Friday, October 19, 2018

ഈശ്വരന്‍ മാത്രം സാക്ഷി

\


ഈശ്വരന്‍ മാത്രം സാക്ഷി - സത്യന്‍ അന്തിക്കാട്

മുഖവുര ആവശ്യമില്ലാത്ത സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മലയാളത്തിന്റെ ഹൃദയതാളം തൊട്ടറിഞ്ഞ സംവിധായകന്‍. കാലത്തെ അതിജീവിക്കുന്ന സിനിമകളിലൂടെ സമൂഹത്തിലെ നേര്‍ക്കാഴ്ചകള്‍ മാഞ്ഞു പോകാത്ത സന്ദേശങ്ങളായി നമ്മുടെ മനസ്സില്‍ പതിപ്പിച്ചു വെച്ച പ്രതിഭാശാലി. ജീവിത ചിന്തകള്‍ ഒറ്റമൂലികളെന്ന പോലെ ആവശ്യമായ അളവില്‍ മാത്രം നമ്മിലേക്ക് പകരുന്ന ബുദ്ധിമാന്‍. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും ന്യൂ ജനറേഷന്‍ തരംഗങ്ങളടക്കം പല തരംഗങ്ങള്‍ കടന്നു പോയിട്ടും അതിലൊന്നും ഒഴുകിപ്പോകാതെ മണ്ണില്‍ കാലുറപ്പിച്ചു നില്‍ക്കുന്ന കരുത്തന്‍. സത്യന്‍ അന്തിക്കാടിന്റെ അനുഭവങ്ങളുടെയും ചിന്തകളുടെയും പുതിയ പുസ്തകമാണ് ഈശ്വരന്‍ മാത്രം സാക്ഷി.

ഓര്‍മ്മക്കുറിപ്പുകള്‍ നമുക്ക് പ്രിയതരമാവുന്നത് ആ ഓര്‍മ്മകള്‍ നമുക്ക് വേണ്ടപ്പെട്ടതെന്ന് തോന്നുമ്പോഴാണ്. സിനിമയും സിനിമയോട് ചേര്‍ന്നു നില്‍ക്കുന്നവരുമെല്ലാം മലയാളികള്‍ക്ക് പ്രിയപ്പെട്ടവരാണ്. സ്വന്തം വീട്ടിലുള്ളവരെപ്പോലെയാണ് അവര്‍ അവരെ കണക്കു കൂട്ടുക. അതുകൊണ്ടു തന്നെ സിനിമക്കാരുമായി ബന്ധപ്പെട്ട നല്ലതിനും ചീത്തക്കും എല്ലാം വാര്‍ത്താപ്രാധാന്യം ഏറും. അവരെപ്പറ്റിയുള്ള വായനയും കാഴ്ചയും നമ്മുടെ പ്രിയപ്പെട്ടവരുടെ എന്നത് പോലെ നമ്മള്‍ പരിഗണിക്കും. നമുക്ക് പ്രിയപ്പെട്ടവര്‍ ഒത്തു ചേരുന്ന വിവിധ സന്ദര്‍ഭങ്ങളെ അനുഭവിപ്പിക്കുന്ന രീതിയില്‍ എഴുതി അവതരിപ്പിക്കുന്നു എന്നത് തന്നെയാണ് ഈ പുസ്തകത്തിന്റെ പ്രസക്തിയും .സാധ്യതയും.

പ്രേം നസീറുമൊത്തുള്ള ചില നിമിഷങ്ങള്‍ക്ക് ഈശ്വരന്‍ മാത്രം സാക്ഷിയെന്ന് പറയുമ്പോഴും ആ നിമിഷങ്ങള്‍ക്ക് നമ്മെ കൂടെ ഈ പുസ്തകത്തിലൂടെ സാക്ഷിയാക്കുകയാണ് എഴുത്തുകാരന്‍.

