Saturday, October 13, 2018

വോട്ട് ഫോര്‍ ഹെവന്‍





സ്വര്‍ഗ്ഗലോകത്തേക്ക് പോകാന്‍ കുറുക്കുവഴികളുണ്ടോ? ദൈവത്തിന് വേണ്ടിയെന്ന് പറഞ്ഞു മനുഷ്യന്‍ ചെയ്യുന്നതെല്ലാം ദൈവത്തിന് വേണ്ടി തന്നെയാണോ? സ്വര്‍ഗ്ഗത്തിലേക്ക് ആളെ എടുക്കുന്നത് വോട്ടിംഗ് സമ്പ്രദായത്തിലൂടെയാണോ? ഒരു വട്ടം സ്വര്‍ഗ്ഗത്തില്‍ പോയി വരാന്‍ അവസരം കിട്ടിയാല്‍ നാം ഇപ്പോള്‍ ജീവിക്കുന്നത് പോലെത്തന്നെയാണോ ജീവിക്കുക? ഇത് പോലെ രസകരവും പ്രസക്തവുമായ ചോദ്യങ്ങളിലൂടെ വായനക്കാരെ വഴി നടത്തി സമകാലീന ഭാരത പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയുടെ വിധി നിര്‍ണ്ണയിക്കുന്ന നോവലാണ് അബിന്‍ പി സി Abin Pc എഴുതിയ 'വോട്ട് ഫോര്‍ ഹെവന്‍'.

വിഷയങ്ങളിലെ വൈവിധ്യങ്ങളെക്കാള്‍ രചനയിലെ പരീക്ഷണങ്ങളാണ് ആധുനിക നോവലിന്റെ മുഖമുദ്ര. ശുദ്ധമായ ആക്ഷേപഹാസ്യവും ശക്തമായ പ്രമേയാവതരണ രീതിയും നോവലിന്റെ വിവിധ ഭാഗങ്ങളിലായി ഇഴ ചേര്‍ത്താണ് അബിന്‍ വോട്ട് ഫോര്‍ ഹെവന്‍ എഴുതിയിരിക്കുന്നത്. ആദ്യത്തെ കുറച്ച് അധ്യായങ്ങള്‍ വായനക്കാരെ ചിരിപ്പിച്ചു കൊണ്ട് ചിന്തിപ്പിക്കും. ഈ രീതിയില്‍ നോവല്‍ മുഴുവന്‍ എഴുതിയിരുന്നെങ്കില്‍ എന്ന് മോഹിപ്പിക്കും വിധം മനോഹരമാണ് ഈയെഴുത്ത്. അബിന്റെ എഴുത്തിന്റെ ശക്തി ആക്ഷേപഹാസ്യത്തിലാണെന്ന് ഉറപ്പിച്ചു പറയാം. സ്വര്‍ഗ്ഗയാത്രയിലാണ് ആല്‍വിന്‍ പി എന്ന നാടകകൃത്ത്. യാത്രയില്‍ കൂടെയുള്ളത് അഫ്ഗാനിസ്ഥാനില്‍ നിന്ന് താലിബാന്റെ അനുയായികളില്‍ ഒരാളാണ്. ഇവര്‍ തമ്മിലുള്ള സരസമായ സംഭാഷത്തിലൂടെയാണ് നോവലിലേക്ക് വായനക്കാര്‍ പ്രവേശിക്കുന്നത്. അവര്‍ തമ്മിലുള്ള സംസാരമൊന്ന് കേട്ടു നോക്കൂ.

