Friday, October 19, 2018

ഈശ്വരന്‍ മാത്രം സാക്ഷി

\


ഈശ്വരന്‍ മാത്രം സാക്ഷി - സത്യന്‍ അന്തിക്കാട്

മുഖവുര ആവശ്യമില്ലാത്ത സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മലയാളത്തിന്റെ ഹൃദയതാളം തൊട്ടറിഞ്ഞ സംവിധായകന്‍. കാലത്തെ അതിജീവിക്കുന്ന സിനിമകളിലൂടെ സമൂഹത്തിലെ നേര്‍ക്കാഴ്ചകള്‍ മാഞ്ഞു പോകാത്ത സന്ദേശങ്ങളായി നമ്മുടെ മനസ്സില്‍ പതിപ്പിച്ചു വെച്ച പ്രതിഭാശാലി. ജീവിത ചിന്തകള്‍ ഒറ്റമൂലികളെന്ന പോലെ ആവശ്യമായ അളവില്‍ മാത്രം നമ്മിലേക്ക് പകരുന്ന ബുദ്ധിമാന്‍. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ന്യൂ ജനറേഷന്‍ തരംഗങ്ങളടക്കം പല തരംഗങ്ങള്‍ കടന്നു പോയിട്ടും അതിലൊന്നും ഒഴുകിപ്പോകാതെ മണ്ണില്‍ കാലുറപ്പിച്ചു നില്‍ക്കുന്ന കരുത്തന്‍. സത്യന്‍ അന്തിക്കാടിന്റെ അനുഭവങ്ങളുടെയും ചിന്തകളുടെയും പുതിയ പുസ്തകമാണ് ഈശ്വരന്‍ മാത്രം സാക്ഷി.

ഓര്‍മ്മക്കുറിപ്പുകള്‍ നമുക്ക് പ്രിയതരമാവുന്നത് ആ ഓര്‍മ്മകള്‍ നമുക്ക് വേണ്ടപ്പെട്ടതെന്ന് തോന്നുമ്പോഴാണ്. സിനിമയും സിനിമയോട് ചേര്‍ന്നു നില്‍ക്കുന്നവരുമെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. സ്വന്തം വീട്ടിലുള്ളവരെപ്പോലെയാണ് അവര്‍ അവരെ കണക്കു കൂട്ടുക. അതുകൊണ്ടു തന്നെ സിനിമക്കാരുമായി ബന്ധപ്പെട്ട നല്ലതിനും ചീത്തക്കും എല്ലാം വാര്‍ത്താപ്രാധാന്യം ഏറും. അവരെപ്പറ്റിയുള്ള വായനയും കാഴ്ചയും നമ്മുടെ പ്രിയപ്പെട്ടവരുടെ എന്നത് പോലെ നമ്മള്‍ പരിഗണിക്കും. നമുക്ക് പ്രിയപ്പെട്ടവര്‍ ഒത്തു ചേരുന്ന വിവിധ സന്ദര്‍ഭങ്ങളെ അനുഭവിപ്പിക്കുന്ന രീതിയില്‍ എഴുതി അവതരിപ്പിക്കുന്നു എന്നത് തന്നെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തിയും .സാധ്യതയും.

പ്രേം നസീറുമൊത്തുള്ള ചില നിമിഷങ്ങള്‍ക്ക് ഈശ്വരന്‍ മാത്രം സാക്ഷിയെന്ന് പറയുമ്പോഴും ആ നിമിഷങ്ങള്‍ക്ക് നമ്മെ കൂടെ ഈ പുസ്തകത്തിലൂടെ സാക്ഷിയാക്കുകയാണ് എഴുത്തുകാരന്‍.

'മെയ്ക്കപ്പ്മാന്‍ നിവര്‍ത്തിക്കൊടുത്ത കുട വാങ്ങി അദ്ദേഹം നടക്കാന്‍ തുടങ്ങി. മഴ കാര്യമാക്കാതെ ഓടാനൊരുങ്ങിയ എന്നെ പെട്ടെന്നദ്ദേഹം പിടിച്ചു നിര്‍ത്തി. 'മഴ കൊള്ളേണ്ട.' അദ്ദേഹം തന്റെ കുടയിലേക്കെന്നെ ചേര്‍ത്ത് നിര്‍ത്തി. അനേകം സിനിമകളില്‍ ഞാന്‍ കണ്ടിട്ടുള്ള പ്രേംനസീറിന്റെ കൈ എന്റെ തൊളിലാണ്.'

സംഗീതവിസ്മയമായ ഇളയരാജയുമൊത്ത് കടല്‍ത്തീരത്തുള്ള മറക്കാനാവാത്ത നിമിഷങ്ങളും നമ്മോട് പങ്കുവെക്കുന്നത് ഒരു സിനിമയിലെന്ന പോലെയാണ്... 'തിരകള്‍ കാലുകളെ തൊട്ടുരുമ്മാനെത്തിയപ്പോള്‍ പിടി കൊടുക്കാതെ ചിരിച്ചുകൊണ്ട് അദ്ദേഹം പിറകിലോട്ടോടി. പിന്‍വലിഞ്ഞ തിരകള്‍ക്കൊപ്പം മുന്നോട്ടും. ഇന്ത്യന്‍ സിനിമയിലെ സംഗീതചകവര്‍ത്തിയാണ്......യാതൊരു വിധ പരിവേഷങ്ങളുമില്ലാതെ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ കളിച്ചും ചിരിച്ചും എന്റെ കണ്മുന്‍പില്‍. മൂന്നാമതൊരാള്‍ അതു കാണുന്നില്ലല്ലോ എന്ന് അപ്പോഴും ഞാന്‍ വിഷമത്തോടെ ഓര്‍ത്തു.'

തനിക്ക് നേരിട്ടുള്ള അനുഭവങ്ങളെ മാത്രമല്ല, മറ്റുള്ളവര്‍ പറഞ്ഞതും തന്റെ ഹൃദയത്തെ സ്പര്‍ശിച്ചതുമായ മനോഹര മുഹൂര്‍ത്തങ്ങളെയും നമ്മിലേക്കെത്തിക്കുന്നുണ്ട് സത്യന്‍ അന്തിക്കാട്. ഞാന്‍ ഗന്ധര്‍വ്വനിലെ ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം എന്ന പാട്ടു പാടിക്കഴിഞ്ഞ് യേശുദാസും കൈതപ്രവുമൊത്തുള്ള ഒരു സന്ദര്‍ഭം വിവരിക്കുന്നതിങ്ങനെ. ''ഗംഭീരമായി ദാസേട്ടാ. എന്റെ രചനയെക്കാളും ജോണ്‍സന്റെ സംഗീതത്തേക്കാളും മികച്ചതായി ദാസേട്ടനത് പാടിയപ്പോള്‍. അസ്സലായി.' യേശുദാസ് അല്‍പനേരം നിശബ്ദനായി നിന്നുവത്രെ. പിന്നെ പറഞ്ഞു. ഞാന്‍ നന്നായി പാടിയെന്നു പറഞ്ഞ് ഒരാളെന്നെ അഭിനന്ദിച്ചിട്ട് വര്‍ഷങ്ങളായി എന്ന്. ദാസേട്ടന്റെ കണ്ണിലൊരു നനവ് കൈതപ്രം കണ്ടു.'


മറ്റുള്ളവരെ അഭിനന്ദിക്കുക എന്നത് ഒരനാവശ്യമോ ആര്‍ഭാടമോ ഒക്കെയായി തോന്നുന്ന ഇക്കാലത്ത് അഭിനന്ദനങ്ങള്‍ക്ക് എക്‌സ്‌പൈറി ഡേറ്റ് ഇല്ല എന്നും 'അഭിനന്ദനം ഇപ്പോഴും ഊര്‍ജ്ജമാണ്. അത് ഏതു രംഗത്തുള്ളവര്‍ക്കും എത്ര പ്രശസ്തരായവര്‍ക്കും ഉണര്‍വ്വാണ്.' എന്നും ഉറപ്പിച്ചു പറയുന്നുണ്ട് ഈ പുസ്തകത്തില്‍. പത്തേമാരി കണ്ട് മമ്മൂട്ടിയെ അഭിനന്ദനമറിയിച്ചപ്പോള്‍ 'നിങ്ങളെക്കൊണ്ട് ഞാന്‍ ഇനിയും വിളിപ്പിക്കും. അതിനു പറ്റിയ കഥാപാത്രങ്ങള്‍ക്കായാണ് ഇപ്പോഴത്തെ കാത്തിരിപ്പ്.' എന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടി എന്ന നടന്റെ നിശ്ചയദാര്‍ഢ്യത്തെയും സ്ഥിരോത്സാഹത്തെയും വായനക്കാര്‍ ഓര്‍മിക്കും.