'മെയ്ക്കപ്പ്മാന്‍ നിവര്‍ത്തിക്കൊടുത്ത കുട വാങ്ങി അദ്ദേഹം നടക്കാന്‍ തുടങ്ങി. മഴ കാര്യമാക്കാതെ ഓടാനൊരുങ്ങിയ എന്നെ പെട്ടെന്നദ്ദേഹം പിടിച്ചു നിര്‍ത്തി. 'മഴ കൊള്ളേണ്ട.' അദ്ദേഹം തന്റെ കുടയിലേക്കെന്നെ ചേര്‍ത്ത് നിര്‍ത്തി. അനേകം സിനിമകളില്‍ ഞാന്‍ കണ്ടിട്ടുള്ള പ്രേംനസീറിന്റെ കൈ എന്റെ തൊളിലാണ്.'

സംഗീതവിസ്മയമായ ഇളയരാജയുമൊത്ത് കടല്‍ത്തീരത്തുള്ള മറക്കാനാവാത്ത നിമിഷങ്ങളും നമ്മോട് പങ്കുവെക്കുന്നത് ഒരു സിനിമയിലെന്ന പോലെയാണ്... 'തിരകള്‍ കാലുകളെ തൊട്ടുരുമ്മാനെത്തിയപ്പോള്‍ പിടി കൊടുക്കാതെ ചിരിച്ചുകൊണ്ട് അദ്ദേഹം പിറകിലോട്ടോടി. പിന്‍വലിഞ്ഞ തിരകള്‍ക്കൊപ്പം മുന്നോട്ടും. ഇന്ത്യന്‍ സിനിമയിലെ സംഗീതചകവര്‍ത്തിയാണ്......യാതൊരു വിധ പരിവേഷങ്ങളുമില്ലാതെ ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ കളിച്ചും ചിരിച്ചും എന്റെ കണ്മുന്‍പില്‍. മൂന്നാമതൊരാള്‍ അതു കാണുന്നില്ലല്ലോ എന്ന് അപ്പോഴും ഞാന്‍ വിഷമത്തോടെ ഓര്‍ത്തു.'

തനിക്ക് നേരിട്ടുള്ള അനുഭവങ്ങളെ മാത്രമല്ല, മറ്റുള്ളവര്‍ പറഞ്ഞതും തന്റെ ഹൃദയത്തെ സ്പര്‍ശിച്ചതുമായ മനോഹര മുഹൂര്‍ത്തങ്ങളെയും നമ്മിലേക്കെത്തിക്കുന്നുണ്ട് സത്യന്‍ അന്തിക്കാട്. ഞാന്‍ ഗന്ധര്‍വ്വനിലെ ദേവാങ്കണങ്ങള്‍ കൈയ്യൊഴിഞ്ഞ താരകം എന്ന പാട്ടു പാടിക്കഴിഞ്ഞ് യേശുദാസും കൈതപ്രവുമൊത്തുള്ള ഒരു സന്ദര്‍ഭം വിവരിക്കുന്നതിങ്ങനെ. ''ഗംഭീരമായി ദാസേട്ടാ. എന്റെ രചനയെക്കാളും ജോണ്‍സന്റെ സംഗീതത്തേക്കാളും മികച്ചതായി ദാസേട്ടനത് പാടിയപ്പോള്‍. അസ്സലായി.' യേശുദാസ് അല്‍പനേരം നിശബ്ദനായി നിന്നുവത്രെ. പിന്നെ പറഞ്ഞു. ഞാന്‍ നന്നായി പാടിയെന്നു പറഞ്ഞ് ഒരാളെന്നെ അഭിനന്ദിച്ചിട്ട് വര്‍ഷങ്ങളായി എന്ന്. ദാസേട്ടന്റെ കണ്ണിലൊരു നനവ് കൈതപ്രം കണ്ടു.'