'ഹാ...അപ്പം തീവ്രവാദിയാ...;;ല്ലേ?' ഞാന്‍ ആകാംക്ഷനായി.
'ഫ്രീഡം ഫൈറ്റേഴ്‌സ്...' ഇത്തിരി ഹുങ്കോടെ തീവ്രവാദി സ്‌നേഹിതന്‍ പറഞ്ഞു.
'ഓ...ഞാന്‍ കണ്ട്ക്ക്...ടിവില്ല്...തോക്കൊക്കെ പിടിച്ച് വെള്ള ജുബ്ബയും തടിയൊക്കെയായി മലേമ്മക്കൂടെ പോന്നത്.......അപ്പം ഏട്ടാ ഇങ്ങളെന്താ സ്വാര്ഗ്ഗത്തിലോട്ട് പോന്നത്?....?' വളരെ സംശയത്തോടെ ഞാന്‍ ചോദിച്ചു.
'ഒസാമാജിയെ കാണണം.'
'ഹേ...അങ്ങേര്...സോറി. ജി ഇവിടെ സ്വര്‍ഗ്ഗത്തിലാണോ?' ഞാന്‍ വളരെ ആകാംക്ഷയോടെ ചോദിച്ചു.
'പിന്നെ, ജി ഇല്ലായെ പിന്നാരാ സ്വര്‍ഗ്ഗത്തില്‍ ഉണ്ടാവാ..! ഞങ്ങള്‍ ആ സ്വര്‍ഗ്ഗനാഥനു വേണ്ടിയാണല്ലോ ഭൂമിയില്‍ പോരാടിയത് തന്നെ...!' വളരെ ആത്മാഭിമാനത്തോടെ ഒസാമ അനുയായി പറഞ്ഞു.
'ഞാക്കൊന്നും അതിന്റെ ആവശ്യം വന്നിക്കില്ലായിരുന്നു. ഞങ്ങള്‌ടെ നാടന്നെ ഒര് സ്വര്‍ഗ്ഗം പോലായിരുന്നു....! കെട്ടിക്കില്ലേ? ദൈവത്തിന്റെ സ്വന്തം നാട്..കേരളം?' ഞാനും ഒരു ആത്മാഭിമാനത്തോടെ പറഞ്ഞു.

വടക്കിന്റെ പ്രാദേശിക ഭാഷയും കാര്യം പറയലും ആക്ഷേപഹാസ്യവുമെല്ലാം കോര്‍ത്തിണക്കിയ രുചികരമായ ഒരു അബിന്‍ ശൈലി ഇവിടെ രൂപപ്പെടുന്നത് കാണാം.

'ആ മഞ്ഞ ബോര്‍ഡ് കാണുവാന്‍ വേണ്ടി ഞാന്‍ ജനലിലൂടെ തലയിട്ട് പുറത്തേക്ക് കുറെ നോക്കി. പക്ഷെ നീലാകാശപ്പരപ്പില്‍ എനക്ക് മഞ്ഞയുടെ ഒരു അംശം പോലും കണ്ടെത്തുവാന്‍ കഴിഞ്ഞുമില്ല. ഈ മഞ്ഞ ബോര്‍ഡ് എന്നുവെച്ചാല്‍ ഞാന്‍ ഉദ്ദേശിച്ചത് 'നന്ദി വീണ്ടും വരിക ഭൂമി' അല്ലെങ്കില്‍ 'സ്വാഗതം സ്വര്‍ഗ്ഗത്തിലേക്ക്' എന്നുള്ളതാണെന്നും ഞാന്‍ പറഞ്ഞു കൊള്ളട്ടെ.' ഇങ്ങനെ, സ്വര്‍ഗ്ഗയാത്രയില്‍ പോലും മനുഷ്യന്‍ സൂക്ഷിക്കുന്ന സങ്കുചിതത്വത്തെ കണക്കിന് പരിഹസിക്കുന്നുണ്ട് നോവലിസ്റ്റ്.
സ്വര്‍ഗ്ഗത്തെ സ്വപ്നം കാണുന്ന മനുഷ്യന്‍, അവിടെ കാണുന്ന സുന്ദരികളെ സ്വപനം കാണുന്നതിങ്ങനെ. 'സുന്ദരി എന്ന് വെച്ചാല്‍ അതിസുന്ദരി. ഇങ്ങള നാട്ടിലെ ഐശ്വര്യാ റോയിയെ സുന്ദരി എന്ന് വിളിച്ചതില്‍ ഞാന്‍ ലജ്ജിച്ചുപോയി. ഈ ഒരു അവസരത്തില്‍ ഇനി ഇവളങ്ങാനും ഭൂമിയില്‍ ഉണ്ടായിരുന്നെങ്കില്‍ അലക്സാണ്ടറും സീസറും എന്തിന്, നമ്മുടെ ടിപ്പു സുല്‍ത്താന്‍ പോലും യുദ്ധം ചെയ്യും....നാടിനും നാട്ടാര്‍ക്കും വേണ്ടിയല്ലെന്ന് മാത്രം.....ഇനി ഇവളെയെങ്ങായും ഞാനാ കല്യാണം കഴിച്ചതെങ്കില്‍...ചായ മാണ്ടാ...ചോറ് മാണ്ടാ...ഒരു മണ്ണാങ്കട്ടയും മാണ്ടാ എന്നതാവേനും എന്റെ അവസ്ഥ.' ഭൂമിയെ മാഗ്‌നിഫയിങ് ഗ്ലാസ്സിലൂടെ കണ്ടാല്‍ സ്വര്‍ഗ്ഗമായി എന്ന അജ്ഞതയും നിഷ്‌കളങ്കതയും മണ്ടത്തരവും എല്ലാം ചേര്‍ത്ത് ഒരു രസഗുളയായാണ് ആദ്യത്തെ അധ്യായങ്ങള്‍ എഴുതിയിട്ടുള്ളത്.

