എസ് ഹരീഷ് എഴുതിയ മീശ എന്ന നോവലിനെപ്പറ്റി നഫീസത്ത് ബീവി എഴുതിയ നിരൂപണം പങ്കു വെക്കുന്നു. നന്ദി നഫീസത്ത് ബീവി Nafeesath Beevi ...
'ദൂരെന്ന് കണ്ടാല്‍ കാട് നടന്നു വരുന്നത് പോലൊരു മീശ '????
'ഇതൊരു അത്ഭുതമാണോ?'
'ഒരിക്കലുമല്ല'
'അശ്ലീലമാണോ'
'അങ്ങനെ തീര്‍ത്തു പറയാനാവില്ല'
'അപ്പോള്‍ അതിനെക്കുറിച്ച് നാടുനടാന്തരം കേള്‍ക്കുന്നതോ?'
'അത് ശ്ലീലമെന്തെന്ന് അറിയാത്തവര്‍ പാടിപരത്തും ഭള്ളും പുള്ളുമാണെന്നേ'
'അതെ സംശയിക്കേണ്ട അതിനെ ക്കുറിച്ചു തന്നെ ഇമ്മടെ മീശയേ...അതന്നെ സംഭവം'
328പേജുള്ള ഒരു കപ്പടാമീശയങ്ങനെ വിരിഞ്ഞു വിടര്‍ന്ന് തണലായി തലയിണയായി വിരിപ്പായി പുതപ്പായി അങ്ങനെയിങ്ങനെയങ്ങനെ അവസാനം പാവമതിനെ വടിച്ചുകളഞ്ഞു ഇല്ലാതെയാക്കി!
ഇത്രയ്ക്കൊക്കെ കോലാഹലം വേണായിരുന്നോ ഈ മീശയ്ക്ക് ഇത്ര വളരാന്‍?
പരപരാന്ന് പരന്നു കിടക്കുന്ന പാടങ്ങളും തോടും ചാടിക്കടന്ന് സീതയെ തെരയുന്ന രാമനാകുന്ന മീശ.അമ്മയെ കൊന്ന പ്രതികാരം തലയ്ക്കു പിടിച്ച് പാമ്പുകളെ കൊന്ന് ഗരുഡനാകുന്ന മീശ.നിയമപാലകരും പ്രമാണിമാരും ഉള്‍പ്പെടെ ഒരുനാടുമുഴുവന്‍ കോലാഹലമുണ്ടാക്കി അന്വേഷിക്കുമ്പോഴും പാവം മീശ ഇതൊന്നുമറിയാതെ തന്റെ ഇത്തിരിവട്ടത്തിലെ നിഴലിലും വെളിച്ചത്തിലും ഇരുട്ടിലും,മഞ്ഞും മഴയും ചൂടും അനുഭവിച്ച് അരപ്പട്ടിണിയിലും മുഴുപ്പട്ടിണിയിലും നീന്തി.കയ്യില്‍ കിട്ടിയതും കണ്ടതും കടിയതുമെല്ലാം വാരിവലിച്ചു തിന്ന് തന്റെ അടങ്ങാത്ത വയറിനെ ഒതുക്കാന്‍ പാടുപെടുന്നു.ഇങ്ങനെയൊക്കെയാണെങ്കിലും കഥയിലെ മീശ ധീരനാണ് വീരനാണ് ശക്തിമാനും പഠിച്ചകള്ളനുമാണ്.നാട്ടിലെന്തു കുറ്റം നടാന്നാലും ഉത്തരവാദിത്തം ഏല്‍പ്പിക്കാന്‍,കുട്ടികളെ പേടിപ്പിക്കാന്‍,മെതിപ്പാട്ടിനും വിതപ്പാട്ടിനും,പൊലിയളവിനുമെല്ലാമുള്ള ആക്കം പാട്ടിലെ വീരനായ മീശക്ക് പള്ളീലച്ചന്‍ പിഴപ്പിച്ച ഇളക്കക്കാരിയായ കന്യാസ്ത്രീയെ പിഴപ്പിച്ചതിനുള്ള ക്രെഡിറ്റും കിട്ടി.
'എന്തിനായിരുന്നു ഈ നോവലിനെ ചൊല്ലി ഇത്രയ്ക്കധികം കോലാഹലം?' എന്നതിപ്പോഴും ദുരൂഹമാണ്.പലരും പറഞ്ഞത് ശരിയാണെന്ന് എനിക്കുമിപ്പോള്‍ തോന്നുന്നു.