മറ്റുള്ളവരെ അഭിനന്ദിക്കുക എന്നത് ഒരനാവശ്യമോ ആര്‍ഭാടമോ ഒക്കെയായി തോന്നുന്ന ഇക്കാലത്ത് അഭിനന്ദനങ്ങള്‍ക്ക് എക്‌സ്‌പൈറി ഡേറ്റ് ഇല്ല എന്നും 'അഭിനന്ദനം ഇപ്പോഴും ഊര്‍ജ്ജമാണ്. അത് ഏതു രംഗത്തുള്ളവര്‍ക്കും എത്ര പ്രശസ്തരായവര്‍ക്കും ഉണര്‍വ്വാണ്.' എന്നും ഉറപ്പിച്ചു പറയുന്നുണ്ട് ഈ പുസ്തകത്തില്‍. പത്തേമാരി കണ്ട് മമ്മൂട്ടിയെ അഭിനന്ദനമറിയിച്ചപ്പോള്‍ 'നിങ്ങളെക്കൊണ്ട് ഞാന്‍ ഇനിയും വിളിപ്പിക്കും. അതിനു പറ്റിയ കഥാപാത്രങ്ങള്‍ക്കായാണ് ഇപ്പോഴത്തെ കാത്തിരിപ്പ്.' എന്ന് പറഞ്ഞപ്പോള്‍ മമ്മൂട്ടി എന്ന നടന്റെ നിശ്ചയദാര്‍ഢ്യത്തെയും സ്ഥിരോത്സാഹത്തെയും വായനക്കാര്‍ ഓര്‍മിക്കും.

സാമൂഹ്യപ്രതിബദ്ധത ഒരു കലാകാരന് ഒഴിച്ചു കൂടാനാവാത്തതാണ്. സത്യന്‍ അന്തിക്കാടിന്റെ ഓരോ സിനിമകളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സാമൂഹ്യപ്രസക്തമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ആക്ഷേപഹാസ്യത്തില്‍ പൊതിഞ്ഞും നര്‍മത്തില്‍ ചാലിച്ചുമൊക്കെയാണ് തരുന്നതെങ്കിലും മരുന്നെപ്പോഴും മരുന്ന് തന്നെയാണല്ലോ. എഴുത്തിലേക്ക് വരുമ്പോള്‍ പക്ഷെ, സാമൂഹ്യ പ്രസകതമായ വിഷയങ്ങളെ തീര്‍ത്തും ഗൗരവപൂര്‍വ്വവും നേരിട്ടുമാണ് അവതരിപ്പിക്കുന്നത് എന്ന വ്യത്യാസമുണ്ട്. നിശ്ശബ്ദനായ ഒരു വിപ്ലവകാരി ഉള്ളിലുറങ്ങുന്നുണ്ട് എന്ന മുന്നറിയിപ്പുമായി തനിക്ക് പറയാനുള്ളത് ശക്തമായ ഭാഷയിലാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. 
'എത്ര വിശ്വാസത്തിന്റെ പുറത്താണ് എല്‍ ഡി എഫിനെയും യു ഡി എഫിനെയും മാറി മാറി നമ്മള്‍ അധികാരമേല്പിക്കുന്നത്. എന്നിട്ടോ? എന്നെങ്കിലും ആ വിശ്വാസം തെറ്റിയിട്ടില്ലെന്ന് ബോധ്യപ്പെടുത്താന്‍ ഈ മുന്നണികള്‍ക്കായിട്ടുണ്ടോ? ഡല്‍ഹിയില്‍ ഒരു ഭരണമാറ്റമുണ്ടായപ്പോഴും നമ്മള്‍ വിശ്വസിച്ചു. ഇനിയെല്ലാം ശരിയാകും. പൂന ഫിലിം ഇനിസ്റ്റിട്യൂട്ടിലെയും ജെ എന്‍ യു വിലയും വിദ്യാര്‍ത്ഥികളോട് ചോദിച്ചു നോക്കൂ. ഒന്നും ശരിയായിട്ടില്ല എന്നവര്‍ പറയും. അംബാനിക്കും അദാനിക്കും എതിരഭിപ്രായം ഉണ്ടായേക്കാം. സാധാരണക്കാര്‍ക്ക് ഇനിയും നല്ല ദിവസം വന്നിട്ടില്ല.'