നേരിട്ട് സ്വര്‍ഗ്ഗത്തിലേക്കോ നരകത്തിലേക്കോ എടുക്കപ്പെടാത്തവര്‍ പരലോക വിചാരണ നേരിടണം. പരലോക വിചാരണ ചെയ്യുന്നത് ചിത്രഗുപ്തനോ ദൈവമോ മാലാഖമാരോ മനുഷ്യരോ ഒന്നുമല്ല. മനുഷ്യന്‍ ചോദ്യം ചെയ്യപ്പെടുന്നത് ദൈവത്താലോ മനുഷ്യരാലോ അല്ല. മറിച്ച് അയാളുടെ ജീവിതപരിസരങ്ങളിലെ ഉറുമ്പ്, കോഴി, ആട്, പശു, ഏലി, പൂച്ച, പാമ്പ് തുടങ്ങിയ ജീവജന്തുക്കളാലും ചെടികളാലും ഒക്കെയാണ്. അറിഞ്ഞും അറിയാതെയും അയാള്‍ വെറുക്കുകയോ ദ്രോഹിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടുള്ള കര്‍മ്മങ്ങളെല്ലാം വിചാരണയില്‍ എടുക്കപ്പെടുന്നു. ഒട്ടകം സൂചിക്കഴയിലൂടെ കടക്കുന്നത്ര ദുഷ്‌കരമാണ് ഈ വിചാരണ. മനുഷ്യന്റെ യുക്തികള്‍ക്കനുസരിച്ചല്ല ഈ വിചാരണ.

'സാര്‍...ഞാന്‍ ഒരുജീവിയെയും അറിഞ്ഞോണ്ട് കൊന്നിക്കുല്ല...വേദനിപ്പിച്ചിക്കുല്ല...' ഞാനെന്റെ സത്യം സമര്‍ത്ഥിച്ചു.
'ഉപദ്രവിക്കലും കൊല്ലലും മാത്രമല്ലല്ലോ പാപങ്ങള്‍...' ഗന്ധര്‍വ്വന്‍ ചിരിച്ചു കൊണ്ട് ഒരു കുട്ടിയോടെന്ന വിധം എന്നോട് പറഞ്ഞു.....
'നിങ്ങള്‍ കറുത്ത മനുഷ്യരെ പരിഹസിച്ചിട്ടില്ലേ?'