സാമൂഹ്യപ്രതിബദ്ധത ഒരു കലാകാരന് ഒഴിച്ചു കൂടാനാവാത്തതാണ്. സത്യന്‍ അന്തിക്കാടിന്റെ ഓരോ സിനിമകളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സാമൂഹ്യപ്രസക്തമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞും നര്‍മത്തില്‍ ചാലിച്ചുമൊക്കെയാണ് തരുന്നതെങ്കിലും മരുന്നെപ്പോഴും മരുന്ന് തന്നെയാണല്ലോ. എഴുത്തിലേക്ക് വരുമ്പോള്‍ പക്ഷെ, സാമൂഹ്യ പ്രസകതമായ വിഷയങ്ങളെ തീര്‍ത്തും ഗൗരവപൂര്‍വ്വവും നേരിട്ടുമാണ് അവതരിപ്പിക്കുന്നത് എന്ന വ്യത്യാസമുണ്ട്. നിശ്ശബ്ദനായ ഒരു വിപ്ലവകാരി ഉള്ളിലുറങ്ങുന്നുണ്ട് എന്ന മുന്നറിയിപ്പുമായി തനിക്ക് പറയാനുള്ളത് ശക്തമായ ഭാഷയിലാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. 
'എത്ര വിശ്വാസത്തിന്റെ പുറത്താണ് എല്‍ ഡി എഫിനെയും യു ഡി എഫിനെയും മാറി മാറി നമ്മള്‍ അധികാരമേല്പിക്കുന്നത്. എന്നിട്ടോ? എന്നെങ്കിലും ആ വിശ്വാസം തെറ്റിയിട്ടില്ലെന്ന് ബോധ്യപ്പെടുത്താന്‍ ഈ മുന്നണികള്‍ക്കായിട്ടുണ്ടോ? ഡല്‍ഹിയില്‍ ഒരു ഭരണമാറ്റമുണ്ടായപ്പോഴും നമ്മള്‍ വിശ്വസിച്ചു. ഇനിയെല്ലാം ശരിയാകും. പൂന ഫിലിം ഇനിസ്റ്റിട്യൂട്ടിലെയും ജെ എന്‍ യു വിലയും വിദ്യാര്‍ത്ഥികളോട് ചോദിച്ചു നോക്കൂ. ഒന്നും ശരിയായിട്ടില്ല എന്നവര്‍ പറയും. അംബാനിക്കും അദാനിക്കും എതിരഭിപ്രായം ഉണ്ടായേക്കാം. സാധാരണക്കാര്‍ക്ക് ഇനിയും നല്ല ദിവസം വന്നിട്ടില്ല.'

മറ്റൊരിടത്തു എഴുതിയിരിക്കുന്നത് കേള്‍ക്കുക. 'സ്നേഹവീട് എന്ന സിനിമയുടെ ഷൂട്ടിങ്ങിനു പോയപ്പോള്‍ അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ ഞാന്‍ കണ്ടതാണ്. ഫോട്ടോ എടുത്ത് പ്രദര്‍ശിപ്പിക്കാവുന്ന വികസനമേ അവിടെ കാണാന്‍ പറ്റിയുള്ളൂ. പോലീസും പരിവാരവും അനുയായികളുടെ ജയ് വിളികളുമില്ലാതെ നമ്മുടെ ഏതെങ്കിലുമൊരു മന്ത്രി അവിടെയൊന്നു സന്ദര്‍ശിച്ചെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചുപോകുന്നു. മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്ന് ആഹാരം തേടുന്ന കൊച്ചു കുട്ടികളുടെ ദൃശ്യം നമ്മുടെ കണ്ണില്‍ നിന്നു മറഞ്ഞിട്ടില്ല. വിഴിഞ്ഞത്തേക്കാള്‍ വലിയ വികസനം വേണ്ടത് ഇവിടെയല്ലേ? വിശക്കുന്ന വയറുകളില്ലാത്ത കേരളത്തിന് വേണ്ടിയല്ലേ നമ്മുടെ രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്?'

'നന്മയുടെ വെളിച്ചം മനസ്സില്‍ സൂക്ഷിക്കുന്ന കുറെ പേരെങ്കിലും സമൂഹത്തിലുള്ളതുകൊണ്ടാണ് സുനാമിയും പേമാരിയും പ്രളയവുമൊക്ക ഒരെത്തിനോട്ടം മാത്രം നടത്തിപ്പോകുന്നത്. ഇല്ലെങ്കില്‍ പ്രകൃതിക്ക് നമ്മളെ ഒന്നായി വിഴുങ്ങാന്‍ വല്ല പ്രയാസവുമുണ്ടോ?' എന്ന് മദ്രാസിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ മനോഗതത്തില്‍ ഏര്‍പ്പെടുന്നുണ്ട് എഴുത്തുകാരന്‍. 'മത രാഷ്ട്രീയ ദേശചിന്തകള്‍ക്കതീതമായി വലിയൊരു സമൂഹത്തെ ഒരൊറ്റ മനസ്സാക്കി മാറ്റുന്ന മാജിക്കാണ് തൃശൂര്‍ പൂരം' എന്ന് പറയുന്ന സത്യന്‍ അന്തിക്കാട് അത്തരമൊരു നല്ല നാളയെയാണ് സ്വപ്നം കാണുന്നത്.

വ്യക്തിജീവിതത്തില്‍ കാത്തു സൂക്ഷിക്കേണ്ട മിതത്വത്തെയും നൈര്‍മല്യത്തെയും പറ്റി സിനിമകളില്‍ മാത്രമല്ല ഈ പുസ്തകത്തിലും വാചാലനാവുന്നുണ്ട് സത്യന്‍ അന്തിക്കാട്. 'സങ്കടങ്ങളിലാണ്, നന്മയുടെ 
വെളിച്ചം എവിടെയാണെന്ന് നാം തിരിച്ചറിയുന്നത്. ആ തിരിച്ചറിവാണ് നാളെ നമ്മളെ നയിക്കേണ്ടത്.' 
ഔചിത്യബോധമുള്ള ഒരു തലമുറയുണ്ടാവണം എന്ന് ഈ സംവിധായകന്‍ ആഗ്രഹിക്കുന്നു. 'നമ്മുടെ നാടിന്റെ കാലാവസ്ഥക്കും സംസ്‌കാരത്തിനും അനുസരിച്ചുള്ള വേഷം, അന്യരെ വേദനിപ്പിക്കാത്ത ഭാഷ, അറിയാത്തത് അറിയില്ല എന്ന് തുറന്നുപറയാനുള്ള വിവേകം, പ്രതികൂലസാഹചര്യങ്ങളെപ്പോലും അനുകൂലമാക്കാനുള്ള മിടുക്ക്.' 'തോന്നേണ്ടത് തോന്നേണ്ട സമയത്ത് തോന്നണം. മനസ്സെപ്പോഴും ഉണര്‍ന്നിരിക്കണം.' 'മനസ്സ് ക്ലാവ് പിടിക്കാതെ നോക്കണം. എപ്പോഴും തേച്ചുമിനുക്കി വൃത്തിയായി വെക്കണം. ഒരു തരി മാലിന്യം പോലുമില്ലാതെ വെട്ടിത്തിളങ്ങണം. വൃത്തിയുള്ള പാത്രത്തിലേ ഈശ്വരന്‍ ഭിക്ഷ തരൂ.' എന്നിങ്ങനെ അത് തുടരുന്നു.

കര്‍മ്മഫലം നമ്മെ വിട്ടുപോവുകയില്ല എന്ന വിശ്വാസം സത്യന്‍ അന്തിക്കാടിനുണ്ട്. ഇത് വിശ്വസിക്കാന്‍ മതിയായ അനുഭവങ്ങളും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. 'ദൈവം കണിശക്കാരനായ ഒരു മാര്‍വാഡിയെപ്പോലെയാണ്. കൊടുക്കുന്നവര്‍ക്ക് കൊടുക്കുന്ന അളവില്‍ മാത്രമേ തിരിച്ചു നല്‍കൂ.' എന്ന് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ എം ഡി. ഡോക്ടര്‍ കൃഷ്ണകുമാറാണ് അദ്ദേഹത്തോട് പറഞ്ഞത്. മോമിക്ക് കാമറ വാങ്ങാന്‍ കൊടുത്ത തുകയുടെ അത്ര തന്നെ അവാര്‍ഡ് ആയി കിട്ടിയപ്പോഴും മറ്റും അദ്ദേഹത്തിനത് ബോധ്യമാണ്. 'ഈശ്വരന്‍ എല്ലാം കാണുന്നു എന്നത് നമ്മളെങ്ങനെ വിശ്വസിക്കാതിരിക്കും?' എന്നദ്ദേഹം നമ്മോട് ചോദിക്കുന്നു. 'നമ്മള്‍ ചെയ്യേണ്ടത് കൂടുതല്‍ നല്‍കുക എന്നതാണ്. സത്യം. കൂടുതല്‍ നന്മ ചെയ്യുക. നമ്മുടെ കണ്ണുകള്‍ക്ക് അപ്രാപ്യമായ ആരോ അതൊക്കെ കാണുന്നുണ്ട്, അറിയുന്നുണ്ട്.' എന്നദ്ദേഹം പറയുന്നു. അതോടൊപ്പം തന്നെ, നല്ല പ്രവര്‍ത്തികളുടെ മാത്രമല്ല, മോശം പ്രവൃത്തികളുടെയും ഫലം നമ്മെ തേടി വരും എന്ന് ഉറപ്പിച്ചു പറയുന്നുണ്ട്. 
'സ്വന്തം കഞ്ഞിയിലിടാന്‍ പാറ്റയെ പോക്കറ്റില്‍ കൊണ്ട് നടക്കുന്നവര്‍ ഇനിയുമുണ്ട് ധാരാളം.' എന്നദ്ദേഹം ഉദാഹരണത്തിലൂടെ പറയുന്നുണ്ട്. മറ്റുള്ളവരെ ഒരിക്കലും താഴ്ത്തിക്കെട്ടരുത് എന്നും ഒരാള്‍ ഒരിക്കല്‍ ഒരു ഔദാര്യം കാണിച്ചാല്‍ അതയാളുടെ ബലഹീനതയാണെന്ന് കരുത്തരുതെന്നുമൊക്കെയുള്ള സാമൂഹ്യ ജീവിതത്തിനുള്ള സാമാന്യ നിയമങ്ങളെയും ഈ പുസ്തകത്തിലൂടെ സത്യന്‍ അന്തിക്കാട് ഓര്മിപ്പിക്കുന്നുണ്ട്.