മറ്റൊരിടത്തു എഴുതിയിരിക്കുന്നത് കേള്‍ക്കുക. 'സ്നേഹവീട് എന്ന സിനിമയുടെ ഷൂട്ടിങ്ങിനു പോയപ്പോള്‍ അട്ടപ്പാടിയിലെ ആദിവാസി ഊരുകള്‍ ഞാന്‍ കണ്ടതാണ്. ഫോട്ടോ എടുത്ത് പ്രദര്‍ശിപ്പിക്കാവുന്ന വികസനമേ അവിടെ കാണാന്‍ പറ്റിയുള്ളൂ. പോലീസും പരിവാരവും അനുയായികളുടെ ജയ് വിളികളുമില്ലാതെ നമ്മുടെ ഏതെങ്കിലുമൊരു മന്ത്രി അവിടെയൊന്നു സന്ദര്‍ശിച്ചെങ്കില്‍ എന്ന് ഞാനാഗ്രഹിച്ചുപോകുന്നു. മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്ന് ആഹാരം തേടുന്ന കൊച്ചു കുട്ടികളുടെ ദൃശ്യം നമ്മുടെ കണ്ണില്‍ നിന്നു മറഞ്ഞിട്ടില്ല. വിഴിഞ്ഞത്തേക്കാള്‍ വലിയ വികസനം വേണ്ടത് ഇവിടെയല്ലേ? വിശക്കുന്ന വയറുകളില്ലാത്ത കേരളത്തിന് വേണ്ടിയല്ലേ നമ്മുടെ രാഷ്ട്രീയക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്?'

'നന്മയുടെ വെളിച്ചം മനസ്സില്‍ സൂക്ഷിക്കുന്ന കുറെ പേരെങ്കിലും സമൂഹത്തിലുള്ളതുകൊണ്ടാണ് സുനാമിയും പേമാരിയും പ്രളയവുമൊക്ക ഒരെത്തിനോട്ടം മാത്രം നടത്തിപ്പോകുന്നത്. ഇല്ലെങ്കില്‍ പ്രകൃതിക്ക് നമ്മളെ ഒന്നായി വിഴുങ്ങാന്‍ വല്ല പ്രയാസവുമുണ്ടോ?' എന്ന് മദ്രാസിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ മനോഗതത്തില്‍ ഏര്‍പ്പെടുന്നുണ്ട് എഴുത്തുകാരന്‍. 'മത രാഷ്ട്രീയ ദേശചിന്തകള്‍ക്കതീതമായി വലിയൊരു സമൂഹത്തെ ഒരൊറ്റ മനസ്സാക്കി മാറ്റുന്ന മാജിക്കാണ് തൃശൂര്‍ പൂരം' എന്ന് പറയുന്ന സത്യന്‍ അന്തിക്കാട് അത്തരമൊരു നല്ല നാളയെയാണ് സ്വപ്നം കാണുന്നത്.