അടുക്കളയില്‍ കട്ട് കയറിയ പൂച്ചയെ ഉപദ്രവിക്കുന്നത് പോലും അവനെതിരായി വരുന്നു.
'സത്യായിട്ടും സാര്‍...ഞാന്‍ വേവിക്കാത്ത മീനൊക്കെ പൂച്ചയ്ക്ക് തന്നെയാ കൊടുക്കാറുള്ളത്...എന്നിട്ടും അവറ്റകള്‍ അടുക്കളയില്‍ കയറി കട്ട് തിന്നാറുണ്ട് സാര്‍...'
'അത് കളവായി പരിഗണിക്കേണ്ട! ഞങ്ങള്‍ക്ക് ആഹാരം കിട്ടാത്തപ്പോളാണ് ഞങ്ങള്‍ ആഹാരം തേടിപ്പോകാറുള്ളൂ. ഭൂമിയിലെ നിയമം മാത്രമാണ് ഞങ്ങള്‍ ചെയ്തിട്ടുള്ളൂ.' പൂച്ചരാജാവ് സമര്‍ത്ഥിച്ച് പറഞ്ഞു.

'മണ്ണില്‍ വിശാലമായി വളരേണ്ട ചെടികളെ കേവലം ചെറിയൊരു ചട്ടിക്കുള്ളില്‍ അടച്ചു വളര്‍ത്തിയതോ?' എന്നിങ്ങനെ മനസ്സില്‍ ചിന്തിക്കാത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെടുമ്പോള്‍ ആല്‍വിന്‍ ചിന്തിക്കുന്നത്, 'ശ്ശൊ...ഒന്നും മാണ്ടാടയിരുന്നു. ഭൂമിയില്‍ ഉള്ളപ്പോള്‍ വിശുദ്ധ യുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മതിയായിരുന്നു.' ഇവിടെയാണ് കൂടെ വന്ന അഫ്ഘാന്‍കാരന്റെ സാന്നിധ്യം നിര്‍ണ്ണായകമാവുന്നത്. പൂച്ചിനും ഉറുമ്പിനുമൊക്കെ രാജാക്കന്മാര്‍ വിചാരണ ചെയ്യുമ്പോള്‍ പശുവിന് വേണ്ടി ഗോമാതാവാണ് വിചാരണ ചെയ്യുന്നത് എന്നതും രസകരമായി തോന്നി..

'ഭൂമിയില്‍ പിറക്കുന്ന ഏതൊരു കുഞ്ഞും അടഞ്ഞ കൈകളുമായി കരഞ്ഞ് കൂതൂഹലത്തോടെയാണ് അവരുടെ വരവ് അറിയിക്കുന്നത്. അടഞ്ഞ കൈകള്‍ ആരെയും അംഗീകരിക്കുന്നില്ല. സ്വീകരിക്കുന്നില്ല... സ്‌നേഹിക്കുന്നില്ല....ഇനി എന്റെ വരും ജന്മത്തില്‍ ഞാന്‍ ഒരിക്കലും ഇങ്ങനെയായിരിക്കില്ല പിറന്നു വീഴുന്നത്. ഇത് ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തരുന്നു. ഒരായിരം പ്രാവശ്യം വാക്ക് തരുന്നു. ഭൂമിയില്‍ ഞാന്‍ പിറന്ന് വീഴുന്നത് ചിരിച്ച മുഖവുമായും ഒപ്പം തന്നെ നിവര്‍ത്തിപ്പിടിച്ച കൈകളുമായിയായിരിക്കും.'

'ഇനി ഈ വരുംജന്മത്തില്‍ എന്റെ കോഴിക്കുഞ്ഞിനെ കീരി പിടിക്കുകയാണെങ്കില്‍ ഒരിക്കലും ഞാനതിന്റെ മോന്ത എറിഞ്ഞ് പൊട്ടിക്കില്ല.' എന്നിങ്ങനെ മനുഷ്യന്റെ നിഷ്‌കളങ്കമായ തീരുമാനങ്ങള്‍ എത്ര ബാലിശമാണെന്ന് അബിന്‍ സരസമായി അവതരിപ്പിക്കുന്നുണ്ട് നോവലില്‍.