നാട്ടിന്‍പുറത്തിന്റെ ആ പഴയ മൊഴിയാഴം തന്നെ.
'വെടക്കാക്കി തനിക്കാക്കുക'
എന്തായാലും ഒന്ന് തീര്‍ച്ച എന്തെങ്കിലുമൊക്കെ നുണഞ്ഞിറക്കം എന്ന് കരുതി ഈ പുസ്തകം കയ്യിലെടുക്കുന്നവര്‍ക്ക് നിരാശയായിരിക്കും ഫലം.വളരെ കുറച്ചു ഭാഗങ്ങളില്‍ പരാമര്ശിക്കപ്പെട്ടിട്ടുള്ള കുറച്ചു വാചകങ്ങള്‍ വെച്ചാണ് ഒരു നാടുമുഴുവന്‍ ഇളകി മറിഞ്ഞിരുന്നത്.എന്റെ വായനയില്‍ മീശ മൂന്നുഭാഗങ്ങളായി തിരിഞ്ഞു.ആദ്യഭാഗം കുറച്ചു വലിച്ചിലുണ്ടെങ്കിലും വായിച്ചുപോകാം.രണ്ടാംഭാഗം വലിയകുഴപ്പമില്ലാതെ വായിക്കാം.മൂന്നാംഭാഗം ഒരു ശരാശരി വായനക്കാരന്‍ വായിച്ചു തീര്‍ക്കാന്‍ ബുദ്ധിമുട്ടേണ്ടി വരും.പിന്നെ 294ന്റെ കേള്‍വി
വെച്ച് അവിടെവരെ വായിച്ചാല്‍ എന്തെങ്കിലും കിട്ടിയെങ്കിലോ എന്ന്കരുതി പരതിവായിക്കുന്നവര്‍ വായിച്ചു തീര്‍ത്തേക്കാം.മീശ ഒറ്റയിരുപ്പില്‍ എത്രപേര്‍ വായിച്ചു തീര്‍ത്തിട്ടുണ്ടാവും എന്നത് അന്വേഷിക്കേണ്ട കാര്യം തന്നെയാണ്.മീശ കണ്ണില്‍ ചുറ്റിയപ്പോള്‍ പുസ്തകങ്ങള്‍ കെട്ടുകെട്ടായി വായിച്ചുതള്ളുന്ന എനിക്കും നന്നായി ഉറക്കം വന്നു.ഒരു കട്ടന്‍ കുടിച്ചു കൊണ്ടാണ് ബാക്കി വായിച്ചു തീര്‍ത്തത്.ചിലപ്പോള്‍ ഉറക്കം വരാതെ ബോറടിക്കാതെ വായിച്ചുതീര്‍ത്ത ആരെങ്കിലുമൊക്കെ ഉണ്ടായേക്കാം.
കുപ്പായമിടാത്ത നാട്ടിലേക്ക് കുപ്പായമിട്ടുവന്ന നാടകക്കാരനായ എഴുത്തച്ഛന് തന്റെ നാടകത്തില്‍ പോലീസുകാരനാവാന്‍ ഒരാള് വേണം.ഈ അന്വേഷണത്തില്‍ നിന്നുമാണ് മീശക്കഥ തുടങ്ങുന്നത്.ഇതിലേക്ക് കഥയെ ആട്ടിത്തെളിക്കുന്ന രീതിപോലും വ്യത്യസ്തമാണ്.മിത്തിലും കെട്ടുകഥകളിലും അന്ധവിശ്വാസങ്ങളിലും ഉറഞ്ഞുപോയ പുരാവൃത്തമുള്ള ഒരുനാടിനെ വരച്ചു കാണിച്ചുകൊണ്ടാണ് എഴുത്തുകാരന്‍ തന്റെ കഥയിലേക്കുള്ള ചുവടുകള്‍ വെക്കുന്നത്.ചിതറിക്കിടക്കുന്ന പുതിയനോവല്‍ സ്വരൂപത്തിന്റെ അമരക്കാരനാണ് ഹരീഷ്.അതുകൊണ്ടായിരിക്കാം പഴമയും പുതുമയും കെട്ടുകഥകളും നാട്ടുകാഴ്ചകളും കേട്ടുകേള്‍വികളും എല്ലാം പെറുക്കി കഴുകി ഒരു കാന്‍വാസില്‍ തുന്നിച്ചേര്‍ക്കാന്‍ ശ്രമിച്ചത് .പലയിടത്തും നൂലുകള്‍ പൊട്ടുകയും തുന്നല്‍ വികൃതമാവുകയും ചെയ്തിട്ടുണ്ടെങ്കിലും ഹരീഷ് ഇപ്പോള്‍ ഒരു നോവലിസ്റ്റാണ്.