സൗഹൃദങ്ങളാണ് സത്യന്‍ അന്തിക്കാടിന്റെ ബലം. അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ കയറിപ്പറ്റിയാല്‍, മിടുക്കനാണെങ്കില്‍ പിന്നെ അവിടെ നിന്ന് മടങ്ങിപ്പോക്കില്ല. മാമുക്കോയയെപ്പറ്റി സത്യന്‍ അന്തിക്കാട് പറയുന്നത് പോലെ, 'അന്ന് എന്റെ സിനിമയില്‍ 'കയറി'യ മാമുക്കോയ പിന്നീടിതുവരെ താഴെയിറങ്ങിയിട്ടില്ല. ഈ ദുനിയാവില് ആരു വിചാരിച്ചാലും അദ്ദേഹത്തെ ഇറക്കാനും കഴിയില്ല. അത്രയേറെ സ്വാഭാവികതയുള്ള നടനാണ് മാമുക്കോയ.' സിനിമയില്‍ മാത്രമല്ലെ ജീവിതത്തിലും സൗഹൃദങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നയാളാണ് അദ്ദേഹം. ലോഹിതദാസുമൊത്തുള്ള സൗഹൃദത്തെപ്പറ്റി പറയുന്നതിങ്ങനെയാണ്. 'ലോഹി ചിലപ്പോള്‍ കുട്ടിയായി മാറും. മറ്റു ചിലപ്പോള്‍ രക്ഷിതാവും ഗുരുനാഥനുമാകും. എന്തും തുറന്നുപറയാവുന്ന ചങ്ങാതിയും.' 'എഴുത്തുകാരനും സംവിധായകനും എന്നതിനപ്പുറമായിരുന്നു ഞങ്ങളുടെ ബന്ധം. അന്നൊക്കെ മനസ്സിനെന്തെങ്കിലും പ്രയാസം തോന്നിയാല്‍ വണ്ടിയുമെടുത്ത് നേരെ ഷൊര്‍ണ്ണൂരിലേക്ക് ചെല്ലും. കുറെ നേരം ലോഹിതദാസുമായി സംസാരിച്ചിരുന്നാല്‍ പ്രയാസമൊക്കെ മഞ്ഞു പോലെ ഉരുകും. തിരിച്ചും അങ്ങനെ തന്നെ.' എഴുത്തുകാരനായ അക്ബര്‍ കക്കട്ടിലുമായി ചെറുപ്പത്തിലെയുള്ള സൗഹൃദമാണ്. അക്ബര്‍ കക്കട്ടില്‍ മരിച്ചതിനെപ്പറ്റി സത്യന്‍ അന്തിക്കാട് എഴുതുന്നതിങ്ങനെ. 'വീട്ടുമുറ്റത്തു വീണ നിലാവ് പെട്ടെന്ന് മാഞ്ഞുപോയതുപോലെയാണ് അക്ബര്‍ പോയത്. ഇനി ഓര്‍മയില്‍ നിലാവിന്റെ തണുപ്പു മാത്രം. ഒരിക്കലും ഉണങ്ങാത്ത കണ്ണീരിന്റെ ഉപ്പുകലര്‍ന്ന, സൗഹൃദത്തിന്റെ തന്മാത്രകള്‍ നിറഞ്ഞ ഓര്‍മ്മ.'

ശ്രീനിവാസനുമായും വളരെ അടുത്ത സൗഹൃദമാണ് സത്യന്‍ അന്തിക്കാട് സൂക്ഷിച്ചിട്ടുള്ളത് എന്ന് മലയാളികളോട് പ്രത്യേകം പറയേണ്ടതില്ലല്ലോ. 'നാടോടിക്കറ്റും വരവേല്‍പ്പും സന്ദേശവുമൊക്കെ കഴിഞ്ഞപ്പോള്‍ ഒരു ദിവസം ശ്രീനിവാസന്‍ പറഞ്ഞു. 'വായനയുടെ ഒരു കുറവുണ്ട്. നമ്മള്‍ നില്‍ക്കുന്നിടത്തു തന്നെ നില്‍ക്കുന്നതു പോലെ തോന്നുന്നു.' പ്രിയപ്പെട്ട കൂട്ടുകാരനെപ്പറ്റി പറയുന്നതിങ്ങനെ. 'സാഹിത്യത്തില്‍ വി. കെ.എന്‍. എങ്ങനെയാണോ അതുപോലെയാണ് സിനിമയില്‍ ശ്രീനിവാസന്‍. രണ്ടുപേരും നര്‍മബോധമുള്ളവര്‍. സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കു നേരെ നേരമ്പോക്കിലൂടെ അമ്പുകളെയ്യുന്നവര്‍. രണ്ടുപേരെയും ഒരുമിച്ചിരുത്തി അവരുടെ സംസാരം കേള്‍ക്കണമെന്ന് ഞാനാഗ്രഹിച്ചിരുന്നു.'


സത്യന്‍ അന്തിക്കാട് എന്ന വ്യക്തി വായനയെ എത്ര ഇഷ്ടപ്പെട്ടിരുന്നു എന്ന് ഈ ലേഖനങ്ങളിലൂടെ വ്യക്തമാവുന്നുണ്ട്. 'അന്തിക്കാട് മാത്രമല്ല, അടുത്ത നാടായ മണലൂര്‍ വായനശാലയിലും അംഗത്വമെടുത്തു. ക്ളാസ് കഴിഞ്ഞു വന്നാല്‍ സൈക്കിളില്‍ പറക്കും. പുതിയ പുസ്തകങ്ങള്‍, അതിലൂടെ ഇതള്‍വിരിയുന്ന പുതിയ ലോകം. ഒരു യജ്ഞം പോലെയായിരുന്നു അന്നത്തെ വായന. അടുക്കും ചിട്ടയുമില്ലാതെ ഏതു പുസ്തകത്തെപ്പറ്റി ചോദിച്ചാലും അതു ഞാന്‍ വായിച്ചിട്ടുണ്ട് എന്ന് മേനിനടിക്കാനുള്ള വായന.' പക്ഷെ, ആഴത്തിലുള്ള വായനയും ഉണ്ടായിരുന്നു എന്ന് തന്നെ വേണം അനുമാനിക്കാന്‍. എം മുകുന്ദന്റെ കഥാപാത്രങ്ങളെ അനുകരിച്ചു അസ്തിത്വദുഃഖവുമായി നടക്കുന്ന ബുദ്ധിജീവി വായനക്കാരനെ അറിവിന്റെ റാഗിങ്ങിലൂടെ ശരിയായ ദിശയിലേക്ക് വഴി നടത്തുന്നുമുണ്ട് അന്നത്തെ ചെറുപ്പക്കാരന്‍ എന്ന് പറയുമ്പോള്‍ വായന മേനി നടിക്കാന്‍ മാത്രമായിരുന്നില്ല എന്നുറപ്പ്. 'വായന എന്നെ ഇപ്പോഴും സ്വാധീനിക്കുന്നു. സിനിമയിലേക്കുള്ള വഴിയില്‍ പലപ്പോഴും അതൊരു വെളിച്ചമാകുന്നു.' ഈ വായന എഴുത്തിനെ നന്നാക്കുന്നതില്‍ നല്ല പങ്കു വഹിച്ചിട്ടുണ്ട്. ആ ഗുണം സത്യന്‍ അന്തിക്കാടിന്റെ എഴുത്തില്‍ കാണാം. ചെറുപ്പത്തില്‍ അക്ബര്‍ കക്കട്ടിലുമൊരുമിച്ചു എഴുതാനിരുന്ന ഒരു നോവലിനെപ്പറ്റി തുടക്കത്തില്‍ പറയുന്നുണ്ട്. ഒരെഴുത്തുകാരനു വേണ്ട നല്ല ഭാഷ കൈമുതലായുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുന്നു ഈശ്വരന്‍ മാത്രം സാക്ഷി എന്ന പുസ്തകത്തിലെ ഓരോ ലേഖനങ്ങളും.

വളരെ വേഗത്തില്‍ സിനിമകള്‍ ചിത്രീകരിക്കുന്ന ഒരു കാലത്തെപ്പറ്റിയും തിയറ്ററുകള്‍ക്ക് സിനിമ കൊടുക്കാതെ നടത്തിയ സമരത്തെപ്പറ്റിയുമെല്ലാം ഇതില്‍ വായിക്കാന്‍ കഴിയും. സന്ദേശം എന്ന സിനിമയെപ്പറ്റി ശ്രീകാന്ത് കോട്ടയ്ക്കല്‍ എഴുതിയ ലേഖനവും ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.

സ്‌ക്രീനില്‍ ചലിക്കുന്ന ചിത്രങ്ങളല്ല സിനിമ, കാണുന്നവന്റെ മനസ്സില്‍ ചലനങ്ങളുണ്ടാക്കുന്നവയാണ്, അങ്ങനെ ആവണം എന്ന് ചിന്തിക്കുന്ന സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ പുസ്തകവും ഇഷ്ടപ്പെടാതെ തരമില്ല. അനുഭവങ്ങള്‍ ഉണ്ടാവുക എന്നത് ഒരു ഭാഗ്യമാണ്. അത് ഓര്‍ത്ത് വെക്കുക എന്നത് ഒരു ഗുണമാണ്. അത് നന്മക്കായി ഉപകരിക്കും വിധം അനേകരിലേക്കെത്തിക്കുക എന്നത് ഒരു സാമൂഹ്യപ്രവര്‍ത്തനമാണ്. ഈശ്വരന്‍ മാത്രം സാക്ഷിയായ ജീവിതാനുഭവങ്ങള്‍ക്കും ചിന്തകള്‍ക്കും വായനക്കാര്‍ക്ക് കൂടെ സാക്ഷിയാവാനുള്ള അവസരമാണ് ഈ പുസ്തകം.