ഇന്ന് പിറന്നു വീഴുന്ന ഓരോ കുഞ്ഞും ഭീകരതയുടെ നടുവിലേക്കാണ് പിറന്നു വീഴുന്നത്. ഇന്നത്തെ സമൂഹത്തിന്റെ നേര്‍ചിത്രം ഏതാനും വരികളിലൂടെ ചുരുക്കി എന്നാല്‍ ശക്തമായി നോവലിസ്റ്റ് അവതരിപ്പിക്കുന്നത് നോക്കുക. 'അച്ഛന്റെ ഭ്രൂണം മകളില്‍ വളരുന്നു.അമ്മയുടെ മരണകാരണം മകനാല്‍ ആവുന്നു. അമ്മ മക്കളെ അവസാനിപ്പിക്കുന്നു. പാപങ്ങളുടെ കൊടുംഭീതിയില്‍ വീര്‍പ്പുമുട്ടുന്ന ലോകത്തേക്ക് ഞാനുമില്ല. കാരണം...എന്റെ അമ്മയും എന്റെ മരണം ആഗ്രഹിക്കുന്നു...അല്ലേല്‍ അമ്മയ്ക്ക് അമ്മയുടെ ജീവിതം അവസാനിപ്പിക്കണം...'
ഇങ്ങനെ പ്രതിസന്ധികളെ അതിജീവിച്ചു ദമ്പതികള്‍ തമ്മിലുള്ള ചേര്‍ച്ചയെ എത്ര മനോഹരമായാണ് എഴുത്തുകാരന്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്! 'ഇങ്ങനയുണ്ടോര് കെര്‍പ്പം..!'
'പിന്നല്ലാണ്ട്..കെര്‍പ്പന്ന് വച്ചാ ഇങ്ങനെയൊക്കെയാ..ഞാക്ക് മണം പറ്റൂല്ലാ..രുചി പറ്റൂല്ല...ഒച്ച പറ്റൂല്ലാ...'
'ന്റെ മോന് മാണ്ടിയല്ലേ...ഇഞ്ഞി ശര്‍ദ്ദിച്ചോ..ദിവസം മുഴ്വനും ശര്‍ദ്ദിച്ചോ...' പേരക്കാ കഷ്ണം പ്ലേറ്റില്‍ കഷ്ണിച്ചു കൊണ്ട് ദിവാകരന്‍ നായര്‍ പറഞ്ഞു.

സ്വാര്‍ത്ഥതയുടെ കൂടാരമാണ് ഓരോ മനുഷ്യനും. അതുകൊണ്ടു നഷ്ടമാകുന്നത് നന്മ നിറഞ്ഞ പൊതുവിടങ്ങളാണ്. ഈ സ്വാര്‍ത്ഥത വിരിയിച്ചെടുത്ത പൊതുവിടങ്ങളെപ്പറ്റി നോവലിസ്റ്റ് ആകുലനാകുന്നതിങ്ങനെ. 'സ്ത്രീകള്‍ ഗര്ഭിണികളായിക്കഴിഞ്ഞാല്‍ പ്രസവിക്കുംവരെ അവര്‍ പുറത്തെ അപകടകരമായ സ്ഥലങ്ങളില്‍ ഒന്നും തന്നെ പോകരുത് എന്ന് മാത്രമല്ല എനിക്ക് പറയാനുള്ളത്. ആഭാസന്മാര്‍ നിറഞ്ഞ പൊതു സ്ഥലങ്ങളിലും പോകരുത് എന്നും എനിക്ക് പറയാനുണ്ട്. ടൗണ്‍ ബസ് സ്റ്റാന്‍ഡ്, കല്യാണ വീടുകള്‍, മരണ വീടുകള്‍, പൊതു പരിപാടികള്‍ നടക്കുന്നിടം എന്നീ സ്ഥലങ്ങളെയാണ് പൊതുസ്ഥലം എന്നു ഞാന്‍ ഉദ്ദേശിച്ചത്....ഇവിടെയൊക്കെ ആഭാസന്മാര്‍ ഉണ്ടെന്നാണ് എന്റെ പക്ഷം.'

