റിനായിട്ടില്ല. കൂടാതെ, സുചലയെ ഫെമിനിസത്തിലേക്ക് നയിച്ച കാരണങ്‌ളെപ്പറ്റി (അതുണ്ടാവും) സൂചന നല്‍കുന്നില്ല. നന്ദന്റെ മനസ്സിലേക്കും നോവലിസ്റ്റ് അല്പം യാത്ര ചെയ്യേണ്ടിയിരുന്നെന്ന് തോന്നി. ഒരു ഭൗതികവാദിയെ ആത്മീയമാര്‍ഗ്ഗത്തിലേക്ക് കൊണ്ട് വന്നത് അല്പം ധൃതി പിടിച്ചായോ എന്നും സംശയം തോന്നി. ഇങ്ങനെ, കഥാപാത്രങ്ങളുടെ മനസ്സിലേക്കുള്ള യാത്രയിലും സന്ദര്‍ഭങ്ങളുടെ നിര്‍മ്മാണത്തിലും അല്പം കൂടെ ശ്രദ്ധിച്ചിരുന്നെങ്കില്‍ നോവല്‍ അടുത്ത ഒരു തലത്തിലേക്ക് ഉയരുമായിരുന്നു.
ഒരു തുടക്കക്കാരന്റെ യാതൊരു പതറിച്ചയുമില്ലാതെ, എങ്ങനെ വായനക്കാരെ കൈയ്യിലെടുക്കാം എന്ന് ശ്രീ വെള്ളിയോടന്‍ ആദ്യ നോവലില്‍ തന്നെ കഴിവ് തെളിയിക്കുന്നു. തുടര്‍ച്ചയായി കഥകള്‍ എഴുതിക്കൊണ്ടിരിക്കുന്ന വെള്ളിയോടന്‍ കഥാ എഴുത്തിന്റെ സ്ഥിരം ശൈലിയെ നോവല്‍ രചനയില്‍ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തി നോവലിന് യോജിച്ച ഭാഷയും അവതരണവും തിരഞ്ഞെടുത്തിരിക്കുന്നു എന്നത് സന്തോഷകരമാണ്.
'രണ്ടുപേരും ഇരുവഴികള്‍ തേടിയാല്‍ അനാഥമാക്കപ്പെടുന്നത് തപ്പുവിന്റെ ബാല്യവും കൗമാരവുമാണ്...അവന്റെ അനാഥമാക്കപ്പെടുന്ന ബാല്യത്തിന് പകരം നല്കാന്‍ തങ്ങള്‍ രണ്ടുപേരുടെയും ഈ ജന്മം മതിയാവുകയില്ല.' വായനക്കാരില്‍ ചിന്തകള്‍ ബാക്കി വെക്കുന്ന നോവലാണ് പെണ്ണച്ചി.
നിരൂപണം - പോള്‍ സെബാസ്റ്റ്യന്‍
പ്രസാധനം - ഒലിവ് ബുക്‌സ്
No comments:
Post a Comment