വ്യക്തിജീവിതത്തില്‍ കാത്തു സൂക്ഷിക്കേണ്ട മിതത്വത്തെയും നൈര്‍മല്യത്തെയും പറ്റി സിനിമകളില്‍ മാത്രമല്ല ഈ പുസ്തകത്തിലും വാചാലനാവുന്നുണ്ട് സത്യന്‍ അന്തിക്കാട്. 'സങ്കടങ്ങളിലാണ്, നന്മയുടെ 
വെളിച്ചം എവിടെയാണെന്ന് നാം തിരിച്ചറിയുന്നത്. ആ തിരിച്ചറിവാണ് നാളെ നമ്മളെ നയിക്കേണ്ടത്.' 
ഔചിത്യബോധമുള്ള ഒരു തലമുറയുണ്ടാവണം എന്ന് ഈ സംവിധായകന്‍ ആഗ്രഹിക്കുന്നു. 'നമ്മുടെ നാടിന്റെ കാലാവസ്ഥക്കും സംസ്‌കാരത്തിനും അനുസരിച്ചുള്ള വേഷം, അന്യരെ വേദനിപ്പിക്കാത്ത ഭാഷ, അറിയാത്തത് അറിയില്ല എന്ന് തുറന്നുപറയാനുള്ള വിവേകം, പ്രതികൂലസാഹചര്യങ്ങളെപ്പോലും അനുകൂലമാക്കാനുള്ള മിടുക്ക്.' 'തോന്നേണ്ടത് തോന്നേണ്ട സമയത്ത് തോന്നണം. മനസ്സെപ്പോഴും ഉണര്‍ന്നിരിക്കണം.' 'മനസ്സ് ക്ലാവ് പിടിക്കാതെ നോക്കണം. എപ്പോഴും തേച്ചുമിനുക്കി വൃത്തിയായി വെക്കണം. ഒരു തരി മാലിന്യം പോലുമില്ലാതെ വെട്ടിത്തിളങ്ങണം. വൃത്തിയുള്ള പാത്രത്തിലേ ഈശ്വരന്‍ ഭിക്ഷ തരൂ.' എന്നിങ്ങനെ അത് തുടരുന്നു.

കര്‍മ്മഫലം നമ്മെ വിട്ടുപോവുകയില്ല എന്ന വിശ്വാസം സത്യന്‍ അന്തിക്കാടിനുണ്ട്. ഇത് വിശ്വസിക്കാന്‍ മതിയായ അനുഭവങ്ങളും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. 'ദൈവം കണിശക്കാരനായ ഒരു മാര്‍വാഡിയെപ്പോലെയാണ്. കൊടുക്കുന്നവര്‍ക്ക് കൊടുക്കുന്ന അളവില്‍ മാത്രമേ തിരിച്ചു നല്‍കൂ.' എന്ന് കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ എം ഡി. ഡോക്ടര്‍ കൃഷ്ണകുമാറാണ് അദ്ദേഹത്തോട് പറഞ്ഞത്. മോമിക്ക് കാമറ വാങ്ങാന്‍ കൊടുത്ത തുകയുടെ അത്ര തന്നെ അവാര്‍ഡ് ആയി കിട്ടിയപ്പോഴും മറ്റും അദ്ദേഹത്തിനത് ബോധ്യമാണ്. 'ഈശ്വരന്‍ എല്ലാം കാണുന്നു എന്നത് നമ്മളെങ്ങനെ വിശ്വസിക്കാതിരിക്കും?' എന്നദ്ദേഹം നമ്മോട് ചോദിക്കുന്നു. 'നമ്മള്‍ ചെയ്യേണ്ടത് കൂടുതല്‍ നല്‍കുക എന്നതാണ്. സത്യം. കൂടുതല്‍ നന്മ ചെയ്യുക. നമ്മുടെ കണ്ണുകള്‍ക്ക് അപ്രാപ്യമായ ആരോ അതൊക്കെ കാണുന്നുണ്ട്, അറിയുന്നുണ്ട്.' എന്നദ്ദേഹം പറയുന്നു. അതോടൊപ്പം തന്നെ, നല്ല പ്രവര്‍ത്തികളുടെ മാത്രമല്ല, മോശം പ്രവൃത്തികളുടെയും ഫലം നമ്മെ തേടി വരും എന്ന് ഉറപ്പിച്ചു പറയുന്നുണ്ട്. 
'സ്വന്തം കഞ്ഞിയിലിടാന്‍ പാറ്റയെ പോക്കറ്റില്‍ കൊണ്ട് നടക്കുന്നവര്‍ ഇനിയുമുണ്ട് ധാരാളം.' എന്നദ്ദേഹം ഉദാഹരണത്തിലൂടെ പറയുന്നുണ്ട്. മറ്റുള്ളവരെ ഒരിക്കലും താഴ്ത്തിക്കെട്ടരുത് എന്നും ഒരാള്‍ ഒരിക്കല്‍ ഒരു ഔദാര്യം കാണിച്ചാല്‍ അതയാളുടെ ബലഹീനതയാണെന്ന് കരുത്തരുതെന്നുമൊക്കെയുള്ള സാമൂഹ്യ ജീവിതത്തിനുള്ള സാമാന്യ നിയമങ്ങളെയും ഈ പുസ്തകത്തിലൂടെ സത്യന്‍ അന്തിക്കാട് ഓര്മിപ്പിക്കുന്നുണ്ട്.