വര്‍ഗ്ഗീയത നടമാടുന്ന സമകാലീന കാലത്താണ് ആല്‍വിന് പുനര്‍ജ്ജന്മം കിട്ടുന്നത്. ഇറുക്കിപ്പിടിച്ച കണ്ണുകളും മുറുക്കിപ്പൂട്ടിയ കൈകളുമായി ഒരു വാവിട്ട നിലവിളിയുടെ സഹായത്താല്‍ ഞാനാ പ്രകാശത്തിലേക്ക് ലയിച്ചു പരന്നു എന്ന് എഴുതിക്കൊണ്ട് നിഷ്‌കളങ്കകമായ, നിസ്സഹായമായ ബാല്യത്തിന്റെ നനുത്ത പ്രതലത്തിലേക്ക് വായനക്കാരെ നോവലിസ്റ്റ് അടുപ്പിക്കുന്നുണ്ട്. ഗര്‍ഭാവസ്ഥയെ നോവലിസ്റ്റ് അവതരിപ്പിക്കുന്നതും വേറിട്ട രീതിയിലാണ്.

നോവലിന്റെ രണ്ടാം ഭാഗം ഒരു പ്രണയനോവലും സാമൂഹ്യ നോവലും ചേര്‍ന്ന രീതിയിലാണ് എഴുതിയിരിക്കുന്നത്. ഹാസ്യം കഴിഞ്ഞാല്‍ അബിന്‍ നന്നായെഴുതുന്നത് റൊമാന്‍സ് ആണെന്ന് തോന്നുന്നു. കാലത്തിന്റെ നാഡിമിടിപ്പ് അബിന്റെ പ്രണയ എഴുത്തിലുണ്ട്.
'ജീവിതം സുന്ദരമാണ്. അത് ഏറ്റവും സുന്ദരപൂര്‍ണ്ണമാവുന്നത് കൂട്ടിനൊരാള്‍ എത്തുമ്പോഴാണ്. നിഷ്ബാന ഇബ്രാഹിം ആണ് ആ കൂട്ടുകാരി. ഇപ്പോള്‍ അവന്‍ രാത്രികാലത്ത് ഉറക്കിന് കൂട്ട് പിടിക്കുന്നത് പുസ്തകങ്ങളെയല്ല, മറിച്ച് നിഷ്ബാന ഇബ്രാഹിമിന്റെ നിശ്ശബ്ദ മെസേജുകളെയാണ്.'

കാമുകീ കാമുകര്‍ തമ്മിലുള്ള ഒരു ചാറ്റ് ശ്രദ്ധിക്കുക.

'നന്നായിട്ടുണ്ടോന്ന് ചോദിച്ചാല്‍...കാമുകന്മാര്‍ക്ക് നല്ലോണം ഇമ്മാതിരി കുത്തികുറിപ്പുകള്‍ ഉണ്ടാക്കാന്‍ കഴിയും... :) '
'ഹ ഹ...നോ നെവര്‍...ഐ ആം നോട്ട് എ കാമുകന്‍. :) '
'പിന്നെ...നിന്റെ ആ കവിത കണ്ടാല്‍ അറിയാം..നീയൊരു പരീകുട്ടിയാണെന്നത്...'
'പരീകുട്ടിയോ...വിച്ച്?'
'ചെമ്മീന്‍...മാനസ മൈനേ വരൂ..'