പോള്‍ സെബാസ്റ്റ്യന്‍

ഈശ്വരന്‍ മാത്രം സാക്ഷി - സത്യന്‍ അന്തിക്കാട് 
അനുഭവക്കുറിപ്പുകള്‍ 
പ്രസാധനം - ഗ്രീന്‍ ബുക്‌സ് 
പേജ് - 128 പേജ് + 24 പേജ് ചിത്രങ്ങള്‍.
ഒന്നാം എഡിഷന്‍ വില - 175 രൂപ
Eashwaran Mathram Sakshi Review

Saturday, October 13, 2018

വോട്ട് ഫോര്‍ ഹെവന്‍





സ്വര്‍ഗ്ഗലോകത്തേക്ക് പോകാന്‍ കുറുക്കുവഴികളുണ്ടോ? ദൈവത്തിന് വേണ്ടിയെന്ന് പറഞ്ഞു മനുഷ്യന്‍ ചെയ്യുന്നതെല്ലാം ദൈവത്തിന് വേണ്ടി തന്നെയാണോ? സ്വര്‍ഗ്ഗത്തിലേക്ക് ആളെ എടുക്കുന്നത് വോട്ടിംഗ് സമ്പ്രദായത്തിലൂടെയാണോ? ഒരു വട്ടം സ്വര്‍ഗ്ഗത്തില്‍ പോയി വരാന്‍ അവസരം കിട്ടിയാല്‍ നാം ഇപ്പോള്‍ ജീവിക്കുന്നത് പോലെത്തന്നെയാണോ ജീവിക്കുക? ഇത് പോലെ രസകരവും പ്രസക്തവുമായ ചോദ്യങ്ങളിലൂടെ വായനക്കാരെ വഴി നടത്തി സമകാലീന ഭാരത പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയുടെ വിധി നിര്‍ണ്ണയിക്കുന്ന നോവലാണ് അബിന്‍ പി സി Abin Pc എഴുതിയ 'വോട്ട് ഫോര്‍ ഹെവന്‍'.

വിഷയങ്ങളിലെ വൈവിധ്യങ്ങളെക്കാള്‍ രചനയിലെ പരീക്ഷണങ്ങളാണ് ആധുനിക നോവലിന്റെ മുഖമുദ്ര. ശുദ്ധമായ ആക്ഷേപഹാസ്യവും ശക്തമായ പ്രമേയാവതരണ രീതിയും നോവലിന്റെ വിവിധ ഭാഗങ്ങളിലായി ഇഴ ചേര്‍ത്താണ് അബിന്‍ വോട്ട് ഫോര്‍ ഹെവന്‍ എഴുതിയിരിക്കുന്നത്. ആദ്യത്തെ കുറച്ച് അധ്യായങ്ങള്‍ വായനക്കാരെ ചിരിപ്പിച്ചു കൊണ്ട് ചിന്തിപ്പിക്കും. ഈ രീതിയില്‍ നോവല്‍ മുഴുവന്‍ എഴുതിയിരുന്നെങ്കില്‍ എന്ന് മോഹിപ്പിക്കും വിധം മനോഹരമാണ് ഈയെഴുത്ത്. അബിന്റെ എഴുത്തിന്റെ ശക്തി ആക്ഷേപഹാസ്യത്തിലാണെന്ന് ഉറപ്പിച്ചു പറയാം. സ്വര്‍ഗ്ഗയാത്രയിലാണ് ആല്‍വിന്‍ പി എന്ന നാടകകൃത്ത്. യാത്രയില്‍ കൂടെയുള്ളത് അഫ്ഗാനിസ്ഥാനില്‍ നിന്ന് താലിബാന്റെ അനുയായികളില്‍ ഒരാളാണ്. ഇവര്‍ തമ്മിലുള്ള സരസമായ സംഭാഷത്തിലൂടെയാണ് നോവലിലേക്ക് വായനക്കാര്‍ പ്രവേശിക്കുന്നത്. അവര്‍ തമ്മിലുള്ള സംസാരമൊന്ന് കേട്ടു നോക്കൂ.

'ഹാ...അപ്പം തീവ്രവാദിയാ...;;ല്ലേ?' ഞാന്‍ ആകാംക്ഷനായി.
'ഫ്രീഡം ഫൈറ്റേഴ്‌സ്...' ഇത്തിരി ഹുങ്കോടെ തീവ്രവാദി സ്‌നേഹിതന്‍ പറഞ്ഞു.
'ഓ...ഞാന്‍ കണ്ട്ക്ക്...ടിവില്ല്...തോക്കൊക്കെ പിടിച്ച് വെള്ള ജുബ്ബയും തടിയൊക്കെയായി മലേമ്മക്കൂടെ പോന്നത്.......അപ്പം ഏട്ടാ ഇങ്ങളെന്താ സ്വാര്ഗ്ഗത്തിലോട്ട് പോന്നത്?....?' വളരെ സംശയത്തോടെ ഞാന്‍ ചോദിച്ചു.
'ഒസാമാജിയെ കാണണം.'
'ഹേ...അങ്ങേര്...സോറി. ജി ഇവിടെ സ്വര്‍ഗ്ഗത്തിലാണോ?' ഞാന്‍ വളരെ ആകാംക്ഷയോടെ ചോദിച്ചു.
'പിന്നെ, ജി ഇല്ലായെ പിന്നാരാ സ്വര്‍ഗ്ഗത്തില്‍ ഉണ്ടാവാ..! ഞങ്ങള്‍ ആ സ്വര്‍ഗ്ഗനാഥനു വേണ്ടിയാണല്ലോ ഭൂമിയില്‍ പോരാടിയത് തന്നെ...!' വളരെ ആത്മാഭിമാനത്തോടെ ഒസാമ അനുയായി പറഞ്ഞു.
'ഞാക്കൊന്നും അതിന്റെ ആവശ്യം വന്നിക്കില്ലായിരുന്നു. ഞങ്ങള്‌ടെ നാടന്നെ ഒര് സ്വര്‍ഗ്ഗം പോലായിരുന്നു....! കെട്ടിക്കില്ലേ? ദൈവത്തിന്റെ സ്വന്തം നാട്..കേരളം?' ഞാനും ഒരു ആത്മാഭിമാനത്തോടെ പറഞ്ഞു.

വടക്കിന്റെ പ്രാദേശിക ഭാഷയും കാര്യം പറയലും ആക്ഷേപഹാസ്യവുമെല്ലാം കോര്‍ത്തിണക്കിയ രുചികരമായ ഒരു അബിന്‍ ശൈലി ഇവിടെ രൂപപ്പെടുന്നത് കാണാം.

'ആ മഞ്ഞ ബോര്‍ഡ് കാണുവാന്‍ വേണ്ടി ഞാന്‍ ജനലിലൂടെ തലയിട്ട് പുറത്തേക്ക് കുറെ നോക്കി. പക്ഷെ നീലാകാശപ്പരപ്പില്‍ എനക്ക് മഞ്ഞയുടെ ഒരു അംശം പോലും കണ്ടെത്തുവാന്‍ കഴിഞ്ഞുമില്ല. ഈ മഞ്ഞ ബോര്‍ഡ് എന്നുവെച്ചാല്‍ ഞാന്‍ ഉദ്ദേശിച്ചത് 'നന്ദി വീണ്ടും വരിക ഭൂമി' അല്ലെങ്കില്‍ 'സ്വാഗതം സ്വര്‍ഗ്ഗത്തിലേക്ക്' എന്നുള്ളതാണെന്നും ഞാന്‍ പറഞ്ഞു കൊള്ളട്ടെ.' ഇങ്ങനെ, സ്വര്‍ഗ്ഗയാത്രയില്‍ പോലും മനുഷ്യന്‍ സൂക്ഷിക്കുന്ന സങ്കുചിതത്വത്തെ കണക്കിന് പരിഹസിക്കുന്നുണ്ട് നോവലിസ്റ്റ്.
സ്വര്‍ഗ്ഗത്തെ സ്വപ്നം കാണുന്ന മനുഷ്യന്‍, അവിടെ കാണുന്ന സുന്ദരികളെ സ്വപനം കാണുന്നതിങ്ങനെ. 'സുന്ദരി എന്ന് വെച്ചാല്‍ അതിസുന്ദരി. ഇങ്ങള നാട്ടിലെ ഐശ്വര്യാ റോയിയെ സുന്ദരി എന്ന് വിളിച്ചതില്‍ ഞാന്‍ ലജ്ജിച്ചുപോയി. ഈ ഒരു അവസരത്തില്‍ ഇനി ഇവളങ്ങാനും ഭൂമിയില്‍ ഉണ്ടായിരുന്നെങ്കില്‍ അലക്സാണ്ടറും സീസറും എന്തിന്, നമ്മുടെ ടിപ്പു സുല്‍ത്താന്‍ പോലും യുദ്ധം ചെയ്യും....നാടിനും നാട്ടാര്‍ക്കും വേണ്ടിയല്ലെന്ന് മാത്രം.....ഇനി ഇവളെയെങ്ങായും ഞാനാ കല്യാണം കഴിച്ചതെങ്കില്‍...ചായ മാണ്ടാ...ചോറ് മാണ്ടാ...ഒരു മണ്ണാങ്കട്ടയും മാണ്ടാ എന്നതാവേനും എന്റെ അവസ്ഥ.' ഭൂമിയെ മാഗ്‌നിഫയിങ് ഗ്ലാസ്സിലൂടെ കണ്ടാല്‍ സ്വര്‍ഗ്ഗമായി എന്ന അജ്ഞതയും നിഷ്‌കളങ്കതയും മണ്ടത്തരവും എല്ലാം ചേര്‍ത്ത് ഒരു രസഗുളയായാണ് ആദ്യത്തെ അധ്യായങ്ങള്‍ എഴുതിയിട്ടുള്ളത്.