സൗഹൃദങ്ങളാണ് സത്യന്‍ അന്തിക്കാടിന്റെ ബലം. അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ കയറിപ്പറ്റിയാല്‍, മിടുക്കനാണെങ്കില്‍ പിന്നെ അവിടെ നിന്ന് മടങ്ങിപ്പോക്കില്ല. മാമുക്കോയയെപ്പറ്റി സത്യന്‍ അന്തിക്കാട് പറയുന്നത് പോലെ, 'അന്ന് എന്റെ സിനിമയില്‍ 'കയറി'യ മാമുക്കോയ പിന്നീടിതുവരെ താഴെയിറങ്ങിയിട്ടില്ല. ഈ ദുനിയാവില് ആരു വിചാരിച്ചാലും അദ്ദേഹത്തെ ഇറക്കാനും കഴിയില്ല. അത്രയേറെ സ്വാഭാവികതയുള്ള നടനാണ് മാമുക്കോയ.' സിനിമയില്‍ മാത്രമല്ലെ ജീവിതത്തിലും സൗഹൃദങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നയാളാണ് അദ്ദേഹം. ലോഹിതദാസുമൊത്തുള്ള സൗഹൃദത്തെപ്പറ്റി പറയുന്നതിങ്ങനെയാണ്. 'ലോഹി ചിലപ്പോള്‍ കുട്ടിയായി മാറും. മറ്റു ചിലപ്പോള്‍ രക്ഷിതാവും ഗുരുനാഥനുമാകും. എന്തും തുറന്നുപറയാവുന്ന ചങ്ങാതിയും.' 'എഴുത്തുകാരനും സംവിധായകനും എന്നതിനപ്പുറമായിരുന്നു ഞങ്ങളുടെ ബന്ധം. അന്നൊക്കെ മനസ്സിനെന്തെങ്കിലും പ്രയാസം തോന്നിയാല്‍ വണ്ടിയുമെടുത്ത് നേരെ ഷൊര്‍ണ്ണൂരിലേക്ക് ചെല്ലും. കുറെ നേരം ലോഹിതദാസുമായി സംസാരിച്ചിരുന്നാല്‍ പ്രയാസമൊക്കെ മഞ്ഞു പോലെ ഉരുകും. തിരിച്ചും അങ്ങനെ തന്നെ.' എഴുത്തുകാരനായ അക്ബര്‍ കക്കട്ടിലുമായി ചെറുപ്പത്തിലെയുള്ള സൗഹൃദമാണ്. അക്ബര്‍ കക്കട്ടില്‍ മരിച്ചതിനെപ്പറ്റി സത്യന്‍ അന്തിക്കാട് എഴുതുന്നതിങ്ങനെ. 'വീട്ടുമുറ്റത്തു വീണ നിലാവ് പെട്ടെന്ന് മാഞ്ഞുപോയതുപോലെയാണ് അക്ബര്‍ പോയത്. ഇനി ഓര്‍മയില്‍ നിലാവിന്റെ തണുപ്പു മാത്രം. ഒരിക്കലും ഉണങ്ങാത്ത കണ്ണീരിന്റെ ഉപ്പുകലര്‍ന്ന, സൗഹൃദത്തിന്റെ തന്മാത്രകള്‍ നിറഞ്ഞ ഓര്‍മ്മ.'