ഈ പ്രണയത്തെ വര്‍ഗ്ഗീയ കലാപസാധ്യത നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രദേശത്താണ് അബിന്‍ നട്ടുവളര്‍ത്തിക്കൊണ്ട് വരുന്നത്. മുസ്ലീങ്ങളും ഹിന്ദുക്കളും ഒരു പാലത്തിന് അപ്പുറവും ഇപ്പുറവും താമസിക്കുന്ന ഒരു കര. 'പണ്ട് അതൊരു കോണ്‍ക്രീറ്റ് പാലം മാത്രമായിരുന്നു. രണ്ടു പ്രദേശങ്ങളെ ഒന്നിപ്പിക്കുന്ന ഒരു പാലം. ഇന്ന് അത് രണ്ട് ദേശങ്ങളെ വേര്‍തിരിപ്പിക്കുന്ന ഒന്നാണ്. പാലത്തിന്റെ പകുതി നിറം പച്ചയിലും പാതി നിറം കാവിയിലും തെളിഞ്ഞു.'

ഇവിടെ നിന്നങ്ങോട്ട് അബിനിലെ സരസനും ശാന്തനുമായ നോവലിസ്റ്റ് ബാറ്റണ്‍ തനിക്ക് പറയാനുള്ള കാര്യങ്ങളെ ശക്തമായി പറയുന്ന ഇടയ്‌ക്കൊക്കെ അല്പം മുദ്രാവാക്യം വിളിയൊക്കെയുള്ള ഒരു വിപ്ലവകാരിയായ എഴുത്തുകാരനെ ഏല്പിക്കുകയാണ്. ചില ഉദാഹരണങ്ങള്‍ ചേര്‍ക്കുന്നു.
'നാടിനെ വഞ്ചിക്കുന്നവര്‍ ആണല്ല! അതുകൊണ്ട് ഇഞ്ഞിയും ഞാനും ആണാണ്.' ഇഖ്ബാല്‍ പറഞ്ഞു. അഭിമന്യു നിശബ്ദനായി.
'ഇമ്മക്ക് പരസ്പരം കൈകോര്‍ക്കാം..അല്ലാതെ പരസ്പരം മുഷ്ടി പിടിക്കണ്ട!' ഇഖ്ബാല്‍ പറഞ്ഞു.
ഹ്മ്മ്...അഭിമന്യു വീണ്ടും നിശബ്ദനായി.
'എന്റുമ്മ പറഞ്ഞ പോലെ ഞാനും ഇഞ്ഞിയും ഒക്കെ കൂടപ്പിറപ്പാണ്..' അവനവന്റെ കൈ മുറുകെ പിടിച്ചു.
മാടക്കരയെയും ചിനക്കരയെയും ബന്ധിപ്പിക്കുന്ന വലിയപാലത്തിലൂടെ അവരൊരുമിച്ചു നടന്നകന്നു.

'സമാധാന യോഗം ആരുടെയൊക്കെയോ മനസ്സിലെ സമാധാനം കെട്ത്തിക്കൊണ്ട് അവസാനിച്ചു.'

'വിവേകാനന്ദന്‍ നമ്മളെ ഹിന്ദു മതത്തെ വളര്‍ത്തിക്കൊണ്ട് വന്ന മഹാനാണ്.' സുനോജ് പറഞ്ഞു.
'സുഹൃത്തേ, വിവേകാനന്ദന്‍ ഭാരത മാനവീകരെ ഒന്നിച്ച് കൊണ്ട് വന്ന് ഭാരത സംസ്‌കാരത്തെയാണ് വളര്‍ത്തിക്കൊണ്ട് വന്നത്. അല്ലാതെ ഒരു മതത്തെയും അല്ല.'

'ഡാ അഭിമന്യു, നല്ല ക്ലീന്‍ ഷേവ് ആയ തീവ്രവാദികളാ ലോകത്ത് കൂടുതലും.'
'ഹ ഹ...അത് നമ്മുടെ നാട്ടാര്‍ക്ക് മനസ്സിലാവൂല്ലാലോ...അവരുടെ വിചാരം താടിയുള്ളവരെല്ലാം തീവ്രവാദികളാണെന്നല്ലേ.'