നേരിട്ട് സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ എടുക്കപ്പെടാത്തവര്‍ പരലോക വിചാരണ നേരിടണം. പരലോക വിചാരണ ചെയ്യുന്നത് ചിത്രഗുപ്തനോ ദൈവമോ മാലാഖമാരോ മനുഷ്യരോ ഒന്നുമല്ല. മനുഷ്യന്‍ ചോദ്യം ചെയ്യപ്പെടുന്നത് ദൈവത്താലോ മനുഷ്യരാലോ അല്ല. മറിച്ച് അയാളുടെ ജീവിതപരിസരങ്ങളിലെ ഉറുമ്പ്, കോഴി, ആട്, പശു, ഏലി, പൂച്ച, പാമ്പ് തുടങ്ങിയ ജീവജന്തുക്കളാലും ചെടികളാലും ഒക്കെയാണ്. അറിഞ്ഞും അറിയാതെയും അയാള്‍ വെറുക്കുകയോ ദ്രോഹിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടുള്ള കര്‍മ്മങ്ങളെല്ലാം വിചാരണയില്‍ എടുക്കപ്പെടുന്നു. ഒട്ടകം സൂചിക്കഴയിലൂടെ കടക്കുന്നത്ര ദുഷ്‌കരമാണ് ഈ വിചാരണ. മനുഷ്യന്റെ യുക്തികള്‍ക്കനുസരിച്ചല്ല ഈ വിചാരണ.

'സാര്‍...ഞാന്‍ ഒരുജീവിയെയും അറിഞ്ഞോണ്ട് കൊന്നിക്കുല്ല...വേദനിപ്പിച്ചിക്കുല്ല...' ഞാനെന്റെ സത്യം സമര്‍ത്ഥിച്ചു.
'ഉപദ്രവിക്കലും കൊല്ലലും മാത്രമല്ലല്ലോ പാപങ്ങള്‍...' ഗന്ധര്‍വ്വന്‍ ചിരിച്ചു കൊണ്ട് ഒരു കുട്ടിയോടെന്ന വിധം എന്നോട് പറഞ്ഞു.....
'നിങ്ങള്‍ കറുത്ത മനുഷ്യരെ പരിഹസിച്ചിട്ടില്ലേ?'

അടുക്കളയില്‍ കട്ട് കയറിയ പൂച്ചയെ ഉപദ്രവിക്കുന്നത് പോലും അവനെതിരായി വരുന്നു.
'സത്യായിട്ടും സാര്‍...ഞാന്‍ വേവിക്കാത്ത മീനൊക്കെ പൂച്ചയ്ക്ക് തന്നെയാ കൊടുക്കാറുള്ളത്...എന്നിട്ടും അവറ്റകള്‍ അടുക്കളയില്‍ കയറി കട്ട് തിന്നാറുണ്ട് സാര്‍...'
'അത് കളവായി പരിഗണിക്കേണ്ട! ഞങ്ങള്‍ക്ക് ആഹാരം കിട്ടാത്തപ്പോളാണ് ഞങ്ങള്‍ ആഹാരം തേടിപ്പോകാറുള്ളൂ. ഭൂമിയിലെ നിയമം മാത്രമാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളൂ.' പൂച്ചരാജാവ് സമര്‍ത്ഥിച്ച് പറഞ്ഞു.

'മണ്ണില്‍ വിശാലമായി വളരേണ്ട ചെടികളെ കേവലം ചെറിയൊരു ചട്ടിക്കുള്ളില്‍ അടച്ചു വളര്‍ത്തിയതോ?' എന്നിങ്ങനെ മനസ്സില്‍ ചിന്തിക്കാത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെടുമ്പോള്‍ ആല്‍വിന്‍ ചിന്തിക്കുന്നത്, 'ശ്ശൊ...ഒന്നും മാണ്ടാടയിരുന്നു. ഭൂമിയില്‍ ഉള്ളപ്പോള്‍ വിശുദ്ധ യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മതിയായിരുന്നു.' ഇവിടെയാണ് കൂടെ വന്ന അഫ്ഘാന്‍കാരന്റെ സാന്നിധ്യം നിര്‍ണ്ണായകമാവുന്നത്. പൂച്ചിനും ഉറുമ്പിനുമൊക്കെ രാജാക്കന്മാര്‍ വിചാരണ ചെയ്യുമ്പോള്‍ പശുവിന് വേണ്ടി ഗോമാതാവാണ് വിചാരണ ചെയ്യുന്നത് എന്നതും രസകരമായി തോന്നി..

'ഭൂമിയില്‍ പിറക്കുന്ന ഏതൊരു കുഞ്ഞും അടഞ്ഞ കൈകളുമായി കരഞ്ഞ് കൂതൂഹലത്തോടെയാണ് അവരുടെ വരവ് അറിയിക്കുന്നത്. അടഞ്ഞ കൈകള്‍ ആരെയും അംഗീകരിക്കുന്നില്ല. സ്വീകരിക്കുന്നില്ല... സ്‌നേഹിക്കുന്നില്ല....ഇനി എന്റെ വരും ജന്മത്തില്‍ ഞാന്‍ ഒരിക്കലും ഇങ്ങനെയായിരിക്കില്ല പിറന്നു വീഴുന്നത്. ഇത് ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തരുന്നു. ഒരായിരം പ്രാവശ്യം വാക്ക് തരുന്നു. ഭൂമിയില്‍ ഞാന്‍ പിറന്ന് വീഴുന്നത് ചിരിച്ച മുഖവുമായും ഒപ്പം തന്നെ നിവര്‍ത്തിപ്പിടിച്ച കൈകളുമായിയായിരിക്കും.'

'ഇനി ഈ വരുംജന്മത്തില്‍ എന്റെ കോഴിക്കുഞ്ഞിനെ കീരി പിടിക്കുകയാണെങ്കില്‍ ഒരിക്കലും ഞാനതിന്റെ മോന്ത എറിഞ്ഞ് പൊട്ടിക്കില്ല.' എന്നിങ്ങനെ മനുഷ്യന്റെ നിഷ്‌കളങ്കമായ തീരുമാനങ്ങള്‍ എത്ര ബാലിശമാണെന്ന് അബിന്‍ സരസമായി അവതരിപ്പിക്കുന്നുണ്ട് നോവലില്‍.

ഇന്ന് പിറന്നു വീഴുന്ന ഓരോ കുഞ്ഞും ഭീകരതയുടെ നടുവിലേക്കാണ് പിറന്നു വീഴുന്നത്. ഇന്നത്തെ സമൂഹത്തിന്റെ നേര്‍ചിത്രം ഏതാനും വരികളിലൂടെ ചുരുക്കി എന്നാല്‍ ശക്തമായി നോവലിസ്റ്റ് അവതരിപ്പിക്കുന്നത് നോക്കുക. 'അച്ഛന്റെ ഭ്രൂണം മകളില്‍ വളരുന്നു.അമ്മയുടെ മരണകാരണം മകനാല്‍ ആവുന്നു. അമ്മ മക്കളെ അവസാനിപ്പിക്കുന്നു. പാപങ്ങളുടെ കൊടുംഭീതിയില്‍ വീര്‍പ്പുമുട്ടുന്ന ലോകത്തേക്ക് ഞാനുമില്ല. കാരണം...എന്റെ അമ്മയും എന്റെ മരണം ആഗ്രഹിക്കുന്നു...അല്ലേല്‍ അമ്മയ്ക്ക് അമ്മയുടെ ജീവിതം അവസാനിപ്പിക്കണം...'
ഇങ്ങനെ പ്രതിസന്ധികളെ അതിജീവിച്ചു ദമ്പതികള്‍ തമ്മിലുള്ള ചേര്‍ച്ചയെ എത്ര മനോഹരമായാണ് എഴുത്തുകാരന്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്! 'ഇങ്ങനയുണ്ടോര് കെര്‍പ്പം..!'
'പിന്നല്ലാണ്ട്..കെര്‍പ്പന്ന് വച്ചാ ഇങ്ങനെയൊക്കെയാ..ഞാക്ക് മണം പറ്റൂല്ലാ..രുചി പറ്റൂല്ല...ഒച്ച പറ്റൂല്ലാ...'
'ന്റെ മോന് മാണ്ടിയല്ലേ...ഇഞ്ഞി ശര്‍ദ്ദിച്ചോ..ദിവസം മുഴ്വനും ശര്‍ദ്ദിച്ചോ...' പേരക്കാ കഷ്ണം പ്ലേറ്റില്‍ കഷ്ണിച്ചു കൊണ്ട് ദിവാകരന്‍ നായര്‍ പറഞ്ഞു.

സ്വാര്‍ത്ഥതയുടെ കൂടാരമാണ് ഓരോ മനുഷ്യനും. അതുകൊണ്ടു നഷ്ടമാകുന്നത് നന്മ നിറഞ്ഞ പൊതുവിടങ്ങളാണ്. ഈ സ്വാര്‍ത്ഥത വിരിയിച്ചെടുത്ത പൊതുവിടങ്ങളെപ്പറ്റി നോവലിസ്റ്റ് ആകുലനാകുന്നതിങ്ങനെ. 'സ്ത്രീകള്‍ ഗര്ഭിണികളായിക്കഴിഞ്ഞാല്‍ പ്രസവിക്കുംവരെ അവര്‍ പുറത്തെ അപകടകരമായ സ്ഥലങ്ങളില്‍ ഒന്നും തന്നെ പോകരുത് എന്ന് മാത്രമല്ല എനിക്ക് പറയാനുള്ളത്. ആഭാസന്മാര്‍ നിറഞ്ഞ പൊതു സ്ഥലങ്ങളിലും പോകരുത് എന്നും എനിക്ക് പറയാനുണ്ട്. ടൗണ്‍ ബസ് സ്റ്റാന്‍ഡ്, കല്യാണ വീടുകള്‍, മരണ വീടുകള്‍, പൊതു പരിപാടികള്‍ നടക്കുന്നിടം എന്നീ സ്ഥലങ്ങളെയാണ് പൊതുസ്ഥലം എന്നു ഞാന്‍ ഉദ്ദേശിച്ചത്....ഇവിടെയൊക്കെ ആഭാസന്മാര്‍ ഉണ്ടെന്നാണ് എന്റെ പക്ഷം.'