ശ്രീനിവാസനുമായും വളരെ അടുത്ത സൗഹൃദമാണ് സത്യന്‍ അന്തിക്കാട് സൂക്ഷിച്ചിട്ടുള്ളത് എന്ന് മലയാളികളോട് പ്രത്യേകം പറയേണ്ടതില്ലല്ലോ. 'നാടോടിക്കറ്റും വരവേല്‍പ്പും സന്ദേശവുമൊക്കെ കഴിഞ്ഞപ്പോള്‍ ഒരു ദിവസം ശ്രീനിവാസന്‍ പറഞ്ഞു. 'വായനയുടെ ഒരു കുറവുണ്ട്. നമ്മള്‍ നില്‍ക്കുന്നിടത്തു തന്നെ നില്‍ക്കുന്നതു പോലെ തോന്നുന്നു.' പ്രിയപ്പെട്ട കൂട്ടുകാരനെപ്പറ്റി പറയുന്നതിങ്ങനെ. 'സാഹിത്യത്തില്‍ വി. കെ.എന്‍. എങ്ങനെയാണോ അതുപോലെയാണ് സിനിമയില്‍ ശ്രീനിവാസന്‍. രണ്ടുപേരും നര്‍മബോധമുള്ളവര്‍. സമൂഹത്തിലെ പുഴുക്കുത്തുകള്‍ക്കു നേരെ നേരമ്പോക്കിലൂടെ അമ്പുകളെയ്യുന്നവര്‍. രണ്ടുപേരെയും ഒരുമിച്ചിരുത്തി അവരുടെ സംസാരം കേള്‍ക്കണമെന്ന് ഞാനാഗ്രഹിച്ചിരുന്നു.'


സത്യന്‍ അന്തിക്കാട് എന്ന വ്യക്തി വായനയെ എത്ര ഇഷ്ടപ്പെട്ടിരുന്നു എന്ന് ഈ ലേഖനങ്ങളിലൂടെ വ്യക്തമാവുന്നുണ്ട്. 'അന്തിക്കാട് മാത്രമല്ല, അടുത്ത നാടായ മണലൂര്‍ വായനശാലയിലും അംഗത്വമെടുത്തു. ക്ളാസ് കഴിഞ്ഞു വന്നാല്‍ സൈക്കിളില്‍ പറക്കും. പുതിയ പുസ്തകങ്ങള്‍, അതിലൂടെ ഇതള്‍വിരിയുന്ന പുതിയ ലോകം. ഒരു യജ്ഞം പോലെയായിരുന്നു അന്നത്തെ വായന. അടുക്കും ചിട്ടയുമില്ലാതെ ഏതു പുസ്തകത്തെപ്പറ്റി ചോദിച്ചാലും അതു ഞാന്‍ വായിച്ചിട്ടുണ്ട് എന്ന് മേനിനടിക്കാനുള്ള വായന.' പക്ഷെ, ആഴത്തിലുള്ള വായനയും ഉണ്ടായിരുന്നു എന്ന് തന്നെ വേണം അനുമാനിക്കാന്‍. എം മുകുന്ദന്റെ കഥാപാത്രങ്ങളെ അനുകരിച്ചു അസ്തിത്വദുഃഖവുമായി നടക്കുന്ന ബുദ്ധിജീവി വായനക്കാരനെ അറിവിന്റെ റാഗിങ്ങിലൂടെ ശരിയായ ദിശയിലേക്ക് വഴി നടത്തുന്നുമുണ്ട് അന്നത്തെ ചെറുപ്പക്കാരന്‍ എന്ന് പറയുമ്പോള്‍ വായന മേനി നടിക്കാന്‍ മാത്രമായിരുന്നില്ല എന്നുറപ്പ്. 'വായന എന്നെ ഇപ്പോഴും സ്വാധീനിക്കുന്നു. സിനിമയിലേക്കുള്ള വഴിയില്‍ പലപ്പോഴും അതൊരു വെളിച്ചമാകുന്നു.' ഈ വായന എഴുത്തിനെ നന്നാക്കുന്നതില്‍ നല്ല പങ്കു വഹിച്ചിട്ടുണ്ട്. ആ ഗുണം സത്യന്‍ അന്തിക്കാടിന്റെ എഴുത്തില്‍ കാണാം. ചെറുപ്പത്തില്‍ അക്ബര്‍ കക്കട്ടിലുമൊരുമിച്ചു എഴുതാനിരുന്ന ഒരു നോവലിനെപ്പറ്റി തുടക്കത്തില്‍ പറയുന്നുണ്ട്. ഒരെഴുത്തുകാരനു വേണ്ട നല്ല ഭാഷ കൈമുതലായുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുന്നു ഈശ്വരന്‍ മാത്രം സാക്ഷി എന്ന പുസ്തകത്തിലെ ഓരോ ലേഖനങ്ങളും.