മീശയെന്ന വാവച്ചനെ വളരെ അപ്രതീക്ഷിതമായാണ് എഴുത്തച്ഛനും സഹായി ദാമോദരനും കണ്ടെത്തുന്നത്.നാടകം വേദിയില്‍ അവതരിപ്പിച്ചു കഴിഞ്ഞപ്പോഴാണ് വാവച്ചന്‍ തന്റെ മീശയെ തിരിച്ചറിഞ്ഞത്.പുലയന്റെ മീശ വെച്ചുപൊറുപ്പിക്കാന്‍ അനുവദിക്കാത്ത പത്രോസ് പുലയന്‍ മീശ വടിച്ചുകളയാന്‍ വന്നപ്പോള്‍ 'വടിക്കേണ്ട അതവിടിരുന്നോട്ടെ' എന്ന് പറയാന്‍ വാവച്ചനു ധൈര്യം വന്നത് മീശയെ മീശ തിരിച്ചറിഞ്ഞത് കൊണ്ടാണ്.എന്നിട്ടും പലയിടങ്ങളിലും മീശയെ വലിപ്പം അറിയാത്ത ആനയെ പ്പോലെ എഴുത്തുകാരന്‍ നിസ്സഹായന്‍ ആക്കുന്നുണ്ട്.
നാടകത്തില്‍ നിന്നും മീശ ക്കഥയാണ് തുടങ്ങുന്നത് എന്ന് ധരിച്ചാല്‍ തെറ്റി.കാരണം മീശയെക്കാള്‍ പഴംകഥകള്‍ക്കാണ് ഈ നോവലില്‍ പ്രാധാന്യം.അതിനിടയ്ക്ക് പുട്ടിനുപീരയെന്നപോലെ മീശപുരാണവും വിളമ്പുന്നുണ്ട്.സാധാരണ ഒരു നാട്ടിന്‍ പുറത്തുകാരന് ഒരു കഥകിട്ടിയാല്‍ അത് ഒരുചെവി ഇരുചെവി മറുചെവി മാറുമ്പോള്‍ മൂലകഥയുമായി പുലബന്ധം പോലുമില്ലാത്ത അത്ഭുത കഥയായി പരിണമിക്കും അത് തന്നെയാണ് മീശയുടെ കാര്യത്തിലും സംഭവിക്കുന്നത്.കാലുവെന്ത നായയെപോലെ ഓടാന്‍ വിധിക്കപ്പെട്ട ഒരു മീശ ജന്മം കുട്ടനാട്ടിലെ ദളിത് ക്രിസ്തീയ കുടുംബങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടും ദുരിതവും ദാരിദ്ര്യവും വിശപ്പും മാറാരോഗങ്ങളും പകര്‍ച്ചവ്യാധികളും എല്ലാം ഈ മീശപ്പുറത്തുണ്ട്.
സൂത്രക്കാരനായ ഒരു കഥയെഴുത്തുകാരന്റെ അഭ്യാസം പലയിടത്തും ഈ നോവലില്‍ കാണുന്നുണ്ട്.ഒരു കഥ വായിക്കുമ്പോള്‍ ഏറെ ക്കുറെ എന്തായിരിക്കും അതിന്റെ വഴിത്തിരിവുകള്‍ എന്ന് വായനക്കാരന് മനസ്സിലാകും പക്ഷേ,ഹരീഷ് കുട്ടനാട്ടിലെ വരാല്‍മല്‍സ്യത്തെപ്പോലെ വഴുതിമാറുകയാണ്.മീശക്ക് കാലന്റെ ഗ്രന്ഥം കിട്ടിയപ്പോള്‍ ഇനി എന്തെങ്കിലുമൊക്കെ സംഭവിക്കും എന്ന് കരുതും.കാരണം ഇട്ടിയച്ചന്‍ കാലന്റെ ഗ്രന്ഥം വായിച്ചപ്പോള്‍ ത്രികാലജ്ഞാനി ആവുകയാണുണ്ടായത്.പക്ഷേ,മീശ വീണ്ടും മീശയായി തന്നെ തുടര്‍ന്നു.ഗ്രന്ഥം വായിച്ചുകഴിഞ്ഞാല്‍ ലോകാദ്യം മുതല്‍ ലോകാവസാനം വരെയുള്ള കാര്യങ്ങള്‍ അറിയും എന്ന്പറയുന്നു.എന്നിട്ടും മീശക്കെന്തേ സീതയിരിക്കുന്നിടം അറിയാതെ പോയി.അതുപോലെ കുരുപ്പുദീനം വന്നവരെ നോക്കാന്‍ അപ്രതീക്ഷിതമായ നിയോഗം വന്നു ചേരുമ്പോഴും കഥാപാത്ര പരിണാമം വായനക്കാര്‍ പ്രതീക്ഷിക്കും.അവിടെനിന്നും ചാവാന്‍ കിടക്കുമ്പോഴും വിട്ടുകളയാന്‍ കൂട്ടാക്കാത്ത മഠത്തില്‍സ്വാമിയാരുടെ ജാതി ഗര്‍വിന് പുറത്ത് ഒരു കല്ലെടുത്ത് വെച്ച് മീശ തുഴഞ്ഞകലുകയാണ്.