വര്‍ഗ്ഗീയത നടമാടുന്ന സമകാലീന കാലത്താണ് ആല്‍വിന് പുനര്‍ജ്ജന്മം കിട്ടുന്നത്. ഇറുക്കിപ്പിടിച്ച കണ്ണുകളും മുറുക്കിപ്പൂട്ടിയ കൈകളുമായി ഒരു വാവിട്ട നിലവിളിയുടെ സഹായത്താല്‍ ഞാനാ പ്രകാശത്തിലേക്ക് ലയിച്ചു പരന്നു എന്ന് എഴുതിക്കൊണ്ട് നിഷ്‌കളങ്കകമായ, നിസ്സഹായമായ ബാല്യത്തിന്റെ നനുത്ത പ്രതലത്തിലേക്ക് വായനക്കാരെ നോവലിസ്റ്റ് അടുപ്പിക്കുന്നുണ്ട്. ഗര്‍ഭാവസ്ഥയെ നോവലിസ്റ്റ് അവതരിപ്പിക്കുന്നതും വേറിട്ട രീതിയിലാണ്.

നോവലിന്റെ രണ്ടാം ഭാഗം ഒരു പ്രണയനോവലും സാമൂഹ്യ നോവലും ചേര്‍ന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്. ഹാസ്യം കഴിഞ്ഞാല്‍ അബിന്‍ നന്നായെഴുതുന്നത് റൊമാന്‍സ് ആണെന്ന് തോന്നുന്നു. കാലത്തിന്റെ നാഡിമിടിപ്പ് അബിന്റെ പ്രണയ എഴുത്തിലുണ്ട്.
'ജീവിതം സുന്ദരമാണ്. അത് ഏറ്റവും സുന്ദരപൂര്‍ണ്ണമാവുന്നത് കൂട്ടിനൊരാള്‍ എത്തുമ്പോഴാണ്. നിഷ്ബാന ഇബ്രാഹിം ആണ് ആ കൂട്ടുകാരി. ഇപ്പോള്‍ അവന്‍ രാത്രികാലത്ത് ഉറക്കിന് കൂട്ട് പിടിക്കുന്നത് പുസ്തകങ്ങളെയല്ല, മറിച്ച് നിഷ്ബാന ഇബ്രാഹിമിന്റെ നിശ്ശബ്ദ മെസേജുകളെയാണ്.'

കാമുകീ കാമുകര്‍ തമ്മിലുള്ള ഒരു ചാറ്റ് ശ്രദ്ധിക്കുക.

'നന്നായിട്ടുണ്ടോന്ന് ചോദിച്ചാല്‍...കാമുകന്മാര്‍ക്ക് നല്ലോണം ഇമ്മാതിരി കുത്തികുറിപ്പുകള്‍ ഉണ്ടാക്കാന്‍ കഴിയും... :) '
'ഹ ഹ...നോ നെവര്‍...ഐ ആം നോട്ട് എ കാമുകന്‍. :) '
'പിന്നെ...നിന്റെ ആ കവിത കണ്ടാല്‍ അറിയാം..നീയൊരു പരീകുട്ടിയാണെന്നത്...'
'പരീകുട്ടിയോ...വിച്ച്?'
'ചെമ്മീന്‍...മാനസ മൈനേ വരൂ..'

ഈ പ്രണയത്തെ വര്‍ഗ്ഗീയ കലാപസാധ്യത നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രദേശത്താണ് അബിന്‍ നട്ടുവളര്‍ത്തിക്കൊണ്ട് വരുന്നത്. മുസ്ലീങ്ങളും ഹിന്ദുക്കളും ഒരു പാലത്തിന് അപ്പുറവും ഇപ്പുറവും താമസിക്കുന്ന ഒരു കര. 'പണ്ട് അതൊരു കോണ്‍ക്രീറ്റ് പാലം മാത്രമായിരുന്നു. രണ്ടു പ്രദേശങ്ങളെ ഒന്നിപ്പിക്കുന്ന ഒരു പാലം. ഇന്ന് അത് രണ്ട് ദേശങ്ങളെ വേര്‍തിരിപ്പിക്കുന്ന ഒന്നാണ്. പാലത്തിന്റെ പകുതി നിറം പച്ചയിലും പാതി നിറം കാവിയിലും തെളിഞ്ഞു.'

ഇവിടെ നിന്നങ്ങോട്ട് അബിനിലെ സരസനും ശാന്തനുമായ നോവലിസ്റ്റ് ബാറ്റണ്‍ തനിക്ക് പറയാനുള്ള കാര്യങ്ങളെ ശക്തമായി പറയുന്ന ഇടയ്‌ക്കൊക്കെ അല്പം മുദ്രാവാക്യം വിളിയൊക്കെയുള്ള ഒരു വിപ്ലവകാരിയായ എഴുത്തുകാരനെ ഏല്പിക്കുകയാണ്. ചില ഉദാഹരണങ്ങള്‍ ചേര്‍ക്കുന്നു.
'നാടിനെ വഞ്ചിക്കുന്നവര്‍ ആണല്ല! അതുകൊണ്ട് ഇഞ്ഞിയും ഞാനും ആണാണ്.' ഇഖ്ബാല്‍ പറഞ്ഞു. അഭിമന്യു നിശബ്ദനായി.
'ഇമ്മക്ക് പരസ്പരം കൈകോര്‍ക്കാം..അല്ലാതെ പരസ്പരം മുഷ്ടി പിടിക്കണ്ട!' ഇഖ്ബാല്‍ പറഞ്ഞു.
ഹ്മ്മ്...അഭിമന്യു വീണ്ടും നിശബ്ദനായി.
'എന്റുമ്മ പറഞ്ഞ പോലെ ഞാനും ഇഞ്ഞിയും ഒക്കെ കൂടപ്പിറപ്പാണ്..' അവനവന്റെ കൈ മുറുകെ പിടിച്ചു.
മാടക്കരയെയും ചിനക്കരയെയും ബന്ധിപ്പിക്കുന്ന വലിയപാലത്തിലൂടെ അവരൊരുമിച്ചു നടന്നകന്നു.

'സമാധാന യോഗം ആരുടെയൊക്കെയോ മനസ്സിലെ സമാധാനം കെട്ത്തിക്കൊണ്ട് അവസാനിച്ചു.'

'വിവേകാനന്ദന്‍ നമ്മളെ ഹിന്ദു മതത്തെ വളര്‍ത്തിക്കൊണ്ട് വന്ന മഹാനാണ്.' സുനോജ് പറഞ്ഞു.
'സുഹൃത്തേ, വിവേകാനന്ദന്‍ ഭാരത മാനവീകരെ ഒന്നിച്ച് കൊണ്ട് വന്ന് ഭാരത സംസ്‌കാരത്തെയാണ് വളര്‍ത്തിക്കൊണ്ട് വന്നത്. അല്ലാതെ ഒരു മതത്തെയും അല്ല.'

'ഡാ അഭിമന്യു, നല്ല ക്ലീന്‍ ഷേവ് ആയ തീവ്രവാദികളാ ലോകത്ത് കൂടുതലും.'
'ഹ ഹ...അത് നമ്മുടെ നാട്ടാര്‍ക്ക് മനസ്സിലാവൂല്ലാലോ...അവരുടെ വിചാരം താടിയുള്ളവരെല്ലാം തീവ്രവാദികളാണെന്നല്ലേ.'

വിവിധ രചനാശൈലികളെ കൂട്ടിച്ചേര്‍ത്തത് വായനയില്‍ വൈവിധ്യം പ്രധാനം ചെയ്യുമ്പോഴും പുസ്തകത്തിന് പൊതുവായ ഒരു ശൈലി ഉണ്ടാവുന്നതിന് ഈ വൈവിധ്യം തടസ്സമാവുന്നുണ്ട്. എങ്കിലും രണ്ടു ഭാഗത്തെയും അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വായനക്കാരെ സ്വാധീനിക്കും വിധം അവതരിപ്പിച്ചത് പ്രമേയപരമായി ഗുണം ചെയ്തു എന്ന് തന്നെ കരുതുന്നു. അല്‍വിനും അഫ്ഘാനിയും ചേര്‍ന്നുള്ള യാത്രയും അഭിമന്യുവും നിഷ്ബാനയും തമ്മിലുള്ള പ്രണയവും, അഭിമന്യുവും ഇഖ്ബാലും തമ്മിലുള്ള സൗഹൃദവും നമ്മെ ഏറെ സ്വാധീനിക്കും എന്നുറപ്പ്. സനോജ് എന്ന കഥാപാത്രം നോവലിനൊടുവില്‍ വായനക്കാരന്റെ മനസ്സിലെ മുറിവാകുന്നുണ്ടെങ്കിലും ഈ കഥാപാത്രത്തെ ഒന്നു കൂടെ മിനുക്കിയെടുക്കാമായിരുന്നു എന്ന് തോന്നി. പുസ്തകത്തിന്റെ മുഖചിത്രം രചനാശൈലിയെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ കൂടുതല്‍ ആകര്‍ഷകമാക്കാമായിരുന്നു എന്ന് തോന്നി. ആക്ഷേപഹാസ്യവും സാമൂഹ്യവിമര്‍ശനവും ഇഴ ചേര്‍ത്ത അബിന്‍ ശൈലിയാണ് ഈ നോവല്‍ നല്‍കുന്ന ഏറ്റവും നല്ല വാഗ്ദാനം.