വളരെ വേഗത്തില്‍ സിനിമകള്‍ ചിത്രീകരിക്കുന്ന ഒരു കാലത്തെപ്പറ്റിയും തിയറ്ററുകള്‍ക്ക് സിനിമ കൊടുക്കാതെ നടത്തിയ സമരത്തെപ്പറ്റിയുമെല്ലാം ഇതില്‍ വായിക്കാന്‍ കഴിയും. സന്ദേശം എന്ന സിനിമയെപ്പറ്റി ശ്രീകാന്ത് കോട്ടയ്ക്കല്‍ എഴുതിയ ലേഖനവും ഈ പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്.

സ്‌ക്രീനില്‍ ചലിക്കുന്ന ചിത്രങ്ങളല്ല സിനിമ, കാണുന്നവന്റെ മനസ്സില്‍ ചലനങ്ങളുണ്ടാക്കുന്നവയാണ്, അങ്ങനെ ആവണം എന്ന് ചിന്തിക്കുന്ന സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ പുസ്തകവും ഇഷ്ടപ്പെടാതെ തരമില്ല. അനുഭവങ്ങള്‍ ഉണ്ടാവുക എന്നത് ഒരു ഭാഗ്യമാണ്. അത് ഓര്‍ത്ത് വെക്കുക എന്നത് ഒരു ഗുണമാണ്. അത് നന്മക്കായി ഉപകരിക്കും വിധം അനേകരിലേക്കെത്തിക്കുക എന്നത് ഒരു സാമൂഹ്യപ്രവര്‍ത്തനമാണ്. ഈശ്വരന്‍ മാത്രം സാക്ഷിയായ ജീവിതാനുഭവങ്ങള്‍ക്കും ചിന്തകള്‍ക്കും വായനക്കാര്‍ക്ക് കൂടെ സാക്ഷിയാവാനുള്ള അവസരമാണ് ഈ പുസ്തകം.

പോള്‍ സെബാസ്റ്റ്യന്‍

ഈശ്വരന്‍ മാത്രം സാക്ഷി - സത്യന്‍ അന്തിക്കാട് 
അനുഭവക്കുറിപ്പുകള്‍ 
പ്രസാധനം - ഗ്രീന്‍ ബുക്‌സ് 
പേജ് - 128 പേജ് + 24 പേജ് ചിത്രങ്ങള്‍.
ഒന്നാം എഡിഷന്‍ വില - 175 രൂപ
Eashwaran Mathram Sakshi Review

No comments:

Post a Comment