99ഇലെ വെള്ളപ്പൊക്കമാണ് മീശനോവലില്‍ പരന്നൊഴുകുന്ന മറ്റൊരു കാര്യം.വെള്ളത്തില്‍ മാറിപ്പോയ ജീവിതഗതികളെ ക്കുറിച്ച് ഹരീഷ് രസകരമായി പറയുന്നുണ്ട്.എങ്കിലും ചിലയിടങ്ങളില്‍ വെള്ളം ആവര്‍ത്തന വിരസത സൃഷ്ടിക്കുന്നുണ്ട്.പക്ഷേ,കുട്ടനാടിന്റെ കഥയില്‍ വെള്ളവും വള്ളവും ഒഴിച്ചുനിര്‍ത്താന്‍ ആവില്ലല്ലോ.
ഇനിയും പറയാന്‍ ഏറെയുണ്ട് എങ്കിലും ...
ആരൊക്കെയോ ഒരിക്കലും മറന്നുപോകില്ല എന്നുകരുതി കല്പിച്ചുണ്ടാക്കിയ ഒരുപറ്റം മറന്നുപോയ കഥകളുടെ പുനരാവിഷ്‌കാരമാണ് ഹരീഷ് നടത്തിയിട്ടുള്ളത് മീശയിലൂടെ മിഴികളോടിക്കുമ്പോള്‍ മറവിയില്‍ പുതഞ്ഞുപോയ ഓര്‍മ്മകള്‍ പലതും വെളിച്ചപ്പെടും.പഴയ കാര്‍ഷികസംസ്‌ക്കാര കാലത്ത് നാട്ടിന്‍പുറത്തെ പ്രമാണിമാര്‍ തങ്ങളുടെ ഊറ്റം കാണിക്കാന്‍ പൊലിപ്പിച്ചു പറഞ്ഞിരുന്ന കഥകളും കര്‍ഷകഗ്രാമത്തിന്റെ നേരായ ജീവിതവും.കുഴികുത്തി വാട്ടിയ ചേമ്പില വളച്ചു വെച്ച് വിളമ്പി തന്നു ഹരീഷ് .ഇടയ്ക്ക് തൊട്ടുകൂട്ടാന്‍ എരിവുള്ള അച്ചാറും അടുത്ത്വെച്ചിട്ടുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും വാവച്ചന്‍ എന്ന് പേരുള്ള പെലക്രിസ്ത്യാനിയുടെ മീശക്കഥ വായിച്ചപ്പോള്‍ കഥയിലെ അനേകമനേകം കഥാപാത്രങ്ങളെപ്പോലെ എനിക്കും ആ മീശക്കാരെനെ കാണാന്‍ ഒരു പൂതി.പക്ഷേ ഇനിയെന്തുചെയ്യാന്‍ അവസാനം ഹരീഷ് മീശവടിച്ചു മീശയെക്കൊന്നു
'ഇച്ചതി ഞങ്ങളോട് വേണമായിരുന്നോ ഹരീഷേ'
(നഫീസത്ത് ബീവി )
Meesha review
കീശ എന്നൊരു എഴുത്തു കൂട്ടം എനിക്കുണ്ട്.നിങ്ങളുടെ എഴുത്തുകൾക്ക് വേണ്ട ക്രെഡിറ്റ് എല്ലാം നൽകി ഞങ്ങൾ പ്രസിദ്ധീകരിച്ചോട്ടെ..?
ReplyDeletewww.keesa.in