പരിസ്ഥിതിയും ദളിത് വിഷയങ്ങളുമെല്ലാം നോവലില്‍ വന്നു പോകുമ്പോഴും വര്‍ഗ്ഗീയതയെയാണ് പ്രധാനമായും ഈ നോവല്‍ ലക്ഷ്യം വെക്കുന്നത്. മതങ്ങളുടെ പ്രായോഗികമല്ലാത്ത തത്വവാദങ്ങള്‍ നിരര്‍ത്ഥകമാണെന്നും മതമൂല്യങ്ങളെ തീവ്രവാദത്തിന്റെ നൂലില്‍ കെട്ടി അജ്ഞരുടെ കൈയ്യില്‍ കൊടുത്തു പറത്താന്‍ ശ്രമിക്കുന്നത് ഒരു ഗുണവും ചെയ്യുകയില്ലെന്നും ഈ പുസ്തകം ആണയിട്ട് പറയുന്നുണ്ട്. അതിനിറങ്ങിപ്പുറപ്പെടുന്നവര്‍ ഇഹലോകത്തും പരലോകത്തും സ്വയം നാശമാണ് ക്ഷണിച്ചു വരുത്തുന്നതെന്നും കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ എന്ന മട്ടില്‍ നന്നായി പറയുന്നുണ്ട് നോവലിസ്റ്റ്. ആധുനിക കാലത്തിന്റെ പുഴുക്കുത്തുകളെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്ന വോട്ട് ഫോര്‍ ഹെവന്‍ രചനാശൈലി കൊണ്ടും പങ്കു വെയ്ക്കുന്ന ആശയങ്ങളുടെ തീക്ഷ്ണത കൊണ്ടും വായനക്കാരില്‍ സ്വാധീനം ചെലുത്തുമെന്ന് തീര്‍ച്ച.

പോള്‍ സെബാസ്റ്റ്യന്‍

പ്രസാധനം - കറന്റ് ബുക്‌സ് തൃശൂര്‍
പേജ് - 147
ഒന്നാം എഡിഷന്‍ വില - 150
Vote For Heavan Review

Sunday, October 7, 2018

മീശ





എസ് ഹരീഷ് എഴുതിയ മീശ എന്ന നോവലിനെപ്പറ്റി നഫീസത്ത് ബീവി എഴുതിയ നിരൂപണം പങ്കു വെക്കുന്നു. നന്ദി നഫീസത്ത് ബീവി Nafeesath Beevi ...

'ദൂരെന്ന് കണ്ടാല്‍ കാട് നടന്നു വരുന്നത് പോലൊരു മീശ '???? 
'ഇതൊരു അത്ഭുതമാണോ?'
'ഒരിക്കലുമല്ല'
'അശ്ലീലമാണോ'
'അങ്ങനെ തീര്‍ത്തു പറയാനാവില്ല'
'അപ്പോള്‍ അതിനെക്കുറിച്ച് നാടുനടാന്തരം കേള്‍ക്കുന്നതോ?'
'അത് ശ്ലീലമെന്തെന്ന് അറിയാത്തവര്‍ പാടിപരത്തും ഭള്ളും പുള്ളുമാണെന്നേ'
'അതെ സംശയിക്കേണ്ട അതിനെ ക്കുറിച്ചു തന്നെ ഇമ്മടെ മീശയേ...അതന്നെ സംഭവം'
328പേജുള്ള ഒരു കപ്പടാമീശയങ്ങനെ വിരിഞ്ഞു വിടര്‍ന്ന് തണലായി തലയിണയായി വിരിപ്പായി പുതപ്പായി അങ്ങനെയിങ്ങനെയങ്ങനെ അവസാനം പാവമതിനെ വടിച്ചുകളഞ്ഞു ഇല്ലാതെയാക്കി!
ഇത്രയ്ക്കൊക്കെ കോലാഹലം വേണായിരുന്നോ ഈ മീശയ്ക്ക് ഇത്ര വളരാന്‍?

പരപരാന്ന് പരന്നു കിടക്കുന്ന പാടങ്ങളും തോടും ചാടിക്കടന്ന് സീതയെ തെരയുന്ന രാമനാകുന്ന മീശ.അമ്മയെ കൊന്ന പ്രതികാരം തലയ്ക്കു പിടിച്ച് പാമ്പുകളെ കൊന്ന് ഗരുഡനാകുന്ന മീശ.നിയമപാലകരും പ്രമാണിമാരും ഉള്‍പ്പെടെ ഒരുനാടുമുഴുവന്‍ കോലാഹലമുണ്ടാക്കി അന്വേഷിക്കുമ്പോഴും പാവം മീശ ഇതൊന്നുമറിയാതെ തന്റെ ഇത്തിരിവട്ടത്തിലെ നിഴലിലും വെളിച്ചത്തിലും ഇരുട്ടിലും,മഞ്ഞും മഴയും ചൂടും അനുഭവിച്ച് അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലും നീന്തി.കയ്യില്‍ കിട്ടിയതും കണ്ടതും കടിയതുമെല്ലാം വാരിവലിച്ചു തിന്ന് തന്റെ അടങ്ങാത്ത വയറിനെ ഒതുക്കാന്‍ പാടുപെടുന്നു.ഇങ്ങനെയൊക്കെയാണെങ്കിലും കഥയിലെ മീശ ധീരനാണ് വീരനാണ് ശക്തിമാനും പഠിച്ചകള്ളനുമാണ്.നാട്ടിലെന്തു കുറ്റം നടാന്നാലും ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍,കുട്ടികളെ പേടിപ്പിക്കാന്‍,മെതിപ്പാട്ടിനും വിതപ്പാട്ടിനും,പൊലിയളവിനുമെല്ലാമുള്ള ആക്കം പാട്ടിലെ വീരനായ മീശക്ക് പള്ളീലച്ചന്‍ പിഴപ്പിച്ച ഇളക്കക്കാരിയായ കന്യാസ്ത്രീയെ പിഴപ്പിച്ചതിനുള്ള ക്രെഡിറ്റും കിട്ടി.
'എന്തിനായിരുന്നു ഈ നോവലിനെ ചൊല്ലി ഇത്രയ്ക്കധികം കോലാഹലം?' എന്നതിപ്പോഴും ദുരൂഹമാണ്.പലരും പറഞ്ഞത് ശരിയാണെന്ന് എനിക്കുമിപ്പോള്‍ തോന്നുന്നു.
നാട്ടിന്‍പുറത്തിന്റെ ആ പഴയ മൊഴിയാഴം തന്നെ.
'വെടക്കാക്കി തനിക്കാക്കുക'
എന്തായാലും ഒന്ന് തീര്‍ച്ച എന്തെങ്കിലുമൊക്കെ നുണഞ്ഞിറക്കം എന്ന് കരുതി ഈ പുസ്തകം കയ്യിലെടുക്കുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം.വളരെ കുറച്ചു ഭാഗങ്ങളില്‍ പരാമര്ശിക്കപ്പെട്ടിട്ടുള്ള കുറച്ചു വാചകങ്ങള്‍ വെച്ചാണ് ഒരു നാടുമുഴുവന്‍ ഇളകി മറിഞ്ഞിരുന്നത്.എന്റെ വായനയില്‍ മീശ മൂന്നുഭാഗങ്ങളായി തിരിഞ്ഞു.ആദ്യഭാഗം കുറച്ചു വലിച്ചിലുണ്ടെങ്കിലും വായിച്ചുപോകാം.രണ്ടാംഭാഗം വലിയകുഴപ്പമില്ലാതെ വായിക്കാം.മൂന്നാംഭാഗം ഒരു ശരാശരി വായനക്കാരന്‍ വായിച്ചു തീര്‍ക്കാന്‍ ബുദ്ധിമുട്ടേണ്ടി വരും.പിന്നെ 294ന്റെ കേള്‍വി
വെച്ച് അവിടെവരെ വായിച്ചാല്‍ എന്തെങ്കിലും കിട്ടിയെങ്കിലോ എന്ന്കരുതി പരതിവായിക്കുന്നവര്‍ വായിച്ചു തീര്‍ത്തേക്കാം.മീശ ഒറ്റയിരുപ്പില്‍ എത്രപേര്‍ വായിച്ചു തീര്‍ത്തിട്ടുണ്ടാവും എന്നത് അന്വേഷിക്കേണ്ട കാര്യം തന്നെയാണ്.മീശ കണ്ണില്‍ ചുറ്റിയപ്പോള്‍ പുസ്തകങ്ങള്‍ കെട്ടുകെട്ടായി വായിച്ചുതള്ളുന്ന എനിക്കും നന്നായി ഉറക്കം വന്നു.ഒരു കട്ടന്‍ കുടിച്ചു കൊണ്ടാണ് ബാക്കി വായിച്ചു തീര്‍ത്തത്.ചിലപ്പോള്‍ ഉറക്കം വരാതെ ബോറടിക്കാതെ വായിച്ചുതീര്‍ത്ത ആരെങ്കിലുമൊക്കെ ഉണ്ടായേക്കാം.