വിവിധ രചനാശൈലികളെ കൂട്ടിച്ചേര്‍ത്തത് വായനയില്‍ വൈവിധ്യം പ്രധാനം ചെയ്യുമ്പോഴും പുസ്തകത്തിന് പൊതുവായ ഒരു ശൈലി ഉണ്ടാവുന്നതിന് ഈ വൈവിധ്യം തടസ്സമാവുന്നുണ്ട്. എങ്കിലും രണ്ടു ഭാഗത്തെയും അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ വായനക്കാരെ സ്വാധീനിക്കും വിധം അവതരിപ്പിച്ചത് പ്രമേയപരമായി ഗുണം ചെയ്തു എന്ന് തന്നെ കരുതുന്നു. അല്‍വിനും അഫ്ഘാനിയും ചേര്‍ന്നുള്ള യാത്രയും അഭിമന്യുവും നിഷ്ബാനയും തമ്മിലുള്ള പ്രണയവും, അഭിമന്യുവും ഇഖ്ബാലും തമ്മിലുള്ള സൗഹൃദവും നമ്മെ ഏറെ സ്വാധീനിക്കും എന്നുറപ്പ്. സനോജ് എന്ന കഥാപാത്രം നോവലിനൊടുവില്‍ വായനക്കാരന്റെ മനസ്സിലെ മുറിവാകുന്നുണ്ടെങ്കിലും ഈ കഥാപാത്രത്തെ ഒന്നു കൂടെ മിനുക്കിയെടുക്കാമായിരുന്നു എന്ന് തോന്നി. പുസ്തകത്തിന്റെ മുഖചിത്രം രചനാശൈലിയെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ കൂടുതല്‍ ആകര്‍ഷകമാക്കാമായിരുന്നു എന്ന് തോന്നി. ആക്ഷേപഹാസ്യവും സാമൂഹ്യവിമര്‍ശനവും ഇഴ ചേര്‍ത്ത അബിന്‍ ശൈലിയാണ് ഈ നോവല്‍ നല്‍കുന്ന ഏറ്റവും നല്ല വാഗ്ദാനം.

പരിസ്ഥിതിയും ദളിത് വിഷയങ്ങളുമെല്ലാം നോവലില്‍ വന്നു പോകുമ്പോഴും വര്‍ഗ്ഗീയതയെയാണ് പ്രധാനമായും ഈ നോവല്‍ ലക്ഷ്യം വെക്കുന്നത്. മതങ്ങളുടെ പ്രായോഗികമല്ലാത്ത തത്വവാദങ്ങള്‍ നിരര്‍ത്ഥകമാണെന്നും മതമൂല്യങ്ങളെ തീവ്രവാദത്തിന്റെ നൂലില്‍ കെട്ടി അജ്ഞരുടെ കൈയ്യില്‍ കൊടുത്തു പറത്താന്‍ ശ്രമിക്കുന്നത് ഒരു ഗുണവും ചെയ്യുകയില്ലെന്നും ഈ പുസ്തകം ആണയിട്ട് പറയുന്നുണ്ട്. അതിനിറങ്ങിപ്പുറപ്പെടുന്നവര്‍ ഇഹലോകത്തും പരലോകത്തും സ്വയം നാശമാണ് ക്ഷണിച്ചു വരുത്തുന്നതെന്നും കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ എന്ന മട്ടില്‍ നന്നായി പറയുന്നുണ്ട് നോവലിസ്റ്റ്. ആധുനിക കാലത്തിന്റെ പുഴുക്കുത്തുകളെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുന്ന വോട്ട് ഫോര്‍ ഹെവന്‍ രചനാശൈലി കൊണ്ടും പങ്കു വെയ്ക്കുന്ന ആശയങ്ങളുടെ തീക്ഷ്ണത കൊണ്ടും വായനക്കാരില്‍ സ്വാധീനം ചെലുത്തുമെന്ന് തീര്‍ച്ച.

പോള്‍ സെബാസ്റ്റ്യന്‍

പ്രസാധനം - കറന്റ് ബുക്‌സ് തൃശൂര്‍
പേജ് - 147
ഒന്നാം എഡിഷന്‍ വില - 150
Vote For Heavan Review

No comments:

Post a Comment