കുപ്പായമിടാത്ത നാട്ടിലേക്ക് കുപ്പായമിട്ടുവന്ന നാടകക്കാരനായ എഴുത്തച്ഛന് തന്റെ നാടകത്തില്‍ പോലീസുകാരനാവാന്‍ ഒരാള് വേണം.ഈ അന്വേഷണത്തില്‍ നിന്നുമാണ് മീശക്കഥ തുടങ്ങുന്നത്.ഇതിലേക്ക് കഥയെ ആട്ടിത്തെളിക്കുന്ന രീതിപോലും വ്യത്യസ്തമാണ്.മിത്തിലും കെട്ടുകഥകളിലും അന്ധവിശ്വാസങ്ങളിലും ഉറഞ്ഞുപോയ പുരാവൃത്തമുള്ള ഒരുനാടിനെ വരച്ചു കാണിച്ചുകൊണ്ടാണ് എഴുത്തുകാരന്‍ തന്റെ കഥയിലേക്കുള്ള ചുവടുകള്‍ വെക്കുന്നത്.ചിതറിക്കിടക്കുന്ന പുതിയനോവല്‍ സ്വരൂപത്തിന്റെ അമരക്കാരനാണ് ഹരീഷ്.അതുകൊണ്ടായിരിക്കാം പഴമയും പുതുമയും കെട്ടുകഥകളും നാട്ടുകാഴ്ചകളും കേട്ടുകേള്‍വികളും എല്ലാം പെറുക്കി കഴുകി ഒരു കാന്‍വാസില്‍ തുന്നിച്ചേര്‍ക്കാന്‍ ശ്രമിച്ചത് .പലയിടത്തും നൂലുകള്‍ പൊട്ടുകയും തുന്നല്‍ വികൃതമാവുകയും ചെയ്തിട്ടുണ്ടെങ്കിലും ഹരീഷ് ഇപ്പോള്‍ ഒരു നോവലിസ്റ്റാണ്.

മീശയെന്ന വാവച്ചനെ വളരെ അപ്രതീക്ഷിതമായാണ് എഴുത്തച്ഛനും സഹായി ദാമോദരനും കണ്ടെത്തുന്നത്.നാടകം വേദിയില്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോഴാണ് വാവച്ചന്‍ തന്റെ മീശയെ തിരിച്ചറിഞ്ഞത്.പുലയന്റെ മീശ വെച്ചുപൊറുപ്പിക്കാന്‍ അനുവദിക്കാത്ത പത്രോസ് പുലയന്‍ മീശ വടിച്ചുകളയാന്‍ വന്നപ്പോള്‍ 'വടിക്കേണ്ട അതവിടിരുന്നോട്ടെ' എന്ന് പറയാന്‍ വാവച്ചനു ധൈര്യം വന്നത് മീശയെ മീശ തിരിച്ചറിഞ്ഞത് കൊണ്ടാണ്.എന്നിട്ടും പലയിടങ്ങളിലും മീശയെ വലിപ്പം അറിയാത്ത ആനയെ പ്പോലെ എഴുത്തുകാരന്‍ നിസ്സഹായന്‍ ആക്കുന്നുണ്ട്.
നാടകത്തില്‍ നിന്നും മീശ ക്കഥയാണ് തുടങ്ങുന്നത് എന്ന് ധരിച്ചാല്‍ തെറ്റി.കാരണം മീശയെക്കാള്‍ പഴംകഥകള്‍ക്കാണ് ഈ നോവലില്‍ പ്രാധാന്യം.അതിനിടയ്ക്ക് പുട്ടിനുപീരയെന്നപോലെ മീശപുരാണവും വിളമ്പുന്നുണ്ട്.സാധാരണ ഒരു നാട്ടിന്‍ പുറത്തുകാരന് ഒരു കഥകിട്ടിയാല്‍ അത് ഒരുചെവി ഇരുചെവി മറുചെവി മാറുമ്പോള്‍ മൂലകഥയുമായി പുലബന്ധം പോലുമില്ലാത്ത അത്ഭുത കഥയായി പരിണമിക്കും അത് തന്നെയാണ് മീശയുടെ കാര്യത്തിലും സംഭവിക്കുന്നത്.കാലുവെന്ത നായയെപോലെ ഓടാന്‍ വിധിക്കപ്പെട്ട ഒരു മീശ ജന്മം കുട്ടനാട്ടിലെ ദളിത് ക്രിസ്തീയ കുടുംബങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടും ദുരിതവും ദാരിദ്ര്യവും വിശപ്പും മാറാരോഗങ്ങളും പകര്‍ച്ചവ്യാധികളും എല്ലാം ഈ മീശപ്പുറത്തുണ്ട്.

സൂത്രക്കാരനായ ഒരു കഥയെഴുത്തുകാരന്റെ അഭ്യാസം പലയിടത്തും ഈ നോവലില്‍ കാണുന്നുണ്ട്.ഒരു കഥ വായിക്കുമ്പോള്‍ ഏറെ ക്കുറെ എന്തായിരിക്കും അതിന്റെ വഴിത്തിരിവുകള്‍ എന്ന് വായനക്കാരന് മനസ്സിലാകും പക്ഷേ,ഹരീഷ് കുട്ടനാട്ടിലെ വരാല്‍മല്‍സ്യത്തെപ്പോലെ വഴുതിമാറുകയാണ്.മീശക്ക് കാലന്റെ ഗ്രന്ഥം കിട്ടിയപ്പോള്‍ ഇനി എന്തെങ്കിലുമൊക്കെ സംഭവിക്കും എന്ന് കരുതും.കാരണം ഇട്ടിയച്ചന്‍ കാലന്റെ ഗ്രന്ഥം വായിച്ചപ്പോള്‍ ത്രികാലജ്ഞാനി ആവുകയാണുണ്ടായത്.പക്ഷേ,മീശ വീണ്ടും മീശയായി തന്നെ തുടര്‍ന്നു.ഗ്രന്ഥം വായിച്ചുകഴിഞ്ഞാല്‍ ലോകാദ്യം മുതല്‍ ലോകാവസാനം വരെയുള്ള കാര്യങ്ങള്‍ അറിയും എന്ന്പറയുന്നു.എന്നിട്ടും മീശക്കെന്തേ സീതയിരിക്കുന്നിടം അറിയാതെ പോയി.അതുപോലെ കുരുപ്പുദീനം വന്നവരെ നോക്കാന്‍ അപ്രതീക്ഷിതമായ നിയോഗം വന്നു ചേരുമ്പോഴും കഥാപാത്ര പരിണാമം വായനക്കാര്‍ പ്രതീക്ഷിക്കും.അവിടെനിന്നും ചാവാന്‍ കിടക്കുമ്പോഴും വിട്ടുകളയാന്‍ കൂട്ടാക്കാത്ത മഠത്തില്‍സ്വാമിയാരുടെ ജാതി ഗര്‍വിന് പുറത്ത് ഒരു കല്ലെടുത്ത് വെച്ച് മീശ തുഴഞ്ഞകലുകയാണ്.
99ഇലെ വെള്ളപ്പൊക്കമാണ് മീശനോവലില്‍ പരന്നൊഴുകുന്ന മറ്റൊരു കാര്യം.വെള്ളത്തില്‍ മാറിപ്പോയ ജീവിതഗതികളെ ക്കുറിച്ച് ഹരീഷ് രസകരമായി പറയുന്നുണ്ട്.എങ്കിലും ചിലയിടങ്ങളില്‍ വെള്ളം ആവര്‍ത്തന വിരസത സൃഷ്ടിക്കുന്നുണ്ട്.പക്ഷേ,കുട്ടനാടിന്റെ കഥയില്‍ വെള്ളവും വള്ളവും ഒഴിച്ചുനിര്‍ത്താന്‍ ആവില്ലല്ലോ.
ഇനിയും പറയാന്‍ ഏറെയുണ്ട് എങ്കിലും ...
ആരൊക്കെയോ ഒരിക്കലും മറന്നുപോകില്ല എന്നുകരുതി കല്പിച്ചുണ്ടാക്കിയ ഒരുപറ്റം മറന്നുപോയ കഥകളുടെ പുനരാവിഷ്‌കാരമാണ് ഹരീഷ് നടത്തിയിട്ടുള്ളത് മീശയിലൂടെ മിഴികളോടിക്കുമ്പോള്‍ മറവിയില്‍ പുതഞ്ഞുപോയ ഓര്‍മ്മകള്‍ പലതും വെളിച്ചപ്പെടും.പഴയ കാര്‍ഷികസംസ്‌ക്കാര കാലത്ത് നാട്ടിന്‍പുറത്തെ പ്രമാണിമാര്‍ തങ്ങളുടെ ഊറ്റം കാണിക്കാന്‍ പൊലിപ്പിച്ചു പറഞ്ഞിരുന്ന കഥകളും കര്‍ഷകഗ്രാമത്തിന്റെ നേരായ ജീവിതവും.കുഴികുത്തി വാട്ടിയ ചേമ്പില വളച്ചു വെച്ച് വിളമ്പി തന്നു ഹരീഷ് .ഇടയ്ക്ക് തൊട്ടുകൂട്ടാന്‍ എരിവുള്ള അച്ചാറും അടുത്ത്വെച്ചിട്ടുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും വാവച്ചന്‍ എന്ന് പേരുള്ള പെലക്രിസ്ത്യാനിയുടെ മീശക്കഥ വായിച്ചപ്പോള്‍ കഥയിലെ അനേകമനേകം കഥാപാത്രങ്ങളെപ്പോലെ എനിക്കും ആ മീശക്കാരെനെ കാണാന്‍ ഒരു പൂതി.പക്ഷേ ഇനിയെന്തുചെയ്യാന്‍ അവസാനം ഹരീഷ് മീശവടിച്ചു മീശയെക്കൊന്നു
'ഇച്ചതി ഞങ്ങളോട് വേണമായിരുന്നോ ഹരീഷേ'

(നഫീസത്ത് ബീവി )

Meesha review